ആശുപത്രികളിൽ സുരക്ഷാ ​പ്രോ​ട്ടോക്കോൾ അനിവാര്യം

കൃത്യനിർവഹണത്തിൻ്റെ ഭാഗമായി, സ്വയം രക്ഷാ ആയുധങ്ങളോ, പരിശീലനമോ ഒന്നും ലഭിക്കാത്ത ഒരു പ്രൊഫഷനിൽ പെട്ടവരെ സംരക്ഷിക്കേണ്ടത് സിസ്റ്റത്തിൻ്റെ ഉത്തരവാദിത്തം തന്നെയാണ്.

ചികിത്സ നൽകുന്നതിടെ ആക്രമണത്തിനിരയാവുക എന്നതിലും ദയനീയമായ ഒരനുഭവം ഒരു ഡോക്​ടർക്കും ഉണ്ടായിരിക്കില്ല. അത്തരമൊരാക്രമണത്തിൽ ജീവൻ നഷ്ടപ്പെടുക എന്നത് അതിലേറെ ദാരുണവും.

പല മാനസികാവസ്ഥയിലും, പല പശ്ചാത്തലത്തിലുമുള്ള രോഗികളെ ഡോക്ടർ പരിശോധിക്കേണ്ടതായി വരും. ഒരു സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്ക് പ്രത്യേകിച്ചും, തൻ്റെ രോഗിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. പ്രതിയോ, മാനസികരോഗിയോ, കൊടിയ ക്രിമിനലോ ആരുതന്നെയായാലും, ചികിത്സ നൽകിയിരിക്കണം. അതുതന്നെയാണ് മെഡിക്കൽ എത്തിക്സും.

എന്നാൽ, ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്ക്, അടിസ്ഥാനപരമായ സുരക്ഷാ സാഹചര്യങ്ങൾ നിർബന്ധമായും സിസ്റ്റം ഉറപ്പ് വരുത്തേണ്ടതുണ്ട്. കാഷ്വലിറ്റികളിൽ വേണ്ടത്ര ആരോഗ്യ പ്രവർത്തകർ തീർച്ചയായും ഉണ്ടായിരിക്കണം. ആക്രമണമുണ്ടാവാനുള്ള പല സാഹചര്യങ്ങളും, രോഗികളുടെ എണ്ണത്തിനാനുപാതികമായ ആരോഗ്യപ്രവർത്തരുണ്ടെങ്കിൽ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

പരിശീലനം ലഭിച്ച സുരക്ഷാജീവനക്കാർ നിർബന്ധമായും ഇത്തരം സ്ഥലങ്ങളിലുണ്ടായിരിക്കണം. കൃത്യമായ സുരക്ഷാ പ്രോട്ടോക്കോളുകളും ഇവിടെ സജ്ജ്മായിരിക്കണം. ‘കോഡ് വൈറ്റ്’ പോലുള്ള പ്രോട്ടോക്കോളുകൾ നടപ്പിലാക്കാനുള്ള സാഹചര്യവുമുണ്ടായിരിക്കണം. രോഗികളുടെ കൂടെയുള്ളവരിൽ നിന്നുള്ള ആക്രമണങ്ങളാണ് നമ്മുടെ നാട്ടിൽ അധികവും. ഇത് പൂർണമായും പ്രതിരോധിക്കാൻ സാധിക്കുന്നവയുമാണ്​.

എല്ലാ രീതിയിലും സജ്ജ്മാണെങ്കിൽ പോലും, ചില ആക്രമണങ്ങൾ, ചില സാഹചര്യങ്ങളിലെങ്കിലും തടയാൻ സാധിക്കാതെ വന്നേക്കാം. വികസിത രാജ്യങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങളുള്ള ആശുപത്രികളിലും ഒറ്റപ്പെട്ട ആക്രമണ സംഭവങ്ങൾ ഉണ്ടാവാറുണ്ട്. പക്ഷേ, അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ ഇതൊന്നും ഒഴിവുകഴിവുകളല്ല.

കൃത്യനിർവഹണത്തിൻ്റെ ഭാഗമായി, സ്വയം രക്ഷാ ആയുധങ്ങളോ, പരിശീലനമോ ഒന്നും ലഭിക്കാത്ത ഒരു പ്രൊഫഷനിൽ പെട്ടവരെ സംരക്ഷിക്കേണ്ടത് സിസ്റ്റത്തിൻ്റെ ഉത്തരവാദിത്തം തന്നെയാണ്.

Comments