‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ ഡിസംബർ ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

കേരളീയ സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി ചെണ്ട മാറിത്തുടങ്ങിയതെന്നാണ് എന്നതിന് കൃത്യമായ രേഖകളില്ല. വലന്തലയിൽ പൂവിടരുന്ന ശബ്ദവും ഇടന്തലയിൽ ഇടിമിന്നലും ആവിഷ്കരിക്കാനാവുന്ന അസാദ്ധ്യ വാദ്യമായതുകൊണ്ടാണ് ചെണ്ടയെ, എല്ലാ വാദ്യവും ചെണ്ടക്കു താഴെ എന്ന ഉന്നത പീഠത്തിൽ മലയാളി നിസ്സംശയം പ്രതിഷ്ഠിച്ചത്. കഥകളിയിലും തായമ്പകയിലുമുൾപ്പെടെ കേരളീയ സാംസ്കാരിക പരിസരത്തിന്റെ ഓരോ നിർണ്ണായക സ്ഥാനങ്ങളിലും ചെണ്ടയുടെ ഹരം പിടിപ്പിക്കുന്ന ശബ്ദസാന്നിദ്ധ്യം അടയാളപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ചെണ്ടയിൽ ശബ്ദ സാഗരം സൃഷ്ടിച്ച ഏറ്റവും മഹാന്മാരായ വാദ്യകലാകാരിലൊരാളാണ് ഈ ലക്കത്തിൽ നമ്മുടെ അതിഥി.

പല്ലാവൂർ സഹോദരങ്ങൾ, പെരുവനം, തൃത്താല കേശവപ്പൊതുവാൾ, കിഴക്കൂട്ട് അനിയൻ മാരാർ തുടങ്ങി ചെണ്ടയെ പതിനെട്ടു വാദ്യങ്ങൾക്കും മീതെ ഉയർത്തിയ വലിയ കലാകാരരിൽ പ്രമുഖ സ്ഥാനത്താണ് ശങ്കരൻകുട്ടി മാരാരുടെ സ്ഥാനം. പഞ്ചാരിയിൽ നിന്ന് പാണ്ടിയിലേക്ക് കൊട്ടിക്കേറുന്ന മേളപ്രമാണിയിൽ നിന്ന് ചികിത്സകരെ മാറോട് ചേർത്തുപിടിക്കുന്ന ഹൃദയാലുവിലേക്ക് നടത്തുന്ന കൂടുമാറ്റമാണ് ചെണ്ട എന്റെ നിത്യ ഔഷധം എന്ന അദ്ദേഹത്തിന്റെ കുറിപ്പ്. മനസ്സും ശരീരവും ആഹ്ളാദഭരിതമാവുമ്പോൾ അനാരോഗ്യത്തിന് ശരീരത്തിലേക്ക് കടന്നുകയറാനാവില്ലെന്ന് സ്വന്തം ജീവിതം മുൻനിർത്തി അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ആ പാഠം നിശ്ചയമായും വിലയേറിയതാണ്.

കേരളത്തിന്റെ രോഗാതുരതയെ ഭീഷണമാക്കുന്ന ജീവിതശൈലീ രോഗങ്ങളുടെ രാജാവാണ് പ്രമേഹം. 20% പേരെങ്കിലും ആ രോഗത്തിന്റെ നിഴലിലാണ് എന്ന വസ്തുതയാണ് കൊണ്ടാടപ്പെട്ട കേരള ഹെൽത്ത് മോഡലിനെ പ്രശ്നവൽക്കുന്നതിൽ പ്രധാനം. പ്രാചീന മധുമേഹകാലത്തുനിന്ന് ആധുനിക ജീവിതരീതിയിലേക്കെത്തുമ്പോൾ ശാസ്ത്രീയ അവബോധവും രോഗനിർണ്ണയവും ചികിത്സയും കരുത്താർജജിക്കുന്നതിനൊപ്പം രോഗവും അനുബന്ധ പ്രതിസന്ധികളും പതിന്മടങ്ങ് സങ്കീർണ്ണമാവുന്ന അസാധാരണ സ്ഥിതിവിശേഷമാണ് നമ്മെ അമ്പരപ്പിക്കുന്ന ഘടകം. പ്രമേഹത്തിനെക്കുറിച്ചുള്ള ഗഹനമായ എട്ടു പഠനങ്ങൾ ഈ ലക്കം മാഗസിൻ വായനക്കാർക്കായി സമർപ്പിക്കുന്നു.

ഡോ. കെ.സി. മുഹമ്മദ് അഫ്രോസ്, ഡോ. ജ്യോതിദേവ് കേശവദേവ്, ഡോ. അനീഷ് അഹമ്മദ്, ഡോ. ശ്രീജിത്ത് എൻ. കുമാർ, ഡോ. ജെ.സജികുമാർ, ഡോ. സന്ദീപ് ശ്രീധരൻ, ഡോ. അജീർ അഹമ്മദ്. വി, ഗീതു സനൽ എന്നിവരാണ് ലേഖകർ.

മനുഷ്യകുലത്തിന്റെ നിലനില്പിനു തന്നെ അടിസ്ഥാനമായ ഏറ്റവും ആർദ്രമായ മാനസികാവസ്ഥകളിലൊന്നാണ് പ്രണയം. മഹാഭാരതത്തിൽ ഭീമനെ പോലെ കൃഷ്ണയെ മററാരും പ്രണയിച്ചിട്ടില്ലെങ്കിലും അത് ദ്രൗപദി അറിയുന്നത് ആ തിരിച്ചറിയലും, സ്നേഹം പോലും നിരർത്ഥകമാവുന്ന ആ അസാധാരണ മുഹൂർത്തത്തിലാണ്: ജീവൻ വെടിയാൻ അവർക്കിരുവർക്കും നിമിഷങ്ങൾ പോലും അവശേഷിക്കാത്ത ആ നിർണ്ണായക മുഹൂർത്തത്തിൽ. പ്രണയത്തിന്റെ അത്തരം നിറഭേദങ്ങളാണ് ഒരു നഷ്ടപ്രണയത്തിന്റെ ഛായയിൽ കല്പറ്റ നാരായണൻ വാകച്ചാർത്തിൽ ഉൾച്ചേർക്കുന്നത്.

ലെസ്ലി എ. ഗിഡ്ഡസ് എഴുതിയ വിസ്മയിപ്പിക്കുന്ന പഠന ഗ്രന്ഥമാണ് Watermarks. ഡാവിഞ്ചിയുടെ ജലനിരീക്ഷണങളാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഡാവിഞ്ചി നടത്തിയ എറ്റവും പ്രാധാന്യമേറിയ തത്വചിന്താപരമായ ശസ്ത്രീയപഠനങ്ങളാണ് അദ്ദേഹത്തിന്റെ ജലപഠനങ്ങൾ എന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജലത്തിന്റെ ഒഴുക്കിനെക്കുറിച്ചും രൂപാന്തരങ്ങളെക്കുറിച്ചും, ജീവനുമായുള്ള ബന്ധത്തെക്കുറിച്ചും അമ്പരപ്പിക്കുന്ന നിരീക്ഷണങ്ങളാണ് ഡാവിഞ്ചി നടത്തിയത്. യഥാർത്ഥ ജലസാക്ഷരതയിൽ നമ്മൾ എത്ര അകലെയാണെന്ന് ആ പുസ്തകം നമ്മെ ബോദ്ധ്യപ്പെടുത്തും. ഡോ. സുൾഫിക്കർ അലി ജലജാഗ്രതയെക്കുറിച്ച് എഴുതിയ ലേഖനം ഇത്തരുണത്തിൽ വളരെയേറെ പ്രസക്തമാവുന്നു.

വാർദ്ധ്യകത്തെക്കുറിച്ച് ഈ ലക്കത്തിൽ രണ്ടു മികച്ച ലേഖനങ്ങളുണ്ട്. ഡോ. വി.യു. സീതി എഴുതിയ വാർദ്ധക്യത്തെ സമൂഹജീവിതത്തിന്റെ പശ്ചാത്തലത്തിൽ അടയാളപ്പെടുത്തുന്ന ലേഖനവും, ‘മറക്കാനാവാത്ത രോഗി’ എന്ന പംക്തിയിൽ ഡോ. ശങ്കർ മഹാദേവൻ എഴുതിയ ‘ആഘോഷമാവട്ടെ നമ്മുടെ വാർദ്ധക്യം’ എന്ന ഓർമ്മക്കുറിപ്പുമാണവ. രണ്ടു കുറിപ്പുകളും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ച് ഒരേ കാഴ്ചപ്പാടിലേക്ക് തിരിച്ചെത്തുന്നത് തികച്ചും കൗതുകകരമാണ്. വാർദ്ധക്യത്തിലെ ഒറ്റ പ്പെടലിനെക്കുറിച്ചാണ് രണ്ടു പേരും ആശങ്കാകുലരാവുന്നത്.

നെപ്പോളിയന്റെ റഷ്യൻ അധിനിവേശക്കാലത്താണ്. രക്തരൂക്ഷിതമായൊരു പോരാട്ടത്തിനു ശേഷം അദ്ദേഹം പടകുടീരത്തിലെത്തിയതേയുള്ളൂ. കിതച്ചെത്തിയ സന്ദേശവാഹകൻ രഹസ്യവിവരം കൈമാറി. അഞ്ഞൂറോളം റഷ്യൻ പടയാളികൾ ഗുരുതരമായി പരുക്കേററു പടക്കളത്തിൽ കിടക്കുന്നു. എന്തു ചെയ്യണം? രക്തക്കറ മായാത്ത തന്റെ ഉടവാൾ ഉറയിലിടുന്നതിനു മുമ്പ് സൈനികദളത്തിലെ ഏറ്റവും പ്രഗത്ഭനായ ഡോക്ടർ ഡൊമിനിക് ഴാങ് ലാരിയോട് നെപ്പോളിയൻ ആജ്ഞാപിച്ചു: പടയാളികൾ യുദ്ധമുഖത്താണ്. ഇപ്പോൾ അവർ ദുരിതമനുഭവിക്കുന്ന മനുഷ്യരാണ്. ഉടൻ പോയി രക്ഷിക്കൂ. ഴാങ് ലാരിയും അദ്ദേഹത്തിന്റെ മെഡിക്കൽ ടീമും നിമിഷങ്ങൾക്കുളളിൽ അവിടെ എത്തി, ഓരോരുത്തരുടേയും ഗുരുതരാവസ്ഥയുടെ തീവ്രതയനുസരിച്ച് അവർക്ക് ചികിത്സ നൽകി. അതായിരുന്നു ട്രയാജ് എന്ന തീവ്രപരിചരണരീതിയുടെ തുടക്കം. ഡോ. പി. ശശിധരൻ ട്രയാജിനെക്കുറിച്ച് മികച്ച ആഖ്യാനം നടത്തുമ്പോൾ വൈദ്യശാസ്ത്രചരിത്ര വിദ്യാർത്ഥികൾക്ക് ട്രയാജിന്റെ 'ഫ്രഞ്ച് കണക് ഷൻ' ഓർക്കാതിരിക്കാനാവില്ല.

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പതാക ഉയർത്തിപ്പിടിക്കേണ്ടവരാണ് മെഡിക്കൽ വിദ്യാർത്ഥികൾ. ആശുപതി - ഡോക്ടർ ആക്രമണം മുതൽ ക്രോസ് പതി (cross pathy / Mixopathy), ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻ്റ് ബിൽ, അനസ്തീഷ്യയിലേക്കും ഫാർമക്കോളജിയിലേക്കും സർജറിയിലേക്കുമുള്ള അശാസ്ത്രീയ ആയുഷ് കടന്നുകയറ്റങ്ങൾ, മികച്ച തൊഴിലവസരങ്ങളുടെ ലഭ്യതക്കുറവ്, കോർപ്പറേറ്റ് ആശുപത്രികളുടെ ആരോഗ്യ അധിനിവേശ ശ്രമങ്ങൾ തുടങ്ങി ഒട്ടനവധി പൊള്ളുന്ന വിഷയങ്ങളാണ് ഭാവി ഡോക്ടർമാരെ തുറിച്ചുനോക്കുന്നത്. സംഘബലത്തിലൂടെ മാത്രം പരിഹാരം കണ്ടെത്താനാവുന്ന ഇത്തരം കടുത്ത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ സർഗ്ഗാത്മകതയും സംഘടനാ ശേഷിയുമുള്ള യുവത്വം ഉയർന്നു വരണം. കല അടിസ്ഥാനമാക്കിയുള്ള കൂട്ടായ്മകളുടെ പ്രസക്തി അവിടെയാണ്. കലോത്സവങ്ങൾ സർഗ്ഗാത്മകതയുടെ, സംഘാടന മികവിന്റെ ഉത്സവങ്ങളായി രൂപാന്തരം കൊള്ളുന്നത് കാണാം. മെഡിക്കൽ കലോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ ഋതിക പി.കെ കഥാരചനാ രംഗത്തെ പുത്തൻ പ്രതീക്ഷയായി ഉയർന്നുവരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായ ഋതികയുടെ കഥ സർഗ്ഗാത്മക പ്രകാശത്തിന്റെ ഫിലമെൻ്റ് ബൾബാണ്.

ഡോ. സി.വി. കൃഷ്ണൻകുട്ടി, ഡോ. അരുൺ എൻഎം, ഡോ. ശ്രീകല സി.ജി, ഡോ. കെ.സി. തുളസിദേവി, ഡോ. എം.കെ. ഗീതാ രാജീവ്, ഡോ. ബി. ഇക്ബാൽ, ഡോ. ആർ. ഇന്ദുധരൻ, ഡോ. കെ. വേണുഗോപാൽ, ഡോ. എൻ സുന്ദരേശൻ, ഡോ. മഹേഷ് ദേവ്. ജി, ഡോ. രാംകുമാർ മേനോൻ എന്നീ പ്രഗത്ഭ ചികിത്സകരുടെ ലേഖനങ്ങളും ഈ ലക്കത്തിൽ വായിക്കാം.

Primum Non nocere (First, do not harm ) എന്ന തത്വം ഹിപ്പോക്രാറ്റിക് പ്രതിജ്ഞയിലില്ലെങ്കിലും അതിന്റെ അടിസ്ഥാന ദർശനമതാണ്. തന്റെ ജീവൻ പോലും തൃണവൽക്കരിച്ച് രോഗികളേയും പരുക്കേറ്റവരേയും പരിചരിച്ച ഫ്ലോറൻസ് നൈറ്റിംഗേൽ എന്ന വിളക്കേന്തിയ മാലാഖയാണ് ആരോഗ്യദർശനത്തിൽ ആ തത്വം ഉൾച്ചേർത്തത്. ഇന്ത്യയെ മുഴുവൻ നടുക്കിക്കൊണ്ട് 2025 നവംബർ പത്താം തിയ്യതി ഡൽഹിയിൽ നടന്ന തീവ്രവാദി ചാവേർ ആക്രമണത്തിൽ പതിനഞ്ചിലേറെ നിരപരാധികൾ വധിക്കപ്പെട്ടു. ഡോക്ടർമാരാണ് ആ കാർസ്ഫോടനം ആസൂത്രണം ചെയ്തതും നടപ്പാക്കിയതുമെന്ന മീഡിയാ റിപ്പോർട്ടുകൾ അക്ഷരാർത്ഥത്തിൽ ഇന്ത്യൻ വൈദ്യശാസ്ത്രരംഗത്തെ തന്നെ ഞെട്ടിച്ചു.

ഐ എം എയും നാഷനൽ മെഡിക്കൽ കമ്മീഷനും ആ തീവ്രവാദികളുടെ മെഡിക്കൽ രജിസ്ട്രേഷനും സംഘടനാഅംഗത്വവും ഉടനടി റദ്ദാക്കിക്കൊണ്ട് കൃത്യമായ നിലപാടുകൾ സ്വീകരിക്കുകയുണ്ടായി. ശത്രുക്കളായി അവർ പോലും അടയാളപ്പെടുത്താത്ത, തികച്ചും നിഷ്കളങ്കരായ സാധുമനുഷ്യരെ കൊല്ലുന്നത് ഒരു മതവും, ആധുനിക സമൂഹവും അംഗീകരിക്കാതിരിക്കെ ഇത്തരം തികച്ചും അപലപനീയമായ കൃത്യങ്ങൾ ഡോക്ടർമാർ ചെയ്തത് ഇന്ത്യൻ വൈദ്യശാസ്ത്ര ശാഖയുടെ മുഖത്തേൽക്കുന്ന തീരാകളങ്കമായി. അവർക്ക് ഇനിയെങ്കിലും സദ്ബുദ്ധി തോന്നട്ടെ എന്ന് ആശംസിക്കാനേ നമുക്കാവൂ. ഡോ. മീനാക്ഷിയുടെ കാഴ്ചകളിൽ ആ നടുക്കമാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

അനുകമ്പാദശകത്തിലാണ് ഗുരു ആ വരികൾ എഴുതിയത്:

ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നൽകുകുള്ളിൽ നിൻ
തിരുമെയ് വിട്ടകലാതെ ചിന്തയും.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments