ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ: കടലാസില്‍ ‘സുരക്ഷിത’മായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉത്തരവുണ്ട്

ആശുപത്രികളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം കടലാസില്‍ തന്നെയാണെന്ന് എനിക്കു കിട്ടിയ ആര്‍.ടി.ഐ മറുപടിയില്‍ വ്യക്തമാണ്. ഈ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കിയിരുന്നുവെങ്കില്‍, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു.

രോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം സംബന്ധിച്ച് ഹൈകോടതിയിലുണ്ടായിരുന്ന ഒരു കേസില്‍, കേരള സര്‍ക്കാര്‍ 2021 ആഗസ്റ്റ് 12ന് ഒരു ഉറപ്പ് കൊടുത്തിരുന്നു, ഇതിന്റെ ഭാഗമായി ഉത്തരവും ഇറക്കി. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുവേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ഹൈകോടതിക്ക് ഉറപ്പുനല്‍കിയത്.

കാഷ്വാലിറ്റികളിലും ഒ.പി.ഡികളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കല്‍, പൊലീസ് സുരക്ഷ, ഫിസിക്കലി ഫിറ്റായ റിട്ട. ആര്‍മി വ്യക്തികളെ സെക്യൂരിറ്റി ഓഫീസര്‍മാരായി പോസ്റ്റ് ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അതിലുണ്ടായിരുന്നത്. ഈ ഉത്തരവ് എത്രമാത്രം നടപ്പാക്കി എന്നറിയാൻ 2022 ജനുവരിയിലും മാര്‍ച്ചിലും ഞാന്‍ രണ്ട് ആര്‍.ടി.ഐ നല്‍കിയിരുന്നു. എന്നാല്‍, ഭൂരിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന നടപടികള്‍ എടുത്തിട്ടില്ല എന്ന് വ്യക്തമായി.

പാലക്കാട്, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ മാത്രമാണ് ഈ ഉത്തരവിനോട് പ്രതികരിച്ചത്. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പ്രധാന ആശുപത്രികളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചു. നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ സി.സി.ടി.വി ക്യാമറ സ്ഥാപിക്കാമെന്ന് പയ്യന്നൂർ താലൂക്ക് ആശുപത്രി മറുപടി നല്‍കി. ഇവ ഒഴിച്ചുനിര്‍ത്തിയാല്‍, ആശുപത്രികളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം കടലാസില്‍ തന്നെയാണെന്ന് എനിക്കു കിട്ടിയ ആര്‍.ടി.ഐ മറുപടിയില്‍ വ്യക്തമാണ്.

ഈ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ ശ്രദ്ധ നല്‍കിയിരുന്നുവെങ്കില്‍, ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഒഴിവാക്കാനാകുമായിരുന്നു. ഇത്തരമൊരു കൊലപാതകം കേരളത്തില്‍ നടക്കാനുള്ള സാഹചര്യമുണ്ടായിരുന്നു, ദൗര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ നടന്നു എന്നുമാത്രം. ആശുപത്രിയില്‍ സുരക്ഷാസംവിധാനമുണ്ടെങ്കില്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നടന്നതുപോലുള്ള ആക്രമണങ്ങള്‍ക്ക് സാധ്യത കുറയും. എയര്‍പോര്‍ട്ടില്‍ കയറി ആരും അക്രമമുണ്ടാക്കുന്നില്ലല്ലോ. കേരളത്തില്‍ വേറെ ഏതൊരു സര്‍വീസ് സെക്ടറിനെക്കാളും ആളുകള്‍ കയറിയിറങ്ങുന്നതാണ് ചികിത്സാ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ കോടതിക്ക് നല്‍കിയ ഉറപ്പുകൂടിയാണ് ഇവിടെ നടപ്പാക്കപ്പെടാതെ പോയത്. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണസംവിധാനത്തിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല.

കോവിഡ് സമയത്ത് ഡോക്ടര്‍മാരുടെ സംരക്ഷണത്തിന് നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. കോവിഡിന്റെ റിസ്‌ക് ആരോഗ്യപ്രവര്‍ത്തകര്‍ സ്വയം ഏറ്റെടുത്തു. എന്നാൽ, അതു കഴിഞ്ഞ് കേന്ദ്രം ഒന്നും മിണ്ടിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കുനേരെ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുള്ള കേസില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേന്ദ്രം പറയുന്നത്, ഹെല്‍ത്ത് ലോ ആന്റ് ഓര്‍ഡര്‍ സംസ്ഥാന വിഷയമാണ്, അതുകൊണ്ട് കേന്ദ്രത്തിന് ഇതില്‍ ഒന്നും ചെയ്യാനില്ല എന്നാണ്.

ചികിത്സാസംവിധാനത്തില്‍, ചികിത്സ നല്‍കുന്ന ആള്‍ക്ക് സംരക്ഷണം എന്നതിന് വളരെ പ്രാധാന്യമുണ്ട്. ചികിത്സകരുടെ ജീവന് സംരക്ഷണം എന്നത് പരമപ്രധാനമാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.


ഡോ.​ കെ.വി. ബാബു

ഓഫ്താൽമോളജിസ്റ്റ്, വിവരാവകാശ പ്രവർത്തകൻ. പൊതുജനാരോഗ്യ പ്രവർത്തകൻ. മരുന്നുകളുടെയും ചികിത്സയുടെയും പേരിലുള്ള വ്യാജ അവകാശവാദങ്ങൾക്കും പരസ്യങ്ങൾക്കും എതിരെ നിരന്തര നിയമപോരാട്ടം നടത്തുന്നു.

Comments