Photo : Unsplash.com

ഇനിയെങ്കിലും തിരിച്ചറിയാം,ഡോക്​ടർമാർക്കുമുണ്ട്​
​മാനസിക പ്രശ്​നങ്ങൾ

ഡോക്ടർമാർക്കും മാനസികപ്രശ്‌നങ്ങളുണ്ടാകാം എന്ന യാഥാർഥ്യം വ്യവസ്ഥിതി തിരിച്ചറിയാൻ തുടങ്ങിയത് ഈ അടുത്താണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഓസ്ട്രേലിയൻ സിസ്റ്റം എന്താണ് ചെയ്യുന്നത്?

ഹൊവാർഡ് ടക്കർ (Howard Tucker) അമേരിക്കയിലെ ഒരു ഡോക്ടറാണ്.
2021 ൽ അദ്ദേഹത്തിന്റെ പേര് ഗിന്നസ് ബുക്ക്‌സ് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ചേർക്കപ്പെട്ടു. ലോകത്ത് പ്രാക്റ്റീസ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ ഡോക്ടർ എന്നതാണ് അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോർഡ്. നൂറാം പിറന്നാളാഘോഷിച്ച ഈ ജൂലൈയിലും ഹൊവാർഡ് സെൻറ്​ വിൻസെൻറ്​ ചാരിറ്റി മെഡിക്കൽ സെന്ററിൽ ന്യൂറോളജിയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഡോക്ടർമാർക്ക് ക്ലാസെടുക്കാൻ പോയിരുന്നു.

അമേരിക്കയിൽ ജനിച്ച് കാനഡയിൽ പ്രാക്റ്റീസ് ചെയ്തിരുന്ന ഡോക്ടറാണ് ചാൾസ് ഗോഡ്ഫ്രേ (Charles Godfrey). ഈയടുത്താണ് അദ്ദേഹം മരിച്ചത്. മരിക്കുമ്പോൾ പ്രായം 105 നോടുത്തിരുന്നു. കോവിഡ് വ്യാപകമാകുന്നതിനുതൊട്ടുമുമ്പുവരെ ചാൾസ് ഫിസിഷ്യനായി പ്രാക്റ്റീസ് ചെയ്തിരുന്നു.

2021 ൽ റഷ്യൻ സ്പുട്‌നിക് വാക്സിൻ കിർഗിസ്​ഥാനിൽ ആദ്യമായി എടുത്തത് മാമ്പറ്റ് മാമാകീവ് (Mambet Mamakeev) ആണ്. 67 വർഷമായി സർജിക്കൽ ഡോക്ടറായി ജോലി ചെയ്യുന്ന മാമ്പറ്റിന് 94 വയസ്സുണ്ട്. തന്റെ കണ്ണിനോ, കൈകൾക്കോ, ബുദ്ധിക്കോ ഒരു കുറവും സംഭവിച്ചിട്ടില്ലെന്നും, കാൽമുട്ടുകൾക്കും, നട്ടെല്ലിനുമുള്ള ചില്ലറ വേദന മാത്രമാണ് ആകെയുള്ള ആരോഗ്യപ്രശ്‌നം എന്നുമാണ് വാക്സിനേഷൻ സമയത്ത് അദ്ദേഹം തന്നെ കാണാൻ വന്ന പത്രക്കാരോട് പറഞ്ഞത്.

ഹൊവാർഡ് ടക്കർ. / Photo : Tucker, via JTA

മേൽപ്പറഞ്ഞ മൂന്നുപേരുടെയും ജീവിതം, ഡോക്ടർമാരുടെ ആയുർദൈർഘ്യം മറ്റു ജനവിഭാഗങ്ങളിലേക്കാൾ കൂടുതലാണെന്നുള്ളതിനുള്ള തെളിവാണോ എന്നുചോദിച്ചാൽ അഭിപ്രായങ്ങൾ വ്യത്യസ്തമായിരിക്കാം. ഉയർന്ന ജീവിത നിലവാരവും, ആരോഗ്യസംബന്ധിയായ അവബോധവും ഡോക്ടർമാരുടെ ആയുർ ദൈർഘ്യവും പല വികസിത രാജ്യങ്ങളിലും ആനുപാതികമായി കൂടുതലാണെന്നാണ് അതുസംബന്ധിച്ച ഡാറ്റ പറയുന്നത് . എന്നാൽ, 2007 മുതൽ 10 വർഷക്കാലം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ ഗവേഷണത്തിൽ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ഡോക്ടർമാരുടെ ആയുർദൈർഘ്യം പൊതുശരാശരിക്ക് താഴെയാണെന്നാണ് കണ്ടെത്തിയത്.

1997 മുതൽ 2019 വരെ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ഡോക്ടർമാരുടെ ചരമക്കുറിപ്പുകൾ അടിസ്ഥാനപ്പെടുത്തി നടന്ന പഠനത്തിൽ കണ്ടത് ഡോക്ടർമാരുടെ ആയുർദൈർഘ്യം അവർ ജോലിയെടുക്കുന്ന സ്‌പെഷ്യാലിറ്റികളനുസരിച്ച് മാറുന്നു എന്നാണ്. ഉദാഹരണത്തിന് അനസ്‌തേഷ്യ വിഭാഗത്തിലുള്ള ഡോക്ടർമാരുടെ ആയുസ്സ് മറ്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടേതിനേക്കാൾ കുറവാണ്.

ആയുർദൈർഘ്യത്തിന്റെ കാര്യത്തിൽ ഈ വ്യത്യാസം നിലനിൽക്കുമ്പോഴും ഡോക്ടർമാർ പ്രൊഫെഷണൽസ് എന്ന നിലയിൽ അനുഭവിക്കുന്ന മാനസികപ്രശ്‌നങ്ങളുടെയും, പിരിമുറുക്കങ്ങളുടെയും കാര്യത്തിൽ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഒരേ അവസ്ഥയാണെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഡോക്ടർമാർക്കിടയിൽ കാണപ്പെടുന്ന ആത്മഹത്യാപ്രവണത ഒരു സൂചികയായെടുത്ത ഒട്ടനവധി വിശകലനങ്ങൾ കുറേ വർഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നു.

ഓസ്ട്രേലിയയിലെ ഒരു സർവ്വേ അനുസരിച്ച്, ആത്മഹത്യ ചെയ്യുന്ന വനിതാ ഡോക്ടർമാരുടെ എണ്ണം ജനറൽ പോപ്പുലേഷനുമായി താരതമ്യം ചെയ്യുമ്പോൾ 2.27 മടങ്ങാണ്, പുരുഷഡോക്ടർമാരുടേത് 1.41 മടങ്ങാണ്.

ഓസ്ട്രേലിയയിലെ ഒരു സർവ്വേ അനുസരിച്ച്, ആത്മഹത്യ ചെയ്യുന്ന വനിതാ ഡോക്ടർമാരുടെ എണ്ണം ജനറൽ പോപ്പുലേഷനുമായി താരതമ്യം ചെയ്യുമ്പോൾ 2.27 മടങ്ങാണ്, പുരുഷഡോക്ടർമാരുടേത് 1.41 മടങ്ങാണ്. വിക്കിപീഡിയയിലുള്ള ഒരു ആർട്ടിക്കിളിൽ (suicide among doctors) പറയുന്നത് അമേരിക്കയിൽ ഏതാണ്ട് 300-400 ഡോക്ടർമാരാണ് ഒരു വർഷം ആത്മഹത്യ ചെയ്യുന്നുവെന്നാണ്, ഒരു ലക്ഷത്തിൽ 28 നും 40 നുമിടക്കുവരും ആത്മഹത്യ ചെയ്യുന്ന ഡോക്ടർമാരുടെ എണ്ണം. ഇത് രാജ്യത്തെ പൊതുവെയുള്ള ആത്മഹത്യാനിരക്കിന്റെ ഇരട്ടിയാണ്.

ഓസ്ട്രേലിയയിൽ നടത്തിയ മറ്റൊരു പഠനത്തിൽ മുപ്പത് ശതമാനത്തോളം മെഡിക്കൽ സ്റ്റുഡന്റ്‌സും, ജൂനിയർ ഡോക്ടർമാരും വിഷാദല്മകമായ അവസ്ഥ (depression) അനുഭവിക്കുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഉത്കണ്ഠ (anxiety), വ്യഥ (distress), വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങൾ മറ്റു ജനവിഭാഗങ്ങളെക്കാൾ കൂടുതലായി ഡോക്ടർമാരുടെ ഇടയിൽ കാണപ്പെടുന്നു.

മാനസികപ്രശ്‌നങ്ങളുടെ സാദ്ധ്യത കൂട്ടുന്ന ഘടകങ്ങൾ (risk factors) മെഡിക്കൽ ജേർണൽ ഓഫ് ഓസ്‌ട്രേലിയ 2018 ൽ പ്രസിദ്ധീകരിച്ച, ലേഖനത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഘടകങ്ങളെ രണ്ടായി തിരിക്കാം.
ഒന്ന് വ്യക്തിയിൽ (individual) അധിഷ്ഠിതമായവ,
രണ്ട് വ്യവസ്ഥിതിയിൽ (system) നിലനിൽക്കുന്നവ.

അനസ്‌തേഷ്യ വിഭാഗത്തിലുള്ള ഡോക്ടർമാരുടെ ആയുസ്സ് മറ്റ് സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടേതിനേക്കാൾ കുറവാണ്. / Photo : Pixabay.com

ഒന്നാമത്തെ വിഭാഗത്തിൽ പെടുന്ന ഘടകങ്ങൾ: പൂർണ്ണതക്കു (perfectionism) വേണ്ടിയുള്ള നിർബന്ധം അതിരുകടക്കുമ്പോൾ അത് സമയത്തിനോ, ജോലി ചെയ്യുന്ന സ്ഥലത്തിനോ, ലഭ്യമായ വിഭവങ്ങൾക്കോ (reosurce) യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നു. അനുയോജ്യമല്ലാത്ത പൂർണതക്കു (maladaptive perfectionism) വേണ്ടിയുള്ള പരിശ്രമങ്ങൾക്കൊപ്പമുണ്ടാകുന്ന യാഥാർഥ്യബോധമില്ലാത്ത പ്രതീക്ഷകൾ (unrealistic expectations) പലപ്പോഴും മാനസിക സംഘർഷങ്ങൾക്ക് കാരണമാകുന്നു.

മദ്യത്തിനോടും, മറ്റ് ലഹരിയോടുമുമുള്ള ആസക്തിയും മറ്റേത് തൊഴിൽ മേഖലയിലുമെന്ന പോലെ മെഡിക്കൽ രംഗത്തും ഗുരുതരമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പ്രൊഫഷണൽ ജീവിതത്തിലുണ്ടാകാവുന്ന തിരിച്ചടികളെ (setbacks) സമചിത്തതയോടെ നേരിടാനുള്ള കഴിവ് (resilience) ആണ് ഒരു പരിധിവരെ സമ്മർദ്ദം കുറക്കാനും, മാനസിക- ശാരീരിക അവശതയിലേക്ക് (burn out) നീങ്ങാതിരിക്കാനും സഹായിക്കുക. ഇത് (resilience training) മെഡിക്കൽ വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതിയുടെ ഭാഗമായി ലഭ്യമാക്കണമെന്ന് പല പഠനങ്ങളിലും ശുപാർശ ചെയ്യപെട്ടിട്ടുണ്ട്.

ഔദ്യോഗിക ചുമതലകളും, സ്വകാര്യജീവിതവും സമീകരിച്ച് (work-life balance) കൊണ്ടുപോകുക എന്നത് വ്യക്തിയുടെ ക്ഷേമത്തിനും (wellbeing) ഉത്പാദനക്ഷമതക്കും (productivity) വളരെ പ്രധാനമാണ്. രാത്രിയേറെ ചെന്നുള്ള ഓൺലൈൻ ആക്ടിവിറ്റീസ്, കുട്ടികൾക്ക് പ്രിയപ്പെട്ട സ്‌ക്കൂൾ ഫംഗ്​ഷനിൽ കൂടെ പോകാൻ പറ്റാതിരിക്കുക, ഒരു വർഷം മാക്‌സിമം ജേർണൽ ആർട്ടിക്കിൾ പ്രസിദ്ധികരിക്കാനുള്ള വ്യഗ്രത, അർഹതപ്പെട്ട അവധിയെടുക്കാതെ തുടർച്ചയായ ജോലി തുടങ്ങിയ കാര്യങ്ങൾ ഒരാളുടെ തൊഴിലിനോടുള്ള പ്രതിബദ്ധതയുടെ സൂചകങ്ങളായി എടുത്തുപറയുമ്പോൾ അവ ആ വ്യക്തിയുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് അവഗണിക്കപ്പെടാറാണ് പതിവ്.

ഉത്കണ്ഠ (anxiety), വ്യഥ (distress), വിഷാദം തുടങ്ങിയ മാനസികപ്രശ്‌നങ്ങൾ മറ്റു ജനവിഭാഗങ്ങളെക്കാൾ കൂടുതലായി ഡോക്ടർമാരുടെ ഇടയിൽ കാണപ്പെടുന്നു. / Photo : Unsplash.com

വനിതാ ഡോക്ടർമാരുടെ കാര്യത്തിൽ മാതൃത്വസംബന്ധമായ (motherhood) ചുമതലകൾ, പ്രത്യേകിച്ചും സ്‌പെഷ്യലിറ്റി ട്രെയിനിങ് സമയത്ത്, മാനസികസംഘർഷങ്ങൾക്ക് കാരണമാകുന്നു. എമെർജൻസി ഡിപ്പാർട്ട്‌മെൻറ്​, ഒബ്സ്റ്റട്രിക്- ഗൈനെക്കോളജി, സർജിക്കൽ സ്‌പെഷ്യലൈറ്റിസ് എന്നീ മേഖലകളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാർ നേരിടേണ്ടിവരുന്ന തൊഴിൽ-കുടുംബ അസന്തുലിതാവസ്ഥ പുരുഷഡോക്ടർമാരുടേതിനേക്കാൾ വളരെ വലുതാണ്.

മദ്യത്തിനോടും, മറ്റ് ലഹരിയോടുമുമുള്ള ആസക്തിയും മറ്റേത് തൊഴിൽ മേഖലയിലുമെന്ന പോലെ മെഡിക്കൽ രംഗത്തും ഗുരുതരമാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ജോലിയുമായി ബന്ധപ്പെട്ട മാനസികപ്രശ്‌നങ്ങളെ അംഗീകരിക്കാനും, അവക്ക് പ്രതിവിധി തേടാനുമുള്ള വൈമുഖ്യം ഡോക്ടർമാർക്കിടയിൽ കൂടുതലാണ്. നിഷേധാത്മക നിലപാടായിരിക്കും പലപ്പോഴും കൈക്കൊള്ളുന്നത്.

രണ്ടാമത്തെ വിഭാഗത്തിൽ പെടുന്നവ: തൊഴിൽപരമായ സൗഹാർദ്ദവും, സഹകരണവും (collegiality) കുറയുന്നതും, അനാരോഗ്യകരമായ മത്സരം (unhealthy competition) വർദ്ധിക്കുന്നതും ഡോക്ടർമാരുടെ മാനസികപ്രശ്‌നങ്ങൾക്ക് ഗണ്യമായ തോതിൽ കാരണമാകുന്നുവെന്നാണ് പല ഓസ്ട്രേലിയൻ പഠനങ്ങളും കാണിക്കുന്നത്.

12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ലോറയെ കോവിഡ് ബാധിച്ച രോഗികളുടെ അവസ്ഥ പലപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. ആംബുലൻസിൽനിന്ന് കാഷ്വൽറ്റിയിൽ എത്തും മുമ്പേ രോഗികൾ മരിക്കുന്ന കാഴ്ച നിരന്തരം കണ്ടുനിൽക്കേണ്ടി വന്നത് അവളെ കടുത്ത വിഷാദത്തിലേക്കാണ് നയിച്ചിരുന്നത്​.

ഒരു പാട് അനിശ്ചിതത്വങ്ങൾ ഉള്ള ഫീൽഡാണ് മെഡിസിൻ (Uncertainty is fundamental to medicine). പക്ഷെ അത് ഉൾക്കൊള്ളുന്ന ഒരു നിലവാരത്തിലേക്ക് മെഡിക്കൽ സമൂഹം എത്തിയിട്ടില്ല എന്നതാണ് സത്യം. അനിശ്ചിതത്വങ്ങളോടുള്ള അസഹിഷ്ണുത (intolerance) ഡോക്ടർമാരെ മാനസികസംഘർഷങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് 2021 ൽ അമേരിക്കൻ ജേർണൽ ഓഫ് ഇന്റേർണൽ മെഡിസിൻ നടത്തിയ പഠനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനുള്ള പരിശീലനം വളരെ അത്യവശ്യമാണെന്നാണ് അമേരിക്കൻ ഡോക്ടർ ലോറ ബീനിന്റെ (Lorna M. Breen) ആത്മഹത്യ പോലുള്ള സംഭവങ്ങൾ തെളിയിക്കുന്നത്.

ഒരു എമർജൻസി ഡോക്ടറായിരുന്ന ലോറയുടെ സേവനം കോവിഡ് മൂർച്ഛിച്ച സമയത്ത് ദേശീയശ്രദ്ധ നേടിയിരുന്നു. 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ലോറയെ കോവിഡ് ബാധിച്ച രോഗികളുടെ അവസ്ഥ പലപ്പോഴും അസ്വസ്ഥയാക്കിയിരുന്നു. ആംബുലൻസിൽനിന്ന് കാഷ്വൽറ്റിയിൽ എത്തും മുമ്പേ രോഗികൾ മരിക്കുന്ന കാഴ്ച നിരന്തരം കണ്ടുനിൽക്കേണ്ടി വന്നത് അവളെ കടുത്ത വിഷാദത്തിലേക്കാണ് നയിച്ചിരുന്നത്​. മുൻപൊരിക്കലും മാനസിക പ്രശ്‌നങ്ങളുമില്ലാതിരുന്നതുകൊണ്ട് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. കോവിഡ് ബാധിച്ചതിനാൽ കുറച്ചുനാൾ ലീവിലായിരുന്ന ലോറ ഡ്യൂട്ടിക്ക് ജോയിൻ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് മരിച്ചത്.

വനിതാ ഡോക്ടർമാരുടെ കാര്യത്തിൽ മാതൃത്വസംബന്ധമായ (motherhood) ചുമതലകൾ, പ്രത്യേകിച്ചും സ്‌പെഷ്യലിറ്റി ട്രെയിനിങ് സമയത്ത്, മാനസികസംഘർഷങ്ങൾക്ക് കാരണമാകുന്നു. / Photo : Wikimedia Commons

തൊഴിൽ സ്ഥിരത (job security) ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിൽ പ്രൊഫഷണൽ മേഖലയിലുള്ളവർ നേരിടുന്ന വെല്ലുവിളിയാണ്. നിലനിർത്തേണ്ട ഉയർന്ന നിലവാരം (professional standard) വർഷംതോറുമുള്ള കൃത്യമായ വിലയിരുത്തലിന് വിധേയമാണ്. അതേസമയം, നിരന്തരം നടത്തേണ്ട നവീകരണപ്രക്രിയ (updating) വ്യക്തിജീവിതത്തെ ബാധിക്കാതെ കൊണ്ടുപോകാനുള്ള പരിശീലനം പഠനകാലത്ത് കിട്ടാതെ പോകുന്നു.

പൊതുജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടവരായ ഡോക്ടർമാർക്ക് മാനസികപ്രശ്‌നങ്ങളുണ്ടാകാം എന്ന യാഥാർഥ്യം വ്യവസ്ഥിതി തിരിച്ചറിയാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഓസ്ട്രേലിയൻ സിസ്റ്റം എന്താണ് ചെയ്യുന്നത് എന്നുനോക്കാം.

പലപ്പോഴും മെഡിക്കൽ രംഗത്തെ കുറിച്ചുള്ള പൊതുഅറിവിന്റെ അടിസ്ഥാനത്തിലല്ല വിദ്യാർഥികൾ തങ്ങളുടെ കരിയർ ചോയ്‌സ് ആയി മെഡിസിൻ എടുക്കുന്നത്. അക്കാദമിക് ബ്രില്യൻസ് മാത്രമായിരിക്കരുത് മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡം എന്ന നയം വന്നത് 2000 ത്തിനുശേഷമാണ്.

മാനസികാരോഗ്യ സേവന രംഗം (mental health service) വളരെ കാര്യക്ഷമമായ രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. മാനസിക രോഗചികിത്സ പ്രഥാമികാരോഗ്യ സംരക്ഷണവുമായി (primary health care) സംയോജിപ്പിച്ചിരിക്കുന്നു. സാർവത്രിക സൗജന്യ ആരോഗ്യസംരംക്ഷണത്തിന്റെ (Universal free health care) ഭാഗമാണ് മെന്റൽ ഹെൽത്ത് സർവീസ്. ആശുപത്രിയിൽ പ്രവേശിച്ചിട്ടുള്ള ചികിത്സ ആവശ്യമില്ലെങ്കിൽ കമ്യൂണിറ്റി മെന്റൽ ഹെൽത്ത് ക്ലിനിക് വഴിയോ, ജനറൽ പ്രാക്റ്റീഷണർ (ഫാമിലി ഡോക്ടർ) വഴിയോ ആണ് സേവനം ലഭ്യമാകുന്നത്. സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, തെറാപ്പിസ്റ്റ്, സോഷ്യൽ വർക്കർ, മെന്റൽ ഹെൽത്ത് നേഴ്‌സ് എന്നീ വിവിധ പ്രൊഫഷണൽസ് (multidisciplinary) അടങ്ങിയ ഒരു ടീം ആയിട്ടാണ് മെന്റൽ ഹെൽത്ത് സർവീസ് വികസിപ്പിച്ചിരിക്കുന്നത്.

ബീയോണ്ട് ബ്ലൂ, ലൈഫ് ലൈൻ, സെയിൻ ഓസ്ട്രേലിയ, സൂയിസൈഡ് ഹെൽപ്പ്, മൈൻഡ് ഓസ്ട്രേലിയ എന്നീ സന്നദ്ധസംഘടനകൾ മെന്റൽ ഹെൽത്ത് ക്രൈസിസ് അനുഭവിക്കുന്നവർക്ക് ഏതുസമയത്തും സഹായവുമായി എത്തുന്നു. സർക്കാർ ഇതര മേഖലയിലാണ് ഈ സംഘടനകൾ എങ്കിലും സാമ്പത്തികവും, സാങ്കേതികവുമായ പിന്തുണ ഗവൺമെൻറ്​ ഉറപ്പുവരുത്തുന്നു. ഏതാണ്ട് 11 ബില്യൺ ഡോളറാണ് 2019-20 സാമ്പത്തികവർഷം മെന്റൽ ഹെൽത്ത് സംബന്ധമായ സേവനങ്ങൾക്ക് ഓസ്ട്രേലിയൻ ഗവണ്മെൻറ്​ ചെലവാക്കിയത്.

ഡോക്ടർ ലോറ ബീൻ. / Photo : Dr. Lorna Breen Heroes' Foundation, Fb Page

മെഡിക്കൽ രംഗത്തുള്ളവരുടെ മാനസികപ്രശ്‌നങ്ങൾ എങ്ങനെയാണ് പരിഹരിക്കപ്പെടുന്നത്?

പൊതുജനങ്ങൾക്ക് ലഭ്യമായ മെന്റൽ ഹെൽത്ത് സേവനങ്ങൾ ഡോക്ടർമാർക്കും ലഭ്യമാണ്. എന്നാൽ ഡോക്ടർമാരുടെ തൊഴിൽ മേഖലയിലെ തനതായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ പ്രത്യേകമായി എന്തുചെയ്യുന്നു എന്നതാണ് പ്രാധാന്യമർഹിക്കുന്ന വിഷയം.

പലപ്പോഴും മെഡിക്കൽ രംഗത്തെ കുറിച്ചുള്ള പൊതുഅറിവിന്റെ അടിസ്ഥാനത്തിലല്ല വിദ്യാർഥികൾ തങ്ങളുടെ കരിയർ ചോയ്‌സ് ആയി മെഡിസിൻ എടുക്കുന്നത്. അക്കാദമിക് ബ്രില്യൻസ് മാത്രമായിരിക്കരുത് മെഡിക്കൽ പ്രവേശനത്തിനുള്ള മാനദണ്ഡം എന്ന നയം വന്നത് 2000 ത്തിനുശേഷമാണ്. അഭിരുചി നിർണയത്തിനുള്ള (aptitude) ടെസ്റ്റുകളും, ഇന്റർവ്യൂകളും പാസായാൽ മാത്രമേ മെഡിക്കൽ പ്രവേശനത്തിന് അർഹത നേടൂ എന്ന വ്യവസ്ഥ കൊണ്ടുവന്നത് മാനസിക തയാറെടുപ്പും, പക്വതയും ഈ മേഖലയിലേക്ക് വരുന്നവർക്കുണ്ടെന്ന് ഉറപ്പുവരുത്താനാണ്.

ഗവൺമെൻറ്​ സെക്ടറിലായിരുന്നാൽ പോലും ഓസ്ട്രേലിയയിലെ ഒരോ ആശുപത്രികളും ഓരോ സ്വതന്ത്ര (autonomous) സ്ഥാപനങ്ങളാണ്. പ്രാദേശികാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികൾക്കാണ് ഭരണച്ചുമതല.

ഒട്ടു മിക്ക ഓസ്ട്രേലിയൻ യൂണിവേഴ്‌സിറ്റികളും ഇയർ 12 (പ്ലസ് 2) കഴിഞ്ഞുള്ള എം.ബി.ബി.എസ്​ പ്രവേശനം നിറുത്തലാക്കിയിരിക്കുന്നു. മെഡിസിൻ എന്നത് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഡിഗ്രിക്ക് കിട്ടിയ ഉന്നത വിജയത്തിനൊപ്പം ആപ്റ്റിട്യൂഡ് ടെസ്റ്റും പാസായാലേ എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടൂ. മെഡിസിൻ പോലെ വെല്ലുവിളികൾ നിറഞ്ഞ ഒരു മേഖലയിലേക്ക് വരാനുള്ള തീരുമാനം അറിവിന്റെയും, അനുഭവത്തിന്റെയും, അഭിരുചിയുടെയും അടിസ്ഥാനത്തിലാകണം എന്ന ഉദ്ദേശ്യത്തോടെയാണ് പ്രധാനമായും ഈ പ്രവേശനരീതി.

യൂണിവേഴ്‌സിറ്റി ബേസ്ഡ് ആണ് ഓസ്ട്രേലിയയിലെ മെഡിക്കൽ വിദ്യാഭ്യാസം. യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്​ത ആശുപത്രികളും, ക്ലിനിക്കുകളും ആണ് കാമ്പസ്, ഇത് കേരളത്തിലെ കോളേജ് കാമ്പസ്​ സെറ്റപ്പിൽ നിന്ന് വിഭിന്നമാണ്. ഓരോ യൂണിവേഴ്‌സിറ്റിയിലും മെഡിക്കൽ വിദ്യാർഥികൾക്കുമാത്രമായി കൗൺസിലിങ് സർവീസുണ്ട്. കൂടാതെ, വിദ്യാർഥികൾക്ക്​ മാർഗദർശനം (mentoring) നൽകാനും, ക്ഷേമം (wellbeing) അന്വേഷിക്കാനും, മാനസികമായ ഭീഷണികളും, പീഡനങ്ങളും (bullying and harassment) തടയാനുമുള്ള സംവിധാനങ്ങളുണ്ടായാൽ മാത്രമേ കോഴ്‌സ് നടത്താൻ അംഗീകാരം കിട്ടൂ. ഇത് യൂണിവേഴ്‌സിറ്റികൾക്കുമാത്രമല്ല, ആശുപത്രികൾക്കും ബാധകമാണ്.

ഓസ്ട്രേലിയയിലെ ചാരിറ്റബിൾ ഓർഗനൈസേഷനായ ബീയോണ്ട് ബ്ലൂവിൻറെ വൊളണ്ടിയേഴ്‌സ്

ഗവൺമെൻറ്​ സെക്ടറിലായിരുന്നാൽ പോലും ഓസ്ട്രേലിയയിലെ ഒരോ ആശുപത്രികളും ഓരോ സ്വതന്ത്ര (autonomous) സ്ഥാപനങ്ങളാണ്. പ്രാദേശികാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റികൾക്കാണ് ഭരണച്ചുമതല. ഡിപ്പാർട്ട്‌മെൻറ്​ ഓഫ് ഹെൽത്തിന്റെ ഫണ്ടും, മേൽനോട്ടവും ഉണ്ടാകും. മാർഗരേഖകൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പുവരുത്താൻ സർക്കാർ തലത്തിൽ നിശ്ചിത കാലയളവുകളിൽ ഇൻസ്പെക്ഷൻ നടക്കുന്നു. ഇത് തൃപ്തികരമാണെങ്കിലേ ആശുപത്രികൾ നടത്താൻ അനുമതി (accreditation) നൽകൂ. മേല്പറഞ്ഞ മെന്റോറിങ്, സ്റ്റാഫ് വെൽ ബീയിങ്, ബുള്ളിയിങ്- ഹരാസ്‌മെൻറ്​ പ്രിവെൻഷൻ സംവിധാനങ്ങളുണ്ടായിരിക്കണമെന്നത് ഹോസ്പിറ്റൽ അക്രഡിറ്റേഷനുള്ള പ്രധാന (essential) നിബന്ധനകളിലൊന്നാണ്.

എംപ്ലോയി അസ്സിസ്റ്റൻസ് സർവീസും സ്റ്റാഫ് വെൽ ബീയിങ് സെന്ററും എല്ലാ ഗവൺമെൻറ്​ ഹോസ്പിറ്റലിലും 24 മണിക്കൂറും ലഭ്യമാണ്. സ്വകാര്യത ഉറപ്പു വരുത്തി ഡി​പ്രഷൻ, ഉത്കണ്ഠ, സഹപ്രവർത്തകരുമായുള്ള സംഘർഷങ്ങൾ, കുടുംബ ബന്ധങ്ങളിലെ പ്രശ്​നങ്ങൾ, വിയോഗദുഃഖം (grief / loss or bereavement) തുടങ്ങി വ്യക്തിപരമായോ, ഔദ്യോഗികമായോ ഉള്ള പ്രശ്‌നങ്ങളിൽ ജൂനിയർ- സീനിയർ സ്റ്റാഫിന് സമീപിക്കാവുന്ന രീതിയിലാണ് ആശുപത്രികളിൽ ഇത്തരം സംവിധാനങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

സർജിക്കൽ ട്രെയിനിങ് സമയത്ത് വനിതാഡോക്ടർമാർ നേരിടേണ്ടിവരുന്ന ജൻഡർ ഡിസ്‌ക്രിമിനേഷനെ കുറിച്ച് വാസ്‌ക്കുലാർ സർജനായിരുന്ന ഗബ്രിയേല മാക്മുള്ളിൻ 2015 ലെ ലോക വനിതാദിനത്തിൽ നൽകിയ ഇന്റർവ്യൂ ഓസ്ട്രേലിയയിൽ മാത്രമല്ല, വിദേശത്തും കോളിളക്കം സൃഷ്ടിച്ചു.

ഓസ്ട്രേലിയയിൽ സ്‌പെഷ്യലിസ്റ്റ് ക്വാളിഫിക്കേഷൻ നൽകുന്നത് അതാത് അക്കാഡമിക് ഫാക്കൽറ്റികളാണ്. സ്​പേഷ്യസ്​റ്റ്​ ട്രെയിനിംഗ് സമയത്തെ സമ്മർദ്ദങ്ങളും, സംഘർഷങ്ങളും ലഘൂകരിക്കാനുള്ള നടപടികൾ ഫാക്കൽറ്റികൾ ആശുപത്രികളും, ലോക്കൽ ഗവൺമെന്റുകളുമായി ചേർന്ന് കൈക്കൊണ്ടുവരുന്നു.

സർജിക്കൽ ട്രെയിനിങ് സമയത്ത് വനിതാഡോക്ടർമാർ നേരിടേണ്ടിവരുന്ന ജൻഡർ ഡിസ്‌ക്രിമിനേഷനെ കുറിച്ച് വാസ്‌ക്കുലാർ സർജനായിരുന്ന ഗബ്രിയേല മാക്മുള്ളിൻ (Gabrielle McMullin) 2015 ലെ ലോക വനിതാദിനത്തിൽ നൽകിയ ഇന്റർവ്യൂ ഓസ്ട്രേലിയയിൽ മാത്രമല്ല, വിദേശത്തും കോളിളക്കം സൃഷ്ടിച്ചു. സർജിക്കൽ ഫാക്കൽറ്റി ഇതിനെ ഗൗരവമായി കാണുകയും, കർശനമായ നിബന്ധനകൾ ട്രെയിനിങ് സിസ്റ്റത്തിൽ കൊണ്ടുവരികയും ചെയ്തു. വനിത സർജിക്കൽ ട്രെയിനികളുടെ എണ്ണം വർദ്ധിപ്പിച്ചു. ജൻഡർ ഇക്വാലിറ്റിയുടെ കാര്യത്തിൽ ഗുണപരമായ മാറ്റങ്ങൾ ഫാക്കൽറ്റി നടത്തിയ പരിഷ്‌ക്കാരങ്ങൾ കൊണ്ടുണ്ടായി എന്നാണ് പിന്നീടുള്ള പ്രതികരണങ്ങളിൽ വന്നിട്ടുള്ളത്.

ബ്രിയേല മാക്മുള്ളിൻ

ഇതിനുപുറമെ, ഓസ്ട്രേലിയൻ മെഡിക്കൽ അസോസിയേഷൻ അംഗങ്ങളുടെ മാനസികാരോഗ്യസംരക്ഷണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന മെന്റൽ ഹെൽത്ത് സപ്പോർട്ട് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട് ( Drs4Drs.com.au). ഗവൺമെൻറ്​ നൽകുന്ന ഗ്രാൻറ് ആണ് ഈ സർവീസിന്റെ സാമ്പത്തികസ്രോതസ്​

മെഡിക്കൽ പ്രൊഫെഷണൽസുകൾക്കിടയിൽ മാനസികപ്രശ്‌നങ്ങളുണ്ടെന്നുള്ള യാഥാർഥ്യം തിരിച്ചറിയുന്നതിൽ ആ രംഗത്തുള്ളവർക്കും, നയരൂപീകരണ വിദഗ്​ധർക്കും കാലതാമസമുണ്ടായി എന്നതുകൊണ്ടുതന്നെ പ്രതിരോധ സംവിധാനങ്ങളും, പരിഹാരമാർഗ്ഗങ്ങളും ഇപ്പോഴും വികസിച്ചുവരുന്നതേയുള്ളൂ.

കോവിഡാനന്തരകാലത്ത് ഉണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ ഇന്നുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു

സിസ്റ്റം ഒരു പരിവർത്തനത്തിന്റെ പാതയിൽ നീങ്ങികൊണ്ടിരിക്കുമ്പഴാണ് കോവിഡ് വരുന്നത്. കോവിഡ് തന്നെ ഒരു പുതിയ പ്രതിഭാസമായിരിക്കുന്ന സാഹചര്യത്തിൽ അതുമൂലം ആരോഗ്യമേഖലയിലുണ്ടായ സാമൂഹ്യ- മാനസിക പ്രത്യാഘാതങ്ങൾ ഇനിയും മനസ്സിലായി വരുന്നതേയുള്ളൂ. സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും വിയോഗം, രോഗത്തിനുമുമ്പിൽ പലപ്പോഴുമുണ്ടായ നിസ്സഹായാവസ്ഥ, നീണ്ട ജോലിസമയം, തുടരുന്ന സ്റ്റാഫ് ഷോർട്ടേജ്, പൂർണമായും ഇനിയും മനസ്സിലായിട്ടില്ലാത്ത ‘ലോങ്ങ് കോവിഡ്’ എന്ന അവസ്ഥ; ഇതിന്റെയൊക്കെ ഫലമായി കോവിഡാനന്തരകാലത്ത് ഉണ്ടാകാൻ പോകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ ഇന്നുള്ള സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.

ഓസ്ട്രേലിയൻ ഗവൺമെന്റും, ഇതര ഏജൻസികളും സ്വീകരിച്ച നടപടികൾ ഒരു പരിധി വരെ ശരിയായ ദിശയിലാണെന്നുള്ളത് ശുഭസൂചകമാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments