അഭിരാമി ഇ.

കൗൺസിലിങ്ങിനിടെ
ഒരു കുട്ടി പറഞ്ഞു,
ക്ലാസിലുള്ളവരെ കൊല്ലാൻ തോന്നുന്നു…

കൗൺസിലിങ്ങിനിടയിൽ ആ കുട്ടി ക്ലാസിലുള്ളവരെ കൊല്ലാൻ കണ്ട ചില സിനിമകളിലെ രീതികൾ പറഞ്ഞു തരുന്നുണ്ട്. വളരെ സിമ്പിളായി, ഒട്ടും മടിക്കാതെ. അത് ചെറിയ പേടിയല്ല എന്നിലുണ്ടാക്കിയത്- കൺസൾട്ടൻ്റ് സൈക്കോളജിസ്റ്റ് അഭിരാമി ഇ. എഴുതുന്നു.

ളരെ ആനന്ദകരമായി ജീവിതത്തെ കാണുകയും നിഷ്കളങ്കമായി ആളുകളെ സ്നേഹിക്കാൻ സാധിക്കുകയും മറ്റുള്ളവരോട് വിരോധം പുലർത്താതിരിക്കുകയും ചെയ്യുക എന്നതായിരുന്നു ഒരു കാലഘട്ടത്തിൽ കുട്ടികളെ സംബന്ധിച്ച് നാം പറഞ്ഞിരുന്നത്.

കളിയിടങ്ങളിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കുകയും, പാടങ്ങളിലും കുളങ്ങളിലും കളിച്ചു മറിയുകയും, ബാലസംഘങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കുകയും, രക്ഷിതാക്കളോടൊപ്പം പരിപാടികൾക്ക് പോവുകയുമൊക്കെ ചെയ്തിരുന്ന കുട്ടികളിൽനിന്ന് പുതുതലമുറയിലെ കുട്ടികൾ ഏറെ മാറിയിരിക്കുന്നു. മാറ്റം ഏതു കാലത്തും അനിവാര്യമായ ഒന്നായതുകൊണ്ടുതന്നെ അത്തരം മാറ്റങ്ങളെ അംഗീകരിക്കേണ്ടതായുണ്ട്.

പക്ഷെ, മേൽപ്പറഞ്ഞ പ്രവർത്തനങ്ങളെല്ലാം കുട്ടികളുടെ തനതായ വികാസത്തെ പോസിറ്റീവായ രീതിയിൽ സ്വാധീനിച്ചിരുന്നു എന്നത് വസ്തുതയാണ്. ഇന്ന് ഒരു വഴിയിലൂടെ നടന്നുപോകുമ്പോൾ തലതാഴ്ത്തിക്കൊണ്ട് തന്റെയും തന്റെ ഫോണിന്റെയും മാത്രം ലോകത്തിലേക്ക് ചുരുങ്ങിപ്പോകുന്ന കുട്ടികൾക്ക് അയൽവാസികളെയോ നാട്ടുകാരെയോ കൂട്ടായ്മകളെയോ കളിയിടങ്ങളെയോ ഒന്നും പരിചയമില്ല എന്നത് വെല്ലുവിളി ഉയർത്തുന്നുണ്ട്. സാമൂഹികമായി കണക്റ്റഡായിരിക്കാൻ കുട്ടികൾ ആഗ്രഹിക്കുന്നുമില്ല. എന്നാൽ ആദർശശുദ്ധിയും നിലപാടുകളുമുള്ള നിരവധി കുട്ടികൾ നമുക്കിടയിൽ ഇപ്പോഴുമുണ്ട്. ഈ ചർച്ചകൾക്കിടയിൽ അവർ അസ്പൃശ്യരായി പോകുന്നു.

കളിയിടങ്ങളിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കുകയും, പാടങ്ങളിലും കുളങ്ങളിലും കളിച്ചു മറിയുകയും, ബാലസംഘങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കുകയും, രക്ഷിതാക്കളോടൊപ്പം പരിപാടികൾക്ക് പോവുകയുമൊക്കെ ചെയ്തിരുന്ന കുട്ടികളിൽനിന്ന് പുതുതലമുറയിലെ കുട്ടികൾ ഏറെ മാറിയിരിക്കുന്നു.
കളിയിടങ്ങളിൽ ഫുട്ബോളും ക്രിക്കറ്റും കളിക്കുകയും, പാടങ്ങളിലും കുളങ്ങളിലും കളിച്ചു മറിയുകയും, ബാലസംഘങ്ങളിലും കൂട്ടായ്മകളിലും പങ്കെടുക്കുകയും, രക്ഷിതാക്കളോടൊപ്പം പരിപാടികൾക്ക് പോവുകയുമൊക്കെ ചെയ്തിരുന്ന കുട്ടികളിൽനിന്ന് പുതുതലമുറയിലെ കുട്ടികൾ ഏറെ മാറിയിരിക്കുന്നു.

ഒരു സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന പ്രശ്നമായി കുട്ടികളുടെ സ്വഭാവമാറ്റത്തെയും വൈകല്യങ്ങളെയും കാണേണ്ടിവരും. വർത്തമാനകാലത്ത് പുതിയ തലമുറയെ പറ്റി കേൾക്കുന്ന വാർത്തകളൊന്നും ശുഭപ്രതീക്ഷ നൽകുന്നതല്ല. ഒപ്പമുള്ളവരെ പരിഗണിക്കാനോ സ്നേഹിക്കാനോ സഹായിക്കാനോ സാധിക്കാത്ത വണ്ണം കുട്ടികളുടെ മനസ്സ് വികൃതമായിക്കൊണ്ടിരിക്കുന്നു എന്നത് വളരെ ഗൗരവകരമായി ചർച്ച ചെയ്യേണ്ടതാണ്.

ഈയടുത്ത് ടീച്ചർമാരും രക്ഷിതാക്കളും പറഞ്ഞുകേട്ട ചില പരാതികളും അല്ലാതെ കേട്ട ചില വാർത്തകളും പങ്കുവെക്കാം.

  • ടീച്ചറുടെ ഹെൽമെറ്റെടുത്ത് കാട്ടിലേക്ക് വലിച്ചെറിയുന്നു.

  • മാനസിക പീഡനം നടത്തി എന്ന് കത്തെഴുതി വെച്ചുപോകുമെന്ന് ഭീഷണിപ്പെടുത്തി ടീച്ചറെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നു.

  • ഇൻസ്റ്റഗ്രാം ലൈക്ക് കൂടിയതിന് ഗ്രൂപ്പുകളായി തിരിഞ്ഞ് അടിയുണ്ടാക്കുന്നു.

  • അമ്മയെയും അച്ഛനെയും തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും കൊല്ലുകയും ചെയ്യുന്നു.

  • കൂടെയുള്ളവരെ റാഗ് ചെയ്ത് സന്തോഷിക്കുന്നു.

  • വളരെ മോശം രീതിയിൽ ആളുകളോട് സംസാരിക്കുകയും അവരെ വെറുപ്പിക്കുകയും ചെയ്യുന്നു.

  • ഒട്ടും ആരോഗ്യകരമല്ലാത്ത സംഭാഷണങ്ങളും തമാശകളും പറഞ്ഞ് സ്വയം ആനന്ദിക്കുകയും മറ്റുള്ളവരെ അസുഖകരമായ അവസ്ഥയിലാക്കുകയും ചെയ്യുന്നു.

  • കലാലയങ്ങളിലെ പൊതുമുതലുകൾ നശിപ്പിക്കപ്പെടുന്നു.

ഒരു തലമുറയിലെ ഭൂരിഭാഗം കുട്ടികൾക്കും എംപതി പോയിട്ട് സിംപതി പോലും കാണിക്കാൻ സാധിക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. ആരെയും പേടിയില്ലെന്നും, ഞങ്ങളിൽ യാതൊരു തെറ്റുമില്ല എന്നും വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം കുട്ടികൾ നമുക്കിടയിൽ വളർന്നുവരുന്നു. അധ്യാപകരും രക്ഷിതാക്കളും പരസ്പരം പഴിചാരുന്നത് കേൾക്കാമെന്നല്ലാതെ എന്താണ് നടക്കുന്നതെന്നോ എന്തിലേക്കാണ് ഇതെത്തിനിൽക്കാൻ പോകുന്നതെന്നോ ചിന്തിക്കുന്നില്ല.

ജീവിതത്തെ ഏറ്റവും അപക്വമായി, യാതൊരു ലക്ഷ്യവുമില്ലാതെയാണ് കുട്ടികൾ നോക്കിക്കാണുന്നത്. പഠിക്കണമെന്നോ ജോലി ചെയ്യണമെന്നോ എന്തായിത്തീരണമെന്നോ പോലും പല കുട്ടികൾക്കും ധാരണയില്ല. അല്ലെങ്കിൽ അവർ അത്തരം കാര്യങ്ങളെ കെയർ ചെയ്യുന്നില്ല. 'I don't care' മനോഭാവമാണ് കുട്ടികളോട് സംസാരിക്കുമ്പോൾ മനസ്സിലാകുന്നത്. ഇനിയൊന്നുമില്ലെങ്കിലും തന്റെ ഒപ്പമുള്ളവരെ പരിഗണിക്കാൻ പോലുമാകാത്ത അവസ്ഥയിലേക്ക് കുട്ടികൾ മാറുമ്പോൾ ആരെ കുറ്റക്കാരാക്കണം?

കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ്ങിൽ നിന്നുള്ള ദൃശ്യം, പ്രതികൾ തന്നെ പകർത്തിയത്.
കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നടന്ന റാഗിങ്ങിൽ നിന്നുള്ള ദൃശ്യം, പ്രതികൾ തന്നെ പകർത്തിയത്.

കൗൺസിലിങ്ങിനിടയിൽ ഒരു കുട്ടി പറഞ്ഞ കാര്യം കേട്ട് എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയിട്ടുണ്ട്; ക്ലാസിലുള്ളവരെ കൊല്ലാൻ തോന്നുന്നുണ്ടെന്നാണ് അവൻ എന്നോട് പറഞ്ഞത്. അതിന് ചില സിനിമകളിലെ രീതികളും പറഞ്ഞു തരുന്നുണ്ട്. എത്ര സിമ്പിളായി, ഒട്ടും മടിക്കാതെ അവൻ എന്നോട് കാര്യം പറഞ്ഞുവെന്നത് ചെറിയ പേടിയല്ല എന്നിലുണ്ടാക്കിയത്. ഉടനെ രക്ഷിതാക്കളെ വിളിച്ച് കുട്ടിയെ കൃത്യമായ കൗൺസിലിങ്ങിനും ട്രീറ്റ്മെന്റിനും വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്തുചെയ്താലും തങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന പൊതുബോധം കുട്ടികളിൽ വ്യാപകമായി സൃഷ്ടിക്കപ്പെടുന്നുണ്ട്.

തന്റെ ടീച്ചറെയോ രക്ഷിതാക്കളെയോ അടിക്കാനോ, കൊല്ലാനോ പോലും മടിയില്ലാത്ത രീതിയിലേക്ക് കുട്ടികൾ മാറുമ്പോൾ, തങ്ങൾ വിചാരിക്കുന്നതു മാത്രമാണ് ശരിയെന്നും, അതിനെതിരെ പറയുന്നവരെ അനുസരിക്കേണ്ടതില്ലെന്നും, അവരെ പാഠം പഠിപ്പിക്കാൻ തങ്ങൾക്ക് മടിയില്ലെന്നും അതിനുപുറത്ത് ആളുണ്ടെന്നുമുളള രീതിയിൽ കുട്ടികൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, സമൂഹത്തിൽ പടർന്നുകയറുന്ന കുട്ടികളിലെ സ്വഭാവവൈകൃതങ്ങളെയും കാരണങ്ങളെയും പറ്റി ഒന്നിരുന്ന് ചിന്തിക്കേണ്ടതുണ്ട്.

കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന ധാർഷ്ട്യവും ദേഷ്യവും ആരെയും കൂസാത്ത മനോഭാവവും ആക്രമണാത്മകതയുമെല്ലാം സീരിയസായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അല്ലെങ്കിൽ ഇവ വരുത്തിവയ്ക്കുന്ന പരിണിതഫലങ്ങൾ കുടുംബത്തെയും സുഹൃത്തുക്കളെയും സമൂഹത്തെയും വലിയ രീതിയിൽ ബാധിക്കും എന്നതിൽ തർക്കമില്ല.

എന്തുചെയ്താലും തങ്ങൾക്ക് നിയമപരിരക്ഷ ലഭിക്കുമെന്ന പൊതുബോധം കുട്ടികളിൽ വ്യാപകമായി സൃഷ്ടിക്കപ്പെടുന്നുണ്ട്. അവകാശങ്ങൾ എല്ലാ കാലത്തും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അവകാശങ്ങളെ പറ്റിയുള്ള കൃത്യമായ ധാരണയില്ലാത്തതും അവയെ ദുരുപയോഗം ചെയ്യുന്നതും വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ബാലാവകാശ കമ്മീഷനെപ്പോലുള്ള സംവിധാനങ്ങൾ ഗൗരവകരമായ പുനർവിചിന്തനത്തിന് തയ്യാറാകേണ്ടതുണ്ട്.

കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന ധാർഷ്ട്യവും ദേഷ്യവും ആരെയും കൂസാത്ത മനോഭാവവും ആക്രമണാത്മകതയുമെല്ലാം സീരിയസായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.
കുട്ടികളുടെ സ്വഭാവത്തിലുണ്ടാകുന്ന ധാർഷ്ട്യവും ദേഷ്യവും ആരെയും കൂസാത്ത മനോഭാവവും ആക്രമണാത്മകതയുമെല്ലാം സീരിയസായി തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ട്.

അക്രമത്തെ പ്രണയിക്കുന്ന കുട്ടികൾ

ദിവസം കഴിയുംതോറും കുട്ടികൾക്കിടയിലെ വയലൻസ് കൂടി വരുന്നതായി വർത്തമാനകാല സംഭവങ്ങൾ തെളിയിക്കുന്നു. സഹപാഠിയെ കൂട്ടംചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താനും പീഡിപ്പിച്ച് ആനന്ദിക്കാനും അതിലൊന്നും യാതൊരു കുറ്റബോധവും ഇല്ലാതിരിക്കാനുമുള്ള അവസ്ഥയിലേക്ക് മാറുന്ന കുട്ടികളുടെ മാനസികാവസ്ഥയിൽ വരുന്ന മാറ്റങ്ങളെ വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്.

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന്, ക്രൂരമായ മർദ്ദനത്തിൽ വിദ്യാർത്ഥി മരിച്ച സംഭവം നോക്കുക. തങ്ങൾക്കൊപ്പമുള്ള ഒരാളെ കൊല്ലാനും അതിൽ യാതൊരു കുറ്റബോധവും ഇല്ലാതിരിക്കാനും സാധിക്കുന്ന അവസ്ഥയിലേക്ക് കുട്ടികൾ മാറുകയാണ്. പ്രതിസ്ഥാനത്തുള്ള കുട്ടികൾ തമ്മിൽ നടന്ന ചാറ്റ് പുറത്തുവന്നിരുന്നു. ഒരുതരം പ്ലാനിങ്ങോടെ ചെറിയ പ്രായത്തിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനാകുന്നു എന്നത് ആശങ്കയുളവാക്കുന്നതാണ്. വ്യാപകമായി ആന്റി സോഷ്യൽ പേഴ്സണാലിറ്റിയുടെ (anti social personality) ലക്ഷണങ്ങൾ കുട്ടികൾ പ്രകടമാക്കുന്നു. ചെറിയ പ്രായത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുമ്പോൾ കൃത്യമായ ശാസ്ത്രീയരീതികൾ അവലംബിക്കേണ്ടത് അത്യാവശ്യമാണ്.

പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന ദാരുണ സംഭവവും നഴ്സിംഗ് കോളേജിലെ സംഭവവും ഉയർന്ന വിദ്യാഭ്യാസമൂല്യം ഉണ്ടാവേണ്ട കുട്ടികളിൽ നിന്നാണ് ഉടലെടുക്കുന്നത് എന്നത് പേടിയോടെ വേണം നോക്കിക്കാണാൻ.

ഒരുകാലത്ത് കുട്ടികൾക്ക് ലഭ്യമല്ലാതിരുന്നതും ഇന്ന് യഥേഷ്ടം ലഭ്യമായതുമായ മൊബൈൽ ഫോണും, അതിൽനിന്ന് ലഭിക്കുന്ന കണ്ടൻറുകളും കുട്ടികളുടെ ചിന്തയെയും പ്രവൃത്തികളെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. കളിയിടങ്ങളിൽ ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് കായികമായും മാനസികമായും സാമൂഹ്യമായുമെല്ലാം ഉല്ലാസം ലഭിച്ചിരുന്നു. ഇന്ന് ആ ഉല്ലാസത്തിന്റെ കേന്ദ്രം മാറുന്നത് അവരുടെ ചിന്തയെയും ബുദ്ധിവികാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. വലിയ രീതിയിൽ വയലൻസ് കണ്ടൻറുകളുമായും ഗെയിമുകളുമായുമുള്ള സമ്പർക്കം കുട്ടികളിൽ അക്രമ വാസന വളർത്താൻ ഇടയാക്കുന്നുണ്ട്.

സഹപാഠിയുടെ കയ്യും കാലും കെട്ടി കോമ്പസ് കൊണ്ട് കുത്താനും, ആസൂത്രിതമായി റാഗ് ചെയ്തു ഇല്ലാതാക്കാനും, ബുള്ളീയിങ്ങിലൂടെ ആനന്ദം കണ്ടെത്താനും നമ്മുടെ കുട്ടികൾക്ക് സാധിക്കുന്നു. പൂക്കോട് വെറ്ററിനറി കോളേജിൽ നടന്ന ദാരുണ സംഭവവും നഴ്സിംഗ് കോളേജിലെ സംഭവവും ഉയർന്ന വിദ്യാഭ്യാസമൂല്യം ഉണ്ടാവേണ്ട കുട്ടികളിൽ നിന്നാണ് ഉടലെടുക്കുന്നത് എന്നത് പേടിയോടെ വേണം നോക്കിക്കാണാൻ.

കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്.
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥികൾ നടത്തിയ വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട്.

ഗാന്ധിജി വിദ്യാഭ്യാസത്തെപ്പറ്റി നിർവചിച്ചത് ഇവിടെ സ്മരണീയമാണ്: ‘‘കുട്ടികളിലും മുതിർന്നവരിലും ഉള്ള ആത്മീയവും ശാരീരികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം".
എന്നാൽ ആ അർത്ഥത്തിൽ അത് സാധ്യമാക്കപ്പെടുന്നുണ്ടോ?

ബോബോ ഡോൾ എക്സ്പിരിമെന്റ്
(BOB0 doll experiment)

ആൽബർട്ട് ബന്ദുര (Albert Bandura) ഒബ്സർവേഷണൽ ലേണിംഗ് (Observational Learning ) എന്ന ആശയത്തിലെത്തിച്ചേരാൻ കാരണമായ പരീക്ഷണമാണ് ബോബോ ഡോൾ എക്സ്പിരിമെന്റ്. മറ്റുള്ളവർ ചെയ്യുന്ന കാര്യങ്ങൾ കുട്ടികൾ നിരീക്ഷിക്കുകയും അതുവഴി ആ സ്വഭാവങ്ങൾ പഠിക്കുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ തത്വം. ഇവിടെ മോഡലുകൾ ഉണ്ടാകുന്നു. അവ പോസിറ്റീവോ നെഗറ്റീവോ ആകാം. അമ്മ, അച്ഛൻ, സിനിമാതാരങ്ങൾ, കായികതാരങ്ങൾ, യൂട്യൂബേർസ്, ഗെയിമേർസ്, വ്ലോഗേഴ്സ് തുടങ്ങി കുട്ടികളുടെ താൽപര്യങ്ങൾക്കനുസരിച്ച് മോഡലുകൾ മാറുന്നു. ഇത്തരം മോഡലുകൾക്ക് കുട്ടികളുടെ വ്യക്തിത്വവികാസത്തിൽ പലതും ചെയ്യാൻ സാധിക്കും.

നമ്മുടെ വികാരങ്ങളെ ഉത്തേജിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ടെങ്കിൽ വയലൻസും നമ്മളെ ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമാക്കേണ്ടത്. അങ്ങനെയാണെങ്കിൽ എല്ലാ തരം സിനിമകളെയും അത്ര ലാഘവത്തോടെ സിനിമയായി മാത്രം കൈകാര്യം ചെയ്യാനാവില്ല.

ഒരുകൂട്ടം കുട്ടികൾക്കു മുന്നിൽ ബോബോ എന്നു പേരായ ഒരു പാവയെ ഒരാൾ ഉപദ്രവിക്കുന്നത് കാണിക്കുന്നു. ശക്തമായി അടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു. ശേഷം കുട്ടികളെ നിരീക്ഷിക്കുമ്പോൾ, അവരുടെ മുറിയിലുണ്ടായിരുന്ന പാവകളെയും അവർ സമാനരീതിയിൽ ഉപദ്രവിക്കുന്നതായി ബന്ദുര നിരീക്ഷിക്കുന്നു. ഈ നിഗമനങ്ങളിൽ നിന്ന്, കുട്ടികൾ ദേഷ്യവും (aggression) അക്രമാസക്തതയും (violence) മറ്റു സാമൂഹ്യ സ്വഭാവങ്ങളുമെല്ലാം (Social Behaviours) മറ്റുള്ളവരെ നിരീക്ഷിച്ചു പഠിക്കുന്നു എന്ന് അദ്ദേഹം കണ്ടെത്തി. അക്രമാസക്തമായ സ്വഭാവങ്ങൾ, ഇത്തരത്തിൽ പഠിക്കുന്ന സാഹചര്യമുണ്ടാകുമ്പോൾ, സിനിമയിലും മറ്റു മീഡിയകളിലും ഉൾചേർക്കുന്ന അതിക്രൂരമായ ഹിംസാത്മകത വലിയൊരു സ്വാധീനം തന്നെ സമൂഹത്തിലുണ്ടാക്കുന്നുണ്ട്. അത്തരമൊരു ഒരു അപകടസാധ്യതയെ അത്രയങ്ങ് ലഘൂകരിച്ച് കാണാനാവില്ല. അത്തരത്തിൽ നോക്കുമ്പോൾ വയലന്റ് സിനിമകളിലെ ആശയങ്ങളും അഗ്രസ്സീവ് നായകരായ മോഡലുകളും നൽകുന്ന സന്ദേശം കുട്ടികൾ എങ്ങനെ സ്വീകരിക്കുന്നു എന്നത് പ്രധാന വിഷയമാണ്. വയലൻസ് പ്രമോട്ട് ചെയ്യുന്ന ഗെയിമുകളിൽ ജയിക്കാനും റിവാർഡുകൾ കിട്ടുന്നതിനും സാങ്കല്പിക കഥാപാത്രങ്ങളെ കൊന്നുല്ലസിക്കുന്ന കുട്ടികൾ യഥാർത്ഥ ജീവിതത്തിൽ അവർക്കെതിരെ വരുന്നവരെ ഇല്ലാതാക്കില്ലെന്ന് എന്തുറപ്പ് നൽകാൻ സാധിക്കും.

‘സിനിമയല്ലേ അതിനെ അങ്ങനെ കണ്ടാൽ പോരേ' എന്ന് ചിലർ ചോദിക്കാറുണ്ട്. സിനിമ വെറും വിനോദോപാധി മാത്രമല്ല. സിനിമകൾ കണ്ട് കരയുകയും ചിരിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ദേഷ്യപ്പെടുകയും ചെയ്യുന്നവരാണ് പലരും. ഇത്തരത്തിൽ നമ്മുടെ വികാരങ്ങളെ ഉത്തേജിപ്പിക്കാൻ സിനിമയ്ക്ക് സാധിക്കുന്നുണ്ടെങ്കിൽ വയലൻസും നമ്മളെ ബാധിക്കുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമാക്കേണ്ടത്. അങ്ങനെയാണെങ്കിൽ എല്ലാ തരം സിനിമകളെയും അത്ര ലാഘവത്തോടെ സിനിമയായി മാത്രം കൈകാര്യം ചെയ്യാനാവില്ല.

കുട്ടികൾ ദേഷ്യവും അക്രമാസക്തതയും മറ്റു സാമൂഹ്യ സ്വഭാവങ്ങളുമെല്ലാം മറ്റുള്ളവരെ നിരീക്ഷിച്ചു പഠിക്കുന്നു എന്ന് ആൽബർട്ട് ബന്ദുര കണ്ടെത്തി.
കുട്ടികൾ ദേഷ്യവും അക്രമാസക്തതയും മറ്റു സാമൂഹ്യ സ്വഭാവങ്ങളുമെല്ലാം മറ്റുള്ളവരെ നിരീക്ഷിച്ചു പഠിക്കുന്നു എന്ന് ആൽബർട്ട് ബന്ദുര കണ്ടെത്തി.

സൈക്കോളജിയിൽ സ്കീമ (Schema) എന്നൊരു സംവിധാനമുണ്ട്. ജീൻ പിയാഷെ (Jean Piaget) തന്റെ കൊഗ്നിറ്റീവ് ഡെവലപ്മെൻറ് തിയറിയിൽ (cognitive development theory) സ്കീമയെ കൃത്യമായി വിശദീകരിക്കുന്നുണ്ട്. വിവരങ്ങളെയും കാര്യങ്ങളെയും അവയുടെ ബന്ധങ്ങളെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ചിന്തയുടെയോ പെരുമാറ്റത്തിന്റെയോ ഒരു സംവിധാനമായി സ്കീമയെ കണക്കാക്കാം. ചില കാര്യങ്ങളുടെ മാനസികഘടന അഥവാ ചട്ടക്കൂട് എന്ന് ചുരുക്കി പറയാം. കുട്ടികളിൽ ഇത്തരം സ്കീമകളുണ്ടാകുന്നത് അവരുടെ പിന്നീടുള്ള വിവരശേഖരണത്തെയും അറിവിനെയും സ്വാധീനിക്കുന്നുണ്ട്. വയലന്റ് മീഡിയകളും ആശയങ്ങളും കാണുന്ന കുട്ടികളിൽ അത്തരം ആക്രമണാത്മക സ്വാധീനമുണ്ടാക്കുന്ന സ്കീമ രൂപപ്പെടാൻ സാധ്യത ഏറെയാണ്. ഇത് അവരുടെ സ്വഭാവരൂപീകരണത്തെ വലിയ തോതിൽ സ്വാധീനിക്കാനിടയുണ്ട്.

‘ഡേ ഇൻ മൈ ലൈഫി’ൽ ഒതുങ്ങുന്നവർ

ആഡംബരത്തിന്റെയും ഷോ ഓഫ് കൾച്ചറിന്റെയും പിറകെയാണ് പുതുതലമുറയിലെ ഒരു വിഭാഗം. വിവിധ മേഖലകളിൽ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസേഴ്സ് ഉണ്ടാക്കിയെടുക്കുന്ന ഇമേജിൽ പലരും വീണുപോകാറുണ്ട്. ഒരു ക്യാപിറ്റലിസ്റ്റ് ഫാൻ്റസി നിർമ്മിച്ചെടുക്കുകയും അത് പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നതുവഴി ഇത്തരം ഫാൻറസി ജീവിതങ്ങൾ ഒരു സാധാരണ ജീവിതശൈലിയായി മാറുന്നു. എന്തുചെയ്‌തും പണമുണ്ടാക്കാനും ഇത്തരം ബ്രാൻഡുകൾക്കും ഫാന്റസികൾക്കും പിറകെ പായാനും ഒരു തലമുറ തയ്യാറാകുമ്പോൾ ഇത് ബാധിക്കുന്നത് മനുഷ്യന്റെ ശരാശരി ജീവിതത്തെയാണ്. ജീവിതത്തിൽ ആവശ്യമായ പണം ലഭിക്കാൻ സ്വന്തം വീട്ടുകാരെ ഉപദ്രവിക്കുന്നതിലേക്കും എന്തു മാർഗ്ഗം സ്വീകരിക്കുന്നതിലേക്കും കുട്ടികൾ തയ്യാറാകുന്നു എന്നത് വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കുട്ടികളെ വ്യക്തികളായി കാണണമെന്നും രക്ഷിതാക്കളുടെ ശരികളിലും ചട്ടക്കൂടിലും കുട്ടികളെ വളർത്തുന്നതല്ല പാരന്റിങ് എന്നും കൗൺസിലിംഗ് സെഷനുകളിലും ക്ലാസുകളിലും ഞാൻ പറയാറുണ്ട്. ഓരോ കാലഘട്ടത്തിലും കുട്ടികൾക്കനുസരിച്ച് പാരന്റിങ്ങിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.

സിനിമകളും കൊറിയൻ ട്രെൻഡുകളും സോഷ്യൽ മീഡിയാ താരങ്ങളും തീർക്കുന്ന ഒരു കുമിളക്കകത്ത് അകപ്പെട്ടിരിക്കുകയാണ് പുതിയ തലമുറ. അവർ സൃഷ്ടിച്ച ആഡംബരത്തിന്റെ കുമിളക്കപ്പുറം വിശാല ലോകമുണ്ടെന്ന തിരിച്ചറിവിലേക്ക് കുട്ടികളെത്തേണ്ടത് അനിവാര്യതയാണ്. ആ ലോകത്തിലേക്ക് ഇറങ്ങിവരാൻ സാധിക്കുമ്പോൾ മാത്രമേ ചുറ്റുമുള്ള മനുഷ്യരെ ഉപാധികളില്ലാതെ സ്നേഹിക്കാൻ കുട്ടികൾക്കാവൂ.

റിച്ചാർഡ് ഡോക്കിൻസ് (Richard Dawkins) മുന്നോട്ടുവെച്ച കിൻ സെലക്ഷൻ തിയറി (Kin Selection Theory) പ്രോ സോഷ്യൽ ബിഹേവിയറുമായി (Prosocial Behaviour) ബന്ധപ്പെട്ടിരിക്കുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത ഒരാളെ സഹായിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അതിന് അൾട്രുയിസം (Altruism) എന്ന് വിളിക്കാം. ആളുകൾ ഏറ്റവും കൂടുതൽ അൾട്രൂയിസം കാണിക്കുന്നത് അവരുടെ കുടുംബത്തിന്റെ അടുത്തായിരിക്കും (അച്ഛൻ, അമ്മ മക്കൾ) എന്നതാണ് ഡോക്കിൻസ് തിയറിയിൽ പറഞ്ഞുവെക്കുന്നത്. പക്ഷേ വർത്തമാനകാലത്തെ സംഭവങ്ങൾ ഇതിനെയെല്ലാം കാറ്റിൽ പറത്തുന്നതാണ്. അച്ഛനെയും അമ്മയെയും ഉപദ്രവിക്കാനും കൊല്ലാനും മടിക്കാത്ത രീതിയിലേക്ക് കുട്ടികൾ മാറുമ്പോൾ അവരിലേക്ക് ജീവിതമൂല്യങ്ങൾ പകരുക എന്നത് ശ്രമകരമായി മാറുന്നു.

ലഹരിയേ ജീവിതം

കേരളം ലഹരിയിൽ മുങ്ങുന്നു എന്നാണ് നിരന്തരം കേട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിൽ ലഹരിക്കെതിരെ മുമ്പും ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ പറ്റി കേട്ടു. കേരളത്തിൽ വിമുക്തി മിഷന്റെ പ്രവർത്തനം സജീവമാണെണ്ടെങ്കിലും ലഹരി മാഫിയയുടെ പ്രവർത്തനം അതിലേറെ വ്യാപകമാകുന്നുണ്ട്. ലഹരിയുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ഒരു ജനകീയ ശ്രമം ഉണ്ടാകേണ്ടതുണ്ട്.

റിച്ചാർഡ് ഡോക്കിൻസ് (Richard Dawkins) മുന്നോട്ടുവെച്ച കിൻ സെലക്ഷൻ തിയറി (Kin Selection Theory) പ്രോ സോഷ്യൽ ബിഹേവിയറുമായി (Prosocial Behaviour) ബന്ധപ്പെട്ടിരിക്കുന്നു.
റിച്ചാർഡ് ഡോക്കിൻസ് (Richard Dawkins) മുന്നോട്ടുവെച്ച കിൻ സെലക്ഷൻ തിയറി (Kin Selection Theory) പ്രോ സോഷ്യൽ ബിഹേവിയറുമായി (Prosocial Behaviour) ബന്ധപ്പെട്ടിരിക്കുന്നു.

ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാൻ തോന്നുന്നു എന്നതാണ് ലഹരികൾ ഉണ്ടാക്കുന്ന വലിയ പ്രശ്നം. വീടുകളിലെ പ്രശ്നങ്ങളോ സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങളോ അതുമല്ലെങ്കിൽ ഉപയോഗിക്കണമെന്ന ക്യൂരിയോസിറ്റിയോ ആകാം കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. കാരണമെന്തായാലും പിന്നീട് ഇതിൽനിന്ന് പുറത്തു കടക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. ലഹരി ഉപയോഗം ക്രമേണ അഡിക്ഷനിലേക്കും അത് വലിയ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. അക്രമാസക്തരാവുകയും മാനസികരോഗികളാവുകയും സാമൂഹ്യ ജീവിതത്തിൽ നിന്ന് ബഹിഷ്കൃതരാക്കപ്പെടുകയും ചെയ്യുന്നു. കൃത്യമായ റിഹാബിലിറ്റേഷൻ ഇല്ലാത്ത പക്ഷം ലഹരിയുടെ ഉപയോഗം സമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്.

രക്ഷിതാക്കളെന്ത് ചെയ്യുന്നു?

മിക്ക സന്ദർഭങ്ങളിലും കുട്ടികളെ വ്യക്തികളായി കാണണമെന്നും രക്ഷിതാക്കളുടെ ശരികളിലും ചട്ടക്കൂടിലും കുട്ടികളെ വളർത്തുന്നതല്ല പാരന്റിങ് എന്നും കൗൺസിലിംഗ് സെഷനുകളിലും ക്ലാസുകളിലും ഞാൻ പറയാറുണ്ട്. ഓരോ കാലഘട്ടത്തിലും കുട്ടികൾക്കനുസരിച്ച് പാരന്റിങ്ങിലും മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. അതുകൊണ്ടാണ് പഠിച്ചെടുക്കാൻ സാധിക്കുന്നതാണ് പാരന്റിങ് എന്ന് പറയാറ്.

തങ്ങൾക്കൊപ്പമിരിക്കാനോ പ്രശ്നങ്ങൾ കേൾക്കാനോ സമയമില്ലാത്ത കുടുംബങ്ങളിലാണ് പല കുട്ടികളും ജീവിക്കുന്നത്. തുറന്ന സംഭാഷണങ്ങളും അഭിപ്രായങ്ങളും നിലപാടുകളും മുന്നോട്ടുവയ്ക്കാൻ സാധിക്കാത്ത കുടുംബാന്തരീക്ഷമാണ് പലയിടത്തും.

കൗൺസിലിങ്ങിനിടയിൽ ചിലപ്പോൾ രക്ഷിതാക്കളെ കൊണ്ടുവരാൻ ആവശ്യപ്പെടാറുണ്ട്. കുട്ടികളുടെ ഫോൺ ദുരുപയോത്തെയും അതുണ്ടാക്കുന്ന സ്വഭാവവൈകൃതങ്ങളെയും പറ്റി പറയുമ്പോൾ; വീട്ടിൽ നല്ല കുട്ടിയാണ്, ആർക്കും പരാതിയില്ല, കൗൺസിലിങ് കൊടുക്കേണ്ട ആവശ്യം എന്താണ് എന്നാണ് പല രക്ഷിതാക്കളും ചോദിക്കാറ്. ഒന്നിച്ചിരുന്ന്, കുട്ടിയുടെ തെറ്റും അത് വരുത്തിവെച്ച ബുദ്ധിമുട്ടും എന്താണെന്നുപോലും ചിന്തിക്കാൻ കൂട്ടാക്കാതെ, തെറ്റുകളെ ന്യായീകരിച്ച് വലിയ പ്രശ്നങ്ങളിലേക്ക് രക്ഷിതാക്കൾ കുട്ടികളെ തള്ളി വിടാറുണ്ട്. എന്തു ചെയ്താലും ചില രക്ഷിതാക്കളെങ്കിലും കുട്ടികളെ ന്യായീകരിക്കുന്നതായും കാണാറുണ്ട്. സിനിമയിലെ ‘തഗ് രക്ഷിതാക്കൾ’ യഥാർത്ഥ ജീവിതത്തിലെത്തുമ്പോൾ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം ചെറുതല്ല.

കുടുംബത്തിന്റെ ജനാധിപത്യം

തങ്ങൾക്കൊപ്പമിരിക്കാനോ പ്രശ്നങ്ങൾ കേൾക്കാനോ സമയമില്ലാത്ത കുടുംബങ്ങളിലാണ് പല കുട്ടികളും ജീവിക്കുന്നത്. തുറന്ന സംഭാഷണങ്ങളും അഭിപ്രായങ്ങളും നിലപാടുകളും മുന്നോട്ടുവയ്ക്കാൻ സാധിക്കാത്ത കുടുംബാന്തരീക്ഷമാണ് പലയിടത്തും. കുട്ടികളെ കൂടുതലായി കേൾക്കാൻ സന്നദ്ധമാകുന്ന രക്ഷിതാക്കളായി നാം മാറേണ്ടതുണ്ട്. കുട്ടികൾക്കൊപ്പമിരുന്ന് അവരുടെയും നമ്മുടെയും ജീവിതത്തെ അടയാളപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഇത്തരം വിനിമയങ്ങളിലാണ് പലപ്പോഴും ജീവിതമൂല്യങ്ങളും നല്ല ഗുണങ്ങളും കുട്ടികൾ പഠിക്കുന്നത്. ഒരിടത്ത് പിടിച്ചിരുത്തി, ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങൾ പറഞ്ഞു പഠിപ്പിക്കുക എന്നതല്ല ആരോഗ്യകരമായ രീതി. വളരെ ഡയനാമിക് ആയ പ്രക്രിയയാണ് കുടുംബങ്ങളിൽ നടക്കേണ്ടത്. കൃത്യമായ ജനാധിപത്യ രീതി അവലംബിച്ച് മുന്നോട്ടുപോകുന്ന കുടുംബങ്ങളിൽ നിന്നാണ് കുട്ടികൾ എംപതി എന്താണെന്നും ഒരാളോട് എങ്ങനെ ആശയവിനിമയം നടത്തണമെന്നും ഒരാളുടെ ബൗണ്ടറികളെ എങ്ങനെ ബഹുമാനിക്കണം എന്നും പഠിക്കുന്നത്. പലപ്പോഴും ഓട്ടോക്രാറ്റിക്കായ ഒരു ലീഡർ തന്റെ കുടുംബാംഗങ്ങളെ അനുസരിപ്പിക്കുന്ന രീതി ഇന്നത്തെ കുട്ടികളിൽ ഒരു വികാസവും സാധ്യമാക്കില്ല എന്നത് തിരിച്ചറിയുക പ്രധാനമാണ്.

ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാൻ തോന്നുന്നു എന്നതാണ് ലഹരികൾ ഉണ്ടാക്കുന്ന വലിയ പ്രശ്നം. വീടുകളിലെ പ്രശ്നങ്ങളോ സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങളോ അതുമല്ലെങ്കിൽ ഉപയോഗിക്കണമെന്ന ക്യൂരിയോസിറ്റിയോ ആകാം കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.
ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ വീണ്ടും ഉപയോഗിക്കാൻ തോന്നുന്നു എന്നതാണ് ലഹരികൾ ഉണ്ടാക്കുന്ന വലിയ പ്രശ്നം. വീടുകളിലെ പ്രശ്നങ്ങളോ സുഹൃത്തുക്കളുമായുള്ള പ്രശ്നങ്ങളോ അതുമല്ലെങ്കിൽ ഉപയോഗിക്കണമെന്ന ക്യൂരിയോസിറ്റിയോ ആകാം കുട്ടികളെ ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്.

ആദ്യ കാലഘട്ടങ്ങൾ കുട്ടിയുടെ വ്യക്തിത്വ വികാസത്തിൽ എത്ര പ്രധാനമാണെന്ന് സിഗ്മണ്ട് ഫ്രോയിഡും (Sigmund Freud), എറിക് എറിക്സണും (Erik Erikson), ജീൻ പിയാഷേയുമെല്ലാം (Jean Piaget) പറഞ്ഞുവെക്കുന്നുണ്ട്. ഈ കാലഘട്ടത്തിൽ കുട്ടി അനുഭവിക്കുന്ന മാനസികാഘാതം അവരുടെ സ്വഭാവത്തെയും വ്യക്തിത്വത്തെയും നിർണയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ആരോഗ്യപരമായ അന്തരീക്ഷമൊരുക്കുക എന്നത് കുട്ടിയിൽ നല്ല വ്യക്തിത്വം രൂപപ്പെടുന്നതിന് സഹായിക്കുന്നു. അറ്റാച്ചുമെന്റ് എത്ര പ്രധാനമാണെന്ന് സൈക്കോളജിസ്റ്റായ ജോൺ ബോൾബി പറഞ്ഞുവെക്കുന്നുണ്ട്.

എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ആരോഗ്യപരമായ ചർച്ചകൾ നടത്തുകയും വിവേചനരഹിതമായി ഉത്തരവാദിത്തം നിറവേറ്റുകളും ചെയ്യുന്ന ജനാധിപത്യപരമായ ഒരു വീട്ടിൽനിന്നേ ഒരു കുട്ടിക്ക് സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ മൂല്യങ്ങളെന്തെന്ന് തിരിച്ചറിയാനാവൂ.

ഡിജിറ്റൽ അഡിക്ഷനും
വെർച്വൽ ഓട്ടിസവും

മനുഷ്യനൊരു സാമൂഹ്യ ജീവിയാണെന്നും അവർക്ക് മറ്റു മനുഷ്യരുമായി ബന്ധപ്പെടാതെ ജീവിക്കാനാകില്ലെന്നുമാണ് നാം പറഞ്ഞു പോരുന്നത്. എന്നാൽ ഫോണിൽ കൂടുതൽ സമയം ചെലവഴിക്കുന്ന പുതുതലമുറ ആരോടും സംസാരിക്കാനോ ചിരിക്കാനോ പോലും കഴിയാത്തവരായി മാറുന്നു എന്നത് ഭീതിയുണ്ടാക്കുന്നതാണ്. വെർച്ച്വൽ ഓട്ടിസം ( virtual Autism) എന്ന അവസ്ഥയിലേക്ക് വരെ കുട്ടികൾ എത്തിനിൽക്കുന്നു എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗത്തെ ചൂണ്ടിക്കാണിക്കുന്നു. സമൂഹത്തിൽനിന്ന് ഉൾവലിയുകയും ആളുകളുമായി ആശയവിനിമയത്തിലേർപ്പെടാൻ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നതും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കാതിരിക്കുന്നതും കുട്ടികളുടെ ബുദ്ധിവികാസത്തെ ശോഷിപ്പിക്കും. ഇതെല്ലാം വെർച്വൽ ഓട്ടിസത്തിന്റെ ലക്ഷണങ്ങളായി പറയാം. കൂടാതെ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ബ്രെയിൻ റോട്ടിനെയും (Brain rot) നിസാരവൽക്കരിച്ച് കാണാനാവില്ല.

ഡിജിറ്റൽ യുഗത്തിൽ സാങ്കേതിക വിദ്യകളുടെ സഹായമില്ലാതെ ജീവിക്കാൻ സാധിക്കില്ല. ജീവിതത്തിൻറെ സമസ്ത മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ആധുനിക സാങ്കേതിക വിദ്യകളുടെയും സ്വാധീനം ചെറുതല്ല. ഇത് ഒഴിവാക്കുന്നത് പ്രായോഗിമല്ല. ആരോഗ്യപരമായ രീതിയിൽ എങ്ങനെ ഇവയെ പ്രയോജനപ്പെടുത്താം എന്നതാണ് ചിന്തിക്കേണ്ടത്.

ഡിജിറ്റൽ അഡിക്ഷൻ കുട്ടികളിൽ വിഷാദരോഗത്തിനും ഉത്കണ്ഠാ രോഗങ്ങൾക്കും ഡെവലപ്മെന്റൽ ഡിസോഡറുകൾക്കും കാരണമാകുന്നുണ്ട്. കൃത്യമായ ഡിജിറ്റൽ ഡയറ്റ് ഏർപ്പെടുത്തി, അഡിക്ഷനിൽനിന്ന് കുട്ടികളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം വീടുകളിൽ നിന്ന് പ്രാഥമികമായി ഉണ്ടാവേണ്ടതുണ്ട്. സ്കൂൾ സിലബസിൽ കൃത്യമായി വായനയ്ക്കായി പിരീയഡുകൾ നീക്കിവെക്കേണ്ടതിന്റെ ആവശ്യകതയും വർദ്ധിച്ചുവരുന്നു. അത്തരം വായനകൾ കുട്ടികളുടെ ബുദ്ധിവികാസത്തെയും ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും ഭാഷയെയും മെച്ചപ്പെടുത്തുന്നു. നല്ല ആശയങ്ങളുള്ള പുസ്തകങ്ങളിൽ നിന്ന് കുട്ടികൾ നിരവധി മൂല്യങ്ങൾ പഠിക്കുന്നു.

സൗഹൃദ സംഘങ്ങൾ ഗ്യാങ്ങുകളായി മാറുന്നു. ഇത്തരത്തിൽ ഒരു ഗ്രൂപ്പിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി, ഒരു വയലൻ്റ് ഗ്രൂപ്പിന്റെ ഐഡൻറിറ്റി സ്വീകരിക്കുന്ന കുട്ടിയെ സംബന്ധിച്ച്, അവരിൽ മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാതാകുന്നു എന്നത് ഞെട്ടലോടെ വേണം നോക്കിക്കാണാൻ.

സ്റ്റാൻഡ്ഫോർഡ്
പ്രിസൺ എക്സ്പിരിമെൻ്റ്
(Stanford Prison Experiment)

സിമ്പാർഡോയും സഹപ്രവർത്തകരും (Zimbardo & colleagues) സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഒരു പരീക്ഷണം നടത്തി. ഒരു കൂട്ടം ആളുകളോട് ഒരു ജയിലിലെ കുറ്റവാളികളായും ഗാർഡുകളായും അഭിനയിക്കാനാവശ്യപ്പെടുന്നു. പരീക്ഷണം മുന്നോട്ടു പോകുന്തോറും വളരെ റിയലിസ്റ്റിക് ആകാൻ ആവശ്യപ്പെടുന്നുണ്ട്. ഗാർഡുമാരായി അഭിനയിക്കുന്നവർ ജയിലിലുള്ളവരെ ക്രൂരമായി ഉപദ്രവിക്കുന്നുണ്ട്. കുറ്റവാളികളായി അഭിനയിച്ചവർക്ക് ഇത് വലിയ മാനസികാഘാതമുണ്ടാക്കുകയും ഗാർഡുമാരെ കാണുമ്പോൾ തന്നെ പേടിക്കുകയും ചെയ്യുന്നു. ഇതുമൂലം പരീക്ഷണം കൃത്യമായി അവസാനിപ്പിക്കാൻ സിംബാർട്ടോക്ക് സാധിച്ചില്ല.

പക്ഷേ അദ്ദേഹം എത്തിച്ചേർന്ന നിഗമനം ഇതായിരുന്നു: ഒരു ഗ്രൂപ്പിന്റെ ഭാഗമായി മാറുമ്പോൾ ഒറ്റയ്ക്ക് ചെയ്യാത്ത പല കാര്യങ്ങളും ഒരു വ്യക്തി ചെയ്യുന്നു. ഗ്രൂപ്പിന്റെ ഐഡന്റിറ്റി അവരുടേതായി മാറുന്നു എന്നും ‘ഡി- ഇൻഡിവിജ്വൽസേഷൻ’ സംഭവിക്കുന്നു എന്നുമാണ് സിംബാർഡോയും സഹപ്രവർത്തകരും കണ്ടെത്തിയത്.

ഈയടുത്ത് കേട്ട വാർത്തകളിലെല്ലാം കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് വഴക്കുണ്ടാക്കുന്നതിന്റെയും തല്ലുന്നതിന്റെയും ഉപദ്രവിക്കുന്നതിന്റെയും വിവരങ്ങളാണുള്ളത്. സൗഹൃദ സംഘങ്ങൾ ഗ്യാങ്ങുകളായി മാറുന്നു. ഇത്തരത്തിൽ ഒരു ഗ്രൂപ്പിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്ടപ്പെടുത്തി, ഒരു വയലൻ്റ് ഗ്രൂപ്പിന്റെ ഐഡൻറിറ്റി സ്വീകരിക്കുന്ന കുട്ടിയെ സംബന്ധിച്ച്, അവരിൽ മനുഷ്യത്വത്തിന്റെ കണിക പോലും ഇല്ലാതാകുന്നു എന്നത് ഞെട്ടലോടെ വേണം നോക്കിക്കാണാൻ. അത്തരം സാമൂഹികാന്തരീക്ഷത്തിലേക്ക് കുട്ടികൾ മാറുമ്പോൾ, ഇതിനെതിരെ ജനകീയ ഇടപെടലാണുണ്ടാകേണ്ടത്.

വെർച്ച്വൽ ഓട്ടിസം എന്ന അവസ്ഥയിലേക്ക് വരെ കുട്ടികൾ എത്തിനിൽക്കുന്നു എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗത്തെ ചൂണ്ടിക്കാണിക്കുന്നു.
വെർച്ച്വൽ ഓട്ടിസം എന്ന അവസ്ഥയിലേക്ക് വരെ കുട്ടികൾ എത്തിനിൽക്കുന്നു എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗത്തെ ചൂണ്ടിക്കാണിക്കുന്നു.

ചൂരലോ സൗഹൃദമോ?

കുട്ടിയെ വ്യക്തിയായി പരിഗണിക്കണം എന്നത് രക്ഷിതാക്കളോട് മാത്രം പറയാനുള്ള കാര്യമല്ല. കാലഘട്ടങ്ങൾക്കനുസരിച്ച് കുട്ടികളുടെ സ്വഭാവ- ജീവിത രീതികളിൽ മാറ്റം സംഭവിക്കുമ്പോൾ പരമ്പരാഗത അധ്യാപന രീതികൾ പുനഃപരിശോധിക്കേണ്ടിവരും. ചൂരൽ കൊണ്ട് അടിച്ചതുമൂലം ‘നന്നായ’ എത്ര വിദ്യാർത്ഥികളുണ്ടെന്ന് ചൂരലിന്റെ മാഹാത്മ്യം പടച്ചുവിടുന്ന സ്കോളർമാർ പറയേണ്ടതുണ്ട്. വിദ്യാലയത്തിൽ നിന്ന് കുട്ടികൾക്ക് പഠിക്കാൻ ഏറെയുണ്ട്. സിലബസിനപ്പുറത്തേക്കുള്ള വിശാലലോകം കുട്ടികൾക്കുമുന്നിൽ തുറന്നു കൊടുക്കാൻ സാധിക്കേണ്ടതുണ്ട്. പരീക്ഷയെയും കലോത്സവങ്ങളെയും മത്സരബുദ്ധിയോടെ കാണാൻ പഠിപ്പിക്കുന്നതിനുപകരം, ഒപ്പമുള്ളവരെ സഹായിക്കാനും പരിഗണിക്കാനും മനസ്സിലാക്കാനും സ്നേഹിക്കാനുമുള്ള പാഠങ്ങൾ വിദ്യാലയങ്ങളിൽ ഉൾചേർക്കേണ്ടതുണ്ട്.

ആരെ കീഴ്പ്പെടുത്തിയും മത്സരിച്ച് ജയിക്കണമെന്ന ചിന്ത രക്ഷിതാക്കളും സമൂഹവും കുട്ടികൾക്കുള്ളിൽ ഇഞ്ചക്ട് ചെയ്യുന്നുണ്ട്. കുട്ടിയുടെ പഠനത്തെയും ഹോളിസ്റ്റിക്കായ വികാസത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. വിദ്യാർത്ഥികളുടെ വികാസം മെച്ചപ്പെടുത്താൻ വിദ്യാലയത്തേക്കാൾ മികച്ച സാധ്യതകളില്ല. എന്നാൽ ചില അധ്യാപകരെങ്കിലും ഇന്നും മുൻധാരണയോടെ കുട്ടികളോട് പെരുമാറുന്നുണ്ട്. ഇത് കുട്ടികളിൽ അപകർഷതാബോധവും ആത്മവിശ്വാസക്കുറവും പ്രതികാരബുദ്ധിയും താല്പര്യക്കുറവുമെല്ലാം സൃഷ്ടിക്കുന്നു. ഒരു കുട്ടിയെ കൃത്യമായി മനസ്സിലാക്കാനും സഹായിക്കാനും നല്ലൊരു അധ്യാപകന് സാധിക്കും. അവിടെ ചെറിയ റിവാർഡുകളും പണിഷ്മെന്റുകളും ആകാം. കുട്ടികളുമായി സൗഹൃദത്തിലാകുന്ന വിദ്യാലയങ്ങളിൽ വളരുന്ന കുട്ടികൾ സമൂഹത്തിന് വലിയ മുതൽക്കൂട്ടായിരിക്കും. ഇക്കാര്യത്തിൽ, നമുക്കിപ്പോഴും ആധുനിക സമൂഹമാകാൻ പൂർണ്ണമായും സാധിച്ചിട്ടില്ല. സ്കൂളുകളിൽ സൈക്കോളജിസ്റ്റിന്റെ നിയമനം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്ന സാഹചര്യങ്ങളായിട്ടും നമുക്ക് അങ്ങനെ വികസിക്കാനായിട്ടില്ല.

നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലേക്ക് കുട്ടികൾ മാറുന്നുണ്ടെങ്കിൽ അവരെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കുകയും കൃത്യമായ പ്രശ്നം മനസ്സിലാക്കി പരിഹരിക്കാനുള്ള മാർഗം തേടുകയും വേണം.

നിലപാടുള്ളവരായിരിക്കുക

തന്റേതായ നിലപാടുകളും ആശയങ്ങളും ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ഇത്തരത്തിലുള്ള ആശയനിർമ്മാണത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾക്കും, ശാസ്ത്രീയ വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾക്കും പലതും ചെയ്യാനുണ്ട്. അത്തരത്തിൽ ആരോഗ്യപരമായ ഒരു ആശയനിർമ്മാണം കുട്ടികളിൽ നടക്കുമ്പോൾ ഒപ്പമുള്ളവരെ പരിഗണിക്കാനുള്ള ബോധത്തിലേക്ക് അവർ വളരുന്നു. കൃത്യമായ യുക്തിചിന്തയും ശാസ്ത്രബോധവും നിലപാടുകളും രാഷ്ട്രീയബോധവും ഉള്ളവരായിരിക്കാൻ സാധിക്കുന്നത് കുട്ടികളുടെ വ്യക്തിത്വത്തിലും മാറ്റമുണ്ടാക്കും. കൂട്ടായ്മകളിലേക്കും പൊതുപരിപാടികളിലേക്കും കുട്ടികളെ നിർബന്ധപൂർവ്വം കൊണ്ടുവരിക എന്നൊരു കടമ കൂടി രക്ഷിതാക്കൾക്കും സമൂഹത്തിനും ഇത്തരം സംഘടനകൾക്കും ചെയ്യാനുണ്ട്. അതിലൂടെ മാത്രമേ അപകടകരമായ ട്രെൻഡുകളിൽ നിന്നും അഡിക്ഷനിൽ നിന്നും ഒരു പരിധിവരെ കുട്ടികളെ വിമുക്തരാക്കാൻ സാധിക്കുകയുള്ളൂ. എന്തെങ്കിലും ഒരാദർശം ഉണ്ടായിരിക്കുന്നതാണ് നല്ലത്. എന്തെങ്കിലും ഒരു ആദർശമല്ല, സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ആദർശം തന്നെ ഉണ്ടാകേണ്ടതുണ്ട്.

നിയന്ത്രിക്കാൻ സാധിക്കാത്ത രീതിയിലേക്ക് കുട്ടികൾ മാറുന്നുണ്ടെങ്കിൽ അവരെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കുകയും കൃത്യമായ പ്രശ്നം മനസ്സിലാക്കി പരിഹരിക്കാനുള്ള മാർഗം തേടുകയും വേണം. വയലൻ്റ് ആയ സിനിമകളിൽ നിന്നും നിലവാരമില്ലാത്ത ഓൺലൈൻ കണ്ടൻ്റുകളിൽ നിന്നും കുട്ടികൾ മനസ്സിലാക്കുന്ന കാര്യങ്ങൾ ചിലപ്പോൾ വസ്തുനിഷ്ഠമാകണമെന്നില്ല. അതുകൊണ്ടുതന്നെ അവരുടെ ആശയങ്ങളെയും ചിന്തയെയും ഇത് പ്രതികൂലമായി ബാധിക്കും. ഈ കാലഘട്ടത്തിലെ സിനിമകൾ നൽകുന്ന സ്ത്രീ- ജെൻഡർ വിരുദ്ധ കാഴ്ചപ്പാടുകളും പോൺ വീഡിയോകൾ നൽകുന്ന തെറ്റായ ലൈംഗികബോധവുമെല്ലാം കുട്ടികളുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സ്കൂൾ സിലബസുകളിൽ കൃത്യമായ ലൈംഗിക വിദ്യാഭ്യാസവും ജെൻഡർ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തേണ്ടതുണ്ട്. ഇത്തരം പാഠങ്ങൾ വീടുകളിൽ നിന്ന് കൃത്യമായി പറഞ്ഞു കൊടുക്കേണ്ടതുമുണ്ട്. കുട്ടികളുടെ സ്വഭാവം ഇത്തരത്തിൽ രൂപപ്പെടുന്നതാണെന്ന ധാരണ എപ്പോഴും ഉണ്ടായിരിക്കണം. അവ രൂപപ്പെടുന്നതിൽ കുടുംബത്തിനും സ്കൂളിനും സമൂഹത്തിനും സുഹൃത്തുക്കൾക്കും എല്ലാം പങ്കുണ്ട്. കൃത്യമായ പാരന്റിങ്ങ് കുട്ടികളുടെ സ്വഭാവരൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എംപതറ്റിക്കലായിരിക്കാൻ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. കട്ടിക്കാലം മുതൽ തന്നെ പാരന്റിംഗിൽ ആരോഗ്യപരമായ രീതികൾ അവലംബിക്കേണ്ടതുണ്ട്. അതിന് വലിയ മാറ്റമുണ്ടാക്കാൻ സാധിക്കും.

വിദ്യാലയങ്ങളിലും വീടുകളിലും സമൂഹത്തിലും സൗഹാർദ്ദപരമായ അന്തരീക്ഷം  സൃഷ്ടിക്കപ്പെടുമ്പോൾ കുട്ടികളിൽ മനുഷ്യത്വപരമായ സ്വഭാവങ്ങളും ഗുണങ്ങളും പ്രകടമാകുന്നു.
വിദ്യാലയങ്ങളിലും വീടുകളിലും സമൂഹത്തിലും സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോൾ കുട്ടികളിൽ മനുഷ്യത്വപരമായ സ്വഭാവങ്ങളും ഗുണങ്ങളും പ്രകടമാകുന്നു.

വിദ്യാലയങ്ങളിലും വീടുകളിലും സമൂഹത്തിലും സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോൾ കുട്ടികളിൽ മനുഷ്യത്വപരമായ സ്വഭാവങ്ങളും ഗുണങ്ങളും പ്രകടമാകുന്നു. കൂട്ടായ പരിശ്രമം മൂലമേ ഒരു തലമുറയെ ഒന്നാകെ ബാധിച്ച ഇത്തരം വൈകല്യങ്ങളെ തുടച്ചുനീക്കാനാകൂ. അതിനായുള്ള ശ്രമങ്ങൾ ഇപ്പോൾതന്നെ തുടങ്ങേണ്ടതുണ്ട്. ഒരു തലമുറയെ മൊത്തം കുറ്റപ്പെടുത്താതെ അവിടെ സംഭവിക്കുന്ന അപചയങ്ങളെ കൃത്യമായി മനസ്സിലാക്കി, തിരുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കേണ്ടത് അനിവാര്യമാകുകയാണ്.

Comments