മീൻ കുറയുന്ന മലയാളി മെനു

മലയാളി കഴിക്കുന്ന ഭക്ഷണത്തിൽ മത്സ്യവിഭവങ്ങൾ കുറഞ്ഞുവരുന്നതായി ഫിഷറീസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതിവർഷം ആളോഹരി 19.41 കിലോ ആയിരുന്ന മീൻ ഉപഭോഗം 17.93 കിലോയായി കുറഞ്ഞു. രോഗാതുരത കൂടുതലുള്ള കേരളീയരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുന്നതിലേക്ക് കുറഞ്ഞുവരുന്ന മീൻ ഉപഭോഗം കാരണമാകും.

രാജ്യത്തെ മത്സ്യ ഉപഭോഗവുമായി ബന്ധപ്പെട്ട് 2022-2023 കാലയളവിൽ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് സെന്റർ (എൻ.സി.എ.ആർ) നടത്തിയ പഠനത്തിൽ, മത്സ്യ ഉപഭോഗത്തിൽ ഇരട്ടി വർധനവ് രേഖപ്പെടുത്തി. 24 സംസ്ഥാനങ്ങളിലെ 105 ലധികം ജില്ലകളിൽ നടത്തിയ പഠനമനുസരിച്ച് ഇന്ത്യയിലെ പ്രതിശീർഷ മത്സ്യഉപഭോഗം 13 കിലോ ആണ്. പത്തുവർഷം മുമ്പ് 2011-12 ൽ നടത്തിയ പഠനത്തിൽ പ്രതിശീർഷ മത്സ്യഉപഭോഗം ഏഴു കിലോ ആയിരുന്നു. വീടുകളിലെ പ്രതിമാസ മീൻ ഉപഭോഗം 2.66 കിലോയിൽ നിന്ന് പത്തുവർഷം കൊണ്ട് അഞ്ചു കിലോയായി വർധിച്ചു. ഒരു മാസത്തെ ഭക്ഷണച്ചെലവിൽ മത്സ്യം വാങ്ങാൻ ഇതേ കാലയളവിൽ ചെലവിട്ടിരുന്ന തുക 7.6 ശതമാനത്തിൽ നിന്ന് 16.6 ശതമാനമായി വർധിച്ചിട്ടുണ്ട്. പക്ഷേ പ്രതിശീർഷ മത്സ്യ ഉപഭോഗം 20.5 കിലോയെങ്കിലും വേണമെന്ന അന്താരാഷ്ട്ര സൂചികകളുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യയിലെ ഉപഭോഗം കുറവാണ്. ആരോഗ്യകരമായ ജീവിതശൈലി വികസിപ്പിച്ചെടുക്കുന്നതിന്റെ ഭാഗമായി മത്സ്യ ഉപഭോഗത്തിന്റെ തോത് വർധിപ്പിക്കുകയെന്നത് അനിവാര്യമായ കാര്യമാണ്.

മത്സ്യ ഉപഭോഗം കുറയുന്നത്
ആരോഗ്യ പ്രശ്നം കൂടിയാണ്

ഭക്ഷണത്തിലൂടെയുള്ള പോഷകഗുണങ്ങൾ ലഭ്യമാകുന്നതിന് മത്സ്യവിഭവങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പോഷകങ്ങളുടെ കലവറയായി തന്നെ മത്സ്യത്തെ കാണാം. മത്സ്യത്തിലുള്ള പ്രോട്ടിന്റെ ജൈവലഭ്യത സസ്യാഹാരങ്ങളിൽ നിന്നുള്ളതിനേക്കാൾ 5-50 ശതമാനം കൂടുതാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. മനുഷ്യന്റെ ആരോഗ്യത്തിന് ആവശ്യമായ അമിനോ ആസിഡുകളെല്ലാം മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. മത്സ്യങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രധാന പോഷകങ്ങളിലൊന്നാണ് ഒമേഗ-3 ഫാറ്റി ആസിഡുകൾ, മനുഷ്യരിലെ വൈജ്ഞാനിക വികാസത്തിനും കാഴ്ചശക്തിയ്ക്കുമെല്ലാം സഹായിക്കുന്ന പോഷകമാണിത്. മിതമായ സീ ഫുഡ് ഉപഭോഗം അൽഷിമേഴ്സ് രോഗത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഇത്രയേറെ പോഷകഗുണങ്ങളുണ്ടായിട്ടും കേരളത്തിൽ മത്സ്യ ഉപഭോഗം കുറഞ്ഞുവരുന്നതായാണ് ഫിഷറീസ് മന്ത്രാലയത്തിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രണ്ടു കാലയളവിലായി സംസ്ഥാനത്ത് നടത്തിയ പഠനത്തിൽ പ്രതിവർഷം ആളോഹരി 19.41 കിലോ ആയിരുന്ന മീൻ ഉപഭോഗം 17.93 കിലോയായി കുറഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രോഗാതുരത കൂടുതലുള്ള കേരളീയരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കുന്നതിലേക്ക് കുറഞ്ഞുവരുന്ന മീൻ ഉപഭോഗം കാരണമാവുമെന്നാണ് പൊതുജനാരോഗ്യ വിദഗ്ധനായ ഡോ. ബി. ഇക്ബാൽ പറയുന്നത്:

ഡോ.ബി. ഇക്ബാൽ

''കേരളത്തിൽ മത്സ്യ ഉപഭോഗം കുറയുന്നത് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കിലെടുത്ത് പരിഹാര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തിരമായി ശ്രമിക്കേണ്ടതാണ്. ആരോഗ്യമേഖലയെയും മത്സ്യ വിപണിയെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണിത്. ഹൃദ്രോഗസാധ്യത കുറക്കുന്ന ഒമേഗ 3 കൊഴുപ്പുള്ളതിനാൽ ‘മത്സ്യം ഹൃദയത്തെ സംരക്ഷിക്കും’ എന്നൊരു ആപ്ത്യവാക്യം തന്നെ വൈദ്യശാസ്ത്രത്തിലുണ്ട്. ഓമേഗ 3 ഫാറ്റി ആസിഡ് വിഭാഗത്തിൽ പെട്ട ഡി എച്ച് എ, തലച്ചോറിന്റെ ആരോഗ്യത്തിന് പ്രത്യേകിച്ച് ധാരണാശക്തി മെച്ചപ്പെടുത്താനും സഹായകരമാണ്.”
കേരളത്തിൽ മത്സ്യ ഉപഭോഗം കുറഞ്ഞുവരുന്നതുമായി ബന്ധപ്പെട്ടുളള ചർച്ചകൾ നടക്കേണ്ടത് അത്യാവശ്യമാണെന്നും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വിദഗ്ധർ ഇതിന് മുൻകൈയ്യെടുക്കണമെന്നും ഡോ. ഇക്ബാൽ ട്രൂകോപ്പിയോട് പറഞ്ഞു.

മത്സ്യത്തിന്റെ ആരോഗ്യ, പോഷക, ഗുണങ്ങളോടൊപ്പം തന്നെ മത്സ്യം ലഭിക്കുന്ന സ്ഥലം, സംരക്ഷണരീതി, ഭക്ഷണം തയ്യാറാക്കുന്ന രീതിയെല്ലാം മത്സ്യ ഉപഭോഗത്തിനോടൊപ്പം പരിശോധിക്കേണ്ട കാര്യങ്ങളാണ്. രാജ്യത്തെ മത്സ്യ ഉപഭോഗത്തെക്കുറിച്ച് എൻ.സി.എ.ആർ നടത്തിയ ഗവേഷണത്തിൽ സമൂഹത്തെ Low Income Group, Medium Income Group, High Income Group എന്നിങ്ങനെ സാമ്പത്തിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പഠിച്ചിരുന്നത്. മൂന്ന് വർഗ വിഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് മത്സ്യ ഉപഭോഗത്തെ സ്വാധീനിച്ചിരുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളെ സംബന്ധിച്ച് ദിവസവും മത്സ്യം വാങ്ങുകയെന്നത് സാധ്യമല്ല. മത്സ്യ വിഭവങ്ങളുടെ അമിതവില ഇവരെ കുറഞ്ഞ ഉപഭോഗത്തിലേക്ക് നയിക്കുന്നു. മത്സ്യഉപഭോഗത്തിന്റെ പോഷകവശങ്ങളെക്കുറിച്ച് അവബോധമില്ലായ്മയാണ് മധ്യവർഗത്തിൽ കുറഞ്ഞ മത്സ്യ ഉപഭോഗത്തിന്റെ പ്രധാന കാരണം. ഫിഷ് മാർക്കറ്റിലെ ശുചിത്വമില്ലായ്മയും ഫ്രഷായി മത്സ്യങ്ങൾ കിട്ടുന്നതിനുള്ള ബുദ്ധിമുട്ടുകളാണ് മത്സ്യം വാങ്ങുന്നതിൽ നിന്ന് ഉയർന്ന വരുമാനമുള്ള കുടുംബങ്ങളെ പിന്തിരിപ്പിക്കുന്നത്. മത്സ്യം പഴകി പോകാതിരിക്കാനും സൂക്ഷിക്കാനുമായി അമോണിയ ഉൾപ്പടെയുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന മാധ്യമവാർത്തകളും മത്സ്യഉപഭോഗത്തെ പ്രതികൂലമായി സ്വാധീനിക്കുന്നു. മത്സ്യത്തിന്റെ ഗുണനിലവാരവും പുതുമയുമെല്ലാം ഉപഭോക്താക്കൾ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളാണ്. മത്സ്യമാർക്കറ്റുകളിൽ നിന്നോ, പരിചയത്തിലുള്ള മീൻകച്ചവടക്കാരിൽ നിന്നോ ആണ് ആളുകൾ പൊതുവെ മീൻ വാങ്ങാറ്. തീരദേശമേഖലയിൽനിന്ന് അകലെയുള്ളവരെ സംബന്ധിച്ച് ഗുണനിലവാരമുള്ള മത്സ്യങ്ങൾ ലഭിക്കുകയെന്നത് വെല്ലുവിളിയാണ്. മത്സ്യതൊഴിലാളികളിൽ നിന്ന് മത്സ്യം ശേഖരിച്ച് വിപണനം നടത്തുന്ന ഇടനിലക്കാർ വില കൂട്ടുന്നതും ​ശുചിത്വത്തിൽ കാണിക്കുന്ന വീഴ്ചകളുമെല്ലാം മത്സ്യ ഉപഭോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുന്ന കാര്യങ്ങളാണ്.

മത്സ്യത്തിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അവബോധമില്ലായ്മ, മത്സ്യ ലഭ്യതയിലെ കുറവ്, അമിത വില, മത്സ്യമാർക്കറ്റുമായി ബന്ധപ്പെടുന്നതിലെ തടസ്സങ്ങൾ, മത്സ്യം കേടാകാതിരിക്കാൻ രാസവസ്തുകൾ ചേർക്കുന്നുവെന്ന ഭയം, മത്സ്യത്തിന്റെ ഗുണനിലവാരം സംബന്ധിച്ച സംശയങ്ങൾ തുടങ്ങിയവയാണ് ഉപഭോഗവുമായി ബന്ധപ്പെട്ട പ്രധാന വെല്ലുവിളികൾ.

മത്സ്യത്തിന്റെ പോഷകഗുണങ്ങൾ

മത്സ്യങ്ങളിലുള്ള കാത്സ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, സെലിനിയം, അയഡിൻ തുടങ്ങിയ അവശ്യധാതുക്കളും വിറ്റാമിൻ എ, ഡി,ബി, എന്നിവയെല്ലാം മനുഷ്യന്റെ ആരോഗ്യത്തിന് ഗുണകരമാകുന്ന പോഷകങ്ങളാണ്. മത്സ്യ ഉപഭോഗം സാക്രമികേതര രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ആഴ്ചയിൽ മൂന്ന് തവണയെങ്കിലും മത്സ്യവിഭവം കഴിക്കുന്നത് വൻകുടലിലെ കാൻസർ സാധ്യത കുറയ്ക്കുന്നതായി ഓക്‌സ്‌ഫോർഡ് സർവകലാശാലയും ഇന്റർനാഷണൽ കാൻസർ റിസർച്ച് സെന്ററും നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മത്സ്യം കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത കുറക്കാനും ഹൃദയസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും. രക്തസമ്മർദ്ദം കുറയ്ക്കാനും മീൻ ഭക്ഷണം വളരെയധികം നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയുമെല്ലാം ആരോഗ്യത്തിനും മീനുകൾ കഴിക്കുന്നത് ഗുണകരമാണ്. മാംസത്തെക്കാൾ പോഷകഗുണങ്ങൾ കൂടുതലുള്ളത് മത്സ്യത്തിനാണെന്നാണ് നുട്രീഷൻ കോച്ചായ നസ്രീൻ ഫവാസ് പറയുന്നു​:

നസ്രീൻ ഫവാസ്

“ നമ്മുടെ മൂന്നുനേരത്തെ ഭക്ഷണരീതിയിൽ 150 ഗ്രാം മത്സ്യം ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മത്തി, സാൽമൺ, ട്യൂണ, ചെമ്മീൻ, അയല, ഞണ്ട് തുടങ്ങിയ മത്സ്യങ്ങളിലെല്ലാം ഒമേഗ 3 ഫാറ്റുകളും പ്രോട്ടീനുകളുമെല്ലാമുണ്ട്. മത്സ്യങ്ങളിൽ മത്തി, അയല, സാൽമൺ, ആങ്കോവീസ് തുടങ്ങിവയിൽ ഒമേഗ 3 ഫാറ്റുകൾ കൂടുതലാണ്. ട്യൂണ, തിലാപ്പിയ, രോഹു, ആവോലി തുടങ്ങിയ മത്സ്യങ്ങളിൽ കൊഴുപ്പ് കുറവും കുറഞ്ഞ കലോറിയുമാണുള്ളത്. ചെറിയ മീനുകളിലാണ് വലിയ മീനുകളേക്കാൾ പോഷകഗുണങ്ങളുള്ളത്. മീൻ ഷാലോ ഫ്രൈ ചെയ്തും ഇലയിൽ വാട്ടി കഴിക്കുന്നതുമെല്ലാം പാകം ചെയ്യുന്നതിലെ നല്ല ഓപ്ഷനുകളാണ്. സസ്റ്റെനിബിൾ രീതിയിൽ നോക്കുകയാണെങ്കിൽ ഒന്നോ രണ്ടോ മീൻ ഫ്രൈ ചെയ്ത് കഴിച്ചത് കൊണ്ട് ആരോഗ്യത്തിന് കുഴപ്പമുണ്ടാകില്ല. പക്ഷേ എല്ലാം നേരവും മീൻ ഫ്രൈ ചെയ്ത് കഴിക്കുമ്പോഴാണ് അനാരോഗ്യമായി മാറുന്നത്. ബാലൻസ്ഡ് മീൽസ് ആണ് കഴിക്കുന്നതെങ്കിൽ ഫ്രൈ ചെയ്ത് കഴിക്കുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടാവില്ല”

മലയാളികളുടെ ഭക്ഷണ രീതിയിൽ ചെറിയ മാറ്റങ്ങൾവരുത്തിയാൽ തന്നെ ജീവിതശൈലീരോഗങ്ങൾ കുറക്കാനാകും. ഹാഫ് ബാലൻസ്ഡ് ആയ രീതിയിൽ, ഒമ്പത് ഇഞ്ചിന്റെ പ്ലേറ്റിൽ അര ഭാഗം വെജിറ്റബിൾസും കാൽഭാഗം പ്രോട്ടിനും കാൽഭാഗ കാർബോഹ്രൈഡ്രറ്റേസും ഉൾപ്പെടുന്ന രീതിയിലുള്ള ഭക്ഷണരീതിയാണ് പിന്തുടരേണ്ടത്. മത്സ്യം കൂടുതലായി കഴിക്കുന്നത് കാരണം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ എന്ന സംശയങ്ങളും പൊതുവെയുണ്ട്. മത്സ്യമായാലും മാംസമായാലും നിയന്ത്രിത അളവിൽ കഴിക്കുന്നതാണ് നല്ലതെന്നാണ് നുട്രീഷനിസ്റ്റ് പറയുന്നത്. മത്സ്യവും മാംസവുമെല്ലാം അതിന്റെ അളവിൽ കൂടുതലായി കഴിച്ചുകഴിഞ്ഞാൽ പൊണ്ണത്തടിയ്ക്ക് കാരണമാകും. പ്രോട്ടീൻ അധികമായി കഴിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. ഭക്ഷണം കഴിക്കുന്നതിനോടൊപ്പം തന്നെ ഹ്രൈഡേഷനും വ്യായാമവുമടക്കമുള്ള ആരോഗ്യശീലങ്ങളും പിൻതുടരേണ്ടത് അത്യാവശ്യമാണ്.

ചെറുമത്സ്യങ്ങൾ കുറയുന്നു

ഭക്ഷ്യസുരക്ഷ നിലനിർത്തുന്നതിൽ മത്സ്യമേഖലക്ക് നിർണായക പങ്കുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വളർന്നുകൊണ്ടിരിക്കുന്ന ഭക്ഷ്യ ഉത്പാദന വ്യവസായമായി തന്നെ മത്സ്യമേഖലയെ കാണാം. എന്നാൽ കേരളതീരത്ത് മത്സ്യലഭ്യതയിൽ വലിയ രീതിയിലുള്ള കുറവുണ്ടായിട്ടുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. പണ്ട് സുലഭമായി ലഭിച്ചിരുന്ന അയക്കുറ, ഏട്ട, നെയ്മീൻ, കൂന്തൾ, കണവ, കോര, ചെമ്മീൻ തുടങ്ങിയ മീനുകളൊക്കെ കേരളാ തീരങ്ങളിൽ കുറഞ്ഞുവരികയാണെന്നാണ് കോഴിക്കോട് മത്സ്യമാർക്കറ്റിലെ തൊഴിലാളിയായ ഫൈസൽ പറയുന്നത്:

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് മത്സ്യലഭ്യത കുറഞ്ഞുവരുന്ന പ്രശ്‌നം കൂടുതലായി കാണുന്നത്. പണ്ട് കൂടുതലായി കണ്ടിരുന്ന ഏട്ടയടക്കമുള്ള നിരവധി മീനുകളെ ഇപ്പോൾ കാണാൻ പോലും കഴിയുന്നില്ല. മത്സ്യതൊഴിലാളികളെ സംബന്ധിച്ച് ഒരു ദിവസത്തെ മത്സ്യബന്ധമെന്നത് ചെലവേറിയ കാര്യമായി മാറിയിരിക്കുകയാണ്. ഡീസലിനും മണ്ണെണ്ണയ്ക്കുമെല്ലാം വില കൂടിവരികയാണല്ലോ. അതിനിടയിലാണ് മത്സ്യലഭ്യത കുറഞ്ഞുവരുന്ന പ്രതിസന്ധിയുമുള്ളത്. മത്സ്യബന്ധനത്തിന് ചെലവാകുന്നതിന് അനുസരിച്ചുള്ള വിലയങ്കെിലും ഈ പിടിച്ചുകൊണ്ടുവന്ന മീനിൽ നിന്ന് കിട്ടേണ്ടതല്ലേ, അതിന് കണക്കാക്കിയിട്ടാണ് വില കൂട്ടുന്നത്.
ഇതുകൂടാതെ മത്സ്യവിപണിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന മത്സരാന്തരീക്ഷവും മത്സ്യത്തിന്റെ വില കൂടുന്നതിന് കാരണമാകുന്നുണ്ടെന്നാണ് ഫൈസൽ പറയുന്നത്.

പലപ്പോഴും മത്സ്യതൊഴിലാളികൾക്ക് നൽകുന്ന പണത്തിന്റെ ഇരട്ടിവിലയിലാണ് ഇടനിലക്കാർ, ഉപഭോക്താകൾക്ക് മത്സ്യം വിൽക്കുന്നതതെന്നതും ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യമാണ്. കടപ്പുറത്ത് 100 രൂപയ്ക്ക് വിൽക്കുന്ന മത്സ്യം സെൻട്രൽ മാർക്കറ്റിൽ 300 രൂപയ്ക്ക് വിൽക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. മത്സ്യത്തൊഴിലളികളല്ല, പകരം ഇതിനിടയിലെ കച്ചവടക്കാരും ഇടത്തട്ടുകാരുമാണ് മീനുകളുടെ വില നിശ്ചയിക്കുന്നത്. ഇതാണ് വില കൂടാനുള്ള പ്രധാന കാരണം. മത്തി, അയല പോലുള്ള ചെറുമത്സ്യങ്ങളുണ്ടെങ്കിൽ വില ഒരു പരിധി വരെ പിടിച്ചുനിർത്താനാകും. പക്ഷേ ചെറുമത്സ്യങ്ങളുടെ ലഭ്യതയിലുണ്ടാകുന്ന ഗണ്യമായ കുറവും കേരളത്തിൽമത്സ്യവില ഉയർന്നുവരുന്നതിന് കാരണമാകുന്നു.

വർദ്ധിക്കുന്ന വ്യാവസായിക മത്സ്യബന്ധനം

പൊതുവെ രണ്ട് രീതിയിലുള്ള മത്സ്യബന്ധനങ്ങളാണ് കേരളാതീരത്ത് നടക്കാറുള്ളത്.

  • പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനം

  • യന്ത്രവത്കൃത ബോട്ടിങ്ങ് ഉപയോഗിച്ചുള്ള മത്സ്യബന്ധനം

പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്നവർ പൊതുവെ കടലിലെ ഉപരിതലത്തിലുള്ള മത്സ്യങ്ങളെയാണ് പിടിക്കുന്നത്. എന്നാൽ ട്രോളിങ്ങ് ബോട്ടുകളിലും വ്യാവസായിക കപ്പലുകളിലും മത്സ്യബന്ധനം നടത്തുന്നവർ കടലിലെ അടിത്തട്ടിലുള്ള മത്സ്യങ്ങളെയാണ് കൂടുതലായും പിടിക്കുന്നത്. വിപണിയിൽ കൂടുതൽ മൂല്യമുള്ള മത്സ്യങ്ങളെ പിടിക്കുന്നതിൽ ട്രോളിങ്ങ് ബോട്ടുകൾ തുടരുന്ന മത്സരവും മത്സ്യവിലയെ സാരമായി ബാധിക്കുന്നു. കേരളത്തിൽ പല സ്ഥലങ്ങളിലും വലിയ രീതിയിലുള്ള നശീകരണ മത്സ്യബന്ധനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കടലിന്റെ അടിത്തട്ടിലേക്ക് വലവിരിച്ച് നടത്തുന്ന മത്സ്യബന്ധനത്തിലൂടെ നിയന്ത്രിത അളലിൽ കൂടുതലുള്ള മത്സ്യത്തെ ഇവർ പിടിക്കുന്നു. ഇത് കടലിന്റെ അടിത്തട്ടിലുള്ള മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്ന തരത്തിലാണെന്നാണ് കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ സെക്രട്ടറിയായ അബ്ദുൾ റാസിഖ് എം.പി പറയുന്നത്:

അബ്ദുൾ റാസിഖ് എം.പി

പരമ്പരാഗത മത്സ്യത്തൊളിലാളികൾ ഉപരിതലത്തിലുള്ള മത്സ്യങ്ങളെയാണ് പിടിക്കുന്നത്. എന്നാൽ കപ്പലുകളിലും മറ്റും മത്സ്യബന്ധനം നടത്തുന്നവർ ഇത് കൃത്യമായി പാലിക്കാറില്ല. കുഞ്ഞുങ്ങളായിരിക്കുമ്പോൾ തന്നെ മീനുകളെ ഇവർ പിടിക്കും. ഇത് ശരിയായ നടപടിയല്ല. പലപ്പോഴും വലിയ മീനുകളെ പിടിക്കാൻ ഇവർ ചെറിയ മീനുകളെ പിടിച്ചതിന് ശേഷം കടലിലേക്ക് തന്നെ തള്ളാറുണ്ട്”.
ഇത്തരത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങളും വിദേശ നിർമ്മിത കപ്പലുകൾ നടത്തുന്ന അശാസ്ത്രീയമായ മത്സ്യബന്ധനവുമെല്ലാം മത്സ്യങ്ങളുടെ കുറവിന് കാരണമാകുന്നുണ്ടെന്നാണ് റാസിഖ് പറയുന്നത്.

വ്യാവസായിക മത്സ്യബന്ധനമാണ്, മത്സ്യസമ്പത്ത് കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണം. പ്രതിവർഷം പിടിക്കുന്ന 80-85 ദശലക്ഷം ടൺ മത്സ്യങ്ങളിൽ 25-30 ദശലക്ഷം ടൺ മത്സ്യങ്ങൾ വ്യാവസായിക കപ്പലുകൾ പുറത്തെറിഞ്ഞ് കളയുന്നുണ്ട്. ഇവയെ ‘ഡിസ്‌കാർഡ്സ്’ എന്നാണ് വിളിക്കുന്നത്. വലിയ മത്സ്യങ്ങളെ അമിതമായി പിടിക്കുന്നതിന്റെ ഫലമായി അവയുടെ ഇരമത്സ്യങ്ങളും ജെല്ലി മത്സ്യങ്ങളും രോഗവാഹികളായ ജീവികളും സമുദ്രങ്ങളിൽ പെരുകും.

അമിത ചൂഷണത്തിന് വിധേയമായ മത്സ്യങ്ങൾ 1947-ൽ 10 ശതമാനമായിരുന്നത് 2021-ൽ 35 ശതമാനമായാണ് വർധിച്ചത്. ഇത് ഓരോ വർഷം കൂടുതോറും കൂടിവരികയാണ്. വ്യാവസായിക മത്സ്യബന്ധനം തുടരുകയാണെങ്കിൽ 2048-നകം ഭക്ഷ്യയോഗ്യമായ മുഴുവൻ മത്സ്യങ്ങളും ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ് ആറ് രാജ്യങ്ങളിലെ 14 ഗവേഷകർ നേച്ചർ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്. ടൺ കണക്കിന് മത്സ്യം പിടിച്ച് സൂക്ഷിക്കാനാവുന്ന ഭീമൻ കപ്പലുകളാണ് വ്യാവസായികാടിസ്ഥാനത്തിൽ മത്സ്യബന്ധനം നടത്താൻ പല വികസിത രാജ്യങ്ങളും ഉപയോഗിക്കുന്നത്. 14,000 ടൺ കേവുഭാരവും 140 മീറ്റർ നീളവുമുള്ള അറ്റ്ലാന്റിക് ഡോൺ, ലോകത്തെ ഏറ്റവും വലിയ മത്സ്യബന്ധന കപ്പലായ റഷ്യയുടെ ലഫായത് തുടങ്ങിയ കപ്പലുകളെ തങ്ങളുടെ അതിർത്തിയിൽ പ്രവേശിപ്പിക്കാൻ ലോകത്ത് ഒരു രാജ്യവും തയ്യാറല്ല. ഇത്തരം കപ്പലുകൾ രാജ്യാതിർത്തിയിൽ കടന്നുകഴിഞ്ഞാൽ മത്സ്യസമ്പത്ത് മൊത്തമായി ഊറ്റിയെടുക്കുമെന്നതുകൊണ്ടാണ് അവയെ രാജ്യങ്ങൾ അകറ്റിനിർത്തുന്നത്. ബ്രിട്ടന്റെ കൊർണേലിയസ് ഡ്രോലിക്, വെറോനിക്ക തുടങ്ങിയ കപ്പലുകൾക്ക് പ്രതിദിനം 2000 ടൺ മത്സ്യം പിടിച്ചു സൂക്ഷിക്കാനാവും. യൂറോപ്പിന്റെ സമുദ്രമേഖലയിലാകെ സഞ്ചരിച്ച് മത്സ്യബന്ധനം നടത്തി കപ്പലിൽ വെച്ചുതന്നെ സംസ്‌കരിക്കുന്ന 39 ഫാക്ടറി വെസലുകളുമുണ്ട്. സ്വന്തം കടലുകൾ ശൂന്യമാകുമ്പോൾ മറ്റു രാജ്യങ്ങളിലും ഭൂഖണ്ഡങ്ങളിലും കടന്നുകയറി മത്സ്യബന്ധനം നടത്തുന്നത് ഇവയുടെ പതിവാണ്.

മത്സ്യലഭ്യത കുറയുന്നത് പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ് കൂടുതലായും ബാധിക്കുന്നത്. മോദി സർക്കാർ വന്നശേഷം രാജ്യത്ത് മത്സ്യബന്ധനത്തിന് വ്യാവസായിക കപ്പലുകൾക്ക് ലൈസൻസ് കൊടുക്കുന്നത് കൂടിയിട്ടുണ്ടെന്നും രാജ്യത്ത് വ്യാവസായിക മത്സ്യബന്ധനം കൂടിവരികയാണെന്നും കോഴിക്കോട് വെള്ളയിൽ ഹാർബറിലെ മത്സ്യതൊഴിലാളിയായ അസീസ് പറയുന്നു: ‘‘ഞങ്ങൾ മിക്ക മത്സ്യ തൊഴിലാളികൾക്കും രണ്ടാഴ്ചയിലേറെയായി മത്സ്യബന്ധനത്തിന് പോകാൻ സാധിച്ചിട്ടില്ല. വ്യാവസായിക കപ്പലുകൾ വലിയ രീതിയിൽ, ചൂഷിതമായ മത്സ്യബന്ധനമാണ് നടത്തുന്നത്. ഇതു കാരണമാണ് കടലിൽ മത്സ്യസമ്പത്ത് കുറയുന്നത്. കടലിൽ മീനില്ലെന്ന പ്രശ്‌നത്തിന്റെ ഉത്തരവാദികൾ ഇവരാണെന്ന് വ്യക്തമാണെങ്കിലും സർക്കാർ വേണ്ട നടപടി സ്വീകരിക്കുന്നില്ല”.
മത്സ്യലഭ്യത കുറയുന്നതിനെക്കുറിച്ചോ, അതു കാരണം പരമ്പരാഗത മത്സ്യതൊഴിലാളികൽ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ചോ സർക്കാർ മനസ്സിലാക്കുന്നില്ലെന്നും അസീസ് പറയുന്നു

മത്സ്യങ്ങളിൽ അമോണിയ ഇടാറില്ല

മത്സ്യവിപണിയിൽ ലഭിക്കുന്ന മീനുകളിൽ പലതും പഴകിയതും രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്ന റിപ്പോർട്ടുകളും മത്സ്യ ഉപഭോഗത്തിൽനിന്ന് ഉപഭോക്താക്കളെ പിന്നോട്ടുവലിക്കുന്ന പ്രധാന കാരണമാണ്. മത്സ്യബന്ധനത്തിനുശേഷം കടൽ മത്സ്യങ്ങൾ പലപ്പോഴും പത്തുദിവസം കഴിഞ്ഞാണ് തുറമുഖത്തെത്താറുള്ളത്. മാർക്കറ്റിൽ എത്തുന്നതിനുമുമ്പുതന്നെ അവയുടെ ഫ്രഷ്നെസ്സ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അമോണിയ പോലുള്ള രാസവസ്തുക്കൾ മീനിൽ ചേർക്കുന്നുണ്ടെന്നാണ് പൊതുവെയുള്ള പരാതി. എന്നാൽ കേരളത്തിലെ തീരദേശങ്ങളിൽ നിന്ന് പിടിക്കുന്ന മീനുകളിലൊന്നും അമോണിയ ഇടാറില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്ന മീനുകളിലാണ് ഇത് കൂടുതലായും കാണുന്നത്. കടലിൽ നിന്ന് പിടിക്കുന്ന മീനുകൾ ഐസിലിട്ടാണ് സൂക്ഷിക്കാറ്. മത്സ്യബന്ധനത്തിന് പോകുമ്പോൾ തന്നെ 5 മുതൽ 10 ടൺ വരെ ഐസ് പൗഡറാക്കിയിട്ട് കൊണ്ടുപോകാറുണ്ട്. 15 ദിവസത്തിലധികം കടലിൽ പോകുന്ന ബോട്ടുകൾ അങ്ങനെയാണ് ചെയ്യാറെന്ന് മത്സ്യതൊഴിലാളിയായ ഫൈസൽ പറയുന്നു. പരമ്പരാഗത വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുവരൊന്നും മീനുകളിൽ രാസവസ്തുക്കൾ ഇടാറില്ല. കൂടുതൽ ദിവസം ഐസിലിട്ട് വെച്ച മീനുകൾ ഉപ്പിട്ടുവെച്ച് ഡ്രൈ ഫിഷ് ആക്കാറാണ് പതിവ്. രണ്ടോ മൂന്നോ ദിവസം ഉണക്കിയെടുത്താണ് ഇതുണ്ടാക്കുന്നത്.

മത്സ്യ ലഭ്യത കുറയുന്നത് എന്തുകൊണ്ട്?

കടലിൽ അമിത ചൂഷണം നടത്തുന്നതും മത്സ്യത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്ന പ്രവർത്തനങ്ങളും വ്യാവസായിക മത്സ്യബന്ധനവുമെല്ലാം കേരളത്തിലെ മത്സ്യ സമ്പത്ത് ക്രമാതീതമായി കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണങ്ങളാണ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്ടുകൾ നിലവിലുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പിലാക്കപ്പെടുന്നില്ല. സമുദ്രഗവേഷകർ മീനിന്റെ പ്രജനനവും മറ്റും ഉൾപ്പെടുത്തി വാർഷികാടിസ്ഥാനത്തിൽ പ്രദേശങ്ങളിലെ സ്റ്റോക്ക് അസെസ്‌മെന്റ് നടത്താറുണ്ട്. ഇത്തരത്തിൽവികസന, വികസിത രാജ്യങ്ങളിൽ മത്സ്യബന്ധനത്തിന്റെ നിയന്ത്രണ വിധേയമാക്കാനുള്ള നിയമ സംവിധാനമാണ് ക്വോട്ട അഥവാ ടോട്ടൽ അലോവ്ബൾ ക്യാച്ച്. മത്സ്യ സമ്പത്ത് എത്രത്തോളം ഉണ്ടെന്ന് സാങ്കേതികമായി ഗവേഷണം നടത്തി, എത്ര ശതമാനം മത്സ്യബന്ധനം നടത്താമെന്ന് മുൻകൂട്ടി നിർദ്ദേശിക്കുന്ന സംവിധാനമാണ് ക്വോട്ട സംവിധാനം. എന്നാൽ കൺട്രോൾഡ് ആയിട്ടുള്ള സിസ്റ്റത്തിനകത്ത് നിന്നല്ല മത്സ്യബന്ധനം നടത്തുന്നത് എന്നുള്ളതുകൊണ്ടുതന്നെ കേരളത്തിൽനിന്ന് മത്സ്യബന്ധനം നടത്തുന്ന മത്സ്യങ്ങളുടെ കണക്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്.

മത്സ്യബന്ധനരീതികളാണ് മത്സ്യസമ്പത്ത് കുറയുന്നതിന്റെ മറ്റൊരു കാരണം. 12 ജംബോ ജെറ്റുകൾക്ക് ഒന്നിച്ച് കയറാവുന്ന അത്രയും വലിപ്പമുള്ള ട്രോൾ വലകളാണ് പല കപ്പലുകളും മത്സ്യബന്ധനത്തിനുപയോഗിക്കുന്നത്. 50- 60 കിലോമീറ്റർ വരെ നീളമുള്ള ഈ വലകളിൽ കുടുങ്ങി ആയിരക്കണക്കിന് കടലാമകൾക്കും സസ്തനികൾക്കും ഡോൾഫിനുകൾക്കും തിമിംഗലങ്ങൾക്കും വരെ ജീവൻ നഷ്ടപ്പെടാറുണ്ട്. മത്സ്യബന്ധനത്തിന്റെ ഇൻപുട്ട് കൺട്രോളറിൽ വലയുടെ വലിപ്പം, വലകണ്ണി എന്നിവയെല്ലാം എത്രയായിരിക്കണമെന്ന് നിയമപരമായി നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷേ ഈ നിയമങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. ബോട്ടിന് ലൈസൻസ് അനുവദിക്കുന്ന സമയത്ത് തന്നെ ഈ വലകളുടെ വലിപ്പവും മറ്റും പരിശോധിക്കണമെന്നാണ് സസ്റ്റൈനബിൾ സീ ഫുഡ് നെറ്റ്‍വർക്ക് ഓഫ് ഇന്ത്യയുടെ അധ്യക്ഷനും ശാസ്ത്രജ്ഞനുമായ ഡോ. കെ. സുനിൽ മുഹമ്മദ് പറയുന്നത്:

“ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലക്കണ്ണികൾ ചെറുതായത് തന്നെയാണ് ഏട്ട പോലുള്ള മീനുകൾ കുറയാൻ കാരണമാകുന്നത്. ഏട്ട വെള്ളത്തിന്റെ ഉപരിതലത്തിലാണ് സഞ്ചരിക്കുന്നത്. വെള്ളത്തിൽ എന്തെങ്കിലും അപകടം ഉണ്ടായാൽ എട്ടയിലെ ആൺമീൻ മുട്ടകളെ വായക്കുള്ളിലേക്കാകും. തന്റെ ജീവൻ അപകടത്തിലാകുന്ന സമയത്ത് ഏട്ട മുട്ട പുറത്തേക്ക് കളയുമെങ്കിലും നമ്മുടെ ചെറിയ വലകണ്ണികൾ ഈ മുട്ടയടക്കം പിടിച്ചെടുക്കും. ഏട്ടയെ അമിതമായി ചൂഷണം ചെയ്തതും അതിന്റെ മുട്ട പിടിച്ചെടുത്തതുമാണ് ഏട്ട കുറയാൻ കാരണം. ഗുജറാത്ത്, മഹാരാഷ്ട്ര , ഒറീസ, കിഴക്കൻ കടൽ തീരങ്ങളിലെല്ലാം ഏട്ടയെ ഇപ്പോഴും കിട്ടുന്നുണ്ട്. കേരള, കർണാടക തീരത്താണ് ഏട്ടയുടെ കുറവ് കാണുന്നത്. കേരളത്തിൽ ചെറിയ മീനുകളെ പിടിക്കുന്നത് നിയന്ത്രിക്കുന്ന നിയമസംവിധാനങ്ങളുണ്ട്. പക്ഷേ ഇത് എത്രത്തോളം ഫലവത്തായി നടപ്പിലാക്കപ്പെടുന്നുവെന്നത് സംശയമാണ്” മത്സ്യവിഭവ ചൂഷണം കുറച്ചും മത്സ്യബന്ധന രീതിയിൽ വ്യത്യാസം വരുത്തിയും മത്സ്യലഭ്യത വർധിപ്പിക്കാനാകുമെന്നാണ് സുനിൽ മുഹമ്മദ് പറയുന്നത്.

കടലിൽ താപനില കൂടുന്നതും മത്സ്യങ്ങൾ കേരളതീരങ്ങളിൽ നിന്ന് ഗതിമാറി സഞ്ചരിക്കുന്നതിന് കാരണമാകുന്നുണ്ട്. മത്സ്യങ്ങളുടെ ശരീരഘടനയിൽ താപത്തെ നിയന്ത്രിച്ച് നിർത്താനുള്ള അവയവങ്ങളില്ല. അതുകൊണ്ടുതന്നെ മത്സ്യങ്ങൾ താപം കുറഞ്ഞ വടക്കൻ കടൽ തീരങ്ങളിലേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്. കാലാവസ്ഥാവ്യതിയാനങ്ങളും മത്സ്യ ലഭ്യതയെ സാരമായി ബാധിക്കും. മത്സ്യത്തിന്റെ ലഭ്യതയിലുണ്ടായ കുറവിനെ സംബന്ധിച്ചും കടലിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികൂലമായ മാറ്റങ്ങളെ സംബന്ധിച്ചും മത്സ്യതൊഴിലാളികൾ തിരിച്ചറിയുന്നുണ്ട്. ഈ വിഷയത്തെ ഗൗരവമായി പരിഗണിച്ചു തന്നെ നിയമങ്ങളിലും ഈ കാര്യക്ഷമത കൊണ്ടു വരേണ്ടതുണ്ട്.

ആരോഗ്യസുരക്ഷിതത്വമുള്ള ഒരിടമായി കേരളത്തെ വിഭാവനം ചെയ്യണമെങ്കിൽ മത്സ്യ ഉപഭോഗം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, അതിന് മത്സ്യലഭ്യത വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. പക്ഷേ വ്യാവസായിക മത്സ്യബന്ധനവും മത്സരാധിഷ്ഠിതമായ മത്സ്യവിപണിയുമെല്ലാം ഇതിനെ പ്രതികുലമായി ബാധിക്കുന്നു. കടലിന്റെ ആവാസവ്യവസ്ഥയെ ബാധിക്കാത്ത രീതിയിലുള്ള മത്സ്യബന്ധനത്തിന് കർശനമായ നിയമവ്യവസ്ഥകൾ നിലവിലുണ്ടെങ്കിലും ഫലവത്തായി നടപ്പിലാക്കുന്നില്ല എന്നതാണ് ഈ പ്രതിസന്ധിയുടെ കാരണം. ഇതെല്ലാം തിരിച്ചറിഞ്ഞ് മത്സ്യലഭ്യതയും മത്സ്യ ഉപഭോഗവും ഉയർത്തുന്നതിന് കാര്യക്ഷമമായ നടപടികളും ചർച്ചകളും ഉയർന്നുവരേണ്ടതുണ്ട്.

Comments