കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എത്രത്തോളം കൃത്യമാണ്?

കോവിഡിന്റെ രണ്ടാം തരംഗമവസാനിക്കാതെ ലോക്ക്ഡൗൺ നീണ്ടുപോകുകയും മൂന്നാം തരംഗം അണിയറയിൽ മണിമുഴക്കുകയും ചെയ്യുമ്പോൾ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടക്കമുള്ള രോഗനിർണയത്തിന്റെയും നിയന്ത്രണത്തിന്റെയും സൂചകങ്ങളെ എങ്ങനെ കൂടുതൽ ശാസ്ത്രീയമായി ഉപയോഗിക്കാം എന്ന് പരിശോധിക്കുകയാണ് എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ഡോ. ജയകൃഷ്ണൻ ടി.

കോവിഡ് കാലത്ത് ദിവസവും നമ്മൾ ഏറ്റവും കൂടുതൽ തവണ ആവർത്തിച്ച് കേൾക്കുന്ന ഒരു ടെർമിനോളജിയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). ലോക്ക്ഡൗൺ കാലത്ത് ഭരണകർത്താക്കൾ തൊട്ട് മാധ്യമങ്ങളും, വാർത്താ അവതാരകരും പോരാതെ നമ്മുടെ അടുക്കളകളിൽവരെ എപ്പോഴും ചുട്ടെടുക്കുന്ന ഒരു പദാവലിയായി ഇത് മാറിയിട്ടുണ്ട്. ആളുകളുടെ എണ്ണമനുസരിച്ച് കറി പാചകം ചെയ്യുന്നതുപോലെ, ഇതിനനുസരിച്ചാണ് രോഗനിയന്ത്രണ നടപടി അധികൃതർ കടുപ്പിക്കുകയും നേർപ്പിക്കുകയും ചെയ്യുന്നത്.

ടി.പി.ആറിനെ എത്രത്തോളം ആശ്രയിക്കാം?

ടി.പി.ആർ. എന്നത് എത്രത്തോളം ആശ്രയിക്കാവുന്ന രോഗപ്പകർച്ചയുടെ സൂചകമാണെന്ന് പരിശോധിക്കാം.

ഒന്ന്: ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എന്നുപറയുന്നത് ആകെ രോഗം കണ്ടെത്താനായി ടെസ്റ്റ് ചെയ്തവരിൽ എത്ര ശതമാനം പേർ പോസിറ്റിവ് ആയിട്ടുണ്ട് എന്നതാണ്. (നൂറുപേരിൽ എത്ര പേർ). പരിശോധനാരീതി (ടെസ്റ്റ്), ഉപയോഗിക്കുന്ന ടെസ്റ്റ് കിറ്റുകൾ എന്നിവ എത്രമാത്രം സംവേദനക്ഷമതയും (Sensitivity ) കൃത്യതയും (Specificity) ഉള്ളതാണ് എന്നിവയാണ് ഇതിന്റെ ഫലത്തെ സ്വാധീനിക്കുന്നത്. ടെസ്റ്റിന് വിധേയമാകുന്നവരിലെ രോഗപ്രാചുര്യവും (Prevalence) ഇതിൽ ഒരു ഘടകമാണ്.

രണ്ട്: ഈ ടെസ്റ്റുകൾ ആരിലാണ് നടത്തപ്പെടുന്നത്?. കൂടുതൽ രോഗസാധ്യതയുള്ളവരും രോഗികളുമായി സമ്പർക്കമുള്ളവരും രോഗലക്ഷണമുള്ളവരോ ടെസ്റ്റിന് (Increased Probability) വിധേയമാക്കപ്പെടുമ്പോൾ ടി.പി.ആർ കൂടാം. മറിച്ച് രോഗലക്ഷണമില്ലാത്തവരും രോഗസാധ്യത ഇല്ലാത്തവരുമാണ് കൂടുതൽ ( Decreased Probability) ടെസ്റ്റിന് വിധേയമാക്കുന്നതെങ്കിൽ എത്ര ടെസ്റ്റുകൾ ചെയ്താലും ടി.പി.ആർ. കുറവായി തന്നെ ഇരിക്കും. അതിനാൽ എല്ലായിടത്തും രോഗം സംശയിക്കപ്പെടുന്നവരെ മുഴുവൻ ടെസ്റ്റിന് വിധേയമാക്കുകയും രോഗത്തിന് അധികം സാധ്യത ഇല്ലാത്തവരെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്താലേ ടി.പി.ആറിന് വിശ്വാസ്യത ലഭിക്കൂ. ദിവസവും ടെസ്റ്റ് ചെയ്യപ്പെടുന്നവരിൽ ഈ രണ്ടുതരത്തിൽ പെട്ടവരുടെ അനുപാതമാണ് ടി.പി.ആറിനെ നിർണയിക്കുന്ന ഒരു പ്രധാന ഘടകം. ഇത് പ്രാദേശികമായി ദിവസവും വ്യത്യാസപ്പെടുകയും ചെയ്യും. പ്രത്യേകിച്ച്, കോവിഡ് അല്ലാത്ത രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും തൊഴിലിടങ്ങളിലും പുറം യാത്രകളിലും മറ്റും സ്‌ക്രീനിങ്ങ് ടെസ്റ്റുകൾ വ്യാപകമായി നടത്തപ്പെടുന്നതിനാൽ ഈ അനുപാതം വ്യത്യസ്തമാകും.

ടി.പി.ആർ എന്ന ‘ഇൻഡിക്കേറ്റർ', ടെസ്റ്റിന് ആരെയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നതിനാൽ, വളരെയധികം സെലക്ഷൻ ബയാസിന് (Selection Bias) വിധേയമാണ്. സ്വാഭാവികമായി കോവിഡ് ഭൂരിഭാഗം പേരിലും കാര്യമായ ലക്ഷണമുണ്ടാക്കാത്തതിനാലും അവർ ടെസ്റ്റ് ചെയ്യപ്പെടാത്തതിനാലും വളരെ സെലക്ടീവായി മാത്രം ടെസ്റ്റുകൾ നടക്കുന്നതിനാൽ ‘സെലക്ഷൻ ബയാസ്' കൂടുതലായിരിക്കും.

ടി.പി.ആറിന് നിശ്ചിത ‘ഡിനോമിനേറ്റർ' ഇല്ല

മറ്റൊന്ന്, ഇപ്പോൾ കണക്കാക്കി വരുന്ന ടി.പി.ആറിന് സ്ഥിരമായ ഒരു നിശ്ചിത ‘ഡിനോമിനേറ്റർ' ഇല്ല എന്നതാണ്. ഇത് ഒരിടത്തെ ജനസംഖ്യക്കാനുപാതമായി ഒരു പ്രദേശത്തെ യഥാർത്ഥ രോഗപ്രചാരത്തെ പ്രതിനിധീകരിക്കുന്നില്ല എന്നർഥം. ഉദാഹരണത്തിന് 1000 ജനസംഖ്യയുള്ള ഒരു വാർഡിൽ ഒരു ദിവസം 100 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 10 പേർ പോസിറ്റിവ് ആകുമ്പോൾ ടി.പി.ആർ. 10% ആണ്.

ഇതേദിവസം അവിടെ 200 പേരെ ടെസ്റ്റ് ചെയ്ത് 10 പേർ പോസിറ്റിവ് ആയാൽ ടി.പി.ആർ 5% ആയി ചുരുങ്ങും. അവിടെയുള്ള 1000 പേരിൽ മുഴുവനാളുകളെയും ടെസ്റ്റ് ചെയ്ത് അതിൽ 100 പേർ പോസിറ്റിവ് ആയാലും ടി.പി.ആർ. 10% ആണ്. അടുത്ത ദിവസം അവിടെയുള്ള 50 പേരെ ടെസ്റ്റ് ചെയ്തപ്പോൾ അഞ്ചു പേർ പോസിറ്റീവ് ആയാലും ടി.പി.ആർ. നിരക്ക് മുൻദിവസത്തെ പോലെ 10% തന്നെയാണ്. എണ്ണത്തിൽ കുറച്ചുപേർ മാത്രമേ രോഗികളായി ഉണ്ടായിട്ടുള്ളൂവെങ്കിലും ടി.പി.ആർ. മാറുന്നില്ല. അതേ അവസരം, അത് 10 എണ്ണമാകുകയാണെങ്കിൽ ടി.പി.ആർ. 20% മായി ഇരട്ടിക്കും.

എല്ലായിടത്തും രോഗം സംശയിക്കപ്പെടുന്നവരെ മുഴുവൻ ടെസ്റ്റിന് വിധേയമാക്കുകയും രോഗത്തിന് അധികം സാധ്യത ഇല്ലാത്തവരെ ടെസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്താലേ ടി.പി.ആറിന് വിശ്വാസ്യത ലഭിക്കൂ / Photo: Arya Rajendran S, Fb

ഇത് സൂചിപ്പിക്കുന്നത്​, ടി.പി.ആർ. എന്നത് ഒരിടത്തെ ജനസംഖ്യ പരിഗണിക്കാതെ എത്രപേർ ടെസ്റ്റ് ചെയ്യപ്പെടുന്നുണ്ട് എന്ന എണ്ണത്തിനെ ആശ്രയിച്ച് മാറുന്നതാണ് എന്നാണ്. ഇതേ അവസരത്തിൽ ഇതിന് സമീപത്തെ വാർഡിൽ ഇതിന്റെ ഇരട്ടി (2000) ജനസംഖ്യയാണെങ്കിൽ ഇതേപോലെ 100, 50 പേരെ മാത്രം ടെസ്റ്റ് ചെയ്തിട്ട് അവരിൽ പത്തോ അഞ്ചോ പേർ പോസിറ്റീവായാലും ടി.പി.ആർ നേരത്തെ പറഞ്ഞ അതേ നിരക്കിൽ തന്നെയായിരിക്കും. ജനസംഖ്യ പതിനായിരമായാലും ടി.പി. ആർ. മാറുന്നില്ല. മറിച്ച് ജനസംഖ്യക്കനുസരിച്ച് കൂടുതൽ പേർ ടെസ്റ്റ് ചെയ്യപ്പെട്ടില്ല എന്ന ‘ടെസ്റ്റ് നിരക്ക്' ( Test rate) തിരിച്ചറിയപ്പെടുന്നുമില്ല.

ജനസംഖ്യാനുപാതമായി നിശ്ചിത ശതമാനം പേരിൽ ടെസ്റ്റ് നടത്തണം

യഥാർത്ഥത്തിൽ ജനസംഖ്യക്കനുസരിച്ച് ഈ പ്രദേശത്തെ രോഗനിരക്ക് അറിയാൻ 1000 ജനസംഖ്യയുള്ള ആദ്യത്തെ വാർഡിനേക്കാൾ പത്തിരട്ടി പേരെ ടെസ്റ്റിന് വിധേയമാക്കേണ്ടി വരും. അതിനാൽ പോസിറ്റിവ് ആയ കേസുകളുടെ എണ്ണത്തിനൊപ്പം എത്ര പേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത് എന്ന ഡിനോമിനേറ്ററുകളും രോഗനിയന്ത്രണത്തിന് പ്രധാനമാണ്. പ്രദേശത്തെ ജനസംഖ്യയുടെ അനുപാതത്തിനനുസരിച്ച് ഇത് വർധിപ്പിക്കേണ്ടതുണ്ട്. അല്ലെങ്കിൽ ജനസംഖ്യാനുപാതമായി നിശ്ചിത ശതമാനം പേരിൽ ടെസ്റ്റ് നടത്തണമെന്ന് നിഷ്‌കർഷ ഉണ്ടാവണം. എങ്കിലേ വിവിധ ഇടങ്ങളിലെ ടി.പി.ആർ താരതമ്യത്തിന് പ്രസക്തിയുള്ളൂ. അതുവഴി, രോഗപ്പകർച്ചയുടെ ഉയർച്ചയുടേയും താഴ്ചയുടേയും ട്രെന്റ്​ നേരത്തേ കണ്ടെത്താനാകും.

ചുരുക്കത്തിൽ ടി.പി.ആർ. എന്നത് ആരാണ് / എത്ര പേരാണ് ടെസ്റ്റ് ചെയ്യുന്നത് എന്നതിനനുസരിച്ച് മാറാം. പ്രത്യേക നിഷ്‌കർഷ ഇല്ലാത്തതിനാൽ ഇത് രണ്ടും ദിവസവും മാറികൊണ്ടിരിക്കും. ഈ പരിമിതികളെ ‘സ്റ്റാറ്റിസ്റ്റിക്കലായി' മറികടക്കാൻ ഒന്നാമതായി, ജനസംഖ്യയിൽ എത്ര പേർ ടെസ്റ്റ് ചെയ്യപ്പെട്ടു എന്ന നിരക്കും (Test Per 1000 population) രണ്ടാമതായി ജനസംഖ്യയിൽ എത്ര പേർ പോസിറ്റിവ് ആയിട്ടുണ്ട് (Case per 1000 Population ) എന്ന ഇൻഡക്‌സും എടുത്ത് താരതമ്യം ചെയ്ത് രോഗനിയന്ത്രണം വിലയിരുത്തുന്നതാണ് എപ്പിഡെമിയോളജിക്കലായി ഉചിതം. ഇങ്ങനെ വിലയിരുത്തുമ്പോൾ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യക്കനുസരിച്ച് പരിശോധനാനിരക്കിന്റെ തോതും (Test rates) രോഗനിരക്കിന്റെ തോതുമാണ് (Case rates) വിവിധ സ്ഥലങ്ങളിലെയും സമയങ്ങളിലെയും (Temporal or Spacial) രോഗസ്ഥിതി ശാസ്ത്രീയമായി താരതമ്യം ചെയ്യുന്നതിന് സഹായകമാകുന്നത്.

വേണ്ടത്ര ടെസ്റ്റുകൾ നടത്തുന്നുണ്ടോ എന്നും ജനസംഖ്യയിൽ എത്ര ശതമാനം പോസിറ്റിവ് എന്നും തിരിച്ചറിയാം. പ്രത്യേകിച്ച് ജനസംഖ്യയിൽ വ്യത്യാസമുള്ള വാർഡുകളിലോ പഞ്ചായത്തുകളിലോ ജില്ലകളിലോ രോഗ സ്ഥിതിയറിഞ്ഞ് മൈക്രോ ലെവൽ കൺടെയിൻമെന്റ് നടപടി എടുക്കാനും അവയിൽ അയവുവരുത്താനും ക്ഷമതയുള്ള സൂചികകൾ തന്നെ ആവശ്യമായിട്ടുള്ളപ്പോൾ ഈ സൂചികകൾ ഇഡിക്കേറ്ററുകളാക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് രണ്ടാം തരംഗമവസാനിക്കാതെ ലോക്ക്ഡൗൺ നീണ്ടുപോകുകയും മൂന്നാം തരംഗം അണിയറയിൽ മണിമുഴക്കുകയും ചെയ്യുമ്പോൾ. ഇപ്പോഴുപയോഗിക്കുന്ന അത്ര ഗുണകരമല്ലാത്ത ടി.പി.ആറിനെ എടുത്ത് അനാവശ്യമായി അമ്മാനമാടുന്നത് നിർത്തുകയും ചെയ്യാം. "വാലിഡും സെൻസിറ്റിവും' ആയ ഇൻഡിക്കേറ്ററുകൾ ഇതുപോലെയുള്ള മഹാമാരി നിയന്ത്രണത്തിന് അത്യാവശ്യമാണ്. കോവിഡ് നിയന്ത്രണ നയരൂപീകരണത്തിന് നേതൃത്വം കൊടുക്കുന്നവർ ഇത് ശ്രദ്ധിക്കേണ്ട വിഷയമാണ്.


Comments