മനില.സി.മോഹൻ: ശബ്ദവുമായി ബന്ധപ്പെട്ട, മനുഷ്യരുമായും അവരുടെ രോഗവുമായും ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്ന ആളെന്ന നിലയിൽ, മനുഷ്യരുടെ ശബ്ദത്തെ അല്ലെങ്കിൽ ശബ്ദമെന്ന പ്രതിഭാസത്തെ എങ്ങനെയാണ് നിർവചിക്കുക?
ഡോ.രശ്മി അരവിന്ദാക്ഷൻ കെ: നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ- കാഴ്ച, ശ്രവണം, സ്പർശം, ഗന്ധം, രുചി- പോലെ തന്നെയുള്ള ഒന്നാണ് ശബ്ദം. അവയുടെ കൂട്ടത്തിൽ നമ്മൾ അതിനെ ഉൾപ്പെടുത്തുന്നില്ല എന്നുമാത്രമേയുള്ളൂ. എന്നാൽ അത്ര തന്നെ പ്രധാനപ്പെട്ടതാണ് ശബ്ദം. ശബ്ദമില്ലാത്ത ഒരാൾക്ക് മാത്രമെ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയുള്ളൂ. ആശയവിനിമയത്തിൽ ഏറ്റവും അത്യാവശ്യമായ ഘടകം ശബ്ദമാണ്. അപ്പോൾ പഞ്ചേന്ദ്രിയങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് ശബ്ദമെന്നാണ് ഞാൻ പറയുക.
ഡോക്ടറുടെ അടുത്തുവരുന്ന ആളുകൾ ശബ്ദവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുള്ളവരായിരിക്കുമല്ലോ. ശബ്ദത്തിന്റെ ഘടനയിൽ എന്തെങ്കിലും മാറ്റം വരുക അല്ലെങ്കിൽശബ്ദമുണ്ടാക്കാൻ കഴിയാതെ വരുക, പൂർണമായി ശബ്ദം നഷ്ടപ്പെടുക അങ്ങനെ പലതരത്തിലുള്ള ആളുകൾ വരാറുണ്ടല്ലോ. ജീവിതത്തിന്റെയിടയിൽ ശബ്ദം നഷ്ടപ്പെടുന്ന ഒരു അവസ്ഥ ആലോചിക്കാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെയുള്ള ആളുകൾ ഡോക്ടറുടെ അടുത്ത് വരുമ്പോഴുള്ള അനുഭവം എന്താണ്?
അടിസ്ഥാനപരമായി വരുന്ന ആളുകളുടെ ശബ്ദത്തിന്റെ ആവശ്യം പോലെയാണത്. അതായത് മുഴുവനായി ശബ്ദം നഷ്ടപ്പെടുന്നത് പൊതുവെ അപൂർവമായേ സംഭവിക്കാറുള്ളൂ. എന്തെങ്കിലും ഘടനാപരമോ ഫങ്ഷണലോ ആയ പ്രശ്നമാണ് സംഭവിക്കുന്നത്. അപൂർവമായി മാത്രമാണ് പൂർണമായി ശബ്ദം നഷ്ടപ്പെടുന്നത്. ഒരു രീതിയിലും ശബ്ദമില്ലാത്ത അവസ്ഥകളുണ്ട്. ഇല്ലായെന്ന് ഞാൻ പറയുന്നില്ല. ഫങ്ഷണൽ അഫോനിയ പോലെയുള്ള കണ്ടീഷനുകളുണ്ട്. എന്നാൽ പൂർണമായി ശബ്ദം നഷ്ടപ്പെടുക എന്ന അവസ്ഥ വളരെ അപൂർവമാണ്. അപ്പോൾ അവർക്ക് ഏതെങ്കിലും രീതിയിൽ കാറ്റിന്റെ രൂപത്തിലെങ്കിലും ആളുകൾ ആശയവിനിമയം നടത്താറുണ്ട്. പക്ഷെ ചില വ്യക്തികൾ, അതായത് ശബ്ദം കൊണ്ട് ജീവിക്കുന്ന ആളുകൾ, താങ്കളെ പോലെയൊരു ജേണലിസ്റ്റ്, അവർക്ക് ശബ്ദം അത്യാവശ്യമാണ്. അപ്പോൾ ശബ്ദത്തിൽ എന്തെങ്കിലും ചെറിയൊരു വ്യത്യാസം വന്നാൽ പോലും നിങ്ങളുടെ ജോലിയെയും ജീവിതത്തെയും ബാധിക്കും. അതേസമയം ഒരു വീട്ടമ്മയാണെങ്കിൽ അവരുടെ ശബ്ദം കുറച്ചൊന്ന് മോശമായാലും അവർ ഒരുപക്ഷെ അതത്ര സാരമാക്കില്ല. കാരണം അവരുടെ ദൈനംദിന ജവിതത്തെ അത് കാര്യമായി ബാധിക്കുന്നില്ലെന്ന് കാണുമ്പോൾ ആ സാഹചര്യത്തെ ചിലപ്പോൾ അവർ അവഗണിച്ച് കളയും.
അടിസ്ഥാനപരമായി ഇത് ഡിമാന്റ് പോലെയാണ്. ഒരുപാട് സംസാരിക്കാൻ ഇഷ്ടമുള്ള ആളുകളാണെങ്കിൽ ശബ്ദത്തിന് എന്തെങ്കിലും പ്രശ്നം വന്നാൽ അവർക്കത് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കും. എന്നാൽ പൊതുവെ സംസാരിക്കാത്ത ഒരാളാണെങ്കിൽ അവർ ഇതൊക്കെ കുറച്ച് അഡ്ജസ്റ്റ് ചെയ്യും. തീരേ ശബ്ദമില്ലാത്ത അവസ്ഥയെക്കുറിച്ചല്ല ഞാൻ പറയുന്നത്. ശബ്ദം ഇത്തിരി മോശമായാൽ സാരമില്ല പിന്നെ നോക്കാം എന്ന രീതിയായിരിക്കും അവർക്ക്. അതുകൊണ്ട് ഒരു വ്യക്തിയുടെ ആവശ്യവുമായി ബന്ധപ്പെട്ടിട്ടുള്ളതാണിതെന്നാണ് എനിക്ക് തോന്നുന്നത്.
അഫോണിയ എന്നുപറയുന്ന അവസ്ഥയുണ്ടല്ലോ? എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് അത് സംഭവിക്കുന്നത്?
ശബ്ദത്തിന്റെ വ്യത്യാസങ്ങളെ അടിസ്ഥാനപരമായി രണ്ടായി തിരിക്കാം. വോക്കൽകോഡിന് ഘടനാപരമായ പ്രശ്നമുണ്ടെങ്കിൽ അവർക്ക് ശബ്ദത്തിന് വ്യത്യാസമുണ്ടായിരിക്കും. അഫോണിയ എന്ന കണ്ടീഷനെ കുറിച്ചല്ല പറയുന്നത്. മൊത്തത്തിൽ ശബ്ദത്തിന് വ്യത്യാസമുണ്ടാക്കുന്ന സാഹചര്യത്തെ കുറിച്ചാണ്. അഫോണിയ എന്ന ടേം ഉപയോഗിക്കുന്നത് ശബ്ദമില്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നതിനാണ്. പക്ഷെ വോയ്സ് സ്റ്റീഞ്ച് അല്ലെങ്കിൽ വോയ്സ് ഗോവ്സ് എന്ന രോഗലക്ഷണത്തെ രണ്ട് രീതിയിൽ തിരിക്കാം. ഒന്ന്, വോക്കൽകോഡിന് ഘടനാപരമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ, അതായത് ചെറിയ തടിപ്പ്, മുഴകൾ, പോളിപ്പ്, സിസ്റ്റ് തുടങ്ങിയ കണ്ടീഷൻസുണ്ട്. പുകവലിക്കുന്നവരിൽ ലിക്കോപ്ലിക്കിയ- കാൻസറിന് മുന്നോടിയായി ഉണ്ടാകുന്ന കണ്ടീഷൻ- അതൊക്കെ ശബ്ദത്തിന് വ്യത്യാസമുണ്ടാക്കും. എന്നാൽ ഘടനാപരമായി യാതൊരു പ്രശ്നവും ഇല്ലാതെ തന്നെ ശബ്ദത്തിന് വ്യത്യാസമുണ്ടാകും. അത് നമ്മുടെ സ്വനപേടകത്തിന്റെ മസിൽസിന്റെ ഡിസ്ഫങ്ഷൻ കൊണ്ട് സംഭവിക്കുന്നതാണ്. മസിൽസിന്റെ പ്രവർത്തനം ചിലയാളുകളിൽ ചിലപ്പോൾ താളംതെറ്റും. അതവരുടെ സംസാരരീതിയുടെ പ്രശ്നംകൊണ്ടായിരിക്കും. നമുക്ക് ശരിയായ രീതിയിലോ തെറ്റായ രീതിയിലോ സംസാരിക്കാം. Techniques of phonation എന്നാണ് അതിന് പറയുന്നത്. ചിലയാളുകൾ തെറ്റായ രീതിയിലുള്ള ടെക്നിക്സായിരിക്കും സംസാരിക്കാൻ ഉപയോഗിക്കുന്നത്. അങ്ങനെ തെറ്റായ ടെക്നിക്സ് ഉപയോഗിച്ച് തുടർച്ചയായി സംസാരിച്ചാൽ മസിലുകൾ ഉളുക്കുന്നതുപോലെ, സ്വനപേടത്തിന്റെ പേശികളും ചിലപ്പോൾ ഉളുക്കും. അപ്പോൾ പ്രവർത്തനം കൃത്യമായി വരില്ല.
സംസാരത്തെ തെറ്റായ രീതിയെന്നും ശരിയായ രീതിയെന്നും പറഞ്ഞല്ലോ. തെറ്റായ രീതി എന്താണ്?
സാങ്കേതികമായി ഒരുപാട് തെറ്റായ രീതികളുണ്ട്. രണ്ട് വോക്കൽ കോഡുകൾ കൂട്ടിമുട്ടി കമ്പനം ചെയ്യുമ്പോഴാണ് ശബ്ദമുണ്ടാകുന്നത്. ഈ വോക്കൽ കോഡ്സിനെ കമ്പനം ചെയ്യിക്കാൻ ഒരു സോഴ്സ് വേണം. ഗിറ്റാറിന്റെ കമ്പി കൈകൊണ്ട് മീട്ടുമ്പോഴാണല്ലോ ശബ്ദമുണ്ടാകുന്നത്. അത് നമ്മുടെ വിരലിന്റെ സോഴ്സാണ്. വോക്കൽ കോഡും ഇതുപോലെ സ്ട്രിങ്ങായി കണക്കാക്കുകയാണെങ്കിൽ അതിനെ മീട്ടാൻ അല്ലെങ്കിൽ കമ്പനം ചെയ്യിക്കാൻ സോഴ്സ് വേണം. അത് നമ്മൾ ശ്വാസം വലിച്ച് പുറത്തേക്ക് വിടുന്ന ശ്വാസമാണ്. expiratory air ആണ് വോക്കൽ കോഡുകളെ കമ്പനം ചെയ്യിക്കുന്നത്. അപ്പോൾ നമ്മുടെ ശബ്ദത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ശ്വാസോച്ഛ്വാസമാണെന്ന് പറയാം. നമ്മൾശ്വസിക്കുന്നത് കാര്യക്ഷമമായ ശ്വാസമല്ലെങ്കിൽ സ്വാഭാവികമായും ശബ്ദത്തിൽ പ്രശ്നങ്ങളുണ്ടാകും.
നമുക്ക് തെറ്റായ രീതിയിലും ശരിയായ രീതിയിലും ശ്വസിക്കാം. പലരീതിയിലുള്ള Breathing tecniques ഉണ്ട്. തെറ്റായ രീതിയിലാണ് ശ്വസിക്കുന്നതെങ്കിൽ അത് വോക്കൽ കോഡിനെ ബാധിക്കും. ഒരൊറ്റ സാങ്കേതിക പിഴവിനെ കുറിച്ചാണ് ഞാൻ പറയുന്നത്. അതേപോലെ പലതരം പിഴവുകളുണ്ട്. നമ്മുടെ വോക്കൽ കോഡ്സ് കമ്പനം ചെയ്ത് ശബ്ദമുണ്ടാകുന്നു എന്ന് പറഞ്ഞല്ലോ. അത് ശരിക്കും പറഞ്ഞാൽ മൂളുന്ന ശബ്ദം പോലെയാണ്. അത് അത്ര ആകർഷകമായ ശബ്ദമൊന്നുമല്ല. പക്ഷെ നമ്മൾ ഒരു വ്യക്തിയുടെ ശബ്ദം കേൾക്കുന്ന അതേ ക്വാളിറ്റിയിൽ പുറത്തേക്ക് വരുന്നത് തൊണ്ട, വായ, മൂക്ക് എന്നീ അവയവങ്ങളുടെ പ്രവർത്തനം കൊണ്ടാണ്. അതായത് ആ അവയവങ്ങളുടെ ആകൃതിയും പ്രവർത്തനവും കൊണ്ടാണ് ആ ക്വാളിറ്റിയുണ്ടാകുന്നത്. അതിനെ നമ്മൾ resonance എന്നാണ് പറയുന്നത്.
Throat cavity, Oral cavity, Nasal cavity തുടങ്ങിയവയെ ഒക്കെ Resonance cavity യായിട്ടാണ് നമ്മൾ കണക്കാക്കുന്നത്. ഇതിന്റെ ആകൃതിയെ നമുക്ക് വ്യത്യാസപ്പെടുത്താൻ കഴിയും. വായ് തുറക്കുന്നതിനനുസരിച്ച് അതിന്റെ ആകൃതിയും വലിപ്പവുമൊക്കെ മാറ്റാൻ സാധിക്കും. അതനുസരിച്ച് ശബ്ദത്തിനും വ്യത്യാസം വരും. ഇതിനെ ഒരു വീണയായി പരിഗണിക്കുകയാണെങ്കിൽ, അതിന്റെ കമ്പി മീട്ടുമ്പോഴുണ്ടാകുന്ന ശബ്ദത്തെ വീണയുടെ കുടമാണ് ആംപ്ലിഫൈ ചെയ്ത് പുറത്തേക്ക് വിടുന്നത്. കുടമില്ലാതെ സ്ട്രിങ് മാത്രം മീട്ടിയാൽ അത്രയും ഇമ്പമുള്ള ശബ്ദം കിട്ടില്ല. കുടത്തിന്റെ പ്രവർത്തനമാണ് വീണയുടെ ശബ്ദത്തെ അത്ര മനോഹരമായി പുറത്തേക്കുവിടുന്നത്. അതേ പ്രവർത്തനം തന്നെയാണ് ത്രോട്ട് കാവിറ്റി, ഓറൽ കാവിറ്റി, നേസൽ കാവിറ്റി എന്നിവ ചെയ്യുന്നത്. ഇത് മൂന്നും റെസനൻസ് കാവിറ്റീസ് ആണ്. എന്നാൽ വീണയുടെ കുടത്തിന്റെ ഷേപ്പൊന്നും നമുക്ക് മാറ്റാൻസാധിക്കില്ല. അത് സ്ഥിരമായിട്ടുള്ളതാണ്. പക്ഷെ മനുഷ്യന്റെ റെസനൻസ് കാവിറ്റീസിന്റെ ഏറ്റവും വലിയ ഗുണമെന്തെന്നാൽ, അതിന്റെ ആകൃതി മാറ്റാം. അതിനനുസരിച്ച് നമ്മുടെ ശബ്ദത്തിലും മാറ്റം വരുത്താം. അതുകൊണ്ടാണ് നമുക്ക് പലതരം ശബ്ദങ്ങളുണ്ടാക്കാൻ കഴിയുന്നത്. ഈ റെസനൻസ് കാവിറ്റികളെ പലതരത്തിൽ മോഡിഫൈ ചെയ്തിട്ടാണ് നമ്മൾ പലതരത്തിലും ഗുണത്തിലുമുള്ള ശബ്ദങ്ങൾ പുറത്തേക്ക് വിടുന്നത്.
അതുകൊണ്ടുതന്നെയായിരിക്കുമല്ലേ ഓരോരുത്തരുടെയും ശബ്ദം വേറിട്ട് നിൽക്കുന്നത്?
അതെ. നമ്മുടെ മുഖത്തിന്റെയും തൊണ്ടയുടെയും വായുടെയും ആകൃതി അനുസരിച്ചാണ് ശബ്ദം രൂപപ്പെടുന്നത്.
ഓരോ ജോലികളിൽ ഏർപ്പെടുന്നയാളുകൾ ശബ്ദത്തെ ഉപയോഗിക്കുന്നതിൽ വ്യത്യാസമുണ്ടാകുമല്ലോ. ഗായകർ ശബ്ദത്തെ ഉപയോഗിക്കുന്നത് പോലെയായിരിക്കില്ല മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ഒരാൾ ഉപയോഗിക്കുന്നത്. അധ്യാപകരും മാധ്യമപ്രവർത്തകരുമൊക്കെ മറ്റൊരു തരത്തിലായിരിക്കാം അവരുടെ ശബ്ദത്തെ ഉപയോഗിക്കുന്നത്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ സ്‌ട്രെയിൻ ചെയ്യുകയും, അവരുടെ ശബ്ദത്തെയത് ബാധിക്കുന്നതായിട്ടും നമ്മൾ കണ്ടിട്ടുണ്ടല്ലോ? എത്തരത്തിലുള്ള ആളുകളാണ് ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി വരാറുള്ളത്?
ഞാൻ ശബ്ദവുമായി ബന്ധപ്പെട്ട് മാത്രം പ്രവർത്തിക്കാൻ തുടങ്ങിയിട്ട് ഒന്നൊന്നര കൊല്ലമാകുന്നതെയുള്ളു. പക്ഷെ ഈ ഒന്നര കൊല്ലത്തിനിടയിൽ എന്റെയടുത്ത് വന്നിട്ടുള്ള കൂടുതൽ രോഗികളും അധ്യാപകരാണ്. അതുകഴിഞ്ഞാൽ പാട്ടുകാർ. അധ്യാപകർക്കാണ് കൂടുതൽ സ്‌ട്രെയിൻ ചെയ്യേണ്ടിവരുന്നത്. കാരണം അവർ തുടർച്ചയായി ആറേഴ് മണിക്കൂർ പഠിപ്പിക്കുകയാണ്. അതുകഴിഞ്ഞ് വീട്ടിൽ പോയാൽമക്കളെയും പഠിപ്പിക്കേണ്ട സാഹചര്യമുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സ്‌ട്രെയിൻ ചെയ്ത് ശബ്ദമുപയോഗിക്കുന്നത് അധ്യാപകരാണെന്നാണ് തോന്നുന്നത്.
ഇത്തരത്തിൽ സ്‌ട്രെയിനെടുക്കുന്നവരോട് പലപ്പോഴും പറയുന്നത് കേട്ടിട്ടുള്ളത് വോയ്‌സ് റെസ്റ്റ് ചെയ്യണമെന്നാണല്ലോ? എന്താണ് ശരിക്കും വോയ്‌സ് റെസ്റ്റ് എന്ന ആശയം?
പൂർണമായ വോയ്‌സ് റെസ്റ്റ്, അതായത് ഒന്നും മിണ്ടരുത് എന്നുപറയുന്നതിൽ അർത്ഥമില്ല. ഒരു വ്യക്തിക്ക് ഒന്നും മിണ്ടാതെ ജീവിക്കാൻ കഴിയില്ല. ഒരു അധ്യാപികയോട് നിങ്ങൾ സംസാരിക്കുന്നതാണ് പ്രശ്‌നം അതുകൊണ്ട് ഇനി നിങ്ങൾ സംസാരിക്കരുത് എന്നുപറയാൻ കഴിയില്ലല്ലോ. ഒരു പാട്ടുകാരിയോട് നിങ്ങൾ പാടുന്നതാണ് പ്രശ്‌നം, അതുകൊണ്ട് പാട്ട് നിർത്തണമെന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല. അപ്പോൾ പൂർണമായ വോയ്‌സ് റെസ്റ്റ് എന്നൊന്നില്ല. ജുഡീഷ്യസായിട്ടാണ് നമ്മൾ വോയ്‌സ് റെസ്റ്റ് എടുക്കേണ്ടത്. ഒരു മിനിട്ട് ശബ്ദം ഉപയോഗിക്കുകയാണെങ്കിൽ രണ്ടു മിനിട്ട് റെസ്റ്റ് എടുക്കണം. അതിന്റെ അർത്ഥം, എട്ട് മണിക്കൂറാണ് നമ്മൾക്ക് ശബ്ദം ഉപയോഗിക്കാനായി അനുവദിക്കപ്പെട്ടിട്ടുള്ളത്. അതിൽ കൂടുതൽ നമ്മൾ ഉപയോഗിക്കുകയാണെങ്കിൽ സ്വാഭാവികമായും ശബ്ദത്തിന് പ്രശ്‌നങ്ങളുണ്ടാകും. എട്ട് മണിക്കൂർ ഉറങ്ങണമെന്ന് വിചാരിക്കുക. ഉറങ്ങതാരിക്കുന്നതിന്റെ പകുതിസമയം വർത്തമാനം പറയുക, പകുതി സമയം മിണ്ടാതെയിരിക്കുക. അങ്ങനെയായിരിക്കണം നമ്മുടെ വോയ്‌സ് റെസ്റ്റിന്റെ രീതി.
പലതരം സ്‌ട്രെയിനുകളുണ്ടെന്ന് പറഞ്ഞല്ലോ. ഓവറായി ശബ്ദം ഉപയോഗിക്കുന്നതുകൊണ്ട് അതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുള്ള ആളുകളുണ്ട്. മറ്റു പല രീതികളിലും ഈ പ്രശ്‌നങ്ങൾ ഉണ്ടാകാമല്ലോ. അതായത് ട്രോമാറ്റിക് അവസ്ഥയിലൂടെ കടന്നുപോവുകയോ വലിയ ഷോക്ക് ഉണ്ടാവുകയോ ഒക്കെ ചെയ്യുമ്പോൾ ആളുകൾ നിശ്ശബ്ദരായിപ്പോവുകയോ സംസാരിക്കാൻ കഴിയാതെ വരുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. യഥാർത്ഥത്തിൽ അതിലെന്താണ് സംഭവിക്കുന്നത്. മാനസികമായ പ്രശ്‌നങ്ങളാണോ അത്?
അത് മനഃശാസ്ത്രപരമായ കാരണങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്. നേരത്തെ പറഞ്ഞ ഫങ്ഷണൽ അഫോണിയ പോലെയുള്ള അവസ്ഥകൾ, അവർ അഭിനയിക്കുന്നതല്ല. അതാണ് നമ്മൾ ആദ്യം മനസിലാക്കേണ്ടത്. അവർ മനഃപൂർവം മിണ്ടാതിരിക്കുന്നതല്ല. അവരുടെ തലച്ചോറിന്റെ പ്രവർത്തനം ആ രീതിയിലായതുകൊണ്ടാണ്. പെട്ടെന്ന് അവരുടെ മസിൽസ് പ്രവർത്തിക്കാതായിപ്പോകുന്നതുകൊണ്ട് സംഭവിക്കുന്നതണത്. അങ്ങനെയുള്ളവരെ വോയ്‌സ് തെറാപ്പിയിലൂടെ മാറ്റിയെടുക്കാൻ സാധിക്കും. തീരെ നടക്കുന്നില്ലെങ്കിൽ സൈക്കാട്രിക്ക് - സൈക്കോളജിക്കൽ ചികിത്സക്ക് വിധേയമാക്കുകയും ചിലപ്പോൾ മരുന്നുകൾ നൽകേണ്ടിയും വന്നേക്കാം.
ഏത് പ്രായത്തിലുള്ളവരിലാണ് ശബ്ദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ കാണുന്നത്? കുട്ടികളിലാണോ മധ്യവയസ്‌ക്കരിലാണോ അതോ യുവാക്കളിലാണോ?
അങ്ങനെ പൊതുവായി പറയാൻ കഴിയില്ല. പലതരം കണ്ടീഷൻസ് പല പ്രായക്കാരിലാണ് കാണുന്നത്. കുട്ടികളിലാണെങ്കിൽ ജന്മനായുണ്ടാകുന്ന, സൾക്കസ് (Sulcus) എന്ന ഒരു കണ്ടീഷനുണ്ടാകാറുണ്ട്. കുട്ടിക്കാലത്തുതന്നെ അത് കണ്ടെത്താൻ കഴിഞ്ഞാൽ ചികിത്സ ആരംഭിക്കാം. കുട്ടിക്കാലത്ത് തന്നെ ചികിത്സ ആരംഭിച്ചാൽ നല്ല റിസൾട്ട് ലഭിക്കും. എന്നാൽ പലപ്പോഴും ആളുകൾ വളരെ വൈകിയാണ് ചികിത്സക്കെത്തുന്നത്. പക്ഷെ ആ കുട്ടികൾക്ക് ചെറുപ്പം മുതലെ ശബ്ദത്തിന് പ്രശ്‌നമുണ്ടാകും. അത് കണ്ടുപിടിക്കാനും മുൻകരുതലെടുക്കാനും വൈകുമ്പോൾ പ്രായമായ ശേഷമേ അവർ ചികിത്സക്കെത്തൂ.
കുട്ടികളിൽ പിന്നെയുണ്ടാകുന്ന പ്രധാന പ്രശ്‌നം വോക്കൽ നൊഡ്യൂൾസ് (Vocal nodules) പോലെയുള്ളതാണ്. ഒരുപാട് ശബ്ദമുണ്ടാക്കുന്ന, ഒരുപാട് സംസാരിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രശ്‌നമാണത്. ഇത്തരം പ്രശ്‌നങ്ങളായിരിക്കില്ല കുറച്ചുകൂടി വലിയവരിൽ കാണുക. എന്നാൽ അവർക്കും ശബ്ദത്തിന് പ്രശ്‌നമുണ്ടാകും. അവർക്കുണ്ടാകുന്ന കണ്ടീഷനുകൾ വ്യത്യാസമായിരിക്കും എന്നുമാത്രം. ശബ്ദത്തിന്റെ വ്യത്യാസം എല്ലാ പ്രായക്കാരിലും ഏകദേശം ഒരേപോലെയാണ്. പക്ഷെ ഉണ്ടാകുന്ന കണ്ടീഷനുകൾ പ്രായത്തിനനുസരിച്ച് വേറെവേറെയായിരിക്കും.
ചില കുട്ടികൾ താമസിച്ച് സംസാരിക്കാറുണ്ടല്ലോ. സാധാരണ സംസാരിച്ചുതുടങ്ങുന്ന സമയത്തിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി കഴിഞ്ഞേ സംസാരിച്ച് തുടങ്ങാറുള്ളൂ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മറ്റൊന്ന് പെൺകുട്ടികൾ ചെറിയ പ്രായത്തിൽ ആൺകുട്ടികളേക്കാൾ നേരത്തെ സംസാരിച്ച് തുടങ്ങുമെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ? അങ്ങനെ താമസിക്കുന്നുണ്ടെങ്കിൽ അത് എന്തുകൊണ്ടാകും.
അത് ഒരു കുട്ടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട കാര്യമാണ്, ശബ്ദവുമായി ബന്ധപ്പെട്ട കാര്യമായിരിക്കില്ല. കാരണം അവർ ശബ്ദമുണ്ടാക്കും, സംസാരിക്കാൻ സാധിക്കുന്നില്ല എന്ന പ്രശ്‌നം മാത്രമേയുണ്ടാകു. അവർ സംസാരം വികസിപ്പിച്ചെടുക്കാൻ താമസിക്കുന്നതാണ്. അത് പക്ഷെ ശബ്ദവുമായി ബന്ധപ്പെട്ട കാര്യമല്ല.
കേൾവിയുമായി പ്രത്യക്ഷമായ ബന്ധം ശബ്ദത്തിനുണ്ടാകുമല്ലോ. അതായത് കേൾക്കുന്ന കുട്ടികളല്ലേ സംസാരിക്കൂ?
അത് സംസാരമാണ് (Speach), അല്ലാതെ ശബ്ദമല്ല. ചെവിയിൽ കേട്ടാൽ മാത്രമല്ലേ നമുക്കത് പഠിച്ച് പറയാൻ സാധിക്കുകയുള്ളൂ. അതായത് നമ്മുടെ തലച്ചോറിനെ സ്റ്റിമുലേറ്റ് ചെയ്താൽ മാത്രമെ നമുക്ക് പറയാൻ പറ്റൂ. കേൾവിയില്ലാത്ത കുട്ടികളും ശബ്ദമുണ്ടാക്കും. ശബ്ദമില്ലാത്തതിന്റെ പ്രശ്‌നമൊന്നും അവർക്കുണ്ടാവുകയില്ല. അവരുടെ പ്രശ്‌നം അവർക്ക് സ്റ്റിമുലസില്ല എന്നതാണ്. അതുകൊണ്ട് സംസാരമാണ് വികസിപ്പിച്ചെടുക്കാൻ കഴിയാത്തത്.
ഈ പ്രശ്‌നം തിരിച്ച് സംഭവിക്കാറുണ്ടോ. അതായത് കേൾവിയുള്ള ഒരാൾക്ക് ശബ്ദമില്ലാതെയിരിക്കുന്ന അവസ്ഥ സംഭവിക്കാറുണ്ടോ?
വോക്കൽ കോഡ്സ് കമ്പനം ചെയ്തിട്ടാണ് ശബ്ദമുണ്ടാകുന്നതെന്ന് പറഞ്ഞല്ലോ. വോക്കൽ കോഡ്‌സിന്റെ ഘടന, ബെബ് എന്നൊക്കെ പറയുന്ന അവസ്ഥയുണ്ട്. അങ്ങനെയുള്ള കുട്ടികൾക്ക് ശബ്ദം കൃത്യമായിരിക്കില്ല. പക്ഷെ, അങ്ങനെയുള്ള കുട്ടികളും ആശയവിനിമയം നടത്താറുണ്ട്. അവർക്ക് കോഡ്‌സിലൂടെ എങ്കിലും ആശയവിനിമയം നടത്താൻ കഴിയും. അവർ സംസാരിക്കും. പക്ഷെ ശബ്ദം നന്നായിരിക്കില്ല. ചിലപ്പോൾ തീരെ കേൾക്കാത്ത ശബ്ദമായിരിക്കും. അത്രയേയുള്ളു. അല്ലാതെ അവരുടെ സംസാരം ഒരിക്കലും വികസിക്കാതെയിരിക്കില്ല. അതിനെ നമുക്ക് ചികിത്സയിലൂടെ മാറ്റാം. ബെബ് എന്ന കണ്ടീഷനൊക്കെയാണെങ്കിൽ ശസ്ത്രക്രിയയിലൂടെ ശരിയാക്കാം.
തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശബ്ദത്തെ ബാധിക്കുമല്ലോ. തൈറോയ്ഡ് കാൻസറിലേക്കൊക്കെ കടക്കുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് ശബ്ദത്തിൽ വരുന്ന വ്യത്യാസങ്ങളാണ്. തൈറോയ്ഡും വോയ്‌സ് കോഡും തമ്മിൽ എന്താണ് ബന്ധം?
ഏറ്റവും പ്രധാനപ്പെട്ട വോക്കൽ കോഡിന്റെ നാഡി (Nerve) കടന്നുപോകുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പിന്നിലൂടെയാണ്. അപ്പോൾ തൈറോയ്ഡിൽ മുഴകളോ കാൻസറുകളോ ഉണ്ടെങ്കിൽ അതിന്റെ അടുത്തുകൂടി കടന്നുപോകുന്ന ഞരമ്പായതുകൊണ്ടുതന്നെ കാൻസർ അതിനെയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വരുമ്പോൾ ചിലപ്പോൾ ഇവരുടെയൊരു വോക്കൽ കോഡ് തളർന്നുപോകും. അങ്ങനെയുള്ള സമയത്ത് അവർക്ക് ശബ്ദ വ്യത്യാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. അതുപോലെയാണ് തൈറോയ്ഡിന്റെ സർജറി കഴിയുന്ന സമയത്ത്, കാൻസർ പോലെ വലിയ പ്രശ്‌നങ്ങളുള്ള സർജറികളാണെങ്കിൽ, ഞരമ്പിന്റെ മുകളിൽ കാൻസറിന്റെ ഭാഗമുണ്ടെങ്കിൽ ആ ഞരമ്പ് മുറിച്ച് കളയേണ്ട അവസ്ഥ വരാറുണ്ട്. അങ്ങനെയുള്ളപ്പോൾ സർജറി കഴിഞ്ഞാൽ ഇവർക്ക് ശബ്ദത്തിന്റെ പ്രശ്‌നമുണ്ടാകും.
ചെറിയ കുട്ടികളായിരുന്ന സമയം മുതൽ നമ്മുടെ ജീവിതം മുന്നോട്ട് പോകുമ്പോൾ ശബ്ദത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നുകൊണ്ടേയിരിക്കുമല്ലോ. ശരീരത്തിൽ വരുന്ന മാറ്റം പോലെ തന്നെ ശബ്ദത്തിന്റെ സ്വഭാവത്തിലും മാറ്റം വരും. അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്?
മുമ്പ് പറഞ്ഞതുപോലെ ഒരു ഗിറ്റാറിന്റെ കമ്പി മുറുക്കുന്ന സമയത്ത് പിച്ച് കൂടുകയാണല്ലോ ചെയ്യുക. അതേപോലെ കട്ടിയുള്ള കമ്പിയിൽ പിച്ച് കുറയുകയാണ് ചെയ്യുക. കുട്ടികളായിരിക്കുന്ന സമയത്ത് വോക്കൽ കോഡ്‌സിന്റെ നീളം കുറവായിരിക്കും. നീളം കൂടുന്നതനുസരിച്ച് പിച്ച് കുറയും. അതുപോലെ, കനവും ബെബ് സോണിനനുസരിച്ച് ഇതിന്റെ കട്ടിയും കൂടുമല്ലോ. മറ്റേത് നേർത്ത വോക്കൽ കോഡായിരിക്കും. നേർത്ത വോക്കൽ കോഡ് കമ്പനം ചെയ്യുമ്പോൾ പിച്ച് കൂടുതലായിരിക്കും. പക്ഷെ ലാറിങ്‌സ് വലുതാകുന്നതിന് അനുസരിച്ച് വോക്കൽ കോഡിന്റെ നീളവും കൂടും കട്ടിയും കൂടും. അപ്പോൾ സ്വാഭാവികമായും പ്രായമാകുമ്പോൾ ശബ്ദത്തിന്റെ പിച്ച് കുറയും. കുട്ടികളുടേത് വളരെ ഹൈ പിച്ച് ശബ്ദമായിരിക്കും. എന്നാൽ വലുതാകുന്നതിനനുസരിച്ച് പിച്ച് കുറയും. ആണുങ്ങളാകുമ്പോൾ ഒരു പാട് കുറയാൻ സാധ്യതയുണ്ട്. കാരണം അവരുടെ വോക്കൽ കോഡിന്റെ നീളവും മാസും വളരെ കൂടുതലായിരിക്കും.
സ്ത്രീകളിലെയും പുരുഷന്മാരിലെയും വോക്കൽ കോഡ്‌സ് തമ്മിൽ നല്ല വ്യത്യാസമുണ്ടല്ലേ?
വ്യത്യാസം എന്നതിനേക്കാൾ, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ വോക്കൽ കോഡ്‌സിന് നീളം കൂടുതലാണ്. എപ്പോഴും ആണുങ്ങളുടെ ശരീര ഘടന അങ്ങനെയാണല്ലോ. കൈയിന്റെയും കാലിന്റെയും നീളം സ്ത്രീകളെക്കാൾ കൂടുതലാണ് ആണുങ്ങൾക്ക്. അതേപോലെയാണ് ലാറിങ്‌സിന്റെ വലിപ്പം. സ്ത്രീകളുടെ ലാറിങ്‌സിനെക്കാളും വലുതാണ് ആണുങ്ങളുടേത്. അപ്പോൾ വോക്കൽ കോഡിന്റെ നീളവും വളരെ കൂടുതലാണ്. അതുപോലെ അതിന്റെ മാസും കുറച്ച് കൂടുതലാണ്.
ഗായകരൊക്കെ ഇടക്ക് പറയാറുണ്ടല്ലോ, ചൂടുവെള്ളമാണ് കുടിക്കുന്നത് എന്നൊക്കെ. അതും ശബ്ദവുമായുള്ള ബന്ധം എന്താണ്?
നമ്മുടെ വോക്കൽ കോഡ്‌സിന്റെ ഏറ്റവും നല്ല മരുന്ന് വെള്ളമാണ്. വോക്കൽ കോഡ്‌സിൽ എപ്പോഴും വെള്ളമയം ഉണ്ടായിരിക്കണം. ഒരിക്കലുമത് ഉണങ്ങിയിരിക്കാൻ പാടില്ല. ഉണങ്ങിയിരിക്കുമ്പോൾ നമ്മൾ സംസാരിക്കുകയാണെങ്കിൽ വോക്കൽ കോഡ്‌സിന് പരിക്ക് പറ്റാൻ സാധ്യതയുണ്ട്. ശബ്ദം ജോലിയുടെ ഭാഗമായി എടുത്തിട്ടുള്ളവർ, പ്രത്യേകിച്ച് അധ്യാപകർ, ഗായകർ തുടങ്ങി ശബ്ദം ഒരുപാട് ഉപയോഗിക്കേണ്ടിവരുന്നവർ, പത്തോ പതിനഞ്ചോ മിനിട്ട് കൂടുമ്പോൾ ഓരോ കവിൾ ഇളം ചൂടുവെള്ളം കുടിക്കണം. അങ്ങനെ ചെയ്യുമ്പോൾ വോക്കൽ കോഡ്‌സിന് എപ്പോഴും നനവ് ഉണ്ടായിരിക്കും. ഇതേ തത്വം തന്നെയാണ് ബാത്ത്‌റൂം സിംങ്ങിങ്ങിലും പറയുന്നത്. കുളിമുറിയിൽ നിന്ന് പാടുകയും ഉച്ചത്തിൽ സംസാരിക്കുകയുമൊക്കെ ചെയ്യുമ്പോൾ അവിടുത്തെ വായുവിന് ഈർപ്പം കൂടുതലായിരിക്കും. അത്രയും ഈർപ്പമുള്ള വായുവാണ് ശ്വസിക്കുന്നതെങ്കിൽ വോക്കൽ കോഡ്‌സ് നല്ലപോലെ നനവുള്ളതാവും. പ്രത്യേകിച്ച് ഷവറിന്റെ മുന്നിൽ നിൽക്കുമ്പോൾ മുഖത്തുകൂടി വെള്ളം ഒഴുകുന്ന സമയത്ത്, നമ്മൾ പാടുകയാണെങ്കിൽ ഏറ്റവും ഈർപ്പമുള്ള വായുവാണ് ശ്വസിക്കുക. പണ്ടുകാലത്ത് നമ്മൾ പറയുമായിരുന്നു, കഴുത്തറ്റം വെള്ളത്തിൽ സാധകം ചെയ്യണമെന്ന്. അത് വളരെ ശാസ്ത്രീയമായ കാര്യമാണ്. ആ സമയത്ത് ഏറ്റവും നനവുള്ള വായുവാണ് ശ്വസിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾവേറൊരു കാര്യം കൂടിയുണ്ട്. വെള്ളത്തിലിറങ്ങി നിൽക്കുമ്പോൾ നെഞ്ചിന്റെ മുകളിലേക്ക് വെള്ളം നൽകുന്ന ഒരു മർദ്ദമുണ്ട്. ആ സമയത്ത് നമ്മൾ പ്രയത്‌നിച്ചാൽ മാത്രമെ ശ്വസിക്കാൻ കഴിയുകയുള്ളൂ. അതുവഴി നമ്മുടെ ശ്വാസോഛ്വാസം കൂടുതൽമികച്ചതാക്കാൻ കഴിയും. അപ്പോൾ കഴുത്തറ്റം വെള്ളത്തിൽ പാടണമെന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നത് വളരെ ശാസ്ത്രീയമായ കാര്യമാണ്.
നമ്മുടെ അന്തരീക്ഷത്തിൽ വായുമലിനീകരണം ഭയങ്കരമായി കൂടുന്നുണ്ട്. മുംബൈ, ദൽഹി പോലെയുള്ള സ്ഥലങ്ങളിൽ ഭയങ്കര കൂടുതലാണല്ലോ. ഇത് നമ്മുടെ ശബ്ദത്തിനെയും വോക്കൽ കോഡ്‌സിനെയും എങ്ങനെയാണ് ബാധിക്കുന്നത്?
ശബ്ദത്തിന്റെ അടിസ്ഥാനം ശ്വാസനമാണ്. ഈ മലിനീകരണം ശ്വാസകോശത്തെ സ്വാഭാവികമായും ബാധിക്കും. അലർജിയും ആസ്മയുമുള്ള ആളുകളാണെങ്കിൽ ശബ്ദത്തെ ബാധിക്കാൻ ഉറപ്പായും സാധ്യതയുണ്ട്. ശ്വസനത്തെ ബാധിക്കുമ്പോൾ സ്വാഭാവികമായും ശബ്ദത്തെയും ബാധിക്കും. മൂക്ക്, തൊണ്ട ഇതൊക്കെ നമ്മുടെ ശബ്ദത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കും. വായുമലിനീകരണം ഇത്തരം ഭാഗങ്ങളെ അലർജിക്കാക്കും. അപ്പോൾ അത് ശബ്ദത്തെ ബാധിക്കാൻ സാധ്യത കൂടുതലാണ്. അതല്ലാതെ മലിനീകരണം വോക്കൽ കോഡിനെ നേരിട്ട് ബാധിക്കുന്നത്, ഇതുവരെ കണ്ടിട്ടില്ല. എന്റെ ഒരു അനുഭവം വെച്ച് മലിനീകരണം വോക്കൽ കോഡ്‌സിനെ നേരിട്ട് ബാധിക്കില്ലെന്നാണ് മനസിലാക്കുന്നത്. എന്നാൽ പുകവലി വോക്കൽ കോഡ്‌സിനെ വളരെ മോശമായി ബാധിക്കും.
പണ്ടൊക്കെ സിനിമയിലും നാടകത്തിനുമൊക്കെ ജോലി ചെയ്യുന്നവർ ശബ്ദത്തിന്റെ കനം കൂട്ടാൻപുകവിലക്കുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയൊരു ധാരണയുണ്ടായിരുന്നു. ഇത് തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?
അതെനിക്കറിയില്ല. പുകവലി വോക്കൽ കോഡിനെ വളരെ മോശമായി ബാധിക്കും. പിന്നെയിത് കാൻസറിന് കാരണമാകും. വേഗത്തിൽ കാൻസർ വരുന്നതിനുള്ള പ്രധാന കാരണം പുകവലിയാണ്. വോക്കൽ കോഡ്‌സിന്റെ, പ്രത്യേകിച്ച് നമ്മുടെ ലാറിങ്‌സിന്റെ ഭാഗങ്ങളിൽ കാൻസറുണ്ടാകാനുള്ള പ്രധാന കാരണം പുകവലിയാണ്. ക്രോണിക്കായ പുകവലിക്കാരിലാണ് കാൻസർ കൂടുതലായി കാണുന്നത്. പുകവലി വോക്കൽ കോഡിനെ ബാധിക്കുന്നതിനോടൊപ്പം ശബ്ദത്തെയും ബാധിക്കും.
നമ്മൾ നിരന്തരമായി ഇയർ ഫോൺ പോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുന്നു. ഡിജിറ്റൽ ഡിവൈസിൽ നിന്നുള്ള ശബ്ദങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു, ഇത്തരത്തിൽ ഡിജിറ്റൽ ശബ്ദങ്ങൾ നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത് ശബ്ദത്തിന്റെ ഘടനയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ? അത്തരം പഠനങ്ങൾ നടന്നിട്ടുണ്ടോ?
എല്ലായ്‌പ്പോഴും ഇയർ ഫോൺ ഉപയോഗിക്കുന്നത് ഉറപ്പായും കേൾവിയെ ബാധിക്കും. പക്ഷെ ഇതിന് ശബ്ദവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് എനിക്കറിയില്ല.
ശബ്ദം തീരെ ഇല്ലാതിരുന്നിടത്ത് നിന്നും ഡോക്ടറുടെ അടുത്ത് വന്നശേഷം ശബ്ദം തിരികെ കിട്ടിയ എന്തെങ്കിലും അനുഭവമുണ്ടോ?
ഘടനാപരമായ പ്രശ്‌നങ്ങളുണ്ട്, ഫങ്ഷണലായ പ്രശ്‌നങ്ങളുണ്ട്. ഘടനാപരമായ പ്രശ്‌നങ്ങൾ സർജറികൊണ്ടേ പരിഹരിക്കാൻ സാധിക്കൂ. അങ്ങനെ സർജറിയിലൂടെ ശബ്ദം ശരിയാക്കിയ ഒരു പാട് കേസുകളുണ്ട്. ഫങ്ഷണലായ അധിക കേസുകളും തെറാപ്പിയിലൂടെ മാറ്റിയെടുക്കാം. രണ്ടുമൂന്ന് സിറ്റിങ് തെറാപ്പി കഴിയുമ്പോൾ പൊതുവെ അത്തരം ആളുകളുടെ ശബ്ദം തിരികെ ലഭിക്കാറുണ്ട്. ഏതുതരം അസുഖമാണ് എന്നതനുസരിച്ചാണ് റിസൾട്ട് ഉണ്ടാകുക. ഭൂരിഭാഗം ആളുകൾക്കും വലിയ പ്രശ്‌നമൊന്നുമില്ലാതെ ശബ്ദം തിരികെ ലഭിക്കാറുണ്ട്.