കോവിഡും തോൽപ്പിക്കപ്പെട്ട ഒരു ആരോഗ്യ മുദ്രാവാക്യവും

മനുഷ്യയത്നത്തിന്റെ നൂറ്റാണ്ടുകളുടെ പരിണതഫലമായി ആർജ്ജിച്ച ആധുനിക സമൂഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് നാം അഹങ്കരിക്കുമ്പോഴും അടിസ്ഥാനപരമായി മനുഷ്യന്റെ ആരോഗ്യവും ജീവനും സന്നിദ്ധഘട്ടങ്ങളിൽ നിലനിർത്തുന്നതിനുവേണ്ട പ്രാഥമിക ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാതെ ലോകജനത സ്തംഭിച്ചുനിൽക്കുന്ന കാഴ്ചയാണ് വൂഹാനിൽനിന്നാരംഭിച്ച കോവിഡ് - 19 നമുക്ക് മുന്നിലവതരിപ്പിക്കുന്നത്.

ലോകാരോഗ്യസംഘടനയുടെ ഈ വർഷത്തെ മുദ്രാവാക്യമായ "നീതിപൂർവ്വകമായ ആരോഗ്യമുള്ള ലോകസൃഷ്ടി' തികച്ചും പ്രസക്തവും കാലോചിതവുമാണെന്നതിൽ തർക്കമില്ല. ലോകമെമ്പാടും ആരോഗ്യരംഗത്ത് -പ്രതിരോധ, ചികിത്സാരംഗങ്ങളിൽ - തുല്യതാനിഷേധം അനുഭവപ്പെടുന്നതായി കാണാം.

ബ്രിട്ടൺ, പാശ്ചാത്യ യൂറോപ്യൻ രാജ്യങ്ങൾ, ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ, കിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവ ഒഴിച്ചാൽ മിക്കവാറും ഉപഭൂഖണ്ഡങ്ങളിൽ ഈ സ്ഥിതിവിശേഷമാണ്​. ചിലർക്കു മാത്രം മെച്ചപ്പെട്ടതും കാലോചിതവുമായ ചികിത്സാ സൗകര്യം പ്രാപ്തമാക്കുകയും മഹാഭൂരിപക്ഷം പേർക്കും ഇവ ലഭ്യമല്ലാതാകുകയും ചെയ്യുന്നുവെന്ന യാഥാർത്ഥ്യം കോവിഡ് - 19 മഹാമാരി ലോകസമക്ഷം വരച്ചുകാട്ടിത്തന്നിരിക്കുന്നു. ഒരു രാജ്യത്തെ ജനതയുടെ ആരോഗ്യം നിർണയിക്കുന്നതിൽ അവരുടെ ജീവിത സാഹചര്യം, സാക്ഷരത, സാമ്പത്തികഭദ്രത എന്നിവ വലിയ പങ്കുവഹിക്കുന്നുണ്ട്. അവികസിത- വികസ്വര രാജ്യങ്ങളിൽ ഭൂരിപക്ഷവും ആരോഗ്യസംരക്ഷണത്തിനുവേണ്ട ബജറ്റ് വിഹിതം കണ്ടെത്താൻ കഴിയാത്ത അവസ്ഥയുണ്ടെന്നതാണ് നഗ്‌നമായ യാഥാർത്ഥ്യം.

ലോകത്തിലെ 107 വികസ്വര രാജ്യങ്ങളിലെ 1.3 ശതലക്ഷം പേർ പട്ടിണിയനുഭവിക്കുന്നവരാണ്. ഇവരിൽ 18 വയസ്സിനു താഴെയുള്ള 644 ദശലക്ഷം കുട്ടികളുണ്ട്. അന്താരാഷ്ട്ര തലത്തിൽ മുതിർന്നവരിൽ ആറിൽ ഒരാൾ ദരിദ്രനാകുമ്പോൾ കുട്ടികളിൽ മൂന്നിൽ ഒരാൾ പട്ടിണിയനുഭവിക്കുന്നു. ലോകജനസംഖ്യയിലെ 150 ദശലക്ഷം പേർ 2021 ആകുമ്പോഴേയ്ക്കും ദരിദ്രരാകുമെന്നാണ് ലോകബാങ്ക് ഗ്രൂപ്പ് പറയുന്നത്.

ഈ സാഹചര്യത്തിലാണ് 1978 സെപ്റ്റംബറിൽ റഷ്യയിലെ അൽമ അത്തയിൽ ചേർന്ന പ്രാഥമികാരോഗ്യ സംരക്ഷണത്തെപ്പറ്റിയുള്ള ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ പ്രഖ്യാപനമായ "എല്ലാവർക്കും ആരോഗ്യം' തികച്ചും പ്രസക്തമാകുന്നത്. ഈ പ്രഖ്യാപനത്തിൽ പ്രാഥമികാരോഗ്യമെന്തെന്നു നിർവ്വചിക്കുക മാത്രമല്ല, പൊതുജനാരോഗ്യരംഗത്ത് എല്ലാവർക്കും ആരോഗ്യം സാധ്യമാക്കുന്നതിനുള്ള പ്രധാന നാഴികക്കല്ലായി ഇതിനെ കാണുകയും ചെയ്യുന്നു.

സൗത്ത് സുഡാനിലെ Ajuong Thok ക്യാംപിന് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഭക്ഷണത്തിനും സോപ്പിനും വേണ്ടി കാത്തുനിൽക്കുന്ന അഭയാർത്ഥികൾ. / Photo unhcr.org

മനുഷ്യാവകാശങ്ങൾ, തുല്യത, സാമൂഹ്യപങ്കാളിത്തം എന്നിവയെ പ്രധാന തത്വങ്ങളാക്കി മാത്രമേ എല്ലാവർക്കും ആരോഗ്യം സാധ്യമാക്കാൻ കഴിയൂവെന്ന് അൽമ അത്ത പ്രഖ്യാപനം നിലപാടെടുക്കുന്നു.

എന്നാൽ 40 വർഷത്തിനുശേഷം തിരിഞ്ഞു നോക്കുമ്പോൾ ഈ പ്രഖ്യാപനം തികഞ്ഞ പരാജയമായതായി കാണാം. ശക്തവും ചടുലവുമായ പ്രാഥമികാരോഗ്യസംരക്ഷണ നയങ്ങൾ നടപ്പിലാക്കുന്നതിനുവേണ്ട നയങ്ങൾ വിവിധ രാജ്യത്തെ സർക്കാരുകൾക്ക് മുന്നോട്ടുവയ്ക്കാൻ കഴിയാത്തതാണ് ഇതിനു പ്രധാന കാരണം. ഇതിനാൽത്തന്നെ വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെ ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായ ആരോഗ്യനയങ്ങൾ-സാമൂഹ്യപങ്കാളിത്തം, എളുപ്പത്തിലുള്ള ലഭ്യത, സാമൂഹ്യസഹകരണം എന്നിവയോടുകൂടിയവ - നടപ്പിലാക്കാതെ പോയതിനാൽ ആരോഗ്യരംഗത്തെ പുരോഗതി വളരെ കുറച്ചു മാത്രമോ, തീരെയില്ലാത്തതോ ആയ അവസ്ഥ സംജാതമായി. അങ്ങനെ 134 രാജ്യങ്ങൾ ഒപ്പുവച്ച അൽമ അത്ത പ്രഖ്യാപനം പല രാജ്യങ്ങളെ സംബന്ധിച്ചും കടലാസ്സിലൊതുങ്ങി.

ലോകരാജ്യങ്ങളെ നിലവിൽ 37 വികസിതരാജ്യങ്ങളും, 152 വികസ്വര രാജ്യങ്ങളും 46 ഓളം അവികസിതരാജ്യങ്ങളുമായി തരംതിരിച്ചിട്ടുണ്ട്.

മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെയും (GDP) രാജ്യത്തേയ്ക്കു വരുന്ന വിദേശ കറൻസിയുടെയും അടിസ്ഥാനത്തിലാണ് ഈ വിഭജനം. അടിസ്ഥാനപരമായി ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുക, അവരെ സാക്ഷരരാക്കുക, ആരോഗ്യ ചികിത്സാസൗകര്യം സുശക്തമാക്കുക, രോഗപ്രതിരോധ പ്രവർത്തനം ഫലവത്തായി നടപ്പാക്കുക എന്നിവയിലൂടെ മാത്രമേ രാജ്യത്തെ ആരോഗ്യസുരക്ഷ ഉറപ്പു വരുത്തുവാൻ കഴിയൂ. ആസ്ട്രിയ, ബൾഗേറിയ, ജർമനി, ഗ്രീസ്, നോർവെ, റഷ്യ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലാൻറ്​, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ സാർവത്രികാരോഗ്യപരിപാലനം നിലവിലുണ്ട്. ഇത് സർക്കാരുകൾക്ക് ചെലവ് കൂടുതൽ വരുന്ന പദ്ധതിയായതുകൊണ്ടുതന്നെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (GDP) വലിയൊരു ശതമാനം ഇതിനായി നീക്കിവെക്കേണ്ടിവരുന്നു.

രോഗികൾക്ക് സാർവത്രികമായി ചികിത്സ ലഭിക്കുന്നതോടൊപ്പം, മെഡിക്കൽ സേവനത്തിനുള്ള ആവശ്യം വർദ്ധിക്കുകയും ചെയ്യുന്നതിന് സാർവ്വത്രികാരോഗ്യ പരിപാലനം സഹായിക്കുമെങ്കിലും വിദഗ്ദ്ധ ഡോക്ടർമാരുടെ ലഭ്യത, ചികിത്സാച്ചെലവുകളിലെ വ്യതിയാനം എന്നിവ ഇതിൽ സാധ്യമല്ലായെന്നത് വലിയ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോകത്തെ ഏറ്റവും നല്ല ചികിത്സാ സംവിധാനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിൽ കാനഡ ഒന്നാം സ്ഥാനത്തും അമേരിക്ക 2-ാം സ്ഥാനത്തും, ഇന്ത്യ 145-ാമതുമാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ പലതിലും ജനങ്ങൾക്ക്​ അവശ്യമായി വേണ്ട കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥ ഒരു വശത്തു നിൽക്കുമ്പോൾ ചന്ദ്രനിൽ ജലാംശം കണ്ടെത്തുന്നതിനുവേണ്ട ഗവേഷണങ്ങൾക്ക് ആയിരക്കണക്കിന്​ കോടികൾ ചെലവഴിക്കുന്നതിന് ചില രാജ്യങ്ങൾ തുനിയുന്നതിനെതിരെ ചിലരെങ്കിലും വിമർശനം ഉന്നയിക്കുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ പങ്ക്

ഐക്യരാഷ്ട്രസഭയുടെ ആരോഗ്യസംബന്ധമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിന് 1948 ഏപ്രിൽ 7 ന് രൂപീകരിച്ച സംഘടനയാണ് ലോകാരോഗ്യസംഘടന. തുടക്കത്തിൽ മലേറിയ, ടി.ബി. തുടങ്ങിയ സാംക്രമികരോഗങ്ങൾ നിയന്ത്രിക്കുന്നതിനും സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പോഷകാഹാരക്കുറവ്, ശുചിത്വം എന്നിവ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. ജനീവ ആസ്ഥാനമായ ലോകാരോഗ്യസംഘടനയിൽ 194 അംഗങ്ങളാണുള്ളത്.

1978 സെപ്റ്റംബറിൽ റഷ്യയിലെ അൽമ അത്തയിൽ ചേർന്ന പ്രാഥമികാരോഗ്യ സംരക്ഷണത്തെപ്പറ്റിയുള്ള ലോകാരോഗ്യ സംഘടനയുടെ അന്താരാഷ്ട്ര സമ്മേളനം

ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ, അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യാനുസരണമുള്ള മരുന്നുകളുടെയും സാങ്കേതിക വകുപ്പുകളുടെയും ഫണ്ടിന്റെയും ലഭ്യത, ശക്തമായതും തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതുമായ ആരോഗ്യനയങ്ങൾ എന്നിവയിലൂടെ മാത്രമേ സാർവത്രികാരോഗ്യം നേടാൻ സാധിക്കൂ. അംഗങ്ങളുടെ അംഗത്വഫീസിനു പുറമെ, വിവിധ രാജ്യങ്ങളുടെ സംഭാവനയും ലോകാരോഗ്യസംഘടനയുടെ ഫണ്ടായി ഉപയോഗപ്പെടുന്നുണ്ട്. നിലവിലെ WHO ബഡ്ജറ്റ് 484 ലക്ഷം യു.എസ്.ഡോളറാണ്. അവികസിത-വികസ്വരരാജ്യങ്ങളിലെ ആരോഗ്യപ്രതിരോധപ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യവികസനങ്ങൾക്കും ഒരളവുവരെ ലോകാരോഗ്യസംഘടന സഹായിക്കുന്നുണ്ട്.

കോവിഡ് - 19 മഹാമാരി

കോവിഡ് - 19 മഹാമാരി 2019 നവംബറിൽ ചൈനയിലെ വുഹാനിൽ നിന്ന്​പൊട്ടിപ്പുറപ്പെട്ട് മിക്കവാറും എല്ലാ ലോകരാജ്യങ്ങളിലും പടർന്നു പിടിച്ചതും ആരോഗ്യരംഗത്തു മാത്രമല്ല സാമ്പത്തികരംഗത്തും അതിരൂക്ഷമായ പ്രതിസന്ധി സൃഷ്ടിച്ചതും നാം കാണുകയാണല്ലോ! ആദ്യഘട്ടത്തിൽ രോഗപ്രതിരോധരംഗത്താണ് മിക്കവാറും എല്ലാ രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിച്ചത്​. പിന്നീട് രോഗചികിത്സയിലും കോവിഡ് സങ്കീർണത തടയുന്നതിലും മാത്രമല്ല താറുമാറായ സാമ്പത്തികരംഗം പുനരുദ്ധരിക്കുന്നതിലും പാടുപെടുന്നതിന് നാം ദൃക്​സാക്ഷികളായി.

രോഗനിർണയത്തിനുവേണ്ട ലബോറട്ടറികൾ, ആശുപത്രികൾ, തീവ്രപരിചരണ വിഭാഗങ്ങൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ വിതരണശൃംഖലകൾ എല്ലാം വികസിത- വികസ്വര- അവികസിത വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളെയും ഒരുപോലെ ബാധിച്ചു. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ (GDP) 54% കോവിഡ് പാക്കേജിന്​ നീക്കിവെച്ച ജപ്പാനാണ് ലോകരാജ്യങ്ങളിൽ മഹാമാരി നേരിടാൻ ഏറ്റവും തുക നീക്കിവെച്ചത്. ഇറ്റലി 28% നീക്കിവെച്ചപ്പോൾ ബ്രിട്ടൻ 18% വും അമേരിക്ക 26% വുമാണ് നീക്കിവെച്ചത്. ഇന്ത്യയാകട്ടെ ഏകദേശ ജി.ഡി.പിയുടെ 15% തുക അധികമായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്​ മാറ്റിവെച്ചു. മധ്യ-ദക്ഷിണാഫ്രിക്കൻ രാജ്യങ്ങൾക്ക് 3% ജി.ഡി.പി തുക മാത്രമേ ഇക്കാര്യത്തിൽ നീക്കിവെയ്ക്കാൻ കഴിഞ്ഞുള്ളൂ. കോവിഡ് - 19 പ്രതിരോധ സാമൂഹ്യ ബോണ്ടുകൾ വഴിയാണ് പ്രധാനമായും ഇതിന്​ പണം സമാഹരിച്ചത്.

കൂടാതെ ഇന്റർനാഷണൽ മോണിറ്ററിംഗ് ഫണ്ട് (IMF), ആഫ്രിക്കൻ ഡെവലപ്പ്മെൻറ്​ ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ സഹായവും ലഭ്യമായി. രോഗനിർണയം നടത്താൻ കഴിയാതെയും ചികിത്സ കിട്ടാതെയും പ്രതിരോധ മാർഗങ്ങളവലംബിക്കാൻ കഴിയാതെയും മഹാമാരിയെ നേരിടേണ്ടിവരുന്ന ഒരു ജനതയുടെ അവസ്ഥ എന്നത് ആധുനിക സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

ലോകത്തെ ആയുധങ്ങൾക്കും യുദ്ധപ്പടക്കോപ്പുകൾക്കുമായി 2000 ബില്യൻ അമേരിക്കൻ ഡോളർ ചെലവഴിക്കുന്നുവെന്ന് സ്റ്റോക്ക് ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) 2010 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു. എന്നാൽ കോവിഡ് - 19 നു മുൻപ് മൊത്തം ആരോഗ്യരംഗത്ത് ചെലവഴിച്ചതാകട്ടെ 780 ബില്യൻ യു.എസ് ഡോളർ മാത്രമാണ്. കോവിഡ് - 19 മഹാമാരി ജി.ഡി.പിയുടെ 3 ശതമാനത്തിലധികം ലോകരാജ്യങ്ങളുടെ ആരോഗ്യബജറ്റിൽ വർദ്ധനവുണ്ടാക്കാൻ കാരണമായിട്ടുണ്ട്. നാലു പതിറ്റാണ്ടുകളായി ലോകരാജ്യങ്ങൾക്കിടയിലെ കൂട്ടായ്മകൾ (ജി-20, ജി - 7, സാർക്ക്, ബ്രക്​സിറ്റ് തുടങ്ങിയവ) ആരോഗ്യരംഗത്തെ ആഗോള സഹകരണത്തെപ്പറ്റി ഗഹനമായ ചർച്ചയൊന്നും മുന്നോട്ടു കൊണ്ടുവന്നിട്ടില്ല. കോവിഡ് - 19 മഹാമാരി അതിർത്തികൾക്കും രാജ്യങ്ങൾക്കും മാത്രമല്ല അന്താരാഷ്ട്രതലത്തിൽ മനുഷ്യജീവനും ജനങ്ങളുടെ ആരോഗ്യവും ഒരു പ്രധാന വിഷയമായി കാണുന്നതിന് ഉൾക്കാഴ്ച നൽകിയിട്ടുണ്ട്.

എറണാകുളത്ത് കലൂർ അനുഗ്രഹ ഒഡിറ്റോറിയത്തിൽ തയ്യാറാവുന്ന ഫസ്റ്റ് ലെെൻ ട്രീറ്റ്മെന്റ് സെന്റർ

രോഗപ്രതിരോധപ്രവർത്തനങ്ങളുടെ നാഴികക്കല്ലുകളിലൊന്നായ വാക്സിൻ ഉല്പാദനം അവികസിത - വികസ്വരരാജ്യങ്ങൾക്ക്​ ഇന്നും അപ്രാപ്യമാണ്​. തദ്ദേശീയമായി എല്ലാ രാജ്യങ്ങളിലും ഉല്പാദനമേഖലയെ കാര്യക്ഷമമാക്കി മാത്രമേ ആരോഗ്യരംഗത്തെ സുസ്ഥിരത ഉറപ്പാക്കാൻ കഴിയൂ. ആരോഗ്യമേഖലക്ക്​ കൂടുതൽ വിഹിതം ബജറ്റുകളിൽ നീക്കിവയ്ക്കുന്നതിന്, മൊത്ത ആഭ്യന്തര ഉല്പാദന (GDP) വർദ്ധനവ്​ സൃഷ്ടിക്കുന്നതിന് സമ്പദ്ഘടനയുടെ വളർച്ച അനിവാര്യമാണ്. ലോകത്തെ ആരോഗ്യചികിത്സാസംവിധാനങ്ങൾ കൈയാളുന്നത് ഒരുപിടി ഭീമൻ സാമ്പത്തിക കോർപ്പറേറ്റുകൾ മാത്രമാണ്. ഇവരോടു ഏറ്റുമുട്ടിവേണം പലപ്പോഴും തദ്ദേശീയ സംരംഭങ്ങൾക്ക് നിലനിൽക്കാൻ. അത് പലപ്പോഴും അസാധ്യമായിത്തീരുന്നു. ഇത്തരം വിഷയങ്ങൾ ഒരിക്കലും ലോകാരോഗ്യസംഘടനയോ ഐക്യരാഷ്ട്ര സഭയോ പരിഗണിക്കാതെപോകുകയും ചെയ്യുന്നു.

ഒരു മഹാമാരി ലോകത്തെ 15 കോടിയോളം ജനങ്ങളെ ബാധിക്കുകയും 30 ലക്ഷത്തിലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യയത്നത്തിന്റെ നൂറ്റാണ്ടുകളുടെ പരിണതഫലമായി ആർജ്ജിച്ച ആധുനിക സമൂഹത്തിന്റെ നേട്ടങ്ങളെക്കുറിച്ച് നാം അഹങ്കരിക്കുമ്പോഴും അടിസ്ഥാനപരമായി മനുഷ്യന്റെ ആരോഗ്യവും ജീവനും സന്നിദ്ധഘട്ടങ്ങളിൽ നിലനിർത്തുന്നതിനുവേണ്ട പ്രാഥമിക ആവശ്യങ്ങൾപോലും നിറവേറ്റാൻ കഴിയാതെ ലോകജനത സ്തംഭിച്ചുനിൽക്കുന്ന കാഴ്ചയാണ് വൂഹാനിൽനിന്നാരംഭിച്ച കോവിഡ് - 19 നമുക്ക് മുന്നിലവതരിപ്പിക്കുന്നത്.

"എല്ലാവർക്കും ആരോഗ്യം' എന്ന അൽമ അത്ത പ്രഖ്യാപനത്തിനു മുൻപിൽ നാം നിസ്സഹായരായിരിക്കുന്നു. മനുഷ്യജീവന്റെ നിലനില്പിന് ഭാഷ-ദേശ-ഭൂഖണ്ഡവ്യത്യാസങ്ങളില്ലാതെയുള്ള സഹകരണത്തിനു കൈകോർക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. എല്ലാവർക്കും ആരോഗ്യം എന്ന പ്രഖ്യാപനവും പേറി അൽമ അത്ത മുതൽ വൂഹാൻവരെയെത്തിനിൽക്കുന്ന ലോകജനത അതാണ്​ കാംക്ഷിക്കുന്നതും.


Comments