ഡൽഹിയിലെ ജി.ടി.ബി ഹോസ്പിറ്റലിന് മുന്നിൽ ചികിത്സയ്ക്ക് കാത്തുകിടക്കുന്ന കോവിഡ് രോഗികൾ / Photo : Hemant Rajaura. twitter

നീറോ ചക്രവർത്തിയുടെ വാക്‌സിൻ

സോഷ്യൽ എഞ്ചിനീയറിംഗിലെ പ്രാഗത്ഭ്യവും കൗശലവും വേണ്ടുവോളം തെളിയിച്ച കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ രംഗത്തുനിന്നുള്ള പിന്മാറ്റം ഒട്ടും നിഷ്‌കളങ്കമാണെന്ന് കരുതുവാൻ വയ്യ.

ഫിലോസഫിയുടേയും ഇക്കണോമിക്‌സിന്റേയും, ഒ.വി. വിജയന്റെ ശൈലി കടമെടുത്താൽ, ‘രസാവഹമായ കലർപ്പാ'ണ് മിഷേൽ ജെ. സെൽഡന്റെ What Money Can't Buy എന്ന പുസ്തകം. വിപണി മൂല്യങ്ങൾ ജീവിതത്തിന്റെ അവസ്ഥാന്തരങ്ങളിൽ മുഴുവൻ ഇരച്ചു കയറുന്നതിനെക്കുറിച്ചും, ജീവിതമൂല്യങ്ങളും മാർക്കറ്റ് നിയമങ്ങളും തമ്മിൽ പാലിക്കേണ്ട ധാർമിക സീമയെക്കുറിച്ചുമൊക്കെ ഗാഢമായി ചിന്തിക്കുന്നുണ്ട് ആ പുസ്തകം.

2021 ഏപ്രിൽ 19ന്, ലോകത്തിലാദ്യമായി കോവിഡ് വാക്‌സിന് വിലയീടാക്കാനുള്ള തീരുമാനവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു വന്നപ്പോൾ സെൽഡൻ പറഞ്ഞു വെച്ചതിന്റെ പ്രവചനാത്മകത ഒരു ശരാശരി ഇന്ത്യക്കാരനെ അമ്പരപ്പിച്ചുകളഞ്ഞു. ഓരോ കണിശമായ നീക്കത്തിലും, കൃത്യമായ ആസൂത്രണത്തിലൂടെ സ്വകാര്യ വിപണി പബ്ലിക് സെക്ടറിനെ എങ്ങനെ കഴുത്തു ഞെരിക്കുന്നു എന്ന് ചതുരംഗക്കളിയിലെ നീക്കങ്ങളുടെ ഡാറ്റയിലെന്നപോലെ അത്ഭുതകരമായി അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. നാലു മാസങ്ങൾക്കുശേഷം വാക്‌സിൻ പൊതുവിപണിയിൽ വരുമ്പോൾ രാജ്യം ആരോഗ്യരംഗത്തും സാമ്പത്തിക രംഗത്തും മിക്കവാറും അഭിമുഖീകരിക്കേണ്ടി വരുന്ന വൻ ഉരുൾപൊട്ടലുകളെക്കുറിച്ച് ഒരു ഉറച്ച ധാരണ നൽകാൻ ആ പുസ്തകം നിങ്ങളെ നിശ്ചയമായും സഹായിച്ചേക്കും.

മെയ് ഒന്നു മുതൽ കോവിഡ് വാക്‌സിൻ നൽകും എന്ന് സർക്കാർ പ്രഖ്യാപിച്ച, പതിനെട്ടിനും നാൽപത്തിയഞ്ചിനും ഇടക്ക് പ്രായമുള്ളവർക്ക് വാക്‌സിൻ ലഭിക്കാൻ നിശ്ചയമായും കാശു മുടക്കേണ്ടിവരും

ഒടുവിൽ വാക്​സിന്​ വിലയും പ്രഖ്യാപിച്ചു

ലോകത്തിലാദ്യമായി പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് ചിന്തിക്കുകയും അത് പ്രായോഗികമായി നടപ്പിൽ വരുത്തുവാൻ വിജയകരമായി തുനിയുകയും ചെയ്ത നാടുകളിലൊന്നാണ് ഇന്ത്യ. പതിനാലാം നൂറ്റാണ്ടിൽ വസൂരി പടർന്നു പിടിച്ച അന്തരാളത്തിൽ, പ്രാചീന ചികിത്സാ ശാഖയായ ആയുർവേദത്തിലെ രോഗപ്രതിരോധ വിജ്ഞാന സംഘാതങ്ങൾ ചൂണ്ടിക്കാട്ടിയ മാർഗങ്ങൾ പ്രായോഗികമായി പിന്തുടർന്ന ബംഗാളിലെ ഭദ്ര ലോക്, ഗ്രാമീണ ജനതയെ മുഴുവൻ പ്രതിരോധത്തിന് സന്നദ്ധരാക്കുവാൻ അസംസ്‌കൃതമായ വാക്‌സിനേഷൻ നടത്തിയതായി താളിയോല ഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്. ലോകത്തിന് സമസ്തവും സൗഖ്യം ആശംസിച്ച ആ മഹത്തായ പാരമ്പര്യത്തിന്റെ പിന്മുറക്കാർക്ക്, ആരോഗ്യ രംഗം ഏറ്റവും മലീമസമായി സ്വകാര്യവൽക്കരിക്കപ്പെട്ട അമേരിക്ക പോലും ചെയ്യാൻ മടിച്ച കാര്യം നടപ്പിൽ വരുത്താൻ ഒരു ഖേദവും ഉണ്ടായില്ല.

ഇന്ത്യൻ വാക്‌സിൻ നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും നിർമിക്കുന്ന അൻപത് ശതമാനം വാക്‌സിൻ, യഥാക്രമം 150 / 206 രൂപക്ക് കേന്ദ്ര സർക്കാരിനും ബാക്കി അൻപതു ശതമാനം 400 / 600 രൂപക്ക് സംസ്ഥാന സർക്കാരുകൾക്കും 600 / 1200 രൂപക്ക് സ്വകാര്യ ആശുപതി / പൊതു മാർക്കറ്റിലും ലഭ്യമാക്കുവാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. (ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി ഏപ്രിൽ 25 ന് കോവാക്‌സിന്റെ വിപണി വില പ്രഖ്യാപിച്ചിരിക്കുന്നു).

ഈ വിവാദ തീരുമാനം പൊതുമണ്ഡലത്തിലും സാമൂഹിക- ആരോഗ്യ രംഗത്തും കടുത്ത വിമർശനത്തിന് വിധേയമായിക്കഴിഞ്ഞു. മെയ് ഒന്നു മുതൽ കോവിഡ് വാക്‌സിൻ നൽകും എന്ന് സർക്കാർ പ്രഖ്യാപിച്ച, പതിനെട്ടിനും നാൽപത്തിയഞ്ചിനും ഇടക്ക് പ്രായമുള്ളവർക്ക് വാക്‌സിൻ ലഭിക്കാൻ നിശ്ചയമായും കാശു മുടക്കേണ്ടിവരും. ഇന്ത്യയിലെ ജനസംഖ്യയിൽ 60 കോടിയോളം വരുന്ന സൃഷ്ട്യുന്മുഖരായ യുവ തലമുറയാണ് ഇത്തരത്തിലൊരു കടുത്ത വെല്ലുവിളി നിർഭാഗ്യവശാൽ അഭിമുഖീകരിക്കേണ്ടി വരുന്നത്. കാശുള്ളവർ വാങ്ങട്ടെ എന്ന ഷൈലോക്കിയൻ വിപണി നിയമം ഏറ്റവും ഭീകരമായി ബാധിക്കുക ഈ വിഭാഗത്തിലെ, ദിവസം 140 രൂപ പോലും വരുമാനമില്ലാത്ത, ദാരിദ്ര്യരേഖക്ക് എത്രയോ താഴെ കിടക്കുന്ന 36 കോടിയിലേറെ വരുന്ന ജനങ്ങളെയാണ്. പൗരന്റെ ജീവനും ആരോഗ്യവും ഭരണഘടനാപരമായ അവകാശമാണെന്ന് ഭീമ റാവു അംബേദ്കർ എഴുതി വെച്ച ഒരു പഴയ ഗ്രന്ഥത്തിൽ പറയുന്നത്, ആ ഗ്രന്ഥത്തിന്റെ ഉജ്വലമായ സാമൂഹിക മൂല്യം അറിയാത്തതു കൊണ്ടാവാം, ആരാണ് ഇവരെ ഒന്ന് ഓർമിപ്പിക്കുക?

36 കോടിയിലേറെ വരുന്ന ദരിദ്രനാരായണന്മാരായ ഇന്ത്യക്കാരാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക്​ കൊള്ളലാഭം നൽകാനായി തെരഞ്ഞെടുക്കപ്പട്ട ഹതഭാഗ്യർ

സീറം ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടത്​ സൂപ്പർ പ്രോഫിറ്റ്​

സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടേയും ഭാരത് ബയോടെക്കിന്റേയും സാമ്പത്തിക പരാധീനതകൾ എണ്ണിപ്പറഞ്ഞ് കണ്ണോക്ക് പാടുന്ന തരളമനസ്‌കർ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ അഡാർ പൂനാവാല ഏപ്രിൽ ആറിന് ഒരു സ്വകാര്യ ടി.വി. ചാനലിന് നൽകിയ അഭിമുഖം നിശ്ചയമായും വായിക്കേണ്ടതുണ്ട്. വാക്‌സിന് 150 രൂപ ചുമത്തുമ്പോൾ പോലും ലാഭമുണ്ടെന്നും പക്ഷേ സൂപ്പർ പ്രോഫിറ്റിനാണ് (Super Profit ) ലക്ഷ്യമിടുന്നതെന്നും കൃത്യമായ വാക്കുകളിൽ അദ്ദേഹം പറഞ്ഞു വെച്ചു. നേരത്തെ ചൂണ്ടിക്കാട്ടിയ 36 കോടിയിലേറെ വരുന്ന ദരിദ്രനാരായണന്മാരായ ഇന്ത്യക്കാരാണ് അദ്ദേഹത്തിന് കൊള്ളലാഭം നൽകാനായി തെരഞ്ഞെടുക്കപ്പട്ട ഹതഭാഗ്യർ എന്നു മാത്രം. സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 3000 കോടിയും, ഭാരത് ബയോടെക്കിന് 1500 കോടിയും കേന്ദ്ര സർക്കാർ വാക്‌സിൻ നിർമാണത്തിന് നൽകിയപ്പോഴാ, കോവിഡ് സുരക്ഷാമിഷനിൽ നിന്ന് രണ്ട് വാക്‌സിൻ നിർമാതാക്കൾക്കും 900 കോടി വീതം ലഭിച്ചപ്പോഴോ എങ്കിലും അവശന്മാരും ആർത്തന്മാരുമായ ആ പാവപ്പെട്ടവരെ പൂനാവാലക്ക് ഓർക്കാമായിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി.ഇ.ഒ അഡാർ പൂനാവാല

കോവിഡിന്റെ രണ്ടാം വരവ് ഒന്നാം തരംഗത്തെ അപേക്ഷിച്ച് ചെറുപ്പക്കാരെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത് എന്ന് ക്യത്യമായി വെളിവാക്കപ്പെട്ട സാഹചര്യത്തിൽ അത്തരമൊരു തിരിഞ്ഞുനോട്ടം നിശ്ചയമായും ഒഴിവാക്കപ്പെടേണ്ടതായിരുന്നില്ല താനും.

പണമില്ലാത്ത സംസ്​ഥാനങ്ങൾ എന്തുചെയ്യും?

ഒരു ഫെഡറൽ സംവിധാനത്തിൽ കേന്ദ്രഭരണകൂടം സംസ്ഥാനങ്ങൾ തമ്മിൽ അസ്വാരസ്യമോ അഭിപ്രായ വ്യത്യാസങ്ങളോ ഇല്ലാതാക്കാൻ ജാഗ്രത പുലർത്തുന്നത് ദേശസുരക്ഷയും, ഐക്യവും മുൻ നിർത്തിയാണ്. അനൈക്യവും, തർക്കങ്ങളും ഫെഡറൽ സംവിധാനത്തിന്റെ കെട്ടുറപ്പിന് കടുത്ത ഭീഷണി സൃഷ്ടിക്കും എന്നത് പൊളിറ്റിക്കൽ സയൻസിന്റെ പ്രാഥമിക ധാരണകളിലൊന്നാണ്. പൊതുവിപണിയിലെ വാക്‌സിനു വേണ്ടി സംസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ ആദ്യത്തെ കാഷ്വാലിറ്റി, കൊണ്ടാടപ്പെടുന്ന ആ ഏകതാ ബോധമായിരിക്കും എന്ന വസ്തുത അധികാര രാഷ്ട്രീയത്തിലെ ബുദ്ധിരാക്ഷസർ മറന്നുപോകാതിരിക്കാൻ ഓരോ ഇന്ത്യക്കാരനും മുട്ടിപ്പായി പ്രാർത്ഥിക്കേണ്ടതുണ്ട്. ഓപ്പൺ മാർക്കറ്റിലെ ഏതു കമ്മോഡിറ്റിയുമെന്ന പോലെ കൂടുതൽ വില നൽകുന്നവനാണ് നിശ്ചയമായും വാക്‌സിൻ ലഭിക്കുക. കൂടുതൽ കാശ് വാരിയെറിയുവാൻ കഴിയുന്ന സംസ്ഥാനങ്ങൾ ലക്ഷക്കണക്കിന് വാക്‌സിൻ വാങ്ങിക്കൂട്ടുമ്പോൾ താരതമ്യേന സാമ്പത്തിക സുരക്ഷയില്ലാത്ത സംസ്ഥാനങ്ങൾ നോക്കുകുത്തിയായി നിൽക്കേണ്ടിവന്നേക്കും. സംസ്ഥാനങ്ങൾ തമ്മിൽ കലഹത്തിനും അനാരോഗ്യകരമായ മത്സരത്തിനും ഈ സാഹചര്യം വഴി തുറക്കുമെന്നുറപ്പ്. ഇത്തരം അവസ്ഥകളിലാണ് വിപണി സംസ്‌കാരത്തിലെ ഏറ്റവും ഗർഹണീയമായ മറ്റൊരു ജീവി പ്രത്യക്ഷപ്പെടുക: ഇടനിലക്കാർ. ഉപഭോക്താക്കൾ തമ്മിലുള്ള കടുത്ത മാത്സ്യര്യവും, രഹസ്യ സ്വാർത്ഥ നീക്കങ്ങളും കാംക്ഷിക്കുന്ന ഇവരുടെ വിപണി നിയന്ത്രണത്തിന്റെ രണ്ടു പ്രധാന ആയുധങ്ങളാണ് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും.

വിപണിയിൽ മത്സരം മുറുകുമ്പോൾ വാക്‌സിന്റെ കാര്യത്തിലും നാട്ടിൻപുറത്തെ കൊച്ചുകച്ചവടക്കാർക്കു പോലുമറിയാവുന്ന ചന്തനിയമമാണ് നടപ്പിലാവുക. പൂഴ്​ത്തിവെപ്പിന്റേയും കഴുത്തറപ്പൻ മത്സരത്തിന്റേയും കരിഞ്ചന്തയുടേയും പൂരപ്പറമ്പായി വാക്‌സിൻ രംഗം രൂപാന്തരം കൊള്ളും.

കോവിഡ് ചികിത്സക്ക് പലരും ഉപയോഗിക്കുന്ന റെംഡെസിവിർ (അതിന്റെ രോഗശമന കഴിവുകളെ ക്കുറിച്ചുള്ള കടുത്ത ആശങ്കകൾ ലോകാരോഗ്യ സംഘടനയും റീമാപ് - റീ കൺസ്ട്രക്റ്റ് - സോളിഡാരിറ്റി ട്രയൽ ടീമുകളും പങ്കുവെച്ചിട്ടുണ്ട്) മാർക്കറ്റിൽ ധാരാളമുണ്ടെന്ന് അധികാരികൾ പറയുമ്പോഴും, ഒട്ടും ലഭ്യമല്ലാത്ത അനുഭവം നമ്മുടെ തൊട്ടു മുന്നിലുണ്ട്. വിപണിയിൽ മത്സരം മുറുകുമ്പോൾ വാക്‌സിന്റെ കാര്യത്തിലും നാട്ടിൻപുറത്തെ കൊച്ചുകച്ചവടക്കാർക്കു പോലുമറിയാവുന്ന ചന്തനിയമമാണ് നടപ്പിലാവുക. പൂഴ്​ത്തിവെപ്പിന്റേയും കഴുത്തറപ്പൻ മത്സരത്തിന്റേയും കരിഞ്ചന്തയുടേയും പൂരപ്പറമ്പായി വാക്‌സിൻ രംഗം രൂപാന്തരം കൊള്ളും.

കോവിഡിന്റെ തുടക്കക്കാലത്ത് ഡൊണാൾഡ് ട്രംപ് വെന്റിലേറ്ററുകൾ വാങ്ങുന്നത് പ്രവിശ്യകളുടെ ചുമതലയാക്കി ഉത്തരവിറക്കിയപ്പോൾ യു.എസിൽ സംജാതമായ അരാജകാവസ്ഥയുടെ ഒരു നേർചിത്രം- ലേലത്തിലെന്നപോലെ വെന്റിലേറ്ററുകളുടെ വില കുതിച്ചുയരുകയും സമ്പന്ന പ്രവിശ്യകൾ മറ്റുള്ളവരേക്കാൾ വില നൽകി അവ വാങ്ങുകയും, അത്യാവശ്യക്കാർക്ക് ലഭിക്കാതെ വരികയും ചെയ്തു- നമ്മുടെ മുന്നിലുണ്ടായിട്ടും കേന്ദ്രം വിപണി മാത്സര്യത്തിന് സംസ്ഥാനങ്ങളെ നിയോഗിക്കുന്നത് തികച്ചും നിർഭാഗ്യകരമാണെന്ന് പറയാതെ വയ്യ.

മൂന്നുമാസം കഴിഞ്ഞിട്ടും വാക്​സിൻ ലഭിച്ചത്​ എട്ടു ശതമാനം പേർക്കുമാത്രം

2021- 22 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ കോവിഡ് വാക്‌സിനു വേണ്ടി മാത്രം വാഗ്ദാനം ചെയ്ത 35,000 കോടി രൂപയുടെ കാര്യവും ജനകീയാരോഗ്യ പ്രവർത്തകർ ഓർമിപ്പിക്കുന്നുണ്ട്. വാക്‌സിനു വേണ്ടി ഇനിയും ചെലവഴിക്കാനുള്ള സന്നദ്ധത ഫിനാൻസ് എക്‌സ്‌പെൻഡിച്ചർ സെക്രട്ടറി ടി.വി. സോമനാഥൻ പ്രഖ്യാപിച്ചതും ഇപ്പോൾ ആരും ഓർക്കുന്നുണ്ടെന്നു തോന്നുന്നില്ല. സാമൂഹിക ഓർമകളുടെ ആയുസ്സ് തുച്ഛമാണെന്ന് തെറ്റിദ്ധരിച്ച ഒരാൾ ചരിത്ര പുസ്തകങ്ങളിൽ മുറി മീശയുമായി നിൽപ്പുണ്ട് എന്ന കാര്യം നാം ഒട്ടും മറന്നു കൂടാത്തതാണ് .

നിർമല സീതാരാമൻ

ഇന്ത്യയുടെ ജനസംഖ്യയെ മുൻനിർത്തി കോവിഡ് വാക്‌സിനേഷൻ പശ്ചാത്തലത്തിൽ നടത്തപ്പെട്ട ചില പരാമർശങ്ങൾ കൗതുകകരമാണ്. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും മൊത്തം ജനസംഖ്യയേക്കാൾ കൂടുതലാണ് ഇന്ത്യയിലെ ജനസംഖ്യയെന്നും ഇസ്രായേലും ബ്രിട്ടനും ജർമനിയും അമേരിക്കയുമൊക്കെ വാക്‌സിൻ നൽകുന്ന കാര്യത്തിൽ ഇന്ത്യയെക്കാൾ എത്രയോ മുന്നിൽ പോവുന്നത് കാര്യമാക്കേണ്ടതില്ലെന്നും വാദിക്കുന്നവർ ഇന്ത്യയേക്കാൾ ജനസംഖ്യാനിരക്കിൽ മുന്നിലുള്ള ഏക രാഷ്ടത്തെ പരിഗണിക്കുന്നതേയില്ല. ഇന്ത്യയേക്കാൾ കുറഞ്ഞത് പത്തു കോടിയിലേറെ ജനസംഖ്യയുള്ള ചൈനയിൽ 15% ലേറെ പേർക്ക് വാക്‌സിൻ നൽകിയിട്ടും ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമാണ സംവിധാനവും രണ്ടു ലോകോത്തര വാക്‌സിൻ നിർമാണ കേന്ദ്രങ്ങളുമുള്ള ഇന്ത്യയിൽ മൂന്നുമാസം കഴിഞ്ഞിട്ടും എട്ടു ശതമാനം പേർക്ക് മാത്രമേ വാക്‌സിൻ നൽകാൻ കഴിഞ്ഞുള്ളൂ എന്ന വസ്തുത നമുക്ക് ഒട്ടും അഭിമാനകരമല്ല.

കോവിഡിന്റെ രണ്ടാം വരവിലെ കടുത്ത വ്യാപനശേഷിയുള്ള മ്യൂട്ടന്റ് വൈറസുമായുള്ള നമ്മുടെ പോരാട്ടം വിജയിക്കണമെങ്കിൽ എത്രയും പെട്ടെന്ന് ഹേർഡ് ഇമ്യൂണിറ്റി ത്രെഷ്‌ഹോൾഡ് ആയ 60% ജനങ്ങൾക്കെങ്കിലും വളരെ വേഗം വാക്‌സിൻ നൽകിയേ മതിയാവൂ. ഈ നിരക്കിൽ പോവുകയാണെങ്കിൽ 60% പേർക്ക് വാക്‌സിൻ നൽകാൻ കുറഞ്ഞത് രണ്ടു വർഷമെങ്കിലും വേണ്ടിവരും എന്ന വസ്തുത വാക്‌സിനേഷന്റെ സാംഗത്യം തന്നെ നഷ്ടപ്പെടുത്തിയേക്കും. അലംഭാവത്തിന് ലഭിക്കുന്ന ശിക്ഷ നിശ്ചയമായും ഭീകരമായിരിക്കുമെന്ന് ജനകീയാരോഗ്യ പ്രവർത്തകർ ഭയക്കുന്നു.

വാക്​സിൻ വില അവിടെ നിൽക്കില്ല

കോവിഡ് വാക്‌സിനുകൾ ഇന്ത്യയിൽ കമ്പനികൾ പ്രഖ്യാപിച്ച വിലയ്ക്ക് ജനങ്ങൾക്ക് മിക്കവാറും ലഭിക്കാനിടയില്ല. മാർക്കറ്റിൽ യഥാക്രമം 600 / 1200 രൂപക്ക് ലഭിക്കുന്ന (കോവിഷീൽഡ് / കോവാക്‌സിൻ ) വാക്‌സിനുകൾക്ക് ടാക്‌സും, ആശുപത്രികൾ ചുമത്തുന്ന സർവീസ് ചാർജും നൽകേണ്ടിവന്നേക്കും. മാത്രമല്ല, മിക്കവാറും മഹാരാഷ്ട്രയിൽ നിർമിക്കുന്ന വാക്‌സിൻ വിദൂര സംസ്ഥാനങ്ങളിലേക്ക് ട്രാൻസ്‌പോർട്ട് ചെയ്യപ്പെടുമ്പോഴുണ്ടാവുന്ന ചെലവും ഉപഭോക്താവ് വഹിക്കേണ്ടിവരുമോ എന്നും വ്യക്തമല്ല. കേരളവും, അസമും മദ്ധ്യപ്രദേശും, യു.പിയും തെലുങ്കാനയുമടക്കമുള്ള വളരെ കുറച്ച് സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകും എന്ന് പ്രഖ്യാപിച്ചത് ശുഭോദർക്കമാണ്. നിങ്ങളുടെ സംസ്ഥാനം, നിർമാണ കേന്ദ്രത്തിൽ നിന്നുള്ള ദൂരം, പ്രായം, നിങ്ങൾ തെരഞ്ഞെടുക്കുന്ന വാക്‌സിൻ എന്നീ ഘടകങ്ങൾ ആശ്രയിച്ചായിരിക്കും മെയ് ഒന്നിനു ശേഷം വാക്‌സിന് നിങ്ങൾ നൽകേണ്ടി വരുന്ന വില തീരുമാനിക്കപ്പെടുക. സമാനമായ മറ്റു പോപ്പുലിസ്റ്റ് മുദ്രാവാക്യങ്ങൾ പോലെ ഒരു രാജ്യം, ഒരു വാക്‌സിൻ വില എന്ന സൗഭാഗ്യം മിക്കവാറും ഇന്ത്യൻ പൗരനെ തേടി വരാനിടയില്ല തന്നെ.

കൂടുതൽ നിർമാണ യൂണിറ്റുകൾ തുറന്നും, കംപൾസറി ലൈസൻസിംഗ് ഉപയോഗിച്ചും മരുന്നു കമ്പനിയുടെ ഏകച്ഛത്രാധിപത്യം തകർത്താൽ മാത്രമേ ഇന്ത്യൻ വാക്‌സിനുകൾക്ക് ഭാവിയിൽ വില കുറയാൻ സാദ്ധ്യതയുള്ളൂ

അവശേഷിക്കുന്ന വഴികൾ

ഈ രാവണൻ കോട്ടയിൽ നിന്ന് പുറത്തേക്കുള്ള വഴികൾ താരതമ്യേന അപൂർവമാണ് എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. പക്ഷേ അവസാനത്തെ പിടിവള്ളി പോലെ ഇനിയും അവശേഷിക്കുന്നുണ്ട് ചില വഴികളെങ്കിലും. ഇന്ത്യയിൽ വാക്‌സിൻ നിർമാണത്തിന് സുസജ്ജമായ 20 നിർമാണകേന്ദ്രങ്ങളെങ്കിലുമുണ്ട്. അവയെ വളരെ എളുപ്പം പ്രവർത്തന നിരതമാക്കുന്നത് ഒട്ടും ബുദ്ധിമുട്ടേറിയ കാര്യവുമല്ല. യുദ്ധകാലാടിസ്ഥാനത്തിൽ അവയെ സജ്ജമാകാൻ കേന്ദ്ര സർക്കാർ ഉടൻ നടപടികളാരംഭിക്കുകയാണ് പ്രതീക്ഷയർപ്പിക്കാവുന്ന ഒരു മാർഗം. ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ 84, 92,100, 102 വകുപ്പുകൾ ഉപയോഗിച്ച് മറ്റുള്ള കമ്പനികൾക്ക് ലൈസൻസ് നൽകി (Compulsory licensing) വാക്‌സിൻ നിർമാണത്തിന് അനുമതി നൽകുകയാണ് മറ്റൊരു വഴി. ഫാർമ ഭീമൻ ബേയേഴ്‌സ് 2008-ൽ പേറ്റൻറ്​ നേടിയ അർബുദ വിരുദ്ധ മരുന്നായ Nexavar ന് (Sorafenib tosylate) രണ്ടേ മുക്കാൽ ലക്ഷം രൂപയായിരുന്നു മാർക്കറ്റിലെ വില. 2012-ൽ ഇന്ത്യൻ Patent Act -ലെ 84 (1) എന്ന വകുപ്പുപയോഗിച്ച് Natco Pharma കംപൾസറി ലൈസൻസിംഗ് നേടുകയും മരുന്നിന്റെ വില വെറും 8000 രൂപയാക്കി കുറക്കുകയും ചെയ്തതാണ് ഇന്ത്യൻ പേറ്റന്റ്​ രംഗത്തെ തിളങ്ങുന്ന ഓർമ. കൂടുതൽ നിർമാണ യൂണിറ്റുകൾ തുറന്നും, കംപൾസറി ലൈസൻസിംഗ് ഉപയോഗിച്ചും മരുന്നു കമ്പനിയുടെ ഏകച്ഛത്രാധിപത്യം തകർത്താൽ മാത്രമേ ഇന്ത്യൻ വാക്‌സിനുകൾക്ക് ഭാവിയിൽ വില കുറയാൻ സാധ്യതയുള്ളൂ. ജി.എസ്.ടി കൗൺസിൽ മാതൃകയിൽ ഒരു ദേശീയ വാക്‌സിനേഷൻ കൗൺസിൽ രൂപീകരിക്കുന്നതുവഴി വാക്‌സിന്റെ അപഥ സഞ്ചാരങ്ങൾ നിരീക്ഷിക്കുവാനും തിരുത്തുവാനുമുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

ഡൽഹിയിലെ ആശുപത്രിക്ക് മുന്നിൽ ചികിത്സയ്ക്കായി കാത്തുനിൽക്കുന്ന കോവിഡ് രോഗി

സോഷ്യൽ എഞ്ചിനീയറിംഗിലെ പ്രാഗത്ഭ്യവും കൗശലവും വേണ്ടുവോളം തെളിയിച്ച കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ രംഗത്തുനിന്നുള്ള പിന്മാറ്റം ഒട്ടും നിഷ്‌കളങ്കമാണെന്ന് കരുതുവാൻ വയ്യ. 1978-ൽ Expanded program of Immunisation നടപ്പാക്കിയതു മുതൽ വാക്‌സിനുകളെല്ലാം സൗജന്യമായാണ് ഇന്ത്യയിൽ നൽകിവന്നത്. പൾസ് പോളിയോ ഇമ്യൂണൈസേഷൻ പോലുള്ള മഹത്തായ സൗജന്യ വാക്‌സിനേഷൻ പദ്ധതികൾ 1995- മുതൽ വർഷംതോറും വിജയകരമായി നടപ്പിൽ വരുത്തിയാണ് നാം ഏറ്റവും വലിയ വെല്ലുവിളിയായിരുന്ന പോളിയോ രോഗത്തെ ഇന്ത്യയിൽ നിന്ന് തൂത്തെറിഞ്ഞത്. ആ മഹത്തായ പാരമ്പര്യം മറന്ന് മഹാമാരിയുടെ രണ്ടാം വരവ് ഒന്നാം തരംഗത്തേക്കാൾ ഭീതിദമാവുമ്പോൾ വാക്‌സിൻ ദൗർലഭ്യം ഇനിയൊരിക്കലും കേന്ദ്ര സർക്കാരിന്റെ ചുമലിൽ വരാത്തവണ്ണം ഫെഡറൽ നിയമങ്ങൾ വകഞ്ഞുമാറ്റി മുഴുവൻ ഉത്തരവാദിത്തവും സംസ്ഥാനങ്ങളുടെ തലയിൽ അടിച്ചേൽപിച്ച് കേന്ദ്ര സർക്കാർ വിജുഗീഷുവായി നിൽക്കുകയാണെന്നാണ് ലോകമെമ്പാടുമുള്ള ജനകീയാരോഗ്യ പ്രവർത്തകർ കരുതുന്നത്. ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വാക്‌സിനുകൾ സൗജന്യമായി നൽകണമെന്ന കർശന നിലപാടെടുത്തതും സാമൂഹികാരോഗ്യ രംഗത്ത് പരക്കെ ശ്ലാഘിക്കപ്പെട്ടിട്ടുണ്ട്.Politics is nothing but health written in large letters എന്ന് നൂറ്റാണ്ടുകൾക്കു മുമ്പ് പ്രവചനാത്മകമായി സംസാരിച്ച ആചാര്യന്റെ മുന്നിൽ കൂപ്പുകൈകളുമായി ആരോഗ്യ പ്രവർത്തകർ നിൽക്കുന്ന ഗാഢമായ മുഹൂർത്തം കൂടിയാണിത്. ▮


ഡോ. എം. മുരളീധരൻ

എഴുത്തുകാരൻ, ചെയർമാൻ- പൊതുജനാരോഗ്യ ബോധവത്കരണ സമിതി, ഐ.എം.എ കേരള.

Comments