അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ

അമീബിക് മെനിഞ്ചൈറ്റിസിനെ കുറിച്ച് ഇത്രയും നാളായി അധികമൊന്നും ചോദിക്കാത്ത ചില ചോദ്യങ്ങൾ. ‘IMA നമ്മു​ടെ ആരോഗ്യം’ മാസികയിൽ ഡോ. പുരുഷോത്തമൻ കെ.കെ എഴുതിയ ലേഖനം.

രാവും പകലും അമീബകളെ കുറിച്ച് പറഞ്ഞും ക്ലാസ്സെടുത്തും കൊണ്ടിരിക്കുന്ന എനിക്ക് ഇന്നലെ ഒരു അക്കിടി പറ്റി. അങ്ങനെ ഉള്ളൊരാൾക്ക് ഒരിക്കലും പറ്റാൻ പാടില്ലാത്ത ഒരു തെറ്റ്. എന്റെ പല്ലു ഡോക്ടർ നിർദ്ദേശിച്ച കാര്യമായിരുന്നു, പല്ലിടയിൽ നിന്ന് അഴുക്ക് എളുപ്പം കളയാൻ വാട്ടർ ഫ്ളോസിന്റെ ഉപയോഗം. വെള്ളം നിറച്ച് സ്വിച്ച് അമർത്തിയാൽ നേരിയ നൂല് പോലെ, എന്നാൽ ശക്തിയിൽ വെള്ളം ചീറ്റി വരും, പല്ലിട നന്നായി വൃത്തിയാക്കും. ഏതു രീതിയിലായാലും മൂക്കിലേക്ക് വെള്ളം ചീറ്റിപ്പോകാതെ സൂക്ഷിക്കണം എന്ന് എല്ലാവർക്കും മുന്നറിയിപ്പ് നൽകുന്ന ഞാൻ, ചീറ്റിയടിച്ച വെള്ളം മൂക്കിൽ കയറിയ ശേഷമാണ് ഈയൊരു സാധ്യത നേരത്തെ ഓർത്തില്ലല്ലോ എന്ന് തിരിച്ചറിഞ്ഞത്. ഭാഗ്യം, അധികം ആളുകളൊന്നും ഇത് പ്രയോഗിക്കാറില്ല എന്നതുകൊണ്ട് അധികം പേർക്ക് ഈ അക്കിടി പറ്റാനിടയില്ല എന്നത് ഒരു സമാധാനം. എങ്കിലും ഒഴിവാക്കേണ്ടവയുടെ പട്ടികയിൽ ഒന്നൂടെ എഴുതിച്ചേർത്തു.

നമ്മൾ ആലോചിക്കാതെ ഇങ്ങനെ പറ്റുന്ന അവസരങ്ങൾ പിന്നെയുമുണ്ട്. പറമ്പു നനക്കാൻ സ്ഥാപിക്കുന്ന വെള്ളംചീറ്റി പമ്പുകൾക്ക് (sprinkler) മുന്നിലേക്ക് കുട്ടികൾ ചെല്ലുമ്പോഴും, അതുമല്ലെങ്കിൽ പറമ്പിൽ പൈപ്പു കൊണ്ട് വെള്ളം നനക്കുന്നതിനിടയിൽ ഒപ്പം ചേരുന്ന കുട്ടികൾ പൈപ്പ് എടുത്ത് പ്രയോഗിക്കുമ്പോഴും മറ്റും. അവർ നമ്മളെ അനുകരിക്കുന്നതിനിടെ മൂക്കിലേക്ക് വെള്ളം ശക്തിയായി അടിച്ചു കയറാൻ സാധ്യതയുണ്ട്.

നാട്ടിലെ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ജലപീരങ്കികൾ പ്രയോഗിക്കും മുൻപ് വരും നാളുകളിൽ രണ്ടു വട്ടം ആലോചിക്കണം. ജല പീരങ്കികളിൽ നിറക്കുന്ന വെള്ളം ക്ളോറിനേറ്റ് ചെയ്‌തതൊന്നും അല്ലല്ലോ. മൂക്ക് ഒഴിവാക്കി നെഞ്ചത്തോട്ട് ചീറ്റാനും ആവില്ല. പറഞ്ഞുവന്നത് വേറെ ചില ചിന്തകളെ കുറിച്ചാണ്.

വ്യത്യസ്ത ചിന്തകളും ആശയങ്ങളും ഒക്കെ ഇങ്ങനെ എവിടെയെങ്കിലുമൊക്കെ “പെട്ട് പോവുമ്പോ” ആണ് ഉണ്ടാവുക. “കിട്ടേണ്ടത് കിട്ടി, ഇനി എന്തുവഴി’’ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ചിന്തകൾ ചിലപ്പോഴൊക്കെ അങ്ങ് കാടുകയറും. അതിന് കൃത്യമായ ശാസ്ത്രീയഅടിത്തറ ഉണ്ടായെന്നുവരില്ല. എന്നാലോ തികച്ചും അടിസ്ഥാനരഹിതമാണോ എന്ന് ചോദിച്ചാൽ അതും അല്ല. കുറ്റവാളിയായും ന്യായാധിപനായും ശരിതെറ്റുകൾ വിലയിരുത്തുമ്പോൾ എപ്പോഴും അന്തിമമായ ശരി എന്നൊന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഇപ്പറയുന്ന കാര്യങ്ങൾ എവിഡൻസ് ബേസ്ഡ് ആണോ എന്ന് ചോദിക്കരുത് എന്ന ഡിസ്ക്ലെയ്മർ തുറന്നു വെക്കട്ടെ.

അമീബിക് മെനിഞ്ചൈറ്റിസിനെ കുറിച്ച് ഇത്രയും നാളായി അധികമൊന്നും ചോദിക്കാത്ത ചില ചോദ്യങ്ങൾ തിരിച്ചും മറിച്ചും. പക്ഷെ ആ ചോദ്യങ്ങൾ വരും നാളുകളിൽ ഏറെ പ്രസക്തിയുള്ളവയാണ് എന്നു തോന്നുന്നു.

ആദ്യം മനസ്സിൽ വന്നൊരു ചോദ്യം, ഇത്തരം ഒരവസ്ഥയിൽ നമ്മൾ നിനച്ചിരിക്കാതെ അമീബ ഉണ്ടാവാൻ സാധ്യത ഏറെയുള്ള വെള്ളം മൂക്കിലേക്ക് ശക്തിയായി കയറി എന്നിരിക്കട്ടെ. ഉദാഹരണത്തിന് ഇത്തരം മലിനമായ കുളത്തിലേക്ക് തെന്നിവീണാൽ മൂക്കിൽ കയറിയ അമീബകളെ മൂക്കിനകത്ത് വെച്ച് കശാപ്പ് ചെയ്തു രക്ഷപ്പെടാൻ എന്തെങ്കിലും മാർഗം?

പട്ടികടിയേറ്റശേഷം, വൈറസ് നമ്മളിൽ കയറിയ ശേഷം വാക്സിൻ എടുക്കാം. പക്ഷെ അമീബക്കെതിരെ ഇനിയും വാക്സിൻ എത്തിയില്ല. മറ്റു ചില വൈറസുകൾ, ഉദാഹരണം എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി എന്നിവ പകർന്ന് കിട്ടിയേക്കാവുന്ന സാഹചര്യങ്ങളിൽ, (“നീഡിൽ പ്രിക്” കിട്ടിയശേഷം) കഴിക്കാനായി കൊടുക്കുന്ന ചില മരുന്നുകൾ രോഗം വരുന്നത് തടയാൻ ഫലപ്രദമാണ്. അങ്ങനെ എന്തെങ്കിലും ഒന്ന് കഴിക്കണോ? അല്ല, അങ്ങനെ ഒന്നുണ്ടോ? എങ്കിൽ എന്തൊരാശ്വാസം ആവുമായിരുന്നു?.

ഈ അമീബകൾക്കെതിരെ ഉറപ്പായും ഫലിക്കും എന്ന് പറയാവുന്ന ഒരു മരുന്ന് ഇല്ല. അതുകൊണ്ടു തന്നെ ഒരു കൂട്ടം മരുന്നുകൾ (കോക്‌ടെയ്ൽ) ആണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. അതിൽ ഏതാണ് ജീവൻ രക്ഷിക്കുന്നത് എന്ന് ഇപ്പോഴും നല്ല ഉറപ്പില്ല. അതിൽ ഏതെങ്കിലും ഒന്നെടുത്തു പ്രയോഗിച്ചാലോ? അതിൽ പലതും ഇൻജെക്ഷനുകളും- അതിലേതെങ്കിലും ഫലിക്കുമോ? ഏതു കഴിക്കും? ധൈര്യമില്ലാത്തതിനാൽ എന്തായാലും ഞാൻ ഒന്നും കഴിച്ചില്ല. സത്യത്തിൽ ഈയൊരു വിഷയത്തിൽ ഒരു പഠനം വേണ്ടതാണ്. വരും നാളുകളിൽ ഉണ്ടാവും, അങ്ങനെ ഒരു രക്ഷകൻ വരും.

ഈ ഗതികേട് വരാൻ കണ്ടൊരു നേരം. നാളെ തൊട്ടൊരു ആഴ്ച്ചക്കാലം വലിയൊരു യാത്രയാണ്, പുറം രാജ്യത്തേക്ക്, പഴയ സഹപാഠികൾക്കൊപ്പം. അതിനിടയിൽ വരുന്ന ഏഴെട്ടു ദിവസങ്ങളിൽ അവിടെ വെച്ച് ഇതെങ്ങാനും തുടങ്ങിയാൽ? നമ്മുടെ നാട്ടിൽ നിന്ന് നേതാക്കന്മാരൊക്കെ വികസിത രാജ്യങ്ങളിലേക്ക് പോകുകയാണ് ചികിത്സക്ക്, അപ്പൊ അവിടെ എന്താ ചികിത്സ ഉണ്ടാവില്ലേ, പിന്നെ എന്തിന് ഭയക്കണം?

സത്യം പറഞ്ഞാൽ ലോകത്തിൽ ഈയവസ്ഥക്ക് ഏറ്റവും നല്ല ചികിത്സ വിശ്വസിച്ചു ചെയ്യാവുന്ന ഇടം കേരളമാണ്. വെറുതെ അങ്ങ് പൊക്കിപ്പറഞ്ഞതല്ല. “കേരളം ഒന്നാമത്’’ എന്നത് മേനിപറച്ചിലാണെന്ന് വിമർശനം ഉയരുമ്പോഴും, ഇക്കാര്യത്തിൽ അത് തികച്ചും സത്യമാണ്.

വിവിധ ഇനത്തിലുള്ള ഈ അമീബകളൊക്കെ എത്ര നാളുകൾക്കുള്ളിൽ ലക്ഷണങ്ങളുണ്ടാക്കും എന്ന ചിന്തയായിരുന്നു പിന്നെ. “നെഗ്ലേറിയ ഫൗളേരി” ഇത്തിരി നേരത്തെ, ഏഴു ദിനങ്ങൾക്കുള്ളിൽ തുടങ്ങും, മറ്റുള്ളവരൊക്കെ (ബാലമുത്തിയ / അക്കാന്തമീബ) പതിയെ പതിയെ, ചിലരൊക്ക മാസങ്ങൾ വരെ കഴിയും. അതുകൊണ്ടാണ് പലപ്പോഴും എവിടെ നിന്ന് കിട്ടി എന്നറിയാതെ പോവുന്നത്. നാളുകളായി വെള്ളം കണ്ടിട്ടില്ലാത്തവർക്ക് ഇതെങ്ങനെ കിട്ടി എന്ന ചോദ്യം അങ്ങനെയാണ് വന്നത്. മനസ്സിൽ അങ്ങനെ കൂട്ടലും കിഴിക്കലും ആയപ്പോ ഒരു ലഡ്ഡു പൊട്ടി.

പണ്ട് എൺപതുകളിൽ അധ്യാപകനായി കയറിയ നാളുകളിൽ ഹോട്ടൽ ഭക്ഷണമായിരുന്നു നാളുകളോളം. അന്ന് അമീബിക് ഡിസെന്ററി ഉണ്ടായിട്ടുണ്ട്. ഒന്നല്ല പല തവണ. അതിനെതിരെ മരുന്നും കഴിച്ചിട്ടുണ്ട്. പിന്നെ പിന്നെ വയറ് അതുമായി പൊരുത്തപ്പെട്ടു. സത്യത്തിൽ ഡിസെന്ററി ഉണ്ടാക്കുന്ന അമീബയെ, എന്റമീബ ഹിസ്റ്റോലിറ്റിക്ക എന്ന ഇവരുടെ ഒക്കെ വല്യേട്ടനെ, മെരുക്കി എടുക്കാൻ എന്റെ പ്രതിരോധശേഷിക്ക് കഴിഞ്ഞു എങ്കിൽ ആ പ്രതിരോധത്തിന്റെ പൊട്ടും പൊടിയുംഎങ്കിലും ഇപ്പോഴും കാണില്ലേ, അത് മാത്രല്ല, ഇവരൊക്കെ ഒരൊറ്റ കുടുംബക്കാരല്ലേ. എന്റെ രക്തത്തിലെ പ്രതിരോധ പട്ടാളക്കാർ ഇക്കൂട്ടർക്കെതിരെയും വാളെടുക്കില്ലേ?

അതാണ് രണ്ടാമത്തെ പഠനം വേണ്ട ചോദ്യം. ഇതാലോചിച്ചപ്പോൾ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ:

അന്തർ സംസ്ഥാന തൊഴിലാളികൾ എത്ര പേർക്ക് ഈ അസുഖം ഉണ്ടായി? നനയായാലും കുളി ആയാലും ഇവിടത്തുകാർക്കുള്ളതിനേക്കാൾ പലപ്പോഴും വൃത്തി കുറഞ്ഞ അവസ്ഥകളിലാണ് അവർ.

മറ്റൊരു ചോദ്യം, ഇതര സംസ്ഥാനത്ത് എന്തുകൊണ്ട് ഇത് സംഭവിക്കുന്നില്ല?. ഇത്രയും നാൾ നമ്മൾ വിശ്വസിച്ചത്, ഇത്രയും തന്നെ കേസുകൾ അവിടെയും ഉണ്ടാവുന്നുണ്ടായിരിക്കും, അതാരും കണ്ടുപിടിക്കാത്തതു കൊണ്ടാണ് എന്നാണ്. കാര്യം ശരിയാണ്. ഇക്കാര്യം അവിടത്തെ ചികിത്സകർ അറിയാതിരിക്കുമ്പോഴോ അതുമല്ലെങ്കിൽ ഇത് കണ്ടെത്താനുള്ള പരിശോധനകൾ അവിടെ ലഭ്യമല്ലാത്തതുകൊണ്ടോ ഈ അവസ്ഥ മറ്റൊരു അസുഖമായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ടാവും.

ഇന്ന് കേരളത്തിലെ ജനങ്ങളും ഡോക്ടർമാരും ജാഗരൂകരായതുകൊണ്ടും പരിശോധനാ സാധ്യത ഏറെ ഉള്ളതുകൊണ്ടും നമ്മൾ ഇവയൊക്കെ നേരത്തെ കണ്ടെത്തുന്നു എന്നതേയുള്ളൂ എന്നാണ് വിശദീകരണം. പക്ഷെ, അവിടെ മറ്റൊരു സാധ്യത കൂടിയുണ്ട്. വൃത്തിഹീനമായ സാഹചര്യവും, ആഹാര നീഹാരാദികളും ഉള്ളയിടങ്ങളിൽ അവർക്കു ഇതിനെതിരെയുള്ള പ്രതിരോധം നമ്മളെക്കാൾ കൂടുതൽ ഉണ്ടായിട്ടുണ്ടാവുമോ? ഏറെ വൃത്തിയും വെടിപ്പുമുള്ള നമ്മൾക്ക് അതിനു കിട്ടിയ ശിക്ഷ ആവുമോ?

എന്തായാലും ഇവിടെ ഒരു പഠനം വേണ്ടതുണ്ട്. നാട്ടിലാകെ കളവ് പെരുകുമ്പോൾ ആദ്യം മുന്നിൽ പെട്ടുപോവുന്നവൻ കള്ളനായി മുദ്രയടിക്കപ്പെടുന്ന യാഥാർഥ്യം. അതിവിടെയും ഒരു സാധ്യത അല്ലേ? പണ്ടത്തേക്കാൾ അമീബകൾ എണ്ണത്തിലും തരത്തിലും ഒക്കെ എമ്പാടും കൂടിയതുകൊണ്ടുതന്നെയാണോ ഇത്രയും കേസുകൾ ഇവിടെ ഉണ്ടായത്? അതോ പണ്ടും ഇവിടെ ഇതുപോലെ ഒക്കെ തന്നെ അവരുണ്ടായിരുന്നുവോ? പക്ഷെ ഇവിടെയുള്ള നമ്മൾ മാറി. എളുപ്പം അവർക്കടിമപ്പെടുന്ന രീതിയിൽ നമ്മളുടെ പ്രതിരോധത്തിന് എവിടെയോ പാളിച്ച ഉണ്ടായി. സത്യത്തിൽ രണ്ടും ഒരേ പോലെ സാധ്യതയുള്ളതായി കണക്കാക്കണം. അമീബ ചുറ്റുപാടും കൂടുതലായി എന്ന് പറയണമെങ്കിൽ പണ്ട് ഇവിടെ കുളത്തിലും പുഴയിലും ഒക്കെ ഇത്ര അമീബകൾ ഉണ്ടായിരുന്നു, ആ സ്ഥാനത്ത്‌ ഇന്നത് പതിന്മടങ്ങു കൂടി എന്ന് പറയാനാവണം. പക്ഷെ പണ്ട് ഇക്കാര്യം ആരെങ്കിലും നോക്കിയിരുന്നോ? വെള്ളത്തിൽ അമീബയുടെ സാന്നിധ്യം ഉണ്ടോ, അതെത്രമാത്രം എന്നൊന്നും പണ്ടാരും നോക്കിയിട്ടില്ല. അപ്പൊ, അന്നത്തെക്കാൾ ഇന്ന് കൂടി എന്ന് പറയാനാവുമോ? അവരെ കുറ്റവാളികളായി മുദ്രയടിക്കും മുൻപ് മറ്റേ വശവും പരിശോധിക്കണ്ടേ?

വരും നാളുകളിൽ ഉത്തരം കിട്ടേണ്ടുന്ന, വ്യക്തത വരേണ്ടുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്. ഊഹാപോഹങ്ങളല്ലാതെ ശാസ്ത്രീയമായ സത്യങ്ങൾ തെളിയണം. അതിനു വേണ്ടത് പഠനങ്ങൾ. ഇതു വരെയുള്ള അറിവുകളും ഡാറ്റകളും ആർക്കും ഉപയോഗിക്കത്തക്കവിധം സുതാര്യമായി ലഭ്യമാവുമ്പോൾ ലളിതമായ പഠനങ്ങൾ ആർക്കും ചെയ്യാനാവും. വലിയ ചെലവും ഏറെ സാങ്കേതികതയുടെ സഹായവും വേണ്ട പഠനങ്ങളും ഈ മേഖലയിൽ വേണ്ടതുണ്ട്. ഉദാഹരണത്തിന് ഇവക്കെതിരെയുള്ള വാക്സിൻ നിർമ്മാണം, ഫലപ്രദമായ മരുന്നുകൾ, മറ്റു ചികിത്സാരീതികൾ ഒക്കെ. പ്രകൃതിയിലെ ഏതെങ്കിലും ഒരു ജീവിയെയോ ജീവിവർഗ്ഗത്തെയോ ഉന്മൂലനം ചെയ്തല്ല ലക്ഷ്യം കൈവരിക്കേണ്ടത്. സഹവർത്തിത്വം എന്നതാവണം അവസാനവാക്ക്. ഏകാരോഗ്യം എന്ന തത്വത്തിൽ മുറുകെപ്പിടിച്ചാവണം ഇനിയങ്ങോട്ടുള്ള വഴി.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments