കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ഡോ. വന്ദന ദാസ് കുത്തേറ്റുമരിച്ച സംഭവം, മുന്‍കാല ആശുപത്രി ആക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. പൊലീസ് കസ്റ്റിഡിയിലുള്ള ഒരു പ്രതിയെ, അതും അക്രമാസക്തനായ ഒരു പ്രതിയെ പുറത്തുകൊണ്ടുവരുമ്പോള്‍ പാലിക്കേണ്ട സുരക്ഷ പാലിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. അക്രമാസക്തനായ കുറ്റവാളിയെ പുറത്തുകൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട മിനിമം സുരക്ഷാനടപടികള്‍ പൊലീസ് പാലിച്ചിട്ടില്ല എന്നുതന്നെ പറയേണ്ടിവരും. പൊലീസ് സേനയുടെ ഉദ്ദേശ്യം തന്നെ സുരക്ഷ ഒരുക്കുകയാണ്. എന്നാല്‍, ഇവിടെ സിസ്റ്റം വളരെ കാഷ്വലായാണ് പ്രവര്‍ത്തിച്ചത്.
ദൗര്‍ഭാഗ്യകരമായ സംഗതി, 23 വയസ്സുള്ള, ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായി ഡ്യൂട്ടിക്കെത്തിയ ഡോക്ടറാണ് കൊല ചെയ്യപ്പെട്ടത് എന്നതാണ്. യുവതലമുറയിലെ ഡോക്ടര്‍മാര്‍ക്ക് വൈദ്യസേവനത്തെക്കുറിച്ച് മനസ്സില്‍ ഭീതിയുണ്ടാക്കുന്ന സംഭവമാണിത്. അത്, ജനങ്ങളുമായി ഒരു അകല്‍ച്ചയുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്. അത് ജനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ലതല്ല.
എന്റെ അഭിപ്രായത്തിലും അനുഭവത്തിലും ലോകത്തെ ഏറ്റവും പരിപാവനമായ ബന്ധം, ഡോക്ടര്‍- രോഗി ബന്ധമാണ്. പല മേഖലയില്‍ ജോലി നോക്കിയ ആളെന്ന നിലയ്ക്കുകൂടി പറയുകയാണ്, സമൂഹം ഏറ്റവും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ഡോക്ടര്‍മാരെയാണ്, സംശയമില്ല. അതിനാണ് നിരന്തരമായി മുറിവേറ്റുകാണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ യുവ ഡോക്ടര്‍മാര്‍ക്കിടയില്‍ വളരെ അരക്ഷിതബോധമുണ്ടാക്കിയിട്ടുണ്ട്. അത് നമ്മുടെ ആരോഗ്യസംവിധാനത്തെ പ്രതികൂലമായി ബാധിക്കും.
ഈ സംഭവവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇതിനൊരു മറുവശം കൂടിയുണ്ട്. ‘തല്ലുകൊള്ളേണ്ട ഡോക്ടര്‍മാരുണ്ട്’ എന്ന് നിയമസഭയില്‍ പോലും എം.എല്‍.എ പറയുക. ഇത്തരം പ്രസ്താവനകളുണ്ടാക്കുന്ന ഒരന്തരീക്ഷമുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കൂടി ഇതിനോടൊപ്പം കൂട്ടിവായിക്കണം.
ഇത്തരം സംഭവങ്ങള്‍ നമ്മുടെ സിസ്റ്റത്തിന്റെ പരാജയം കൂടിയാണ്. സുരക്ഷയുടെ കാര്യത്തില്‍ ഒരു സമൂഹം എന്ന നിലയില്‍ കേരളം പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യവിഷബാധയുണ്ടായി ആരെങ്കിലും മരിച്ചാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും, പിന്നീട് അത് അവസാനിപ്പിക്കും. ഇപ്പോള്‍, താനൂരില്‍ ബോട്ടപകടത്തില്‍ 23 പേര്‍ മരിച്ചു. മുമ്പ് നടന്ന ബോട്ടപകടങ്ങളെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകളുണ്ട്, എന്നാല്‍, ഒന്നും ചെയ്തില്ല. വളരെ unregulated ആയ സൊസൈറ്റിയായി കേരളം മാറുന്നതിന്റെ ലക്ഷണമാണിതെല്ലാം.