മഴ കനത്തതോടെ സംസ്ഥാനത്ത് വീണ്ടും പനി പിടിമുറുക്കുന്നു. മലപ്പുറത്ത് ഇന്ന് നാലുപേർക്ക് മലേറിയ സ്ഥിരീകരിച്ചു. പൊന്നാനിയില്‍ മൂന്ന് സ്ത്രീകള്‍ക്കും നിലമ്പൂരിൽ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് മലേറിയ റിപ്പോർട്ട് ചെയ്തത്. പൊന്നാനി, ഈഴുവത്തിരുത്തി, തവനൂര്‍ ബ്ലോക്കുകളിലായി ആരോഗ്യപ്രവര്‍ത്തര്‍ ഉള്‍പ്പടെയുള്ളവരുടെ സംഘം 1200 ആളുകളുടെ രക്ത സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ക്ക് മലേറിയ സ്ഥിരീകരിച്ചത്.
2024-ല്‍ ഇതുവരെ 9986 പേര്‍ക്ക് ഡെങ്കിപ്പനിയും 358 പേര്‍ക്ക് മലേറിയയും 1339 പേര്‍ക്ക് എലിപ്പനിയും 3337 പേര്‍ക്ക് മഞ്ഞപ്പിത്തവും 1083 പേര്‍ക്ക് എച്ച്1 എന്‍1ഉം 75 പേര്‍ക്ക് ഷിഗെല്ലയും 26 പേര്‍ക്ക് വെസ്റ്റ്‌നൈലും റിപ്പോർട്ട് ചെയ്തു. 2024-ല്‍ ഇതുവരെ 198 പേര്‍ പനിബാധിച്ച് മരിച്ചു. ഇതില്‍ എറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിച്ചത് എലിപ്പനി മൂലമാണ് -74.
26 പേര്‍ മഞ്ഞപ്പിത്തം ബാധിച്ചും 24 പേര്‍ ഡെങ്കിപ്പനി ബാധിച്ചും എച്ച്1 എന്‍1 ബാധിച്ച് 18 പേരും ഷിഗെല്ല ബാധിച്ച് നാലുപേരും മരിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
മലപ്പുറത്ത് ഇന്ന് ഒരു എച്ച് 1 എൻ1 മരണവും റിപ്പോർട്ട് ചെയ്തു. പൊന്നാനി സ്വദേശിയായ യുവതിയാണ് മരിച്ചത്. ഇതേതുടർന്ന്, പ്രദേശത്ത് ആരോഗ്യ വകുപ്പ് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലും ജില്ലയിൽ മലേറിയ സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതര സംസ്ഥാന തൊഴിലാളികളിലായിരുന്നു രോഗം കണ്ടെത്തിയത്. ഇപ്പോള്‍ നാട്ടുകാരിൽ രോഗം സ്ഥിരീകരിച്ചതോടെ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. കൊതുകുജന്യ രോഗമായതിനാൽ മലേറിയ പടരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
സംസ്ഥാനത്താകെ പനി പിടിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിവസവും പതിനായിരത്തിന് മുകളിലാണ്. ഇന്നലെ മാത്രം വിവിധ ജില്ലകളിൽ ചികിത്സ തേടിയത് 10008 പേരാണ്. ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് പ്രസിദ്ധീകരിക്കുന്ന ഡെയിലി റിപ്പോര്‍ട്ടിലാണ് കണക്കുകള്‍. സംസ്ഥാനത്ത് ഇന്നലെയും മൂന്നുപേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇതില്‍ രണ്ടു കേസുകള്‍ എറണാകുളത്തും ഒരെണ്ണം തൃശൂരിലുമാണ്. ഇന്നലെ 149 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി രോഗികള്‍ എറ്റവും കൂടുതൽ കൊല്ലം ജില്ലയിലാണ് - 40. 38 കേസുകളുള്ള എറണാകുളമാണ് തൊട്ടുപിന്നില്‍. തൃശൂര്‍ (17), പാലക്കാട് (10), കോഴിക്കോട് (12), കണ്ണൂര്‍ (6), കാസര്‍ഗോഡ് (4), മലപ്പുറം (5), ആലപ്പുഴ (1), കോട്ടയം (2), പത്തനംതിട്ട (3) തിരുവനന്തപുരം (11) എന്നിവിടങ്ങളിലും ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ സംസ്ഥാനത്താകെ 27 പേര്‍ക്ക് എലിപ്പനിയും 35 പേര്‍ക്ക മഞ്ഞപ്പിത്തവും 34 പേര്‍ക്ക് എച്ച്1 എന്‍1ഉം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഷിഗെല്ല, വെസ്റ്റ്‌നൈല്‍ കേസുകള്‍ ഇന്നലെ ഇല്ല. അതേസമയം എലിപ്പനി ബാധിച്ച് ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു.
പതിനഞ്ചാം തീയതിയും പനിബാധിതരായി സംസ്ഥാനത്ത് ചികിത്സ തേടിയത് ആരോഗ്യവകുപ്പിന്റെ ഡെയിലി റിപ്പോര്‍ട്ട് പ്രകാരം 12,228 പേരാണ്. കൊല്ലം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലായി ഏഴു പേര്‍ക്ക് പതിനഞ്ചാം തീയതിയും മലേറിയ സ്ഥിരീകരിച്ചിരുന്നു. അന്നുതന്നെ 108 പേര്‍ക്ക് ഡെങ്കിപ്പനിയും റിപ്പോർട്ട് ചെയ്തു. 41 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച എറണാകുളം ജില്ലയിലായിരുന്നു എറ്റവും കൂടുതല്‍ രോഗികകള്‍. കൊല്ലത്ത് 19 കേസും തിരുവനന്തപുരത്ത് 16 കേസും റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് എലിപ്പനി കേസുകളും 27പേര്‍ക്ക് മഞ്ഞപ്പിത്തവും 16 പേര്‍ക്ക് എച്ച്1 എന്‍1ഉം കണ്ടെത്തി.
പനിബാധിതരായി ചികിത്സ തേടുന്നവരില്‍ ദിനംപ്രതി നൂറിലധികം ആളുകള്‍ക്ക് ഡെങ്കിപ്പനിയാണെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 14ന് സംസ്ഥാനത്താകെ 6060 പേര്‍ പനിബാധിതരായി ചികിത്സ തേടിയതില്‍ 61പേര്‍ക്കും 13ന് 9549 പേര്‍ ചികിത്സ തേടിയതില്‍ 136 പേര്‍ക്കും 12ന് 12,204 പേര്‍ ചികിത്സ തേടിയതില്‍ 173 പേര്‍ക്കും ഡെങ്കിപ്പനിയാണ്. എലിപ്പനി, എച്ച്1 എന്‍1, മഞ്ഞപ്പിത്തം കേസുകളും ദിനംപ്രതി 20ലധികം പേര്‍ക്ക് സ്ഥിരീകരിക്കുന്നുണ്ട്. കുറഞ്ഞത് രണ്ടിലധകം ആളുകള്‍ക്ക് മലേറിയയും ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നു. കോളറ, ചിക്കൻ പോക്സ് എന്നിവ ബാധിച്ചും ദിനംപ്രതി ആളുകള്‍ ചികിത്സ തേടുന്നുണ്ട്.
14ാം തീയതി ഒന്ന്, 12 ന് രണ്ട്, 11ന് മൂന്ന്, പത്തിന് ആറ് എന്നിങ്ങനെയാണ് സംസ്ഥാനത്ത് മലേറിയ ബാധിതരുടെ എണ്ണം. ഈ മാസം ഇതുവരെ സംസ്ഥാനത്താകെ 43 പേര്‍ക്ക് മലേറിയ പിടിപെട്ടു. 1984 പേര്‍ക്ക് ഡെങ്കിപ്പനിയും 205 പേര്‍ക്ക് എലിപ്പനിയും 315 പേര്‍ക്ക് മഞ്ഞപ്പിത്തവും 536 പേര്‍ക്ക് എച്ച്1 എന്‍1ഉം 12 പേര്‍ക്ക് ഷിഗെല്ലയും ആറുപേര്‍ക്ക് വെസ്റ്റ്‌നൈലും ഈ മാസമുണ്ടായെന്നാണ് ഇതുവരെയുള്ള കണക്ക്.