രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം

IMA പ്രസിദ്ധീകരണമായ ‘IMA നമ്മുടെ ആരോഗ്യം’ മാസികയുടെ 2025 ജൂൺ ലക്കത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ എഡിറ്റോറിയൽ, ‘പത്രാധിപർ സംസാരിക്കുന്നു’.

പുതിയ കാലത്തെ മഴകൾ ഒന്നിനും കാത്തുനിൽക്കുന്നില്ല. മെയ് അവസാന വാരത്തിൽ തിമർത്തു പെയ്ത മഴ മലയാളിയെ ഒട്ടൊന്നുമല്ല അസ്വസ്​ഥമാക്കിയത്. രൗദ്രഭാവത്തിെൻ്റ തിരനോട്ടം കഴിഞ്ഞ് അല്പം മാറിനിൽക്കുകയാണിപ്പോൾ മഴ, എന്നു തോന്നുന്നു.

മഴക്കാലം പഴയ ഗൃഹാതുരത്വ ഓർമ്മകളിൽ നിന്നു വ്യത്യസ്​തമായി കയ്പേറിയ ഓർമ്മകളാണ് അടുത്ത കാലങ്ങളിൽ മലയാളിക്ക് സമ്മാനിച്ചത്. പഴയ 99- ലെയോ പുതിയ 2018- ലേയോ പ്രചണ്ഡ പ്രളയത്തിന്റെ ഓർമ്മകൾ മാറ്റിനിർത്തിയാൽ പൂവു പോലുള്ളാരോമനക്കൗതുകമായിരുന്നു എന്നും നമുക്ക് മഴക്കാലം. പക്ഷേ പൻഡോറയുടെ പേടകം തുറന്ന അവസ്​ഥയായിരുന്നു കഴിഞ്ഞ കുറേ വർങ്ങളായി മഴക്കാലം നമുക്കായി കാത്തു വെച്ചിരുന്നത്. സാധാരണ വൈറൽ പനി മുതൽ ഡെങ്കിപ്പനി വരേയും, ചെറിയ വയറിളക്കം മുതൽ കോളറ വരെയുമുള്ള അസുഖങ്ങൾ നമ്മെ നായാടി പ്പിടിച്ചു. അത്തരം വെല്ലുവിളികളെ ആത്മാർത്ഥമായി അഭിസംബോധന ചെയ്യാനാണ് ഇത്തവണ ‘നമ്മുടെ ആരോഗ്യം’ ശ്രമിക്കുന്നത്. മഴക്കാലങ്ങളിൽ നമ്മെ അലോസരപ്പെടുത്തുകയും ഭീഷണിയുയർത്തുകയും ചെയ്യുന്ന മിക്കവാറും അസുഖങ്ങളെക്കുറിച്ച് വിദഗ്ദർ എഴുതുന്ന ലേഖനങ്ങളാണ് ഈ മഴക്കാലത്ത് മാഗസിനിന് വായനക്കാർക്ക് സമ്മാനിക്കാനുള്ളത്. ഡോ. ബി. പത്മകുമാർ, ഡോ. എ.എ അബ്ദുൽ സത്താർ, ഡോ. പി. ജ്യോതി കുമാർ, ഡോ. ആനന്ദ കേശവൻ, ഡോ. ബാബു വി.കെ, ഡോ. ഇന്ദുധരൻ ആർ എന്നീ പ്രഗൽഭരായ ഡോക്ടർമാർ വിവിധങ്ങളായ മഴക്കാല വെല്ലുവിളികളെക്കുറിച്ച് എഴുതുന്നത് വായിക്കാം.

ഡോ. കെ. രാജശേഖരൻ നായരെയോ, ഡോ. ബി. ഇക്ബാലിനെയോ എതിരവൻ കതിരവനെയാ മാറ്റി നിർത്തിയാൻ മലയാളത്തിൽ ന്യൂറോളജിയെക്കുറിച്ചോ നാഡീ രോഗങ്ങളെക്കുറിച്ചോ ആധികാരികമായി മികച്ച രീതിയിൽ എഴുതുന്നവർ താരതമ്യേന കുറവാണ് എന്നതൊരു ദുഃഖകരമായ വസ്​തുതയാണ്. അതിനൊരു അപവാദമായി മാഗസിനിെൻ്റ അഭിമാനമായി മാറുകയാണ് ഡോ. പി.കെ. ബാലകൃഷ്ണൻ എന്ന ന്യൂറോ സർജൻ. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം മാഗസിനിൽ എഴുതിയ ലേഖനങ്ങളും, ഇത്തവണ ഡിമൻഷ്യയെ ക്കുറിച്ച് എഴുതിയ ലേഖനവും ആ പ്രഗൽഭരുടെ നിരയിലേക്ക് ധൈര്യപൂർവം കടന്നിരിക്കാനാവുന്ന ഒരു പുതിയ എഴുത്തുകാരെൻ്റ പിറവി കുറിക്കുകയാണെന്ന് മാസിക ആഹ്ളാദത്തോടെ തിരിച്ചറിയുന്നു.

കവിയും നാടകകൃത്തും സാംസ്​കാരി ക പ്രവർത്തകനും പ്രഭാഷകനും ഗാനരചയിതാവും, നന്മയും ഒരാളിൽ അവതരിക്കുന്ന അൽഭുതമാണ് പി.കെ. ഗോപി എന്ന എഴുത്തുകാരൻ. ഈ മഴപ്പതിപ്പിന് എന്തുകൊണ്ടും അനുയോജ്യനായ അതിഥിയാണ് അദ്ദേഹമെന്നതിന് പി. കെ. ഗോപിയുടെ പുസ്​തകങ്ങളുടെ പേരുകൾ തന്നെ സാക്ഷ്യം നിൽക്കുന്നു: മഴത്തോറ്റം, മരുഭൂമിയിലെ മഴ ഗണിതം, പുഴ തന്ന പുസ്​തകം എന്നിവ അവയിൽ ചിലതു മാത്രം. എൺപതോളം ചലചിത്രഗാനങ്ങൾ രചിച്ച ഈ ബഹുമുഖ പ്രതിഭയുടെ മികച്ച പാട്ടുകളിലെല്ലാം മഴയും, മുകിലും, പുഴയും, താരാപഥവും ആകാശക്കാഴ്ചകളും കടന്നുവരുന്നുണ്ട്. മുകിലേ, താരാപഥം ചേതോഹരം, മായാ മഞ്ചലിൽ, വൈക്കം കായലിൽ, നിളയുടെ സോപാനം, മാനത്തെ ചന്ദിരൻ തുടങ്ങിയ ചലചിത്ര ഗാനങ്ങൾ രചിച്ച ഈ എഴുത്തുകാരന്റെ നാടകങ്ങളും അരങ്ങത്തെ അൽഭുതങ്ങളായി മാറി ആസ്വാദകരെ അമ്പരപ്പിച്ചിട്ടുണ്ട്. വായനക്കാരനും, മനുഷ്യനന്മയിൽ ഉറച്ചുവിശ്വസിക്കുന്നവനുമായ ഒരു ആതുരശുശ്രൂഷകനെ തുടക്കത്തിലെ അനിഷ്ടം മറി കടന്ന് ആത്മാവിനോട് ചേർത്തുപിടിക്കുവാൻ സ്വയം നിർബന്ധിക്കപ്പെടുന്ന അസാധാരണ അനുഭവമാണ് പി. കെ. ഗോപി നമുക്കായി ഈ ലക്കത്തിൽ പങ്കുവെക്കുന്നത്.

വൈദ്യശാസ്​ത്രവുമായി ബന്ധപ്പെടുന്ന രണ്ടു പുസ്​തകങ്ങൾ ഇത്തവണ മാസികയിൽ പരിചയപ്പെടു ത്തുന്നുണ്ട്. മാർഷൽ അലന്റെ നെവർ പേ ദി ഫസ്റ്റ് ബിൽ, മോന ഹന്ന ആറ്റിഷയുടെ വാട്ട് ദി ഐസ്​ ഡോണ്ട് സീ തുടങ്ങിയ ലോക ക്ലാസിക്കുകളെ ഓർ മ്മിപ്പിക്കുകയും വൈദ്യശാസ്​ത്രരംഗത്തെ അനഭിലഷണീയമായ ചില വസ്​തുതകളിലേക്ക് വെളിച്ചം വീശുന്ന വൈറസ്​ എന്ന പുസ്​തകത്തെക്കുറിച്ച് സംസാരിക്കുന്ന ഡോ. എ.കെ. ജയശ്രീക്കും ഗുന്തർ ഗ്രാസിന്റെ ടിൻ ഡ്രമ്മിലെ ഓസ്​കാറിനെ ഓർമിപ്പിക്കുന്ന പീറ്റർ പാനിനെ കുറിച്ചെഴുതുന്ന ഡോ. എൻ. സുന്ദരേശനും മാഗസിനിെൻ്റ അഭിനന്ദനങ്ങൾ.

കഴിഞ്ഞ ലക്കത്തിൽ അവസാനിച്ച പഥികൃത്തുക്കൾ എന്ന കോളത്തിൽ ഓർമ്മിക്കപ്പെട്ട പ്രഗൽഭ ഡോക്ടർമാരുടെ കഥകൾ കേട്ടപ്പോൾ എത്രമാത്രം കൃതഘ്നരാണെന്ന് നാം എന്ന് നാണിച്ചുപോയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാർഡിയോളജി ചീഫ് ആയിരുന്ന ഡോ. കെ. വേണുഗോപാൽ തന്റെ പ്രഗൽഭ സഹപ്രവർത്തകനായിരുന്ന ഡോ. മാത്യു സാമുവൽ കളരിക്കലിനെ സ്​മരിക്കുമ്പോൾ ഒരിക്കൽ കുടി മലയാളിയുടെ കൃതഘ്നത ഓർത്ത് തലകുനിക്കാൻ മാത്രമേ നമുക്ക് കഴിയൂ. ലോക ആൻജിയോപ്ലാസ്റ്റിയുടെ പിതാവായ ഗ്രുണ്ട്സിങ്ങിൽ നിന്ന് 70–80 കളിൽ ആ നൂതന ചികിത്സാരീതിയെക്കുറിച്ച് സ്വിറ്റ്സർലാന്റിലെ സൂറിക്കിൽ പോയി പഠിച്ച്, 1986-ൽ ഇന്ത്യയിൽ ആദ്യമായി ആൻജിയോപ്ലാസ്റ്റി വിജയകരമായി അവതരിപ്പിച്ച അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് നൽകാൻ നമ്മുടെ സമൂഹം അറച്ചുനിന്നു. നിരവധി ജൂനിയർമാർക്ക് ആ അപൂർവ വിജ്ഞാനം പകർന്നു കൊടുത്ത് പതിനായിരക്കണക്കിന് രോഗികളുടെ ഭഗ്ന ഹൃദയങ്ങൾക്ക് പുനർജന്മം നൽകിയ ആ മഹാനുഭാവന്റെ മരണത്തിനുശേഷം, മരണവൃത്താന്തം നിർമ്മമമായി റിപ്പോർട്ടു ചെയ്യുക എന്ന യാന്ത്രികതയ്ക്കപ്പുറം അദ്ദേഹത്തിന് അർഹിക്കുന്ന അന്ത്യോദകം നൽകാൻ നമ്മുടെ ദൃശ്യശ്രാവ്യ മീഡിയ ഒരിക്കലും തുനിഞ്ഞില്ല. ‘നമ്മുടെ ആരോഗ്യം’ ആ മഹാനായ മലയാളിയുടെ ഓർമ്മക്കു മുന്നിൽ അഞ്ജലീബദ്ധമായി നിൽക്കുന്നു.

ഹാഫ്കിൻ എന്ന സൂക്ഷ്മാണു ശാസ്ത്രജ്ഞന്റെ ദുരന്തകഥ ഹൃദയാലുത്വത്തോടെ ഓർക്കുന്ന ഡോ. ബി. ഇക്ബാൽ, പഴയകാലത്ത് അനിവാര്യമായിരുന്ന വീട്ടിലെ പ്രസവത്തിന്റെ സങ്കീർണ്ണതകളെ രസകരമായി രേഖപ്പെടുത്തുന്ന ഡോ. പി. ഭാസ്​കരൻ നായർ, പുകയിലയുടെ വെല്ലുവിളികളെക്കുറിച്ച് ഓ ർമ്മിപ്പിക്കുന്ന ഡോ. വേണുഗോപാൽ. കെ, Growing pain എന്ന അധികം ചർച്ച ചെയ്യപ്പെടാത്ത വിഷയത്തെക്കുറിച്ച് എഴുതുന്ന ഡോ. ജെ. സജികുമാർ, ബൈപോളാർ മാനസികാവസ്​ഥയെക്കുറിച്ച് ശാസ്​ത്രീയ വിജ്ഞാനം പകരുന്ന ഡോ. ജെയിംസ്​ പോൾ പാരക്കളം, അമ്മതൻ പൊന്നുണ്ണിക്ക് അമ്മിഞ്ഞപ്പാലമൃതം എന്ന് വീണ്ടും ഓർമ്മിപ്പിക്കുന്ന ഡോ. എം. ഇ. സുഗതൻ, മനസ്സിന്റെ മാന്ത്രികതയെക്കുറിച്ച് അമ്പരക്കുന്ന ഡോ. എബ്രഹാം വർഗീസ്​, വായനക്കാരുടെ സംശയത്തിന് ഉചിതമായ ഉത്തരം നൽകിയ ഡോ. എൻ. സുൾഫി, ചർമ്മസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യഥോചിതം സ്​മരിക്കുന്ന ഡോ. അനുജി. പി സുപ്രൻ, അങ്കിൾ ബൺ കുട്ടികളെക്കുറിച്ച് മികച്ച ലേഖനമെഴുതിയ ഡോ. റോസ്​മേരി ടോം, വൃക്ക ക്കല്ലുകളുടെ പ്രാധാന്യത്തേയും വെല്ലുവിളികളേയും കുറിച്ച് പണ്ഡിതോചിതമായി സംസാരിക്കുന്ന ഡോ. സേതു സദാനന്ദൻ, ആഹാരത്തെക്കുറിച്ച് ഉത്ക്കണ്ഠാകുലയാകുന്ന ഉമാ കല്യാണി എന്നിവർക്ക് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ.

ശാസ്​ത്രീയതയിൽ നിന്ന് തികഞ്ഞ അകലം പാലിക്കുകയും, തെളിവുകളുടെ പ്രാധാന്യത്തെക്കുറിച്ച് അജ്ഞത നടിക്കുകയും ചെയ്യുന്ന സമാന്തര ചികിത്സാരീതികളും ശാസ്​ത്രീയത മുറുകെ പിടിച്ച് തെളിവുകളുടെ അപ്രമാദിത്വത്തിൽ ഊന്നുന്ന ആധുനിക വൈദ്യ ശാസ്​ത്രവും ഒപ്പം ചേർക്കുന്നത് എത്രമാത്രം വിഡ്ഢിത്തമാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും എളുപ്പത്തിൽ മനസ്സിലാവും. പ്രാചീന കാലത്ത് മോരും മുതിരയും ഒരുമിച്ചു ചേർക്കാൻ വൃഥാ ശ്രമിച്ചവരുടെ ഫോളി കഥകളെങ്കിലും നാഷണൽ മെഡിക്കൽ കമ്മീഷനും ജിപ്മർ മെഡിക്കൽ കോളേജ് അധികൃതരും ഓർക്കുകയും തിരുത്തുകയും ചെയ്യട്ടെ എന്നാശിക്കുകയാണ് ഇന്ത്യയിലങ്ങോളമിങ്ങോളമു ള്ള ചിന്താശീലരായ ഭാരതീയർ. നാലാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലുമൊക്കെ രൂപപ്പെട്ട്, ലോകാവസാനം വരെ തിരുത്തപ്പെടാതെ മതശാസനകൾ പോലെ നി ലനിൽക്കണമെന്ന്, അതിന്റെ വക്താക്കൾ ആഗ്രഹിക്കുന്ന പ്രാചീന ചികിത്സാരീതികൾ, കൃത്യമായി വിലയിരുത്തപ്പെടുകയും, നിഷ്കരുണം പൊളിച്ചെഴുതപ്പെടുകയും നിരന്തരമായി ചോദ്യം ചെയ്യപ്പെടുകയും നിർദ്ദയമായി തിരുത്തപ്പെടുകയും ചെയ്യുന്ന അടിമുടി ആധുനികവും പുരോഗമനാത്മവുമായ ചികിത്സാസമ്പ്രദായവുമായി എങ്ങനെ ഏച്ചുകെട്ടാനാണ്? ജിപ്മർ മെഡിക്കൽ കോളേജിൽ സർക്കാർ നടപ്പാക്കാനുദ്യമിക്കുന്ന ആയുർവേദ– ആധുനിക വൈദ്യശാസ്​ത്ര സങ്കര പഠന പദ്ധതി (Mixopathy) എത്രയും വേഗം നിർത്തലാക്കണമെന്ന് ‘നമ്മുടെ ആരോഗ്യം’ ശക്തമായി ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ ആധുനിക വൈദ്യശാസ് ത്ര പഠനത്തേയും, ഇന്ത്യൻ ജനതയുടെ ആരോഗ്യത്തേയും റെഡിം ചെയ്യാൻ ഏതു രക്ഷികനാണെത്തുക?.

Comments