‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ സപ്തംബർ ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

ലോകത്തെമ്പാടുമുള്ള പ്രാചീന സംസ്കൃതികളിലെല്ലാം തന്നെ ഐശ്വര്യവും സമ്പന്ന വുമായ ഒരു ഭൂതകാലത്തിന്റെയും ആ മഹാകാലത്തെ ജാജ്വല്യമാനമാക്കുന്ന ഒരു ആരാധനാ പാത്രത്തിന്റെയും വർണ്ണോജ്ജ്വലമായ കഥകൾ ചരിത്രത്തിന്റെ താളുകളിൽ തിളങ്ങിക്കിടക്കുന്നതു കാണാം. അത്തരം കഥകളാവട്ടെ കാലം പോകെ മിത്തുകളായി രൂപാന്തരപ്പെടുന്നതായും ദേശത്തിന്റെ സാംസ്കാരികവും രാഷ്ട്രീയവുമായ ഒരുമയ്ക്കും കെട്ടുറപ്പിനും അസാധാരണമായ കരുത്ത് പ്രദാനം ചെയ്യുന്ന സാമൂഹിക സ്വപ്നങ്ങളായി രൂപാന്തരം കൊള്ളുന്നതായും നമുക്ക് ചരിത്രത്താളുകളിൽ വായിച്ചെടുക്കാം. കള്ളവും ചതിയുമില്ലാത്ത, മാനുഷരെല്ലാം ഒരുപോലെ ആഹ്ളാദചിത്തരായി ജീവിക്കുന്ന ആ കാലത്തിന്റെ സ്മരണകൾ ഓരോ ദേശത്തും കാലത്തും അതിജീവനത്തിന്റെ അമൃതായി ജനപഥങ്ങളിൽ വേരോടുന്നു. വാഗ്ദത്ത ഭൂമിയിലേക്ക്, ശുക്രദശയിലേക്ക്, മരുപ്പച്ചകളിലേക്ക് യാത്ര ചെയ്യാനും ക്രൂരഭരണാധിപരുടെ, കെട്ട കാലങ്ങളുടെ, മണലാരണ്യങ്ങളുടെ മനുഷ്യവിരുദ്ധതയെ അതിജീവിക്കുവാനും അവർക്ക് സാദ്ധ്യമായത് ഓർമ്മകളിലും സ്വപ്നങ്ങളിലും സ്നിഗ്ദ സാന്നിദ്ധ്യമായിരുന്ന ആ നിറവാർന്ന കാലത്തിന്റെ പശ്ചാത്തലത്തിലാണ്. സമൂഹസ്മരണകളിൽ യോദ്ധാവായും കമിതാവായും ഒടിമറഞ്ഞ ആ നഷ്ടസൗഭാഗ്യ കാലം ഏത് ദുരന്തത്തിലും അവന്റെ / അവളുടെ നിതാന്തമായ ഉത്തേജനമായിരുന്നു.

ഓണമാഘോഷിക്കുമ്പോൾ യഥാർത്ഥത്തിൽ, പ്രിയതരമായ ആ നഷ്ടഭൂതകാലത്തെ തിരിച്ചു പിടിക്കുകയാണ് ഓരോ മലയാളിയും. ഒരു കാർഷികോത്സവത്തിന്റെ പശ്ചാത്തലത്തിൽ, മഹാബലി എന്ന അസുരചക്രവർത്തിയെ മുൻനിർത്തി ഇന്ത്യയിൽ മറ്റൊരിടത്തുമില്ലാത്ത ഒരു പ്രാക്തന മിത്ത് സൃഷ്ടിക്കുകയും പുതിയ ആകാശവും പുതിയ ഭൂമിയും സ്വപ്നം കാണാൻ സാങ്കല്പിക കഥയെ കാല്പനികവൽക്കുകയും വഴി ആ ആഘോഷത്തെ വിളവെടുപ്പിന്റെ ആഹ്ളാദത്തോടും പ്രാചീനസൗഭാഗ്യ സ്മരണകളോടും നമ്മൾ ഗൃഹാതുരത്വത്തോടെ ചേർത്തു വെച്ചു.... മലയാളിയുടെ ദേശീയോത്സവമായ ഓണം അങ്ങനെയാണ് പിറവി കൊള്ളുന്നത്.

ഓണസദ്യയുടെ ആരോഗ്യ പശ്ചാത്തലത്തെക്കുറിച്ച് ഡോ. ബി. പത്മകുമാർ, ഉമാകല്യാണി എന്നിവർ ഈ ലക്കത്തിൽ രണ്ടു മികച്ച ലേഖനങ്ങൾ എഴുതുന്നുണ്ട്. ഓണത്തിന്റെ ചരിത്രവും ആ മിത്തിന്റെ മനഃശാസ്ത്രപരമായ സൂചനകളേയും കുറിച്ച് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ്, ഓണക്കളികളുടെ ആരോഗ്യ സൂചനകളെക്കുറിച്ച് ഡോ. കെ.എം. സുകുമാരൻ എന്നിവരുടെ ലേഖനങ്ങളും അഭിമാനത്തോടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു.

യവനികക്കപ്പുറത്ത് ആരുമറിയാതെ വളരെ പ്രാധാന്യമേറിയ കാര്യങ്ങൾ ആത്മാർത്ഥതയോടെ നിർവഹിക്കുന്ന മനുഷ്യരുണ്ട്. ജീവിതത്തിന്റെ ബഹുമുഖമായ സന്നിഗ്ദതകൾക്കിടയിൽ നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും മഹത്തായ മാനുഷികത കൊണ്ടുമാത്രം സാദ്ധ്യമാവുന്ന നിർണായക ഇടപെടലുകൾ എന്നും തുടിക്കുന്ന ഹൃദയത്തോടെയാവും നാമൊക്കെ ഓർത്തു വെക്കുക. തികച്ചും വ്യത്യസ്തമായ മറ്റൊരു സന്ദർഭത്തിലാണെങ്കിലും കൽപ്പറ്റയുടെ, വഴിയിൽ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തുതന്നില്ലേ എന്ന വരികൾ അത്തരം മനുഷ്യരുടെ എക്കാലത്തേക്കുമുള്ള മാനിഫെസ്റ്റോ ആണ്.

വൈദ്യശാസ്ത്രരംഗത്തും കർട്ടനു പിന്നിൽ നിന്ന് മനുഷ്യജീവിതങ്ങളുടെ മേൽ അതിനിർണ്ണായകമായ ഇടപെടലുകൾ നടത്തുന്ന ഒരു വിഭാഗമുണ്ട്. വേദനയിൽ നിന്ന് മനുഷ്യനെ ത്രാണനം ചെയ്യാൻ പ്രതിജ്ഞാബദ്ധരായി ഒരു നൂറ്റാണ്ടു മുമ്പ് അവർ ആരംഭം കുറിച്ച ആ യാത്ര പാവം മനുഷ്യജീവിയുടെ അന്തമില്ലാത്ത ദുരിതങ്ങൾക്ക് വരെ തുണയാവുന്ന സാന്ത്വന ചികിത്സയുടെ അപാരതകളിലേക്ക് കൂടി ആധുനിക കാലത്ത് വികസിച്ച ത്രസിപ്പിക്കുന്ന ആ കഥയിലെ നായകസ്ഥാനത്ത് തലയുർത്തിനിൽക്കുകയാണ്, അഭിമാനത്തോടെ അനസ്തേഷ്യ എന്ന വൈദ്യശാസ്ത്രശാഖ.

ഡോ. എം.ആർ. രാജഗോപാൽ, ഡോ. ഹേമ ബാലകുമാർ, ഡോ. ചന്ദ്രിക ടി.എൻ, ഡോ. രാംദാസ് ഇ.കെ, ഡോ. പി. രഞ്ചിത് കുമാർ, ഡോ. കിഷോർ, കെ, ഡോ. എം.സി. രാജേഷ്, ഡോ. ലക്ഷ്മി സുകുമാരൻ, ഡോ. പി. ശശിധരൻ എന്നിവർ അനസ്തീഷ്യയുടെ ചരിത്രം മുതൽ അതിന്റെ ഏറ്റവും ആധുനികമായ മുഖങ്ങളെ വരെ പരിചയപ്പെടുത്തി എഴുതിയ ഒൻപതു ലേഖനങ്ങൾ നമ്മുടെ ആരോഗ്യം ആഹ്ളാദത്തോടെ പ്രസിദ്ധീകരിക്കുകയാണ്.

സ്വന്തം ജീവിതത്തിൽ ആയുരാരോഗ്യ സൗഖ്യം പ്രദാനം ചെയ്ത രണ്ടു ചികിത്സകരെ തികഞ്ഞ ആദരവോടെയും നിറഞ്ഞ സ്നേഹത്തോടെയും അഭിവാദ്യം ചെയ്യുകയാണ് കലാനിരൂപകനും എഴുത്തുകാരനുമൊക്കെയായ എൻ.പി. വിജയകൃഷ്ണൻ. മെഡിക്കൽ വിദ്യാർത്ഥികളുടെ കുലഗുരുവായ ഡോ. ഹച്ചിസൺ (ഡോ: റോബർട്ട് ഹച്ചിസൺ 1871 -1960) കൊണ്ടാടപ്പെട്ട ഒരു ഡിസ്കോഴ്സിൽ വ്യക്തമാക്കിയതുപോലെ പണം മെഡിക്കൽ സയൻസിന്റെ ആത്യന്തിക ലക്ഷ്യമാക്കാതിരിക്കാൻ അതീവ ശ്രദ്ധാലുക്കളായി രുന്ന രണ്ടു ഡോക്ടർമാരുടെ കഥ ഹൃദയാലുത്വത്തോടെ വിജയകൃഷ്ണൻ പറഞ്ഞു വെക്കുന്നു. കോർപ്പറേറ്റ് ശീലങ്ങൾ ഡോക്ടർമാരുടെ എന്നല്ല സമൂഹത്തിന്റെയാകെ കൊടിയടയാളമായി മാറുന്നുണ്ടോ എന്ന് സമൂഹശാസ്ത്ര- മാനസിക വിദഗ്ദർ സംശയിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം മനുഷ്യരുടെ കഥകൾ കേൾക്കുന്നതു പോലും അമൃത മൊഴിയായി മാറുകയാണ്.

ക്രാഫ്റ്റിൽ വ്യത്യസ്ത മാതൃകകൾ പരീക്ഷിച്ച് വിജയിക്കുകയും വിളയിക്കുകയും ചെയ്ത കവിയായിരുന്നു കുഞ്ഞുണ്ണി മാഷ്. ‘മിഠായിയിൽ ബുദ്ധി വെച്ചാൽ ബുദ്ധിമുട്ടായി നിശ്ചയം’ പോലുള്ള ലളിതവും മധുരവുമായ കവിതകളോടൊപ്പം തന്നെ ‘ചിറകില്ലാതെ പറക്കും പക്ഷിക്കൊരു ചിറകാകാശം, മറുചിറകേതെന്നറിയില്ല’, ‘അറിയും വരെയിക്കവിതയപൂർണ്ണം’ പോലെയുള്ള അതിഗാഢമായ ഫിലസോഫിക്കൽ ഓവർടോൺസ് ഉള്ള കവിതകളും അദ്ദേഹം എഴുതി. ‘അമ്മിയെന്നാൽ അരകല്ല്’ എന്നെഴുതി രണ്ടാമത്തെ വരിക്ക് വേണ്ടി വന്ന കാത്തിരിപ്പായിരുന്നു അദ്ദേഹത്തിന്റെ സർഗ്ഗാത്മക ജീവിതത്തിലെ എറ്റവും വലിയ വെല്ലുവിളികളിലൊന്ന് എന്ന് അദ്ദേഹം ഒരിക്കൽ എഴുതിയിരുന്നു. നിരന്തരമായി ഉറക്കം തടസ്സപ്പെട്ട അസ്വസ്ഥപൂർണ്ണമായ രാത്രിക്കു ശേഷം അലൗകികമായ ഒരു ബ്രാഹ്മമുഹൂർത്തത്തിൽ രണ്ടാമത്തെ വരി അദ്ദേഹത്തിന് തെളിഞ്ഞു കിട്ടി: അമ്മയെന്നാൽ അമ്മിഞ്ഞക്കല്ല്. അമ്മിഞ്ഞയുടെ മഹാത്മ്യത്തെക്കുറിച്ച് മാഗസിനിൽ പ്രഗത്ഭയായ ഒരു മെഡിക്കൽ അദ്ധ്യാപിക മുലപ്പാൽ പോലെ മധുരിക്കുന്ന ഒരു ലേഖനമെഴുതിയിട്ടുണ്ട് ഇത്തവണ: ഡോ. കെ.ഇ എലിസബത്ത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ മാനസികാരോഗ്യ രംഗത്തുണ്ടായ ചടുലവും ഗാഢവുമായ മാറ്റങ്ങൾ മറ്റു വൈദ്യശാസ്ത്രരംഗങ്ങളിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഫ്രോയിഡ്, യുങ്, ആഡ്ലർ, ഹാവ് ലോക് എല്ലീസ്, ഇല്ലിച്ച്, എന്നീ പ്രാക്തന ബിംബങ്ങളിൽ നിന്ന് അറുപതുകളിൽ ആറോൺ ബെക്കിന്റെ കോഗ്നിറ്റിവ് ബിഹേവിയർ തെറാപ്പിയിലേക്കും (CBT) അവിടെ നിന്ന് MBCT (മൈൻഡ് ഫുൾ ബെയ്സ്ഡ് കോഗ്നിറ്റീവ് തെറാപ്പി) യിലേക്കും ഡയലക്ടിക്കൻ ബിഹേവിയർ തെറാപ്പിയിലേക്കുമെല്ലാം പരിണമിക്കുകയും മനോരോഗ മരുന്നുകളിൽ അത്ഭുതകരമായ വിപ്ലവം സംജാതമാവുകയും ചെയ്തു. അവിടെ നിന്നും മുന്നോട്ട് പോയി, പാരറ്റോ തത്വത്തെ മുറുകെ പിടിക്കുന്ന ഹീഗ്ഗ (Hygge), കിൻ്റസുഗി (kint Sugi) കാഴ്ചപ്പാടിനെ പോലെ ലാളിത്യത്തെ ആഘോഷമാക്കുന്ന വാബി - സാബി, ഉപഭോക്തൃ സംസ്കാരത്തിന്റെ പ്രതിസംസ്കാരമായ കോൺമാരി എന്നിങ്ങനെ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ വരെ എത്തി നിൽക്കുന്നു നൂതന മനഃശാസ്ത്ര ചികിത്സാ വിശകലനരീതികൾ. അതിനിടയിലാണ് മനഃശാസ്ത മേഖലയുടെ സമഗ്രതയിൽ ഊന്നിനിന്നുകൊണ്ട് പോസിറ്റീവ് സൈക്യാട്രി എന്ന പുതിയ ശാഖ രൂപകല്പന ചെയ്യപ്പെടുന്നത്. മനഃസൗഖ്യത്തിന്റെ പ്രായോഗികതയിലാണ് പോസിറ്റീവ് സൈക്കിയാട്രി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് പ്രശസ്ത സൈക്കിയാട്രി പ്രൊഫസറും എഴുത്തുകാരനുമായ ഡോ. റോയ് എബ്രഹാം കള്ളിവയലിന്റെ പണ്ഡിതോചിതമായ ലേഖനം ഈ ലക്കത്തിൽ വായിക്കാം.

ആഡം എൽറിഡ്ജും ജോഡി നോഫ്രിയും എഡിറ്റ് ചെയ്ത് ബ്ലൂംസ് ബെറി പബ്ലിഷ് ചെയ്ത Exploring night life എന്ന പുസ്തകം നിഷ്കളങ്കനായ വായനക്കാരനെ ഒരു പക്ഷേ ഞെട്ടിച്ചു കളഞ്ഞേക്കും. കെയ്റോ മുതൽ ജോഹന്നാസ്ബർഗിലൂടെ സിഡ്നിയിലേക്കു മൊക്കെ വികസിക്കുന്ന രാത്രികാല ജീവിത ചിത്രങ്ങൾ ചുരുൾ നിവരുമ്പോൾ ഒരു ഇരുണ്ട ചെകുത്താൻ സംസ്കാരം ലോകത്തിലെ വൻനഗരങ്ങൾ കേന്ദ്രീകരിച്ച് പുതുതലമുറയെ കീഴടക്കുന്നുണ്ടോ എന്ന് നമ്മൾ നിശ്ചയമായും ഭയന്നുപോവും. ഉറങ്ങാനുള്ള സമയത്ത് ഉണർന്നിരിക്കുന്നതിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ പ്രത്യാഘാത ങ്ങളെ ഓർമിപ്പിക്കാൻ ഡോ. കെ.എം സുഭാഷ് രാത്രി ജീവിതം അഭികാമ്യമോ എന്ന ചോദ്യം ഉന്നയിക്കുമ്പോൾ ഈ പുസ്തകം ഉറക്കം വിട്ടെഴുന്നേൽക്കുന്നു.

ഡോ. പി. ജയദേവന്റെ മീനാക്ഷിയും ഡോ. ജി.ആർ സന്തോഷ് കുമാറിന്റെ ആരോഗ്യസ്വാമിയും രണ്ടു വ്യത്യസ്ത തലങ്ങളിലാണ് വായനക്കാരോട് സംവദിക്കുന്നത്. ഒന്ന് ലളിതവും സറ്റയറിക്കലുമാവുമ്പോൾ മറ്റൊന്ന് ഗഹനവും പൊളിറ്റിക്കലുമായി മാറുകയാണ്. രണ്ടു കാർട്ടൂണിസ്റ്റുകളും വായനക്കാരുടെ പ്രിയപ്പെട്ടവരാവുന്നതിൽ നമ്മുടെ ആരോഗ്യം ആഹ്ളാദിക്കുന്നു.

ഡോ. ബി. ഇക്ബാൽ,ഡോ. ഫിറോസ് അസീസ്, ഡോ. നൗഫൽ ബഷീർ, ഡോ. സ്വപ്ന എസ്. കുമാർ, ഡോ. പുരുഷോത്തമൻ കെ.കെ, ഡോ. ടി.എ. അശോക വത്സല, ഡോ. തുളസിദേവി കെ.സി, ഡോ. വിനോദ് ടി.ജി എന്നീ പ്രഗത്ഭമതികളുടെ വിവിധ മാനങ്ങൾ കൈയെത്തിപ്പിടിക്കുന്ന ലേഖനങ്ങളും ഈ ലക്കത്തിൽ വായനക്കാർക്ക് സമ്മാനിക്കട്ടെ.

ബ്രിയാൻ പോർട്ട്നോയ് എഴുതിയ The geometry of wealth എന്ന പുസ്തകം മെഡിക്കൽ രംഗത്തുള്ളവരെല്ലാം നിശ്ചയമായും വായിക്കേണ്ടതാണ്. കേരളത്തിന്റെ ആരോഗ്യരംഗം ശതകോടീശ്വരന്മാരുടെ വിഹാരരംഗമാവുന്നതിന്റെ റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്ന സാമൂഹിക സാഹചര്യത്തിൽ മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ട് സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആത്മാര്‍ത്ഥതയോടെ സംസാരിക്കുന്ന ഈ പുസ്തകം നമ്മുടെ ആത്മീയാവശ്യമായി മാറുന്നുണ്ട്. ബ്ലാക്ക് സ്റ്റോണും കെ കെ ആർ ഗ്രൂപ്പുമൊക്കെ ഒരു ദേശത്തിന്റെ വാർഷിക ബജറ്റിന്റെ അഞ്ചും ആറുമിരട്ടി പണം ഒറ്റ വർഷത്തിൽ ഈ കുഞ്ഞു നാട്ടിന്റെ ആരോഗ്യ മേഖലയിൽ നിക്ഷേപിക്കുന്നതിന്റെ സത്യം എന്ത് എന്ന് ഖസാക്കിലെ കഥാപാത്രം പോലെ നാമും ചോദിച്ചു പോവുന്നു. എൺപതുകൾ വരെ ഏറ്റവും മികച്ച സാമൂഹികാരോഗ്യം ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന അത്ഭുതം കാഴ്ച വെച്ച നാട് എന്ന ഖ്യാതിയിൽ നിന്ന് തൊണ്ണൂറുകളോടെ, ലോകത്ത് മറ്റൊരിടത്തുമില്ലാത്ത രീതിയിൽ ഒരു കാലത്ത് സമ്പന്നരുടേത് മാത്രമായിരുന്ന ജീവിതശൈലീ രോഗങ്ങളും ദരിദ്രരാജ്യങ്ങളുടെ മുഖമുദ്രയായിരുന്ന പകർച്ചവ്യാധികളും അസാധാരണമായ രീതിയിൽ ഇരട്ട രോഗ ഭാരമായി മാറുന്ന കാഴ്ച കേരളത്തിന്റെ അടിസ്ഥാന ആരോഗ്യ സങ്കല്പത്തെ ഗൗരവതരമായി വെല്ലുവിളിച്ചു തുടങ്ങി. പുതിയ നൂറ്റാണ്ടിലാവട്ടെ തികച്ചും അപരിചിതമായ കാലാവസ്ഥാ ദുരന്തങ്ങളും കേട്ടുകേൾവിയില്ലാത്ത പുതിയ രോഗങ്ങളും കൂടി കേരളത്തിൽ ചെകുത്താൻ സാന്നിദ്ധ്യമായി.

ബ്രിയാൻ പോർട്ട്നോയ് എഴുതിയ The geometry of wealth എന്ന പുസ്തകം മെഡിക്കൽ രംഗത്തുള്ളവരെല്ലാം നിശ്ചയമായും വായിക്കേണ്ടതാണ്.
ബ്രിയാൻ പോർട്ട്നോയ് എഴുതിയ The geometry of wealth എന്ന പുസ്തകം മെഡിക്കൽ രംഗത്തുള്ളവരെല്ലാം നിശ്ചയമായും വായിക്കേണ്ടതാണ്.

നമ്മുടെ പ്രശസ്തമായ ആരോഗ്യ സംവിധാനം ആടിയുലഞ്ഞു തുടങ്ങി എന്നു പറയുന്നത് ഒട്ടും അതിശയോക്തിയല്ല. അതിനിടയിലാണ് ആഗോള കോർപ്പറേറ്റ് ഭീമന്മാർ കേരളത്തിൽ പറന്നിറങ്ങുന്നത്. ഈ അസാധാരണ സ്ഥിതിവിശേഷം കനത്ത വെല്ലുവിളികളോടൊപ്പം മികച്ച സാദ്ധ്യതകളുടെ വാതിലും തുറന്നിടുന്നുണ്ടോ? ഈ നിർണ്ണായക സ്ഥിതിവിശേഷത്തിന്റെ യഥാർത്ഥ ആരോഗ്യ സൂചനകൾ എന്താണ് ? മലയാളി സൈക്കിയുടെ ഉദ്വേഗം നമ്മുടെ ആരോഗ്യവും പങ്കിടുന്നു. ഈ വിഷയത്തെക്കുറിച്ച് ഡോ. എ. അൽതാഫ് എഴുതിയ മികച്ച ലേഖനം ആ കടങ്കഥയെ ഡിസൈഫർ ചെയ്യാൻ വായനക്കാർക്ക് തുണയാവും.



‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments