കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ കവ്വായിക്കായലിന് നടുവിൽ നാല് ഹെക്ടറോളം പരപ്പളവുള്ള കണ്ടൽ ചതുപ്പ് നിറഞ്ഞ ചെറുതുരുത്തുണ്ട്; കുരുപ്പാട് എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഇപ്പോൾ ടൂറിസ്റ്റ് വ്യവസായത്തിന് ചില വ്യക്തികൾ ഇത് വാങ്ങിയിട്ടിരിക്കുകയാണ്. കുരുപ്പ് അഥവാ വസൂരി വന്നവരെ മാറ്റിപ്പാർപ്പിച്ചിരുന്ന ദ്വീപായിരുന്നു ഇത്. ഇത്തരം നിരവധി കുരുപ്പാടുകൾ - വസൂരി ക്വാറന്റയിൻ കേന്ദ്രങ്ങൾ ഓരോ നാട്ടിലുമുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടയിൽ നിരവധി മഹാമാരികൾ ലോകമെമ്പാടും ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയിട്ടുണ്ട്. വസൂരി, കോളറ, പ്ലേഗ് എന്നിവയാണ് ജനപഥ ധ്വംസകങ്ങളായ രോഗങ്ങളിൽ പ്രധാനം.
വസൂരിക്കും മുമ്പെ ചില തറവാട്ട് താവഴികളെത്തന്നെ ഇല്ലാതാക്കിയ നടപ്പുദീനം കോളറയായിരുന്നു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനുള്ളിൽ ഏഴോളം പെരുംകോളറപ്പകർച്ചകൾ ഇന്ത്യയിലുണ്ടായിട്ടുണ്ട്. 1817ൽ ബംഗാളിൽ പൊട്ടി പുറപ്പെട്ട് ഇന്ത്യയാകെ പടർന്ന ദുരിതത്തിൽ 15 കോടി ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു. 1865 മുതൽ 1917 വരെയുള്ള മൂന്നു നടപ്പുദീനങ്ങൾ ഇന്ത്യയിൽ 23കോടി പേരുടെ ജീവനെടുത്തു.
'ഹിന്ദുവൈദ്യ' മെന്നറിയപ്പെട്ട ക്ലാസിക്കൽ ആയുർവേദത്തെ ആര്യവൈദ്യമെങ്കിലുമാക്കിയെന്ന ഗുണവശം കണ്ട് തൽകാലം സമാധാനിക്കാം.
അരനൂറ്റാണ്ടെങ്കിലുമായി സമൂഹപ്രസരണത്താലുള്ള വലിയ രോഗ ദുരിതങ്ങളും മരണവും പരിചിതമല്ലാത്തതുകൊണ്ടുകൂടിയാണ് സമീപ ദശകങ്ങളിൽ നാം ഭൂമിയെ മറന്ന് ജീവിക്കുകയും നില മറന്ന് പെരുമാറുകയും ചെയ്തത്.
വിഷൂചികയെന്നായിരുന്നു ആയുർവേദം കോളറയെ വിളിച്ചിരുന്നത്. ഛർദ്ദി, അതിസാരം, ആലസ്യം, മീൻപാച്ചിലെന്നറിയപ്പെട്ട എരിപൊരിസഞ്ചാരം എന്നീ ലക്ഷണങ്ങളോടെ വരുന്ന രോഗത്തിൽ സൂചി കുത്തുന്ന വേദന ഉണ്ടാകുന്നതു കൊണ്ടാണ് വിഷൂചികയെന്ന പേര്.
ഭക്ഷ്യാഭക്ഷ്യവിവേകമില്ലാത്തവർക്ക് പിടിപെടുന്ന അജീർണരോഗമായാണ് ആയുർവേദം പൊതുവെ കോളറയെ കണ്ടത്. ഒരു ദിക്കിൽ അനേകം പേർക്ക് ഒരുമിച്ച് രോഗം വരാൻ കാരണമെന്തെന്ന ആലോചനയാകണം ചരകാചാര്യനെ വായു, ജലം, ദേശം, കാലം എന്നിവയ്ക്ക് വന്ന ദുഷിപ്പാണ് ഇത്തരം രോഗത്തിന് കാരണമെന്ന നിഗമനത്തിലെത്തിച്ചത്. ആധുനിക ശാസ്ത്രവുമായുള്ള സംസർഗത്തിലൂടെ കോളറാ മൈക്രോബ്‌സിനെക്കുറിച്ചുള്ള സൂക്ഷ്മ ജ്ഞാനം നേടിയതോടെയാണ് വിഷൂചികയുടെ വ്യാപനം തടയാൻ അന്നത്തെ നാട്ടുവൈദ്യം സജ്ജമായത്.
ആയുർവേദം ബാക്ടീരിയയെ സ്വാംശീകരിക്കുന്നു
ബാക്ടീരിയയില്ല, വൈറസില്ല, എല്ലാം മായയാണ് എന്ന് വിളിച്ചു പറയുകയും ഭാരതീയ പാരമ്പര്യത്തിൽ വിജ്രംഭിതനാവുകയും ചെയ്യലായിരുന്നില്ല ആയുർവേദത്തിന്റെ ജ്ഞാനമാർഗം. ചില ആഗന്തുകരോഗങ്ങൾക്കു കാരണം ഭൂതബാധയാണെന്ന ആചാര്യമതത്തെ കൊമ്പും ചോരക്കണ്ണുമുള്ള ഭീകരരൂപിയായി നിരൂപിക്കാതിരുന്നിടത്താണ് ആയുർവേദത്തിന്റെ അന്വേഷണത്തിന് ബാക്ടീരിയയെ സ്വാംശീകരിക്കാനായത്.
രോഗകാരണം ബാക്ടീരിയയാണെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളുമ്പോൾ തന്നെ അന്നപാനാദികളിലെ അവ്യവസ്ഥയും അശുദ്ധമായ വായുവും ജലവും ഉഷ്ണരാജ്യത്തിലെ വിശേഷ കാലാവസ്ഥയുമെല്ലാം രോഗത്തിന് വിത്തും വളവുമാകുന്നുവെന്ന് കൂടി വിഷൂചികാകാലത്തെ നാട്ടുവൈദ്യന്മാർ തിരിച്ചറിഞ്ഞു.
രോഗനിയന്ത്രണത്തിന് ജലമലിനീകരണം തടയുകയും കുടിവെള്ളം ശുദ്ധീകരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യമറിഞ്ഞവർ തേറ്റാമ്പരലും ആലവും കൊണ്ട് ആവുംവിധം ജലസ്രോതസുകളെ ശുദ്ധീകരിക്കാൻ ശ്രമിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പൊട്ടാസ്യം പെർമാംഗനേറ്റിന്റെ ഉപയോഗം വ്യാപകമായതോടെയാണ് ജലശുദ്ധീകരണത്തിൽ വലിയ പുരോഗതിയുണ്ടായത്.
പെർമാംഗനേറ്റിന്റെ ആദ്യകാല വിൽപന ഇന്നാട്ടിലെ അങ്ങാടി മരുന്നുകടകളിലൂടെയായിരുന്നു. പൊട്ടാസ്യം പെർമാംഗനേറ്റിന്റെ 'ശുദ്ധി'യെക്കുറിച്ച് ഒരു നൂറ്റാണ്ടു മുമ്പ് ധന്വന്തരി മാസികയിൽ പത്രാധിപർ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'പടിക്കാരത്തെക്കാൾ പൊട്ടാസ്യം പെർമാംഗനേറ്റ് അണുനാശകാരമാണ്. നമുക്ക്, ഹിന്ദുക്കൾക്ക് സ്വീകരിക്കാനർഹതയില്ലാത്തതൊന്നും അതിന്റെ നിർമാണത്തിൽ ആവശ്യമില്ല. മതവിരുദ്ധമായ യാതൊന്നും അതിൽ ചേർത്തിട്ടില്ലെന്ന് സുക്ഷ്മമായി ഏറ്റുപറയാം'. - ആയുർവേദത്തെ ഹിന്ദു വൈദ്യം എന്ന് വിളിച്ചിരുന്ന ഒരു കാലത്താണ് സാമൂതിരിമാരും വൈദ്യമഠക്കാരും വാര്യന്മാരും കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുമൊക്കെ ചേർന്ന് ആയുർവേദ സമാജം രൂപീകരിച്ചതും നാട്ടുചികിത്സയുടെ ത്രൈവർണിക പാരമ്പര്യത്തെ ആര്യവൈദ്യമായി പരിവർത്തനപ്പെടുത്തിയെടുത്തതും.
ഈ വരേണ്യ പാരമ്പര്യത്തെയും തമസ്‌കരിക്കപ്പെട്ട ത്രൈവർണികേതരമായ പാരമ്പര്യത്തെയും മുൻനിർത്തിയുള്ള ചിന്തയ്ക്ക് സാംഗത്യമുണ്ടെങ്കിലും തത്കാലം അതിനു തുനിയുന്നില്ല. 'ഹിന്ദുവൈദ്യ' മെന്നറിയപ്പെട്ട ക്ലാസിക്കൽ ആയുർവേദത്തെ ആര്യവൈദ്യമെങ്കിലുമാക്കിയെന്ന ഗുണവശം കണ്ട് തൽകാലം സമാധാനിക്കാം.
ചിലർ സാധ്യങ്ങൾ കൂടി അസാധ്യങ്ങളാക്കി മാറ്റുന്നു
കൊറോണക്കാലത്ത് നമ്മുടെ തീണ്ടൽ- തൊടീൽ ആചാരങ്ങളെപ്പോലും ആരോഗ്യകരമായ പാരമ്പര്യമായിക്കണ്ട് ആഘോഷിച്ചതിന് സമാനമായി മഞ്ഞപ്രസാദവും കളഭവും ധൂപാദികളുമെല്ലാം രോഗസംക്രമണ പ്രതിരോധമായി കാണാമെന്ന് പറയുന്നുണ്ട്, 1903 ഒക്ടോബറിലെ ധന്വന്തരി മാസികയിൽ.
നൂറ്റാണ്ടുമുമ്പത്തെ കോളറാകാലത്ത് ആയുർവേദ വൈദ്യന്മാർ വിഷൂചികയെ എങ്ങനെ കൈകാര്യം ചെയ്തിരിക്കാം എന്ന ചിന്തക്ക് ഈ സന്ദർഭത്തിൽ പ്രസക്തിയുണ്ട്. കോവിഡിലെന്നതുപോലെ ലക്ഷണത്തിനനുസരിച്ച ചികിത്സയാണ് അക്കാലത്ത് നൽകിയിരുന്നത്. ആയുർവേദ ഗ്രന്ഥങ്ങളിലെ വിഷൂചികാ ചികിത്സാപ്രകരണങ്ങളിലുപരി നാട്ടുവൈദ്യന്റെ അനുഭവസാക്ഷ്യമാണ് കോളറയിലും വസൂരിയിലും കൂടുതൽ പ്രയോജനപ്രദമായിട്ടുണ്ടാവുക.
അഷ്ടചൂർണവും അമൃതോത്തരവും ഇന്തുപ്പു കാണവും കറിവേപ്പ് ഞരമ്പ് കഷായവും ഒക്കെ അകത്ത് നൽകിയപ്പോൾ മൂത്രതടസം മാറ്റാൻ കഞ്ഞുണ്ണിനീരും എക്കിൾ വന്ന് ബുദ്ധിമുട്ടുമ്പോൾ കടുകരച്ച് മുതുകെല്ലിൽ തേക്കലും പോലുള്ള അനുഭവചികിത്സകളും പ്രയോഗിക്കപ്പെട്ടു. ജീവഭയം കൊണ്ട് ചികിത്സിക്കാൻ നിൽക്കാതെ പമ്പ കടക്കുന്ന വൈദ്യന്മാരെ പരിഹസിക്കുകയും അധികകാലമായി ഇത്തരം ചികിത്സ ചെയ്യാത്തതിനാൽ പ്രായോഗികാനുഭവം നഷ്ടപ്പെട്ടതിൽ പരിതപിക്കുകയും ചെയ്യുന്നുണ്ട് ഒരു ധന്വന്തരീലേഖനത്തിൽ.
അസാധ്യങ്ങൾ ഒരു വിധത്തിലും സാധ്യങ്ങളാവില്ല. എന്നാൽ കൈയിലിരിപ്പ് കൊണ്ട് ചിലർ സാധ്യങ്ങൾ കൂടി അസാധ്യങ്ങളാക്കി മാറ്റുന്നു എന്ന ആചാര്യവചനം ഈ കൊറോണക്കാലത്തും പ്രസക്തമാണ്.
ആരോഗ്യവകുപ്പ് ആധുനിക ചികിത്സാരംഗത്തുള്ളവരുടെ കറക്കുകമ്പനിയോ?
കൊറോണയുടെ വ്യാപനം തടയാൻ അകൽച്ച അടുപ്പമാക്കുകയെന്ന പ്രഥമവും പ്രധാനവുമായ കാര്യത്തിലൂന്നിയ പ്രതിരോധത്തിൽ കേരളം മാതൃകാപരമായി മുന്നേറുകയാണ്. കാസർഗോട്ടെ എരിയാലുകാരൻ പറ്റിച്ച പണി പോലെ അവജ്ഞ കൊണ്ടും കൊല്ലം സബ് കലക്ടർ ചെയ്ത പോലെ അധികാരമിഥ്യാബോധം കൊണ്ടും ഉള്ള അപകടങ്ങൾ അപൂർവമായിക്കൊണ്ടിരിക്കുന്നു. മനസറിയാതെ പറ്റുന്ന അപകടം സാമൂഹിക വ്യാപനമായി മാറാതിരിക്കാൻ സർക്കാർ വകുപ്പുകളെല്ലാം പണിപ്പെടുകയാണ്.
കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാൻ ഡൽഹി നഗരസഭ അടച്ചിടാൻ തീരുമാനിച്ച അനാവശ്യ സർവീസിലൊന്ന് ആയുഷ് ഡിപാർട്ട്‌മെന്റാണ്! ഇന്ത്യയിലെ എട്ടു ലക്ഷത്തിലേറെ ആയുഷ് ഡോക്ടർമാരുടെ അനുഭവസമ്പത്തിനെയൊട്ടാകെ തമസ്‌കരിക്കുന്നതിനു തുല്യമാണ് ഈ അടച്ചുപൂട്ടൽ.
കോറോണവൈറസിന്റെ മാത്രമല്ല, പിടിപ്പുകേടിന്റെയും ലോകതലസ്ഥാനമായി അമേരിക്ക മാറിക്കൊണ്ടിരിക്കെയാണ്. കേരളം ഇങ്ങനെയെങ്കിലും പിടിച്ചു നിൽക്കുന്നത്, സുസജ്ജമായതും പൊതുമേഖലയിലുള്ളതുമായ ആതുരസേവന ഭൗതിക സൗകര്യങ്ങൾ മൂലമാണ് എന്നതിൽ തർക്കമില്ല. ആരോഗ്യവകുപ്പ് എന്നാൽ ആധുനിക ചികിത്സാരംഗത്തുള്ളവരുടെ മാത്രം ഒരു കറക്കുകമ്പനിയായി മാറുകയാണ് ദുരന്തമുഖങ്ങളിൽ പതിവായി കാണുന്നത്. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ഉള്ളിലേക്ക് നൽകാനുള്ള മരുന്ന് ഇല്ലാത്തിടത്തോളം അടിസ്ഥാന ചികിത്സായോഗ്യത നേടിയ ആയുഷ് ഡോക്ടർമാർക്കും ആധുനിക - ഭാരതീയ ചികിത്സാ വകുപ്പുകളിലെ പാരാമെഡിക്കൽ ജീവനക്കാർക്കും ഒരുപോലെ പ്രവർത്തിക്കാനാവേണ്ടതാണ്.
ആയുർവേദ രംഗത്തുള്ളവരിൽ ഗവേഷണ തൃഷ്ണയുള്ളവർ ഇപ്പോഴും സൈദ്ധാന്തികവും ചികിത്സാനുഭവപരവുമായ കാര്യങ്ങളിൽ ഗൗരവമായ ചർച്ച നടത്തുന്നുണ്ട്. സഹസ്രാബ്ദങ്ങളുടെ ചികിത്സാനുഭവ പാരമ്പര്യവും ഒരു നൂറ്റാണ്ടിലേറെ അക്കാദമിക് പാരമ്പര്യവുമുള്ള കേരളത്തിലെ ആയുർവേദത്തിന് ജ്വരചികിത്സയിലും ജനപഥ രോഗങ്ങളുടെ പ്രതിരോധത്തിലും അനുഭവങ്ങളുടെ ഈടുവെപ്പുണ്ട്.
കൊറോണയുടെ സാമൂഹ്യ വ്യാപനം തടയാൻ ഡൽഹി നഗരസഭ അടച്ചിടാൻ തീരുമാനിച്ച അനാവശ്യ സർവീസിലൊന്ന് ആയുഷ് ഡിപാർട്ട്‌മെന്റാണ്! ഇന്ത്യയിലെ എട്ടു ലക്ഷത്തിലേറെ ആയുഷ് ഡോക്ടർമാരുടെ അനുഭവസമ്പത്തിനെയൊട്ടാകെ തമസ്‌കരിക്കുന്നതിനു തുല്യമാണ് ഈ അടച്ചുപൂട്ടൽ.
കേരളത്തിലെ ആയുർവേദ ആശുപത്രികൾ മിക്കവാറും കോവിഡ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ. അവിടെ വായ്‌ക്കൈ പൊത്തി നിൽക്കുക മാത്രമല്ല ആരോഗ്യ വകുപ്പിലെ സമർപിത മനസ്‌കരായ ബി.എ.എം.എസ് ഡോക്ടർമാരുടെ അവതാര ലക്ഷ്യം.
പ്രതിരോധത്തിന് ആയുർവേദവും ഹോമിയോയുമൊക്കെ ഉപയോഗിക്കുകയും രോഗാവസ്ഥയിൽ ചികിത്സോപകരണങ്ങളടക്കമുള്ള ആധുനിക ചികിത്സ പിന്തടരുകയും ചെയ്യുക എന്ന നയം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ ചികിത്സ - പ്രതിരോധ പ്രോട്ടോകോളുകൾ അനുസരിക്കെത്തന്നെ സഹസ്രാബ്ദങ്ങളുടെ അനുഭവങ്ങളുടെ പ്രയോഗത്തിനുള്ള അവസരവുമുണ്ടാകണം. രോഗത്തിനെതിരെ മാത്രമല്ല ഗവേഷണാവകാശ ധ്വംസനത്തിനെതിരെയും ആയുർവേദ ചികിത്സകർ പ്രതിരോധമുയർത്തേണ്ടതുണ്ട്.
ജനപഥഹന്തിയായ രോഗം പിടിപെട്ടാൽ രോഗബാധയുള്ള സ്ഥലം കാലിയാക്കാൻ 'സ്ഥാനത്യാഗമകുർവാണോ ശാന്തികർമാധികം തഥാ' എന്ന് ഋതുചര്യവിധിയിൽ സുശ്രുതൻ പറയുന്നുണ്ട്. ചുമ, ശ്വാസതടസം, മൂക്കൊലിപ്പ്, തലവേദന തുടങ്ങിയ ലക്ഷണത്തോടെ പല പ്രകാരങ്ങളായി ആകാശചാരികളായ രാക്ഷസർ (വൈറസ് തന്നെ!)വരുത്തുന്ന രോഗങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാൻ വിധിക്കുന്നുണ്ട് സുശ്രുതൻ.
ഇനിയും കാലമുരുണ്ട് വിഷുവും വർഷവും വരും. നമ്മൾ അതിജീവിക്കുകയും പുറത്തു മാറ്റിവെച്ച ഭൂമിചാരിയായ രാക്ഷസന്റെ ആ സാധാരണ വേഷം വീണ്ടുമണിയുകയും ചെയ്യും. അങ്ങനെയാകാതിരിക്കാനുള്ള ആത്മശോധനയുടെ നാളുകളെങ്കിലുമാകേണ്ടതുണ്ട് ഈ കരുതൽ തടങ്കൽ കാലം.
കൊറോണക്കോവിലുകൾ ഉയർന്നുവരാത്തത്...
മലേറിയക്ക് ആർട്ടിമിസിനിൻ എന്ന ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചതിന് ചൈനയിലെ ഔഷധരസ ശാസ്ത്രജ്ഞയായ തു യുയുവിനായിരുന്നു 2015 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം. ചൈനീസ് പാരമ്പര്യ വൈദ്യത്തിന്റെ അടിയറിവ് ഉപയോഗിച്ചാണ് കാട്ടുകർപ്പൂരച്ചെടിയിൽ നിന്ന് (അർട്ടിമീസിയ അനുലേ) ഔഷധ രാസദ്രവ്യം വേർതിരിച്ചെടുത്തത്. ആധുനികവൈദ്യം ഇന്നുപയോഗിക്കുന്ന വിൻക്രിസ്റ്റിനും വിൻബ്ലാസ്റ്റിനും കോൾച്ചിസിനും റിസേർപിനും പോലുള്ള നിരവധി ഔഷധങ്ങൾ ആദിമജനതയുടെ നാട്ടറിവുകളുടെ മൂല്യവർധിത ഉൽപന്നരൂപമാണ്.
ജമൈക്കയിലെ ആദിമനിവാസികളുപയോഗിച്ചു വന്നിരുന്ന പെരിവിങ്കിൾ പാനീയത്തിൽ നിന്നാണ് ശവന്നാറിച്ചെടിയെന്ന നിത്യകല്യാണിയുടെ ഔഷധശേഷി ആധുനിക വൈദ്യമറിയുന്നത്. ഒരു നാട്ടുവൈദ്യസ്ത്രീയുടെ പൊക്കണം തപ്പിയെടുത്ത ബല്ലഡോണച്ചെടിയിലെ ആൽക്കലോയ്ഡുകൾ ആധുനിക വൈദ്യത്തിലെ ഹൃദയചികിത്സാപ്രകരണത്തിന് പുതിയ ഉണർവേകി. ആധുനിക ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധദ്രവ്യങ്ങളിൽ 40% ത്തിന്റെയും അടിസ്ഥാന രൂപഘടന ഫൈറ്റോ കെമിസ്ട്രിയുടെ സംഭാവനയാണ്.
ആയുർവേദത്തിലെ പാദചതുഷ്ടയത്തിൽ രോഗിക്കും പരിചാരകനും വൈദ്യനും ഒപ്പമാണ് ദ്രവ്യത്തിന്റെ സ്ഥാനം. ദേശ്യവും വിദേശീയവുമായ പല ശമനമാർഗങ്ങളും സ്വീകരിച്ചാണ് മഹാമാരികളെ നാം അതിജീവിച്ചത്. വസൂരിയും വിഷൂചികയും സന്നിപാതജ്വരവും പടരുന്ന നാളുകളിൽ തീച്ചാമുണ്ഡി കെട്ടിയും തൂവക്കാളിക്ക് മാച്ചി നേർന്നും ചീർമക്കാവിൽ കുരുമുളക് നേർന്നും നാട്ടുകൂട്ടങ്ങൾ ആത്മവിശ്വാസം നേടിയിരിക്കാം.
വടക്കൻ കേരളത്തിലെ കാവുകളിൽ തുലാപ്പത്തു മുതൽ തിമിർത്താടുന്ന തെയ്യങ്ങളിൽ ഒട്ടേറെ രോഗശമനദേവതകളുണ്ട്. വസൂരിമാലയും തുവക്കാടിയും പുതിയ ഭഗവതിയും കെട്ടിക്കോലമില്ലെങ്കിലും കാവകത്തെ സജീവ സാന്നിധ്യമായ ചീർമ്മയും 'എടുക്കുകയും കൊടുക്കുകയും' ചെയ്യുന്ന - രോഗത്തിന്റെ വിത്ത് എറിയുകയും രോഗം ശമിപ്പിക്കുകയും ചെയ്യുന്ന- അമ്മദൈവങ്ങളാണ്. കാവുകളിലേക്ക് കുരുമുളക് നേരുന്നതും ചീർമക്കാവുകളിലെ ആയത്താന്മാരെന്ന വെളിച്ചപ്പാടന്മാർ നാടിറങ്ങി മഞ്ഞൾക്കുറി നൽകുന്നതും നടപ്പുദീനമകറ്റാനാണ്.
1979 ഓടെയാണ് വസൂരിരോഗം കളം വിട്ടുപോയതായി ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ആരോഗ്യ വകുപ്പിന് ധൈര്യമുണ്ടായത്. കടലാസ് പെൻസിലുകൊണ്ട് അക്കാലത്തെഴുതിയ 'വസൂരി റിപോർട്ട് ചെയ്താൽ ആയിരം രൂപ ഇനാം' എന്ന ചുമരെഴുത്ത് ഇന്നും കുമ്മായച്ചാന്തു തേച്ച പഴയ ചില മൺചുമരുകളിൽ വിജയസ്മാരകമായി നിലകൊള്ളുന്നുണ്ട്. രോഗത്തെ വെല്ലുവിളിക്കാൻ പോരുന്ന ആത്മവിശ്വാസം വസൂരിയുടെ പ്രതിരോധ കുത്തിവെപ്പ് ഒരു ജനകീയ അനുഷ്ഠാനമാക്കി മാറ്റിയതിലൂടെ തന്നെയാണ് നേടിയെടുക്കാൻ സാധിച്ചത്.
കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ ശിരസ്സിലെ പൊൻതൂവലായി വസൂരി നിർമാർജനം മാറി. ഒപ്പം, പൊതുജനാരോഗ്യമെന്നത് അലോപ്പതിയുടെ മുൻകൈയിൽ മാത്രം സംഭവിക്കേണ്ടതാണെന്ന മുൻവിധിയെ കാലാകാലങ്ങളായുള്ള ആരോഗ്യനയങ്ങളിലൂടെ സർക്കാരും യൂറോപ്യൻ നഗരികതയോടുള്ള ആരാധനയും അമിതവിശ്വാസവും മൂലം നാട്ടുകാരും സ്ഥിര പ്രതിഷ്ഠിതമാക്കി.
ശാസ്ത്രത്തിനൊപ്പം വിശ്വാസത്തെയും ഒന്നിച്ചു കൊണ്ടുപോയ ഗ്രാമീണ കേരളം ഏതായാലും പുതിയ രോഗദേവതകളെ ഉണ്ടാക്കി പ്രതിഷ്ഠിച്ചില്ല. എന്നാൽ, നിലനിന്ന വിശ്വാസത്തെ വിടാതെ പിന്തുടർന്നുപോരുകയും ചെയ്തു. ഒരു നൂറ്റാണ്ടു മുമ്പാണെങ്കിൽ ഒരു കൊറോണ ഭഗവതിക്കുകൂടി പീഠമൊരുക്കാൻ കേരളീയ മനസിനെ സജ്ജമാക്കിയിട്ടായിരിക്കും ഈ മഹാവ്യാധി ഒഴിഞ്ഞു പോകുക. ശാസ്ത്രബോധം - മിക്കവാറും അത് ഒരു മേമ്പൊടിക്കു മാത്രമാണെങ്കിലും- സമ്മതിക്കാത്തതുകൊണ്ടു മാത്രമാണ് കൊറോണക്കോവിലുകൾ കേരളത്തിൽ ഉയർന്നുവരാതിരിക്കുന്നത്.
ആചാരാനുഷ്ഠാനങ്ങളിലെ മനുഷ്യവിരുദ്ധത
കൊറോണ വൈറസിന്റെ ഉൽപത്തിയെക്കുറിച്ച് സംശയലേശമന്യേ ഒരു അഭിപ്രായം ഇതുവരെ ആരും പറഞ്ഞ് കേട്ടിട്ടില്ല. വുഹാനിലെ തിരിച്ചുകടിക്കുന്നതും അല്ലാത്തതുമായ സകലതും വിൽക്കുന്ന ഇറച്ചിക്കടയിലേക്ക് സമീപത്തെ ലാബിൽ നിന്ന് ചോർന്നെത്തിയ ജനിതക എൻജിനീയറിങ്ങിന്റെ സൃഷ്ടിയാണ് ഇതെന്നും ഇനാംപേച്ചിയിൽ സമാന വൈറസിന്റെ സാന്നിധ്യം കണ്ടതിനാൽ പ്രകൃതി നിർധാരണത്താൽ രൂപപ്പെട്ടതാകാമെന്നും പ്രബലമായ രണ്ടു വാദങ്ങളാണ് രോഗാണുവിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ടുള്ളത്.
ചൈനയിലെ ഇറച്ചിമാർക്കറ്റിനെക്കാൾ വൃത്തിഹീനമായ പരിസരങ്ങളിൽ വന്യമൃഗങ്ങളെ പാകപ്പെടുത്തി തിന്നുന്ന നൃശംസമായ ആചാരങ്ങൾ കേരളത്തിലുണ്ട് എന്ന് പള്ളിയും പള്ളിക്കൂടവും അമ്പലവും പൂട്ടിപ്പോയ ഈ കാലത്തെങ്കിലും നാം മനസിലാക്കണം.
ഇനി, മറ്റെന്തെങ്കിലും കാരണം കൊണ്ടുതന്നെയാകിലും മലിനീകരിക്കപ്പെട്ടതും അസന്തുലിതവുമായ പ്രകൃതിയാണ് സാംക്രമികരോഗങ്ങൾക്ക് വിത്തും വളവുമാകുന്നത് എന്നതിൽ സംശയമേതുമില്ല. നരവംശോത്സവങ്ങളുടെ കാർണിവൽ ലഹരിയിലാകേണ്ട ഒരു വേനൽക്കാലമാണ് കൊറോണ കൊണ്ടുപോയത്. കേരളത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ മനുഷ്യവിരുദ്ധവും പ്രകൃതിവിരുദ്ധവുമായ ഒട്ടേറെ ഘടകങ്ങളുണ്ട്. വിശ്വാസത്തിന്റെ ഒഴുക്കിൽ ഇക്കാലമത്രയും അതങ്ങനെ തുടർന്നുവെന്നുമാത്രം.
ചൈനയിലെ ഇറച്ചിമാർക്കറ്റിനെക്കാൾ വൃത്തിഹീനമായ പരിസരങ്ങളിൽ വന്യമൃഗങ്ങളെ പാകപ്പെടുത്തി തിന്നുന്ന നൃശംസമായ ആചാരങ്ങൾ കേരളത്തിലുണ്ട് എന്ന് പള്ളിയും പള്ളിക്കൂടവും അമ്പലവും പൂട്ടിപ്പോയ ഈ കാലത്തെങ്കിലും നാം മനസിലാക്കണം. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കഴിയും വരെ നാടിന്റെ ആരോഗ്യത്തിനായിരുന്നില്ല വിശ്വാസത്തിനായിരുന്നു നാം മുൻഗണന കൊടുത്തത്. കാര്യങ്ങളെല്ലാം കുഴമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.
വടക്കൻ കേരളത്തിന്റെ യഥാർത്ഥ കാർണിവൽ കാലം വസന്തോത്സമായ മീനപ്പൂരമായിരുന്നു. നിരവധി പുഴക്കടവുകളിലും ക്ഷേത്രക്കുളങ്ങളിലും പതിനായിരങ്ങളെ സാക്ഷിനിർത്തി പൂരം കുളിച്ച് മാടം കയറിയിരുന്ന എല്ലാ അമ്മദേവതകളും ഇക്കുറി കുളി കിണറ്റിലാക്കി. കാസർഗോട്ട് ഇക്കൊല്ലം നടത്താൻ ഉദ്ദേശിച്ചിരുന്ന പതിമൂന്ന് വയനാട്ടു കുലവൻ തെയ്യം കെട്ടിൽ പത്തും കൊറോണ കാരണം മാറ്റിവെച്ചു. മാനും പന്നിയുമടക്കമുള്ള വന്യമൃഗങ്ങളെ നായാടിപ്പിടിച്ച് തെയ്യപ്പറമ്പിലെത്തിച്ച് ബപ്പിടൽ നടത്തി മാംസം പാകം ചെയ്ത് പ്രസാദമായി വിതരണം ചെയ്യുന്നതാണ് കാസർഗോട്ട് ഇന്നും നിലനിൽക്കുന്ന അനുഷ്ഠാനം.
അനാരോഗ്യകരമായ ഭക്ഷണശീലം - അത് ഏതു വിശ്വാസത്തിന്റെ പേരിലായാലും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം കൊറോണാനന്തര കാലത്തെങ്കിലും നാം കാണാതെ പോകരുത്.
ഈ വർഷം നടന്ന മൂന്ന് തെയ്യാട്ടങ്ങളിലായി എൺപതോളം കാട്ടുമൃഗങ്ങൾ, പ്രധാനമായും കാട്ടുപന്നികൾ കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയേറ്റ് രണ്ടും മൂന്നും ദിവസം പഴക്കമുള്ള മൃഗത്തെയാണ് ഐസിലിട്ടും അല്ലാതെയും എത്തിക്കുന്നത്. വനം വകുപ്പ് ശക്തമായ നടപടി എടുത്ത ഒരു വർഷം ആംബുലൻസിൽ കയറ്റിയാണ് കേരള വനാതിർത്തിയിൽ നിന്ന് വെടിവെച്ചു കൊന്ന പന്നികളെ കൊണ്ടുവന്നത്. പാതിരാവിൽ കണ്ടനാർ കേളൻ തെയ്യത്തിന്റെ വെള്ളാട്ടം നടത്തുന്ന ഈ ചടങ്ങ് കഴിഞ്ഞയുടൻ കുശിനിപ്പുര സജീവമാകും. ഒന്നുരണ്ട് മണിക്കൂറിനകം പതിനായിരങ്ങൾക്ക് മാംസക്കറി പ്രസാദമായി നല്കും.
1972 ലെ വന്യമൃഗ സംരക്ഷണ നിയമലംഘനമെന്ന കുറ്റകൃത്യം അവിടെ നിൽക്കട്ടെ. ഇത്തരമൊരു അനാരോഗ്യകരമായ ഭക്ഷണശീലം - അത് ഏതു വിശ്വാസത്തിന്റെ പേരിലായാലും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നം കൊറോണാനന്തര കാലത്തെങ്കിലും നാം കാണാതെ പോകരുത്. അഴുകിയ ജന്തുശരീരത്തിന്റെ സൂക്ഷ്മ ആവാസവ്യവസ്ഥയിൽ ഉൾപരിവർത്തനത്തിലൂടെ കൂടുവിട്ടു കൂടുമാറാൻ - ഒരു വൈറസിന് ഏറെ നേരമൊന്നും വേണ്ട.
നാം ഏറെ കൊട്ടിഘോഷിക്കുന്ന പെരുംകളിയാട്ടസദ്യകളും വലിയ അന്നദാനങ്ങളും പലപ്പോഴും അപ്രതീക്ഷിതമായി ഭക്ഷ്യവിഷബാധയിലേക്ക് നീങ്ങിയ അനാരോഗ്യകരമായ അവസ്ഥ പലയിടത്തും ഉണ്ടായിട്ടുണ്ട്. പാളപ്ലേറ്റിലെ പൂപ്പലും വാഴയിലയിൽ വൃത്തിയാകാതെ കിടന്ന ബോർഡോമിശ്രിതവുമൊക്കെയാണ് പലപ്പോഴും പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടിട്ടുള്ളത്. ഭാഗവത സപ്താഹങ്ങളും പള്ളിപ്പെരുന്നാളുകളും തൊട്ട് തറവാട്ടുത്സവങ്ങൾ വരെ അന്നദാനപുണ്യത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് കൂടുതൽ കരുതലെങ്കിലും ആവശ്യമുണ്ട്.
മരുന്നുപെട്ടിയും മാത്രക്കല്ലുകളുമായി നാട്ടുവൈദ്യന്മാർ മുള്ളും മുരടും മൂർഖൻ പാമ്പും കൂസാതെ നഗ്‌നപാദ ഡോക്ടർമാരായി പ്രവർത്തിച്ചതിന്റെ ഫലമായിക്കൂടിയാണ് ആധുനിക വൈദ്യം പിച്ചവെച്ചു നടന്ന അക്കാലത്ത് ചത്തൊടുങ്ങാതെ, കുറച്ചെങ്കിലുമാളുകൾ ജനപഥങ്ങളിൽ അവശേഷിച്ചത്. അതേസമയം, കൈത്തണ്ടിലെ ഗോവസൂരിയുടെ സൂചിക്കുത്തടയാളങ്ങൾ അതിജീവന സാക്ഷ്യങ്ങളായി നാലഞ്ചു തലമുറകൾ ശരീരത്തിൽ അച്ചുകുത്തി നടന്നു.
വൈദ്യ ആധുനികതയുടെ ഓരോ നേട്ടത്തെയും എത്ര സന്തോഷത്തോടെയാണ് കേരളത്തിലെ നാട്ടുവൈദ്യം സ്വാഗതം ചെയ്തതെന്നതിന് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലെ ധന്വന്തരി മാസികയിലെ പത്രാധിപക്കുറിപ്പ് നോക്കിയാൽ മതി. കേരളീയ ഔഷധഗ്രന്ഥങ്ങളിൽ വിഷചികിത്സയും സന്നിപാത ചികിത്സയും വസൂരി ചികിത്സയും അമിതപ്രാധാന്യത്തോടെ വിവരിച്ചത് ഉപയുക്തത കൊണ്ടു മാത്രമല്ല, അടയാളപ്പെടുത്തലിനും കരുതിവെപ്പിനും കൂടിയായിരുന്നു. അന്നത്തെ നാട്ടുവൈദ്യന്റെ അക്കാദമിക് ജേണലുകളാണ് ഏതൊക്കെയോ വൈദ്യത്തറവാടുകളിൽ ചിതലരിക്കുന്ന താളിയോലകൾ.
മരുന്നുകളുടെ നീതിരഹിതമായ ഉപയോഗം
വിശ്വാസവും ആത്മവിശ്വാസവും ഒപ്പം പരമ്പരാഗതവും ആധുനികവുമായ ശാസ്ത്രജ്ഞാനവും കൊണ്ടാണ് നാം അതിജീവനം നേടിയത് . കോവിഡിന് ഫലപ്രദമായ മരുന്നോ വാക്‌സിനോ ഇല്ലെങ്കിലും നിലവിലുള്ള ചില മരുന്നുകൾ, കൂടുതലും വൈറസ് മരുന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ പലയിടങ്ങളിലും ഉപയോഗിച്ചുവരുന്നുണ്ട്.
ഒരാഴ്ച മുമ്പാണ് ട്രംപ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മരുന്നായി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 21ന് ട്രംപിന്റെ വിദഗ്ധാഭിപ്രായം അറിഞ്ഞയുടൻ തന്നെയാണ് ഇന്ത്യയുടെ ആരോഗ്യ നയസംബന്ധിയായ ഈ സുപ്രധാന തീരുമാനമുണ്ടാകുന്നത് എന്നത് യാദൃച്ഛികമാകാൻ തരമില്ല.
കാൻസറിനും മഞ്ഞപ്പിത്തത്തിനും മലമ്പനിക്കും എച്ച്.ഐ.വിക്കുമുള്ള മരുന്നുകൾ ഇക്കൂട്ടത്തിലുണ്ട്. അത്യാവശ്യം പരിഗണിച്ച് മരുന്നുപരീക്ഷണങ്ങളുടെ മാനദണ്ഡം ലംഘിച്ചാണ് ഇവയിൽ മിക്കവയുടെയും ഫീൽഡ് ഉപയോഗങ്ങൾ. ആയുർവേദത്തിലെ മരുന്നുകളെല്ലാം ഹെവി മെറ്റലുകൾ ചേർന്നതാണെന്നും ശാസ്ത്രീയമല്ലെന്നും പ്രചരിപ്പിക്കുന്നവർക്ക് അലോപ്പതി മരുന്നുകളുടെ നീതിരഹിതമായ ഉപയോഗത്തെക്കുറിച്ച് ആശങ്കകളൊന്നുമില്ല.
കോവിഡിന്റെ സംശയാസ്പദമായതോ സ്ഥിരീകരിച്ചതോ ആയ അവസ്ഥയിൽ പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യസംരക്ഷണ പ്രവർത്തകർക്കും രോഗികളുമായി അടുത്തിടപഴകിയവർക്കും ലബോറട്ടറി സ്ഥിരീകരിച്ച രോഗലക്ഷണമില്ലാത്തവരായ വീട്ടുപരിചാരകർക്കും മാത്രമുള്ള ഒരു പ്രതിരോധ മരുന്നായി ഹൈഡ്രോക്‌സിക്ലോറോക്വിൻ ( HCQ) ഉപയോഗിക്കാൻ ഇന്ത്യയിലെ ഉന്നത മെഡിക്കൽ ബോഡിയായ ഐ.സി.എം.ആർ (The Indian Council of Medical Research) മാർച്ച് മൂന്നാം വാരം ശുപാർശ ചെയ്തിരുന്നു. മരുന്നിന്റെ വിൽപന ഇതോടെ കർശനനിയന്ത്രണത്തിന് വിധേയമായി. നീതി ആയോഗ് മാർച്ച് 22നുതന്നെ ഈ മലമ്പനി മരുന്ന് ശുപാർശ ചെയ്തതാണ്. ആയോഗ് അംഗവും കോവിഡ്-19 നിയന്ത്രണത്തിനായുള്ള ദേശീയ ടാസ്‌ക്ക് ഫോഴ്‌സ് അധ്യക്ഷനുമായ വി.കെ. പോൾ 'സുചിന്ത്യമായ വിദഗ്ധാഭിപ്രായമായി' HCQ ഉപയോഗത്തെ കാണുന്നു.
ഒരാഴ്ച മുമ്പാണ് ട്രംപ് അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന മരുന്നായി ഇതിനെക്കുറിച്ച് ട്വീറ്റ് ചെയ്തത്. 21ന് ട്രംപിന്റെ വിദഗ്ധാഭിപ്രായം അറിഞ്ഞയുടൻ തന്നെയാണ് ഇന്ത്യയുടെ ആരോഗ്യ നയസംബന്ധിയായ ഈ സുപ്രധാന തീരുമാനമുണ്ടാകുന്നത് എന്നത് യാദൃച്ഛികമാകാൻ തരമില്ല. ചൈനയിലെ പ്രതീക്ഷ നല്കുന്ന ചില ഗവേഷണ ഫലങ്ങളാണ് ഇതിന് പ്രേരണയായത് എന്ന് പറയുന്നുണ്ടെങ്കിലും.
അമേരിക്കയിലെ മിനസോട്ട സർവകലാശാലയിൽ ഡോ.ഡേവിഡ് ബൗൾ വെയറിന് HCQ വിന്റെ ഫലസിദ്ധി പരീക്ഷണത്തിന് FDA (Food and Drug Administration) യുടെ അനുമതി ലഭിച്ചിട്ടുണ്ട്. 'അത്ഭുത പരിവേഷമൊഴിവാക്കിയാൽ കൊറോണയിൽ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ക്ലിനിക്കൽ ഫലപ്രാപ്തിയെക്കുറിച്ച് തെളിവുകളൊന്നുമില്ലെന്ന്' ഈ രംഗത്തെ അറിയപ്പെടുന്ന വിദഗ്ധനായ ബൗൾ വെയർ തന്നെ പറയുന്നു.
കോവിഡിനെതിരെ വിശ്രാന്തിയില്ലാതെ പൊരുതുന്ന ഔദ്യോഗിക ആരോഗ്യ പ്രവർത്തകരും രൂപീകരിക്കാനിരിക്കുന്ന സന്നദ്ധ പ്രവർത്തകരും നിർബന്ധമായും ഇത് തിന്നേണ്ടിവരില്ലേ എന്നതിലെ ആശങ്ക ചെറുതല്ല.
ആരോഗ്യ പ്രവർത്തകരും സമ്പർക്കത്തിലേർപ്പെടുന്നവരുമായ ഒരു വിഭാഗത്തിലും രോഗാതുരരുടെതായ മറ്റൊരു വിഭാഗത്തിലുമാണ് മരുന്നുഫലം പരീക്ഷിക്കേണ്ടത്. എന്നാൽ ഈ മരുന്ന്പരീക്ഷണത്തിന് നിന്നു കൊടുക്കാൻ വേണ്ടത്ര ആളെ കിട്ടിയില്ല എന്നതാണ് ബൗൾ വെയറിന്റെ നിരീക്ഷണ പഠനം നേരിട്ട വലിയ പ്രശ്‌നം.
വെളിവുദിച്ചെങ്കിൽ, ഈ കൊറോണക്കാലത്തെങ്കിലും
പഴയതെല്ലാം മഹത്തരമാണെന്ന ധാരണ ലവലേശം ഉണ്ടാകേണ്ടതില്ല. ആധുനികവും ശാസ്ത്രീയമെന്ന് കരുതുന്നതും പഴുതുകളേ ഇല്ലാത്തതും ദിനവൃത്തിയായി ആചരിക്കേണ്ടതുമാണെന്ന് കരുതുന്ന പച്ചവെള്ളം ചവച്ചുതിന്നുന്ന ശാസ്ത്രദുര(ന്ത)ന്ധരത്വവും നമ്മെ എവിടെയും എത്തിക്കില്ല. ലോകം അംഗീകരിച്ച ആരോഗ്യ പെരുമാറ്റച്ചട്ടത്തിലൂടെ കൊറോണയെ ഐസൊലേഷൻ വാർഡിലെങ്കിലുമാക്കാൻ കർത്തവ്യനിരതമായ ഒരു നേതൃത്വത്തിനുകീഴിൽ കേരളത്തിലെ ആരോഗ്യ പ്രവർത്തകർ ഊണും ഉറക്കവുമില്ലാതെ പണിപ്പെടുകയാണ്.
'സഹോദരങ്ങളെന്നു തിരിച്ചറിഞ്ഞ് ജയനും നസീറും ഒത്തുചേർന്ന് വില്ലനെ നിലം പരിശാക്കുന്ന' പഴയ സിനിമാക്കഥ പോലെ ഒരു സ്വപ്നമാകാം വൈദ്യശാസ്ത്രസമന്വയമെന്നത്.
കേരളത്തിലെ ആതുരാലയങ്ങൾ ജനങ്ങളെ വിശ്വാസത്തിലെടുക്കണം,
പരീക്ഷണകുതുകികളും അനുഭവജ്ഞാനമുള്ളവരുമായ അനേകം ചികിത്സകർ ആയുഷ് വിഭാഗമെന്ന് പേരിട്ട് ഒറ്റത്തൊഴുത്തിൽ കെട്ടിയ ഈ സമാന്തര ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ നികുതിപ്പണം അവർക്ക് ശമ്പളമായി കൊടുക്കുന്നുമുണ്ട്. പ്രളയകാലത്ത് രോഗവ്യാപനം തടയാൻ സ്തുത്യർഹ പ്രവർത്തനം ഇവരും ചെയ്തിട്ടുണ്ട്. അവരുടെ ആത്മവിശ്വാസത്തെ ഇരട്ടിപ്പിക്കുക കൂടിയാണ് അവരുടെയും കൂടി അധികാരിയായ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവനയിലൂടെ.
കൊറോണയുടെ പ്രഭവസ്ഥാനമായ ചൈനയിൽ രോഗപ്രവാഹം ക്ഷയിച്ചു കൊണ്ടിരിക്കുകയാണെന്നും ചൈനീസ് പാരമ്പര്യ ചികിത്സാരീതികൾ കൂടി അവർ ഉപയോഗിക്കുന്നുണ്ടെന്നുമാണ് വിശ്വസനീയ റിപ്പോർട്ട്. ചൈനീസ് ചികിത്സയിലെ ക്വി എന്ന അടിസ്ഥാനതത്വ പ്രകാരം, വായു അനുലോമനവും താപനിർഗമനവും ഒക്കെ ഉപയോഗിച്ച് കൊറോണയെ പ്രതിരോധിക്കാനുള്ള - ആപത് സാധ്യത ലഘൂകരിക്കാനെങ്കിലും - സാധ്യതകളും സാർസിനും H1N1 നും ചൈനീസ് വൈദ്യം ഉപയോഗിച്ചതിന്റെ പ്രായോഗികാനുഭവങ്ങളും ചൈനീസ് വൈദ്യശാസ്ത്ര ജേർണലുകളിൽ ചർച്ചയാകുന്നുണ്ട്.
മോഹനൻ വൈദ്യന്മാരുടെ വിടുവായത്തം മാത്രമാണ് ആയുർവേദമെന്ന് ധരിച്ചവശരായവരോടും പരമ്പരാഗത നാട്ടുചികിത്സയുടെ ദാർശനികതയെക്കുറിച്ച് യൂനിവേഴ്‌സിറ്റിയിലെ ഫിലോസഫി ഡിപ്പാർട്ടുമെന്റ് നടത്തുന്ന സെമിനാർ മുടക്കലാണ് തങ്ങളുടെ കർത്തവ്യം എന്നു മാത്രം കരുതുന്ന സംഘടനാ പ്രബുദ്ധരുടെ കർത്തവ്യബോധത്തിനോടും സംവാദത്തിനില്ല.
18 ആയുർവേദ കോളേജുകളും പഞ്ചായത്തിലെല്ലാം ധർമാശുപത്രിയും അതിലുമേറെ സ്വകാര്യ ആശുപത്രികളും ആയുർവേദ ഗവേഷണത്തിനായി കേന്ദ്ര, സംസ്ഥാന, സ്വകാര്യ മേഖലകളിൽ പത്തോളം കേന്ദ്രങ്ങളും പ്രവർത്തിക്കുന്ന കേരളത്തിൽ ഉദ്ഗ്രഥിതമായ ഒരു ആരോഗ്യസമീപനം ഭാരതീയ ചികിത്സാരീതികളെയും നാട്ടറിവുകളെയും പ്രയോജനപ്പെടുത്തി ഉരുത്തിരിച്ചെടുക്കാൻ ആരോഗ്യ വകുപ്പിന് ഈ കൊറോണക്കാലത്തെങ്കിലും തോന്നിയെങ്കിൽ.
ഒപ്പം, ആയുർവേദത്തെക്കുറിച്ച് ആധുനിക ചികിത്സകർക്കുള്ള മനോഭാവം മാറുകയും അവർ അതു മനസിലാക്കാൻ ശ്രമിക്കുകയും വേണം. ചികിത്സാരംഗത്തെ നൂതനപ്രവണതകളെ ആയുർവേദ ചികിത്സകർക്ക് പരിചയപ്പെടാനുമാകണം . 'സഹോദരങ്ങളെന്നു തിരിച്ചറിഞ്ഞ് ജയനും നസീറും ഒത്തുചേർന്ന് വില്ലനെ നിലം പരിശാക്കുന്ന' പഴയ സിനിമാക്കഥ പോലെ ഒരു സ്വപ്നമാകാം വൈദ്യശാസ്ത്രസമന്വയമെന്നത്.
അന്യവിത്തുകൾ മുളക്കാതിരിക്കാൻ പരിശ്രമിക്കുന്ന ചില ചെടികളിലെ അനുവർത്തനമറിയപ്പെടുന്നത് അല്ലലോപതിക് എഫക്ട് എന്നാണ്. അല്ലലോപതിക് പ്രഭാവമൊഴിഞ്ഞ അലോപതി ആയുർവേദത്തിന്റെ കൈപിടിച്ച് നടക്കുന്ന ഒരു കിനാശ്ശേരി താഴ്‌വാരം കൊറോണാനാനന്തര കേരളത്തിൽ സ്വപ്നം കാണാനെങ്കിലും ആരോഗ്യരംഗത്തെ മൂപ്പിളമത്തർക്കത്തിന്റെ അർത്ഥശൂന്യത ബോധ്യപ്പെട്ടവർക്ക് അവകാശമുണ്ട്.