‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

‘IMA നമ്മുടെ ആരോഗ്യം’ ഒക്ടോബർ ലക്കത്തിൽ ‘പത്രാധിപർ സംസാരിക്കുന്നു’ എന്ന കോളത്തിൽ ചീഫ് എഡിറ്റർ ഡോ. എം. മുരളീധരൻ എഴുതിയ പത്രാധിപക്കുറിപ്പ്.

ധികാരികമായ വേൾഡ് മെഡിക്കൽ ലിറേച്ചറുകളിൽ ഇതഃപര്യന്തം 380- കേസുകൾ മാത്രം രേഖപ്പെടുത്തപ്പെട്ട ഒരു അത്യപൂർവ രോഗം നമ്മുടെ കേരളത്തിൽ അഴിഞ്ഞാടാൻ തുനിഞ്ഞിറങ്ങിയതിന്റെ സത്യം എന്താണ്?

2025-ൽ മാത്രം 69 കേസുകൾ. 19 മരണങ്ങൾ. രക്ഷപ്പെട്ടവർക്കുപോലും മാസങ്ങളോളമുള്ള പീഡാകരമായ ആശുപത്രിവാസം. മരണത്തിനും ജീവിതത്തിനുമിടയിൽ, ബാലചന്ദ്രൻ ചുള്ളിക്കാട് പണ്ടെഴുതിയതുപോലെ ആർത്തനാദം പോലെ പായുന്ന മനുഷ്യജീവൻ. എന്താണിങ്ങനെ?

ബ്രെയിൻ ഈറ്റിങ് അമീബ എന്ന അസ്വസ്ഥജനകമായ പേരിൽ അറിയപ്പെടുന്ന രോഗാണുക്കൾ എന്തുകൊണ്ട് പൊടുന്നനെ വർദ്ധിക്കുന്നു? നെഗ്ലേരിയാസിസ് എങ്ങിനെ ചെറുക്കും? തെരുവുപട്ടികളെക്കൊണ്ട് പൊറുതിമുട്ടിയ മലയാളിക്ക് ഒരിക്കൽ കൂടി ഉൾക്കിടിലുണ്ടാക്കുകയാണ് പ്രൈമറി അമീബിക് മെനിംഗോ എൻകെഫലൈറ്റിസ്. നെഗ്ലേരിയാസിസിനെക്കുറിച്ച് സാധാരണ ഉയരാത്ത ചോദ്യങ്ങളാണ് പ്രശസ്ത ശിശു ചികിത്സാവിദഗ്ദ്ധനായ ഡോ. കെ.കെ പുരുഷോത്തമൻ ഉയർത്തുന്നത്.

മലയാളി ധിഷണയെ നിരന്തരം തട്ടിയുണർത്തുന്ന കവിയും സാമൂഹിക-രാഷ്ട്രീയ നിരീക്ഷകനുമാണ് പി.എൻ. ഗോപികൃഷ്ണൻ. തന്റെ പ്രിയപ്പെട്ട ഡോക്ടറെക്കുറിച്ച്‌ മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാർ എഴുതുന്ന കോളത്തിൽ തികച്ചും വ്യത്യസ്തമായ ലേഖനമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കർക്കശനും ഒട്ടും പേഷ്യൻ്റ് ഫ്രൻഡ്‌ലിയുമല്ലാത്ത ചികിത്സകനെ അദ്ദേഹം ഓർക്കുന്നത് / മനസ്സിലാക്കുന്നത്,
‘സ്നേഹം ഇക്കാണുന്നതൊന്നുമല്ല,
കാട്ടുപന്നിയെ വേട്ടയാടാൻ
കാടൻ കൂർപ്പിക്കുന്ന കുന്തത്തിന്റെ മുനയിയിലെവിടെയോ ആണത്’
എന്ന സച്ചിദാനന്ദൻ വരികളുടെ പശ്ചാത്തലത്തിലാണ്. കെ.പി. കുമാരന്റെ പ്രശസ്ത ചിത്രമായ അതിഥിയുടെ നാമവിശേഷണങ്ങളുടെ (ഉദാരൻ, സുന്ദരൻ…) ആധിക്യം കൊണ്ട് വീർപ്പുമുട്ടുന്ന ഡോക്ടർ ആഖ്യാനങ്ങളുടെ ആന്റിതീസിസ് തീർക്കുമ്പോഴും കരുണാകരൻ ഡോക്ടർ ശേഷിപ്പിച്ച പ്രായോഗികതയുടേയും സമർപ്പണത്തിന്റെ യും സന്ദേശമാണ് ഗോപികൃഷ്ണൻ മകനുവേണ്ടി കാത്തുവെക്കുന്നത്. വൈലോപ്പിള്ളിയെ പോലെ മറുപുറം കാണുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ.

എം.ബി.ബി.എസ്സ് കാലയളവിൽ ഏതൊരു മെഡിക്കൽ വിദ്യാർത്ഥിയും പഠിച്ചിട്ടുള്ള പുസ്തകങ്ങളിൽ ഏറ്റവും പോയറ്റിക് എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന പുസ്തകങ്ങളിലൊന്നാണ് ബെയ്‌ലി ആന്റ്‌ ലവ് എഴുതിയ Short practice of Surgery. ഈ പുസ്തകം തൊടുമ്പോൾ നിങ്ങൾ മനുഷ്യരാശിയെയാണ് തൊടുന്നതെന്ന് പഴയ ആ വാചകം നമുക്ക് അല്പം മാറ്റി പറയാം. കൈയടക്കവും വൈദഗ്ദ്ധ്യവും അറിവും സമന്വയിക്കുന്ന ശസ്ത്രക്രിയ എന്ന വൈദ്യശാസ്ത്ര ഇന്ദ്രജാലം സുശ്രുതന്റെ കാലത്തു നിന്ന് ഇന്ന് പ്രകാശവർഷങ്ങളോളം മുന്നോട്ടു പോയിരിക്കുന്നു. പനേഷ്യയുടെ കൊടി അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുന്ന ഈ വൈദ്യശാസ്ത്രവിഭാഗത്തിന് ആദരമർപ്പിക്കുകയാണ് നമ്മുടെ ആരോഗ്യം. ഡോ. കെ.സി. സോമൻ, ഡോ. ഇ.വി. ഗോപി, ഡോ. സജു സേവ്യർ, ഡോ. അരുൺ എസ്, ഡോ. ദിനേശ് ബാബു എം.വി, ഡോ. രാജൻ കുമാർ ടി, ഡോ. രാംലാൽ ആർ. വി, ഡോ. പ്രതാപൻ വി.കെ, ഡോ. തോമസ് കുര്യൻ എന്നീ പ്രഗത്ഭ ശസ്ത്രക്രിയാവിദഗ്ദർ ആ ശാഖയുടെ വിവിധ വശങ്ങൾ ഗാഢമായി പരിശോധിക്കുന്നു.

ഡെറിക് ബോർത്ത് വിക്കിന്റെ (Derek Borthwick) വിശ്രുത രചനയാണ് Inside the mind of Sales. വില്പനയിൽ ഇടപെടുന്ന ഘടകങ്ങളെക്കുറിച്ചുള്ള കൗതുകകരമായ ആ പുസ്തകം, മനുഷ്യസ്വഭാവങ്ങളെക്കുറിച്ചുള്ള അവബോധവും, വിശ്വാസം നേടാനുള്ള കഴിവുമാണ് എറ്റവും പ്രധാനമെന്ന് അടിവരയിടുന്നു. ഡിസ്കൗണ്ട് പ്രഖ്യാപനങ്ങളിൽ ഇവയുടെ യഥായോഗ്യമായ ഉൾച്ചേരലാണ് വിജയമന്ത്രമായി മാറുന്നത് എന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കും. ഡിസ്കൗണ്ടുകൾക്ക് പിന്നിലെ മനഃശാസ്ത്രം അതിസുന്ദരമായി അനാവരണം ചെയ്യുന്നു, ഡോ. ഷാഹുൽ അമീന്റെ ലേഖനം.

വീടുകളിലെ പ്രസവത്തിന്റെ ഗുരുതരാവസ്ഥകളെക്കുറിച്ച് നമ്മുടെ ആരോഗ്യം മുമ്പ് രണ്ടു ലക്കങ്ങളിൽ എഴുതിയിരുന്നു. ദശകങ്ങളായി ഗ്രാമങ്ങളിൽ പ്രാക്ടീസ് ചെയ്തിരുന്ന ഡോ. സി.എം ഗോപിനാഥൻ സ്വന്തം അനുഭവത്തിലുണ്ടായ അതീവ ദുഃഖകരമായ കഥ പറയുകയാണ് ഇത്തവണ. കണ്ണു കാണുന്നില്ല ഉമ്മാ എന്ന് കരഞ്ഞ് പറഞ്ഞ് രക്തമൊഴുകിയൊഴുകി മരിച്ചു പോയ പാവങ്ങൾ എത്ര പേരുണ്ടാവും? ഹൃദയഭേദകമായ ആ കഥ പറഞ്ഞുനിർത്തുമ്പോൾ ലേഖകൻ പറയുന്നതാണ് സത്യം: വീടുകളിലെ പ്രസവം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്ന കർശന നടപടികളാണ് പ്രബുദ്ധസമൂഹം കാത്തിരിക്കുന്നത്.

ഡോ. ജെ.സജികുമാറും ഡോ. കെ.പി മോഹനനും വളരെ പ്രാധാന്യമേറിയ വിഷയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭരണഘടനയിൽ പോലും Scientic temper - ന് സ്ഥാനം നൽകിയ നമ്മുടെ നാട്ടിൽ ചില കാര്യങ്ങളിലെങ്കിലും ശാസ്ത്രീയതക്കുമേൽ അശാസ്ത്രീയത മേൽക്കൈ നേടുന്നത് പ്രാകൃതകാലഘട്ടങ്ങളിലേക്കുള്ള ലജ്ജാകരമായ തിരിച്ചു പോക്കാണ് എന്ന് പറയാതെ വയ്യ.

നാഷണൽ മെഡിക്കൽ കമ്മീഷന്റെ പിന്തുണയോടുകൂടി ശാസ്ത്രീയ വീക്ഷണത്തിൽ നിന്ന് കാതങ്ങളോളം അകന്നു നിൽക്കുന്ന ചികിത്സാഭാസങ്ങൾ രാജ്യത്തിന്റെ ആരോഗ്യ മേഖലയിൽ നുഴഞ്ഞുകയറുന്നത് എത്രമാത്രം അപകടകരമാണെന്ന് ഊഹിക്കാൻ പോലുമാവില്ല. വ്യക്ത്യധിഷ്ഠിത ചികിത്സയിൽ നിന്ന് പൊതുജനാരോഗ്യത്തിന്റെ അതീവ സങ്കീർണ്ണമായ സംവിധാനങ്ങളിലും അവരുടെ ഭസ്മാസുര സാന്നിദ്ധ്യം യാഥാത്ഥ്യമാവുകയാണ്. ഹോമിയോപ്പതി കെമിസ്ട്രിയോ യുനാനി ഫിസിക്സോ ഇല്ലാത്തതുപോലെ സയൻസിന് ഒരു മുഖം മാത്രമേയുള്ളൂ എന്നും വ്യത്യസ്ത ചികിത്സകൾക്ക് അവരുടെ വീക്ഷണത്തിന്റെ ശാസ്ത്രീയത, യൂണിവേഴ്സൽ സയൻസിന്റെ അടിസ്ഥാനത്തിൽ തന്നെ തെളിയിക്കേണ്ടിവരുമെന്നും ശക്തമായി ഓർമിപ്പിക്കുകയാണ് ലേഖകർ.

സാമ്പത്തികമായി പ്രവാസികളെ ആശ്രയിക്കുകയും അവരെ സ്തുതിക്കുകയും ചെയ്യുമ്പോഴും പ്രവാസികളുടെ ആരോഗ്യം നമ്മുടെ മുൻഗണനാ വിഷയമായിരുന്നില്ല ഒരിക്കലും. ഡോ. ആരിഫ് അലി വൈകാരികതയും പ്രായോഗികതയും കൃത്യമായി സംയോജിപ്പിച്ച് നാം ഒരു ജനത എന്ന നിലയിൽ അഭിസംബോധന ചെയ്യാതെ പോയ ആ വിഷയം മുഖ്യധാരയിലേക്കെത്തിക്കുകയാണ്.

കെ.സി സക്കറിയും എസ്. ഇരുദയരാജനും ചേർന്നെഴുതിയ kerala's Gulf Connection : Economic and Social Impact of 'Migration എന്ന പഠന ഗ്രന്ഥം ഇത്തരുണത്തിൽ തികച്ചും പ്രസക്തമാണ്. എട്ടു അദ്ധ്യായങ്ങളിൽ പ്രവാസത്തിന്റെ വിവിധ വശങ്ങൾ പുസ്തകം ആഴത്തിൽ പരിശോധിക്കുന്നുണ്ട്. സാമൂഹികമായും സാമ്പത്തികമായും കേരളത്തെ മാറ്റിപ്പണിതുവെങ്കിലും ഒട്ടും ആശാസ്യമല്ലാത്ത ആശ്രിതത്വം മലയാളിയുടെ മനസ്സിലും വപുസ്സിലും അടിച്ചേൽപ്പിച്ചു എന്ന ഗൗരവവിമർശനമാണ് പുസ്തകം മുന്നോട്ടു വെക്കുന്നത്. പ്രവാസം സ്ഥായിയല്ലെന്നും പ്രവാസക്കാലം അസ്തമിച്ചാലും വികസനമായിരിക്കണം മുഖ്യ അജണ്ടയെന്നും 'റിവേഴ്സ് - മൈഗ്രേഷനെക്കുറിച്ച് ആലോചിക്കണമെന്നു കൂടി പുസ്തകം പറഞ്ഞു വെക്കുന്നു.

ഡോ. ബേബി തോമസ്, ഡോ. സനോജ് പി.ബി, ഡോ. ബിജിന കെ.ഡി, ഡോ. എം.കെ. സന്തോഷ്, ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. മുഹമ്മദ് താരിഖ് ,ഡോ. ഫാത്തിമ വദ്ര, ജോബി ബേബി എന്നിവരുടെ ലേഖനങ്ങൾ, വിഷയങ്ങളുടെ ഗഹനതയിലേക്ക് സംക്രമിക്കുന്നവയാണ്.

വസൂരി, ഇന്ത്യൻ ആരോഗ്യ- സാമൂഹിക രംഗങ്ങളിലെ നിതാന്തമായ ഒരു ഓർമ്മപ്പെടുത്തലാണ്. തോല്പിക്കാനാവില്ലെന്നു കരുതിയ ഒരു മഹാമാരിയെശാസ്ത്രീയ ബോധം എന്നെന്നേ ക്കുമായി നിർമ്മാജനം ചെയ്ത ത്രസിപ്പിക്കുന്ന വിജയഗാഥ യാവുന്നതോടൊപ്പം സമൂഹത്തെ ഒന്നടങ്കം ഒരു രോഗം എങ്ങനെ പരിപൂർണ്ണമായി ഉലച്ചുകളയുന്നു എന്നതിന്റെ സാംസ്കാരികരേഖ കൂടിയായി അത് രൂപാന്തരം കൊള്ളുന്നുണ്ട്. ഭാഷയിൽ പോലും ആ രോഗം നടത്തിയ ഇടപെടലിന്റെ ഞെട്ടിക്കുന്ന വിരലടയാളങ്ങളാണ് ശാപവചനങ്ങളായി മാറിയ പണ്ടാരവും കുരിപ്പും.വസൂരിയുടെ ഉന്മൂലനത്തിന്റെ വൈഷമ്യമേറിയ പടവുകൾ കടക്കുവാൻ നമ്മെ തുണച്ച വിദേശ വനിതകൾക്കുള്ള ആദരമാണ് ഡോ. ബി. ഇക്ബാലിന്റെ മികച്ച ലേഖനം.

നേരത്തെ സൂചിപ്പിച്ച അശാസ്ത്രീയതയുടെ സാംസ്കാരിക അധിനിവേശം എത്രമാത്രം ഭീകരമാണ് എന്നതിന്റെ ഉദാഹരണമാണ് എൻ സി ഇ ആർ ടിയും യു ജി സിയും അവരുടെ പാഠ്യപദ്ധതികളിൽ സമാന്തര ചികിത്സകൾ ഉൾപ്പെടുത്തുന്നു എന്ന വസ്തുത. ജിപ്മെറിൽ ആസൂത്രണം ചെയ്ത സങ്കരവൈദ്യശാസ്ത്ര പഠനത്തിൽ നിന്ന് സ്ട്രാറ്റജിക്കലായെങ്കിലും പിന്നാക്കം പോവേണ്ടിവന്ന തിരിച്ചടി ഇത് മൂലം പരിഹരിക്കപ്പെടും എന്നവർ പ്രതീക്ഷിക്കുന്നുണ്ടാവാം.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ എത്രയോ പുരോഗമിച്ച ഈ കാലത്തും പീഡന - താഡനങ്ങളാണ് ഒരു സമാന്തര ചികിത്സാ വിഭാഗത്തിൽ മനോരോഗത്തിനുള്ള പ്രാഥമിക ചികിത്സ. ഗർഭധാരണത്തിനു ശേഷം പോലും ഗർഭസ്ഥ ശിശുവിന്റെ സെക്സ് (Sex) മാറ്റാമെന്ന് പുംസവന ക്രിയ അനുശാസിക്കുന്നു. ഇത്തരം പ്രാകൃതവും തികച്ചും അശാസ്ത്രീയവുമായ കാഴ്ചപ്പാടുകൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിന്റെ സാംഗത്യം ദുരൂഹമായിരിക്കുന്നു. ശക്തവും യാന്ത്രികവുമായ, അപമാനവീകരിക്കപ്പെട്ട സംവിധാനങ്ങൾക്കെതിരെ പൊരുതാൻ പരിമിതിയുണ്ടാവാം. പക്ഷേ ഓർക്കൂ, നിങ്ങളുടെ ദുർബലമായ പ്രതിഷേധത്തിന്റെ ശബ്ദം പോലും എവിടെയെല്ലാമോ തട്ടി നിരന്തരമായി പ്രതിദ്ധ്വനിച്ചു കൊണ്ടേയിരിക്കും.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments