മരിച്ചവർക്കു വേണ്ടി സംസാരിക്കാൻ പഠിപ്പിച്ച ഡോ. ഷെർലി വാസു, ഞങ്ങളുടെ ടീച്ചർ

“മരിച്ചവർക്കു വേണ്ടി സംസാരിക്കാനാണ് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത്. സത്യത്തിൻ്റെ മുഖം മറയ്ക്കുന്നതെന്തായാലും അതിനെ തട്ടി നീക്കുവാനും ഏതു സമ്മർദ്ദങ്ങൾക്കെതിരെയും നിലപാടുകളിൽ ഉറച്ചുനിൽക്കുവാനും ഞങ്ങളെ ജ്ഞാനസ്നാനം ചെയ്ത നീതിബോധത്തിൻ്റെ തളരാത്ത കാവൽക്കാരിയായിരുന്നു നിങ്ങൾ,” ഡോ. ഷെർലി വാസുവിനെ ഓർക്കുകയാണ് ഡോ. എം. മുരളീധരൻ.

ട്രെയിൻ നമ്പർ 56608-ൻ്റെ അവസാനത്തെ കംപാർട്ട്മെൻ്റിലാണ് ആ പെൺകുട്ടി കയറിയിരുന്നത്. 2011 ഫെബ്രുവരി ഒന്ന് വൈകുന്നേരം 5.30-ന് എറണാകുളത്തു നിന്ന് ഷൊർണ്ണൂരിലേക്ക് തിരിക്കുന്ന ട്രെയിനിൽ അന്ന് താരതമ്യേന തിരക്ക് കുറവായിരുന്നു. ദീർഘനാളത്തെ പ്രണയത്തിനൊടുവിൽ അന്നു വൈകുന്നേരം ഔദ്യോഗികമായ പെണ്ണുകാണൽ ചടങ് നടക്കുന്നതിനാൻ അതീവ സന്തോഷവതിയായിരുന്നു അവൾ. മുഖം ചതഞ്ഞരഞ്ഞ് ശരീരമാകെ ചോരയിൽ കുളിച്ച് ക്രൂരമായി പീഡിക്കപ്പെട്ട ആ പാവം പെൺകുട്ടിയുടെ അനക്കമറ്റ ശരീരം രാത്രി ഒൻപതരയോടെ വള്ളത്തോൾ നഗർ റെയിൽവേ ട്രാക്കിനു സമീപം അനാഥമായി കിടന്നു.

കേരളത്തെ ഞെട്ടിച്ച ആ കൊലപാതകത്തിന് ദൃക്സാക്ഷികൾ ഉണ്ടായിരുന്നില്ല. സി.സി ടി.വി ഫുട്ടേജുകളും സഹായത്തിനുണ്ടായിരുന്നില്ല. മരിച്ചവരുടെ നാവാണ് ഫോറൻസിക് സർജർ എന്ന് ഉറച്ചു വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു ഡോക്ടർ ആ കൊലപാതകത്തിൻ്റെ നിഷേധിക്കാനാവാത്ത തെളിവുകൾ ചൂണ്ടിക്കാട്ടിയപ്പോൾ ഒറ്റക്കൈയനായ ഒരു കൊടും ക്രിമിനലിന് കണ്ണുകെട്ടിയ നിയമ ദേവതക്കു മുന്നിൽ സ്തംഭിച്ചു നിൽക്കേണ്ടിവന്നു. രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ കുപ്രസിദ്ധമായ പനവേൽ ഗാങ്ങിൻ്റെ സഹായത്തോടെ അയാൾ സുപ്രീം കോടതി വരെ എത്തി. സത്യത്തിൻ്റെയും സാമൂഹിക നീതിയുടേയും പതാക ഒട്ടും തളരാതെ ഉയർത്തിപ്പിടിച്ച് മരിച്ചു പോയവൾക്കു വേണ്ടി അനവരതം പോരാടിയ ആ വനിത ഡോക്ടർക്കു മുന്നിൽ ഒടുവിൽ അയാൾ തോറ്റു പോയി. നിർഭയയായ ആ ഡോക്ടരുടെ പേര് ഷെർലി വാസു എന്നായിരുന്നു.

‘പോസ്റ്റുമോർട്ടം ടേബിൾ’ എന്ന തൻ്റെ പുസ്തകത്തിൽ കരഞ്ഞും ഹൃദയം തകർന്നുമാണ് സൗമ്യ വധക്കേസിൽ ഇടപെട്ടതെന്ന് ഡോ. ഷെർലി വാസു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരു വൈദ്യശാസ്ത്ര പ്രക്രിയക്കപ്പുറം സാമൂഹിക നീതിക്കായി പൊരുതാനുള്ള കരുത്തുറ്റ ആയുധമാണ് ഫോറൻസിക് മെഡിസിൻ എന്ന് സംശയാതീതമായി തെളിയിക്കുക കൂടിയായിരുന്നു അവർ. കോടതിക്കും നീതിക്കും സമൂഹത്തിനും പോസ്റ്റുമോർട്ടം ടേബിളിലെ തെളിവുകൾ അവഗണിക്കാനാവില്ല എന്ന സത്യം ഒരിഞ്ചുപോലും പിന്മാറാതെ ഭയ ലേശമെന്യേ അവർ തുറന്നുകാട്ടി. ഫോറൻസിക് മെഡിസിൻ എന്ന വൈദ്യ ശാഖ, സമൂഹികമായി ഡോ. ഷെർലി വാസു അടയാളപ്പെടുത്തിയത് അങ്ങിനെയാണ്.

‘പോസ്റ്റുമോർട്ടം ടേബിൾ’ എന്ന തൻ്റെ പുസ്തകത്തിൽ കരഞ്ഞും ഹൃദയം തകർന്നുമാണ് സൗമ്യ വധക്കേസിൽ ഇടപെട്ടതെന്ന് ഡോ. ഷെർലി വാസു സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘പോസ്റ്റുമോർട്ടം ടേബിൾ’ എന്ന തൻ്റെ പുസ്തകത്തിൽ കരഞ്ഞും ഹൃദയം തകർന്നുമാണ് സൗമ്യ വധക്കേസിൽ ഇടപെട്ടതെന്ന് ഡോ. ഷെർലി വാസു സാക്ഷ്യപ്പെടുത്തുന്നുണ്ട്.

എൺപതുകളുടെ ആദ്യം ഏതൊരു മെഡിക്കൽ വിദ്യാർത്ഥിയേയും പോലെ പി.ജി പഠന സ്വപ്നങ്ങളുമായി നടക്കുമ്പോൾ ആശിച്ചിരുന്നെങ്കിൽ ഏത് സ്പെഷ്യാലിറ്റിയിലും പി.ജി പഠനത്തിന് അഡ്മിഷൻ കിട്ടുമായിരുന്ന മികച്ച വിദ്യാർത്ഥിയായിരുന്നു ഷെർലി. പക്ഷേ ഒരു നിയോഗം പോലെ അവർ ആശിച്ചതും തെരഞ്ഞെടുത്തതും ആ വൈദ്യശാസ്ത്ര ശാഖയായിരുന്നു ഫോറൻസിക് മെഡിസിൻ. തൊടുപുഴ സ്വദേശിയായിരുന്നു അവർ. കോടതി ഉദ്യോഗസ്ഥരായിരുന്നു മാതാപിതാക്കൾ. കോട്ടയം മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് പഠനത്തിനു ശേഷം എൺപതുകളുടെ ആദ്യം അവർ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി. ‘ഡോ. ഷെർലി വാസു, ഫസ്റ്റ് ഇയർ പി.ജി സ്റ്റുഡൻ്റ്, ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫോറൻസിക് മെഡിസിൻ, മെഡിക്കൽ കോളേജ്, കോഴിക്കോട്.’ എൺപതുകളിൽ ഇങ്ങിനെ ഫോറൻസിക് ഡിപ്പാർട്ടുമെൻ്റിൻ്റെ രേഖകളിൽ പതിഞ്ഞ ഈ മേൽവിലാസക്കാരി ആ വൈദ്യശാസ്ത്ര ശാഖയുടെ തന്നെ ജാതകം തിരുത്തിക്കുറിക്കുമെന്ന് അന്ന് ആരും ഓർത്തു കാണില്ല. അത്രമാത്രം ഗാഢമായി ആ പേര് ഫോറൻസിക് മെഡിസിൻ്റെ നാൾവഴികളിൽ തിളങ്ങിനില്പാണ് ഇപ്പോൾ.

അസാധാരണമായ രീതിയിൽ പ്രഗത്ഭയായ അദ്ധ്യാപികയായിരുന്നു ഷെർലി വാസു. ക്ലാസിലും പുറത്തും അവർ പോസ്റ്റ്മോർട്ടം റൂമിലെ കർക്കശക്കാരിയായ നിയമപാലകയായിരുന്നില്ല. അന്യാദൃശമായ സ്വന്തം അനുഭവങ്ങളെ മൊണോട്ടണസ് ആയ ഫോറൻസിക് ശാസ്ത്രീയതയോട് ചേർത്തുവെച്ച് ഏറ്റവും സ്റ്റുഡൻ്റ് ഫ്രൻഡ്ലിയായും ആസ്വദിച്ചും ക്ലാസ്സുകൾ നയിക്കാൻ അവർ പ്രഗത്ഭയായിരുന്നു. എം.ബി.ബി.എസ് ക്ലാസുകളിൽ അവരുടെ പ്രഭാഷണങ്ങളുടെ മികവിൽ ഭ്രമിച്ച് ഫോറൻസിക് പി.ജി സ്വീകരിച്ചവർ എത്രപേരാണ്? ക്ലാസിനു പുറത്താവട്ടെ സഹപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും മുന്നിൽ അവർ അത്ഭുതകരമായ വേഗത്തിൽ മൂത്ത സഹോദരിയായി രൂപാന്തരപ്പെടും. കാഫ്കയുടെ മെറ്റാ മോർഫോസിസിനു പോലും അവരുടെ മുന്നിൽ പിടിച്ചു നിൽക്കാനാവില്ല എന്ന് ഞങ്ങൾ നസ്യം പറയാറുള്ളത് വേദനയോടെ ഓർക്കട്ടെ.

സങ്കീർണ്ണമായ നിയമക്കുരുക്കുകളിൽ അവർ എന്നും സത്യത്തിൻ്റെ പക്ഷം ചേർന്നുനിന്നു. ബോദ്ധ്യപ്പെട്ട സത്യം ഒരു പതർച്ചയും കൂടാതെ അവർ കോടതിയോടും സമൂഹത്തോടും വിളിച്ചു പറഞ്ഞു. വിവാദപരമായ കാര്യങ്ങളിൽ പോലും അവർക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല. ഏതാണ് സത്യം എന്ന സംശയം ഉയർന്നപ്പോഴൊക്ക ഗാന്ധി സ്വന്തം രക്തം നനച്ചെഴുതിയ താലിസ്മെൻ ഉൾവിളിക്കായി അവർ കാതോർത്തു. സത്യത്തെ എതിർത്ത ആരും അവരുടെ ശത്രു കൂടിയായിരുന്നു. ശത്രുക്കളുടെ എണ്ണം ഒരിക്കലും അവരെ ഭയപ്പെടുത്തിയുമില്ല. പോസ്റ്റ്മോർട്ടം ടേബിളിൽ സത്യം പുറത്ത് വരാൻ നിലവിളിച്ചു കൊണ്ട് കിടന്ന മൃതർ അവർക്കു വേണ്ടി ഊണിലും ഉറക്കത്തിലും കാവൽ നിന്നു.

അസാധാരണമായ രീതിയിൽ പ്രഗത്ഭയായ അദ്ധ്യാപികയായിരുന്നു ഷെർലി വാസു. ക്ലാസിലും പുറത്തും അവർ പോസ്റ്റ്മോർട്ടം റൂമിലെ കർക്കശക്കാരിയായ നിയമപാലകയായിരുന്നില്ല.
അസാധാരണമായ രീതിയിൽ പ്രഗത്ഭയായ അദ്ധ്യാപികയായിരുന്നു ഷെർലി വാസു. ക്ലാസിലും പുറത്തും അവർ പോസ്റ്റ്മോർട്ടം റൂമിലെ കർക്കശക്കാരിയായ നിയമപാലകയായിരുന്നില്ല.

ഭരണതലത്തിലെ ഏറ്റവും ഉയർന്ന സ്ഥാനത്തിരിക്കുന്നവർക്കുപോലും നീതിനിഷേധത്തിന് അവരെ കൂട്ടുപിടിക്കാനാവുമായിരുന്നില്ല. കടലുണ്ടി ട്രെയിൻ അപകടത്തിനു ശേഷം രാഷ്ട്രീയ-ഭരണ രംഗങ്ങളിലെ ഉന്നതസ്ഥാനീയർ നേരിട്ടു വന്ന് ‘For the ease of procedures’ -നു വേണ്ടി പോസ്റ്റുമോർട്ടം കൂടാതെ ശരീരങ്ങൾ വിട്ടുതരണം എന്നാവശ്യപ്പെട്ടപ്പോഴും അവർ വഴങ്ങിയില്ല. നിയമം അനുശാസിക്കുന്നതേ ചെയ്യൂ എന്ന അവരുടെ ഉറച്ച നിലപാടിൻ്റെ അർത്ഥം അവർക്ക് അപ്പോൾ പിടികിട്ടാതെ പോയി. പക്ഷേ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹങ്ങളുടെ അനന്തരാവകാശികൾക്ക് മാത്രമേ നിയമപരമായി സഹായധനത്തിന് അർഹതയുള്ളൂ എന്ന പ്രശ്‌നമുയർന്നപ്പോൾ മാത്രമാണ് ക്രൂരമായി ചോദ്യം ചെയ്യപ്പെട്ട അവരുടെ നിലപാടിൻ്റെ നിയമപരവും സാമൂഹികവുമായ ഗരിമ അവർ തിരിച്ചറിഞ്ഞത്.

വിവാദപരമായ ഒരു ഷെർലക്കിയൻ കേസിൻ്റെ ഓട്ടോപ്സിയുടെ സങ്കീർണ്ണതകളിൽ മുങ്ങിത്താഴ്ന്ന ഒരു ദിവസം സന്ധ്യയായി, രാത്രിയായി. ഡോ. ഷെർലി ജാഗ്രതയോടെ തൻ്റെ സൂക്ഷ്മമായ കണ്ടെത്തലുകളുടെ ലോകത്തായിരുന്നു. തൻ്റെ ചുറ്റുമുള്ള ലോകം അവർ മറന്നു. രാത്രി വളരെ വൈകി അവർ വീട്ടിലെത്തുമ്പോൾ വെള്ളം പോലും കുടിക്കാതെ, സ്കൂളിൽ നിന്നു തിരിച്ചെത്തിയ കൊച്ചുകുട്ടികൾ വരാന്തയിൽ തുറക്കാത്ത വാതിലിനു മുന്നിൽ തളർന്നു കിടക്കുകയായിരുന്നു... അവസാന നിമിഷങ്ങളിൽ പോലും ഫോറൻസിക് മെഡിസിൻ അവരുടെ ജീവശ്വാസമായിരുന്നു. ദുഃഖകരമായ ഒരു കാവ്യ നീതിയെന്നോണം ദുരൂഹ മരണങ്ങളെക്കുറിച്ച് ഒരു പ്രഭാഷണത്തിനായി കുറിപ്പുകൾ തയാറാക്കുമ്പോഴാണ് അവർ പൊടുന്നനെ കുഴഞ്ഞുവീണു മരിച്ചത്. 2025 സെപ്തംബർ 4 ആയിരുന്നു ആ അഭിശപ്ത ദിനം.

പ്രിയപ്പെട്ട ഷെർലി മാം,

മരിച്ചവർക്കു വേണ്ടി സംസാരിക്കാനാണ് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത്. സത്യത്തിൻ്റെ മുഖം മറയ്ക്കുന്നതെന്തായാലും അതിനെ തട്ടി നീക്കുവാനും ഏതു സമ്മർദ്ദങ്ങൾക്കെതിരെയും നിലപാടുകളിൽ ഉറച്ചുനിൽക്കുവാനും ഞങ്ങളെ ജ്ഞാനസ്നാനം ചെയ്ത നീതിബോധത്തിൻ്റെ തളരാത്ത കാവൽക്കാരിയായിരുന്നു നിങ്ങൾ. ക്ലാസുകളിൽ പഠിപ്പിച്ച പാഠങളേക്കാൾ ആഴത്തിൽ നിങ്ങളുടെ ജീവിതം കൊണ്ടാണ് നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചത്. പക്ഷേ അന്ന്, ഞങ്ങൾക്കത് വേണ്ടതുപോലെ മനസ്സിലാക്കാനാവാതെ പോയി. വിട, പ്രിയപ്പെട്ട ഷെർലി മാം…

Comments