ആരോഗ്യ പ്രവര്‍ത്തര്‍ പറയുന്നു ; സുരക്ഷയ്ക്ക് വിദേശ രാജ്യങ്ങളെ മാതൃകയാക്കണം

വൈദ്യപരിശോധനക്കായി പോലീസ് കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റ് യുവ വനിതാഡോക്ടര്‍ കൊല്ലപ്പെട്ടതോടെ ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കയാണ്. 2022 ല്‍ സംസ്ഥാനത്താകെ 137 കേസുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയതിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷത്തോളം 200 ഓളം ഡോക്ടര്‍മാര്‍ അതിക്രമത്തിനിരയായിട്ടുണ്ട്.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് പ്രകാരം ആഴ്ചയില്‍ ഒരു ആരോഗ്യപ്രവര്‍ത്തകരെങ്കിലും രാജ്യത്ത് ആക്രമിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ 75 ശതമാനത്തോളം ഡോക്ടര്‍മാര്‍ ജോലിയുമായി ബന്ധപ്പെട്ട് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നും ഐ.എം.എയുടെ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഏത് സമയവും ആക്രമിക്കപ്പെടാമെന്ന അരക്ഷിതബോധത്തോടെയാണ് കേരളത്തിലെ ഓരോ ഡോക്ടര്‍മാരും പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടി കൂടെയെന്നാണ് ഹൈക്കോടതി ഡോ.വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് നടത്തിയ സിറ്റിങ്ങില്‍ ചോദിക്കുന്നത്. കേരളത്തിലെ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ സുരക്ഷിതരാണോ എന്നതിനെക്കുറിച്ച് തന്നെയാണ് ഇനി സംസാരിക്കേണ്ടത്.

Comments