‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ 2026 ഫെബ്രുവരി ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

കുറേ മുമ്പ് വായിച്ചതാണെങ്കിലും ഇന്നും നട്ടെല്ലിലൂടെ പാഞ്ഞുപോവുന്ന ഒരു ആന്തൽ ഓർമ്മയായി നിൽക്കുന്നു, When breath becomes air എന്ന പുസ്തകം. മരണത്തിന്റെ വിളുമ്പിൽ നിന്ന് ജീവിതത്തെ പ്രണയത്തോടെ തൊടാൻ കൈയെത്തിക്കുന്ന ആ പുസ്തകം ഒരു മനുഷ്യൻ എന്ന നിലയിൽ നിങ്ങളെ അടിമുടി രൂപാന്തര പ്പെടുത്താൻ പര്യാപ്തമായേക്കും. മിടുക്കനായ ഒരു മെഡിക്കൽ പ്രൊഫഷണൽ, ഭീതിദമായ ശാന്തതയോടെ പതുക്കെ പതുക്കെ ഓരോ നിമിഷത്തിലും സമീപസ്ഥമായിക്കൊണ്ടിരിക്കുന്ന ഉറച്ച മരണം എന്ന അവസ്ഥയെ അഭിമുഖീകരിക്കുന്നതും ഒരുപക്ഷേ, സർഗ്ഗാത്മകമായി അതിനെ അതിജീവിക്കുന്നതുമായ ആ ജീവരേഖ അക്ഷരാർത്ഥത്തിൽ സ്വന്തം ഹൃദ് രക്തത്തിൽ എഴുതപ്പെട്ടതാണ്.

മെറ്റാസ്റ്റാറ്റിക് ലങ് ക്യാൻസർ തലച്ചോറിൽ കൂർത്ത നഖങ്ങൾ ആഴ്ത്തുമ്പോൾ പോലും പോൾ കലാനിധി, ഏത് സാങ്കല്പിക കഥയിലെ അത്ഭുത മനുഷ്യനേയും വെല്ലുന്ന മനഃസ്ഥൈര്യം കാണിക്കുന്നത്, സ്വപ്നങ്ങൾ പങ്കുവെക്കുന്നത് നിങ്ങളെ നിരുദ്ധകണ്ഠനാക്കും. ഒരു തേങ്ങൽ നിങ്ങളുടെ കുരലിലെവിടെയോ പുറത്തുവരാതെ തങ്ങിനിൽക്കും. പ്രപഞ്ചത്തിന്റെ കോണിലെ മനുഷ്യൻ എന്ന നിസ്സാരജീവി നിങ്ങളുടെ മനസ്സിൽ ഏതോ അഭൗമ പദവി യിലേക്ക് ഉയർത്തപ്പെടും.

ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിലൂടെ കടന്നുപോവുമ്പോൾ ആ പുസ്തകം ഓർക്കാതെ വയ്യ. നിങ്ങളുടെ വായനാമുറിയിലേക്ക് ആ പുസ്തകത്തെ ഹൃദയത്തോട് ചേർത്ത് സ്വാഗതം ചെയ്യാനുള്ള ആർദ്രത നിങ്ങൾക്കുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

ചുമ മുതൽ ശ്വാസകോശ അർബുദം വരെയുള്ള ശ്വസന സംബന്ധിയായ അസുഖങ്ങളെ മെഡിക്കൽ സയൻസിന്റെ കാചത്തിലൂടെ നോക്കിക്കാണുന്ന പന്ത്രണ്ടു ലേഖനങ്ങളാണ് ഇത്തവണ വായനക്കാർക്കുള്ള പ്രത്യേക ഉപഹാരം. ഡോ. കെ.വി പത്മനാഭൻ, ഡോ. പ്രമതകല. എം, ഡോ. വേണുഗോപാലൻ. പി, ഡോ. ഷാജഹാൻ. പി. എസ്, ഡോ. അബ്ദുൾ സത്താർ എ.എ, ഡോ. ബിനു കൃഷ്ണ, ഡോ. കമല ആർ, ഡോ. നീതു തമ്പി, ഡോ. രജ്ന ദിൽനാഥ്, ഡോ. ജാഫർ ബഷീർ, ഡോ. എ. സദാനന്ദൻ എന്നീ പ്രഗൽഭ ചികിത്സകർ അവരുടെ ആഴത്തിലുള്ള വിജ്ഞാനം വായനക്കാരുമായി പങ്കുവെക്കുന്നു.

രണ്ടു തലമുറകളുടെ ജീവൽമാലാഖയായി തീർന്ന ഡോക്ടറെക്കുറിച്ചാണ് കഥാകൃത്ത് അർഷാദ് ബത്തേരി എഴുതുന്നത്. ഡോ. ഡി. മധുസൂദനൻ എന്ന ചികിത്സകൻ ആദ്യം ഗ്രാമത്തിലെ ജനറൽ പ്രാക്ടീഷണറായും വർഷങ്ങൾക്കുശേഷം നഗരത്തിലെ ശിശു ചികിത്സാവിദഗ്ധനായും അവതാരം കൈക്കൊള്ളുന്നത് രണ്ടവസരങ്ങളിലും 'ഒടിഞ്ഞു നുറുങ്ങി' നിന്ന എഴുത്തുകാരന്റെ ഓർമ്മകളിൽ തെളിയുന്നു.

ഒരു ദൈവദൂതനെന്ന പോലെ രോഗിയുടെ / രോഗിയുടെ പിതാവിന്റെ മനസ്സിൽ ആ ഡോക്ടർ എന്തുകൊണ്ട് പ്രിയതരമായ സ്ഥാനമുറപ്പിക്കുന്നു എന്ന് വായനക്കാരന് കൃത്യമായി ബോദ്ധ്യപ്പെടുന്നിടത്താണ് ഈ ചെറിയ കുറിപ്പ് വലിയ വിജയം നേടുന്നത്.

വളരെയേറെ കാലികപ്രാധാന്യമുള്ള നാലു ലേഖനങ്ങൾ ഫെബ്രുവരി ലക്കം മാഗസിൻ വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട്. ജപ്പാൻ ജ്വരം, സോഷ്യൽ മീഡിയാ ദുരുപയോഗം, മെഡിക്കൽ പിജി എൻട്രൻസ് കട്ട് - ഓഫ് മാർക്ക്, എലിപ്പനി എന്നീ പൊള്ളുന്ന പൊതുജനാരോഗ്യപ്രശ്നങ്ങൾ യഥാക്രമം ഡോ. നവ്യ തൈക്കാട്ടിൽ, ഡോ. പി.എൻ സുരേഷ് കുമാർ, ഡോ. പി.വി.ബെന്നി, ഡോ. ഫാത്തിമ വദ്ര എന്നീ പ്രഗൽഭർ ആധികാരികമായി ചർച്ച ചെയ്യുന്നു. സാമൂഹികാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്നു എന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിൽ ഭാരതസർക്കാർ 2009-ൽതന്നെ ജെ.ഇ (JE) വാക്സിൻ, പ്രതിരോധ കുത്തി വെപ്പുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തി നൽകാൻ തുടങ്ങിയിരുന്നുവെങ്കിലും ക്യൂലക്സ് ട്രൈറ്റാനിയോറിംഗസ് എന്ന കൊതുകിന്റെ സാന്നിദ്ധ്യം കേരളത്തിൽ ജപ്പാൻ ജ്വര ഭീഷണി ശതഗുണീഭവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഇക്കഴിഞ്ഞ മാസം നമ്മുടെ നാട്ടിൽ വ്യാപകമായി ജെ.ഇ വാക്സിൻ നൽകിത്തുടങ്ങുന്നത്. നൂറിൽ, മുപ്പതു രോഗികൾ മരിച്ചു പോവുന്ന ഈ ഗുരുതര രോഗത്തെക്കുറിച്ച് 2002-ൽ സ്പ്രിംഗ്ലർ നേച്ചർ ലിങ്ക് പ്രസിദ്ധീകരിച്ച മക്കെൻസി - ബെന്നറ്റിന്റെ Jananese encephalitis and west nile viruses എന്ന ഗ്രന്ഥം ആധികാരിക രേഖയായി കരുതപ്പെടുന്നു.

കഴിഞ്ഞ മാസം ഒരു ചെറുപ്പക്കാരൻ സോഷ്യൽ മീഡിയാ ഷെയിമിങ്ങിന് ഇരയായി ആത്മഹത്യ ചെയ്ത സംഭവം മലയാളി മനസ്സിനെ ഗാഢമായി ഉലയ്ക്കുകയുണ്ടായി. അത്തരം സംഭവങ്ങളുടെ മന:ശാസ്ത്രപരമായ ഉള്ളടക്കം അന്വേഷിക്കുകയാണ് പ്രശസ്ത മാനസികാരോഗ്യ വിദഗ്ധനായ ഡോ. പി.എൻ. സുരേഷ് കുമാർ. Pavica Sheldon - philipp A ടീമിന്റെ പ്രശസ്ത അപഗ്രന്ഥന ഗ്രന്ഥം, The dark side of Social media, ഇത്തരുണത്തിൽ വളരെ പ്രസക്ത മാവുന്നുണ്ട്. മൂന്നു ഭാഗങ്ങളിൽ ഒൻപതു അദ്ധ്യായങ്ങളായി വിന്യസിച്ച ആ പുസ്തകത്തിലെ ഏഴാമത്തെ അദ്ധ്യായം മുൻപറഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നമ്മുടെ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റും: online fire Storms. ഋണാത്മക വൈറൽ കാംപെയ്നുകളുടെ നിഷേധാത്മക സ്വാധീനങ്ങളെക്കുറിച്ചുള്ള മികച്ച പഠനമാണ് ആ അദ്ധ്യായം.

നീറ്റ് പി.ജി യുടെ കട്ട്- ഓഫ് പെർസെൈന്റല്‍, പൂജ്യത്തിനും താഴെയാക്കിയത് സാമൂഹികമായ വ്യാപക അസംതൃപ്തിക്കും പരിഹാസത്തിനും ഇടവരുത്തിയിരുന്നു. സാധാരണ പ്രൊഫഷണൽ കോഴ്സല്ല പി.ജി മെഡിക്കൽ കോഴ്സുകൾ എന്നും അതുകൊണ്ടുതന്നെ ധൈഷണികമായി വളരെ താഴ്ന്ന തട്ടിലുള്ളവരെ പിൻവാതിലിലൂടെ പ്രവേശിപ്പിക്കാനുള്ള ആ നടപടി നിരോധിക്കണമെന്നും വാദിച്ച് സുപ്രീംകോടതിയിൽ വരെ കേസ് ഫയൽ ചെയ്യപ്പെട്ടു കഴിഞ്ഞു. ആ സങ്കീർണ്ണമായ വസ്തുതയുടെ ഇഴപിരിക്കുകയാണ് മികച്ച ക്രിട്ടിക്കൽ അനാലിസിസിലൂടെ, ഡോ. പി.വി ബെന്നി.

ശാസ്ത്രലേഖനങ്ങൾ എങ്ങനെ സാഹിത്യ സൃഷ്ടികൾ കൂടിയാക്കി മാറ്റാം എന്നതിന്റെ പഠന ക്ലാസുകളാണ് ഡോ. ദിവ്യാ നായർ, നീതു തമ്പി, ഡോ. ബിനു കൃഷ്ണ എന്നിവരുടെ ലേഖനങ്ങൾ. കൈകാര്യം ചെയ്യുന്ന വിഷയം വായനക്കാർക്ക് ഏറ്റവും ഹൃദ്യമായ രീതിയിൽ അവതരിപ്പിക്കുന്നതിലെ കൃതഹസ്തത തികച്ചും അഭിനന്ദനീയം തന്നെ.

2009-ൽതന്നെ ജെ.ഇ (JE) വാക്സിൻ, പ്രതിരോധ കുത്തി വെപ്പുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തി നൽകാൻ തുടങ്ങിയിരുന്നുവെങ്കിലും ക്യൂലക്സ് ട്രൈറ്റാനിയോറിംഗസ് എന്ന കൊതുകിന്റെ സാന്നിദ്ധ്യം കേരളത്തിൽ ജപ്പാൻ ജ്വര ഭീഷണി ശതഗുണീഭവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഇക്കഴിഞ്ഞ മാസം നമ്മുടെ നാട്ടിൽ വ്യാപകമായി ജെ.ഇ വാക്സിൻ നൽകിത്തുടങ്ങുന്നത്.
2009-ൽതന്നെ ജെ.ഇ (JE) വാക്സിൻ, പ്രതിരോധ കുത്തി വെപ്പുകളുടെ ദേശീയ പട്ടികയിൽ ഉൾപ്പെടുത്തി നൽകാൻ തുടങ്ങിയിരുന്നുവെങ്കിലും ക്യൂലക്സ് ട്രൈറ്റാനിയോറിംഗസ് എന്ന കൊതുകിന്റെ സാന്നിദ്ധ്യം കേരളത്തിൽ ജപ്പാൻ ജ്വര ഭീഷണി ശതഗുണീഭവിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്, ഇക്കഴിഞ്ഞ മാസം നമ്മുടെ നാട്ടിൽ വ്യാപകമായി ജെ.ഇ വാക്സിൻ നൽകിത്തുടങ്ങുന്നത്.

കല്പറ്റ നാരായണൻ, ഡോ. ബി. ഇക്ബാൽ എന്നീ പ്രശസ്ത എഴുത്തുകാർക്കൊപ്പം ഡോ. എബ്രഹാം വർഗീസ്, ഡോ. അനുജി പി. സുപ്രന്‍, ഡോ. പ്രേംദീപ് ഡെന്നിസൺ, ഡോ. ജി. മഹേഷ് ദേവ്, ഡോ. ബിബിൻമാത്യു എന്നിവരും സർഗ്ഗാത്മകതയുടെ വർണ്ണക്കൊട്ടാരം സൃഷ്ടിച്ച് ഈ ലക്കം മാഗസി നിന്റെ പേജുകളെ സമ്പന്നമാക്കുന്നു.

പുതുവർഷം മെഡിക്കൽ ഫ്രറേറണിറ്റിയെ സംബന്ധിച്ച് ഒട്ടും ആശാവഹമാവുന്നില്ല എന്ന് പറയാതെ വയ്യ. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ ആക്ട്, ഔഷധ ചികിത്സാജ്ഞാനമില്ലാത്ത ഫിസിയോതെറാപ്പിസ്റ്റുകൾക്ക് ഡോക്ടർ എന്ന സംജ്ഞ ഉപയോഗിക്കാനുള്ള സുപ്രീംകോടതിയുടെ സിംഗിൾ ബഞ്ച് അനുമതി, കേന്ദ്ര ബഡ്ജറ്റിന്റെ പരിധിയിൽ നിന്ന് പൊതുജനാരോഗ്യവും ഗ്രാമീണ ആരോഗ്യവും തൂത്തെറിയപ്പെടുന്ന ദുരോഗ്യം എന്നിവ ആരോഗ്യമേഖലയിൽ സൃഷ്ടിക്കുന്ന ദൂരവ്യാപകഫലങ്ങൾ പൊതുജനങ്ങൾക്ക് ഒട്ടും ഹിതകരമാവാനിടയില്ല. ഗ്രാമീണ ആരോഗ്യത്തിന് താങ്ങും തണലുമായിരുന്ന കൊച്ചു കൊച്ചു ആശുപത്രികൾ പൂട്ടിപ്പോവുന്നത്, കേസുകളിലും മറ്റു നിയമനൂലാമാലകളിലും കുടുങ്ങുന്ന ഡോക്ടർമാർ മനംമടുത്ത് രംഗം വിടുന്നത് ഒക്കെയാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌ നിയമം നിശ്ചയമായും കാത്തു വെക്കുന്ന വാഗ്ദാനങ്ങൾ. സാധാരണക്കാർക്ക് ഈ ദുരവസ്ഥ കൃത്യമായി പിടികിട്ടുന്നില്ല എന്നതാണ് പൊതുജനാരോഗ്യ രംഗത്തിന്റെ ദുരന്തം.

കരിക്കുലത്തിൽ ഡോക്ടർ എന്ന സംജ്ഞ ചേർത്തിട്ടുണ്ട് എന്ന സാങ്കേതികത്വത്തിന്റെ നിയമപിൻബലത്തിൽ ഔഷധ ചികിൽസയെക്കുറിച്ച് പരിപൂർണ്ണ അജ്ഞരായ ഫിസിയോതെറാപ്പിസ്റ്റുകൾ, ഡോക്ടർ എന്ന സംജ്ഞ ഉപയോഗിക്കുന്നത് യഥാർത്ഥ ചികിത്സകനെ തെരഞ്ഞടുക്കുന്ന പ്രക്രിയയിൽ രോഗികളെ ഗുരുതര പിഴവുകളിലേക്ക് നയിച്ചേക്കും. വീണ്ടും സുപ്രീംകോടതിയിലേക്ക് നീങ്ങുന്ന ഈ നിയമ പോരാട്ടം വിജയിക്കട്ടെ എന്ന് നമുക്കാശിക്കാം. ആരോഗ്യമേഖലയുടെ നട്ടെല്ലായ പ്രാഥമികാരോഗ്യ സ്ഥാപനങ്ങൾ, കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, ആയുഷ്മാൻ ഭാരത് എന്നിവയെ കേന്ദ്ര ബജറ്റിൽ അർഹിക്കുന്ന പ്രാധാന്യത്തോടെ അഭിസംബോധന ചെയ്യുന്നില്ല എന്ന വസ്തുത അതീവ ഖേദകരമാണ്. മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, ഏറ്റവും കാലിക പ്രാധാന്യമുള്ള മാനസികാരോഗ്യത്തിന് നൽകേണ്ടിയിരുന്ന സാമ്പത്തിക പിന്തുണ എന്നിവയിലും സർക്കാർ സ്വീകരിച്ച നയസമീപനങ്ങൾ തികച്ചും നിരാശാജനകമാണ്.

കാലമിനിയുമുരുളും,
വിഷു വരും വർഷം വരും,
തിരുവോണം വരും,
പിന്നെയോരോ തളിരിനും
പൂ വരും കായ് വരും...
എന്നാശിക്കുകയല്ലാതെ ഈ അന്തരാളത്തിൽ മറ്റെന്തു ചെയ്യാൻ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments