ഷിഗെല്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം

കോഴിക്കോട് ജില്ലയിൽ ദിവസങ്ങൾക്കു മുമ്പാണ് ഷിഗെല്ലോസിസ് ഔട്ട്‌ബ്രേക്ക് റിപ്പോർട്ടു ചെയ്തത്. പതിനൊന്ന് വയസുകാരനിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കുട്ടി മരണപ്പെട്ടിരുന്നു. ഇതോടെ ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകളും ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിരുന്നു. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുകയാണ് ലേഖിക.

കോഴിക്കോട് മെഡിക്കൽ കോളേജിൽ പതിനൊന്ന് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ എത്തിയതോടെയാണ്, കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ഉണ്ടായ ഷിഗെല്ലോസിസ് ഔട്ബ്രേക്ക് കണ്ടെത്താൻ കഴിഞ്ഞത്. സാധ്യമായ വിദഗ്ധ ചികിത്സയെല്ലാം നൽകിയിട്ടും, രോഗം ഏതെന്ന് കൃത്യമായി നിർണ്ണയിക്കാനുള്ള സമയം പോലുമില്ലാതെ, ആ കുട്ടി മരണപ്പെട്ടു. ഏതാനും ദിവസങ്ങൾക്കകം അതേ കുടുംബത്തിലെ ഏതാനും കുട്ടികൾക്ക് കൂടി വയറിളക്ക ലക്ഷണങ്ങളോടെ ചികിത്സ തേടിയപ്പോൾ, മല പരിശോധനയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. തുടർന്നുള്ള ദിവസങ്ങളിൽ ഇവരുമായി ബന്ധപ്പെട്ട അനേകം പേർക്ക് സമാനമായ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. യഥാസമയം ചികിത്സ നൽകാൻ ആയതുകൊണ്ട് തന്നെ, മറ്റു മരണങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് ചെറിയ കാലയളവിൽ തന്നെ ആ കുടുംബവുമായി ബന്ധപ്പെട്ട ഇരുപത്തിയഞ്ചോളം പേർക്ക് സമാന ലക്ഷണങ്ങൾ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയത്.

ഏതൊരു വയറിളക്കരോഗം പോലെയും, ഷിഗെല്ലയെയും ഭീകരമാക്കുന്നത്, നിർജ്ജലീകരണം മൂലമുള്ള ഗുരുതരാവസ്ഥയും മരണവുമാണ്. യഥാസമയമുള്ള ചികിത്സ കൊണ്ട് തടയാനാവുന്ന ഒന്നാണിത്. വളരെ അപൂർവ്വമായി, ഷിഗെല്ല കൊണ്ട് മസ്തിഷ്കജ്വരം പോലെയുള്ള ഗുരുതരാവസ്ഥയും കാണാറുണ്ട്.

ഷിഗല്ല പുതിയൊരു പകർച്ചവ്യാധിയോ?

ഒരു പക്ഷെ മനുഷ്യന്റെ പരിണാമത്തിന്റെ ആദ്യ കാലഘട്ടം മുതലെയുള്ള, മനുഷ്യരിൽ മാത്രം കാണുന്ന ഒരു രോഗാണുവാണ് ഷിഗെല്ല ബാക്ടീരിയ.
പലപ്പോഴും തിരിച്ചറിയപ്പെടാതെ, നമ്മുടെ സമൂഹത്തിൽ കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ് ഷിഗെല്ല. എന്നാൽ കോളറ വൈറസിനെ പോലെ പരിതസ്ഥിതിയിൽ, ദീർഘകാലം ജീവിക്കാൻ സാധിക്കുന്ന ഒന്നല്ല ഷിഗല്ല ബാക്ടീരിയ. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് തന്നെയാണ് ഇത് പകരുന്നത്. രോഗബാധിതനായ വ്യക്തികളിൽ നിന്നും, മലിനമാക്കപ്പെട്ട ചില ഭക്ഷണവസ്തുക്കളിൽ, (പാൽ, മുട്ട, ചില മത്സ്യമാംസാദികളിൽ), പ്രത്യേകിച്ചും ശീതീകരിച്ചു സൂക്ഷിച്ചാൽ, ഷിഗെല്ല ബാക്ടീരിയ ദീർഘസമയത്തേക്ക് അതിൽ ജീവിച്ചേക്കാം.

ഷിഗല്ലെ രോഗിയുടെ വിസർജ്യത്തിന്റെ മൈക്രോസ്‌കോപ്പിക് ദൃശ്യം/ Photo:Wikimedia Commons
ഷിഗല്ലെ രോഗിയുടെ വിസർജ്യത്തിന്റെ മൈക്രോസ്‌കോപ്പിക് ദൃശ്യം/ Photo:Wikimedia Commons

മനുഷ്യരിലൂടെ പകർന്നു കൊണ്ടിരിക്കുന്ന ഒരു രോഗമായിട്ടും, നമ്മൾ ഇതിനെ ക്കുറിച്ച് എപ്പോഴും കേൾക്കാത്തത് എന്തുകൊണ്ടായിരിക്കാം? നല്ലൊരു വിഭാഗം, ആളുകളിലും ചെറിയ ലക്ഷണങ്ങളോടുകൂടി, ഈ രോഗം വന്ന് മാറുകയും അവരിൽ ചിലർ ഏതാനും ആഴ്ചകൾ കൂടി, രോഗവാഹകരായി തുടരുകയും ചെയ്യാറുണ്ട്. യാതൊരു ലക്ഷണങ്ങളും ഇല്ലാതെ, ദീർഘകാലം ഷിഗെല്ല രോഗവാഹകരാവുന്ന വ്യക്തികളും ഉണ്ടാവാം. ഇവരിലൂടെയാണ് ബാക്ടീരിയ മനുഷ്യസമൂഹത്തിൽ നിലനിൽക്കുന്നത്. കുട്ടികളിലാണ്, ഷിഗല്ല ഗുരുതരാവസ്ഥയും മരണവും ഉണ്ടാക്കാനുള്ള സാധ്യത കൂടുതൽ.

കുട്ടികളിൽ ഈ രോഗം എത്തുമ്പോൾ അപൂർവ്വമായി ഗുരുതരാവസ്ഥയിലാവുകയും, അവർ ആശുപത്രിയിൽ എത്തുമ്പോഴോ, മരണപ്പെടുമ്പോഴോ ആണ് പലപ്പോഴും ഷിഗെല്ല ആണെന്ന് തിരിച്ചറിയപ്പെടുന്നത്. ഇതിനു പുറമേ, പൊതുചടങ്ങുകളിലോ, വിരുന്നുകളിലോ വിളമ്പുന്ന വെള്ളത്തിലോ ഭക്ഷണത്തിലോ, രോഗബാധിതരിൽ നിന്നും മലിനമാക്കപ്പെട്ടാൽ, ഒന്നിലേറെ വ്യക്തികളിൽ രോഗം വരാം. ഒരു ഔട്‌ബ്രേക്ക് എന്ന രീതിയിൽ അന്വേഷിക്കുമ്പോൾ മാത്രമായിരിക്കാം, ഷിഗെല്ലയുടെ സാന്നിധ്യം തിരിച്ചറിയപ്പെടുന്നത്. കേരളത്തിലെ പല ജില്ലകളിലും, ഇതിനുമുൻപും ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.വയറിളക്കം മൂലമുള്ള കുഞ്ഞുങ്ങളുടെ മരണം അനുബന്ധിച്ചാണ് പലതും തിരിച്ചറിയപ്പെട്ടിട്ടുള്ളത്. കേരളത്തിലെ പല ജില്ലകളിലും മുൻപും ഇത്തരത്തിൽ ഷിഗല്ല ഔട്‌ബ്രേക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സാധാരണ വയറിളക്ക രോഗത്തിൽ നിന്നും ഷിഗെല്ല വ്യത്യസ്തമാക്കുന്നത്, ഷിഗല്ല ബാക്ടീരിയ കുടലിന്റെ സ്തരങ്ങളെ ബാധിച്ച്, ഷിഗെല്ല ടോക്സിൻ എന്ന വിഷവസ്തു ഉണ്ടാക്കുന്നു എന്നത് കൊണ്ടാണ്. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച്, സാധാരണ ഒന്നു മുതൽ മൂന്ന് ദിവസങ്ങളിൽ തന്നെ ലക്ഷണങ്ങൾ പ്രകടമാവാറുണ്ട്. രക്തവും, കഫവും(മ്യുക്ക്സ്) കലർന്ന മലമാണ് ഷിഗെല്ല ഡിസെന്ററിയിൽ സാധാരണയായി കാണാറുള്ളത്. ഇതിന് പുറമെ ചർദ്ദി, ഓക്കാനം, വയറു വേദന, പൂർണമായും വയർ ഒഴിഞ്ഞു പോവാത്ത പോലെയുള്ള തോന്നൽ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

രോഗം ചികിത്സിക്കുന്നതിൽ ഏറ്റവും പ്രധാനം നിർജ്ജലീകരണം തടയുക എന്നത് തന്നെയാണ്. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിന് അനുസരിച്ചുതന്നെ വെള്ളവും ലവണങ്ങളും ശരീരത്തിൽ എത്തണം. ഇതിനായി, ഓ.ആർ. എസ് ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം തുടങ്ങിയ പാനീയങ്ങൾ തുടക്കത്തിൽ തന്നെ നൽകി തുടങ്ങണം. ആവശ്യമെങ്കിൽ ഡ്രിപ് നൽകിയും ജലാംശം നിലനിർത്തേണ്ടതായി വരാം. എല്ലാ വയറിളക്കരോഗങ്ങളിലും ആൻറിബയോട്ടിക്കുകൾ കൊണ്ടുള്ള ചികിത്സ ആവശ്യമല്ലെങ്കിൽ കൂടി, ഷിഗെലോസിസിന്റെ ചികിൽസയിൽ ആൻറിബയോട്ടിക്കുകൾ നല്ലൊരു പങ്കുണ്ട്. രോഗ തീവ്രത കുറയ്ക്കുവാനും രോഗം പകരുന്ന കാലയളവ് കുറയ്ക്കുന്നതിനും, കൃത്യമായ കാലയളവിൽ ഉള്ള ആൻറിബയോട്ടിക് ചികിത്സ ഉപകാരപ്പെടാറുണ്ട്.

ലക്ഷണങ്ങളുള്ള ഷിഗെല്ല ബാധിതനായ ഒരു വ്യക്തി, അല്ലെങ്കിൽ യാതൊരു ലക്ഷണങ്ങളും ഇല്ലാതെ ഷിഗെല്ല വഹിക്കുന്ന വ്യക്തി എന്നിവരിൽനിന്ന് എങ്ങനെ മറ്റുള്ളവരിലേക്ക് രോഗം പടരുന്നു എന്ന് നോക്കാം. മറ്റു വയറിളക്കരോഗങ്ങൾ പോലെ തന്നെ, രോഗബാധിതന്റെ മലാംശം, മറ്റൊരു വ്യക്തിയുടെ വായിലേക്ക് എത്തുന്നത് വഴി തന്നെയാണ് ബാക്ടീരിയ മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. കുറഞ്ഞ ബാക്റ്റീരിയൽ അളവ് (ലോഡ്) പോലും മറ്റൊരു വ്യക്തിയിൽ രോഗബാധ ഉണ്ടാക്കിയേക്കാം. രോഗ വാഹകനായ വ്യക്തി ഭക്ഷണം പാകം ചെയ്യുമ്പോഴും, ഭക്ഷണം കൈകാര്യം ചെയ്യുമ്പോഴും, ഭക്ഷണത്തിലൂടെ മറ്റൊരു വ്യക്തിയിലെ രോഗം പകരാനുള്ള സാധ്യതയുണ്ട്. രോഗബാധിതനായ വ്യക്തിയുടെ വിസർജ്യം ഏതെങ്കിലും കുടിവെള്ള സ്രോതസ്സിൽ കലരാൻ ഇടയായാൽ, ഈ വെള്ളം തിളപ്പിക്കാതെ ഭക്ഷ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോഴും രോഗപ്പകർച്ച ഉണ്ടാവാം. ധാരാളം വ്യക്തികൾ ഉപയോഗിക്കുന്ന കുടിവെള്ള സ്രോതസ്സ് , അല്ലെങ്കിൽ ഒരു ചടങ്ങിൽ ഭക്ഷണം പാകം ചെയ്യുവാൻ ഈ സ്രോതസ്സിൽ നിന്ന് വെള്ളം ഉപയോഗിച്ചാൽ, വലിയൊരു ഷിഗെല്ല ഔട്‌ബ്രേക്കിൽ കലാശിക്കും. ശരിയായി സംസ്കരിക്കപെടാത്ത മനുഷ്യവിസർജ്യത്തിൽ നിന്നും, ഈച്ചകൾ വഴിയും രോഗം പകരാം.

ഷിഗല്ലെ ബാക്ടീരിയയുടെ മൈക്രോസ്‌കോപ്പിക് ദൃശ്യം
ഷിഗല്ലെ ബാക്ടീരിയയുടെ മൈക്രോസ്‌കോപ്പിക് ദൃശ്യം

ഷിഗെല്ല ബാക്ടീരിയ തന്നെ, പല ടൈപ്പുകളും സ്‌ട്രൈനുകളും ഉണ്ട്. മരണനിരക്ക് വളരെ കൂടുതൽ ഉള്ള ടൈപ്പുകൾ മൂലമുള്ള അസുഖങ്ങൾ ഇവിടങ്ങളിൽ കുറവാണ് കാണപ്പെടുന്നത്

രോഗം എങ്ങനെ പ്രതിരോധിക്കാം?
വയറിളക്കരോഗങ്ങൾ ഏത് തന്നെയാണെങ്കിലും, പ്രതിരോധിക്കാനുള്ള മാർഗം ഒന്നുതന്നെയാണ്.

• വയറിളക്കരോഗം ഉള്ള വ്യക്തികൾ ഭക്ഷണം പാകം ചെയ്യുന്നതിൽ നിന്നും, ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറിനിൽക്കുക.
• മലമൂത്ര വിസർജ്ജനത്തിന് ശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക.
• നഖങ്ങൾ വെട്ടി വൃത്തിയാക്കുകയും, വ്യക്തി ശുചിത്വം പാലിക്കുകയും ചെയ്യുക.
• കുടിവെള്ളം തിളപ്പിച്ചാറ്റിയത് മാത്രം ഉപയോഗിക്കുക.
• മുട്ട, മത്സ്യമാംസാദികൾ, പാൽ എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയും, നല്ല പോലെ പാകം ചെയ്തും മാത്രം ഭക്ഷിക്കുക.
• കുടിവെള്ള സ്രോതസ്സുകൾ, മലിനമാകാതെ സൂക്ഷിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക
• മലിനമായ ജലാശയങ്ങളിൽ കുളിക്കുന്നതും, നീന്തുന്നതും ഒഴിവാക്കുക.

ലക്ഷണമില്ലാത്ത രോഗവാഹകർ ഉണ്ടായിരിക്കാം എന്നതുകൊണ്ട്‌ തന്നെ, വ്യക്തി ശുചിത്വവും കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷിതത്വവും സദാ പാലിക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധ മാർഗ്ഗം. ഫലപ്രദമായ വാക്സിനുകൾ ഷിഗെല്ല രോഗപ്രതിരോധത്തിന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

വയറിളക്ക രോഗങ്ങൾ പ്രത്യേകിച്ച് കുട്ടികളിൽ വളരെ ശ്രദ്ധിക്കേണ്ടതാണ്. നിർജലീകരണം ഉണ്ടാവാതിരിക്കാൻ വീടുകളിൽ തന്നെ കഞ്ഞിവെള്ളം, ഓ.ആർ.എസ് ലായനി എന്നിവ നേരത്തെ തന്നെ തുടങ്ങാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ, വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക.
പൊതു ശുചിത്വവും ജീവിതനിലവാരവും ഉയരുന്ന സമൂഹങ്ങളിൽ ജലജന്യരോഗങ്ങളും വയറിളക്ക രോഗങ്ങളും വളരെ കുറവാണ്. ഇത് രണ്ടും, ഉയർന്ന പാശ്ചാത്യ രാജ്യങ്ങളിൽ പോലും, ഇടയ്ക്കിടെ ഷിഗെല്ല ഔട്‌ബ്രേക്കുകൾ ഉണ്ടാവാറുണ്ട്.

രോഗ സ്രോതസ്സ് കണ്ടെത്തുന്നതിന്റെ പ്രസക്തി

ഔട്‌ബ്രേക്കിൽ വിശദമായ അന്വേഷണം നടത്തേണ്ടത് വളരെ പ്രധാനമാണ്. ഏതെങ്കിലും കുടിവെള്ള സ്രോതസാണ് രോഗസ്രോതസ് എങ്കിൽ, അത് കണ്ടെത്തി, എത്രയും പെട്ടെന്ന് തന്നെ, ശുദ്ധീകരിക്കുന്നതിനും തുടർന്നുള്ള കേസുകൾ തടയുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ചെയ്യേണ്ടതാണ്. പൊതു ഭക്ഷണശാലകളിലോ മറ്റിടങ്ങളിലോ ഭക്ഷണം കൈകാര്യം ചെയ്യുന്നവരാണ് സ്രോതസ്സ് എങ്കിലും, നേരത്തെ തന്നെ കണ്ടെത്തി താൽക്കാലികമായി അവരെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്ന് മാറ്റി നിർത്തേണ്ടതായി വരും. രോഗിയിൽ നിന്ന് രോഗം പകരാൻ സാധ്യതയുള്ള വ്യക്തികളെ വീക്ഷിക്കുകയും അവരിൽനിന്ന് തുടർന്ന് രോഗബാധ പകരാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.

ഒരു പുതിയ രോഗമല്ല ഷിഗെല്ല. നേരത്തെ തന്നെ രോഗം കണ്ടെത്തുകയും, യഥാസമയം ഇടപെടുകയും ചെയ്യുന്നത് വഴി, നിയന്ത്രണ വിധേയമാക്കാവുന്ന രോഗമാണ് ഷിഗെല്ല.



Summary: കോഴിക്കോട് ജില്ലയിൽ ദിവസങ്ങൾക്കു മുമ്പാണ് ഷിഗെല്ലോസിസ് ഔട്ട്‌ബ്രേക്ക് റിപ്പോർട്ടു ചെയ്തത്. പതിനൊന്ന് വയസുകാരനിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ കുട്ടി മരണപ്പെട്ടിരുന്നു. ഇതോടെ ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകളും ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിരുന്നു. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുകയാണ് ലേഖിക.


Comments