2010 ജനുവരി 12 മറ്റേതൊരു ദിവസവും പോലെയായിരുന്നു. അന്ന് പകൽ 4.53 ന് തീവ്രശക്തിയുള്ള ഭൂചലനം ഹെയ്തി (Haiti, Port-au-Prince) തലസ്ഥാനമായ പോർ-ടോ-പ്രിൻസിൽ ആഞ്ഞടിച്ചു. പുറകേ ഒരു സുനാമിയും. ഈ നൂറ്റാണ്ടിലെ ഏറ്റവും ഭയാനകമായ ഭൂചലനമായി അതിനെ വിശേഷിപ്പിക്കുന്നു. ഒന്നര ലക്ഷം പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. ചില റിപ്പോർട്ടുകളിൽ മരണം രണ്ടു ലക്ഷത്തിലധികമാണ്.
ആശയവിനിമയ സംവിധാനങ്ങൾ, യാത്രാ സന്നാഹങ്ങൾ, ആശുപത്രികൾ, വൈദ്യുതി ശൃംഖലകൾ എന്നിവയും താറുമാറായി. അത് രക്ഷാപ്രവർത്തനത്തെ നിശ്ചലമാക്കി. കേടുപറ്റാത്ത റോഡുകളാകട്ടെ, മുന്നോട്ട് നീങ്ങാനാവാത്തത്ര തിരക്കിലും. പട്ടണമാകെ തകർന്നപ്പോൾ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള സജ്ജീകരണങ്ങളും ദുർബലമായി. കൂടിക്കിടന്ന പതിനായിരക്കണക്കിന് മൃതദേഹങ്ങൾ കൂട്ടമായി മറവുചെയ്യുകയല്ലാതെ മറ്റു മാർഗങ്ങളില്ലാതെവന്നു.
പട്ടണത്തിലെ പ്രധാന കെട്ടിടങ്ങൾ പലതും കൂപ്പുകുത്തി: അസ്സംബ്ലി ഹാൾ, കത്തീഡ്രൽ, ഐക്യരാഷ്ട്ര സഭ മിഷൻ ഓഫിസ്, പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും വീടുകൾ തുടങ്ങി പട്ടണത്തെ അടയാളപ്പെടുത്തുന്ന പലതും നശിക്കുകയോ വലിയ രീതിയിൽ കേടുവരുകയോ ചെയ്തു. കാണാതെ പോയവരെ തിരയാനുള്ള ശ്രമവും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉപേക്ഷിച്ചു. ആറു മാസം കഴിഞ്ഞപ്പോൾ 98% വരുന്ന കെട്ടിടാവശിഷ്ടങ്ങളും പാറക്കൂട്ടങ്ങളും പലേടത്തും കൂടിക്കിടന്നു. ഭൂചലനം ഇന്നലെ നടന്നതുപോലുണ്ട് എന്നാണ് ഐക്യരാഷ്ട്ര സഭ വക്താവ് ഇമോജൻ വോൾ (Imogen Wall) അഭിപ്രായപ്പെട്ടത്. ഇനി ആറു മാസം കഴിയുമ്പോഴും കാര്യങ്ങൾ ഇങ്ങനെ തുടർന്നേക്കാമെന്ന ആശങ്കയും അവർ പങ്കുവെച്ചു.
ഹെയ്തി അനുഭവം കഥയല്ല. അനവധി ലക്ഷം പേർക്ക് യാതന സമ്മാനിച്ച മഹാദുരന്തമായിരുന്നു. അതിനാൽത്തന്നെ, ധാരാളം ഗവേഷകരെ ഹെയ്തി പ്രതിസന്ധി ‘ആകർഷിച്ചു’ എന്നു പറയാം. വ്യക്തി, സമൂഹം, രാജ്യം എന്നീ തലങ്ങളിൽ ട്രോമ (Trauma) പ്രവർത്തിക്കുന്നതെങ്ങനെ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ വിപുലമാക്കപ്പെട്ടു. ട്രോമാ പഠനങ്ങൾക്ക് ദിശാബോധം നൽകിയ സന്ദർഭമായിരുന്നു അത്.

എന്താണ് ട്രോമ പഠനങ്ങൾ?
ട്രോമ എന്ന പദം ഉത്ഭവിച്ചത് 17-ാം നൂറ്റാണ്ടിലാണെന്ന് കരുതപ്പെടുന്നു. എന്നാൽ അക്കാലത്ത് അത് ശരീരത്തിലെ മുറിവ്, വ്രണം, ചതവ് എന്നിവയെ സൂചിപ്പിക്കാനുള്ള പദമായിരുന്നു. ഇന്ന് നാം മനസ്സിലാക്കുന്ന സങ്കല്പത്തിലേയ്ക്ക് ട്രോമ വികസിച്ചുവന്നത് ക്രമേണയാണെന്ന് സാരം. ‘തീവ്രമായ ഷോക്ക് മൂലം നാമനുഭവിക്കുന്ന മാനസികാനുഭവം’ എന്ന് ഓക്സ്ഫഡ് നിഘണ്ടു ട്രോമയെക്കുറിച്ച് പറയുന്നു. അനുഭവങ്ങൾ അപ്രിയവും ദീർഘകാലം നീണ്ടുനിൽക്കുകയും ചെയ്യും. ട്രോമ പഠനങ്ങളിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഗവേഷകയാണ് കാഥി കേരു (Cathy Caruth). ട്രോമയിൽ അതിപാരവശ്യം (overwhelming), വിപത്കരമായതെന്തോ (catastrophic) വരാനുണ്ട് എന്ന തോന്നൽ എന്നിവ അടങ്ങിയിരിക്കുമെന്ന് കാഥി കേരു (Unclaimed Experience: Trauma, Narratives and History, 1996) സങ്കൽപ്പിക്കുന്നു. കാരണഹേതുവായ സംഭവത്തിനുശേഷമാണ് ഇതെല്ലാം ഉണ്ടാവുക; പലപ്പോഴും വളരെ നാൾ കഴിഞ്ഞ്. മാനസികാനുഭവങ്ങളാകട്ടെ, ആവർത്തിച്ച് വരികയും ഭ്രമാത്മകതയുടെ ഭാവം ഉൾക്കൊള്ളുകയും ചെയ്തെന്നിരിക്കും.
ട്രോമാ പഠനങ്ങളുടെ (trauma studies) പശ്ചാത്തലത്തിൽ ട്രോമാ എന്തെന്ന് മനസ്സിലാക്കാം. ട്രോമ നമ്മുടെ ശരീരം, മനസ്സ്, സംസ്കാരം, സമൂഹം എന്നിവയെ വ്യത്യസ്ത അളവിൽ മുറിവേൽപ്പിക്കുന്നു. ഒരേ ട്രോമാ പലരിൽ പലയളവിലാവും സമ്മർദം ഉളവാക്കുക. അതിനാൽ ട്രോമ പഠനങ്ങൾ ജീവശാസ്ത്ര മേഖലയ്ക്കപ്പുറം സാംസ്‌കാരിക അന്വേഷണങ്ങളിൽ ഊന്നൽ നൽകുന്നു. തീർച്ചയായും നിരവധി പഠന മേഖലകൾ ഒത്തുചേരുന്നതാണ് ട്രോമാ പഠനങ്ങൾ. സമഗ്രമായ ഒരന്വേഷണ വിഷയത്തിന് നൽകേണ്ട ചട്ടക്കൂടായി ട്രോമ പഠനങ്ങളെ കാണാം. ട്രോമ നമ്മിലേൽപ്പിക്കുന്ന ശാരീരിക- മാനസിക ആഘാതം, കുടുംബ- സാമൂഹിക ജീവിതത്തിൽ അത് സൃഷ്ടിക്കുന്ന ആഘാതങ്ങൾ എന്നിവ തീർച്ചയായും ഗൗരവതരമായ ശ്രദ്ധയാകർഷിക്കുന്നു.
ട്രോമ അനുഭവിക്കുന്ന വ്യക്തികളും സമൂഹവും തങ്ങളുടെ ആഖ്യാനഘടന, ഭാഷാപ്രയോഗം, പെരുമാറ്റരീതി എന്നിവയിൽ വ്യതിരിക്തത പുലർത്തുന്നത് കാണാറുണ്ട്.
ഇക്കാലത്ത് ട്രോമ ഇൻറ്റർ- ഡിസിപ്ലിനറി (inter-disciplinary) പഠനമേഖലയായി വികസിച്ചുവരുന്നു. ട്രോമ അനുഭവിക്കുന്ന വ്യക്തികളും സമൂഹവും തങ്ങളുടെ ആഖ്യാനഘടന, ഭാഷാപ്രയോഗം, പെരുമാറ്റരീതി എന്നിവയിൽ വ്യതിരിക്തത പുലർത്തുന്നത് കാണാറുണ്ട്. കോളിൻ റൈറ്റ് (Colin Wright, 2020) കരുതുന്നത്, ട്രോമ സാംസ്കാരിക മിന്നൽപ്പിണർ പോലെയെന്നാണ്. മനഃശാസ്ത്രം, മാനസികരോഗശാസ്ത്രം, സാമൂഹിക, സാംസ്കാരിക പഠനം എന്നിവ യോജിച്ചുകൊണ്ട് ട്രോമയെ വിശകലനം ചെയ്യാൻ ശ്രമം നടന്നിട്ടുണ്ട്.
യൂറോപ്പിലെ ഹോളോകോസ്റ്റും (holocaust) റുവാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ സംഘർഷങ്ങളും ട്രോമ പഠനത്തിന് ആക്കം കൂട്ടി. പഴയകാലത്തെ വാർ ന്യൂറോസിസ് (war neurosis), വിയറ്റ്നാം സിൻഡ്രോം (Vietnam syndrome), എന്നിവയും പി.ടി.എസ്.ഡി (PTSD, Post Traumatic Stress Disorder) എന്ന പുതുകാല ആരോഗ്യപ്രശ്നവും ട്രോമയുമായി ബന്ധമുള്ളതാണ്. മാനസികാരോഗ്യ അവസ്ഥകളെ ക്രോഡീകരിക്കുന്ന സമഗ്ര ടെക്സ്റ്റ് ആയ ഡി.എസ്.എം നാലും അഞ്ചും (DSM Ed: IV & V) പതിപ്പിൽ ഇതേക്കുറിച്ച് വിശദീകരിക്കുന്നു. നാം ഉദ്ദേശിക്കുംപോലെ അപൂർവ രോഗമല്ലിത്. നാലു ശതമാനം പുരുഷന്മാർക്കും പത്ത് ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ എപ്പോഴെങ്കിലും സംഭവിക്കാവുന്ന അവസ്ഥയാണിത് എന്നിപ്പോൾ മനസ്സിലാക്കിയിരിക്കുന്നു.

21-ാം നൂറ്റാണ്ട്;
ട്രോമ ഗവേഷണത്തിന്റെ നൂറ്റാണ്ട്
പഠനവിഷയമെന്ന നിലയിൽ ട്രോമ പഠനങ്ങൾ താരതമ്യേന പുതുതാണ്. 20-ാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിലാണ് ട്രോമ എന്ന ആശയം രൂപം കൊണ്ടത്. പ്രധാനമായും ലക്കാൻ (ഷാഖ് ലക്കാൻ, Jacques Lacan: 1901-1981) മുമ്പോട്ടുവെച്ച ആശയങ്ങളെ മുൻനിർത്തി വികസിച്ചുവന്നു എന്നു പറയാം. തൊണ്ണൂറുകളിൽ ട്രോമ പഠനങ്ങൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. പ്രധാനമായും 21ാം നൂറ്റാണ്ടാണ് ട്രോമ ഗവേഷണത്തിന്റെ നൂറ്റാണ്ട്.
ലക്കാൻ മുന്നോട്ടുവെച്ച ട്രോമ സംബന്ധിയായ ചിന്തകളിൽ ചിലത് പരിശോധിക്കാം. സിഗ്മണ്ട് ഫ്രോയ്ഡ് (Sigmund Freud) സങ്കല്പിച്ചിട്ടുള്ള ട്രോമ ചിന്തകളിൽനിന്ന് മുന്നോട്ടുപോകാനാണ് ലക്കാൻ ശ്രമിച്ചത്. ട്രോമയും അനുബന്ധ സ്മരണകളും പ്രവർത്തിക്കുന്നതിന്റെ രീതിശാസ്ത്രം കണ്ടെത്താനുള്ള ശ്രമത്തിൽ ഫ്രോയ്ഡ് മുഴുകി. ട്രോമ അനുഭവിച്ചവർ ഒരുതരം 'ട്രോമ ഭാഷണം' (trauma talk) അനുഭവിച്ചുകൊണ്ടിരിക്കും. പലപ്പോഴും ട്രോമ അനുഭവം വേട്ടയാടുന്നവർ അതേക്കുറിച്ച് സംസാരിക്കാതെ നിശ്ശബ്ദമായി ജീവിക്കുന്നത് കാണാനാവും. നിശ്ശബ്ദത ഒരു പ്രതിരോധമായിക്കാം; ട്രോമ ഭാഷണം നടത്തുന്നവർ, തങ്ങൾ വേലികെട്ടിയടച്ച നിശ്ശബ്ദതയിൽനിന്ന് പുറത്തുവരാൻ ശ്രമിക്കുന്നു. ട്രോമ പറയുമ്പോഴാകട്ടെ, അതിന് പുതിയ മാനം കൈവരുന്നു.
ശബ്ദമില്ലായ്‌മ / നിശ്ശബ്ദത എന്ന ആദ്യ ഘട്ടത്തിൽ നിന്ന് പറയാനും കേൾക്കപ്പെടാനുമുള്ള കഴിവ് ആർജ്ജിക്കും വരെ വ്യക്തിയുടെ സാമൂഹികശരീരത്തെ ഓർമ്മകൾ കാർന്നുതിന്നുകൊണ്ടിരിക്കും.
ഒരു അനുഭവാഖ്യാനത്തിലൂടെ ഇത് വ്യക്തമാക്കാം. ജേണലിസ്റ്റായ റ്റോവ ഡാനോവിച്ച് അവരുടെ പഠനകാലത്ത് നടന്ന സംഭവം ഓർമ്മിക്കുന്നു. ഒരു ചെറുപ്പക്കാരനുമായി അവർ പ്രണയത്തിലായിരുന്നു. പാർട്ടികളിലും ബാറുകളിലും ഒപ്പം പോകാറുമുണ്ട്. ഒരുനാൾ, അവർ രണ്ടാളും സുഹൃത്തായ പെൺകുട്ടിയുടെ ഫ്ലാറ്റിൽ ഒത്തുകൂടി; കുറെ മദ്യം കഴിച്ചിരിക്കണം, രാത്രിയേറെ വൈകി, ഉറങ്ങാൻ കിടന്നപ്പോൾ. പ്രണയത്തിലായിരുന്ന ആൺ സുഹൃത്തിന്നടുത്താണ് റ്റോവ ഉറങ്ങാൻ കിടന്നത്. ഒരുറക്കം കഴിഞ്ഞപ്പോൾ റ്റോവ ഉണരുകയും ആൺ സുഹൃത്ത് താനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായും ബോധ്യപ്പെട്ടു. എന്നാൽ അതിനെ എതിർക്കാനോ തടുക്കാനോ വിളിച്ചുകൂവാനോ താനശക്തയായിരിക്കുന്നതായും റ്റോവ മനസ്സിലാക്കി. പ്രധാനമായും അടുത്ത മുറിയിലുറങ്ങുന്ന തന്റെ പെൺ സുഹൃത്ത് കേൾക്കരുതെന്ന വിചാരമായിരുന്നു മനസ്സിലാകെ. നിയമപരമായി ഇതിനെ ബലാത്സംഗം എന്ന് പറയാനാവില്ല; എന്നാൽ തന്റെ അനുമതി അതിനുണ്ടായിരുന്നുമില്ല. ഇത് പല പെൺകുട്ടികളും / യുവതികളും അനുഭവിക്കുന്ന പ്രശ്നമായി ചുരുക്കുവാനും കഴിയില്ല. ഇതേൽപ്പിക്കുന്ന ട്രോമ അനുഭവം വർഷങ്ങളോളം വ്യക്തിയെ പിന്തുടർന്നുകൊണ്ടിരിക്കും.
അടുത്ത ഏതാനും വാരങ്ങളിൽ അയാളുമായി കൂടിക്കാഴ്ചകളുണ്ടായില്ല. അയാളുടെ സന്ദേശം റ്റോവയ്ക്ക് വരാതിരുന്നില്ല: ‘I wanted to let you know that I’m sorry for the way I acted and that our correspondence, at least, is important to me.’ ഈ അനുഭവം പുറത്താരോടും പറഞ്ഞിട്ടില്ല; നിശ്ശബ്ദമാകാൻ കാരണമുണ്ട്. റ്റോവയിൽ ആദ്യമുണ്ടായ വികാരം ഭയമോ ട്രോമയോ അല്ല, അപമാനബോധമായിരുന്നു. ചെറിയ ഒരു സ്റ്റുഡിയോ അപ്പാർട്ടുമെന്റിൽ നടന്ന അനുഭവത്തിനോട് ഫലപ്രദമായി പ്രതിരോധം സൃഷ്ടിക്കാനായില്ലെങ്കിൽ സമൂഹത്തിൽ താനെങ്ങനെ സുരക്ഷിതവലയം നിർമിക്കുമെന്ന ചിന്തയാണ് റ്റോവയെ അലട്ടിയിരുന്നത്.

തുടർന്നുവന്ന ജീവിതാനുഭവങ്ങൾ റ്റോവ ഇങ്ങനെ വിവരിക്കുന്നു:
1. That shame didn’t go away but, over the next few years, the blurriness I felt about that night transformed into something else... It was rape – almost.
2. (പിന്നീട് വന്ന ആൺസുഹൃത്തിനോട് ഇക്കാര്യം പറയുകയുണ്ടായി. തന്നെ പീഡിപ്പിച്ചയാളുമായി സൗഹൃദം ഒഴിവാക്കണമെന്ന ആവശ്യം അയാൾക്ക് ഗൗരവമുള്ളതായി തോന്നിയില്ല). We were sleeping and I guess he just kind of had sex with me. Or something. My boyfriend didn’t think that sounded bad enough to keep him from going. At the zenith of the argument I bawled: ‘He raped me.’
3. The girl who had been sleeping not-so-far-away had, by now, heard my blurry version of what had happened – yet she still invited him to parties and even set him up on dates with her other friends. Your life can go on as usual after maybe-rape-maybe-not because you can treat it as nothing more than a (serious) misunderstanding.
4. By telling the full story, you’re forcing people to choose sides.
5. We can call this non-violent rape, but it’s a horrifying experience. There’s fear involved; there’s shock; there’s horror.’ Often it takes the victim a moment to process what is happening to her: when she does, the fear circuitry activates and releases stress chemicals. The effect is similar to being scared on a rollercoaster – an inability for complex thinking.
6. Especially in the first years after I was assaulted, being heard was the panacea I never felt I could ask for.
7. Today, at least I can tell my story. And I call that real progress. People like me are referred to as ‘unacknowledged victims’ and the synonyms make the impact painfully obvious: unacknowledged, overlooked, forgotten, ignored. But hopefully not forever – not for all of us.
എവിടെയും നടക്കുന്ന 'വെറും' പീഡനക്കഥയായി ഇതവസാനിക്കുന്നില്ല. അതിൽ ഇരയാക്കപ്പെട്ട വ്യക്തിയെ പീഡനം എന്ന സംഗതി പിന്തുടർന്നുകൊണ്ടേയിരിക്കുന്നു. മനസ്സിനെയും സാമൂഹിക ബന്ധങ്ങളെയും ഉലയ്‌ക്കുന്ന ഓർമ്മയായി വ്യക്തിയുടെ സാമൂഹിക നിലനിൽപ്പിനെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കുന്നു. ശബ്ദമില്ലായ്‌മ / നിശ്ശബ്ദത എന്ന ആദ്യ ഘട്ടത്തിൽ നിന്ന് പറയാനും കേൾക്കപ്പെടാനുമുള്ള കഴിവ് ആർജ്ജിക്കും വരെ വ്യക്തിയുടെ സാമൂഹികശരീരത്തെ ഓർമ്മകൾ കാർന്നുതിന്നുകൊണ്ടിരിക്കും. ട്രോമാ ഹേതുത്വം (trauma causality) എന്ന ആശയത്തിലൂടെ ഇതപഗ്രഥിക്കാൻ ലക്കാൻ ശ്രമിക്കുന്നു.

മനഃക്ലേശമുളവാക്കുന്ന ആദ്യാനുഭവം (stressor) സംഭവിച്ചാൽ അനാരോഗ്യസംബന്ധിയായ തുടർമാറ്റങ്ങളുണ്ടാകും. ആദ്യ സംഭവത്തിന്റെ പുനരാഖ്യാനങ്ങൾ ചിന്തകളിലും സ്വപ്നങ്ങളിലും ആവർത്തിച്ചുണ്ടാകുന്നു. ഒരുതരം അതി-ഉത്തേജകാവസ്ഥയിലേയ്ക്കും (hyper-arousal), പരിത്യജിക്കൽ പെരുമാറ്റങ്ങളിലേയ്ക്കും നയിക്കാനുമിടയുണ്ട്. നടന്ന സംഭവത്തിന്റെ വ്യത്യസ്ത വശങ്ങളുടെ പുനരാഖ്യാനങ്ങൾ ഉണ്ടാകുന്നതിനാൽ അനുഭവങ്ങൾ എപ്പിസോഡുകളായിട്ടാണ് ഉണ്ടാകുക. ട്രോമ അനുഭവിച്ചയാൾ ക്രമേണ തന്റെ ഉപബോധ മനസ്സിൽ ഇരയായി രൂപപ്പെട്ടുവന്നെന്നിരിക്കും. ട്രോമ ഓർമകളും ട്രോമാ ഭാഷണവും നടക്കുന്നത് ഇരകളുടെ ‘യാഥാർഥ്യം’ എന്ന പ്രതലത്തിൽ നിന്നുകൊണ്ടുവേണം മനസ്സിലാക്കാൻ.
ഫ്രോയ്ഡ്, ലക്കാൻ മുതൽ കാഥി കേരു (Cathy Caruth) വരെയുള്ള ഗവേഷകർ മനോഃവിശ്ലേഷണാധിഷ്ഠിത മാതൃകയിലാണ് ട്രോമയെ കണ്ടത്. ട്രോമ പഠനങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ ഇവരുടെ ചിന്തകൾ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. ശരീരത്തിൽ പതിയുന്ന മുറിവുകളിൽ ഒതുങ്ങുന്നതല്ല ട്രോമ. അത് ശരീരവും മനസ്സും സമൂഹവും ചേരുന്ന സ്വത്വ പശ്ചാത്തലത്തിൽ സങ്കീർണ്ണമായ സംഭവപരമ്പരയാണ് (cascade). അതിനാൽ സംഭവം (ആഘാതം), അനുഭവം, ആഖ്യാനം (കഥനം) എന്നിവ അടങ്ങിയിരിക്കുന്നു. ഇതിലോരോന്നും വ്യത്യസ്തമായ അളവിലാണ് അനുഭവപ്പെടുക. അതിൻറെ കൂട്ടിച്ചേർക്കലിൽ വരുന്ന മാറ്റങ്ങൾ അനുഭവത്തിലും പ്രതിഫലിക്കും. പലകാലങ്ങളിൽ, പല ദിവസങ്ങളിൽ ഇവയുടെ സമ്മിശ്രണത്തിൽ (combination) ഏറ്റക്കുറച്ചിലുകൾ ഉണ്ടായിക്കൊണ്ടിരിക്കും. നമ്മുടെ സ്വത്വം, സംസ്കാരം, സാമൂഹിക പശ്ചാത്തലം എന്നിവ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യും. അനുഭവങ്ങളും ആഖ്യാനങ്ങളും പ്രകടനപരതയും ട്രോമ മനസ്സിലാക്കുന്നതിൽ സങ്കീർണ്ണത സൃഷ്ടിയ്ക്കുന്നതിന്റെ കാരണങ്ങളിൽ തീർച്ചയായും ഇതുമുണ്ട്.
തൊണ്ണൂറുകൾക്കുശേഷം ട്രോമ അനുഭവങ്ങൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സാഹിത്യത്തിലും ദർശനത്തിലും ട്രോമ ഗണ്യമായ സാന്നിധ്യവുമായി.
ഫ്രോയ്ഡ് - ലക്കാൻ - കാഥി കേരു (Freud - Lacan - Cathy Caruth) മോഡൽ ഉപയോഗിച്ച് ട്രോമയെ വിശദീകരിക്കാനാകും. ചില ഉദാഹരണങ്ങൾ കൂടി പരിശോധിക്കാം:
സൂസൻ ഈഡൽമാൻ (Susan Edelman) എഴുതിയ ലഘു ലേഖനം ഇങ്ങനെ വായിക്കാം. വേൾഡ് ട്രേഡ് സെൻറ്റർ സെപ്റ്റംബർ 11 ന് ആക്രമിക്കപ്പെട്ടു. അതിൽ 104ാം നിലയിൽ ജോലി ചെയ്യുകയായിരുന്നു ഡാൻ ട്രൻറ്റ് (Dan Trant). പടർന്നുപിടിച്ച പുക ഭയപ്പെടുത്തുന്നതായിരുന്നു; അപ്പോൾത്തന്നെ അയാൾ ഭാര്യയെ (കാഥി, Cathy) വിളിച്ചു സംസാരിച്ചു: 'സഹിക്കാനാവാത്തത്ര പുകയാണിവിടെ. ഞാൻ നിന്നെ സ്നേഹിക്കുന്നു, നമ്മുടെ കുട്ടികളെയും’.
ഇത് അയാളുടെ അവസാന വാക്കുകളായിരുന്നു. അയാളുടെ ശരീരാവശിഷ്ടം പോലും കിട്ടിയില്ല. പള്ളിയിലെ ശുശ്രുഷ കഴിഞ്ഞശേഷം കാഥി വല്ലാത്ത ദുഃഖത്തിലാഴ്ന്നു. തീവ്രമായ വിഷാദരോഗത്തിലേയ്ക്കവർ ഊർന്നുവീണു. ശരീരഭാരം 90 പൗണ്ടിൽ നിന്ന് 170 ലേയ്ക്കുയർന്നു. മദ്യപാനവും തുടങ്ങി. ഒട്ടും അനുകൂലമല്ലാത്ത ജീവിതശൈലിയെന്ന് പറയാം.
ഡാൻ ഉയർന്ന പദവിയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു; അതിനാൽ അദ്ദേഹത്തിന്റെ പേരിൽ കാഥിക്ക് ലഭിച്ച നഷ്ടപരിഹാരം അമ്പത് ലക്ഷം ഡോളറുണ്ടായിരുന്നു; കാഥിയുടെ ട്രോമ ഇംപാക്റ്റ് ഇതിനകം മോശമായിരുന്നു. അവർ നിയന്ത്രണമില്ലാത്ത ഷോപ്പിംഗ് ആരംഭിച്ചു. ലോകത്തിന്റെ പലേടങ്ങളിലുമായി സുഹൃത്തുക്കളൊപ്പം കറങ്ങി. വീട് മോടി പിടിപ്പിച്ചു, സമ്മാനങ്ങൾ നൽകി. കയ്യിൽ കിട്ടിയ നിധി മൊണോപൊളി ഗെയിം പോലെ കരുതിയെന്ന് അവർ തന്നെ പറയുന്നു. ഏതാണ്ട് മുഴുവൻ പണവും ലക്ഷ്യമില്ലാത്തെ ജീവിതത്തിൽ നഷ്ടമാക്കി. ‘ഷോപഹോളിക്’ (shopaholic) എന്ന അവസ്ഥയിൽ ജീവിതം തുടർന്നു.

ട്രോമ ഇങ്ങനെയും ചിലത് ചെയ്യും എന്നും നാം മനസിലാക്കുന്നു. ട്രോമ ദുഃഖവും വിരക്തിയും മാത്രമല്ല, ഒടുങ്ങാത്ത അഭിനിവേശങ്ങളിലേയ്ക്കും നയിക്കാൻ ശക്തമാണ്.
ഹെയ്തിയിലെ ഭൂചലനത്തിനെക്കുറിച്ചാണ് പറഞ്ഞു തുടങ്ങിയത്. പീറ്റർ ഓർനർ, ഇവാൻ ലിയോൺ എന്നീ ഗവേഷകർ ഹെയ്തി ഭൂചലനത്തിന് ശേഷമുള്ള ജനജീവിതം എങ്ങനെ മുമ്പോട്ടുപോകുന്നു എന്ന് കണ്ടെത്താൻ ശ്രമം തുടങ്ങി. രാജ്യത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ അതിന്റെ ദാരിദ്ര്യത്തെക്കുറിച്ചും ഭരണ ദൗർബല്യങ്ങളെക്കുറിച്ചും പറഞ്ഞുപോകുന്നു. ഓർനർ- ലിയോൺ കൂട്ടുകെട്ട് മറ്റൊരു ട്രാക്കിലൂടെ സഞ്ചരിക്കാനാണ് ഇഷ്ടപ്പെട്ടത്. അതിജീവനത്തിനായി അവർ ചെയ്യേണ്ടിവരുന്ന കഠിനയത്നവും സഹനവും പ്രതിഫലിപ്പിക്കുന്ന രീതിയിൽ ഹെയ്തി ജീവിതം അവതരിപ്പിക്കാനാണ് ശ്രമം. അതിനായി ഭൂചലനക്കെടുതി അതിജീവിച്ചവരുടെ ഓർമ, ദുഃഖം, പ്രത്യാശ എന്നിവ രേഖപ്പെടുത്താനാകും വിധം അവരുടെ ചരിത്രം ആഖ്യാനരീതിയിൽ രേഖപ്പെടുത്തുക എന്നതായിരുന്നു ദൗത്യം. പരാമർശിതമായ ഓർനർ ലേഖനം ഡനിസ് എന്ന സ്ത്രീയുടെ അതിജീവനകഥയാണ്. അവരുമായുള്ള കൂടിക്കാഴ്ച്ച നടക്കുമ്പോൾ അവർ തെരുവിൽ ഒരു ടെൻറ്റിലായിരുന്നു വസിച്ചിരുന്നത്. ശരീരത്തിലുണ്ടായ വേദനകൾ അലട്ടുമായിരുന്നു. ജീവിതത്തിൽ മാനഹാനിയും പുരുഷന്മാരിൽ നിന്ന് ലൈംഗിക പീഡനവും ആഘാതങ്ങൾക്ക് തീവ്രത വർധിപ്പിക്കുന്നു. എന്നാൽ ഈ യാതനകൾക്കിടയിലും അവരുടെ നിശ്ചയദാർഢ്യവും മനഃസ്ഥൈര്യവും മറക്കാനാവില്ല. ഭൂചലനാനന്തര ഹെയ്തിയിൽ അതിജീവനത്തിന് ഹീറോയിസം വേണം, ഭാഗ്യവും. ഭക്ഷണവും സുരക്ഷിതത്വവും, ശുദ്ധജലവും വസ്ത്രവും ലഭിക്കാൻ എത്ര കഠിനാധ്വാനവും പോരാതെ വരും.
ആഘാതാനന്തര സ്ട്രെസ് വ്യതിയാനങ്ങൾ (Post traumatic stress disorder, PTSD) മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കും; ആരംഭവും അപ്രകാരം അകന്നുപോയേക്കാം.
സാഹിത്യത്തിലെയും
ദർശനത്തിലെയും ട്രോമ
തൊണ്ണൂറുകൾക്കുശേഷം ട്രോമ അനുഭവങ്ങൾ കൂടുതലായി ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സാഹിത്യത്തിലും ദർശനത്തിലും ട്രോമ ഗണ്യമായ സാന്നിധ്യവുമായി. പഴയ കൃതികളിൽ പോലും ട്രോമ വിഷയമാകുന്നതിന്റെ ഉദാഹരണങ്ങൾ പാശ്ചാത്യ സാഹിത്യത്തിൽ സുലഭമാണ്.
ടോണി മോറിസൺ രചിച്ച ബിലവ്ഡ് (Toni Morrison - Beloved, 1987), ആലീസ് വോക്കർ രചിച്ച കളർ പർപ്ൾ (Alice Walker - Colour Purple, 1982), ആലൻ പാറ്റൻ രചിച്ച ക്രൈ, ദ് ബിലോവ്ഡ് കൺട്രി (Alan Paton – Cry, the Beloved Country, 1948) എന്നിവ ഉദാഹരണങ്ങളായിക്കാണാം. സമാനമായ ട്രോമ ആവിഷ്കാരം മലയാള കൃതികളും കാണാം. കഠിനമായ ട്രോമയിലൂടെയാണ് കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത കടന്നുപോകുന്നത്. ആദ്യകാലങ്ങളിലെ ആഘാതം (event), നീണ്ടകാലത്തെ മൗനം, ആവർത്തിച്ച് മനസ്സിലെത്തുന്ന അനുഭവങ്ങൾ, ചിത്രങ്ങൾ; ഒടുവിൽ ട്രോമയെക്കുറിച്ചുള്ള ആത്മഭാഷണവും സീതയെന്ന ചിന്താവിഷ്ട നടത്തുന്നുണ്ട്. മൂന്നാമത്തെ ശ്ലോകം അതിന് പശ്ചാത്തലമൊരുക്കുന്നു:
രവിപോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോ
-ന്നവിടെത്താൻ തനിയേയിരിപ്പതും.
സീതയുടെ മാനസികാഘാതം പല ശ്ലോകങ്ങളിലായി ആശാൻ വിവരിക്കുന്നു. ചില വരികളിൽ സീതയുടെ വ്യഥ നമ്മെ നൊമ്പരപ്പെടുത്തും:
സ്ഫുടമാക്കിയിത്തന്നെ മന്നവൻ
വെടിവാൻ നല്കിയൊരാജ്ഞ ലക്ഷ്മണൻ
ഉടനേയിരുളാണ്ടു ലോകമ -
ങ്ങിടിവാളേറ്റകണക്കു വീണു ഞാൻ.
മൃതി വേണ്ടുകിലും സ്വഹത്യയിൽ
പതിയാതായ് മതി ഗർഭചിന്തയാൽ
അതിവിഹ്വലയായി, വീണ്ടുമീ -
ഹതി മുമ്പാർന്ന തഴമ്പിലേറ്റ ഞാൻ.
പിന്നീട് സീതാമനസ്സിലൂടെ അനവധി പഴയകാല ചിത്രങ്ങൾ ഇമേജുകളായി കടന്നുപോകുന്നു. അവയെക്കുറിച്ചുള്ള ആഖ്യാനങ്ങൾ (narration) പല രീതിയിൽ സീതാമനസ്സ് കലുഷിതമാക്കുന്നു. തന്റെ അനുഭവത്തിൽ പരാജയപ്പെടുകയോ ഒളിച്ചോടുകയോ അല്ല സീത ചെയ്യുന്നത്; മറിച്ച് സ്വന്തം സാമൂഹിക- സാംസ്കാരിക പശ്ചാത്തലത്തിൽ (context) നിന്നുകൊണ്ട് സ്വത്വം അടയാളപ്പെടുത്തുന്ന സീതയെയാണ് നാം കാണുക. ട്രോമയുടെ ഭാഷ ഇതിലും മിഴിവോടെ കാണാനാകുന്ന മറ്റു കൃതികൾ വിരളമെന്നേ പറയാവൂ.

‘അരുതെന്തയി! വീണ്ടുമെത്തി ഞാൻ
തിരുമുമ്പിൽ തെളിവേകി ദേവിയായ്
മറുവീടണമെന്നു മന്നവൻ
കരുതുന്നോ? ശരി! പാവയോയിവൾ!.
‘സ്ഫുടമിങ്ങനെ ഹന്ത! ബുദ്ധിയിൽ
പടരും ചിന്തകളാൽ തുടിച്ചിതേ
പുടവയ്ക്കു പിടിച്ച തീ ചുഴ-
ന്നുടൽ കത്തുന്നൊരു ബാലപോലവൾ.
ട്രോമ ഉളവാക്കുന്ന സംഭവം പൊടുന്നനെ ഉണ്ടാവുന്നതാവാം; അതിതീക്ഷ്‌ണവും ആവാം. എന്നാലും അതിന്റെ ആഘാതം അപ്പോൾ തന്നെ അറിഞ്ഞുകൊള്ളണമെന്നില്ല. ഒരു വാഹനാപകടത്തിൽ പോലും നമ്മെ ബാധിക്കുന്ന ശാരീരികാഘാതം എത്രകണ്ട് ഗുരുതരമാണെന്ന ചിന്ത മെല്ലെ വന്നെത്തുകയാണ് ചെയ്യുക. മനസ്സിനെക്കൂടി ബാധിക്കുന്നവയാകട്ടെ നാളുകൾ കടന്നുപോകെ മാത്രമേ അവയുടെ തീവ്രത ബോധമനസ്സിൽ ആലേഖനം ചെയ്യപ്പെടുകയുള്ളൂ. ആഘാതാനന്തര സ്ട്രെസ് വ്യതിയാനങ്ങൾ (Post traumatic stress disorder, PTSD) മാസങ്ങളോ വർഷങ്ങളോ നീണ്ടുനിൽക്കും; ആരംഭവും അപ്രകാരം അകന്നുപോയേക്കാം. ഈ ഘടകം കുമാരനാശാൻ വിസ്മരിച്ചിട്ടില്ല; സീതയുടെ ആത്മഭാഷണം നടക്കുന്നത് വനത്തിലേയ്ക്ക് പുറംതള്ളപ്പെട്ട് വർഷങ്ങൾ കഴിഞ്ഞാണല്ലോ ആശാൻ വിഭാവനം ചെയ്തിരിക്കുന്നത്.
കാഥി കേരു തന്റെ പുസ്തകത്തിൽ (Cathy Caruth - Unclaimed Experience – Trauma, Narrative and History, 1996) ഇതേക്കുറിച്ച് സുശിക്ഷിതമായ അഭിപ്രായം മുന്നോട്ടുവയ്ക്കുന്നത് ഇങ്ങനെ വായിക്കാം:
ട്രോമയുടെ ഇരയായിക്കഴിഞ്ഞാൽ ആ വ്യക്തി താൻ പോലുമറിയാതെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേയ്ക്ക് പ്രവേശിക്കുന്നു. ഒരുതരം വെർച്വൽ ലോകമായി അതിനെ കണക്കാക്കാം. ജീവിതത്തിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുവരുന്നതായ തോന്നൽ ശക്തമാകുന്നു; അതിജീവനത്തിന് അവശ്യം വേണ്ടുന്ന ജന്മവാസന, അഥവാ അന്തർജ്ഞാനം കൈവിട്ടുപോകുന്നതായി അവർ മനസിലാക്കുന്നു. മരണം അങ്ങനെ ഗൗരവമുള്ള സാധ്യതയായി തോന്നിപ്പിക്കാൻ ട്രോമാനുഭവത്തിന് കഴിയും. സ്വത്വബോധത്തിലുണ്ടാകുന്ന വിള്ളൽ ജീവിതം തന്നെ ദുസ്സഹമാകുന്നതിന്റെ സൂചനയായി കാണപ്പെടും.
ദുഃസ്സഹമായ ആഘാതവും അതിനെ അതിജീവിക്കാൻ വേണ്ടിവരുന്ന ക്ലേശവും ചേർത്തു വായിക്കാൻ ആശാന്റെ കാവ്യം നമ്മെ പ്രേരിപ്പിക്കുന്നു. ട്രോമയുടെ വിവിധ ഇമേജുകൾ സീതയുടെ മനസ്സിലൂടെ പോകുമ്പോഴുണ്ടാകുന്ന മാനസികവ്യഥയും അതിന്റെ ആഖ്യാനരീതിയുമാണ് സീതാകാവ്യത്തെ ട്രോമ പഠനത്തിന് യുക്തമാക്കുന്നത്.
മലയാളത്തിലെ മറ്റൊരു കൃതിയെയും കൂടി പരാമർശിച്ചുപോകേണ്ടതുണ്ട്. പോൾ ചിറക്കരോട് രചിച്ച 'പുലയത്തറ' എന്ന നോവൽ 1962-ലാണ് പ്രസിദ്ധീകരിച്ചത്. മുഖ്യധാരയിൽ വലിയ ചർച്ചയുണ്ടായില്ലെങ്കിലും ട്രോമാ പഠനങ്ങളിൽ പരാമർശിക്കപ്പെടേണ്ട നോവൽ തന്നെയാണത്. ഒരു വലിയ സമൂഹം അനുഭവിച്ച ട്രോമയും അനുബന്ധ വിഷയങ്ങളും പുതിയകാല വായനകളിൽ ഇടം നേടും. 20-ാം നൂറ്റാണ്ടിലെ ആദ്യ കാലത്ത് ആലപ്പുഴ, കോട്ടയം പ്രദേശങ്ങളിലെ കാർഷിക വൃത്തിയിൽ ജീവിച്ച ദലിതരുടെ കഥയാണ് പുലയത്തറ. പ്രത്യേകതകൾ ഏറെയുണ്ടവർക്ക്; വിദ്യാഭ്യാസമോ വായനയോ ഇല്ല, ഭൂമിയുടെമേൽ ഉടമസ്ഥതയോ അധികാരമോ ഇല്ല, സ്വയാർജ്ജിതമായ കൂര പോലും ഇല്ല. സമൂഹം നിഷ്‌കർഷിച്ചിട്ടുള്ള ഇത്തരം ഇല്ലായ്മകൾ തീർച്ചയായും ഏതൊരാൾക്കും ആഴത്തിലുള്ള ട്രോമ അനുഭവമായിരിക്കും. എന്നാൽ, ഇതൊന്നും തങ്ങളുടെ ജീവിതത്തിൽ ഉണ്ടാവില്ലെന്നറിയുന്ന ജനത ഉടമസ്ഥതയും അധികാരവും സ്വപ്നത്തിൽ പോലും കാണുകയുമില്ല. സ്വത്വം, സംസ്കാരം, സാമൂഹിക പശ്ചാത്തലം എന്നിവ ട്രോമയിൽ പ്രവൃത്തിക്കുന്നതെങ്ങനെ എന്നതിന് ഈ നോവൽ ഉത്തരം നൽകുന്നു. ഇല്ലായ്മകളെയും കീഴ്പ്പെടുത്തൽ / അടക്കിവാഴലിനേയും (subjugation) ഒരു സമൂഹം ആന്തരികമാക്കിയാൽ അവരുടെമേൽ അധിനിവേശം ഉറപ്പാക്കാൻ എളുപ്പം കഴിയും. കാർഷികവൃത്തിയിൽ ജീവിച്ചിരുന്ന ദലിത് സമൂഹം ജന്മികളുടെ അടിമകൾ മാത്രമായിരുന്നു. അടിമത്തം തന്നെ ‘സാമൂഹിക ട്രോമ’ ആയതിനാൽ അടിമസമൂഹം കടന്നുപോകുന്ന ട്രോമ ആരുടേയും ശ്രദ്ധയിൽ വരില്ല.

തേവൻ പുലയൻ കടന്നുപോയ ട്രോമ നോവൽ പരിഗണിക്കുന്നു: നിർത്താതെ പെയ്ത മഴയിൽ ആയിരപ്പറ നിലത്തേയ്ക്ക് പോരുവെള്ളം കുതിച്ചൊഴുകി നിറഞ്ഞുകവിഞ്ഞു. മട വീണ്, നിലം നിറഞ്ഞ് കൃഷി നശിച്ചു. ഇക്കൊല്ലത്തെ കൃഷി പൂർണ്ണമായും പോയമട്ടാണ്. തമ്പുരാനെ വിവരമറിയിക്കുകയാണ് അയാൾക്കിനി ചെയ്യാനുള്ളത്. വീടിനുമുന്നിലേയ്ക്ക് നീളുന്ന ഭംഗിയുള്ള വഴിയുണ്ടെങ്കിലും തേവൻ പുലയന് അതിലൂടെ നടക്കാൻ അനുവാദമില്ല. കുറച്ചകലെ മറ്റൊരു പരുക്കൻ വഴിയുണ്ട്; കന്നുകാലികളെ തെളിക്കാനുള്ള വഴി. തേവൻ പുലയൻ ആ വഴി സ്വീകരിച്ചുകൊണ്ട്, മുറ്റത്ത് ഒരൊഴിഞ്ഞ കോണിൽ കാത്തുനിന്നു. അല്പം കഴിഞ്ഞ് നാരായണൻ നായർ എന്ന തമ്പുരാൻ അടിയനെ കണ്ടു. വെറുതെയല്ല, രോഷത്തോടെ, തീപ്പൊരി പായുന്ന കണ്ണുകളോടെ. അദ്ദേഹം കൃഷിനാശം സംഭവിച്ച കാര്യം അറിഞ്ഞിരിക്കുന്നു.
പിന്നീടൊരലർച്ച: 'നീ മുടിച്ചു, അല്ല്യോടാ?'
ആരുടെ തെറ്റ് എന്നതല്ല, പാടത്ത് എന്തുണ്ടായാലും തേവൻ പുലയന്റെ തെറ്റ് എന്ന ശരി പ്രവർത്തിക്കുന്നു. അപരാധബോധം കൊണ്ട് അയാളുടെ തല കുനിഞ്ഞുപോയി. 'എല്ലാം മുടിച്ചേച്ച് നീയിപ്പഴ് എന്തിനാ വന്നേ?'
തേവന് അപ്പോൾ മൊഴി മുട്ടിപ്പോയി. അയാൾ നിശ്ശബ്ദനായി, മൗനത്തിലാണ്ടുപോയി.
'തമ്രാ, മട കുത്തി ശരിയാക്കുവേം, ചക്രം വച്ച് വെള്ളം ചമിട്ടുകേം ചെയ്യണം. അതോണ്ട്...' നാരായണൻ നായർ പൊട്ടിച്ചിരിച്ചു. ആ പൊട്ടിച്ചിരിയിൽ പൈശാചികത്വം മുഴങ്ങുന്നുണ്ടായിരുന്നു. 'അടിയനും ക്ടാത്തനും കൂലി മേണ്ടായേ തമ്രാ, എന്നാലക്കൊണ്ട്...' അടിയാനെ ആകെത്തടുത്തുകൊണ്ട് നാരായണൻ നായർ പറഞ്ഞു, 'എനിക്കൊന്നും കേൾക്കണ്ടെന്നു പറഞ്ഞില്ലേ. മുടിച്ചതും പോരാ, ഇനി സമാധാനം പറയാൻ വന്നിരിക്കുന്നു. ഇനി വേണ്ടതെല്ലാം ഞാൻ ചെയ്‌തോളാം.'
ആ വാക്കുകളിൽ എന്തെന്നില്ലാത്ത ഗാംഭീര്യം മുഴങ്ങിയിരുന്നു. അടിയുറച്ച തീരുമാനത്തിന്റേതായ ഗാംഭീര്യമായിരുന്നു അത്. തേവൻ പുലയന്റെ മുഖം വിയർത്തു. ചുമലിൽ കിടന്ന ചെളി പുരണ്ട തുവർത്തുകൊണ്ട് ആ പരവശഹൃദയൻ മുഖം തുടച്ചു. ശരീരത്തിൽ നിന്ന്, തേവൻ ചടഞ്ഞുകൂടിയിരുന്നു. ഓരോ ഞരമ്പിൽനിന്ന്, കരുത്തു ചോർന്നുപോവുകയാണോ? ഒന്നിരിക്കണം, ഇരുന്നേ മതിയാവൂ. മുറ്റത്തിന്റെ കോണിൽ, തൊഴുത്തിനരികിൽ തേവൻ ചടഞ്ഞുകൂടിയിരുന്നു.'
ഇതാണ് തേവൻ പുലയന്റെ മേൽ പതിച്ച ആഘാതം. അയാൾ ഇറങ്ങിനടന്നു, എങ്ങോട്ടെന്നില്ലാതെ. നടന്നുനടന്ന് ആയിരപ്പറയുടെ കരയിലെത്തി. വെള്ളം മുങ്ങിയ പാടത്തിന്നരികിൽ തെങ്ങിൽ ചാരി അയാൾ നിന്നു. അങ്ങനെ കുറേനേരം നിന്നുകാണും; അപ്പോഴാണ് മകൻ കണ്ടങ്കോരൻ അവിടെത്തിയത്. അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 'അച്ചാ, നമ്മാ തറേല് മറ്റൊരു കൂട്ടര് പൊറുതിക്ക് മന്നേക്കുന്നു.' ഇത്രേയുള്ളൂ കാര്യം. തേവൻ പുലയനും അയാൾക്കു ചുറ്റുമുള്ള ലോകവുമായി ഉണ്ടായിരുന്ന അദൃശ്യ ബന്ധം മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. ജന്മിയുടെ വീടുമായി, ആയിരപ്പറ പാടവുമായി അയാൾ ജീവിച്ചിരുന്ന തറയുമായി, തലപ്പുലയൻ എന്ന പദവിയുമായി, എല്ലാ ബന്ധങ്ങളും ഒരു വാക്കിൽ അസ്തമിച്ചു. കിടക്കാനിടമില്ലാതെ, സങ്കടം പറയാൻ ഒരാളില്ലാതെ, ചായാൻ ഒരു തോളില്ലാതെ, വെറും അനാഥനാക്കി മാറ്റപ്പെട്ടിരിക്കുന്നു. ആഴക്കയത്തിൽ പെട്ട അനുഭവമായിരുന്നു തേവൻ പുലയന്. അതിൽനിന്ന് പുറത്തുവരാൻ അയാൾ ചെയ്യുന്ന ശ്രമമാണ് നോവലിന്റെ ആദ്യഭാഗം. അയാൾ ഉൾപ്പെട്ട ജനതയുടെ സംസ്കാരം, സാമൂഹിക പശ്ചാത്തലം, ധാരണകൾ എന്നിവയ്‌ക്കൊത്തു മാത്രമേ അയാൾക്ക് ജീവിതത്തെ നേരിടാനാകൂ.
ട്രോമയുടെ ചില അവസ്ഥകളിലെങ്കിലും അതു നമ്മുടെ ബോധമനസ്സിനെയും (consciousness) ഓർമയേയും സ്വാധീനിക്കുമെന്ന് കാഥി കേരു പറയുന്നു. ഇത് ഭീതിയാൽ സ്തബ്ദമാക്കൽ (speechless terror) ഉണ്ടാക്കും. താൻ അനുഭവിച്ച യാതനകൾ ഓർത്തെടുക്കാനും അർഥപൂർണമായ ആഖ്യാനത്തിന് തയ്യാറാക്കാനും വയ്യാത്ത അവസ്ഥയുണ്ടാകുന്നു. പുലയത്തറയിലെ തേവൻ പുലയന് താൻ അനുഭവിക്കുന്ന ഭീതിദമായ അവസ്ഥ ഭാഷയിലൂടെ ആവിഷ്കരിക്കാൻ പോലും എളുപ്പമല്ല. ട്രോമ അനുഭവത്തിൽ വാചികാവിഷ്കാരത്തിന് വലിയ സ്ഥാനമുണ്ട്; പലപ്പോഴും ഫലപ്രദമായി പറയാനാവാത്തത് പ്രശ്നമായിത്തുടരും. ഇത്തരം അന്വേഷണ സാധ്യതയൊരുക്കുന്നതിനാൽ 'പുലയത്തറ' ട്രോമ പഠനത്തിൽ ഒഴിച്ചുകൂടാനാവില്ല.
തീവണ്ടിയപകടം, ഭൂചലനം എന്നിവ വലിയ ട്രോമയാണ് ഏൽപ്പിക്കുക; എന്നാൽ അതിനുശേഷം സംഭവിക്കുന്ന മാനസിക പീഡനം, അപമാനീകരണം, സുരക്ഷാ ഏജൻസികളുടെ നിസ്സഹകരണം എന്നിവ കൂടുതൽ ട്രോമയ്ക്ക് കാരണമാകും.
തൊണ്ണൂറുകൾ മുതൽ ട്രോമ പഠനങ്ങൾ വികസിച്ചു വന്ന വഴികളാണ് നാമിതുവരെ കണ്ടത്. ഇതേ കാലം മുതൽക്കു തന്നെ ട്രോമയെ കൂടുതൽ മനസ്സിലാക്കാൻ മറ്റു വഴികളും തുറക്കപ്പെട്ടു. ഘടനാവാദോത്തരം (post-structuralism), അപനിർമിതി (deconstruction), സാംസ്‌കാരിക പഠനങ്ങൾ, എന്നിവ ട്രോമ മനസ്സിലാക്കാനുള്ള ഉപകരണങ്ങളാണ്. കൂടാതെ ഇവയുമായി യോജിച്ചു പ്രവർത്തിക്കുന്ന മറ്റു ധാരകളും ചിന്തിക്കപ്പെടേണ്ടതാണ്. ഇങ്ങനെ നോക്കിയാൽ ട്രോമ മനോവിശ്ലേഷണ മോഡലിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല. സ്വത്വം, ഭാഷ, സംസ്കാരം എന്നിവയുടെ നാനാർത്ഥങ്ങളിൽ ട്രോമ വ്യാപരിക്കുന്നതായി കാണാം.
പോസ്റ്റ്- സ്ട്രക്ച്ചറലിസവും ട്രോമയും തമ്മിൽ ബന്ധപ്പെട്ടതെങ്ങനെ എന്ന് പരിശോധിക്കാൻ എളുപ്പമാർഗം ജോൺ ഓസ്റ്റിൻ (John Langshaw Austin) എന്ന ബ്രിട്ടീഷ് ദാർശനികന്റെ സിദ്ധാന്തങ്ങളിൽ തുടങ്ങുകയാണ്. ഭാഷയുടെ പ്രവർത്തനം ആശയവിനിമയത്തിൽ ഒതുങ്ങുന്നില്ല. അതിന് പ്രകടനപരത / അവതരണം (performance) എന്ന ശേഷി കൂടിയുണ്ട്. നാം പറയുന്ന വാക്കുകളും വാക്യങ്ങളും നാടകത്തിലെന്നപോലെ പെർഫോം ചെയ്യുന്നുണ്ട്. ഓസ്റ്റിൻ തന്റെ പുസ്തകത്തിൽ (How to Do Things with Words) വസ്തുതകൾ വിവരിക്കുക മാത്രമല്ല, പ്രവർത്തിപ്പിക്കുക (inform - perform) കൂടിയാണെന്ന് സമർത്ഥിക്കുന്നു. ഒരു പ്രതിജ്ഞ പോലെ, ആജ്ഞ പോലെ, കപ്പലിന്റെ പേര് പറയും പോലെ; നമ്മുടെ വാചികഭാഷ അഭിനയത്തിൽ നിന്ന് മുക്തമല്ല. ഔപചാരിക ഭാഷാ ഘടനയ്ക്കുള്ളിൽ വാക്യങ്ങൾ വ്യാകരണാനുസൃത പ്രയോഗങ്ങളാണ്. എന്നാൽ വായ്‌മൊഴികൾ (സംസാരഭാഷ) ഇതിൽ നിന്ന് മുക്തമായി ആശയവിനിമയത്തിൽ ഊന്നിനിൽക്കുന്നു.
ഉദാഹരണം നോക്കാം.
'വെള്ളം' എന്ന പദം നോക്കുക. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നയാൾ വെള്ളം എന്ന് പറഞ്ഞാൽ വെയ്റ്റർ കപ്പിൽ വെള്ളം കൊടുക്കാനാണ് സാധ്യത. തെരുവിലൂടെ നടക്കുമ്പോൾ അതേ വാക്കുച്ചരിച്ചാലോ, മഴയത്ത് പുഴ നിറയുമ്പോൾ പറയുന്നതോ പെർഫോമൻസ് തലത്തിൽ വ്യത്യാസമുണ്ടാകുമല്ലോ. അർത്ഥവ്യാപ്തി മനസ്സിലാക്കുന്നത് അധികാരം (power), പശ്ചാത്തലം (context), സാമൂഹിക മൂലധനം (social capital), പദസഞ്ചയ ലഭ്യത എന്നിങ്ങനെ അനേകം ഘടകങ്ങളെ ആശ്രയിച്ചിരിക്കും.

വാചികഭാഷയുടെ പെർഫോർമൻസ് മൂന്നായി തരംതിരിക്കാമെന്ന് ഓസ്റ്റിൻ പറഞ്ഞുവെയ്ക്കുന്നു. അവ ഇങ്ങനെയാണ്:
-അക്ഷരാർത്ഥത്തിൽ എന്തോ അത് (Locutionary: The literal meaning of the words spoken- the act of saying something).
-ഉച്ചരിക്കപ്പെട്ട പദം എന്തു ലക്ഷ്യമാക്കിയോ അത് (Illocutionary: The intended force or function of the utterance. e.g., promising, requesting, questioning).
-ഉച്ചരിക്കപ്പെട്ട പദം കേൾവിക്കാരിൽ ഉളവാക്കുന്ന സ്വാധീനം (Perlocutionary: The effect of the utterance on the listener. e.g., persuading, frightening, convincing).
'പുലയത്തറ'യിലെ ജന്മി കുടിയാനോട് പറഞ്ഞകാര്യം ഇതിന്റെ വെളിച്ചത്തിൽ പുനരവലോകനം ചെയ്യാം. 'എനിക്കൊന്നും കേൾക്കണ്ടെന്നു പറഞ്ഞില്ലേ, മുടിച്ചതും പോരാ, ഇനി സമാധാനം പറയാൻ വന്നിരിക്കുന്നു. ഇനി വേണ്ടതെല്ലാം ഞാൻ ചെയ്‌തോളാം’- ഇതാണ് ജന്മി പറഞ്ഞത്.
മഴവെള്ളം പൊങ്ങി പാടം നിറഞ്ഞതിലും കൃഷി നശിച്ചതിലും ഒരു അനിവാര്യതയുണ്ട്; പൂർണമായും തേവൻ പുലയന്റെ കുറ്റമല്ല. എന്നാൽ ജന്മിയുടെ കണ്ണിൽ തേവൻ പുലയൻ മാത്രമാണ് അതിനു കാരണക്കാരൻ, അതിനാൽ അയാൾ ശിക്ഷിക്കപ്പെടണം. ശിക്ഷാവിധി ഉണ്ടായിട്ടില്ല, "ഇനി വേണ്ടതെല്ലാം ഞാൻ ചെയ്‌തോളാം" എന്ന പ്രഖ്യാപനം മാത്രം. തേവന്റെ സഹായമില്ലാതെ പാടത്തെ പണി നടന്നുകൊള്ളും എന്ന അർത്ഥമാണ് കേൾവിക്കാരന് കിട്ടുക. അതിന്റെ പ്രഹരശേഷി ഭയാനകമായിരുന്നു. തേവൻ പുലയനെ പൂർണമായും തകർക്കാൻ കഴിവുള്ള പൊട്ടിത്തെറിയായി മാറി. പാടത്തിൽനിന്നും തൊഴിലിൽനിന്നും, കിടപ്പാടത്തിൽനിന്നും ബഹിഷ്‌കൃതനായി അയാൾ. വാക്കുകൾ ഉന്നം വെയ്ക്കുന്ന ശക്തി (Illocutionary) മറ്റൊന്നല്ല.
ഇതിലൂടെ പോസ്റ്റ്- സ്ട്രക്ച്ചറിലസത്തിലെത്താൻ കഴിയുന്നു. ആശയങ്ങൾ, നറേറ്റീവുകൾ എന്നിവ സ്ഥിരമായ അർത്ഥതലങ്ങളാൽ പരിമിതപ്പെട്ടതല്ല, അവയ്ക്ക് സന്ദർഭസഹജമായ അർത്ഥം കൈവരുമെന്നും പോസ്റ്റ്- സ്ട്രക്ച്ചറലിസം വിവക്ഷിക്കുന്നു. നറേറ്റീവുകൾ ഒരേസമയം സങ്കീർണവും, ചെറുശകലങ്ങളുടെ കൂട്ടമായും അനുഭവപ്പെടും. ഏതു നറേറ്റീവിനും അനേക വ്യാഖ്യാനങ്ങൾ സാധ്യമാണെന്നും അവയെല്ലാം സാഹചര്യത്തിനനുസരിച്ച് യുക്തിസഹവും പ്രസക്തവും ആയിരിക്കുമെന്നും കരുതപ്പെടുന്നു. ട്രോമ അനുഭവങ്ങൾ വ്യക്തിയുടെ സ്വത്വബോധത്തെ ശിഥിലീകരിക്കാനും നുറുങ്ങുകളാക്കാനും (disruption, fragmentation) എങ്ങനെ സാധിക്കുന്നുവെന്ന് പോസ്റ്റ്- സ്ട്രക്ച്ചറലിസം കാട്ടിത്തരുന്നു. ട്രോമ അനുഭവിച്ച വ്യക്തി പിൽക്കാലത്ത് തന്റെ അനുഭവം വിശദീകരിക്കുന്നതും ഓർമിച്ചെടുക്കുന്നതും ശ്രദ്ധിച്ചാൽ ഇതു വ്യക്തമാകും.
ട്രോമയുടെ ഏതു സിദ്ധാന്തവും ചെയ്യുന്നത് അതിന്റെ സങ്കീർണത മനസ്സിലാക്കാനാണ്. പലപ്പോഴും ട്രോമ ഒരൊറ്റ സംഭവം (single event) ആയിക്കൊള്ളണമെന്നില്ല. ഒന്നിലേറെ അനുഭവങ്ങളുണ്ടാവാം; അല്ലെങ്കിൽ പ്രധാനാഘാതത്തിനുശേഷമുള്ള നുറുങ്ങനുഭവങ്ങൾ അതിന് ആക്കം കൂട്ടം. തീവണ്ടിയപകടം, ഭൂചലനം എന്നിവ വലിയ ട്രോമയാണ് ഏൽപ്പിക്കുക; എന്നാൽ അതിനുശേഷം സംഭവിക്കുന്ന മാനസിക പീഡനം, അപമാനീകരണം (humiliation), സുരക്ഷാ ഏജൻസികളുടെ നിസ്സഹകരണം, എന്നിവ കൂടുതൽ ട്രോമയ്ക്ക് കാരണമാകും. ചിലപ്പോൾ ട്രോമയിൽ നിന്ന് മുക്തമാകാനുള്ള അവസരം നഷ്ടമാവുകയും ചെയ്യും. ഇതോരോന്നും ഓർമിച്ചെടുക്കാൻ പോലും ദുഷ്കരമാണ്. മാത്രമല്ല, ഓരോ ചെറുസംഭവവും ഇതര അനുഭവങ്ങളെ എപ്രകാരം സ്വാധീനിക്കുന്നുവെന്നും ഉൾക്കൊള്ളാനോ പറഞ്ഞറിയിക്കാനോ കഴിഞ്ഞെന്നും വരില്ല.
പലപ്പോഴും ട്രോമ ഒരൊറ്റ സംഭവം ആയിക്കൊള്ളണമെന്നില്ല. ഒന്നിലേറെ അനുഭവങ്ങളുണ്ടാവാം; അല്ലെങ്കിൽ പ്രധാനാഘാതത്തിനുശേഷമുള്ള നുറുങ്ങനുഭവങ്ങൾ അതിന് ആക്കം കൂട്ടം.
ട്രോമ സിദ്ധാന്തം വലിയൊരളവിൽ ഭാഷാപരമായ ആവിഷ്കാരമായി കണക്കാക്കാം. പ്രാതിനിധ്യം / പ്രതിനിധാനം, യാഥാർഥ്യം, ആഖ്യാനം എന്നിവ പ്രവർത്തിക്കുന്നതെങ്ങനെ എന്ന് ട്രോമ തിയറി അന്വേഷിക്കുന്നു. വലിയ സാമൂഹികാഘാതങ്ങൾ വിലയിരുത്തുമ്പോൾ ഇത് പ്രത്യേകിച്ചും പ്രാധാന്യമർജിക്കുന്നു. (ഉദാഹരണത്തിന്, ഹെയ്തിയിലെ ഭൂചലനാനന്തര ട്രോമ, പുലയത്തറ നോവലിലെ ദലിത് ജീവിതം, ഇന്ത്യ വിഭജനം എന്നിവയിലെ ട്രോമ മനസ്സിലാക്കാൻ ഇതുപകരിക്കും.)
ട്രോമ അനുഭവിച്ചവരുടെ ആഖ്യാനങ്ങൾ, വിവരങ്ങൾ, സംഭവവർണ്ണനകൾ എന്നിവയ്ക്ക് നൂതന വായനാരീതികൾ വേണ്ടിവരും; വിശകലനാത്മകമായ ചിന്താരീതിയും അനിവാര്യമാകും.
ആഖ്യാനത്തിലും സമീപനത്തിലും വ്യത്യസ്ത വായനയ്ക്ക് പോസ്റ്റ്- സ്ട്രക്ച്ചറലിസം വഴിയൊരുക്കുന്നു എന്നതിൽ സംശയമില്ല. അതെല്ലാം ശക്തമായ അടിത്തറയിൽ കെട്ടിപ്പടുക്കണം എന്നുമാത്രം. നാം ജീവിക്കുന്ന ഇടത്തിന്റെ, നാം അംഗമായ സമൂഹത്തിന്റെ പൊതു സാംസ്കാരിക ചിന്തകളിലും വിശ്വാസങ്ങളിലും നാം ആമഗ്നരാണ്; നാമറിയാതെ തന്നെ. ഇവയൊരുക്കുന്ന പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് നാം ട്രോമയെ മനസ്സിലാക്കുന്നതും അടയാളപ്പെടുത്തുന്നതും.
സാഹിത്യത്തിലും കലയിലും ഇതര ആവിഷ്കാരങ്ങളിലും ട്രോമ എപ്രകാരം പ്രതിനിധാനം ചെയ്യപ്പെടുന്നു, എപ്രകാരം അവയോട് പ്രതികരിക്കുന്നു, എന്നതെല്ലാം സമൂഹമനസ്സിൽ പ്രതിഷ്ഠാപിതമായ മൂല്യങ്ങളെ അനുസരിച്ചാവും. വർഗം, ജാതി, ജൻഡർ, ക്ലാസ് തുടങ്ങി അനേകം ഘടകങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കും. ട്രോമാ സിദ്ധാന്തത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ദാർശനിക പ്രതലം ഇതെല്ലാം കൂട്ടിച്ചേർന്നതാണ്. ട്രോമാ സിദ്ധാന്തങ്ങൾ പൊതുവായി പറഞ്ഞാൽ ഇനി പറയുന്ന ഫിലോസഫി തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്ന് ഹാന മെററ്റോയ (Hanna Meretoja, 2020) അഭിപ്രായപ്പെടുന്നു:

First: explicit philosophies on which trauma theories are based.
Second: implicit philosophies underlying theoretical approaches to trauma.
Third: a philosophy of trauma can refer to the ways in which writers or other artists explicitly philosophize about traumatic experience.
Fourth: a philosophy of trauma may refer to implicit philosophies of trauma within works of art that deal with traumatic experience.
ഒരുദാഹരണം പരിഗണിക്കാം. പീറ്റർ ഓർനെർ രചിച്ച 'ഭൂചലനത്തിന് ശേഷം' എന്ന ലേഖനം നേരെത്തെ പരാമർശിക്കുകയുണ്ടായി. ഓർനെറും ലയോണും ചേർന്ന് 'ലാവിൽ' (Lavil: Life, Love, and Death in Port-au-Prince, 2017) എന്നൊരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹെയ്തി ഭൂകമ്പത്തിന് ശേഷം അതിജീവനത്തിന്റെ പൊരുൾ കണ്ടെത്തിയതെങ്ങനെ എന്ന അന്വേഷണമാണ് പുസ്തകം ചെയ്യുന്നത്.
ഓർനെർ രചിച്ച ലേഖനം ഡെനിസ് എന്ന ഒറ്റ വ്യക്തിയുടെ ജീവിതപ്പാത പറയുന്നു. നാല് ദാർശനിക ട്രാക്കിലൂടെ ഇതിനെ സമീപിക്കാം.
ഒന്ന്, ഭൂചലനം എന്ന ക്ഷോഭജനകമായ സംഭവം നമ്മെ നടക്കുന്നതാണ്. അതിൽ പെട്ടവരെയും അതിന്റെ ചുറ്റിലും പാർക്കുന്നവരെയും ബാധിക്കുകതന്നെ ചെയ്യും. മരിച്ചവർ, പരിക്കേറ്റവർ, തൊഴിൽ നഷ്ടപ്പെട്ടവർ, പാർപ്പിടം നഷ്ടപ്പെട്ടവർ എന്നിങ്ങനെ പലരും അവിടെയുണ്ട്. അവരെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ, ഡാറ്റകൾ, രക്ഷാപ്രവർത്തനങ്ങൾ എന്നിവ ചേർന്നതാണ് ഒന്നാം ട്രാക്ക്.
ഇതിനു പിന്നിൽ സംഭവിക്കുന്ന മാനസികവും ശാരീരികവുമായ ആഘാതങ്ങൾ, ആധുനിക രീതിയിൽ ട്രോമ മനസ്സിലാക്കാനുള്ള ശ്രമങ്ങൾ, സാമൂഹിക ശ്രേണീ ബന്ധങ്ങൾ, ഭാഷാരീതികൾ എന്നിവ ചേർത്ത് ട്രോമയുടെ ആഴം കണ്ടെത്താനുള്ള ശ്രമം രണ്ടാം ട്രാക്ക് എന്ന് കരുതാം.
ഓർനെർ ചെയ്യും പോലെ വ്യക്തികളുടെ കഥകളും ആഖ്യാനങ്ങളും പിന്തുടർന്ന് ട്രോമ എന്ന തീക്ഷ്ണാനുഭവം ദാർശനികതലത്തിൽ വരച്ചിടുക മൂന്നാം ട്രാക്കായിക്കാണാം.
പെട്ടെന്ന് കാണാനാവാത്ത, എന്നാൽ കണ്ടാലും പൂർണമായ ചിത്രം ലഭിക്കാത്ത വശങ്ങൾ ട്രോമ അനുഭവത്തിലുണ്ട്. ഇത് കണ്ടെത്തുകയും നമ്മുടെ ശ്രദ്ധയിലെത്തിക്കുകയും ചെയ്യുന്നത് നാലാം ട്രാക്കായി പരിഗണിക്കാം.
ജപ്പാനിലെ ആറ്റംബോംബാക്രമണം സിനിമയാക്കുമ്പോഴും ഹോളോകോസ്റ്റ് ചിത്രീകരീക്കുമ്പോഴും കെടുതികൾ നേരിട്ട് കാണിക്കാതെ ജീവിതാവസ്ഥ ആവിഷ്കരിച്ച് തയ്യാറാക്കുന്ന സിനിമകൾ ഓർമിക്കാം.
(അടുത്ത പാക്കറ്റിൽ തുടരും)
