ഒരു സമൂഹം എന്ന നിലയിൽ നിരന്തരമായി അവഗണിക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും സാമൂഹികമായി ഒറ്റപ്പെടുകയും ചെയ്യുന്ന, ഒട്ടും സ്വാഗതാർഹമല്ലാത്ത അതീവ സങ്കീർണ്ണവും ദുഃഖകരവുമായ അന്തരാളത്തെ അഭിമുഖീകരിക്കുകയാണോ ഇന്ത്യൻ ഡോക്ടർമാർ? ലോകത്തിൽ ഏറ്റവും കൂടുതൽ ആശുപത്രി ആക്രമണങ്ങൾ നടക്കുന്ന, ഡോക്ടർമാർ നിഷ്ഠൂരമായി വധിക്കപ്പെടുന്ന, വനിതാ ഡോക്ടർമാർ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുന്ന നാരകീയ അനുഭവങ്ങളുടെ വിളനിലമായി മാറിപ്പോയോ നമ്മുടെ പ്രിയ ഭാരതം? മാനസികമായ എല്ലാ പ്രതിരോധങ്ങളേയും തകർക്കുന്ന അസഹനീയമായ ഇത്തരം കാഴ്ചകളുടെ രക്തസ്നാത മായ അകത്തളങ്ങളിൽ നിന്ന് പുറത്തേക്ക് നോക്കുമ്പോഴും നമ്മെ കാത്തിരിക്കുന്നതൊന്നും ഒട്ടും ആശാവഹമല്ല എന്നതാണ് സത്യം.
‘നമ്മുടെ ആരോഗ്യം’ ജൂലൈ ലക്കത്തിൽ ഡോക്ടർ സമൂഹം അഭിമുഖീകരിക്കുന്ന കാലികമായ വെല്ലുവിളികളുടെ കൃത്യമായ നഖചിത്രമുണ്ട്.
ഡോ. ശ്രീകുമാർ വാസുദേവൻ, ഡോ. അലക്സ് ഫ്രാങ്ക്ളിൻ, ഡോ. സുഷമ അനിൽ, ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. പി.എൻ. രാഘവൻ എന്നീ പ്രഗൽഭരോടൊപ്പം ബി. അലീന ലക്ഷ്മി എന്ന മെഡിക്കൽ വിദ്യാർത്ഥിയും വൈദ്യശാസ്ത്രരംഗത്തെ സങ്കീർണ്ണവും പ്രശ്നസങ്കുലവുമായ സാഹചര്യങ്ങളെ സൂക്ഷ്മവും സാന്ദ്രവുമായി അനാവരണം ചെയ്യുന്നുണ്ട്.

പ്രശസ്ത ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളിയാണ് അതിഥിക്കോളത്തിലെ താരം. സ്വന്തം ജീവിതത്തിൽ മറക്കാനാവാത്ത ഒരു ഡോക്ടറുടേതല്ല, മറിച്ച് നിരവധി ഡോക്ടർമാരുടെ മായാ ശില്പങ്ങൾ മനസ്സിൽ കൊത്തിവെച്ചിരിക്കുകയാണ് അദ്ദേഹം. ഓരോരുത്തരും തികച്ചും വ്യത്യസ്തർ. പക്ഷേ അവർ മനസ്സിൽ പതിപ്പിക്കുന്ന ചിത്രങ്ങൾക്കാവട്ടെ അത്ഭുതകരമാംവിധം സ്നേഹത്തിന്റെ ഒരു വർണ്ണം മാത്രം. ആ അപൂർവസുന്ദരമായ സാകല്യാനുഭവത്തിന്റെ വാങ്ങ്മയശില്പങ്ങളാണ് വി.ടി. മുരളിയുടെ ലേഖനം.
മറക്കാനാവാത്ത രോഗി എന്ന പംക്തിയിൽ ഡോ. ടി.വി. പത്മനാഭൻ ഒരു വൈദ്യശാസ്ത്രവിസ്മയത്തിന്റെ നിർവാഹകനും വ്യാഖ്യാതാവുമാവുകയാണ്. ഒട്ടും സാദ്ധ്യമല്ലാത്ത അവസരങ്ങളിൽ പോലും ഗോൾ മെറ്റീരിയലൈസ് ചെയ്യുന്ന റൊണാൾഡോ നസാരിയോ എന്ന ഒൻപതാം നമ്പർ ബ്രസീലിയൻ ഫോർവേഡിനെ മുൻനിർത്തി, ജീവൻ രക്ഷിക്കാൻ ഒട്ടും സാദ്ധ്യമല്ല എന്നുറപ്പിക്കുന്ന അവസരങ്ങളിൽ പോലും അത് സാക്ഷാത്കരിക്കാനാവും എന്ന് ഡോക്ടർ സമൂഹത്തെ ഓർമ്മിപ്പിക്കുകയാണ് അദ്ദേഹം. ബന്ധു പറയുന്നതു പോലെ, കണ്ണനോ കണ്ണന്റെ കൂട്ടുകാരോ അല്ല, മറിച്ച് ആർട്ടറി ഫോർസെപ്സിൽ മുറിഞ്ഞ ധമനിയുടെ അഗ്രം കരുക്കിയെടുത്ത ചികിത്സകനാണ് യഥാർത്ഥ റൊണാൾഡോ എന്ന് സുശിക്ഷിതനായ വായനക്കാരൻ തിരിച്ചറിയുന്നുണ്ട്. അസാധാരണമായ അനുഭവം. മികച്ച ആഖ്യാനം.
മെഡിക്കൽ ടൂറിസത്തിന്റെ തിരിച്ചറിയപ്പെടാത്ത സാദ്ധ്യതകളെക്കുറി ച്ചുള്ള മികച്ച പഠനമാണ് ഡോ. സണ്ണി ഓരത്തേലിന്റെ ‘മെഡിക്കൽ ടൂറിസവും കേരളവും’ എന്ന ലേഖനം. വൈദ്യശാസ്ത്രത്തിന്റെ ഇത്തരം പുത്തൻ ഉഡ്ഡയനങ്ങൾ അക്ഷരങ്ങളിൽ സാക്ഷാത്കരിക്കുന്നതിൽ ‘നമ്മുടെ ആരോഗ്യം’ അഭിമാനം കൊള്ളുന്നു.
സാധാരണ ആരോഗ്യമാസികകളിൽ കാണാറുള്ള പ്രസവ സംബന്ധിയായ ലേഖനങ്ങളിൽ നിന്ന് പ്ലേറ്റോ പറഞ്ഞതുപോലെ രണ്ടു ചുവടു ദൂരെ നിൽക്കുന്ന ലേഖനമാണ് ഡോ. ജോസന്റെയുടെ ‘പ്രസവത്തിനു മുമ്പും പിമ്പും’ എന്ന കുറിപ്പ്. നിലപാടുകളുടെ മികവുകൊണ്ടും ശാസ്ത്രീയ സത്യങ്ങളുടെ തിളക്കം കൊണ്ടും ആത്മാർത്ഥമായ ആഖ്യാനം കൊണ്ടും തികച്ചും വ്യത്യസ്തമാ വുകയാണ് ഡോ. ജോസന്റെ ലേഖനം.
ഏതൊരു പ്രസിദ്ധീകരണത്തിന്റെയും എറ്റവും കാമ്യമായ സ്വപ്നങ്ങ ളിലൊന്നാണ് നിസ്സംശയമായും, മികച്ച വായനക്കാർ. ആസ്വാദകരെ കവിയായിത്തന്നെ കാണുന്ന ഭവഭൂതിയും, സമാനഹൃദയർക്കുവേണ്ടി പാടുന്ന സുഗതകുമാരിയും ചരിത്രത്തിന്റെ രണ്ടറ്റങ്ങളിൽ വായനക്കാരെ ഹൃദയത്തോടു ചേർക്കുന്നത് വെറുതെയല്ല. തികഞ്ഞ ആസക്തിയോടെ പുസ്തകത്താളുകൾ മറിയ്ക്കുന്ന അവനാണ് / അവളാണ് എഴുത്തുകാരെ നിലനിർത്തുന്നത് എന്ന വിനീത ബോധത്തിന്റെ സ്വാഭാവികമായ അനുരണനം മാത്രമാണത്. ഡോ. എ.വി. ഭരതൻ എന്ന കാസർകോടുകാരനായ വായനക്കാരൻ ‘നമ്മുടെ ആരോഗ്യ’ത്തിന്റെ കഴിഞ്ഞവർഷത്തിലെ പന്ത്രണ്ടു പതിപ്പുകളിലൂടെ അരയന്നത്തിെൻ്റ വിഹഗസഞ്ചാരം പോലെ ചിറകുകൾ വിരുത്തി തുഴഞ്ഞുതുഴഞ്ഞു പോവുന്നത് എത്രമാത്രം ഹൃദയാവർജ്ജകമാണ്. ആഴത്തിലുള്ള വായനയും കൃത്യമായ വിലയിരുത്തലും മനം നിറയ്ക്കുന്ന ആസ്വാദനവും നമ്മെ നിശ്ചയമായും ആനന്ദഭരിതരാക്കാതിരിക്കില്ല. വായനയുടെ അകക്കാമ്പ് തിരിച്ചറിഞ്ഞ ഇത്തരം വായനക്കാരെ ലഭിച്ചതാണ് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന്.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

അസാധാരണമായ ഉൾക്കാഴ്ചയും ശാസ്ത്രീയയും മികവും കൊണ്ട് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ പേജുകളെ ധന്യമാക്കിയ ഡോ. മുഹമ്മദ് കുന്നുമ്മൽ, ഡോ. ടി.ഹരിശങ്കർ, ഡോ. രമ്യ വിനോദ്, ഡോ. എസ്. കൃഷ്ണൻ, ഡോ. സുൾഫിക്കർ അലി, ഡോ. കെ.പി.മോഹനൻ, ഡോ. കെ.സി. സോമൻ, ഡോ. സി.കെ. ആനന്ദൻ, ഡോ. ബി. ഇക്ബാൽ, ഡോ. മായാദേവി കുറുപ്പ് എന്നിവർക്ക് മാഗസിന്റെ സ്നേഹം, ആദരം.
പിന്നാക്ക സംസ്ഥാനങ്ങളെന്ന് പരിഹസിക്കപ്പെട്ടിരുന്ന പല സംസ്ഥാ നങ്ങളും, അത്ര വിദൂരമല്ലാത്ത കാലത്ത് സാമൂഹിക- കായിക- ആരോഗ്യ രംഗങ്ങളിൽ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരളത്തെ തികച്ചും അപ്രസകതമാക്കിക്കൊണ്ട് മുന്നേറുന്ന കാഴ്ച നമ്മളെ നിശ്ചയമായും നാണിപ്പിക്കും. അന്ധവിശ്വാസത്തിനും ദുർമന്ത്രവാദത്തിനുമെതിരെ ബീഹാറും രാജസ്ഥാനുമടക്കമുള്ള ഈ സംസ്ഥാനങ്ങളൊക്കെ കർശനമായ നിയമനിർമ്മാണം നടത്തിയ പ്പോഴും മുമ്പൊക്കെ പുരോഗമന സാമൂഹിക നിലപാടുകൾ വഴി തലയുയർത്തി നിന്നിരുന്ന കേരളം ഇപ്പോൾ കാഴ്ചക്കാരായി നിൽപാണ്. സമാനമായിത്തന്നെ പി.ടി. ഉഷയും, ഷൈനിയും, ടി.സി. യോഹന്നാനുമൊക്കെ കേരളത്തിന്റെ കായികമേഖലയെ ഇന്ത്യയുടെ തന്നെ നെറുകയിൽ പ്രതിഷ്ഠിച്ചിരുന്ന കാലത്തുനിന്ന് ഉത്തരാഖണ്ഡിൽ ഈ വർഷമാദ്യം നടന്ന ദേശീയ കായികമേളയിൽ പതിനാലാം സ്ഥാനത്ത് എത്തിയ ലജ്ജിപ്പിക്കുന്ന ദയനീയ കാഴ്ചയും നമ്മുടെ മുന്നിലുണ്ട്. അതോടൊപ്പം തന്നെയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തമായ മെഡിക്കൽ കോളേജുകളിലൊന്നിൽ ചികിത്സോപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ അത്യാസന്ന നിലയിലുള്ള രോഗിക്കുപോലും ശസ്ത്രക്രിയ നടത്താനാവുന്നില്ലെന്ന് യൂറോളജി വകുപ്പുമേധാവി ഹൃദയം പൊട്ടി വിലപിച്ചത്. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഒട്ടും പഥ്യമായില്ല, ആത്മാർത്ഥ തയുടേയും നീതിയുടേയും ആ തുറന്നു പറച്ചിൽ എന്നു വ്യക്തമാണെങ്കിലും മീഡിയയോടൊപ്പം ഓരോ മലയാളിയും ഹൃദയം കൊണ്ട് ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഭരണകൂടത്തിനും അദ്ദേഹത്തിന്റെ നിലപാട് അംഗീകരിക്കാൻ വയ്യാതായെന്നു മാത്രം. ധീരതയും സത്യസന്ധതയും ലോകത്തെവിടെയും എപ്പോഴും വിലമതിക്കപ്പെടുമെന്ന് ഈ സംഭവം ഒരിക്കൽ കൂടി നമ്മെ ഓർമ്മിപ്പിക്കു കയാണ്. ഡോ. ഹാരിസ് ചിറക്കലിന് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ ആത്മാർത്ഥമായ ഐക്യദാർഢ്യം.
ഒപ്പമുണ്ട് സാർ, ഞങ്ങളെല്ലാവരും.
