അവൾ പതിയെ പതിയെയാണ് വിഷാദത്തിലേക്ക് നടന്നടുത്തത്. പൊതുവിൽ അവളിലുള്ള ആത്മവിശ്വാസക്കുറവും, ശുഭാപ്തി വിശ്വാസമില്ലായ്മയും ഒന്നുകൂടി വർദ്ധിച്ചതിനും, വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജോലിയെടുക്കാനുള്ള ധൈര്യമില്ലാത്തതിനും അവളെ ഞാനടക്കമുള്ളവർ കുറ്റപ്പെടുത്തി... വിഷാദത്തിന്റെ സാധ്യത പോലും മനസ്സിൽ കണ്ടില്ല. എന്തു ചെയ്യണം എന്നറിയാതെ അന്തം വിട്ടു നിന്ന സമയങ്ങളായിരുന്നു അത്.
പിന്നെ പതിയെ പതിയെ വിഷാദമാണെന്ന് തിരിച്ചറിയുമ്പോഴേക്കും അവൾക്ക് അവളെ തന്നെ നിയന്ത്രിക്കാൻ തീരെ കഴിയാതെയായിരുന്നു. ആളുകളോട് പറഞ്ഞാലുള്ള സ്റ്റിഗ്മ പേടിച്ച് ആരോടും പറയാനും കഴിഞ്ഞില്ല. ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞപ്പോൾ, അല്ലാതെ തന്നെ ശരിയാവുമെന്നായിരുന്നു ഭൂരിപക്ഷാഭിപ്രായം. എന്നാൽ ഞാൻ കഷ്ടപ്പെട്ടാണെങ്കിലും ഡോക്ടർ എന്ന തീരുമാനത്തിലെത്തിയപ്പോഴും ഒട്ടും എളുപ്പമായിരുന്നില്ല കാര്യങ്ങൾ. "മാനസിക ചികിത്സ എല്ലാവർക്കും എപ്പോഴും' എന്ന പ്രമേയം ആസ്പദമാക്കി ഈ വർഷം ലോക മാനസികാരോഗ്യദിനം ആചരിക്കുമ്പോൾ, കൃത്യമായ ചികിൽസ കിട്ടാൻ നടത്തേണ്ടി വരുന്ന ശ്രമങ്ങളെ കുറിച്ച് കൂടി എഴുതണമെന്ന് തോന്നുന്നു.
ഒരു പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനരികെ
ഒരിക്കൽ അവളെയും കൊണ്ട് മലപ്പുറം ജില്ലയിലെ പ്രശസ്തനായ ഒരു മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചതോർക്കുകയാണ്. സ്ഥലത്തെ അറിയപ്പെടുന്ന വിദഗ്ധ ഡോക്ടറെ തിരഞ്ഞു കണ്ടുപിടിക്കുമ്പോൾ സൈക്യാട്രിയിൽ ഇന്ത്യയിലെ തന്നെ അറിയപ്പെടുന്നതും, മുൻനിരയിലുളളതും വർഷങ്ങൾ പാരമ്പര്യമുള്ളതുമായ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയതും വർഷങ്ങളുടെ പരിചയവും പ്രത്യേകം നോക്കി തന്നെയാണ് അദ്ദേഹത്തിലേക്കെത്തിയത്.
ഡോക്ടറുടെ ക്ലിനിക്കിലേക്ക് ഞങ്ങൾക്കധികം ദൂരത്തല്ലാത്തതുകൊണ്ട് സൗകര്യവുമായിരുന്നു. ഓരോ രോഗിയുടെയും വേണ്ടപ്പെട്ടവർ ചികിൽസ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം സൗകര്യങ്ങളും നോക്കാറുണ്ട്. ലഭ്യത, എത്തിപ്പെടാനുള്ള സൗകര്യം, എന്നിവയ്ക്ക് പുറമെ, താങ്ങാനാവുന്ന ചികിൽസയും. ഒരു വൈകുന്നേരം അദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്നിടത്താണ് ചെന്നത്. സർക്കാർ ഹോസ്പിറ്റൽ ഒരു പൊതുഇടമായതിനാൽ പരിചയക്കാർ കാണുന്നത് ഭയന്ന് തന്നെയാണ് സ്വകാര്യ പ്രാക്ടീസ് ഇടം തിരഞ്ഞെടുത്തത്.
എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും മാനസിക രോഗവുമായ ബന്ധപെട്ട അപമാനവും, മുദ്രകുത്തലും ഒരു യാഥാർത്ഥ്യമാണ്. വിരലിലെണ്ണാവുന്ന രോഗികൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ അവസരം ഞങ്ങൾക്കാണ് കിട്ടിയത്. അവൾ കൂടാതെ പിതാവുമുണ്ടായിരുന്നു കൂടെ. സൈക്യാട്രിക് സോഷ്യൽ വർക്കിൽ രണ്ടു വർഷത്തെ M.Phil ട്രെയിനിങ് കഴിഞ്ഞിരിക്കുന്ന എനിക്ക് ഡോക്ടർ റൂമിൽ ആദ്യമായി ഒരു രോഗി വരുമ്പോൾ ഡോക്ടർ-രോഗി പെരുമാറ്റത്തെക്കുറിച്ചൊക്കെ നല്ല ധാരണയുണ്ടായിരുന്നു എന്നു മാത്രമല്ല അഭിമുഖ തന്ത്രങ്ങളെ (interview techniques) കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു. എന്നാൽ ആ ഡോക്ടറുടെ ഭാഗത്ത് നിന്ന് വിചിത്രാനുഭവമാണ് നേരിട്ടത്.
രോഗിയോട് സംസാരിക്കാൻ സമയമില്ലാത്ത ഡോക്ടർ
ഡോക്ടർക്ക് രോഗിയായ അവളുടെ മുഖത്തെ ഭാവങ്ങൾ അളന്നെടുക്കാനുള്ള മാനസികാവസ്ഥയും സമയവും ഉണ്ടായില്ല എന്നതാണ് വാസ്തവം. വിവരാന്വേഷണത്തിന് പിതാവിനോടു എന്താണ് സംഭവിച്ചത് എന്നു ചോദിച്ചപ്പോൾ അദ്ദേഹം കാര്യങ്ങൾ തുടക്കം മുതൽ പറയാൻ തുടുങ്ങുകയായിരുന്നു. സത്യത്തിൽ കാര്യങ്ങൾ ഡോക്ടോരോട് വിശദമായി പറയാൻ ഞാൻ പിതാവിനോടു പ്രത്യേകം പറഞ്ഞിരുന്നു. അതാണല്ലോ സൈക്യാട്രിയിലെ വിവരന്വേഷണത്തിലെ അടിസ്ഥാന കാര്യം. എന്നാൽ ആ പിതാവ് സംസാരം തുടങ്ങിയതും മനസികരോഗ വിദഗ്ധന്റെ ഇടപെടൽ വിചിത്രമായിരുന്നു. ഉപ്പയുടെ സംസാരത്തിൽ ഇടപെട്ട് കൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘എനിക്ക് ഇനിയും രോഗികളെ കാണാനുണ്ട്. നിങ്ങളെ മാത്രം നോക്കിയാൽ പോരല്ലോ.. അതുകൊണ്ടു ഇപ്പോ എന്തു സംഭവിച്ചു എന്നു പെട്ടെന്നു പറയൂ..'
സംഭവം ശരിയാണ്. ഒരു ദിവസം ശരാശരി മുപ്പത് രോഗികളെയെങ്കിലും നോക്കുന്ന ഒരു ഡോക്ടർക്ക് ധൃതി ഉണ്ടാവുക സ്വാഭാവികമാണ്. അത്തരത്തിൽ വിചിത്രമാണല്ലൊ ഇവിടുത്തെ രോഗി- ഡോക്ടർ അനുപാതം, പക്ഷെ അത് കൊണ്ടുമാത്രം ഒരു രോഗിക്ക് വേണ്ടത്ര സമയം കൊടുക്കാൻ മാനസികരോഗ വിദഗ്ദന് പോലുമായില്ലെങ്കിൽ പിന്നെ ആ ചികിത്സക്കെന്താണ് അടിസ്ഥാനം. ഒരു വിഷാദ രോഗിയുടെ ചികിത്സ പ്രക്രിയയിൽ കൃത്യമായി അവരുടെ രോഗ വിവരം അന്വേഷിക്കാനും അവർക്കും അവരോടടുത്തു നിൽക്കുന്ന, പരിചരിക്കുന്ന വ്യക്തികൾക്കും സമയവും നൽകാൻ കഴിയാത്ത ഡോക്ടർ എങ്ങനെയാണ് രോഗികളെ ചികിൽസിക്കുന്നത്? കൃത്യമായ വിവരശേഖരണ പ്രക്രിയ (Case taking process) നടത്താതെ എങ്ങനെയാണ് രോഗനിർണയം നടത്തുന്നത്. (സാധാരണ ഗതിയിൽ തിരക്കുളള ഇടങ്ങളിൽ ചികിത്സ സംഘത്തിലെ (comprehensive team) മറ്റൊരംഗം വിശദമായ വിവര ശേഖരണ പ്രക്രിയ നടത്തിയാണ് ഡോക്ടറിലേക്കെത്താറുള്ളത്. എന്നാൽ അവിടെ അതുമുണ്ടായില്ല.
അങ്ങനെയിരിക്കെ അയാളുടെ ചികിത്സ നിർണയത്തിലും ചികിത്സയിലും കൊടുക്കുന്ന മരുന്നിലും എങ്ങനെയാണ് രോഗികൾ വിശ്വസിക്കേണ്ടത്? ഇദ്ദേഹത്തെ വിശ്വസിച്ച് ചികിത്സ തേടി വന്നുപോവുന്ന വിദ്യാഭ്യാസമോ മാനസിക രോഗ ചികിത്സയെ കുറിച്ച് അറിവോ ബോധ്യമോ, രോഗിയുടെ അവകാശങ്ങളെ കുറിച്ച് ബോധ്യമോ ഇല്ലാത്ത മനുഷ്യരെ കുറിച്ച് ഞാൻ പിന്നീടാലോചിച്ചു. വന്ന ദേഷ്യം പുറത്തേക്കും വരും മുമ്പ് ആ ഡോക്ടറോട് ഒരക്ഷരവും പറയാതെ ഞാനും അവരും അവിടുന്നു പോരുമ്പോൾ എനിക്കു നിരാശയായിരുന്നു.
ആ ഡോക്ടറോടു തിരിച്ചൊന്നും എന്തുകൊണ്ട് എനിക്ക് പറയാൻ കഴിഞ്ഞില്ല എന്ന് ഞാൻ ആലോചിക്കുകയായിരുന്നു. നമ്മുടെ പൊതുബോധത്തിൽ ഡോക്ടർക്ക് പൊതുവെ നൽകിപ്പോരുന്ന മേധാവിത്തം തന്നെയാണ് അവിടെയും പ്രവർത്തിച്ചത് എന്ന് ഞാൻ മനസ്സിലാക്കുകയാണ്. വിദ്യാഭ്യാസം നേടിയിട്ടും മാനസിക ചികിത്സാവിഭാഗത്തിൽ പരിശീലനം നേടി ജോലി ചെയ്തിട്ടും ആ പൊതു ബോധത്തിൽ നിന്ന് രക്ഷനേടാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അതിന് ആർജ്ജവം ഇതെല്ലാം വ്യക്തമായി അറിയുന്ന എനിക്കു പോലും ഉണ്ടായില്ലെങ്കിൽ സാധാരണക്കാരായ മറ്റ് രോഗികളുടെ കാര്യമൊന്നു ആലോചിച്ചു നോക്കൂ.
മാനസിക ചികിൽസ എല്ലാവർക്കും എപ്പോഴും കിട്ടണമെന്ന ലക്ഷ്യത്തിൽ മുന്നോട്ട് പോവുന്ന മാനസികാരോഗ്യ മേഖലകളുടെ ഗുണവും ജോലിയെടുക്കുന്നവരുടെ പ്രാപ്തിയും, രോഗികളോടുള്ള മനോഭാവവും, ചികിത്സാപ്രക്രിയയുമെല്ലാം പുനർവിചാരണക്ക് വിധേയമാക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് തോന്നാൻ എനിക്കൊരു അനുഭവം നേരിടേണ്ടി വന്നു.
ഡോക്ടർമാർക്ക് നമ്മളൊക്കെ വെറും രോഗികൾ
മേൽപറഞ്ഞ ഉദാരഹരണം, വേറിട്ട അനുഭവമാണെന്നും എല്ലാവർക്കും ബാധകമല്ല എന്നും പറഞ്ഞ് പൂർണമായി തള്ളുന്നതിനുമുമ്പ്, മാനസികരോഗ ചികിത്സ രംഗത്ത് പ്രവർത്തിക്കുന്നവർ ( ഇതിൽ ഡോക്ടറും, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും, സൈക്യാട്രിക് സോഷ്യൽ വർക്കർമാരും, തെറാപിസ്റ്റ്കളും ഉൾപ്പെടും ) മുന്നിലൂടെ കടന്നു പോവുന്ന ഓരോ രോഗികളെയും ഓർത്തെടുക്കുന്നതും, അവരുടെ പ്രതീക്ഷകളെക്കുറിച്ചും, ചികിത്സകരെന്ന നിലയിൽ മനോഭാവത്തെക്കുറിച്ചും ആലോചിച്ചു നോക്കൂ. അവർ നിങ്ങൾക്ക് ആയിരം രോഗികളിൽ ഒരാളാവാം, എന്നാൽ അവർക്ക് അവരുടെ ഏറ്റവും വലിയ ജീവിതപ്രശ്‌നം തന്നെയാണ് അവരുടെ രോഗാവസ്ഥ എന്നത് പലപ്പോഴും മറന്നു പോവുന്നതായി തോന്നാറുണ്ട്.
അവളെയും കൊണ്ടും അല്ലാതെയും പിന്നീടും പല ഡോക്ടർമാർ, കൗൺസിലർമാർ, സൈക്കോളജിസ്റ്റുകൾ തുടങ്ങിയവരുടെ മുന്നിലൂടെ കടന്നുപോയിട്ടുള്ളതിനാൽ ഈ കാര്യങ്ങളൊക്കെ വീണ്ടും വീണ്ടും സംശയിക്കുകയും ചോദിക്കുകയുമാണ്.
സഹാനുഭൂതിയും (empathy), കരുതലും, വ്യക്തിയെന്ന രീതിയിലുളള ഉപാധികളില്ലാത്ത മുൻധാരകളില്ലാത്ത അംഗീകാരവും (acceptance), സ്വയം നിർണയാവകാശവും (self determination) തുടങ്ങി ഞാനടക്കമുള്ളവർ പഠിച്ചു വെച്ച പ്രാഥമിക തത്വങ്ങളിൽ, പലതും നമ്മുടെ ക്ലിനിക്കുകളിൽ, ചികിത്സാമുറികളിൽ പ്രാവർത്തികമാക്കാൻ നമുക്ക് കഴിയാറുണ്ടോ? എനിക്ക് വേണ്ടപ്പെട്ടവളായ അവളോട് സഹാനുഭൂതിയോടെ, കരുതലോടെ, അവളെ അംഗീകരിച്ച്, മുൻ ധാരണകളില്ലാത്ത പെരുമാറാൻ എല്ലാം വ്യക്തമായി പഠിക്കുകയും പരിശീലിക്കുകയും ചെയ്തിട്ടും എത്ര സമയമെടുത്തു എന്നെനിക്കറിയില്ല. ഇപ്പോഴും മുഴുവനായും അതിന് സാധിച്ചിട്ടുണ്ടോ എന്നുമറിയില്ല.
എത്ര നിസ്സാരമായാണ് ഇത്തരം തത്വങ്ങളെ നമ്മൾ എടുത്തിരിക്കുന്നത്. ഏറെ വർഷത്തെ ചികിത്സാവേളയിൽ തന്നോട് ആശ്വാസത്തോടെ പെരുമാറിയതായി അവൾ ഓർത്തെടുക്കുന്നത് കേവലം ഒന്നോ രണ്ടോ ചികിൽസകരെയാണ്. നിങ്ങൾ എന്റെ മുകളിൽ നിങ്ങളുടെ തീരുമാനം അടിച്ചേൽപ്പിക്കുകയാണ് എന്ന് ഒരിക്കൽ അവളെന്നോട് പറഞ്ഞു. നിങ്ങൾ എന്നുദേശിച്ചത് ഞാനടക്കമുള്ള മാനസികാരോഗ്യ പ്രവർത്തകരെയാണ്. എന്താണെന്നു ചോദിച്ചപ്പോൾ, ജോലിക്കു പോകണ്ട, അത് ചെയ്യണ്ട, ഇത് ചെയ്യണ്ട, എന്നു തുടങ്ങി എന്റെ ജീവിതത്തിന്റെ പ്രധാന കാര്യങ്ങളിൽ നിങ്ങൾ എന്റെ അഭിപ്രായം പോലും ചോദിക്കാതെ തീരുമാനങ്ങൾ എടുക്കുന്നു എന്നതായിരുന്നു അവളുടെ മറുപടി.
ആരോഗ്യ രംഗത്ത് പണിയെടുക്കുന്ന അവൾ അത്രയെങ്കിലും പറയണം.
ശരിയായിരുന്നു, അവളെ അവളുടെ ചികിത്സകർ ആരും തന്നെ രോഗിയിൽ നിന്ന് അപ്പുറത്തേക്ക് ഒരു വ്യക്തിയായി കണക്കാക്കാൻ ശ്രമിച്ചിരുന്നോ എന്നു സംശയമാണ്. അവളുടെ രോഗവിവരം അറിഞ്ഞപ്പോൾ എന്താണ് തോന്നിയതെന്ന് ഒരിക്കൽ അവളുടെ ഉമ്മയോട് ചോദിച്ചു. ‘ആ സമയത്തെ വിഷമത്തിന്റെ ആഴം ഇപ്പോഴുമുണ്ട്. എത്ര നിസ്സാരമായിട്ടാണ് വിഷാദമാണെന്നും വളരെ കാലം മരുന്നു കുടിക്കേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞു തീർത്തത്. അന്ന് മുഴുവൻ കരയുകയായിരുന്നു. സത്യത്തിൽ ‘ഡോക്ടർമാർക്ക് നമ്മളൊക്കെ വെറും രോഗികളല്ലെ ' എന്ന് പറഞ്ഞു തീർത്തപ്പോഴും അവരുടെ സ്വരം ഇടറുന്നുണ്ടായിരുന്നു.
സൈക്കോ എഡുക്കേഷൻ എന്ന പേരിൽ രോഗിയോടും കൂടെയുള്ളവരോടും എത്ര എളുപ്പത്തിലാണ് നമ്മൾ ഇത്തരം കാര്യങ്ങൾ പറയാറുളളത്. പഠിച്ച് വെച്ച, ദിവസേന നൂറു തവണ കേൾക്കുകയും പറയുകയും ചെയ്യുന്ന രോഗവിവരങ്ങൾ രോഗികളോടോ രോഗിയുടെ പ്രിയപ്പെട്ടവരോടും വളരെ എളുപ്പത്തിൽ കാൾസെന്ററിൽ നിന്ന് വിവരം നൽകും പോലെ പറഞ്ഞു തീർക്കുന്നവരെ കണ്ടിട്ടുണ്ട്. മുന്നിലിരിക്കുന്ന ആളുകളിൽ എന്ത് വികാരമാണ് ഈ വിവരം പങ്കു വെക്കൽ ഉണ്ടാക്കുക എന്ന് ആലോചിക്കുകയോ ആ വാർത്തയെ ഉൾകൊള്ളാൻ അവർ എത്രത്തോളം തയ്യാറുണ്ടോ എന്ന് പോലും അന്വേഷിക്കാതെ ഞാനും ചെയ്തിട്ടുണ്ട് അത്തരത്തിലുളള സൈകോ എഡുക്കേഷൻ.
അക്കമിട്ട് എഴുതപ്പെട്ട ചില ഗൈഡ്‌ലൈൻസുകൾക്കപ്പുറത്തേക്ക് നമ്മുടെ ചികിത്സയിൽ മാനുഷിക മൂല്യങ്ങളും വികാരങ്ങളും കണക്കിലെടുക്കപ്പെടുന്നുണ്ടോ എന്നാണ് ഞാൻ ആലോചിക്കുന്നത്. മൂല്യമുള്ള മാനസികചികിത്സ അവൾക്ക് ലഭിക്കേണ്ടതിനെ കുറിച്ച് ഞാനെപ്പോഴും വ്യാകുലയായിരുന്നു. RDD അഥവാ ഇടവേളകൾക്കുശേഷം വരുന്ന വിഷാദം ഉള്ള അവൾക്ക് എന്തെങ്കിലും ഒരു സൈക്കോ തെറാപ്പി ആവശ്യപ്പെട്ടിട്ടും കൃത്യമായും വേണ്ട രീതിയിലും ലഭിച്ചതായി എനിക്കു തോന്നിയിട്ടില്ല. Depend Personality യുടെയും Anxious Avoidant Personality സ്വഭാവ ലക്ഷണവും നന്നായി ഉള്ള (testകളുടെ അടിസ്ഥാനത്തിൽ ) അവൾക്ക് ഇനിയുള്ള ജീവിതത്തിലെ ഓരോ സ്ഥലത്തും പൊരുത്തപ്പെടാൻ, വിഷാദം അതിജീവിക്കാൻ സൈക്കോതെറാപ്പി വേണമെന്നത് ഒരു യഥാർഥ്യമായിരുന്നു. ചികിൽസിക്കുന്നവർക്കും അതറിയാം എന്നതും എനിക്കുറപ്പാണ്.
ഒരിക്കൽ, എനിക്കറിയാവുന്ന ഒരു ഡോക്ടറോട് സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, അങ്ങനെ ഒരു സമഗ്രമായ ഒരു ചികിത്സ കേരളത്തിൽ തന്നെ ലഭ്യമാവുക പ്രയാസമാണ് എന്നാണ്! എന്തു കൊണ്ട് എന്ന ചോദ്യം പ്രസക്തമാണ്. മാനസികരോഗ ചികിത്സാരംഗത്ത് ഉയർന്ന യോഗ്യതയുള്ള നിരവധി ആളുകൾ തീർച്ചയായുമുള്ള കേരളത്തിൽ അതിനെന്താണ് തടസ്സം? സമഗ്ര ചികിത്സ സംഘം ഇല്ലാത്തതോ, അതോ ഉള്ളവർക്ക് തെറാപ്പി ചെയ്യാൻ അറിയാത്തതോ, അതുമല്ല, ഉള്ളവർക്കൊന്നും ഒരു തെറാപ്പി മുഴുവനായി ചെയ്യാനുള്ള സമയം ഇല്ലാത്തതോ? അതുമല്ല, രോഗികളോടുള്ള കരുതലിലും രോഗമുക്തിയിലും നമുക്കത്രയൊക്കെ താൽപ്പര്യമേ ഉള്ളൂ എന്നതുകൊണ്ടാണോ? കൃത്യമായ കാരണങ്ങൾ കണ്ടുപിടിക്കണമെങ്കിൽ രോഗികളെയും കുടുംബത്തെയും ഉൾപ്പെടുത്തി കൃത്യമായ പഠനം നടത്താം. എന്നാൽ അതിനെല്ലാം മുൻപേ ഓരോ മാനസികാരോഗ്യ പ്രവർത്തകരും അവരവരുടെ മൂല്യങ്ങളെക്കുറിച്ച് ഒന്നാലോചിക്കുന്നത് നന്നാവും. ‘മാനസിക ചികിത്സ എല്ലാവർക്കും, എപ്പോഴും "എന്നതിന്റെ കൂടെ ‘മൂല്യാധിഷ്ഠിത ചികിൽസ' എന്നു കൂടെ ചേർക്കേണ്ടത് അത്യാവശ്യമാണ്.
സൈക്ക്യാട്രിക്ക് സോഷ്യൽ വർക്കറും മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ഗവേഷകയുമാണ് ലേഖിക.