Sitting is The New Smoking, സർക്കാഡിയൻ റിഥം; ചില ക്ലിനിക്കൽ സെനാരിയോസ്

“2018-ലെ കണക്കനുസരിച്ച് ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 65 ശതമാനം ആളുകളും ഒന്നുകിൽ ആവശ്യത്തിലേറെ ശരീരഭാരമുള്ളവരോ അല്ലെങ്കിൽ അമിതവണ്ണമുള്ളവരോ ആണ്. അമിതവണ്ണം കൊണ്ട് രാജ്യത്തിനുള്ള അധിക ചിലവ് ഏതാണ്ട് 33 ബില്യൺ ഡോളർ ആണ്,” ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം- Good Evening Friday- തുടരുന്നു.

Good Evening Friday - 19

കഴിഞ്ഞ ദിവസം ക്രിസ്റ്റി ബ്രാഡ്‌ലി എന്നൊരു പേഷ്യന്റ് എന്നെ ഒപിയിൽ കാണാൻ വന്നിരുന്നു.

ഏതോ ബന്ധുവിന്റെ മുട്ടുവേദന ഞാൻ ചികിൽസിച്ചിട്ട് മാറിയിട്ടുണ്ടെന്നും, അതിനാലാണ് എന്നെ തന്നെ കാണാൻ വന്നതെന്നും ക്രിസ്റ്റി വളരെ കാര്യമായിട്ട് എന്നോട് പറഞ്ഞു.

കേട്ടിട്ട് ഒരു സന്തോഷമൊക്കെ തോന്നേണ്ടതാണ്, പക്ഷെ ക്രിസ്റ്റിയുടെ ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡ്സിൽ എന്റെ കൊളീഗ് ഗ്ലെൻ റിച്ചാർഡ്സൺന്റെ സ്പെഷ്യൽ നോട്ട് കണ്ടപ്പോൾ തോന്നാനിരുന്ന സന്തോഷം ആവിയായി പോയി.

'ക്രിസ്റ്റിക്ക് തന്റെ ശരീരത്തിന്റെ വണ്ണത്തെ കുറിച്ച് പറയുന്നത് ഇഷ്ടമല്ല, അവളുടെ ആരോഗ്യപ്രശ്നങ്ങളുടെ പ്രധാന കാരണം അമിതവണ്ണമാണുതാനും. വണ്ണം കുറക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ച രണ്ട് ഡോക്ടർമാർക്കെതിരെ ക്രിസ്റ്റി കംപ്ലൈന്റ് ചെയ്തിട്ടുണ്ട്, ബോഡി ഷെയിമിങ്ങ് നടത്തി എന്നാരോപിച്ച്. ക്രിസ്റ്റി ശ്രദ്ധിക്കാത്ത രണ്ട് സംഗതികളാണ് ഡയറ്റ് കണ്ട്രോൾ ആൻഡ് എക്സർസൈസ് '

റെക്കോർഡ്സിൽ മൂന്ന് മാസം മുമ്പുള്ള ക്രിസ്റ്റിയുടെ വെയ്റ്റ് 124kg. ബോഡി മാസ്സ് ഇൻഡക്സ് (BMI) 42.2

(BMI ഹൈറ്റും വെയിറ്റും അടിസ്ഥാനമാക്കിയുള്ള ഒരു മെഷർമെന്റാണ്. BMI = body weight (in kg) ÷ height (in meters) squared.

18.5ന് താഴെ : ആവശ്യത്തിന് ഭാരമില്ല (Underweight)

18.5 – 24.9: ആരോഗ്യകരമായ ഭാരം (Healthy Weight)

25.0 – 29.9: അനാരോഗ്യകരമായ ഭാരം (Overweight)

30.0ന് മുകളിൽ: അമിതഭാരം (Obesity)

40 ന് മുകളിൽ: അപകടകരമായ അമിത ഭാരം (Dangerously Obese)

ഗർഭിണികളിലും, വെയ്റ്റ് ലിഫ്റ്റെഴ്സ്, അത്‌ലറ്റുകൾ എന്നിവരിലും BMI ഉപയോഗപ്രദമല്ല. കാരണം BMI വഴി ഫാറ്റ് ആണോ മസ്സിൽ ആണോ, ഫ്ലൂയിഡ് ആണോ ഭാരം കൂട്ടുന്നത് എന്ന് വേർതിരിച്ച് മനസ്സിലാക്കാൻ കഴിയില്ല എന്നത് കൊണ്ടാണ്. കുട്ടികൾക്ക് പ്രത്യേമായ BMI ചാർട്ടാണ് ഉപയോഗിക്കുന്നത്.

കൊഴുപ്പടിയുന്നത് മൂലമുള്ള ഭാരക്കൂടുതൽ തിട്ടപ്പെടുത്തുന്നതിന് മുതിർന്നവർക്കുള്ള മറ്റൊരു മെഷർമെന്റാണ് Waist Circumference (അരക്കെട്ടിന്റെ ചുറ്റളവ് WC). ഏറ്റവും താഴെയുള്ള വാരിയെല്ലിനും (rib) ഇടുപ്പെല്ലിനും (top of the hipbone) മദ്ധ്യേ, ശ്വാസം പൂർണ്ണമായും പുറത്ത് വിട്ടതിന് ശേഷം, ടേപ്പ് അധികം ശരീരത്തിൽ അമർത്താതെയാണ് അളവെടുക്കേണ്ടത്.

WC സ്ത്രീകൾക്ക് <80 cm ഉം, പുരുഷന്മാർക്ക് <94cm ഉം ആകുന്നതാണ് ആരോഗ്യകരം. ഇത് യഥാക്രമം

88/102 cm-ന് മുകളിൽ വരുന്നത് പലതരത്തിലുള്ള അസുഖങ്ങളുണ്ടാകുന്നതിന് കാരണമാകാം)

ക്രിസ്റ്റിയുടെ ഡയറ്റീഷ്യനും, സോഷ്യൽ വർക്കറും രേഖപ്പെടുത്തിയിട്ടുള്ളത് പ്രകാരം,

അമിതമായി ഭക്ഷണം കഴിക്കാറില്ലെന്നാണ് ക്രിസ്റ്റിയുടെ നിലപാട്. അപൂർവമായേ ക്രിസ്റ്റി വീട്ടിൽ ഭക്ഷണം പാകം ചെയ്യാറുള്ളൂ എന്നത് ശരിയാണ്. പക്ഷെ ക്രിസ്റ്റി താമസിക്കുന്നതിന്റെ ഒരു കിലോമീറ്ററിനുള്ളിലാണ് മക് ഡൊണാൾഡ്‌സ്, കെഎഫ്സി, റൂസ്റ്റ് ചിക്കൻ എന്നീ ഫാസ്റ്റ് ഫുഡ് ഷോപ്പുകൾ. ഇപ്പോൾ ഹോം ഡെലിവെറിയും ലഭ്യമാണ്. ചോദിച്ച് വരുമ്പോൾ ക്രിസ്റ്റി കഴിക്കുന്നത് മിക്കവാറും ജങ്ക് ഫുഡ് ആണ്. റിസ്പഷനിസ്റ്റ് ആയതുകൊണ്ട് ജോലിയും ഇരുന്നിട്ടാണ്. കുറച്ച് ദൂരത്തേക്കുള്ള കാർ ഡ്രൈവിങ്ങാണ് ക്രിസ്റ്റി ആകെ ചെയ്യുന്ന ഫിസിക്കൽ ആക്ടിവിറ്റി.

ദാറ്റ് മീൻസ്, ക്രിസ്റ്റി ജീവിക്കുന്നത് അമിതവണ്ണത്തിന് അനുയോജ്യമായ അന്തരീക്ഷത്തിലാണ് (Obesogenic Environment).

ഞാൻ ഒബീസിറ്റിയുടെ സ്റ്റാറ്റിസ്റ്റിക്‌സ് നോക്കി,

2018-ലെ കണക്കനുസരിച്ച് ഓസ്‌ട്രേലിയൻ ജനസംഖ്യയുടെ 65 ശതമാനം ആളുകളും ഒന്നുകിൽ ആവശ്യത്തിലേറെ ശരീരഭാരമുള്ളവരോ അല്ലെങ്കിൽ അമിതവണ്ണമുള്ളവരോ ആണ്. അമിതവണ്ണം കൊണ്ട് രാജ്യത്തിനുള്ള അധിക ചിലവ് ഏതാണ്ട് 33 ബില്യൺ ഡോളർ ആണ്.

WHO പറയുന്നത് ലോകത്തിലെ 39 ശതമാനം ആളുകളും അനാരോഗ്യകരമായ വണ്ണമുള്ളവരും, 13 ശതമാനം അമിതവണ്ണമുള്ളവരും ആണെന്നാണ്. 'Most of the world's population live in countries where overweight and obesity kills more people than underweight' എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.

സ്റ്റാറ്റിസ്റ്റിക്സ് അറിഞ്ഞിട്ട് തൽക്കാലം കാര്യമില്ല, അറിയേണ്ടത്, ക്രിസ്റ്റിയെ എങ്ങനെ മാനേജ് ചെയ്യും?

"മുട്ടുവേദനക്ക് ഞാൻ മരുന്ന് എഴുതിതരാം" പരിശോധനക്ക് ശേഷം ഞാൻ പറഞ്ഞു. "പക്ഷേ രണ്ട് കണ്ടീഷൻസ് ഉണ്ട്"

"ഡയറ്റും, എക്സർസൈസും ഞാൻ കുറെ കേട്ടതാണ്"

"അതല്ല"

"ദെൻ ഓക്കേ"

"ശ്രമിക്കാമെന്ന് വാക്ക് തരണം"

"ശ്രമിക്കാം"

"ഞാൻ ക്രിസ്റ്റിയിൽ കണ്ട പോസിറ്റീവ്സ് എന്താണന്നറിയോ?"

"നോ"

"പുകവലിയില്ല, ആൽക്കഹോൾ ആണെങ്കിൽ വല്ലപ്പോഴുമുള്ള ഒന്നോ രണ്ടോ ഗ്ളാസ് വൈൻ മാത്രം"

"താങ്ക് യു"

"വെൽക്കം, ഒരു മൈനസും ഉണ്ട് പക്ഷേ. ബട്ട് ഇറ്റ് ഈസ് നോട്ട് യുവർ ഫോൾട്ട്"

"അതെന്താണ്?"

"ജോലി സംബന്ധമായി ക്രിസ്റ്റിക്ക് മണിക്കൂറുകളോളം ഇരിക്കേണ്ടി വരുന്നു"

"അത് ശരിയാണ്"

"അതിനാൽ പുകവലിക്കാതിരിക്കുന്നതിന്റെ ഗുണം മുഴുവൻ ക്രിസ്റ്റിക്ക് കിട്ടുന്നില്ല"

"മനസ്സിലായില്ല"

"അതെന്താന്ന് വെച്ചാൽ ക്രിസ്റ്റി, പുതിയ ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുള്ളത് ‘SITTING IS THE NEW SMOKING’ എന്നാണ്. 54 രാജ്യങ്ങളിലായി നടത്തിയ ഒരു പഠനത്തിൽ കണ്ടത് ആകെയുള്ള മരണങ്ങളിൽ നാല് ശതമാനം തുടർച്ചയായി ഇരിക്കുന്നത് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ കൊണ്ടാണെന്നാണ്"

"ഓഹോ, എനിക്കെന്ത് ചെയ്യാൻ പറ്റും?"

"കാര്യമായിട്ടൊന്നും വേണ്ട, ഓരോ മുപ്പത് മിനിറ്റ് ഇരിക്കുമ്പോഴും, രണ്ട് മിനിറ്റ് ഒന്ന് എഴുന്നേറ്റ് നിൽക്കുക, പറ്റുമെങ്കിൽ നടക്കുക"

"അയ്യോ, ഒരുപാട് ഫോൺ വരുന്ന ഓഫീസാണ്"

"ഹാൻഡ് സെറ്റ് ഉണ്ടല്ലോ, അത് പിടിച്ച് നടക്കാമല്ലോ"

"അത് ചെയ്യാം"

"യു വിൽ നോട്ട് റിഗ്രെറ്റ്, ഗുണമുണ്ടാകും”

"എന്താണ് രണ്ടാമത്തെ കണ്ടീഷൻ?"

"ക്രിസ്റ്റി സർക്കാഡിയൻ റിഥം (ജൈവഘടികാരം) എന്ന് കേട്ടിട്ടുണ്ടോ?"

"കാര്യമായിട്ട്... ഇല്ല"

"നമ്മുടെ ശരീരത്തിൽ രണ്ട് തരം ബയോളജിക്കൽ ക്ലോക്കുകളുണ്ട്. ഒന്നാമത്തേത് സെൻട്രൽ ക്ളോക്ക്. ഒരെണ്ണമേയുള്ളൂ. അത് ബ്രയിനിനകത്താണ്, ഹൈപ്പോതലാമസ് എന്ന ഭാഗത്ത്. ഈ ക്ളോക്ക് പ്രധാനമായും വെളിച്ചം-ഇരുട്ട് വ്യത്യാസത്തിനോടാണ് പ്രതികരിക്കുന്നത്. ബാഹ്യമായിട്ടുള്ള ക്ളോക്ക് ശരീരത്തിലെ എല്ലാ കോശത്തിനകത്തും ഓരോന്ന് വീതമുണ്ട്. ഇവയുടെ യോജിച്ചുള്ള പ്രവർത്തനമാണ് സർക്കാഡിയൻ റിഥം എന്ന് പറയുന്നത്. ഓർക്കസ്ട്ര കണ്ടിട്ടില്ലേ ക്രിസ്റ്റി?"

"യെസ്"

"ശരീരത്തിലെ ഓർക്കസ്ട്രയാണ് ഈ റിഥം എന്ന് പറയാം. അതിലെ മ്യൂസിക്ക് കണ്ടക്ടർ ആണ് സെൻട്രൽ ക്ളോക്ക്. മറ്റു ക്ളോക്കുകൾ ഓർക്കസ്ട്രയിലെ മെമ്പർമാരാണ്. ഓർക്കസ്ട്രയിലെ അംഗങ്ങൾ ഓരോ ഇൻസ്ട്രുമെന്റ് പ്ലേ ചെയ്യുന്നു. കണ്ടക്ടർ കൃത്യമായ നിർദ്ദേശങ്ങൾ നൽകി മെലഡി സുന്ദരമാക്കുന്നു. അതുപോലെ കോശങ്ങളിലെ ക്ളോക്കുകളും സെൻട്രൽ ക്ലോക്കും ചേർന്ന് ശരീരത്തിന് ആരോഗ്യകരമായ റിഥം നൽകുന്നു. ഈ റിഥമാണ് ഹാർട്ട്, ലിവർ അങ്ങനെ എല്ലാ അവയവങ്ങളുടെയും പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ കൊണ്ട് പോകുന്നത്. ഇതുവരെ ഓക്കെയല്ലേ?

"ആണ്"

"സർക്കാഡിയൻ റിഥത്തിൻ്റെ മെക്കാനിസം കണ്ടുപിടിച്ചതിന് 2017-ലാണ് 3 പേർക്ക് നൊബേൽ പ്രൈസ് കൊടുത്തത്"

"ഇൻ്ററസ്റ്റിംഗ്"

"ഈ റിഥം തെറ്റുന്നതിന് ഒരു ഉദാഹരണമാണ് ജെറ്റ് ലാഗ്. തുടർച്ചയായി നൈറ്റ് ഷിഫ്റ്റ് ചെയ്യുമ്പോഴും ക്ളോക്കുകൾ കൺഫ്യൂസ്ഡ് ആകാം. മ്യൂസിക് കണ്ടക്ടറും, ഓർക്കസ്ട്രയിലെ അംഗങ്ങളും തമ്മിലുള്ള കോർഡിനേഷൻ പോയാൽ പരിപാടി അവതാളത്തിലാകുന്നത് പോലെ ഈ ക്ളോക്കുകളുടെ ക്രമം തെറ്റുമ്പോൾ ശരീരത്തിലെ മെറ്റാബോളിസവും തകരാറിലാകും. ഷുഗറും, ഫാറ്റും, പ്രോട്ടീനുമെല്ലാം കുഴപ്പത്തിലാകും. നേരത്തെ പറഞ്ഞതുപോലെ വെളിച്ചത്തിന്റെ വ്യതിയാനങ്ങളാണ് സെൻട്രൽ ക്ലോക്കിനെ ബാധിക്കുന്നത്. എന്നാൽ കോശത്തിലുള്ള ക്ലോക്കുകൾ പ്രതികരിക്കുന്ന സംഗതികളിലൊന്നാണ് നമ്മുടെ ഭക്ഷണസമയം "

"ഭക്ഷണം...?"

"ഭക്ഷണമല്ല, ഭക്ഷണസമയം. അതായത് സർക്കാഡിയൻ റിഥത്തിനൊത്ത് ക്രിസ്റ്റിയുടെ ഭക്ഷണസമയമൊന്ന് ക്രമീകരിക്കണം"

"ഹൗ?'

"ക്രിസ്റ്റിക്ക് കാലത്ത് 8 മണിമുതൽ വൈകീട്ട് 6 മണിവരെ ഭക്ഷണം കഴിക്കാം. അതിന് ശേഷം ഭക്ഷണം ഒന്നും കഴിക്കരുത്"

"ഒന്നും?"

"മിതമായ രീതിയിൽ വെള്ളം കുടിക്കാം"

"എന്താണീ സമയത്തിന്റെ മെച്ചം?"

"ഷുഗറിന്റെ മെറ്റാബോളിസത്തിന് അത്യാവശ്യമായ ഇൻസുലിൻ ഏറ്റവും സ്ട്രോങ്ങ് ആയി പ്രവർത്തിക്കുന്നത് ഉച്ചതിരിയുന്നതിന് മുമ്പാണ്. വൈകുന്നേരം ആകുമ്പോഴേക്കും ഇൻസുലിന്റെ പ്രവർത്തനം കുറയും. ഉപയോഗിക്കാത്ത ഷുഗർ ഫാറ്റായി മാറും. ഇത് ഒരു ഉദാഹരണം മാത്രം. ഇതുപോലെ മെറ്റബോളിസത്തിന് അനുകൂലമായ ഒരു പാട് കാര്യങ്ങൾ ഈ സമയത്തുണ്ട്. "

"ഇത്രയും ചെയ്താ മതിയോ?"

"ഇപ്പോൾ ഇത് മതി. ക്രിസ്റ്റി ചെയ്യാൻ പോകുന്ന സംഗതിയെ ടൈം റെസ്‌ട്രിക്ടഡ് ഈറ്റിംഗ് (TRE) എന്നാണ് പറയുന്നത്. അത് ക്രിസ്റ്റിയുടെ ബയോളജിക്കൽ ക്ലോക്കുകളെ റീസെറ്റ് ചെയ്യും. സർക്കാഡിയൻ റിഥം നോർമൽ ആകും."

"ഇതുകൊണ്ട് വണ്ണം കുറയുമോ?"

"വണ്ണം കുറയണോ?"

"കുറഞ്ഞാൽ നല്ലതാണ്"

"TRE മെറ്റബോളിക് ആക്ടിവിറ്റീസിനെ ക്രമപ്പെടുത്തും. അത് വന്ന് കഴിഞ്ഞാൽ ക്രിസ്റ്റിക്ക് വണ്ണം കുറയാനുള്ള മറ്റു കാര്യങ്ങൾ ചെയ്യാൻ കുറച്ചുകൂടെ എളുപ്പമാകും."

"അപ്പോൾ ഇത് ഫസ്റ്റ് സ്റ്റെപ്പ് എന്ന് പറയാം"

"കറക്ട്. ഇതിനെ മൊത്തത്തിൽ പറയുന്നത് Chrononutrition എന്നാണ്. ആഹാരക്രമീകരണം വഴി സർക്കാഡിയൻ റിഥവുമായി യോജിച്ച് മെറ്റബോളിക് ഹെൽത്ത് കൈവരിക്കുക. അതാണ് ഉദ്ദേശ്യം."

"അപ്പോൾ ഇനിയെന്ന് വരണം?"

"ഞാൻ പറഞ്ഞ രണ്ട് കാര്യങ്ങൾ ചെയ്തിട്ട് ആറാഴ്ച കഴിഞ്ഞ് നമുക്ക് കാണാം. എന്നിട്ട് വി ക്യാൻ ഗോ റ്റു ദ നെക്സ്റ്റ് സ്റ്റെപ്പ്"

"ഐ വിൽ ട്രൈ മൈ ബെസ്റ്റ്"

"ദെൻ വി വിൽ ഗെറ്റ് ദേർ"

"താങ്ക് യു"

“Cheers.”


Summary: Obesity and health concerns, Dr Prasannan P.A writes with his personal experience while consulting a patient. Good Evening Friday column from Australia continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments