ലോകാരോഗ്യരംഗം നിരന്തരം നേരിടുന്ന ഭീഷണിയാണ്, വർഷാവർഷം പുതുതായി പ്രത്യക്ഷപ്പെടുന്ന പകർച്ചവ്യാധികൾ. ഇവയിൽ എഴുപത് ശതമാനത്തോളവും, ജന്തുജന്യരോഗങ്ങൾ (Zoonoses) ആണ്. വന്യതയിൽ നമുക്കജ്ഞാതമായ അനേകം സൂക്ഷ്മാണുക്കളുണ്ട്. അവയുടെ നിലനിൽപ്പിലോ, ജീവിതചക്രത്തിലോ മനുഷ്യൻ ഒരു ഘടകമല്ല.
പക്ഷെ ഇടയ്ക്കിടെ, വന്യജീവികളിൽനിന്ന്, മനുഷ്യരിലേക്ക് ആകസ്മികമായി ചില രോഗാണുക്കൾ എത്തിപ്പെടാറുണ്ട്, ഇതിനെയാണ് 'സ്പിൽ ഓവർ' പ്രതിഭാസം എന്ന് വിളിക്കുന്നത്. മറ്റു പല വൈറസുകളെപ്പോലെ തന്നെ, ഈ രോഗമുണ്ടാക്കുന്ന വൈറസിന്റെയും പ്രഭവം വവ്വാലുകളിൽ നിന്നുതന്നെയാണ്.
വന്യതയിൽ നമുക്കജ്ഞാതമായ അനേകം സൂക്ഷ്മാണുക്കളുണ്ട്. അവയുടെ നിലനിൽപ്പിലോ, ജീവിതചക്രത്തിലോ മനുഷ്യൻ ഒരു ഘടകമല്ല.
ഇങ്ങനെ മനുഷ്യനിൽ എത്തുന്ന രോഗാണുക്കൾ, ആ വ്യക്തിയിൽ മാത്രം അസുഖമുണ്ടാക്കിയോ, അല്ലെങ്കിൽ രോഗം ഉണ്ടാക്കാൻ സാധിക്കാതെയോ ഒടുങ്ങുകയാണ് പതിവ്. എന്നാൽ, അത്യപൂർവമായി ചിലവ, മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് ഫലപ്രദമായി ചാടിക്കടക്കാനുതകുന്ന ജനിതകമാറ്റങ്ങൾ നേടിയവയായിരിക്കും.
അവ, ഈ ആധുനിക യുഗത്തിലും, മനുഷ്യൻ സൃഷ്ടിച്ച അതിർത്തി ഭേദിച്ച് മുന്നേറാൻ കെൽപുള്ളവയായി മാറാം. വലിയ ഭൂപ്രദേശങ്ങൾ കൈയേറുന്ന ഇത്തരം പകർച്ചവ്യാധികളെ 'പാൻഡമിക്' എന്നു വിളിക്കും. കോവിഡ്- 19 എന്ന കൊറോണ ഗ്രൂപ്പിലെ ഈ ജന്തുജന്യവൈറസ്, കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ, ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ പാൻഡമിക്ക് ആയി ഇതിനകം മാറിയിരിക്കുന്നു.
രോഗവ്യാപനത്തിന്റെ പാത
മുൻപ്രതിരോധശേഷിയില്ലാത്ത സമൂഹത്തിൽ ഒരു പുതിയ രോഗാണു എത്തിപ്പെട്ടാൽ, അത് എങ്ങനെ മുന്നോട്ടുപോവും എന്നതിന് കൃത്യമായ പാതയുണ്ട്. വ്യാപനനിരക്ക് (R0) ഒന്നിൽ അധികമുള്ള സാംക്രമികരോഗങ്ങൾ, പെട്ടെന്ന് പടരുകയും, നല്ലൊരു ശതമാനത്തോളം ജനസംഖ്യയെ ബാധിക്കുകയും ചെയ്യും.
വ്യാപനനിരക്ക് (R0) എന്നാൽ, ഒരു രോഗിക്ക്, ചുറ്റിലുമുള്ള എത്രപേർക്ക് ഈ അസുഖം പടർത്താനുള്ള കഴിവുണ്ട് എന്നതിന്റെ തോതാണ്.
ആ സമൂഹത്തിൽ, എഴുപത് ശതമാനമാളുകൾക്കെങ്കിലും, രോഗം വന്ന് മാറിപ്പോയാൽ, അവരുടെ കൂട്ടായ ആർജ്ജിതപ്രതിരോധം (herd immunity), രോഗാണുവിന്റെ തുടർന്നുള്ള പകർച്ചയെ തടയും.
കോവിഡ്- 19 എന്ന നൂതന വൈറസ്, വിജയകമായി ഭൂഖണ്ഡങ്ങൾ തന്നെ താണ്ടുന്നത്, അതിന്റെ ഉയർന്ന വ്യാപനനിരക്കും (R0<3) , താരതമ്യേന കുറഞ്ഞ മരണനിരക്കും (2 - 3%) കൊണ്ടാണ്.
ഇതാണ് പകർച്ചവ്യാധികളിൽ കാണുന്ന ആരോഹണാവരോഹണ മാതൃകയുടെ പിന്നിലെ ശാസ്ത്രം. വ്യാപനനിരക്കോളം പ്രധാനമാണ് മരണനിരക്കും.
90 ശതമാനത്തിലധികം മരണനിരക്കുള്ള ഒരു രോഗത്തിന്, അതുണ്ടാക്കുന്ന രോഗാണുവിനെ സംബന്ധിച്ച്, അതിന്റെ നിലനിൽപ്പ് തന്നെ ബുദ്ധിമുട്ടാണ്. രോഗബാധിതരിൽ ഭൂരിഭാഗവും പെട്ടെന്ന് മരിച്ചാൽ, ആ രോഗാണുവും, അടുത്ത ഇരയിലേക്കെത്താനാവാതെ ഒടുങ്ങും.
ഉദാഹരണത്തിന്, നിപ പോലെ കുറഞ്ഞ വ്യാപനനിരക്കും (R0 <0.5), ഉയർന്ന മരണനിരക്കുമുള്ള (>95%) പകർച്ചവ്യാധികൾ, ചെറിയ കാലയളവ് കൊണ്ട് സ്വയം കെട്ടടങ്ങും. എന്നാൽ കോവിഡ്- 19 എന്ന ഈ നൂതന വൈറസ്, വിജയകമായി ഭൂഖണ്ഡങ്ങൾ തന്നെ താണ്ടുന്നത്, അതിന്റെ ഉയർന്ന വ്യാപനനിരക്കും (R0<3) , താരതമ്യേന കുറഞ്ഞ മരണനിരക്കും (2 - 3%) കൊണ്ടുമാണ്.
ഇറ്റലി, സ്‌പെയിൻ, അമേരിക്ക- ഒരു തിരിച്ചടിയുടെ കഥ
മുൻപ് ഇത്തരമൊരു സാഹചര്യം നേരിട്ടിട്ടില്ലാത്തതുകൊണ്ടുതന്നെ, ഓരോ രാജ്യവും ഓരോ രീതിയിലാണ് കൊറോണയ്‌ക്കെതിരെ, പ്രതിരോധതന്ത്രം സ്വീകരിച്ചിരിക്കുന്നത്. വർഷാവർഷം വരുന്ന 'ഫ്ളൂ' വൈറസ് പോലെ കോവിഡും, വന്നുപോകും എന്ന് പ്രതീക്ഷിച്ച്, തുടക്കത്തിൽ ജാഗ്രത പാലിക്കാത്ത രാജ്യങ്ങളാണ് ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നിവ.
ഒരു പ്രതിരോധമാർഗവും സ്വീകരിക്കാതെ, പകർച്ചവ്യാധിയുടെ തരംഗം, തങ്ങളുടെ ജനതയിലൂടെ കടന്നുപോകാൻ അനുവദിച്ചാൽ, നല്ലൊരു ശതമാനം ആളുകളും പ്രതിരോധം ആർജ്ജിക്കുമെന്നും, രോഗം ക്രമേണ പിൻവലിയുമെന്നുമുള്ള ആശയത്തിലാണ്, യു.കെ പോലുള്ള ചില രാജ്യങ്ങൾ, ഇതിനെ നേരിടാൻ ആദ്യം തീരുമാനിച്ചത്.
ഇത് തത്വത്തിൽ ശരിയായ സിദ്ധാന്തം ആണെങ്കിലും, ഇറ്റലിയിൽ ഈ സമീപനത്തിന് ലഭിച്ചത്, കനത്ത തിരിച്ചടിയാണ്.
വർഷാവർഷം വരുന്ന 'ഫ്ളൂ' വൈറസ് പോലെ കോവിഡും, വന്നുപോകും എന്ന് പ്രതീക്ഷിച്ച്, തുടക്കത്തിൽ ജാഗ്രത പാലിക്കാത്ത രാജ്യങ്ങളാണ് ഇറ്റലി, സ്‌പെയിൻ, അമേരിക്ക എന്നിവ.
കോവിഡ് രോഗം ബാധിച്ചവരിൽ, ആകെ മരണനിരക്ക് രണ്ടു ശതമാനത്തിൽ താഴെ ആണെന്ന നിരീക്ഷണം പൊതുവിൽ അംഗീകരിക്കപ്പെട്ട സമയത്താണ്, ഇറ്റലിയിൽ ഒരു രാജ്യത്തിന്റെ എല്ലാ ആരോഗ്യ സംവിധാനങ്ങളെയും തളർത്തുന്ന നിരക്കിൽ രോഗം പടർന്നതും, രോഗബാധിതരായ വയോജനങ്ങൾ, അത്യാസന്നനിലയിൽ ആശുപത്രിയിലേക്ക് ഒഴുകിയതും.
ഒരു രാജ്യത്തിന്റെ പ്രായവിഭജനം, ഈ രോഗത്തിന്റെ ഗതിയിൽ, എത്ര നിർണായകമാണെന്നത് അപ്പോഴാണ് ലോകം തിരിച്ചറിഞ്ഞത്. 80 വയസ് കഴിഞ്ഞവരിൽ പത്ത്- ഇരുപത് ശതമാനം വരെ മരണനിരക്ക് അവിടെ റിപ്പോർട്ട് ചെയ്തു.
ഇറ്റലിയുടെ ജനസംഖ്യയിൽ 22 ശതമാനത്തോളവും പ്രായമേറിയവരാണ് എന്ന വസ്തുതയാണ് ഇവിടെ നിർണായകമായത്. ഇതുകണ്ട യു.കെ പോലുള്ള രാജ്യങ്ങൾ, ഉടൻ പ്രതിരോധ തന്ത്രത്തിൽ മാറ്റം വരുത്തി. അവർ ജനസമ്പർക്കത്തിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്നു.
ദക്ഷിണ കൊറിയൻ അനുഭവം
ദക്ഷിണ കൊറിയയാണ് രോഗനിയന്ത്രണ തന്ത്രത്തിൽ വിജയിച്ചു എന്ന് കണക്കാക്കാവുന്ന ഒരു രാജ്യം. രോഗബാധിതരുടെ ശരാശരി പ്രായം കൂടുതലുള്ള ഇറ്റലിയിലെ മരണനിരക്ക് കൂടുതലായിരുന്നുവെങ്കിൽ, രോഗം ബാധിച്ചവരുടെ ശരാശരി പ്രായം തീരെ കുറവായ ദക്ഷിണ കൊറിയയിൽ, മരണനിരക്കും തീരെ കുറവാണ്.
ദക്ഷിണ കൊറിയയാണ് രോഗനിയന്ത്രണ തന്ത്രത്തിൽ വിജയിച്ചു എന്ന് കണക്കാക്കാവുന്ന ഒരു രാജ്യം. രോഗം ബാധിച്ചവരുടെ ശരാശരി പ്രായം തീരെ കുറവായ ദക്ഷിണ കൊറിയയിൽ, മരണനിരക്കും തീരെ കുറവാണ്.
വിപുലമായി രോഗപരിശോധന നടത്തുന്ന കൊറിയ, ചെറിയ ലക്ഷണങ്ങൾ തുടങ്ങിയാൽ തന്നെ, 'ഡ്രൈവ് ഇൻ' ബൂത്തു പോലെയുള്ള പരിശോധനകേന്ദ്രങ്ങളിൽ വരാനുള്ള സംവിധാനം ഒരുക്കി. ഇവിടെ ജനങ്ങൾക്ക് സ്വയം കാറിലെത്തി, ലളിതമായ പരിശോധന നടത്തി തിരിച്ച് വീടുകളിലേക്ക് പോകാവുന്ന സംവിധാനം വരെ ഏർപ്പെടുത്തിയിട്ടുണ്ട്.
പിന്നീട്, ഫലം അവരെ അറിയിക്കുകയും, ആവശ്യമുണ്ടെങ്കിൽ, സ്വയം ഐസൊലേഷനിലേക്ക് പോവുകയും ചെയ്യുന്ന രീതിയാണിവിടെ. സാങ്കേതിക പരിജ്ഞാനവും, മികവും, ഫലപ്രദമായി രോഗനിയന്ത്രണത്തിന് ഉപയോഗിക്കുന്ന രാജ്യം കൂടിയാണ് ദക്ഷിണ കൊറിയ.
സമ്പൂർണ ലോക്ഡൗണിലേക്ക് പോകാതെ, ജനങ്ങളുടെ പൗരബോധത്തിൽ വിശ്വാസമർപ്പിച്ചുള്ള, സുതാര്യ സംവിധാനമാണ് ഇവിടെ. 'എത്ര പേരെ പരിശോധിക്കാമോ, അത്രയും പേരെ പരിശോധിക്കുക' എന്നത് തന്നെയാണ് ലോകാരോഗ്യസംഘടനയും രോഗനിയന്ത്രണത്തിന് മുന്നോട്ടുവെയ്ക്കുന്ന ആശയം.
'റിവേഴ്സ് ക്വാറന്റയിൻ'
സ്വീഡനും, ഐസ്ലാൻഡും ഇനിയും സമ്പൂർണ ലോക്ഡൗണിലേക്ക് പോകാത്ത രാജ്യങ്ങളാണ്. പ്രായമായവരെ വീടുകളിലോ, വൃദ്ധമന്ദിരങ്ങളിലോ തന്നെ കഴിയുവാൻ പ്രേരിപ്പിച്ച്, മറ്റ് പ്രായത്തിലുള്ളവരെ സമൂഹത്തിൽ സാധാരണ പോലെ സമ്പർക്കത്തിലേർപ്പെടാൻ അനുവദിക്കുന്ന സംവിധാനമാണ് രണ്ടുരാജ്യങ്ങളും പിന്തുടരുന്നത്.
പൂർണമായ ലോക് ഡൗണിലൂടെ, രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥ തകർക്കാതെ, എന്നാൽ വയോജനങ്ങളുടെ മരണനിരക്ക് ഉണ്ടാക്കുന്ന ആഘാതം ഒഴിവാക്കാനുള്ള 'റിവേഴ്‌സ് ക്വാറന്റയിൻ' എന്ന ആശയമാണ് അവർ പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നത്.
ജർമനിയിലും മുതിർന്ന പൗരന്മാർ വീടുകളിൽ തന്നെ കഴിഞ്ഞുകൂടുവാനും, ചെറുപ്പക്കാർ ചെറിയ നിയന്ത്രണങ്ങളോടെ സാധാരണ ജോലിക്ക് പോകുവാനുമുള്ള നിർദേശമാണ് നൽകിയിരുന്നത്. മരണനിരക്ക് ഇതുവരെ, ഈ രാജ്യങ്ങളിൽ നിയന്ത്രണവിധേയമാണ്.
ഇന്ത്യയും കേരളവും
ഇന്ത്യയിലെ തന്നെ, ആദ്യ കോവിഡ് കേസുകൾ എത്തിച്ചേർന്നത് കേരളത്തിലായിരുന്നു. ചൈനയിൽ നിന്ന് വന്ന മൂന്ന് കേസുകൾ, കൃത്യമായി നിയന്ത്രിക്കുവാൻ കേരളത്തിന് സാധിച്ചു. പിന്നീടുള്ള കാലയളവിൽ, ഇറ്റലി, സ്‌പെയിൻ, യു.കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ രോഗം വീശിയടിക്കുന്നത് നിരീക്ഷിക്കുവാനും, അതിൽ നിന്ന് പാഠമുൾക്കൊള്ളുവാനും നമുക്ക് സമയം ലഭിച്ചു.
കണിശമായി നിയന്ത്രിച്ചില്ലെങ്കിൽ, ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യ പോലുള്ള രാജ്യത്ത്, അല്ലെങ്കിൽ കേരളം പോലുള്ള സംസ്ഥാനത്ത്, ഉണ്ടാവാനിടയുള്ള പ്രത്യാഘാതം നമുക്ക് മുൻകൂട്ടി തിരിച്ചറിയാനായി.
രണ്ടാമത്, രോഗവിത്തുകൾ ഇവിടെയെത്തിയതിന്, ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ, കേരളം പൂർണമായ ലോക്ഡൗണിലേക്ക് നീങ്ങി. മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയും പൂർണമായ ലോക്ഡൗണിലായി.
ഈ രോഗത്തിന്, സമൂഹവ്യാപനം എന്നത് അനിവാര്യത തന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ലോക്ഡൗൺ, സാമൂഹിക അകലം, കൈകളുടെ ശുചിത്വം, ചുമ മര്യാദ പാലിക്കുക എന്നിവയിലൂടെ വ്യാപനനിരക്ക് സാവകാശപ്പെടുത്താൻ സാധിക്കും.
നമ്മുടെ ആരോഗ്യസംവിധാനത്തിന് താങ്ങാവുന്ന നിരക്കിൽ മുന്നോട്ടു പോകാൻ സാധിക്കുക എന്നതാണ്, ഇതിനു പിന്നിലെ യുക്തി.
കേരളത്തിൽ ക്വാറന്റയിൻ പാലിക്കാതെ, സമൂഹത്തിൽ ഇടപഴകിയ കേസുകളിൽ നിന്ന് ഭയപ്പെട്ടതുപോലുള്ള, സ്‌ഫോടനാത്മക പകർച്ചാനിരക്ക് ഇവിടെ ദൃശ്യമായില്ല. രോഗവ്യാപനത്തെ ബാധിക്കുന്ന, ഏതെങ്കിലും അജ്ഞാതഘടകങ്ങൾ ഇവിടെയുണ്ടോ എന്നത് കൂടുതൽ പഠിക്കേണ്ടതുണ്ട്.
എന്നാൽ വരും ആഴ്ചകൾ, കേരളത്തെ സംബന്ധിച്ച് നിർണായകമാണ്.
ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് അനേകം പേർ, ലോക്ഡൗണിനുതൊട്ട് മുമ്പത്തെ ആഴ്ചകളിൽ എത്തിയിട്ടുണ്ട്. ഈ സമയത്ത് പല രാജ്യങ്ങളിലും പരക്കെ, സമൂഹ വ്യാപനം ഉണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും, മറ്റു രാജ്യങ്ങളിൽ നിന്ന് വന്നവരാണ് (imported cases).
ഇവരുമായി അടുത്തസമ്പർക്കം പുലർത്തിയവരിലാണ് രോഗം പിന്നീട് കണ്ടെത്തിയത്. പരസ്പരം ബന്ധമില്ലാത്ത, വിദേശത്ത് നിന്നുവന്ന രോഗികളാണ് ഭൂരിഭാഗവും എന്നതുകൊണ്ടുതന്നെ, ദിനംപ്രതി കൂടുന്ന നിരക്കുകൾ, രോഗം പെരുകുന്ന നിരക്കായി ഇപ്പോൾ കാണാനാവില്ല. എന്നാൽ ഇനി രോഗനിരക്ക് എങ്ങനെ മുന്നോട്ടു പോകുന്നു എന്നത് സസൂക്ഷ്മം നിരീക്ഷിക്കേണ്ടതുണ്ട്.
കൊറോണയും കടന്നുപോകും, ഭീതി കരിഞ്ഞുപോകും
ലോക്ഡൗൺ കാലയളവ് കഴിയുന്നതിനുമുൻപ്, മറ്റു രാജ്യങ്ങളിൽ നിന്നെത്തിയവരിലെ രോഗലക്ഷണം കണ്ടെത്തുവാനും, കൃത്യമായി ഐസൊലേറ്റ് ചെയ്യാനും സാധിച്ചാൽ, സമൂഹ വ്യാപനം തത്വത്തിൽ തടയാം. എന്നാൽ, ലോക്ഡൗൺ കഴിയുന്നതോടെ, ചെറിയ രീതിയിലെങ്കിലും രോഗപകർച്ചയുടെ നിരക്ക് ഉയരാൻ സാധ്യതയുണ്ട്.
ലോക്ഡൗൺ കഴിയുന്നതോടെ, ചെറിയ രീതിയിലെങ്കിലും രോഗപകർച്ചയുടെ നിരക്ക് ഉയരാൻ സാധ്യതയുണ്ട്. ലോക്ഡൗൺ അനന്തമായി തുടരുന്നത്, ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതല്ല.
ലോക്ഡൗൺ അനന്തമായി തുടരുന്നത്, അതും പ്രത്യേകിച്ച് ഇന്ത്യ പോലെയുള്ള ഒരു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് താങ്ങാനാവുന്നതല്ല.
അന്നന്നുള്ള അന്നം നേടുന്ന ജനങ്ങളാണ് ഈ രാജ്യത്ത് ഭൂരിഭാഗവും. കൊറോണയേക്കാൾ പട്ടിണിമരണങ്ങളെ ഭയക്കേണ്ടുന്ന സാഹചര്യം സംജാതമായേക്കാം. അതിനാൽ, ലോക്ഡൗൺ നീക്കുമ്പോൾ സ്വീകരിക്കേണ്ട രോഗപ്രതിരോധ തന്ത്രങ്ങൾ കൃത്യമായി മുൻകൂട്ടി ആവിഷ്‌കരിച്ചിരിക്കണം.
'ഹൈ റിസ്‌ക്' വിഭാഗങ്ങളായ 60 വയസ്സിൽ കൂടുതലുള്ളവരും, മറ്റു അനുബന്ധ രോഗങ്ങൾ ഉള്ളവരും, വീടുകളിൽ കഴിഞ്ഞുകൂടാൻ ശ്രദ്ധിക്കണം. സമൂഹ വ്യാപനം ഉണ്ടാകുന്ന സാഹചര്യം വന്നാൽ പോലും, ഇങ്ങനെ ചെയ്യുന്ന 'റിവേഴ്‌സ് ക്വാറന്റയിൻ' വഴി, ഗുരുതര രോഗാവസ്ഥയിലേക്ക് പോകുന്നവരുടെയും, രോഗത്തിന് അടിപ്പെടുന്നവരുടെയും എണ്ണം ഗണ്യമായി കുറക്കാനാകും.
15 ശതമാനമാണ്, ഇന്ത്യയിൽ വയോജനങ്ങളുടെ ജനസംഖ്യ. കൂട്ടുകുടുംബങ്ങളും, മൂന്നു തലമുറകൾ ഒരു വീട്ടിൽ തന്നെ കഴിയുകയും ചെയ്യുന്ന നമ്മുടെ സാമൂഹ്യസാഹചര്യങ്ങളിൽ, എത്ര കർശനമായി 'റിവേഴ്സ് ക്വാറന്റയിൻ' നടപ്പാക്കാനാവും എന്നതും പ്രശ്‌നം തന്നെയാണ്.
ലോക്ഡൗണിനുശേഷമുള്ള കാലയളവ്, ഇന്ത്യക്കും കേരളത്തിനും ഒരുപോലെ നിർണായകമാണ്. ഈ സമയത്തെ ആസൂത്രണവും, രോഗപ്രതിരോധ തന്ത്രവും രാജ്യത്തിന്റെ ഗതി തന്നെ മാറ്റിയേക്കാം. കോളറ, പ്‌ളേഗ്, സ്പാനിഷ് ഫ്ളൂ എന്നിങ്ങനെ ലോകം മുഴുവൻ വീശിയടിച്ച് മരണം കൊയ്ത അനേകം പകർച്ചവ്യാധികൾക്ക് മനുഷ്യരാശി സാക്ഷിയായിട്ടുണ്ട്. അവയിൽ പലതും, ഇതിലും ഭീകരവും, മാരകശേഷിയുള്ളവയും ആയിരുന്നു. ഇതിനൊക്കെ ശേഷവും, ജനജീവിതം സാധാരണ പോലെയാവുകയും, ലോകം മുന്നോട്ടു പോവുകയും ചെയ്തിട്ടുണ്ട്. കോറോണയും, വൈകാതെ ചരിത്രത്തിലെ ഏതാനും ഏടുകൾ മാത്രമായി ചുരുങ്ങും, ഭീതിയുടെ ഈ കാലഘട്ടം വൈകാതെ കഴിഞ്ഞുപോവുക തന്നെ ചെയ്യും.