ആയുർവേദ ഡോക്ടർമാർ എങ്ങനെയാണ് ശസ്ത്രക്രിയ ചെയ്യുക?

ശസ്ത്രക്രിയാ വിഭാഗത്തിൽ നൂറ്റാണ്ടുകളായി ഒരു തരത്തിലുമുള്ള ഇടപെടൽ നടത്താത്ത ആയുർവേദക്കാരെ ആരാണ് ശസ്ത്രക്രിയാ രീതികൾ പഠിപ്പിക്കുക? അനസ്തീഷ്യ നൽകാൻ എന്തു സംവിധാനമാണ് അവർക്കുള്ളത്? സൂക്ഷ്മാണുക്കളുടെ പങ്ക് അംഗീകരിക്കാത്ത വാത-പിത്ത-കഫ സിദ്ധാന്തക്കാർ സർജറിക്കുശേഷം രോഗാണുബാധ തടയാൻ ആന്റി ബയോട്ടികൾക്കു പകരം ഏത് വഴി സ്വീകരിക്കും? പതിമൂന്നോളം സംസ്ഥാനങ്ങളിൽ ഇത്തരം 'എത്തിനോട്ട' ക്കാർക്ക് ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ അനുവാദം നൽകിയതിനെ തുടർന്ന് ഏറ്റുവാങ്ങിയ ദുരന്തം നമ്മുടെ മുന്നിലുണ്ട് - ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകി 2016ലെ മെഡിസിൻ സെൻട്രൽ കൗൺസിൽ റഗുലേഷൻസ് ഭേദഗതി ചെയ്തുകൊണ്ടുള്ള കേന്ദ്ര സർക്കാർ തീരുമാനം വിമർശിക്കപ്പെടുന്നു

During the period of study, The PG Scholar of Salya and Salakya shall be practically trained to acquaint with as well as to Independently perform the following activities so that after completion of his PG degree he is able to perform the following procedures Independently

2020 നവംബർ 20ന് കേന്ദ്ര സർക്കാരിന്റെ ഗസറ്റിൽ സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിന്റെ നോട്ടിഫിക്കേഷനിലെ തുടക്കത്തിലെ വരികളാണ് മുകളിൽ ഉദ്ധരിച്ചത്. തുടർന്ന് പരിശീലനം നൽകാൻ ഉദ്ദേശിക്കുന്ന 58 - ഓളം ശസ്ത്രക്രിയകളുടെ പേരും നൽകിയിരിക്കുന്നു. ശല്യ തന്ത്രത്തിൽ (ജനറൽ സർജറി) 39 ഉം ശാലക്യ തന്ത്രത്തിൽ (ഇ.എൻ.ടി., ഡെന്റൽ) 19 ഉം ശസ്ത്രക്രിയകൾ ആണ് PG സിലബസ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പല ശസ്ത്രക്രിയകളുടെ പേരുകൾ പോലും ആയുർവേദത്തിന്റെ പദസംഘാതങ്ങൾ ഉപയോഗിച്ച് വ്യവഹരിക്കാനാവുന്നില്ല എന്നത് ഒരു സാധാരണ നിരീക്ഷകനെ തുടക്കത്തിൽ തന്നെ അത്ഭുതപ്പെടുത്തിയേക്കും. colostomy, Laryngeal Intubation, orchidectomy തുടങ്ങിയവക്കുപോലും സമാന പദങ്ങൾ ശല്യ- ശാലക്യതന്ത്ര വിദഗ്ദർക്ക് ബി.സി ആറാംനൂറ്റാണ്ടിനുശേഷം ഇന്നുവരെ കണ്ടെത്താനായില്ല എന്ന വസ്തുത എന്തിന്റെ ചൂണ്ടുപലകയാവാം? നൂറ്റാണ്ടുകളായി ആയുർവേദവും അതിന്റെ ശല്യ വിഭാഗവും നിന്നിടത്തുതന്നെ നിൽക്കുകയായിരുന്നു എന്ന് കൃത്യമായി അടിവരയിടുകയാണ് ആ തെളിവുകൾ.

കേരളത്തിനും കേന്ദ്രത്തിനും ബാധകമാകുന്ന ഒരു ചോദ്യം

വളരെ പതുക്കെ അരിച്ചു കയറുന്ന ശൈത്യം പോലെ ഭീതിയുടെ നീരാളിക്കൈകൾ വടക്കൻ കേരളത്തെ ഗ്രസിച്ച നാളുകളൊന്നിൽ അന്നത്തെ ഹെൽത്ത് സെക്രട്ടറി രാജീവ് സദാനന്ദനോട് ഒരു പത്രപ്രവർത്തകൻ ചോദിച്ചു: ആധുനിക വൈദ്യശാസ്ത്രത്തിൽ നിപ്പ ചികിത്സിച്ചു മാറ്റാൻ കൃത്യമായ മരുന്നുകൾ ലഭ്യമല്ലല്ലോ. ഫലപ്രദമായ മരുന്നുണ്ട് എന്ന് അവകാശപ്പെടുന്ന ഹോമിയോ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ?

ഒരു നിമിഷം പോലും ആലോചിക്കാതെ ഹെൽത്ത് സെക്രട്ടറിയുടെ മറുപടി വന്നു. സർക്കാരിന് അത്തരം മരുന്നുകളെ കുറിച്ച് അറിയില്ല. ആ മരുന്നുകൾ സർക്കാരിന് സമർപ്പിക്കട്ടെ. ഫലപ്രദമാണോ എന്ന് പരിശോധിച്ച് തൃപ്തികരമാണെങ്കിൽ നിശ്ചയമായും ഉപയോഗിക്കാം.

ഒരേയൊരു ചോദ്യമാണ് ഇത്തരുണത്തിൽ ആധുനിക വൈദ്യശാസ്ത്രവും പ്രാചീനമായ ഒരു ചികിത്സാസമ്പ്രദായവും അശാസ്ത്രീയമായി കൂട്ടിയിണക്കാൻ ഉത്തരവിറക്കിയ സർക്കാരിനോട് ആരായുവാനുള്ളത്. നിപ്പയുടെ ചികിത്സക്കുള്ള മരുന്നുകളെ കുറിച്ച് നിങ്ങൾ കാണിച്ച കൃത്യമായ ശാസ്ത്രീയ സമീപനം എന്തുകൊണ്ടാണ് മറ്റു രോഗചികിത്സകൾക്ക് നിങ്ങൾക്ക് ഉപയോഗിക്കാനാവാതെ പോകുന്നത്? കോവിഡ് ചികിത്സയുടെ കാര്യത്തിൽ കേരള സർക്കാരിനും ശസ്ത്രകിയകൾ ചെയ്യാൻ ആയുർവേദത്തിന് അനുമതി നൽകിയ കേന്ദ സർക്കാരിനും ഒരുപോലെ ബാധകമാവുന്നു ഈ ചോദ്യം.

ഇത് പിൻവാതിൽ പ്രവേശനം

നിരന്തര ചോദ്യം ചെയ്യലുകളും പൊളിച്ചെഴുത്തുകളും നിർഭയമായ തെറ്റുതിരുത്തലുകളുമാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖമുദ്ര. ഒരിക്കലും ചോദ്യം ചെയ്യപ്പെടാത്ത, തെറ്റുകളുണ്ടെന്ന്
സമ്മതിക്കുവാൻ ആയുഷ് ചികിത്സകർ ഒരിക്കലും ധൈര്യപ്പെടാത്ത, ഒരിക്കൽ പോലും മാറ്റിയെഴുതപ്പെടാത്ത ആയുഷ് ചികിത്സാരീതികൾ, അന്തിമമായ സത്യത്തിലെത്താൻ നിരന്തരം പഠന ഗവേഷണങ്ങളിൽ ഏർപ്പെടുന്ന, ചോദ്യം ചെയ്യലുകളേയും തിരുത്തലുകളേയും ഒരിക്കലും ഭയപ്പെടാത്ത ആധുനിക വൈദ്യശാസ്ത്രവുമായി എങ്ങിനെ ഏച്ചുകൂട്ടാനാണ്?

ആയുർവേദം അതിന്റെ കൊണ്ടാടപ്പെടുന്ന വിജ്ഞാന ഭൂമികയിൽ കാലുറപ്പിച്ചുനിന്ന് പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാനുള്ള പശ്ചാത്തല സൃഷ്ടി നടത്താൻ തയ്യാറാവേണ്ടതുണ്ട്. വ്യത്യസ്ത ചികിത്സാവിഭാഗങ്ങൾ നിരന്തര ഗവേഷണ- മനന പഠനങ്ങളിൽ ഏർപ്പെട്ട് ചികിത്സാരീതികൾ വികസിപ്പിക്കുകയും, അവ കൂടുതൽ ഫലപ്രദമാക്കുകയുമാണ് വേണ്ടത്. അതിനുപകരം മറ്റു ചികിത്സാവിഭാഗങ്ങളിൽ എത്തിനോക്കി മുറിവൈദ്യന്മാരാവുന്നത് ജനങ്ങളുടെ ആരോഗ്യത്തോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ്.

ബീഹാർ, മഹാരാഷ്ട്ര, കർണ്ണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങി പതിമൂന്നോളം സംസ്ഥാനങ്ങളിൽ ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത്തരം 'എത്തിനോട്ട' ക്കാരെ നിയമിച്ച് അവർക്ക് ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ അനുവാദം നൽകിയതിനെ തുടർന്ന് ഏറ്റുവാങ്ങിയ ദുരന്തം നമ്മുടെ മുന്നിലുണ്ട്. അത്തരം പിൻവാതിൽ പ്രവേശനമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് എന്നു വരുന്നത് ആരോഗ്യപരമായും രാഷ്ട്രീയമായും സാമൂഹികമായും മികച്ച അവബോധമുള്ള ജനതയെ അക്ഷരാർത്ഥത്തിൽ നാണം കെടുത്തലാണ്.

അനുമതി സങ്കര ചികിത്സക്ക്

ഡൽഹി ഹൈക്കോടതി 2016 ഏപ്രിൽ 8ന് പുറപ്പെടുവിച്ച വിശദവും കൃത്യവുമായ സുപ്രധാന വിധിയിൽ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ രജിസ്റ്റർ ചെയ്ത ചികിത്സകർ ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്നത് കടുത്ത നിയമലംഘനമാണെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ ധാർമികതയുടെ അവസാന വാക്കായ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാവട്ടെ ഇത്തരം അധാർമിക പരിശീലനങ്ങൾ കർശനമായി വിലക്കിയിട്ടുമുണ്ട്.

പരിശീലനം നൽകുന്ന ആധുനിക ചികിത്സകരുടെ ലൈസൻസ് റദ്ദാക്കാൻ പോലും മെഡിക്കൽ കൗൺസിലിന് സാധിക്കും. പക്ഷേ അടുത്തിടെ കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഒരു സ്വതന്ത്ര നിരീക്ഷകന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് പറയാതിരിക്കാൻ വയ്യ. ഒരു രാജ്യം ഒരു ചികിത്സ എന്ന കേന്ദ്രീകൃതവും ബഹുസ്വരത നിഷേധിക്കുന്നതുമായ നിലപാടുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകുകയാണ്.

സങ്കരം വഴി ഒരൊറ്റ ചികിത്സാരീതി സൃഷ്ടിച്ചെടുക്കുകയും രാഷ്ടീയ - സാംസ്‌കാരിക രംഗങ്ങളിലെന്ന പോലെ ഒരു ഏകശിലാരൂപം കെട്ടിപ്പടുക്കുവാനുമാണ് സർക്കാർ ശ്രമിക്കുന്നതെന്നു തോന്നുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിൽ വരുത്തിയ ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുന്ന പോളിസി ഷിഫ്റ്റും നിതി ആയോഗിന്റെ കീഴിലുണ്ടാക്കിയിരിക്കുന്ന നാലുസമിതികളുടെ രൂപീകരണവുമൊക്കെ കൃത്യമായി സങ്കര ചികിത്സക്ക് അനുകൂലമായ കാലാവസ്ഥ സൃഷ്ടിച്ചെടുക്കുവാനുള്ള ബോധപൂർവവും ആസൂത്രിതവുമായ ശ്രമമാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു.

ആയുർവേദക്കാർ എങ്ങനെ അനസ്തീഷ്യ നൽകും?

ഹോമിയോ- ആയുർവേദ കോളേജുകളിൽ ഗൈനക്കോളജി, സർജറി, പോസ്റ്റുമോർട്ടം എന്നിവയിൽ പ്രായോഗിക പരിശീലനം നൽകാൻ സംവിധാനമില്ല എന്നുപറഞ്ഞുകൊണ്ടാണ് 1999-ൽ ആദ്യമായി ആയുഷ് വിദ്യാർത്ഥികൾക്ക് ആധുനിക വൈദ്യശാസ്ത്ര സ്ഥാപനങ്ങളിൽ നിരീക്ഷണത്തിന് അനുമതി നൽകിയ ഉത്തരവിറക്കിയത്.

നാലു പതിറ്റാണ്ടിനുശേഷവും ആ സ്ഥാപനങ്ങളിൽ അത്തരം സംവിധാനമില്ല എന്ന ന്യായീകരണത്തിന് എന്തു സാംഗത്യമാണുള്ളത്? ആരാണ് ഈ പരിണതിക്ക് ഉത്തരവാദി? സൗകര്യങ്ങൾ ഇല്ലാഞ്ഞിട്ടല്ല, മറിച്ച് ആധുനിക വൈദ്യശാസ്ത്ര രീതികൾ പിൻവാതിലിലൂടെ പഠിച്ചെടുക്കാനാണ് ആ ഉത്തരവ് കൊണ്ടുദ്ദേശിക്കുന്നതെന്ന് ഇത്രയും കാലത്തെ അലംഭാവം കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ഈ പ്രശ്നത്തിൽ ഇടപെട്ട് ആയുഷ് വക്താക്കൾ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങൾ അതീവ കൗതുകകരമാണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാർക്കോ, എം.ബി.ബി.എസ് പഠിക്കുന്ന വിദ്യാർത്ഥിക്കോ മാത്രമേ മോഡേൺ മെഡിസിൻ പരിശീലനം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അനുവദിച്ചിട്ടുള്ളു എന്നിരിക്കെ, ആയുഷ് സിലബസിൽ ധാരാളം ആധുനിക വൈദ്യശാസ്ത്ര ഭാഗങ്ങൾ ഉണ്ടെന്നും അതുകൊണ്ട് പരിശീലനം നൽകുന്നതിൽ തെറ്റില്ലെന്നും ദയനീയമായി വാദിക്കുകയാണവർ.

ആയുഷ് സിലബസിൽ ആധുനിക വൈദ്യശാസ്ത്ര ഭാഗങ്ങൾ ഉള്ളതുകൊണ്ടാണത്രെ അവർ നിരീക്ഷണാനുമതി തേടുന്നത്. ആരാണ് ആയുഷ് സിലബസ് തീരുമാനിക്കുന്നത്! ആയുഷ് മെഡിക്കൽ കൗൺസിൽ. അവർ പലപ്പോഴും പുച്ഛിച്ചു തള്ളുന്ന, കടുത്ത വിമർശനമുന്നയിക്കുന്ന ആധുനിക വൈദ്യശാസ്ത്ര രീതികൾ ആയുഷിന്റെ സിലബസിൽ ഉൾപ്പെടുത്തുന്നതെന്തിനാണാവോ?

ആ ഭാഗങ്ങൾ ഉൾപ്പെടുത്തുന്നതോടെ അത് ആയുഷ് സിലബസല്ല, മറിച്ച് മോഡേൻ മെഡിസിൻ സിലബസായി മാറുകയാണ് എന്നവർ മനസ്സിലാക്കാതെ പോകുന്നത് കണ്ണടച്ച് ഇരുട്ടാക്കലിന്റെ മറ്റൊരു സാക്ഷ്യപത്രം മാത്രമാണ്. അഥവാ മോഡേൺ മെഡിസിൻ പാഠ്യഭാഗങ്ങൾ ആയുഷ് സിലബസ്സിൽ ഉൾപ്പെടുത്തി പോയാൽ തന്നെ അത് എടുത്തു മാറ്റുന്നതിന് അവർക്ക് മറ്റാരുടേയും അനുമതി ആവശ്യമില്ലല്ലോ.

ആധുനിക വൈദ്യശാസ്ത്ര സിലബസിൽ ഇതുവരെ ആയുഷ് ഭാഗങ്ങൾ ഉൾപ്പെടുത്താൻ ആലോചിക്കുക പോലും ചെയ്യാത്തതെന്താണെന്നും അവർ ആലോചിക്കട്ടെ. ജ്യോതിഷികൾ അവരുടെ സിലബസിൽ സ്പേസ് ടെക്നോളജി ഉൾപ്പെടുത്തി റോക്കറ്റ് വിടാൻ അവരേയും പഠിപ്പിക്കണം എന്നുപറഞ്ഞാൽ എന്തു ചെയ്യും?

ശസ്ത്രക്രിയാ വിഭാഗത്തിൽ നൂറ്റാണ്ടുകളായി ഒരു തരത്തിലുമുള്ള ഇടപെടൽ നടത്താത്ത ആയുർവേദക്കാരെ ആരാണ് ശസ്ത്രക്രിയാ രീതികൾ പഠിപ്പിക്കുക? ശസ്ത്രകിയക്ക് കഴിച്ചുകൂടാൻ വയ്യാത്ത അനസ്തീഷ്യ നൽകാൻ എന്തു സംവിധാനമാണ് അവർക്കുള്ളത്? രോഗനിദാനത്തിൽ സൂക്ഷ്മാണുക്കളുടെ പങ്ക് അംഗീകരിക്കാത്ത വാത-പിത്ത-കഫ സിദ്ധാന്തക്കാർ സർജറിക്കുശേഷം രോഗാണുബാധ തടയാൻ മോഡേൺ മെഡിസിനിലെ ആന്റി ബയോട്ടികൾക്കു പകരം ഏത് വഴി സ്വീകരിക്കും? സ്‌കിൻ ഗ്രാഫ്റ്റിന്റെ പ്രാഥമിക ഉപാധിയായ മോഡേൺ മെഡിസിനിലെ സ്റ്റീറോയ്ഡ് തെറാപ്പി അവർ സ്വീകരിക്കുമോ? ഈ ചോദ്യകൾക്ക് ഉത്തരം പറഞ്ഞുകൊണ്ടു മാത്രമേ ഇന്ത്യയിലെ പൊതുസമൂഹത്തെ ആത്മവിശ്വാസത്തോടെ അഭിസംബോധന ചെയ്യാൻ അവർക്ക് കഴിയുകയുള്ളൂ.

സമാന്തര ചികിത്സാശാഖകൾ എങ്ങനെ ശാസ്ത്രമാകും?

എല്ലാ വൈദ്യശാസ്ത്ര ശാഖകളും സങ്കരങ്ങളാണ്, അതുകൊണ്ട് ആധുനിക വൈദ്യശാസ്ത്രം ആയുഷ് ചികിത്സകർ പഠിക്കുന്നതിൽ തെറ്റില്ല എന്ന വാദമുയർത്തുന്ന ബി. അശോകിനെ പോലുള്ളവർ സഹതാപം മാത്രമാണ് അർഹിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം ആധുനിക സയൻസിനെയാണ് നിസ്സംശയം പിൻപറ്റുന്നത്. ഫിസിക്സിലേയും കെമിസ്ട്രിയിലേയും ബയോളജിയിലേയും എഞ്ചിനീയറിങ്ങിലേയും നാനോ ടെക്‌നോളജിയിലേയും ആധുനിക ശാസ്ത്ര വിജ്ഞാനം സ്വീകരിച്ചുകൊണ്ടാണ് പ്രാചീനമായ ചികിത്സാരീതികളിൽ നിന്ന് ആധുനിക ചികിത്സാകാഴ്ചപ്പാടുകളിലേക്ക് സയൻസ് കുതിച്ചെത്തുന്നത്.

കെമിസ്ട്രിയിലേയും ഫിസിക്സിലേയുമൊക്കെ അടിസ്ഥാന നിയമങ്ങളെ പുറങ്കാൽ കൊണ്ട് തട്ടിയെറിയുന്ന സമാന്തര ചികിത്സാശാഖകൾ എങ്ങനെയാണ് ശാസ്ത്രം എന്നു വിളിക്കാൻ അർഹത നേടുന്നത്? ആധുനിക സയൻസിനെ അംഗീകരിക്കാത്തവർക്ക് എങ്ങിനെയാണ് ആധുനിക വൈദ്യശാസ്ത്രം പഥ്യമാവുന്നത്?

ചൈനയിലെ പാരമ്പര്യ ഗവേഷക കണ്ടുപിടിച്ച മരുന്നാണ് ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രം മലേറിയക്ക് ഉപയോഗിക്കുന്നതെന്ന വാദമുയർത്തി മിടുക്ക് കാണിക്കുവാൻ ശ്രമിക്കുന്നവരോട് വിനയത്തോടെ ഒരു വാക്ക്. ചൈനീസ് പാരമ്പര്യ വൈദ്യഗവേഷകയുടെ മലേറിയ മരുന്ന് മാത്രമല്ല, ‘മന്ത്രിച്ച് ഊതൽ' പോലും നിരന്തര പഠന-ഗവേഷണങ്ങളിലൂടെ ശാസ്ത്രദൃഷ്ട്യാ നിസ്സംശയം തെളിഞ്ഞാൽ അംഗീകരിക്കുന്നതിനോ ആ ജ്ഞാനം ആധുനിക വൈദ്യത്തിലേക്ക് മുതൽ കൂട്ടുന്നതിനോ ആധുനിക വൈദ്യശാസ്ത്രം ഒരിക്കലും മടിച്ചുനിൽക്കില്ല എന്ന് അവരെ ഓർമ്മിപ്പിക്കട്ടെ.

പക്ഷേ ഡബിൾ ബ്ലൈന്റ് പഠനങ്ങളിലും, കൊഹോർട്ട് പഠനങ്ങളിലും മറ്റു കുലങ്കഷമായ ആധുനിക ശാസ്ത്ര പരിശോധനകളിലും വിജയിക്കണമെന്നു മാത്രം. ഈ രീതിശാസ്ത്രമാണ് ആധുനിക വൈദ്യശാസ്ത്രം എന്നും അഭിമാനത്തോടെ പിന്തുടരുന്നതും. മരുന്നുകളുടെ പാർശ്വഫലങ്ങളും, മാർക്കറ്റ് ചെയ്തു തുടങ്ങിയിട്ടും പിൻവലിക്കപ്പെടുന്ന മരുന്നുകളും ചൂണ്ടിക്കാട്ടി ആധുനിക വൈദ്യശാസ്ത്രത്തെ പരിഹസിക്കുന്നവർ നിശ്ചയമായും മറന്നുപോവാതിരിക്കേണ്ട ഒരു കാര്യം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിതാന്ത ജാഗ്രതയും എവിടെ വെച്ചും തെറ്റു തിരുത്തുവാനുള്ള സത്യസന്ധതയുമാണ് അത്തരം നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നത് എന്നതാണ്. അല്ലാതെ പഴയ കിത്താബുകളിൽ എഴുതിവെക്കപ്പെട്ടു എന്നതു കൊണ്ടു മാത്രം കാലാതീതമായി ചോദ്യം ചെയ്യപ്പെടാതെ നിൽക്കുന്നതല്ല ശാസ്ത്രം.

വൈദ്യവിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണവും മരുന്നുകമ്പനിക്കാരുടെ അധാർമിക പ്രവർത്തനങ്ങളും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചുമലിൽ കെട്ടിവെക്കാനും ശ്രമവും നടക്കുന്നുണ്ട്. ഇത്തരം സാമൂഹിക തിന്മകളെ മൊത്തം സമൂഹമാണ്, ഡോക്ടർമാർ മാത്രമല്ല, എതിർത്തു തോൽപ്പിക്കേണ്ടത് എന്നാണവർ മറന്നുപോവുന്ന സാമൂഹികപാഠം. ഡോക്ടർമാരുടെ സംഘടനകൾ നിരന്തരം എതിർത്തു പോരുന്ന ഈ തിന്മകൾക്കെതിരെ പോരാടുവാൻ ഡോക്ടർ സമൂഹത്തോടൊപ്പം കൈകോർക്കാൻ പൊതുസമൂഹം തയ്യാറാവേണ്ടതുണ്ട്.

ലോകമെമ്പാടും ഇന്ന് ആധുനിക സമൂഹം അംഗീകരിക്കുന്ന, ശാസ്ത്രദൃഷ്ട്യാ നിസ്സംശയം തെളിയിക്കപ്പെട്ട രസതന്ത്ര നിയമങ്ങളോ ഊർജതന്ത്ര നിയമങ്ങളോ അംഗീകരിക്കാതെ ഇന്നേവരെ ഒരുതരത്തിലും തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ലാത്ത പൊട്ടന്റൈസേഷൻ - ഡൈല്യൂഷൻ തിയറിയിൽ അഭിരമിക്കുന്നവരുടെ കൂടെയോ, ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഗർഭധാരണം കഴിഞ്ഞ് മൂന്നുമാസം വരെ കുഞ്ഞിന്റെ സെക്സ്/ജെൻഡർ ‘പുംസവന ക്രിയ' കൊണ്ട് മാറ്റാനാവും എന്ന് കണ്ണടച്ച് വിശ്വസിക്കുന്നവരുടെ കൂടെയോ കൂട്ടിക്കെട്ടാൻ Evidence based medicine-ൽ മാത്രം അടിയുറച്ചു വിശ്വസിക്കുന്ന ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രത്തിനാവില്ല തന്നെ. സങ്കരവൈദ്യം സമൂഹത്തിന്റെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയായി പരിണമിക്കും എന്ന വസ്തുത നമ്മുടെ ഭരണാധികാരികൾ മനസ്സിലാക്കാതെ പോകുന്നല്ലോ എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത.

ഈ കഴിഞ്ഞ സെപ്റ്റംബറിൽ സിസേറിയൻ ശസ്ത്രകിയ നടത്തി രോഗി ദാരുണമായി മരിച്ച കേസിൽ പൂന കോടതി രണ്ട് ആയുർവേദ ഡോക്ടർമാർക്ക് culpable homicide ന് കടുത്ത ശിക്ഷ നൽകിയ കാര്യം കൂടെ നിശ്ചയമായും ഇതിനോട് ചേർത്ത് വായിക്കപ്പെടണം.

Comments