വാക്‌സിൻ എത്തി, ഇനി കോവിഡാനന്തര കാലത്തെക്കുറിച്ച് ചിന്തിക്കാം

കോവിഡിന് വാക്‌സിൻ എത്തിക്കഴിഞ്ഞു. രോഗനിയന്ത്രണം സാധ്യമായാൽ, രോഗാനന്തര സമൂഹത്തെക്കുറിച്ച് അടിയന്തരമായി ചിന്തിക്കേണ്ടതുണ്ട്. സർവ മേഖലകളിലും കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ അളവറ്റതാണ്. കോവിഡാനന്തര കാല ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള ചില പ്രതീക്ഷകളും സാധ്യതകളും പങ്കുവെക്കുകയാണ് ലേഖകൻ

കോവിഡ് 19 മഹാമാരി ലോകത്താകമാനം 50 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും 12 ലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുകയാണ്. 35 ദശലക്ഷത്തോളം പേർ രോഗമുക്തി നേടി. വ്യാവസായിക, സേവന, വിദ്യാഭ്യാസ മേഖലകളെ ഗണ്യമായ തോതിൽ പുറകോട്ടടിപ്പിക്കുന്നതിന് കോവിഡ് 19 കാരണമായിട്ടുണ്ട്. സാമ്പത്തിക മേഖലയെ തിരിച്ചുപിടിക്കുന്നതിനും ജനജീവിതം സാധാരണ രീതിയിൽ ആക്കുന്നതിനും വേണ്ട പ്രായോഗിക നടപടികളെക്കുറിച്ച് ഗൗരവതരമായി സർക്കാരുകൾ ആലോചിക്കേണ്ട സമയമാണിത്.

മഹാമാരിയുടെ പ്രഹരം

ഭരണകൂടങ്ങളെ വരെ തൂത്തെറിയാൻ കരുത്തുള്ള ഒന്നാണ് കോവിഡ് എന്ന്, യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പോടെ വ്യക്തമായിക്കഴിഞ്ഞു. കോവിഡിനെ നേരിട്ടതിൽ ട്രംപ് ഭരണകൂടത്തിനു പറ്റിയ വീഴ്ചകളും രണ്ടു ലക്ഷത്തിലധികം ആളുകളുടെ മരണവും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി. മാത്രമല്ല ‘ഒബാമ കെയർ പദ്ധതി' (ബറാക്ക്​ ഒബാമ നടപ്പിലാക്കിയ ആരോഗ്യ ചികിൽസാ പദ്ധതി) പിൻവലിച്ച ട്രംപിന്റെ നടപടിയും കോവിഡ് പ്രതിരോധത്തെ പിന്നോട്ടടിപ്പിച്ചതായി വിലയിരുത്തപ്പെട്ടു. കോവിഡ് കാലത്ത് നടന്ന തെരഞ്ഞെടുപ്പിൽ ട്രംപിന്റെ തോൽവിയിലേക്കു വരെ കാര്യങ്ങളെത്തി.

ആരോഗ്യരംഗത്തിന് ബഡ്ജറ്റിൽ നീക്കിവെച്ച തുകയുടെ ശതമാന വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളും കോവിഡ് കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ കാഴ്ചയാണ് നാം കണ്ടത്. ഇതര മേഖലകൾക്കായി നീക്കിവെച്ച ബഡ്ജറ്റ് വിഹിതം മഹാമാരിയെ നേരിടുന്നതിന് മാത്രമായി ചെലവഴിക്കേണ്ട അവസ്ഥയുമുണ്ടായി. സാമ്പത്തിക, വിദ്യാഭ്യാസ, വ്യാവസായിക മേഖലകളെ പുറകോട്ടടിപ്പിച്ചു. തൊഴിലില്ലായ്മ രൂക്ഷമാക്കി. ഇന്ത്യയിൽ 2020 ജനുവരിയിൽ തൊഴിലില്ലായ്മ പ്രതിമാസ ശീർഷകത്തിൽ 7.8 ശതമാനമായത് മേയിൽ 23.2 ശതമാനമായി ഉയർന്നു. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കിൽ അമേരിക്കയിൽ മഹാമാരിയുടെ ആരംഭത്തെ അപേക്ഷിച്ച് 3.5 ശതമാനം തൊഴിൽ രഹിതരുടെ എണ്ണം കൂടി.

കോവിഡ്​ ചെറുകിട കച്ചവടം മുതൽ വൻകിട വ്യവസായം വരെയുള്ള മേഖലകളെയാണ്​ പ്രതിസന്ധിയിലാക്കിയത്​
കോവിഡ്​ ചെറുകിട കച്ചവടം മുതൽ വൻകിട വ്യവസായം വരെയുള്ള മേഖലകളെയാണ്​ പ്രതിസന്ധിയിലാക്കിയത്​

യൂണിസെഫിന്റെ കണക്കുപ്രകാരം 74 ലക്ഷം കുട്ടികൾ ദാരിദ്ര്യമനുഭവിക്കുകയും ഭക്ഷണം കിട്ടാത്ത അവസ്ഥ നേരിടുകയുമായിരുന്നെങ്കിൽ കോവിഡിനെതുടർന്ന് അത് 150 ലക്ഷത്തിലെത്തുമെന്നുമാണ് കണക്കാക്കുന്നത്. വരാനിരിക്കുന്ന നാളുകളിലെ ഭക്ഷ്യക്ഷാമത്തെപ്പറ്റി ഐക്യരാഷ്ട്ര സഭയും, ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷനും (F.A.O.) മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിരിക്കുന്നു. കോവിഡ് വ്യാപനം നഗരകേന്ദ്രീകൃതമായ വികസന മോഡലിനെ വലിയതോതിൽ പുറകോട്ടടിപ്പിക്കുന്ന കാഴ്ചയാണ് ലോകത്താകമാനം കണ്ടത്.

വ്യവസായ ശാലകൾ, കമ്പനികൾ, ഐ.ടി മേഖല, ഇതര നിർമ്മാണ രംഗങ്ങൾ എന്നിവയെല്ലാം മിക്കവാറും രാജ്യങ്ങളിൽ നഗര കേന്ദ്രീകൃതമായാണുള്ളത്. ഇന്ത്യയിലെ സ്ഥിതിയും ഭിന്നമല്ല. എന്നാൽ കാർഷിക മേഖല താരതമ്യേന ഈ മഹാമാരിയുടെ കാലഘട്ടത്തിലും പിടിച്ചു നിന്നതായി കാണാം. കോവിഡാനന്തര കാലഘട്ടത്തിൽ ജനജീവിതം സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരുന്നതിനുവേണ്ട കർമ്മപദ്ധതികളെപ്പറ്റിയുള്ള ധവളപത്രങ്ങൾ ഓരോ രാജ്യവും പുറത്തിറക്കേണ്ട സമയമാണിത്. കോവിഡാനന്തരം നമ്മുടെ രാജ്യത്ത് എന്തെല്ലാം പ്രായോഗിക നടപടികൾ സാധ്യമാണ്?

സാർവത്രികാരോഗ്യം

കോവിഡ് സാർവത്രികാരോഗ്യ സംവിധാനത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു. എല്ലാ പൗരന്മാർക്കും വരുമാനം കണക്കാക്കാതെ ആരോഗ്യസേവനം ഉറപ്പാക്കുന്നതാണ് സാർവത്രികാരോഗ്യം. ഇതുവഴി രാജ്യത്തെ 90 ശതമാനം പൗരന്മാർക്ക് അവർ നൽകുന്ന ആരോഗ്യ നികുതി (Health Cess) ലൂടെ ചികിത്സ, രോഗപ്രതിരോധം എന്നിവ ഉറപ്പാക്കാം. എന്നാൽ നികുതി അടയ്ക്കുവാൻ കഴിയാത്തവരെയും ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. ഇത് നിശ്ചിത ഗുണനിലവാര ചികിത്സ നൽകുന്നതിനുപുറമെ ചികിത്സാ ചെലവുമൂലം പൗരന്മാർ സാമ്പത്തിക ഭദ്രതയില്ലായ്മയിലേക്ക് പോകുന്നില്ല എന്നുറപ്പു വരുത്തുകയും ചെയ്യും.

ലോക്ക്​ഡൗൺ കാലത്തെ ഒരു കാഴ്​ച
ലോക്ക്​ഡൗൺ കാലത്തെ ഒരു കാഴ്​ച

നിലവിൽ ജീവിതശൈലീ രോഗങ്ങൾക്കാണ് ആരോഗ്യചികിത്സാ രംഗത്ത് പ്രാധാന്യം നൽകുന്നത്. എന്നാൽ സാംക്രമിക രോഗങ്ങളുടെ പുനരാവിർഭാവം ഗൗരവതരമായി നാം കാണേണ്ടതുണ്ട്. നിരക്ഷരത നിർമാർജ്ജനം, ജീവിത സാഹചര്യം മെച്ചപ്പെടുത്തൽ, പാർപ്പിടം, സമീകൃതാഹാരം, ശുദ്ധമായ കുടിവെള്ളം എന്നിവ ഉറപ്പാക്കൽ എന്നിവ സാംക്രമിക രോഗപ്രതിരോധ രംഗത്ത് അവശ്യമായ നടപടികളാണ്.

ബഡ്ജറ്റിൽ ആരോഗ്യരംഗത്തിന് ചുരുങ്ങിയത് അഞ്ചു ശതമാനം തുകയെങ്കിലും വകയിരുത്തേണ്ടതുണ്ട്. വിവിധ വിഭാഗക്കാരായ ജനതൾ കഴിയുന്ന ഇവിടെ, കോവിഡ് പോലുള്ള മഹാമാരിയെ ഭാവിയിൽ നേരിടുന്നതിന് സമഗ്ര ആരോഗ്യനയം കൂടിയേ തീരൂ. 135 കോടി ജനങ്ങളെ ആരോഗ്യവും ആത്മവിശ്വാസവുമുള്ള ജനതയാക്കേണ്ടതാണ് ഇന്നിന്റെ പ്രധാന വെല്ലുവിളി. പ്രാഥമിക - ദ്വിതല - ത്രിതല ചികിത്സാ ശ്രേണികൾ വഴി പൊതുജനാരോഗ്യ രംഗത്തെ ശക്തിപ്പെടുത്തണം. മെഡിക്കൽ കോളേജുകളുടെ എണ്ണം കൂട്ടിക്കൊണ്ടല്ല, മറിച്ച്, പ്രാഥമിക - ദ്വിതല ആശുപത്രികൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾക്കാണ് ഊന്നൽ നൽകേണ്ടത്. സ്വകാര്യ മേഖലയിലെ പ്രത്യേകിച്ചും ഗ്രാമീണ മേഖലയിലെ ചെറുകിട-ഇടത്തരം ആശുപത്രികളുടെ ശാക്തീകരണവും ഇതിനു സമാന്തരമായി നടക്കേണ്ടതുണ്ട്. വൻകിട കോർപ്പറേറ്റ് ആശുപത്രികൾ കൊണ്ടുമാത്രം ഇത്തരം സ്ഥിതിവിശേഷം നേരിടാൻ കഴിയില്ല.

എപ്പിഡെമിയോളജി സെന്ററുകൾ വേണം

സാംക്രമിക രോഗങ്ങളുടെ പ്രഭവവും വ്യാപനവും നിർണയിക്കുന്നതിനും നിരീക്ഷിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങളിലും എപ്പിഡെമിയോളജി സെന്ററുകൾ സ്ഥാപിക്കുകയും അവയെ നോഡൽ ഗവേഷണ കേന്ദ്രങ്ങളാക്കി ഉയർത്തുകയും വേണം. ജന്തുജന്യ രോഗങ്ങൾ മനുഷ്യരിലേക്ക് വ്യാപരിക്കുന്നത് ഈയടുത്ത് കൂടുതലായി കാണുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ച് പഠിക്കുന്നതിന് ‘ഏകാരോഗ്യം' (One Health) കാഴ്ചപ്പാടോടെ വെറ്റിനറി ശാസ്ത്രജ്ഞൻമാരെ കൂടി ഉൾപ്പെടുത്തി വേണം പഠന ഗവേഷണങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ. കാലാവസ്ഥാ വ്യതിയാനം, ജനസഞ്ചാരം (വിനോദസഞ്ചാരകർ ഉൾപ്പെടെ) എന്നിവയ്ക്കനുസരിച്ച് പുത്തൻ രോഗങ്ങൾ സമൂഹത്തിലുണ്ടാകുന്നതിന് ശക്തമായ നിരീക്ഷണമാവശ്യമാണ്.g

കാലാവസ്ഥാ പ്രവചനങ്ങൾ പോലെ സാംക്രമിക രോഗങ്ങളുടെ പ്രഭവ മുന്നറിയിപ്പുകൾ ജനങ്ങൾക്ക് കാലേകൂട്ടി നൽകാൻ കഴിയണം. സാർവത്രികാരോഗ്യത്തിനു വേണ്ടിയുള്ള പരിപാടികൾക്ക് രാജ്യങ്ങളുടെയും വൻകരകളുടെയും അതിർത്തികൾക്കപ്പുറം കടന്നുള്ള കാഴ്ച്ചപ്പാടോടെ നടപ്പാക്കുന്നതിന് കോവിഡാനന്തര കാലഘട്ടത്തിൽ ലോകരാജ്യങ്ങൾക്ക് കഴിയണം.

ചികിത്സാ ഉപകരണ- ഉൽപ്പാദന മേഖല ശക്തിപ്പെടുത്തൽ

കോവിഡ് 19, ചികിത്സാ ഉപകരണങ്ങളുടെ കുറവും തീവ്രപരിചരണ വിഭാഗങ്ങളുടെ അപര്യാപ്തതയും പല രാജ്യങ്ങളിലും വെളിച്ചത്തുകൊണ്ടുവന്നിട്ടുണ്ട്. ആശുപത്രികളുടെ എണ്ണം, തീവ്രപരിചരണ വിഭാഗ കിടക്കകൾ, വെന്റിലേറ്ററുകൾ, മറ്റു തീവ്രപരിചരണ വിഭാഗ ഉപകരണങ്ങൾ എന്നിവയുടെ കുറവ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. മെഡിക്കൽ ഉപകരണ വ്യവസായം നിലവിലുള്ള മൂല്യത്തിന്റെ (60 ദശലക്ഷം ഡോളർ) ചുരുങ്ങിയത് മൂന്നിരട്ടിയെങ്കിലും ആക്കി വർദ്ധിപ്പിക്കേണ്ടതുണ്ട്. നിലവിൽ ഇത് ആഗോളതലത്തിലെ 1.7 ശതമാനം വിപണി മാത്രമായാണുള്ളത്.

കോവിഡാനന്തരം ഗ്രാമീണ ചികിത്സാമേഖലയിൽ അതീവശ്രദ്ധ ​ആവശ്യമായി വരും
കോവിഡാനന്തരം ഗ്രാമീണ ചികിത്സാമേഖലയിൽ അതീവശ്രദ്ധ ​ആവശ്യമായി വരും

കോവിഡ് ഭീഷണിയിൽ സർക്കാർ ആശുപത്രികൾക്കുവേണ്ടി വെന്റിലേറ്ററുകൾ, മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങൾ എന്നിവ ധൃതിയിൽ വാങ്ങിക്കൂട്ടിയ സാഹചര്യത്തിൽ കൃത്രിമ വിലക്കയറ്റം ഈ മേഖലയിൽ ഉണ്ടായത് മറക്കാറായിട്ടില്ല. ഇവയിൽ പലതിന്റെയും ഉത്പാദനം വിദേശ കമ്പനികൾ മാത്രമാണ് നടത്തുന്നത്. ഗുണനിലവാരമുള്ള ഈ ഉപകരണങ്ങൾ ഇന്ത്യയിൽത്തന്നെ ഉൽപാദിപ്പിക്കുന്നതിന് ബയോമെഡിക്കൽ രംഗത്തെ ശാക്തീകരിക്കേണ്ടത് കോവിഡാനന്തര കാലത്തിലെ ഒരു പ്രധാന ലക്ഷ്യമാകണം. ഇതിനായി ‘ബയോമെഡിക്കൽ ഇൻഡസ്ട്രിയൽ' പാർക്കുകൾ സ്ഥാപിക്കണം. കൂടാതെ സംസ്ഥാനങ്ങളിൽ ബയോമെഡിക്കൽ ഡിപ്ലോമ ബിരുദ കോഴ്സുകൾ ആരംഭിക്കണം. പഠനം പൂർത്തിയാക്കിയവരെ പ്രായോഗിക പരിശീലനത്തിന് സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ എന്നിവിടങ്ങളിൽ വിന്യസിക്കുകയും ചെയ്യാം. സ്വകാര്യമേഖലയിൽ മെഡിക്കൽ ഉപകരണ നിർമാണ യൂണിറ്റുകൾക്കായി ‘സ്റ്റാർട്ട് അപ്പ്' പദ്ധതികൾ വഴി ചുരുങ്ങിയ പലിശയ്ക്ക് വായ്പകൾ അനുവദിച്ചും, ഗ്രാന്റുകൾ നൽകിയും നിക്ഷേപകരെ ഈ മേഖലയിലേക്ക് ആകർഷിക്കാം.

ആവശ്യം കാർഷിക നവോത്ഥാനം

കോവിഡാനന്തര കാലത്തിൽ സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഒരു പ്രധാന മാർഗ്ഗമായി കൃഷിയെയും കാർഷിക വ്യവസായങ്ങളെയും വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യയിലെ 70% ഗ്രാമീണരും കൃഷിയെ ആസ്പദമാക്കി ഉപജീവനം നയിക്കുന്നവരാണ്. രാജ്യത്തെ 52% ആളുകൾക്കും കൃഷിയിലൂടെയുള്ള തൊഴിൽ ജീവനോപാധിയാണ്. ലോകത്തെ ഇതരമേഖലകളെല്ലാം അടച്ചിട്ടപ്പോഴും കാർഷിക മേഖല സജീവമായിരുന്നു. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ (GDP) 8 ശതമാനവും തൊഴിൽ മേഖലയുടെ 50% തൊഴിലവസരങ്ങളും കാർഷിക മേഖലയിലാണ്.

കോവിഡാനന്തരം സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഒരു പ്രധാന മാർഗ്ഗമായി കൃഷിയെയും കാർഷിക വ്യവസായങ്ങളെയുമാണ്​ പല രാജ്യങ്ങളും പരിഗണിക്കുന്നത്​
കോവിഡാനന്തരം സാമ്പത്തിക പുനരുജ്ജീവനത്തിന്റെ ഒരു പ്രധാന മാർഗ്ഗമായി കൃഷിയെയും കാർഷിക വ്യവസായങ്ങളെയുമാണ്​ പല രാജ്യങ്ങളും പരിഗണിക്കുന്നത്​

കാർഷിക ഉൽപ്പാദന വർദ്ധനവ്, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ കുറയ്ക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായിക്കും. ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിന് കൃഷിക്കും അനുബന്ധ കാർഷിക വ്യവസായങ്ങൾക്കും മുൻഗണന നൽകുക മാത്രമാണ് പോംവഴി. കൃഷിയെ ആധുനിക വൽക്കരിക്കുന്നതിനുവേണ്ട നടപടികൾ - മണ്ണിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കൽ, കർഷകർക്ക് സാമ്പത്തിക സഹായം, ജലസേചന സൗകര്യങ്ങൾ, സാങ്കേതികവിദ്യകളിലൂന്നിയുള്ള പുത്തൻ കൃഷി രീതികളും യന്ത്രങ്ങളുടെ ഉപയോഗവും - എന്നിവ അടിയന്തിരമായി നടപ്പാക്കണം. കൂടാതെ കാർഷികോൽപ്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കൽ, വിപണി സജ്ജമാക്കൽ, കാർഷിക ഇൻഷുറൻസ്, പ്രാദേശിക വികേന്ദ്രീകൃത കാർഷിക നയങ്ങൾ എന്നിവയിലുടെ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കാവുന്നതാണ്.

കോവിഡാനന്തര മെഡിക്കൽ ഗവേഷണം

കോവിഡ്- 19 രോഗവ്യാപനം ലോകത്തയാകെ ആശങ്കയിലാഴ്ത്തിടുമ്പോൾ തന്നെ ശാസ്ത്രലോകത്തെ അതുണർത്തുകയും വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്തിട്ടുണ്ട്. ജനിതക ശാസ്ത്രജ്ഞൻമാർ, മൈക്രോ ബയോളജിസ്റ്റുകൾ, എപ്പിഡെമിയോളസ്റ്റുകൾ, സാംക്രമികരോഗ വിദഗ്ദ്ധർ, മരുന്നു ഗവേഷണ വിദഗ്ദ്ധർ, മാനസികാരോഗ ശാസ്ത്രജ്ഞൻ, സാമ്പത്തിക ശാസ്ത്രജ്ഞർ തുടങ്ങി സാമൂഹ്യ ശാസ്ത്രജ്ഞർ വരെയുള്ള കൂട്ടായ്മകൾ ഗവേഷണങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. വികസിത രാജ്യങ്ങളിലുൾപ്പെടെ രോഗവ്യാപനവും മരണനിരക്കും ചികിൽസാ സൗകര്യങ്ങളുടെ അപര്യാപ്തതയും ഗവേഷണ​ങ്ങളെ സങ്കീർണമാക്കുന്നുണ്ട്​.

കോവിഡ് - 19 വിവിധ തലങ്ങളിലുള്ള ഗവേഷണങ്ങൾക്ക് സാധ്യത നൽകുന്നു. രോഗത്തിന്റെ പ്രഭവം, വ്യാപനം, സങ്കീർണതകൾ, രോഗ വ്യാപന രീതി, സാമൂഹിക ജീവിതരീതികളുമായുള്ള ബന്ധം, കാലാവസ്ഥ സ്വാധീനം, വ്യാപന നിയന്ത്രണവും അടച്ചിടലും തമ്മിലുള്ള ബന്ധം എന്നിവ ഗവേഷണ വിഷയങ്ങളായിട്ടുണ്ട്. സമൂഹ ദൂരവ്യാപനം, വ്യക്തി ശുചിത്വം, സമ്പർക്ക ശ്രേണി കണ്ടെത്തൽ, സമ്പർക്ക ശ്രേണിയിൽപ്പെടാത്തവർക്കു പോലുമുണ്ടാകുന്ന രോഗവ്യാപനം എന്നിവയും പരിശോധിക്കപ്പെടേണ്ട കാര്യങ്ങളാണ്.

ലോക്ക്​ഡൗണിനുശേഷം കോവിഡ്​ മുൻകരുതലുകളോടെ പ്രവർത്തിക്കുന്ന ന്യൂസിലാൻറിലെ ഒരു സൂപ്പർ മാർക്കറ്റ്​
ലോക്ക്​ഡൗണിനുശേഷം കോവിഡ്​ മുൻകരുതലുകളോടെ പ്രവർത്തിക്കുന്ന ന്യൂസിലാൻറിലെ ഒരു സൂപ്പർ മാർക്കറ്റ്​

ചെറുപ്പക്കാരിലെ രോഗതീവ്രത, രോഗചികിത്സ മരുന്നുകൾ (പ്ലാസ്മ തെറാപ്പി, സ്റ്റിറോയ്ഡ് എന്നിവ), രോഗപ്രതിരോധ വാക്സിൻ കണ്ടെത്തൽ എന്നിവയിലെ ഗവേഷണം സജീവമായി നടക്കുന്നു. സാമ്പത്തിക രംഗത്തെ കോവിഡാനന്തര കാല പ്രതിസന്ധികളെ വിദഗ്ദ്ധർ സജീവ ഗവേഷണ വിഷയമായെടുത്തിട്ടുണ്ട്. ഇത്തരത്തിൽ കോവിഡ് - 19 വിവിധ മേഖലകളിലെ ഗവേഷകർക്ക് ചുരുങ്ങിയത് ഒരു ദശാബ്ദകാലത്തേക്കുള്ള ഗവേഷണ വിഷയങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നത്. രാജ്യങ്ങളുടെ അതിർത്തികൾക്കപ്പുറം മാനവരാശിയുടെ നന്മക്കായുള്ള ഗവേഷക കൂട്ടായ്മയും സഹകരണവും കേവലം സ്ഥാപിത കച്ചവട താൽപ്പര്യങ്ങൾക്കപ്പുറം ലോകമാനവരാശിയുടെ ക്ഷേമത്തിനും അതിജീവനത്തിനുമായിട്ടുള്ള ദിശയിലേക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.

കോവിഡാനന്തരം നടപ്പാക്കേണ്ടവ:
1. എല്ലാ വായ്പകൾക്കും ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുക.
2. കോവിഡിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് ആശ്വാസ ധനം നൽകുക.
3. കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ പ്രായോഗിക പദ്ധതികൾ പ്രഖ്യാപിക്കുക.

ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകുക. 2021 മാർച്ചുവരെ ദാര്യദ്ര്യരേഖക്ക് താഴെയുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുക. ആരോഗ്യപ്രവർത്തകർക്ക് പ്രത്യേക ഇൻഷുറൻസ് ഏർപ്പെടുത്തുക. സമഗ്ര സാംക്രമിക രോഗ പ്രതിരോധനയം (One Health) പ്രഖ്യാപിക്കുക. സംസ്ഥാനതല എപ്പിഡെമിയോളജി സെന്ററുകൾ സ്ഥാപിക്കുക. സാംക്രമികരോഗ പ്രതിരോധ വാക്സിൻ ഗവേഷണ- ഉൽപ്പാദന കേന്ദ്രങ്ങൾ മേഖലാതലത്തിൽ ആരംഭിക്കുക. ചികിൽസാ ഉപകരണ നിർമ്മാണത്തിൽ സ്വയം പര്യാപ്തമാകാൻ വേണ്ട നയങ്ങൾ രൂപീകരിക്കുക.

കോവിഡിനുശേഷമുള്ള ലോകം നേരിടാൻ പോകുന്ന വെല്ലുവിളികൾ വിവിധങ്ങളാണ്. ആരോഗ്യ ചികിൽസ-പ്രതിരോധ രംഗങ്ങളിൽ മാത്രമല്ല, സാമ്പത്തിക- സാമൂഹ്യ സമവാക്യങ്ങളെയും അതു മാറ്റിമറിക്കും. സങ്കുചിത താൽപര്യം വെടിഞ്ഞ് ലോകരാജ്യങ്ങൾ - വികസിത, അവികസിത വ്യത്യാസമില്ലാതെ - മാനവരാശിയുടെ നിലനിൽപ്പിനും സമൂഹത്തിന്റെ മുന്നോട്ടു പോക്കിനുമുതകുന്ന വിധത്തിൽ ആഗോള സഹകരണം ആരോഗ്യ ചികിൽസാ - ഗവേഷണ രംഗങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കോവിഡ് 19 ഓർമ്മപ്പെടുത്തുന്നു.



Summary: കോവിഡിന് വാക്‌സിൻ എത്തിക്കഴിഞ്ഞു. രോഗനിയന്ത്രണം സാധ്യമായാൽ, രോഗാനന്തര സമൂഹത്തെക്കുറിച്ച് അടിയന്തരമായി ചിന്തിക്കേണ്ടതുണ്ട്. സർവ മേഖലകളിലും കോവിഡ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ അളവറ്റതാണ്. കോവിഡാനന്തര കാല ജീവിതം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള ചില പ്രതീക്ഷകളും സാധ്യതകളും പങ്കുവെക്കുകയാണ് ലേഖകൻ


Comments