ഇന്ന് നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഇടപെടലുകളുടെ വലിയൊരു ശതമാനവും നടക്കുന്നത് ഇന്റർനെറ്റും അനുബന്ധ മാധ്യമങ്ങളും കേന്ദീകരിച്ചാണ്. സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇല്ലാത്ത ഒരു വ്യക്തി പലപ്പോഴും ഐഡിന്റിറ്റിയില്ലാത്ത ഒരാളായി തിരസ്കരിക്കപ്പെടുന്ന സാഹചര്യം പോലുമുണ്ട്.
അക്കാദമിക്കും പ്രൊഫഷണലുമായ നിലനിൽപ്പ് ഉറപ്പുവരുത്തുക, തിരക്കുപിടിച്ച ജീവിതത്തിൽ സ്വസ്ഥമായ ഒരിടം കണ്ടെത്തുക, ഒന്നും ചെയ്യാനില്ലാതെ ബോറടിച്ചിരിക്കുന്ന സമയത്തെ കൊന്നു കളയുക തുടങ്ങിയ പലതരം ‘ലക്ഷ്യ’ങ്ങളാണ് ഇന്റർനെറ്റിനെ നിത്യജീവിതത്തിൽ അനിവാര്യമാക്കുന്നത്. ആവശ്യത്തിന്റെ എണ്ണം നോക്കാതെയും സമയത്തിന് വിലകൽപ്പിക്കാതെയും ഇന്റർനെറ്റ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുകയറി.
ഒരു രാത്രി ഇരുട്ടി വെളുക്കുന്ന നേരം കൊണ്ടായിരുന്നില്ല ഈ കടന്നു കയറ്റം
സംഭവിച്ചത്, അതിനാൽ തന്നെ തുടർന്നുണ്ടായ പ്രത്യാഘാതം തിരിച്ചറിയാൻ നമ്മളും ഒരുപാട് സമയമെടുത്തു. വിരൽ തുമ്പിലേക്ക് ക്ഷണ നേരം കൊണ്ട് വിവരങ്ങളെത്തിക്കുന്ന ഇന്റർനെറ്റും അനുബന്ധ പ്ലാറ്റ്ഫോമുകളും എങ്ങനെയാണ് അത് ഉപയോഗിക്കുന്നവരെ അടിമകളാക്കുന്നത്?
ഇൻറർനറ്റ് അഡിക്ഷൻ എന്ന പ്രശ്നം കുട്ടികളിൽ മാത്രമല്ല, മുതിർന്നവരിലും ഒരു ശാരീരിക- മാനസിക പ്രശ്നമായി രൂപപ്പെട്ടുതുടങ്ങിയിട്ടുണ്ട്. കൃത്യമായ ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കുന്ന സംസ്ഥാനമായിട്ട് പോലും കേരളത്തിൽ ഇന്റർനെറ്റ് അഡിക്ഷന്റെ ഫലമായി ഉണ്ടാകുന്ന പ്രശ്നങ്ങളുടെ തോത് വർദ്ധിക്കുകയാണ്. ലോക്ക്ഡൗൺ , ക്വാറൻറയിൻ പോലുള്ള മാർഗങ്ങൾ ആളുകളെ സാമൂഹികമായ ഒറ്റപ്പെടലിനും സമ്മർദ്ദത്തിനും വിധേയരാക്കി. ആ പ്രതിസന്ധികളെ മറികടക്കാനും അതിൽ നിന്ന് ഒളിച്ചോടാനുമായി കൂടുതൽ പേരും ആശ്രയിച്ചത് സോഷ്യൽ മീഡിയകൾ, ഓൺലൈൻ ഗെയ്മുകൾ, ഓൺലൈൻ ചൂതാട്ടങ്ങൾ, പോർണോഗ്രഫീസ് തുടങ്ങിയവയെയാണ്. സ്ക്കൂൾ, കോളേജ് പഠനങ്ങൾ കൂടി ഓൺലൈനിലേക്ക് മാറ്റപ്പെട്ടതോടെ ഇന്റർനെറ്റ് അഡിക്ഷൻ കുട്ടികളിൽ കൂടുതൽ പിടിമുറുക്കിയതായി കാണാം.
സിലബസിലുള്ള ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് കൂടുതൽ വസ്തുതകളറിയാൻ ഒരു ഡാറ്റ നോക്കാൻ കയറി, അവിടെ നിന്ന് ഹൈപ്പർ ടെക്സ്റ്റ് വഴി അടുത്തടുത്തുത്ത ഡാറ്റകളിലേക്കെത്തി നോക്കി അങ്ങനെ വിദ്യാർത്ഥികളുടെ പഠന സമയം ഒരു പാട് അപഹരിക്കപ്പെടുന്നു. മാത്രമല്ല ഇത് ഇൻഫർമേഷൻ ഓവർലോഡഡ് എന്ന അവസ്ഥയിലേക്ക് അവരെ എത്തിക്കും. ആ അവസ്ഥ വിദ്യാർത്ഥികളിൽ ടെൻഷൻ കൂട്ടാൻകാരണമാകും. പെർഫെക്ഷന് അമിത പ്രാധാന്യം കൊടുക്കുന്ന കുട്ടികളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്..
ഗെയ്മുകളിലേക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കും ഓൺലൈൻ പഠനം പലപ്പോഴും വഴിമാറി പോകാറുണ്ട്.
ലോകാരോഗ്യ സംഘടനയുടെ ഭാഗമായ ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ ഓഫ് ഡിസീസസ് (ICD) മാനുവലിന്റെ 11-ാം എഡിഷനിൽ ഗെയ്മിങ്ങ് ഡിസോർഡർ ഒരു രോഗാവസ്ഥയായി ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
അത് കൂടാതെ അമേരിക്കൻ സൈക്കാട്രിക് അസോസിയേഷന്റെ ഡൈഗ്നോസ്റ്റിക് ആന്റ് സ്റ്റാറ്റിസ്റ്റിക്കൽ മാന്യുവൽ ഓഫ് മെന്റൽ ഡിസോർഡേഴ്സിലും ഇന്റർനെറ്റ് ഗെയ്മിങ്ങ് ഡിസോർഡർ രോഗാവസ്ഥയാണെന്ന് സമർത്ഥിക്കുന്നുണ്ട്.
ഓൺ ലൈൻ ഗെയ്മിങ് ആപ്ലിക്കേഷനിൽ നിന്ന് ഗെയിം കളിക്കാനായി പീരങ്കികൾ, ടൂർണമെന്റുകൾക്കുള്ള പാസുകൾ, വെർച്വൽ വെടിമരുന്നുകൾ എന്നിവ വാങ്ങാൻ രക്ഷിതാക്കളുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ പണം പിൻവലിച്ച നിരവധി വാർത്തകൾ ഈ ഓൺലൈൻ പഠന കാലത്ത് ഇതിനോടകം തന്നെ വന്നു കഴിഞ്ഞു.
കൂടുതൽ സമയം ഓൺലൈൻ ഗെയിമുകളിൽ മുഴുകുന്നത് കുട്ടികളുടെ കുടുംബാംഗങ്ങളുമായുള്ള ബന്ധം കുറയാനും ആരോഗ്യകരമായ കമ്മ്യൂണിക്കേഷൻ നഷ്ടപ്പെടാനും കാരണമാകുന്നുണ്ട്. ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയാത്ത മാനസികാവസ്ഥയിലേക്ക് പോലും ഗെയിം അഡിക്ഷൻ കുട്ടികളെ തള്ളിവിടുന്നുണ്ട്.
പഠനം, ഉറക്കം, വിശപ്പ്, ആരോഗ്യം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്നതോടൊപ്പം ഇത് അവരുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെ ഇടിച്ചു താഴ്ത്തുകയും മാനസികാരോഗ്യത്തെ മുറിപ്പെടുത്തുകയും എന്തിനേറെ ആത്മഹത്യകൾക്കുവരെ കാരണമാവുകയും ചെയ്യുന്നു.
ഡിസ്ട്രിക്റ്റീവ് ഗെയിംസിന് അഡിക്റ്റായ ഒരാളിൽ ഗെയിമിന്റെ നിരന്തരമായ സ്വാധീനം മൂലം കോഗ്നിറ്റീവ് ചെയ്ഞ്ചുകൾ ഉണ്ടാകാനിടയുണ്ട്. അവരെ സംബന്ധിച്ച് കൊല്ലുക, മരിക്കുക എന്നതൊക്കെ പതിയെ നോർമൽ ആയ അവസ്ഥയായി മാറും. അവരുടെ ചിന്തകളിലും പ്രവർത്തികളിലും അക്രമവാസന വർദ്ധിച്ച് വരുന്നതായി നമുക്ക് കാണാനാകും.
ഇഷ്ടം പറയുമ്പോൾ മറുപടി "No' ആണെങ്കിൽ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത കാണിക്കാതെ തൊട്ടടുത്ത നിമിഷത്തിൽ തോക്കും കഠാരയുമായി ചോര തേടിയിറങ്ങുന്ന പ്രവണതയിലേക്ക് ഒരു വിഭാഗം ഇറങ്ങിത്തിരിക്കുന്നതിൽ വയലൻസിന് പ്രോത്സാഹനം നൽകുന്ന ഓൺലൈൻ ഗെയിമുകൾക്കും പങ്കില്ലേ എന്ന് ഈ സമൂഹത്തിലിരുന്ന് നമുക്ക് ഒന്നിരുത്തി ചിന്തിക്കാവുന്നതാണ്.
ഇൻസ്റ്റഗ്രാമിൽ താൻ ആരാധിക്കുന്ന ഇൻഫ്ളുവൻസർ പോസ്റ്റ് ചെയ്യുന്ന പോലുള്ള കണ്ടന്റുകൾ തനിക്ക് നൽകാൻ കഴിയുന്നില്ല, ഫോളോവേഴ്സിനെ ഉണ്ടാക്കാൻ കഴിയുന്നില്ല , ആഗ്രഹിക്കുന്ന രീതിയിൽ ഒരു വെർച്ചൽ പ്രൊഫ്രൈൽ ഉണ്ടാക്കാൻ സാധിക്കുന്നില്ല തുടങ്ങിയ കാരണങ്ങൾ കൊണ്ട് ജീവിതത്തിൽ ഫ്രസ്ട്രേഷൻ , ഉൽക്കണ്ഠ, ഉറക്കമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കുന്ന കുട്ടികൾ എണ്ണത്തിൽ കൂടിക്കൊണ്ടിരിക്കുന്നു. പോണോഗ്രഫി അഡിക്ഷനുള്ളവരിലാണെങ്കിൽ ലൈംഗിക പ്രശ്നങ്ങൾ അധികരിച്ച് വരുന്നതായി കാണാം. ഓൺലൈൻ സെക്സിന് മുൻഗണന കൊടുക്കുന്നവരിൽ റിയൽ സെക്സ് അനുഭവങ്ങൾ കുറഞ്ഞ് വരുന്നു.
ഇന്റർനെറ്റ് അഡിക്ഷൻ ഒറ്റയടിക്ക് സംഭവിക്കുന്ന ഒന്നല്ല. ഘട്ടം ഘട്ടമായാണ് അത് നമ്മുടെ മേൽ അധീശത്വം സ്ഥാപിക്കുന്നത്.
ഇന്റർനെറ്റിനെക്കുറിച്ചും അതിനകത്ത് വരുന്ന വ്യത്യസ്ത ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ചും നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുന്ന, അവയില്ലാതെ ജീവിക്കാൻ സാധ്യമല്ല എന്ന് കരുതുന്ന വ്യക്തികൾ ഇന്റർനെറ്റ് അഡിക്ഷന്റെ ഫ്രീ ഒക്യുപ്പേഷൻ സ്റ്റേജിൽ നിൽക്കുന്നവരാണ്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം കൂട്ടി കൂട്ടി കൊണ്ടുവന്ന് ആദ്യ കാലങ്ങളിൽ അത് ഉപയോഗിക്കുമ്പോൾ ലഭിച്ച സംതൃപ്തിയിലേക്ക് തിരികെ എത്താൻ ശ്രമിക്കുന്നവർ ടോളറൻസ് സ്റ്റേജിൽ നിൽക്കുന്നവരാണ്.
ഇന്റർനെറ്റ് അഡിക്ഷന്റെ വിവിധ ഘട്ടങ്ങൾ പരിശോധിക്കുമ്പോൾ വിത്ഡ്രോവൽ സ്റ്റേജിൽ നിൽക്കുന്നവരാണ് ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നത്. ഇവരിൽ ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കുന്ന സമയങ്ങളിൽ അസ്വസ്ഥത, ദേഷ്യം , സങ്കടം, പൊട്ടിത്തെറിക്കുന്ന സ്വഭാവം തുടങ്ങിയ ‘ഇമോഷണൽ ഇറേഗുലേഷൻസ്’ ഉണ്ടാകുന്നു.
‘ഇ- മോചൻ’
നേരിട്ടുള്ള സംസാരങ്ങളും ഇടപഴകലുകളും കുറഞ്ഞു വരുന്ന, ഇമോജികൾ കൊണ്ട് ആശയ വിനിമയം അനായാസമാകുന്ന ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെത്തന്നെയാണ് ‘ഇ- മോചൻ’ എന്ന ആശയം പ്രസക്തമാകുന്നതും.
ഇന്റർനെറ്റിന്റെ അമിതോപയോഗത്തിൽ നിന്നും ഇമോജികളുടെ അതിപ്രസരത്തിൽ നിന്നും മോചനമാഗ്രഹിക്കുന്നവർക്ക് വെർച്ചൽ ലോകത്തിന് പുറത്തേക്ക് വിശാലമായ വഴികൾ തുറന്ന് കൊടുക്കാൻ കോഴിക്കോട് ജില്ല ലീഗൽ സർവ്വീസ് അതോറിറ്റിയും (ഡി.എൽ.എസ്.എ) ആരോഗ്യവകുപ്പും കൈകോർത്ത് കോഴിക്കോട് ആരംഭിച്ച പദ്ധതിയാണ് ‘ഇ- മോചൻ’ എന്ന ഇന്റർനെറ്റ് ഡി അഡിക്ഷൻ സെന്റർ
കേരളത്തിലെ ആദ്യ ഇന്റർനെറ്റ് ഡി അഡിക്ഷൻ ക്ലിനിക്കാണിത്.ഡിസ്ടിക്റ്റ് ലീഗൽ അതോറിറ്റിയിൽ വരുന്ന വിവാഹ സംബന്ധമായ തർക്കങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വരുന്ന കേസുകളിലുമെല്ലാം മൊബെലിന്റെയും ഇന്റർനെറ്റിന്റെയും നെഗറ്റീവ് സ്വാധീനം ശ്രദ്ധയിൽപ്പെട്ട ഡി.എൽ.എസ്.എ ഇന്റർനെറ്റ് അഡിക്ഷന് പരിഹാരം തേടി ആരോഗ്യ വകുപ്പുമായി ചർച്ചകൾ നടത്തിയിരുന്നു. ആ ചർച്ചകളും ഗവർമെൻറ് മെന്റൽ ഹെൽത്ത് സെന്ററിലെ സീനിയർ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ സന്ദേശ് അദ്ദേഹത്തിന്റെ പിഎച്ച്. ഡി തീസിസിനായി നടത്തിയ ‘ഇന്റർനെറ്റ് അഡിക്ഷനെ' മുൻ നിർത്തിയുള്ള പഠനങ്ങളുമാണ് ‘ഇ- മോചൻ’ എന്ന നൂതനമായ പ്രൊജക്ടിലേക്ക് ഡി.എൽ.എസ്.എയെയും ആരോഗ്യ വകുപ്പിനെയും നയിച്ചത്..
‘ഇ- മോചന്റെ’ ട്രീറ്റ്മെൻറ് മെത്തേഡിനെക്കുറിച്ച് ക്ലിനിക്കിന്റെ പ്രധാന ചുമതലക്കാരിലൊരാള ഡോക്ടർ സന്ദേശ് പറയുന്നു: ‘‘പലർക്കും തങ്ങൾക്ക് ഇന്റർനെറ്റ് അഡിക്ഷൻ ഉണ്ടോയെന്ന് സ്വയം തോന്നാറുണ്ട്. ആപ്ലിക്കേഷൻസ് അൺ ഇൻസ്റ്റാൾ ചെയ്തും കൺട്രോളിങ്ങ് ആപ്ലിക്കേഷനുകളും ഉപയോഗിച്ചുമെല്ലാം അതിനെ മറികടക്കാൻ ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടുമ്പോൾ ‘ഇ- മോചൻ’ അവരെ സഹായിക്കാൻ സന്നദ്ധരാകുന്നു. ഒരു ഹെൽത്തി ഇന്റർനെറ്റ് യൂസിലേക്ക് ആളുകളെ കൊണ്ടുവരാനും അവരുടെ ചിന്താരീതികളെ പോസറ്റീവാക്കാനും പെരുമാറ്റങ്ങളെ റീസ്ട്രെക്ചർ ചെയ്യാനുമാണ് ‘ഇ- മോചൻ’ പ്രധാനമായും ശ്രമിക്കുന്നത്. ഇതിനെ ആക്ടിവിറ്റി റീഷെഡ്യൂളിങ്ങ് എന്ന് പറയും. ഡിജിറ്റൽ ഡിറ്റോക്ക്സ് മെത്തേഡ് വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം കുറച്ചു കൊണ്ടുവരാനും ഇത് പ്രകാരം ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും മൊബൈൽ ഫോൺ മാറ്റി വെച്ച് മറ്റുള്ളവരോട് നേരിട്ട് ഇടപഴകാനും ഡി അഡിക്ഷനായി എത്തിയവരെ പ്രേരിപ്പിക്കുന്നു.ആ സമയത്ത്, നോട്ടിഫിക്കേഷൻ വന്നാലും, ഗെയിം കളിക്കാൻ തോന്നിയാലും, സോഷ്യൽ മീഡിയ പരിശോധിക്കാൻ തോന്നിയാലും അതിനെക്കുറിച്ച് ബോധവാന്മാരാവാനോ മൊബൈൽ ഉപയോഗിക്കാനോ പാടില്ല.’’
ജില്ല ലീഗൽ സർവീസ് അതോറിറ്റിയിൽ സബ് ജഡ്ജും ഇ- മോചൻ ഇന്റർനെറ്റ് ഡി അഡിക്ഷൻ സെന്ററിന്റെ സെകട്ടറിയുമായ ഷൈജൽ എം.പി, ഈ പ്രൊജക്ടിന്റെ അടിസ്ഥാന ദൗത്യത്തെക്കുറിച്ച് ‘തിങ്കു’മായി സംസാരിക്കുന്നു: ‘‘അഡിക്ഷൻ എന്ന വാക്ക് കൂടുതലായി ഉപയാഗിക്കാനാഗ്രഹിക്കുന്നില്ല , ഈ ക്ലിനിക്കിലൂടെ പോസിറ്റീവ് യൂസിലേക്ക് ആളുകളെ കൊണ്ടുവരിക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇന്റർനെറ്റ് അഡിക്ഷന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് കൗൺസിലിങ്ങും മാനസിക പിന്തുണയും നൽകുക നൽകുക, ഇന്റർനെറ്റ് ഉപയോഗം നിയന്ത്രിക്കാൻ ചാലഞ്ചുകൾ ക്രിയേറ്റ് ചെയ്യുക തുടങ്ങി ഇന്റർനെറ്റിന് അടിപ്പെട്ട ആളുകളെ തിരിച്ച് കൊണ്ടുവരാനുള്ള മാർഗങ്ങളാണ് ‘ഇ- മോചൻ’ നിർദ്ദേശിക്കുന്നത്.’’
ഇന്റർനെറ്റ് ഒരു അനിവാര്യത തന്നെയാണ്. എന്നാൽ അതിർവരമ്പുകളെ ഭേദിച്ച് തടവറയിലാക്കുന്ന അടിമത്വത്തിലേക്ക് അത് വഴി വെക്കുന്നുവെങ്കിൽ അതിൽ നിന്നുള്ള വിടുതലും അനിവാര്യതയാണ്. അമിതമായ ഇന്റർനെറ്റ് ആസക്തിയിൽ മുങ്ങിത്താഴുന്ന ഒരു തലമുറക്ക് രക്ഷപ്പെടലിന്റെ പഴുതാകാനുള്ള ശ്രമത്തിലാണ് ‘ഇ- മോചൻ’.