ആരോഗ്യമാസിക എന്ന പരമ്പരാഗത ലേബലിനപ്പുറത്ത് ആരോഗ്യം എന്ന സംവർഗ്ഗത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ നിർണ്ണയങ്ങളെ കൂടി അഭിസംബോധന ചെയ്യുന്ന സംവേദന മീഡിയമായി ‘നമ്മുടെ ആരോഗ്യ’ത്തെ രൂപാന്തരപ്പെടുത്തണമെന്നായിരുന്നു രണ്ടു വർഷം മുമ്പ് ചീഫ് എഡിറ്ററായി ചുമതലയേൽക്കു മ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം. ഇതാ, 2025 നവംബറിൽ നമ്മുടെ വാർഷിക സമ്മേളനത്തിനു തൊട്ടുമുൻപ് എഡിറ്റോറിയൽ എഴുതാനിരിക്കുമ്പോൾ വ്യക്തിപരമായ എന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് കഴിയുന്നത്ര ആത്മാർത്ഥമായി അതിനുവേണ്ടി ശ്രമിച്ചിട്ടുണ്ടെന്നു പ്രിയ വായനക്കാരോട് ഞാൻ സാക്ഷ്യം പറയുന്നു, ലക്ഷ്യം വിജയത്തിലെത്തിയോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ മാത്രമാണ് എന്ന ഉത്തമ ബോദ്ധ്യത്തോടെ.
Monotonous, extreme academic, പൈങ്കിളി തുടങ്ങിയ ഋണാത്മക വിശേഷണങ്ങളാണ് ഏതു ആരോഗ്യമാസികക്കും വിമർശനാത്മകമായി പ്രതീക്ഷിക്കാവുന്ന മേൽവിലാസങ്ങളെങ്കിലും അത് കുടഞ്ഞുകളയാൻ നടത്തിയ ആത്മാർത്ഥശ്രമങ്ങൾ വായനക്കാർ ശ്രദ്ധിച്ചു എന്ന വസ്തുത എന്നെ ആഹ്ളാദഭരിതനാക്കുന്നുണ്ട്.
മലയാളത്തിലെ സെലിബ്രിറ്റി എഴുത്തുകാർ അവരുടെ പ്രിയപ്പെട്ട ഡോക്ടർമാരെ കുറിച്ചെഴുതുന്ന കോളം, തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ കൈയാളുന്ന രണ്ടു കാർട്ടൂണുകളുടെ സാന്നിദ്ധ്യം, ഏതൊരു ഡോക്ടറുടേയും ഹൃദയത്തിൽ തറഞ്ഞു പോവുന്ന മറക്കാനാവാത്ത രോഗികളെക്കുറിച്ചുള്ള പംക്തി, വായനക്കാർക്ക് വളരെ പ്രിയപ്പെട്ടതായിത്തീർന്ന ചോദ്യം / ഉത്തരം കോളം, നിർദ്ദേശങ്ങളും വിമർശനങ്ങളും വഴി വായനക്കാരുടെ മനസ്സറിയാനുള്ള ഉപാധിയായ കത്തുകൾക്ക് നൽകിയ പ്രാധാന്യം, Al മുതൽ ആത്മഹത്യ വരെയുള്ള പ്രസക്തി യേറിയ വിഷയങ്ങൾ ഓരോ മാസത്തെയും തീമാക്കി, നൂതന വിഷയങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, ഓരോ വിഷയത്തിലും ഏറ്റവും വിദഗ്ദരായ എഴുത്തുകാരെ കണ്ടെത്താനുള്ള കൃത്യമായ പ്രവർത്തനം, മാഗസിന്റെ സാമ്പത്തിക അടിത്തറ ബലപ്പെടുത്താനുള്ള ആയാസകരമായ ശ്രമങ്ങൾ, മാഗസിനിന്റെ സബ്സ്ക്രിപ്ഷൻ വർദ്ധിപ്പിക്കാനുള്ള നിരന്തര പ്രവർത്തനങ്ങൾ, ഇൻ്റർനെറ്റിൽ നിന്നെടുക്കുന്ന ജീവനില്ലാത്ത ചിത്രങ്ങൾക്കു പകരം വരയ്ക്കുന്ന ചിത്രങ്ങൾ മാഗസിനിന്റെ ദൃശ്യഭാഷയിൽ വരുത്തിയ മാറ്റം, മുഖചിത്രങ്ങളുടെ ആധുനിക രൂപകല്പന, ഫോണ്ടിലും പ്രിൻ്റിംഗ് പേപ്പറിലും വരുത്തിയ നിർണ്ണായക വ്യത്യസ്തതകൾ. ഈ മാറ്റങ്ങൾക്കെല്ലാം നിരുപാധിക പിന്തുണ തന്നു കൂടെ നിന്ന എന്റെ പ്രിയ വായനക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും ഒരിക്കൽക്കൂടി അർപ്പിക്കട്ടെ.
പുതിയ എഡിറ്റോറിയൽ ബോർഡ് ചുമതലയേറ്റ് രണ്ടു വർഷം തികയുന്ന ഈ ആഹ്ളാദ മുഹൂർത്തത്തിൽ മറ്റൊരു മധുരം കൂടി പ്രിയ വായനക്കാർക്ക് സമ്മാനിക്കുവാനുണ്ട്: ഇന്ന് മലയാളത്തിൽ എഴുതുന്ന ഏറ്റവും versatile എഴുത്തുകാരൻ എന്ന് സംശയലേശമെന്യേ വിശേഷിപ്പിക്കാവുന്ന കല്പറ്റ നാരായണൻ ‘നമ്മുടെ ആരോഗ്യ’ത്തിൽ ഒരു കുഞ്ഞു കോളം ഈ ലക്കം മുതൽ എഴുതാൻ ആരംഭിക്കുകയാണ്. 'വാകച്ചാർത്തി'ൽ കല്പറ്റ നാരായണന്റെ കൈയൊപ്പു പതിയുമ്പോൾ ഗദ്യം കവിതയിലലിയുന്നതിനാണ് വായനക്കാർ ദൃക്സാക്ഷികളാവുന്നത്. ഇന്ത്യൻ ഭാഷകളിലെ തന്നെ ഏറ്റവും ഉദാത്തമായ ദൈവ സങ്കല്പം സാക്ഷാത്കരിച്ച, വഴിയിൽ താങ്ങിയ അപരിചിതൻ എന്നിലുള്ള സംശയം തീർത്തു തന്നില്ലേ, പ്രിയപ്പെട്ട കല്പറ്റ മാഷുടെ സ്നേഹത്തിനു മുന്നിൽ മാഗസിൻ നിറഞ്ഞ ഹൃദയത്തോടെ കൈ കൂപ്പുന്നു.

ഈ ലക്കത്തിൽ വളരെ വ്യത്യസ്തമായ ഒരു അനുഭവം കൂടി വായനക്കാരെ കാത്തിരിക്കുന്നുണ്ട്. രണ്ടു വൈദ്യശാസ്ത്രവിഭാഗങ്ങളെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന പതിനെട്ടോളം പണ്ഡിതോചിതമായ ലേഖനങ്ങൾ ഇത്തവണ മാഗസിൻ വായനക്കാർക്ക് വേണ്ടി തുറന്നു വെക്കുന്നു. ശിശു ചികിത്സയിലും റേഡിയോളജിയിലും വന്ന വലിയ മാറ്റങ്ങളെ അഭിസംബോധന ചെയ്യുന്ന ആ പഠന കുറിപ്പുകൾ ഈ ലക്കത്തെ മറ്റൊരു collector's treasure ആക്കി രൂപാന്തരപ്പെടുത്തുകയാണ്.
ലോകത്തിന്റെ വസന്തമായ കുട്ടികളുടെ ആരോഗ്യം ഏതൊരു സമൂഹത്തിന്റെയും ഏറ്റവും വലിയ മുൻഗണനകളിലൊന്നാണ്. അതുകൊണ്ടുതന്നെയാണ് ലോകത്തിലെ ഏത് മുൻനിര രാഷ്ട്രങ്ങളുടെയും ആരോഗ്യ പരിപാലന രംഗത്തെ മികവിനോട് അക്ഷരാർത്ഥത്തിൽ കിടപിടിക്കുന്ന ആരോഗ്യ സൂചികകൾ സ്വന്തമാക്കിയ കേരളത്തിന്റെ ശിശുമരണനിരക്ക് (IMR), അത്ഭുതാവഹമായ നാല് എന്ന അക്കത്തിൽ എത്തി നിൽക്കുന്നതിൽ മലയാളികൾ ചരിതാർത്ഥരാവുന്നതും. കുഞ്ഞുങ്ങൾക്ക് മരുന്നു നൽകുന്നതിന്റെ രീതികൾ മുതൽ അവരിലെ ആവർത്തിക്കുന്ന പനി വരെയുള്ള സമസ്യകൾ ഗാഢമായി പരാമർശിക്കുന്ന ലേഖനങ്ങൾ ശിശു ചികിത്സാ രംഗത്തെ വെല്ലുവിളികളെ ക്കുറിച്ച് സമഗ്രമായ കാഴ്ചപ്പാടാണ് പ്രദാനം ചെയ്യുന്നത്.
ഡോ. ശ്രീപ്രസാദ് ടി.ജി, ഡോ. എം. വിജയകുമാർ, ഡോ. ബിനുക്കുട്ടൻ.പി.വി, ഡോ. രഞ്ചിത്ത് പി, ഡോ. നീന ഷൈലൻ, ഡോ. ജീതു ജോർജ്, ഡോ. രഞ്ചിത് കുമാർ. ടി, സംഗീത സി.വി, ഡോ. രേഷ്മ. എം എന്നിവർക്ക് നന്ദി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന വർഷങ്ങളിൽ റോൺജൻ, എക്സ്റേയിലൂടെ ലളിതമായി തുടക്കം കുറിച്ച ഒരു വൈദ്യശാസ്ത്ര ശാഖ ഇന്ന് വികസിച്ച് രോഗ പ്രതിരോധത്തിലേക്കും, ഇന്റെർവെൻഷനൽ റേഡിയോളജിയിലേക്കുമൊക്കെ എത്തിനില്പാണ്. കീറിമുറിക്കാതെ ശരീരത്തിന്റെ ഉൾഭാഗങ്ങൾ കാണാനുള്ള മനുഷ്യന്റെ ചിരകാല മോഹമാണ് ഇമേജിങിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. രോഗനിർണ്ണയരംഗത്തെ വൻ കുതിച്ചുചാട്ടത്തിന് വേദിയൊരുക്കുക വഴി ഡോപ്ളറും അൾട്രാസോണോഗ്രാഫിയും സി.ടിയും എം.ആർ.ഐയുമൊക്കെ വൈദ്യശാസ്ത്രത്തിന്റെ ജനിതകം തന്നെ തിരുത്തിക്കുറിക്കുകയായിരുന്നു. അണിമയിൽ നിന്ന് നിമിഷങ്ങൾക്കകം മഹിമയിലേക്കെത്തുന്ന മിത്തിക്കൽ കഥാപാത്രമെന്ന പോലെ റോൺജെൻ - രശ്മികളിൽ നിന്ന് തുടങ്ങിയ ആ നിശ്ശബ്ദ വിപ്ലവം ഇന്ന് പ്രതിരോധ ചികിത്സയിലേക്ക് വരെ വികസിച്ച ത്രസിപ്പിക്കുന്ന അനുഭവമായി മാറിക്കഴിഞ്ഞിരിക്കുന്നു. ആ വൈദ്യശാസ്ത്ര ശാഖയുടെ ആൽഫ മുതൽ ഒമേഗ വരെ അനാവൃതമാവുകയാണ് വരും പേജുകളിൽ. ഇമേജിങ്ങ് എന്ന പ്രതിഭാസത്തെ ഗഹനമായി പരിശോധിക്കുന്ന മികച്ച ലേഖനങ്ങൾ എഴുതിയ ഡോ. മാത്യു തോമസ്, ഡോ. അമിലു എൽസാ വർഗീസ്, ഡോ. അംജദ എ കലാം, ഡോ. ബീനാമോള്‍സൂറാക്കുട്ടി, ഡോ. അവ്നി സ്കന്ദൻ, ഡോ. രാജേഷ് എം.ജി, ഡോ. ഗായത്രി കെ.എസ്, ഡോ. എം. അരുൺ മോഹൻ, ഡോ. അജിത. ജെ. എസ് എന്നിവരെ ‘നമ്മുടെ ആരോഗ്യം’ അഭിമാനത്തോടെ സ്മരിക്കുന്നു.
മികച്ച കഥകളിലൂടേയും ആത്മാർത്ഥത നിറഞ്ഞ കുറിപ്പുകളിലൂടേയും മലയാളിയുടെ സർഗ്ഗാത്മക ഭൂപടത്തിൽ ഇരിപ്പുറപ്പിച്ച എഴുത്തുകാരനാണ് ടി.കെ. ശങ്കരനാരായണൻ. ഇത്തവണ അദ്ദേഹമാണ് പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച് എഴുതുന്നത്. ഡോക്ടർമാർ ദൈവത്തിന്റെ അതേ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് അടിവരയിടുകയാണ് പ്രിയ എഴുത്തുകാരൻ. കടവുൾ അവതാരങ്ങൾ എന്ന് സ്നേഹപൂർവ്വം അദ്ദേഹം ഡോക്ടർമാരെ പുനർ നാമകരണം ചെയ്യുന്നുണ്ട്.
സ്നേഹവും ഗൃഹാതുരത്വവും നിറഞ്ഞ ഓർമ്മകളിൽ നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാർ ഡോക്ടർമാരെ പ്രതിഷ്ഠിക്കുമ്പോഴും പലപ്പോഴും പൊതുസമൂഹം ശ്രദ്ധിക്കാതെ പോവുന്ന കാര്യം ഡോക്ടർ പദവി നേടിയെടുക്കാൻ ഓരോ മെഡിക്കൽ വിദ്യാർത്ഥിയും അഭിമുഖീകരിക്കുന്ന കഠിന പരീക്ഷണങ്ങളാണ്. വളരെ മുമ്പേ പ്രസിദ്ധീകരിക്കപ്പെ ട്ടെങ്കിലും, അപ്രതീക്ഷിതമായി ഈയിടെ മാത്രം വായിക്കാനിടവന്ന എറിക് സീഗാളിന്റെ Doctors എന്ന പുസ്തകം എന്നെ വല്ലാതെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. നീണ്ട ആഖ്യാനമാണെങ്കിലും ഓരോ മെഡിക്കൽ വിദ്യാർത്ഥിയും കടന്നുപോവുന്ന കടുത്ത അനുഭവങ്ങളും, ബൃഹത്തായ കരിക്കുല പഠനത്തിന്റെ പ്രയാസങ്ങളുമൊക്കെ അനുതാപ പൂർണ്ണമായി ഈ പുസ്തകം നമ്മളോട് സംസാരിക്കുന്നു.
കേരളത്തിൽ അഞ്ചിൽ ഒരാളെയെങ്കിലും ബാധിച്ചിരിക്കും എന്ന പഠന റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ പ്രമേഹം ഇന്ന് മലയാളി അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യ വെല്ലുവിളികളിലൊന്നായി മാറിയിട്ടുണ്ട്. മെറ്റബോളിസത്തിന്റെ അടിസ്ഥാനശിലകളെ തന്നെ തകർക്കുകയും മനുഷ്യന്റെ ഒരോ അവയവത്തിലും അനഭികാമ്യമായ സാന്നിദ്ധ്യമായി മാറുകയും ചെയ്യുന്ന ഈ രോഗം കണ്ണുകളെ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണമാണ് ഡോ :ബേബി തോമസിന്റെ പ്രമേഹവും കണ്ണും എന്ന മികച്ച ലേഖനം. ലോക പ്രമേഹദിനത്തിന്റെ പശ്ചാത്തലത്തിൽ ആ ലേഖനം കൂടുതൽ സംഗത മാവുകയാണ്.
പി.സി. പി.എൻ ഡി.ടി (PC PNDT) നിയമത്തെ ശക്തമായി വിചാരണ ചെയ്യുന്ന ഗഹനമായ ഒരു പഠനം ഈ ലക്കത്തിലുണ്ട്. പ്രധാനമായും പെൺഭ്രൂണഹത്യ തടയുന്നതിനായി രൂപകല്പന ചെയ്യപ്പെട്ട ഈ നിയമം ഡോക്ടർമാർക്ക് കുരിശായിത്തീരുന്നതെ ങ്ങിനെയെന്ന് ആഴത്തിൽ വിശദീകരിക്കുകയാണ് ഡോ: എം.പി .സുരേഷ് ബാബു, ചോദ്യം / ഉത്തരം കോളത്തിൽ. സമൂഹ നന്മയെ ലക്ഷ്യം വെക്കുന്ന നിയമങ്ങൾ ജനവിരുദ്ധവും ഡോക്ടർമാർക്ക് തീരാ തലവേദനയുമായി മാറുന്ന വൈരുദ്ധ്യം നിശ്ചയമായും തിരുത്തപ്പെടേണ്ടതുണ്ട്. ഇത്തരം തെറ്റുതിരുത്തലുകൾക്ക് ചർച്ചാ ഭൂമികയാവുന്നത് ഏതൊരു പ്രസിദ്ധീകരണവും കാംക്ഷിക്കുന്ന അംഗീ കാരമാണ്.
ഒളിവർ സാക്സിന്റെ Man Who mistook his wife for a hat എന്ന പ്രശസ്ത പുസ്തകത്തിലെ ആഖ്യാനങ്ങളുടെ കൈയടക്കത്തെ ഓർമ്മിപ്പിക്കുന്ന ലേഖനമാണ് ഡോ. കെ.ആർ. ഹസീന എഴുതിയ വേദനിപ്പിക്കുന്ന ഒരു റഫറലിന്റെ ഓർമ എന്ന അനുഭവവിവരണം. കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മ ലോകത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്. ആ അനുഭവത്തിന്റെ തീവ്രത ഡോ: ഹസീന പൊള്ളുന്ന വാക്കുകളിൽ പകർത്തിയത് വായനക്കാരനെ ഗാഢമായി നൊമ്പരപ്പെടുത്തും.
പ്രിയ വായനക്കാർ ഒപ്പമുണ്ടാവും എന്ന നിതാന്ത പ്രതീക്ഷയാണ് നമ്മുടെ ആരോഗ്യത്തിന്റെ മുന്നോട്ടുള്ള യാത്രക്ക് എന്നും കരുത്തുപകരുന്ന ഘടകം. നിശ്ചയമായും ഒപ്പമുണ്ടാവുമല്ലോ. നന്ദി, പ്രിയപ്പെട്ടവരേ…
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

