കേരളത്തിന്റെ ആരോഗ്യരംഗത്തിന്റെ ഗതിവിഗതികൾ ഏതൊരു സാമൂഹിക രാഷ്ട്രീയ വിദ്യാർത്ഥിയേയും നിശ്ചയമായും അൽഭുതപ്പെടുത്താതിരിക്കില്ല. എൺപതുകൾ വരെ സർവതോമുഖമായ പുരോഗതി കൈവരിക്കുകയും ലോകരാഷ്ടങ്ങൾക്കെല്ലാം അസൂയ കലർന്ന കടങ്കഥയായി മാറുകയും ചെയ്ത മൂന്നരക്കോടി മലയാളികളുടെ നാട് കഴിഞ്ഞ കാൽ നൂറ്റാിലേറെയായി ആരോഗ്യ രംഗത്ത് നേരിടുന്ന തിരിച്ചടികൾ തികച്ചും അമ്പരപ്പിക്കുന്നവയാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ലെഗസി പേറുന്ന അപൂർവ പകർച്ചവ്യാധികൾ ഉൾപ്പെടെ ലോകത്തെവിടെയും പ്രത്യക്ഷപ്പെടുന്ന ഇൻഫെക് ഷ്യസ് / കണ്ടേജിയസ് വ്യാധികളുടെ മ്യൂസിയമായി കേരളം രൂപാന്തരപ്പെട്ടു. കോവിഡും നിപയും നെഗ്ലേരിയൻ എൻകെഫലൈറ്റിസുമടക്കമുള്ള രോഗങ്ങൾ ഒരു കാലത്ത് സാമൂഹികാരോഗ്യത്തിന്റെ മരതകപ്പട്ടുടുത്തു നിന്ന നാളികേരത്തിന്റെ നാട്ടിൽ ഉറച്ച ചേക്കയിടം കണ്ടെത്തി. അതോടൊപ്പം സമ്പന്ന സമൂഹത്തിന്റെ ജീവിതശൈലീപരമായ അസുഖങ്ങളും പൊതുജനാരോഗ്യത്തെ കാർന്നുതിന്നു തുടങ്ങി. ലോകത്തിൽ മറ്റൊരിടത്തും കാണാത്ത ഈ ഇരട്ട രോഗഭാരത്തിന്റെ വൈരുദ്ധ്യത്തെ എങ്ങനെ മെരുക്കണം എന്നറിയാതെ നാം അമ്പരന്നുനിന്നു.
അതിനിടയിലാണ് പുരോഗമനാശയങ്ങളുടെ കളിത്തൊട്ടിൽ എന്ന് അഭിമാനിച്ചിരുന്ന കേരളത്തിൽ ഏറ്റവും ഋണാത്മകമായ ആശയങ്ങൾ പിടിമുറുക്കി തുടങ്ങുന്നത്. മന്ത്രവാദവും നരബലികളും കേരളത്തിന്റെ സൈക്കിയെ നടുക്കിക്കളഞ്ഞു. പഞ്ചാബും ഗോവയും ഛത്തീസ്ഗഡും സിക്കിമുമൊക്കെ ആൻ്റി വാക്സേഴ്സ് പെരുകിയ കേരളത്തെ പിന്നിലാക്കി പ്രതിരോധ കുത്തിവെപ്പ് രംഗത്ത് പുതു ചരിത്രമെഴുതാനുദ്യമിക്കുകയാണ്. വീടുകളിലെ പ്രസവത്തെയും പെൺ ചേലാകർമ്മത്തേയും ഒളിഞ്ഞും തെളിഞ്ഞും പിന്തുണക്കുന്ന സാമൂഹിക മതസംഘടനകളുടെ എണ്ണം നമ്മുടെ സംസ്ഥാനത്ത് വർദ്ധിച്ചുവരികയുമാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിലുൾപ്പെടെ മരുന്നുകൾക്ക് കടുത്ത ദൗർലഭ്യം നേരിടുന്നു, ജോലിഭാരത്തെക്കുറിച്ച് മെഡിക്കൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ നിരന്തരം പരാതികൾ ഉന്നയിക്കുന്നു, ഹൗസ് സർജന്മാർ കൃത്യമായ വേതനം (stipend) ലഭിക്കാത്തതിനാൽ സമരപാതയിലാണ്, അടിസ്ഥാന ആരോഗ്യ പ്രവർത്തകരായ ആശാ വർക്കർമാർ മൂന്നു മാസത്തിലേറെയായി സമരത്തിലാണ്.
ഒരു മാസത്തെ ഇടവേളയിലാണ് വീട്ടുപ്രസവത്തിലെ മരണവും, ആൻ്റി റാബീസ് വാക്സിൻ സ്വീകരിച്ചിട്ടും ഒരു പിഞ്ചുകുഞ്ഞ് മരണമടയുന്നതും. എവിടെയാണ് ഒരു വെള്ളിവെളിച്ചം? നമ്മുടെ ആരോഗ്യത്തിന് ഹൃദയവേദന സൃഷ്ടിക്കുന്ന ഒരു കാര്യം കൂടി ഈ മാസം കാത്തു വെച്ചിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 14 മാസങ്ങളായി നിരന്തരമായി മാഗസിനിൽ തികച്ചും അൽഭുകരവും അസാധാരണവുമായ ലേഖനങ്ങൾ പ്രസിദ്ധീകൃതമായിരുന്ന കോളം നിലയ്ക്കുകയാണ്. പഥികൃത്തുക്കൾ എന്ന കോളം വായനക്കാരുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തായി പരിണമിക്കുന്നത് ചീഫ് എഡിറ്റർ എന്ന നിലയിൽ അത്യധികം ആഹ്ലാദത്തോടും അഭിമാനത്തോടുമാണ് ഞാൻ നോക്കിക്കിരുന്നത്. ഡോ. എസ്. ഗോവിന്ദനിൽ തുടങ്ങി ഡോ. കെ. മഹാദേവൻ പിള്ളയിൽ പഥികൃത്തുക്കൾ അവസാനിക്കുമ്പോൾ വായനക്കാർക്ക് അത് തീരാത്ത നഷ്ടമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഡോ. ഒളിവർ സാക്സിന്റെ ലോകപ്രശസ്ത കൃതിയായ The Man who mistook his wife for a hat- നോട് കിടപിടിക്കുന്ന ആഖ്യാനമായിരുന്നു പഥികൃത്തുക്കളിലുടനീളം എന്ന് സുശിക്ഷിതനായ വായനക്കാരൻ തിരിച്ചറിഞ്ഞിരിക്കും. Mr P- യും, മക്ഗ്രിഗറും O'C- യും എത്രമാത്രം നമ്മെ വേപഥുവിലാഴ്ത്തിയോ മിക്കവാറും അതേ അളവിൽ ഡോ. കെ. രാജശേഖരൻ നായരുടെ വാക്കുകളിൽ പുനർജനിച്ച ഡോ. ഉണ്ണിത്താനും, ഡോ. മേരി പു ന്നൻ ലൂക്കോസും, ഡോ. സി.കെ ഗോപിയും നമ്മുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. നാമെത്ര മാത്രം കൃതഘ്നരാണെന്ന് ഓരോ ആഖ്യാനവും നമ്മളെ നാണിപ്പിച്ചു. ആ കോളം വായിച്ച ഓരോ വായനക്കാരനും കുറച്ചുകൂടി നല്ല മനുഷ്യരായിത്തീർന്നിരിക്കുമെന്ന് എനിക്കുറപ്പു്. അതാണ് ഈ ഖേദത്തിലും എന്റെ ഏക ആശ്വാസവും.
ജീവിതത്തിന്റെ ഇടനാഴികളിൽ അപ്രതീക്ഷിതമായി പരിചയപ്പെട്ട ഡോക്ടർമാർ പോലും വേദനയിലും കഷ്ടപ്പാടിലും എത്രമാത്രം ഹൃദയാലുത്വത്തോടെ കൂടെ നിന്നിരുന്നുവെന്ന് ഓർത്തെടുക്കുകയാണ് പ്രശസ്ത എഴുത്തുകാരി എസ്. സിതാര. വ്യക്തിജീവിതത്തിന്റെ കടുത്തപരീക്ഷണങ്ങൾക്കിടയിലും, I would do anything for love എന്ന മീറ്റ് ലോഫിന്റെ ഗാനത്തിലെന്നപോലെ, അവരുടെ അനുതാപത്തിന്റെയും സ്നേഹത്തിന്റെയും കരങ്ങളുടെ തലോടൽ എത്രമാത്രം സാന്ത്വന നിർഭരമായിരുന്നുവെന്ന് അവർ നന്ദിപൂർവം സ്മരിക്കുന്നു. ഹൃദയത്തിലും എഴുത്തിലും സത്യവും ആത്മാർത്ഥതയും കവിഞ്ഞൊഴുകുമ്പോഴാണ് ഇത്തരമൊരു കുറിപ്പിന് പിറവിയെടുക്കാനാവൂ. എഴുത്തുകാരിക്ക് നന്ദി, അഭിനന്ദനം.
കുഞ്ഞുങ്ങളാണ് ലോകത്തിന്റെ വസന്തം. ഓസ്കാർ വൈൽഡിന്റെ ആ പ്രശസ്തമായ കഥയിൽ രാക്ഷസൻ പരിപാലിച്ചു പോന്ന ചെടികളും വൃക്ഷങ്ങളും ജൈവലോകത്തിന്റെ അനുധ്യാന ശോഭകൾ എത്തിപ്പിടിക്കാനാവാതെ നിൽക്കേ, trespassers will be എന്ന വിലക്ക് കടന്നെത്തിയ കുഞ്ഞിന്റെ സ്പർശനത്തിൽ അവയെല്ലാം പു ളകോദ്ഗാമികളാവുന്നത്, വർണ്ണാഭമായ പു ഷ്പങ്ങൾ കൊണ്ട് സ്വയം കിരീടമണിയുന്നത് ലോകസാഹിത്യത്തിലെ അപൂർവമായ ഒരു നിമിഷമാണ്. ആ നിമിഷത്തിന്റെ മായികതയാണ് കുഞ്ഞുങ്ങളെ ലോകത്തിന് പ്രിയംകരരാക്കുന്നത്. അതുകൊുതന്നെ അവരുടെ ആരോഗ്യം ഓരോ ജനപഥവും ഹൃദയത്തോടു ചേർക്കുന്നു. കുഞ്ഞുങ്ങളോടുള്ള സ്നേഹമാണ് ‘നമ്മുടെ ആരോഗ്യ’ത്തിന്റെ ഈ ലക്കത്തിന് പ്രേരകം. അവരുടെ ആരോഗ്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഡോ. കെ.കെ പുരുഷോത്തമൻ, ഡോ. സുരേശൻ വി, ഡോ. കെ.ബിപിൻ, ഡോ. എ. സന്തോഷ് കുമാർ, ഡോ. എസ്. ബിന്ദുഷ, ഡോ. ഐ. റിയാസ്, ഡോ. മാളവിക അഭിജാത്, ഡോ. ആർ. കൃഷ്ണ മോഹൻ, ഡോ് ശ്രീപ്രസാദ്. ജി. ലക്ഷ്മി എം.എ എന്നീ പ്രഗൽഭ ലേഖകരാണ് എഴുതുന്നത്.
നേരത്തെ സൂചിപ്പിച്ച പേപ്പട്ടി വിഷബാധയെക്കുറിച്ചുള്ള രണ്ടു മികച്ച ലേഖനങ്ങൾ ഈ ലക്കത്തിൽ വായിക്കാം. ഡോ. ടി. ജയകൃഷ്ണൻ, ഡോ. ജെ.സജികുമാർ എന്നിവരാണ് ഗൗരവമേറിയ ആ പൊതുജനാരോഗ്യപ്രശ്നം കൈകാര്യം ചെയ്യുന്നത്.
ക്യാൻസറിനെക്കുറിച്ച് നമ്മുടെ ധാരണകൾ തിരുത്തിക്കുറിക്കുന്ന അതിഗഹനമായ ലേഖനമെഴുതിയ ഡോ. റസീല കരുണാകരൻ, ബഷീറിനെക്കുറിച്ച് എം.പി പോൾ എഴുതിയ പോലെ ചോരപൊടിയുന്ന ഓർമകളെ പുനർജീവിപ്പിക്കുന്ന വിഷുക്കൈനീട്ടം എന്ന ഓർമ്മക്കുറിപ്പിന്റെ രചയിതാവ് ഡോ. ആർ.സി. ശ്രീകുമാർ, ജെന്നറുടെ ദുരന്ത കഥ ഹൃദയദ്രവീകരണക്ഷമമായി പറയുന്ന ഡോ. ബി. ഇക്ബാൽ, ഇൻഫോഡെമിക് എന്ന പുതുയുഗ തിന്മയുടെ കാരണവും കാര്യവും ഇഴകീറി പരിശോധിക്കുന്ന ഡോ. കെ.പി മോഹനൻ, പലപ്പോഴും നമ്മുടെ ശ്രദ്ധയിൽ പെടാതെ പോവുന്ന പാദസംരക്ഷണത്തെക്കുറിച്ച് മികച്ച ലേഖന മെഴുതിയ ഡോ. ഒ. വാസുദേവൻ, പ്രോസ്റ്റേറ്റിനെക്കുറിച്ച് പണ്ഡിതോചിതമായി സംസാരിക്കുന്ന ഡോ. പി. എസ്. ശ്രീധരൻ എന്നിവരോട് നമ്മുടെ ആ രോഗ്യത്തിന്റെ കടപ്പാടും സ്നേഹവും ആഹ്ളാദത്തോടെ രേഖപ്പെടുത്തട്ടെ.
പൊതുജനാരോഗ്യരംഗത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരമായി ഗുരുതര വെല്ലുവിളികൾ ഉയർത്തുന്ന മഴക്കാലം ആഗതമാവാറായി. അലക്സാർ ഫ്രെയ്റ്ററുടെ Chasing the Mansoon ഒക്കെ വായിക്കുമ്പോൾ നമ്മൾ കടന്നുപോവുന്ന നേരിയ ഉന്മാദത്തിന്റെയും ആഹ്ളാദത്തിന്റെയും ഈടുവെപ്പുകൾക്ക് പകരം തിങ്ങിനിറയുന്ന ആശുപത്രികളും, പ്രകൃതിദുരന്തങ്ങളും രോഗഭീതിയും, ഉരുൾപൊട്ടലുകളും സ്കൂൾ വരാന്തകളിലെ അഭയം തേടലുമൊക്കെയാണ് ഈയിടെയായി മലയാളിയുടെ സ്മൃതിപഥത്തിൽ വരിക. ആരോഗ്യസംസ്കാരത്തിലും വിദ്യാഭ്യാസത്തിലും ഏറ്റവും മുന്നി ൽ നിൽക്കുന്ന ജനത എന്ന നിലയിൽ വരുന്ന മഴക്കാലം ദുരന്തഭീതികളില്ലാതെയാക്കാൻ മികച്ച ആസൂത്രണം നടത്തേണ്ട സമയമാണിത്. സർക്കാരും സാമൂഹിക സംഘടനകളും, ആരോഗ്യ പ്രവർത്തകരും, പൊതുസമൂഹവും കൈകോർക്കേണ്ട നിർണ്ണായക സന്ദർഭം.
എഡിറ്റോറിയൽ എഴുതി അവസാനിപ്പിക്കുമ്പോൾ മനസ്സിൻ തെളിയുന്നത് മുഴുവൻ നഷ്ടങ്ങളുടേയും ദുരന്തങ്ങളുടേയും ഓർ മ്മകളാണ്. പഹൽഗാമിൽ ഭീകരരുടെ വെടിയേറ്റുവീണ നിഷ്കളങ്കരായ വിനോദ സഞ്ചാരികളുടെ ഓർമ്മകൾക്കു മുന്നിൽ ഒരു പിടി കണ്ണീർ പൂക്കൾ.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം:

