കനത്ത ചൂട്
അപകടകാരിയാണ്,
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ- കനത്ത ചൂടിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എഴുതുന്നു, ഡോ. ജയകൃഷ്ണൻ ടി.

നത്ത ചൂട് മനുഷ്യശരീരത്തെ അതീവ ഗുരുതരമായി സ്വാധീനിക്കുക മാത്രമല്ല, പലതരം രോഗവസ്ഥകൾക്കും കാരണമാക്കും.

ഉഷ്ണരക്തജീവികളായ മനുഷ്യരുടെ ശരീരതാപനില അന്തരീക്ഷ താപനിലയുടെ വ്യതിയാനങ്ങൾക്കനുസരിച്ച് മാറാതെ സ്ഥിരമായി 37 ഡിഗ്രി സെൽഷ്യസ് പരിധിയിൽ നിലനിർത്തേണ്ടതുണ്ട്. മനുഷ്യശരീരത്തിലെ തൊലിയിൽ അന്തരീക്ഷ താപനില അറിയാനുള്ള സ്വീകരണികളുണ്ട്. ഇവ താപനിലയെക്കുറിച്ച് തലച്ചോറിലെ നിയന്ത്രണകേന്ദ്രമായ ഹൈപ്പോതലാമസിനെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കും. അതിനനുസരിച്ച് തൊലികൾക്കിടയിലെ രക്തക്കുഴലുകൾ വികസിക്കുകയും ഹൃദയം കൂടുതൽ വേഗത്തിൽ പ്രവർത്തിച്ച് മറ്റ് അവയവങ്ങളിൽനിന്നുള്ള രക്തപ്രവാഹത്തെ തൊലിയിലേക്ക് തിരിച്ചുവിടുകയും ചെയ്യും. കൂടാതെ, വിയർപ്പുഗ്രന്ഥികളിൽ ഉൽപാദനം കൂട്ടി, ബാഷ്പീകരണത്തിനിടയാക്കി, ശരീരം തണുക്കുകയും ചെയ്യുന്നു.

കൂടുതൽ വിയർപ്പുണ്ടായാൽ ജലാംശത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടും. ജലം വീണ്ടെടുക്കാത്ത അവസ്ഥയും ലവണങ്ങൾ നഷ്ടപ്പെടുന്ന അവസ്ഥയും മറ്റു പ്രധാന അവയവങ്ങളിൽനിന്ന് രക്തയോട്ടം തിരിച്ചുവിടുമ്പോഴുള്ള പ്രത്യാഘാതങ്ങളും മൂലമാണ് ഉയർന്ന താപനിലയെതുടർന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്.

ഉയർന്ന താപനില മൂലമുണ്ടാകാനിടയുള്ള രോഗലക്ഷണങ്ങൾ:

  • തൊലിപ്പുറത്ത് ചുവപ്പുനിറത്തിൽ തിണർപ്പുകളുണ്ടാകുകയും അവ ചൊറിച്ചിലുണ്ടാക്കുകയും തുടർന്ന് അണുബാധയുണ്ടായി പഴുക്കാനും സാധ്യതയുണ്ട്.

  • നല്ല ചൂടിൽ തൊലിയിലെ രക്തക്കുഴലുകൾ വികസിക്കുന്നതിനാൽ പ്രായമായവരിലും കൂടുതൽ സമയം ജോലി ചെയ്യുന്നവരിലും രക്തം കെട്ടിനിന്ന് കാലിൽ നീരുണ്ടാകാം.

  • ചൂടനുസരിച്ച് ശരീരം വിയർക്കുമ്പോൾ കൂടുതൽ ജലാംശവും ലവണങ്ങളും നഷ്ടമാകുന്നതുമൂലം ​പേശി വലിയലും വേദനയുമുണ്ടാകും.

  • തൊലിപ്പുറത്തെയും കാലുകളിലെയും രക്തക്കുഴലുകളിലേക്ക് രക്തയോട്ടം കൂടുന്നതിനാലും തുടർന്ന് തലച്ചോറിലേക്ക് വേണ്ടത്ര രക്തം ലഭിക്കാത്തതിനാൽ ഓക്‌സിജൻ കുറയുന്നതുകൊണ്ടും തല കറങ്ങി വീഴാനിടയുണ്ട്. രക്തസമ്മർദം കുറയുകയും കണ്ണിൽ ഇരുട്ട് കയറുകയും മുഖം വിളറുകയും തർന്നുവീഴുകയും ചെയ്യും.

  • കൂടിയ താപനിലയിൽ കൂടുതൽ അധ്വാനിക്കുമ്പോൾ ശരീരത്തിൽനിന്ന് പരിധിയിലധികം ജലാംശവും ലവണങ്ങളും നഷ്ടമാകുകയും വേണ്ടത്ര പകരം നൽകുകയും ചെയ്യാതിരുന്നാൽ കഠിനമായ ദാഹം, ക്ഷീണം, തലകറക്കം എന്നിവയുണ്ടാകും.

  • താപനില 40 ഡിഗ്രി സെൽഷ്യസിലും ഉയരുമ്പോൾ ശരീരത്തിന് അതുമായി പൊരുത്തപ്പെടാൻ പറ്റാതെ വിയർപ്പുഗ്രന്ഥികൾ പ്രവർത്തനക്ഷമമല്ലാതാകും. വിയർക്കാതെ തൊലി വരണ്ട്, ബോധം നഷ്ടപ്പെട്ട് കോമയിലെത്തി മരണം വരെ സംഭവിക്കാം.

പുറം വെയിലിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, കായികരംഗത്തുള്ളവർ, അഞ്ചു വയസ്സിന് താഴെയുള്ളവർ, 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ഹൃദ്‌രോഗികൾ, വൃക്കരോഗികൾ, ശ്വാസകോശരോഗികൾ, പ്രമേഹരോഗികൾ, കൈകാലുകളിലെ രക്തയോട്ടത്തിന് തകരാറുള്ള രോഗികൾ, മാനസികരോഗികൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം.

ഉപ്പ് നിയന്ത്രണവും വെള്ളനിയന്ത്രണവും ആവശ്യമുള്ള വൃക്ക- ഹൃദ്‌രോഗികൾ- ചികിത്സിക്കുന്ന ഡോക്ടറുടെ പ്രത്യേക ഉപദേശം തേടണം.

കിഡ്‌നിയും ഹൃദയവുമായും ബന്ധപ്പെട്ട രോഗങ്ങളുള്ളവർ, മാനസികരോഗമുള്ളവർ, രക്തസമ്മർദമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.

ഉയർന്ന താപനിലയിൽ പല മരുന്നുകളുടെയും ഗുണം നഷ്ടമാകാൻ സാധ്യതയുണ്ട്. അതിനാൽ അവ തണുപ്പുള്ളതും ഈർപ്പമില്ലാത്തതുമായ സ്ഥലങ്ങളിൽ, 25 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണം.

ഉയർന്ന താപനിലയും അതിനനുബന്ധമായ ജലക്ഷാമവും വായുമലിനീകരണവും മൂലം ചില രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്:

വെള്ളത്തിൽ രോഗാണുക്കളുടെ സാന്ദ്രത കൂടുന്നതിനാൽ മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ്, കോളറ തുടങ്ങിയവും ജലക്ഷാമം മൂലം ജലം ശേഖരിച്ചുവെക്കുന്നതിനാൽ കൊതുകുജന്യരോഗങ്ങളായ ഡെങ്കി, ചിക്കൻഗുനിയ തുടങ്ങിയവയും ഉണ്ടാകാം.

പൊടിപടലങ്ങൾ മൂലം ചിക്കൻപോക്‌സ്, മീസിൽസ്, മുണ്ടിനീര്, ശ്വാസകോശരോഗങ്ങൾ എന്നിവ കൂടാം.

കണ്ണുരോഗങ്ങൾ, അലർജികൾ, ത്വക്‌രോഗങ്ങൾ, ചെറിച്ചിൽ, അണുബാധ, സ്‌കാബീസ് (വരട്ടുചൊറി) എന്നിവ കൂടാൻ സാധ്യതയുണ്ട്.

പൊടിപടലങ്ങൾ മൂലം ചിക്കൻപോക്‌സ്, മീസിൽസ്, മുണ്ടിനീര്, ശ്വാസകോശരോഗങ്ങൾ എന്നിവ കൂടാം.
പൊടിപടലങ്ങൾ മൂലം ചിക്കൻപോക്‌സ്, മീസിൽസ്, മുണ്ടിനീര്, ശ്വാസകോശരോഗങ്ങൾ എന്നിവ കൂടാം.

കഠിനമായ ദാഹം, നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിൽ ഇരുട്ട് കയറുക, തലകറക്കം, ഒരു മണിക്കൂറിലധികം നീളുന്ന പേശിവലിയൽ, വേദന എന്നിവയാണ് ചൂട് കൂടുന്നതുമൂലമുള്ള അപകട സൂചനകൾ. ഇത്തരം ലക്ഷണങ്ങളുണ്ടാകുമ്പോൾ വസ്ത്രം മാറ്റി തണുപ്പുള്ളതോ തണലുള്ളതോ ആയ സ്ഥലങ്ങളിലേക്ക് മാറ്റുക. ശരീരം തണുപ്പിക്കാൻ വെള്ളം തളിക്കുകയോ തുണി നനച്ചിടുകയോ ചെയ്യുക. വിശറിയോ ഫാനോ ഉപയോഗിച്ച് വീശുക, കൈകാലുകൾ നന്നായി തിരുമ്മുക, ഐസ് പാക്കറ്റ് ലഭ്യമാണെങ്കിൽ കഴുത്ത്, കക്ഷം, കാലുകൾ എന്നിവിടങ്ങളിൽ വെക്കുക. നല്ലവണ്ണം വെള്ളമോ പഴം ജ്യൂസോ നിർജ്ജലീകരണ ലായനിയോ നൽകുക. രോഗലക്ഷണം കുറയുന്നില്ലെങ്കിൽ ഉടൻ ആശുപത്രിയിലേക്ക് മാറ്റുക.

കെട്ടിടങ്ങൾക്കകത്തും പുറത്തും ജോലി ചെയ്യുന്നവർ ദാഹമില്ലെങ്കിലും മണിക്കൂറിൽ മിനിമം മൂന്നു നാല് ഗ്ലാസ് വെള്ളം കുടിക്കണം. പൊതുവെ നമ്മൾ ഭക്ഷണത്തിൽ ആവശ്യത്തിലധികം ഉപ്പ് ചേർക്കുന്നതിനാലും വിയർപ്പിൽ അധികമായി ലവണം നഷ്ടപ്പെടാത്തതിനാലും കുടിക്കുന്ന വെള്ളത്തിൽ ഉപ്പ് അധികമായി ചേർക്കേണ്ടതില്ല. കൂടുതലായി പഴങ്ങളും പഴച്ചാറുകളും കഴിക്കുകയും ഒ.ആർ.എസ് കരുതിവെക്കുകയും ചെയ്യുക. വേനലിൽ അധികം ചായയും കാപ്പിയും ആൾക്കഹോൾ അടങ്ങിയ ലഹരിപാനീയങ്ങളും കഴിക്കുന്നത് നല്ലതല്ല. അധികം തണുപ്പിച്ച പാനീയങ്ങൾ ആമാശയത്തിലെ രക്തയോട്ടം കുറയ്ക്കാനും വയറുവേദന ഉണ്ടാക്കാനും സാധ്യതയുണ്ട്.

ജോലിസമയം രാവിലെ 11ന് മുമ്പും വൈകീട്ട് മൂന്നിനു ശേഷവുമായി ക്രമീകരിക്കുക. കഠിനമായി വ്യായാമം ചെയ്യുന്നവർ ഇടക്കിടെ തണലിടങ്ങളിൽ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം.

പുറത്തിറങ്ങുമ്പോൾ ഇളംനിറത്തിലുള്ള ഷേഡുള്ള തൊപ്പിയും 15 ശതമാനത്തിലധികം സൂര്യപ്രകാശം തടയുന്ന കണ്ണടകളും ധരിക്കുക. കഴുത്തിനുചുറ്റും ടൗവലുകൾ നനച്ചുവെക്കുന്നതും നല്ലതാണ്. ഉത്സവങ്ങളിലും സമ്മേളനങ്ങളിലും ആൾത്തിരക്ക് പരമാവധി ഒഴിവാക്കുകയും പന്തലുകൾ പണിയുകയും കുടിവെള്ളം കരുതുകയും വേണം.

രാവിലെയും വൈകീട്ടും വെയിൽ അകത്തേക്ക് കടന്നുവന്ന് മുറിയിലെ താപനില ഉയരാതിരിക്കാൻ കർട്ടനുകൾ താഴ്ത്തിവെക്കുക. മറ്റു സമയങ്ങളിൽ വായുസഞ്ചാരത്തിന് തുറന്നിടുക.

ജോലിസമയം രാവിലെ 11ന് മുമ്പും വൈകീട്ട് മൂന്നിനു ശേഷവുമായി ക്രമീകരിക്കുക. കഠിനമായി വ്യായാമം ചെയ്യുന്നവർ ഇടക്കിടെ തണലിടങ്ങളിൽ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം.
ജോലിസമയം രാവിലെ 11ന് മുമ്പും വൈകീട്ട് മൂന്നിനു ശേഷവുമായി ക്രമീകരിക്കുക. കഠിനമായി വ്യായാമം ചെയ്യുന്നവർ ഇടക്കിടെ തണലിടങ്ങളിൽ വിശ്രമിക്കുകയും വെള്ളം കുടിക്കുകയും വേണം.

കർട്ടനുകളും ബ്ലൈൻഡുകളും ഇളംനിറത്തിലാകുമ്പോൾ സൂര്യപ്രകാശത്തെ റിഫ്‌ളക്റ്റ് ചെയ്യാനും ചൂട് കുറയ്ക്കാനും സഹായിക്കും. കെട്ടിടത്തിനു പുറത്തും കഠിനമായ നിറത്തിൽ പെയിന്റുകൾ ഒഴിവാക്കണം. പകൽ മുറിയിലെ ലൈറ്റുകൾ ഓഫ് ചെയ്യുന്നത് താപനില കുറയ്ക്കാൻ സഹായിക്കും.

ഉയർന്ന താപനിലയുള്ളപ്പോൾ (37 ഡിഗ്രി സെൽഷ്യസ്) ഫാനിടുമ്പോൾ അന്തരീക്ഷത്തിൽനിന്ന് ചൂട് ശരീരത്തിലേക്ക് പ്രവഹിക്കാൻ സാധ്യതയുള്ളതിനാൽ ഫാനിൽനിന്ന് ദൂരെയായും അടുത്ത് നേരിട്ടല്ലാതെയും കാറ്റ് ഏൽക്കേണ്ടതുണ്ട്.

മുറിയിൽ ഇൻഡോർ ചെടികൾ വളർത്തുന്നതും ബൗളുകളിൽ വെള്ളം നിറച്ചുവെക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും.

കോൺക്രീറ്റ് കെട്ടിടങ്ങളിലും മേൽനിലയിലും താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. വീടുകളിൽ അപകടസാധ്യതയുള്ള വിഭാഗക്കാരുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്താതെയും വാതിൽ അടച്ചിടാതെയും ഇടക്കിടെ ശ്രദ്ധിക്കേണ്ടതുണ്ട്.


Summary: Dr. Jayakrishnan T writes about precautions to be taken in extreme heat on the context of Kerala summer hot weather.


ഡോ. ജയകൃഷ്ണൻ ടി.

വകുപ്പ് മേധാവി, കമ്യൂണിറ്റി മെഡിസിൻ വിഭാഗം, കോഴിക്കോട് കെ.എം. സി.ടി മെഡിക്കൽ കോളജ്.

Comments