'പ്ലേഗ് മുതൽ കോവിഡ് വരെ' ; മഹാമാരികൾ സാമൂഹ്യ പോരാട്ടമായി മാറിയതെങ്ങനെ ?

മഹാമാരികൾ ഒരു കാലത്തും വെറുമൊരു വൈദ്യശാസ്ത്ര വെല്ലുവിളി മാത്രമായിരുന്നില്ല. അതൊരു സാമൂഹ്യ പോരാട്ടമായിരുന്നു. അത് മാനവരാശിയുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ഘടനയിലും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്. നമ്മുടെ സംസാകാരിക- ദാർശനിക അവബോധത്തിൽ അവ സമൂല ചലനങ്ങളുണ്ടാക്കി. അത് ശാസ്ത്രത്തിന്റെ ഗതി വേഗത്തിൽ മാറ്റങ്ങളുണ്ടാക്കി. വൈദ്യശാസ്ത്ര രംഗത്തെ പല പുരോഗതികൾക്കും അത് കാരണമായി. മനുഷ്യർ മഹാമാരികളെ ദുരന്തമായി കാണുമ്പോഴും മുന്നോട്ടുപോകാനുള്ള സാധ്യതയായും നോക്കിക്കണ്ടു. അതിന്റെ സമഗ്രചരിത്രം പറയുന്ന 'പ്ലേഗ് മുതൽ കോവിഡ് വരെ' എന്ന ഡോ. ബി. ഇക്ബാലിന്റെ പുസ്തകത്തെ പരിചയപ്പെടുത്തുന്നു.

"രകൾക്കു വേണ്ടി സാക്ഷിയായെങ്കിലും നിലകൊള്ളാനും അവർക്കു നേരിടേണ്ടി വന്ന അനീതിയുടെയും മൃഗീയ അക്രമത്തിന്റെയും ഓർമ്മയെങ്കിലും നിലനിർത്താനും ഈ കഷ്ടതകളിൽ നിന്ന് മനുഷ്യൻ എന്തു പഠിക്കുന്നു എന്നു പറയാനും അദ്ദേഹം ആഗ്രഹിച്ചു.' പ്ലേഗ് - അൽബേർ കമ്യൂ

മാനവചരിത്രത്തിലെ അസാധാരണമായ ഒരു ദുരന്തത്തെ അതിജീവിച്ചവരാണ് നമ്മൾ. നഷ്ടങ്ങളുടെതായ വലിയൊരുകണക്കും അതിന്റെ കൂടെ ചേർത്ത് വായിക്കേണ്ടതുണ്ട്. 60 ലക്ഷത്തിലധികം മനുഷ്യരുടെ ജീവൻ കവർന്നെടുത്തു കൊണ്ടാണ് ദുരന്തത്തിന്റെ പുതിയ അധ്യായം കടന്നു പോയത്.

പുതിയ കാലത്തിന്റെ സാമൂഹ്യസുരക്ഷാ സംവിധാനങ്ങളിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹാസാധ്യതകളിലും അനല്പമായ അഹങ്കാരം നിറഞ്ഞ വിശ്വാസത്തോടെ ജീവിച്ചിരിക്കുമ്പോഴാണ് കൊറോണ എന്ന വൈറസ് മാനവരാശിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കൊണ്ട് ലോകമാകെ പകർന്നു പിടിച്ചത്. അതൊരു വല്ലാത്ത വരവായിരുന്നു. ഒരു ചെറിയ വൈറസിന്റെ പിടിയിൽപ്പെട്ട് മനുഷ്യകുലമാകെ നിസ്സഹായതയോടെ അന്ധാളിച്ചു നിന്നു പോയ കാലം. ആ മഹാവ്യാപനത്തെ അതിജീവിച്ചു കൊണ്ട് ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് ആശ്ചര്യത്തോടെ മാത്രം നോക്കിക്കാണേണ്ട ഒന്നാണ്. ബന്ധുക്കളും സ്‌നേഹിതരും പരിചയക്കാരും ആരാധിക്കുന്നവരുമൊക്കെയായ പലരുടെയും ജീവനെ ആ വൈറസ്‌കവർന്നെടുത്തു. മുൻകാല പാൻഡമിക്ക് അനുഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടം കുറവാണെന്ന് ആശ്വസിക്കാമെന്നു മാത്രം.

കൊറോണ വൈറസ് മുന്നോട്ടുവെച്ച ഭീഷണി അവസാനിക്കും മുമ്പേ, ഇന്നിപ്പോൾ നമ്മൾ പലതും മറന്നു തുടങ്ങിയിരിക്കുന്നു. ജീവനെ നിലനിർത്താനായി വ്യക്തികളെന്ന നിലയിൽ നമ്മളൊക്കെ സ്വീകരിച്ച കരുതൽ രീതികളേയും സാമൂഹ്യ നിബന്ധനകളേയും ശാസ്ത്രത്തിന്റെ അതിവേഗത്തിലുണ്ടായ ഇടപെടലുകളെയുമൊക്കെ നമ്മളിപ്പോൾ മറക്കുകയോ പലതും അനാവശ്യമാണെന്ന അവഗണനാ മനോഭാവത്തോടെ നോക്കിക്കാണുകയോ ചെയ്യുന്നുണ്ട്. കരകയറിയവന്റെ അഹന്ത എന്നല്ലാതെ എന്തു പറയാൻ! ഭാവി സുരക്ഷിതമാണോ? അല്ലെന്ന് നമുക്കറിയാം. വൈറസ് അക്രമം ഇല്ലാത്ത ഒരു കാലമുണ്ടാവാൻ പോണില്ല. നേരിടുകയും ചെറുത്തു നില്ക്കുകയും മാത്രമാണ് മാനവരാശിയുടെ മുന്നിൽ തെളിഞ്ഞു കാണുന്ന ഏക വഴി.

കോവിഡ് വ്യാപനം ശക്തമായപ്പോൾ ആ പ്രതിസന്ധിയെ മനസ്സിലാക്കാനായി ഞാനൊക്കെ ഇതുമായി ബന്ധപ്പെട്ട പുസ്തകങ്ങന്വേഷിച്ചു നടന്നിരുന്നു. ഇന്നലെകളിലെ അനുഭവങ്ങളും അതിൽ നിന്നുണ്ടായ അറിവുകളും രേഖപ്പെടുത്തിയ പുസ്തകങ്ങൾ.

അവതരുന്ന ഉൾക്കാഴ്ചകൾ ആത്മധൈര്യം തരുമെന്ന ഒരു തോന്നലായിരുന്നു. ഇംഗ്ലീഷിൽ പോലും മികച്ച ഗ്രന്ഥങ്ങൾ അധികമൊന്നും കണ്ടെത്താനായില്ല. അപ്പോൾ പിന്നെ മലയാളത്തിന്റെ കാര്യം പറയാനില്ലല്ലോ! സത്യത്തിൽ മലയാളത്തിൽ ഒരു പുസ്തകം പോലും ആ വിഷയത്തിൽ കണ്ടെത്താനായില്ല. അതിലത്ഭുതവുമില്ല.

നമ്മുടെ വൈജ്ഞാനിക സാഹിത്യം ഇപ്പോഴും ബാല്യദിശ പിന്നിട്ടിട്ടില്ലല്ലോ. ആധുനിക മനുഷ്യവിജ്ഞാനത്തെ മുന്നോട്ടു കൊണ്ടു പോയതിൽ മഹാമാരികൾ ചെലുത്തിയ സ്വാധീനം വളരെ വലുതാണെന്ന് ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാവും. രോഗവ്യാപന ശാസ്ത്രവും പൊതുജനാരോഗ്യ സിദ്ധാന്തങ്ങളും വികാസം കൊണ്ടത് ഇതിന്റെ പശ്ചാത്തലത്തിലാണ്. സാമൂഹിക പ്രതിരോധ ബോധത്തിന് ആക്കം വന്നതും അതോടെയാണ്. ആന്റിബയോട്ടിക് വിപ്ലവത്തിന് തുടക്കം കുറിച്ചതും ഈ പോരാട്ടത്തിന്റെ ഭാഗമായാണ്. ഇതൊക്കെ വൈദ്യശാസ്ത്ര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇത്തരം കാര്യങ്ങൾ പൊതുജനശ്രദ്ധയിലേക്ക് വേണ്ടത്ര വന്നില്ല എന്ന കുറവു പരിഹരിക്കപ്പെടാതെ കിടന്നു. ഈ കുറവ് ഒരു പരിധിവരെയെങ്കിലും പരിഹരിച്ചത് പലപ്പോഴും സാഹിത്യകൃതികളാണ്. ആൽബേർ കമ്യുവിന്റെ പ്ലേഗു പോലുള്ള നോവലുകൾ അത്തരം ദുരന്താനുഭവങ്ങളുടെ ദാർശനിക മാനങ്ങൾ കാണിച്ചു തന്നിട്ടുമുണ്ട്. വായനക്കാരെ അത് ഭയപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്തു. ഈ കോവിഡ് കാലത്തും ലോകവായനയിൽ കമ്യുവിന്റെ പ്ലേഗ് എന്ന നോവൽ നിറയുകയുണ്ടായി.

കോവിഡ് കാലത്ത് മലയാളത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ വന്നു തുടങ്ങി. ഇവയിൽ ശ്രദ്ധേയമായത് ഡോ. ബി. ഇക്ബാലിന്റെ എഴുത്തുകളായിരുന്നു. മഹാമാരിയുടെ ശാസ്ത്രീയ വശങ്ങളും ചരിത്രവും ലളിതമായി അദ്ദേഹം വിശദീകരിച്ചു കൊണ്ടിരുന്നു. മഹാമാരികൾ പല കാലങ്ങളിലെ സാഹിത്യരചനകളിൽ ഏതു വിധത്തിലൊക്കെയാണ് പ്രതിഫലിച്ചത് എന്നും അദ്ദേഹം കണ്ടെത്തിക്കൊണ്ടിരുന്നു. ബൊക്കാച്ചിയോ, മേരി ഷെല്ലി, സോമർസെറ്റ് മോം, തോമസ് മൻ, ചാൾസ് ഡിക്കൻസ്, ആൽബെർ കമ്യു, സരമാഗോ തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരുടെ രചനകളിലെ പകർച്ചവ്യാധികളെപ്പറ്റിയുള്ള ചിത്രീകരണങ്ങൾ അദ്ദേഹം വായനക്കാരുമായി പങ്കിട്ടു. മലയാള സാഹിത്യത്തിൽ വസൂരിയെപ്പറ്റി തകഴിയും ചെറുകാടും കാക്കനാടനും ഒക്കെ പകർത്തിവെച്ച അനുഭവങ്ങളും ഇക്ബാൽ പരാമർശിച്ചു പോവുന്നുണ്ട്. അങ്ങനെ മഹാമാരി വിജ്ഞാനം സാധാരണ വായനക്കാരിലേക്കെത്തിക്കാൻ ഇക്ബാൽ മുൻകൈ എടുത്തു.

പ്രപഞ്ചവുമായുള്ള ബന്ധത്തിൽ മനുഷ്യർ നടത്തിയ തെറ്റായ ഇടപെടലുകൾ, അവയെ നേരിടാനുള്ള തയ്യാറെടുപ്പുകളിൽ നമ്മൾ വരുത്തിയ അലംഭാവം തുടങ്ങിയവയൊക്കെ ആ ലേഖനങ്ങളിൽ പ്രതിപാദിച്ചിരുന്നു. ഇത്തരം മഹാമാരികളുടെ തിരിച്ചുവരവിന് ഇടയാക്കിയ സാഹചര്യം മനസ്സിലാക്കുവാനും അവയെ നേരിടുവാനായുള്ള ആത്മവിശ്വാസം നേടാനും ഈ ലേഖനങ്ങൾ വലിയൊരളവിൽ മലയാളി വായനക്കാരെ സഹായിച്ചു. ഇന്നിപ്പോൾ ഇതെല്ലാം വിശദീകരിച്ചുകൊണ്ടുള്ള മികച്ചൊരു പുസ്തകം അദ്ദേഹത്തിൽ നിന്നും മലയാളത്തിലെ വൈജ്ഞാനിക സാഹിത്യത്തിന് ലഭിച്ചിരിക്കുന്നു. "മഹാമാരികൾ: പ്ലേഗ് മുതൽ കോവിഡ് വരെ - ചരിത്രം. ശാസ്ത്രം. അതിജീവനം' എന്ന ഡോ. ബി. ഇക്ബാലിന്റെ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്.

കോവിഡിന്റെ പശ്ചാത്തലത്തിൽ മഹാമാരികളുടെ ചരിത്രത്തിലേക്ക് നോക്കുകയാണ് ഗ്രന്ഥകാരൻ. രണ്ടാം നൂറ്റാണ്ടിൽ റോമാ സാമാജ്യത്തിൽ സംഭവിച്ച പ്ലേഗ് (ഇത് അന്റോണിയൻ പ്ലേഗ് എന്നറിയപ്പെട്ടൂ) തൊട്ടുള്ള ചരിത്രം ഇതിലുണ്ട്. മഹാമാരികൾ ഒരു കാലത്തും വെറുമൊരു വൈദ്യശാസ്ത്ര വെല്ലുവിളി മാത്രമായിരുന്നില്ല. അതൊരു സാമൂഹ്യ പോരാട്ടമായിരുന്നു. അത് മാനവരാശിയുടെ രാഷ്ട്രീയത്തിലും സാമൂഹ്യ ഘടനയിലും വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്. നമ്മുടെ സംസാകാരിക- ദാർശനിക അവബോധത്തിൽ അവ സമൂല ചലനങ്ങളുണ്ടാക്കി. അത് ശാസ്ത്രത്തിന്റെ ഗതി വേഗത്തിൽ മാറ്റങ്ങളുണ്ടാക്കി. വൈദ്യശാസ്ത്ര രംഗത്തെ പല പുരോഗതികൾക്കും അത് കാരണമായി. മനുഷ്യർ മഹാമാരികളെ ദുരന്തമായി കാണുമ്പോഴും മുന്നോട്ടുപോകാനുള്ള സാധ്യതയായും നോക്കിക്കണ്ടു. ഒരേ സമയം സ്വന്തം പരിമിതികളെ തിരിച്ചറിയാനും അതിനെ മറികടക്കാനുള്ള വഴി തേടലായും ഇത്തരം പ്രതിസന്ധികളെ അവൻ ഉപയോഗപ്പെടുത്തി. അതിന്റെ സമഗ്രചരിത്രം പറയാനാണ് ഈ പുസ്തകത്തിലൂടെ ഡോ. ഇക്ബാൽ ശ്രമിച്ചിരിക്കുന്നത്.

പ്ലേഗ്, കോളറ, വസൂരി, ഇൻഫ്‌ലുവൻസ, എയ്ഡ്സ്, പോളിയോ, സാഴ്‌സ്, കോവിഡ് - അങ്ങനെ വിവിധ തരം പകർച്ചവ്യാധികളുടെ വ്യാപന ചരിത്രം അദ്ദേഹം പരിശോധിക്കുന്നു. ഇവയുണ്ടാക്കിയ സാമൂഹിക പ്രതിസന്ധികൾ, സാമ്പത്തിക വെല്ലുവിളികൾ, നീതിയുടെ വഴികൾ, വ്യത്യസ്ത കാലങ്ങളിൽ അവയെ നേരിട്ട പ്രതിരോധ രീതികൾ, അവയിൽ നിന്നുണ്ടായ ശാസ്ത്രീയമായ ഉണർവ്വ് എന്നിവയൊക്കെയാണ് വിവിധ ഭാഗങ്ങളിലായി പ്രധാനമായും ഈ പുസ്തകത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ. ഇതോടൊപ്പം അതതു കാലത്തെ സാഹിത്യം ഇവയെയൊക്കെ ഏങ്ങനെ നോക്കിക്കണ്ടു എന്നും പറഞ്ഞു പോകുന്നുണ്ട്. മഹാമാരികളും സർഗ്ഗാത്മകതയും തമ്മിലുള്ള ബന്ധം ഇക്ബാലിന്റെ ഇഷ്ട വിഷയമാണെന്നു തോന്നുന്നു. കോവിഡ് കാലത്ത് പുറത്തു വന്ന പുതിയ രചനകളെയും അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. അക്കാലത്തെ സിനിമകളെപ്പോലും ഇതിൽ പരാമർശിക്കുന്നുണ്ട്.

ഗ്രന്ഥകാരൻ നടത്തിയ പ്രധാനമായ മറ്റൊരന്വേഷണം പൊതുജനാരോഗ്യരംഗത്തെ മുന്നേറ്റങ്ങളെപ്പറ്റിയാണ്. അതിന്റെ ഏറ്റക്കുറച്ചിലുകൾ കോവിഡിനെ നേരിടുന്നതിൽ എത്രമാത്രം സ്വാധീനം ചെലുത്തി എന്നും കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രരംഗത്തെ വെല്ലുവിളികൾ ഈ ഗ്രന്ഥത്തിൽ സവിശേഷമായ ഇടം തന്നെ നേടിയിട്ടുണ്ട്. വൈറസുകളെപ്പറ്റിയുള്ള പഠനത്തിലും വാക്‌സിൻ ഗവേഷണത്തിലുണ്ടായ മുന്നേറ്റങ്ങളും സവിശേഷ പ്രാധാന്യത്തോടെ ഗ്രന്ഥകാരൻ കൈകാര്യം ചെയ്തിട്ടുണ്ട്. അവയാണല്ലോ നമ്മളെയെല്ലാം കൊറോണയെ അതിജീവിക്കാൻ പ്രാപ്തരാക്കിയത്. പല കാലങ്ങളിലായി ഈ ഗവേഷണങ്ങൾക്കെല്ലാം നേതൃത്വം കൊടുത്ത ശാസ്ത്രലോകത്തെ മഹദ് വ്യക്തികളെയും ഈ ഗ്രന്ഥം പരിചയപ്പെടുത്തുന്നുണ്ട്. വ്യക്തിപരമായ അപകടങ്ങളെ അവഗണിച്ചു കൊണ്ട് സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിച്ച ആ വലിയ മനുഷ്യരാണ് ചരിത്രം സൃഷ്ടിച്ചത്. പുതിയ കൊറോണക്കാലത്ത് അത്തരം ഇടപെടലുകൾ നടത്തിയ വ്യക്തികളെപ്പറ്റിയും ഗ്രന്ഥകാരൻ സ്മരിക്കുന്നുണ്ട്.

അവസാന ഭാഗത്തായി കോവിഡിനെപ്പറ്റിയുള്ള ഒരു സമഗ്രാന്വേഷണമുൾപ്പെടുത്തിയിട്ടുണ്ട്. കണക്കുകളും വിശദീകരണങ്ങളും കൊണ്ട് നമുക്ക് മുന്നിൽ സംഭവിച്ച കാര്യങ്ങളെ വിശദമായി വിലയിരുത്തുകയാണ് ഗ്രന്ഥകാരൻ. കോവിഡിന്റെ സാമൂഹികശാസ്ത്രം എന്ന ഭാഗത്ത് ലോകം കോവിഡിനെ നേരിട്ടതിലെ പ്രശ്‌നങ്ങളെ നോക്കിക്കാണുകയാണ്. അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമുണ്ട്. വിവിധ സമൂഹങ്ങളിലെ പല രീതിയിലുള്ള അസമത്വങ്ങൾ പുറത്തു വരാൻ ഈ മഹാമാരി കാരണമായി. അതിന്റെ കാരണങ്ങളെ മനസ്സിലാക്കാനും ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. മഹാമാരിക്കുള്ളിലെ മഹാമാരി, അസമത്വ വൈറസ്, അപരവൽക്കരണം, നിരീക്ഷണ സാമൂഹിക വ്യവസ്ഥ തുടങ്ങിയ പുതിയ സാമൂഹിക വെല്ലുവിളികളെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തലും ഈ ഭാഗത്ത് നടത്തുന്നുണ്ട്. ചരിത്രത്തിലെ മഹാമാരികളെക്കാൾ.

കടുത്ത പ്രതിസന്ധികൾ അവശേഷിപ്പിച്ചിട്ടാണോ കോവിഡ് കടന്നു പോവുക എന്ന സന്ദേഹവും ഡോ. ഇക്ബാലിനുണ്ട്. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട ഒരു വിഷയവും ഈ കൃതിയിൽ പരാമർശിക്കപ്പെടാതെ പോയിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ഔഷധ വ്യവസായം, സാങ്കേതിക വിദ്യ, പ്രതിരോധ പ്രവർത്തനത്തിന്റെ രാഷ്ട്രീയം, വാക്‌സിൻ ഡിപ്ലോമസി, ലോകാരോഗ്യ സംഘടന അങ്ങനെ വിഷയവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെ ഇക്ബാൽ സൂക്ഷ്മ വിലയിരുത്തലിന് വിധേയമാക്കുകയാണ്. ലോകത്തിന്റെ ആരോഗ്യരംഗത്ത് വരേണ്ട മാറ്റങ്ങളെപ്പറ്റി പറഞ്ഞു കൊണ്ടാണ് പുസ്തകം അവസാനിക്കുന്നത്. ഏകലോകം, ഏകാരോഗ്യം എന്ന കാഴ്ചപ്പാടിനെപ്പറ്റി അദ്ദേഹം സ്വപ്നം കാണുന്നു. കേരളത്തിലെ ആരോഗ്യരംഗത്തെപ്പറ്റിയും ഇവിടെ നടന്ന കോവിഡ്

പ്രതിരോധ പ്രവർത്തനങ്ങളെപ്പറ്റിയും പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. അസൂത്രണ ബോർഡിലും ജനകീയാരോഗ്യ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ച പരിചയം ഇവിടെ ഗ്രന്ഥകാരന്റെ ആലോചനകളെ അർത്ഥവത്താക്കുന്നുണ്ട്.

അടച്ചിരിക്കലിന്റെ നീക്കിയിരിപ്പായി ഡോ.ഇക്ബാലിൽ നിന്നും ലഭിച്ച ഈ വൈജ്ഞാനിക ഗ്രന്ഥം നമുക്കെന്ന പോലെ വരും തലമുറകൾക്കും പ്രയോജനപ്പെടും. മനുഷ്യന്റെ നിലനില്പിനെപ്പോലും ബാധിക്കുന്ന വൈറസ് പ്രതിഭാസത്തെ നമ്മൾ വ്യക്തമായി അറിയേണ്ടതുണ്ട്. ആരോഗ്യം എന്ന കാഴ്ചപ്പാടിനെ നിരന്തരം പുതുക്കിപ്പണിയേണ്ടതുണ്ട്.

ലോകക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇതൊക്കെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് "മഹാമാരികൾ ' എന്ന ഈ പുസ്തകം.

പ്രസാധനത്തിലെ മികവ് എടുത്തു പറയാതെ ഈ കുറിപ്പ് പൂർത്തിയാവില്ല. അനുയോജ്യമായ ധാരാളം ചിത്രങ്ങൾ ഭംഗിയായി ഇതിലുൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ ഒരു മലയാള പുസ്തകം എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.

Comments