65 കഴിഞ്ഞവർക്ക്​ എല്ലാ വർഷവും ഫ്ലൂ വാക്​സിൻ;​ കേരളത്തിനൊരു വാക്​സിൻ നയം വരുന്നു

കേരളത്തിൽ വാക്‌സിൻ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി കേരളത്തിന്റെ വാക്‌സിൻ ആവശ്യങ്ങളെ കുറിച്ച് പഠിക്കാൻ ഡോ. ബി. ഇക്ബാലിന്റെ അധ്യക്ഷതയിൽ വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്​. വികസിത രാജ്യങ്ങളുടെ മാതൃകയിൽ, 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്‌ളൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് ഈ സമിതി ഗവൺമെന്റിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഡയബറ്റിക്‌സ്, ഹാർട്ട്, കിഡ്‌നി രോഗങ്ങൾ ഉള്ളവർക്ക് ഇൻഫ്‌ളുവൻസാ വാക്‌സിൻ എല്ലാ വർഷവും എടുക്കുന്നത് നല്ലതായിരിക്കുമെന്നാണ് വാക്‌സിൻ നയരൂപീകരണ സമിതിയുടെ നിർദ്ദേശം.

മുതിർന്നവർക്കുള്ള വാക്‌സിനേഷന്റെ ആവശ്യകത കോവിഡ് കാലം നമ്മെ പഠിപ്പിച്ചു. കൊറോണ കൊണ്ട് അവസാനിക്കുന്നില്ല വൈറസ് രോഗങ്ങൾ. കൊറോണയ്ക്ക് മുൻപേ ഉണ്ടായിരുന്ന മറ്റു പല വൈറസ് രോഗങ്ങളുമുണ്ട്. അതിലൊന്നാണ് ഫ്ലൂ. ഫ്ലൂ രോഗങ്ങൾ പലപ്പോഴും കോവിഡിനെക്കാൾ ഗുരുതരമാകാറുമുണ്ട്. കേരളത്തിൽ വാക്സിന്റെ സാധ്യതകളെകുറിച്ച് പഠിക്കാൻ നിയമിച്ച വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതി 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്‌ളൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്.

ഫ്‌ളൂ വാക്‌സീൻ എന്ത് ? എന്തിന് ?

H1N1, H3N2 തുടങ്ങിയ ഇൻഫ്‌ളുവൻസ വൈറസുകളെ പ്രതിരോധിക്കാനാണ് ഫ്‌ളു വാക്‌സിൻ ഉപയോഗിക്കുന്നത്. പനി, ജലദോഷം, ശ്വാസകോശപ്രശ്‌നങ്ങൾ തുടങ്ങി കോവിഡിന് സമാനമായ ലക്ഷണങ്ങൾ തന്നെയാണ് ഫ്‌ളുവിനും. മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാത്തവരിൽ ഗുരുതരമാകാതെ ഫ്‌ളു വന്നു പോകാറുണ്ടെങ്കിലും കുട്ടികളിലും പ്രായമായവരിലും പ്രതിരോധശേഷി കുറവുള്ളവരിലുമൊക്കെ രോഗം തീവ്രമാകാനും ജീവൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്. രോഗം ഗുരുതരമാകുന്ന സാഹചര്യവും മരണവും തടയാൻ ഫ്‌ളു വാക്‌സിന് കഴിയും.

കോവിഡിനെക്കാൾ വളരെ വേഗത്തിൽ ജനിതകമാറ്റം സംഭവിക്കുന്ന വൈറസുകളാണ് ഇൻഫ്‌ളുവൻസാ വൈറസുകൾ. അതിനാൽ തന്നെ ഫ്‌ളൂ വാക്‌സിനുകൾക്ക് ഒരു വർഷമേ ആയുസുള്ളു. ഓരോ വർഷവും വൈറസിന് വരാൻ സാധ്യതയുള്ള മാറ്റങ്ങൾ പഠിച്ച് അതിനനുസരിച്ച് പുതിയ വാക്‌സിനുകൾ തയാറാക്കുകയും എല്ലാവർഷവും വാക്‌സിൻ സ്വീകരിക്കുകയും വേണം.

Global Influenza Surveillance and Response System (വിവിധ രാജ്യങ്ങളിലെ ഇൻഫ്‌ളുവൻസ വൈറസുകളുടെ വ്യാപനം നിരീക്ഷിക്കുന്നതിനായി ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ലാബറോട്ടറികളുടെ ശൃംഖല)
ഓരോ പ്രദേശത്തും വ്യാപിക്കാനിടയുള്ള വൈറസ് സ്‌ട്രെയ്ൻസ് ഏതെന്ന് പഠനം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ലോകരാജ്യങ്ങളെ Northern Hemisphere, Southern Hemisphere എന്നിങ്ങനെ തിരിച്ച് ഓരോ വർഷവും പടരാൻ സാധ്യതയുള്ള വൈറസ് സ്‌ട്രെയ്ൻസ് ഏതെന്ന് റിപ്പോർട്ട് നൽകും. ഇന്ത്യ ഉൾപ്പെടുന്ന
Northern Hemisphere രാജ്യങ്ങളിൽ ഏത് വൈറസ് സ്‌ട്രൈനാണ് സാധ്യത കൂടുതലെന്നും വാക്‌സിനിൽ വരുത്തേണ്ട മാറ്റം എന്തെന്നും ഉള്ള നിർദ്ദേശങ്ങൾ എല്ലാവർഷവും ഫെബ്രുവരിയിൽ പുറത്തുവിടും. അടുത്ത ഫ്‌ളൂ സീസന് മുൻപ് ആ വാക്‌സിൻ നിർമിച്ചെടുക്കാൻ ആറുമാസം സമയം കിട്ടും.

ഇന്ത്യയിൽ ഏത് സീസണിലും ഫ്‌ളൂ പടരാം

സീസണലായി പടരുന്ന രോഗമാണ് ഫ്‌ളു. കോവിഡും ഇൻഫ്‌ളുവൻസയും ഒരുമിച്ച് വിന്ററിൽ പടരുവാനുള്ള സാധ്യത മുന്നിൽ കണ്ട് യൂറോപ്യൻ രാജ്യങ്ങൾ മുന്നൊരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഫ്‌ളൂ സീസനുള്ള മുന്നൊരുക്കമായി എല്ലാവരും തന്നെ സ്വീകരിക്കേണ്ട വാക്‌സിനാണ് വിദേശ രാജ്യങ്ങളിൽ ഫ്‌ളൂ വാക്‌സിൻ.

എന്നാൽ ട്രോപ്പിക്കൽ ഏഷ്യയിലാണ് ഇന്ത്യ ഉൾപ്പെടുന്നത്. ട്രോപ്പിക്കൽ ഏഷ്യയുടെ പ്രത്യേകത വർഷം മുഴുവനും ഫ്‌ളുവിനുള്ള സാധ്യത നിലനിൽക്കുന്നു എന്നതാണ്. അത് ഏറിയും കുറഞ്ഞും ഇരിക്കുന്നു എന്നു മാത്രം. ആറ് മാസത്തിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും ഫ്‌ളൂ വാക്‌സിൻ നൽകണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം.

ഫ്‌ളൂ വാക്‌സിൻ കുട്ടികളിൽ

കേരളത്തിൽ കുട്ടികൾക്ക് ഗവൺമെൻറ്​ ഷെഡ്യൂൾ അനുസരിച്ച് നൽകിവരുന്ന വാക്‌സിനുകളിൽ നിലവിൽ ഫ്‌ളൂ വാക്‌സിൻ ഉൾപ്പെടുത്തിയിട്ടില്ല. പ്രൈവറ്റ് ആശുപത്രികളിൽ വാക്‌സിൻ ലഭ്യമാണ്. ആസ്മ ഉള്ള കുട്ടികൾക്കും രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾക്കും നിലവിൽ ഫ്‌ളൂവാക്‌സിൻ ഡോക്ടേഴ്‌സ് നിർദ്ദേശിക്കാറുണ്ട്. ആറുമാസത്തിലാണ് കുട്ടികളിൽ ആദ്യ ഡോസ് എടുക്കേണ്ടത്. പിന്നെ പ്രതിവർഷം ഓരോ ഡോസ് എടുക്കണം.

വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതിയുടെ ശുപാർശയിൽ പീഡിയാട്രിക് ഇൻഫ്‌ളുവൻസാ വാക്‌സിനേഷൻ 5 വർഷ ടാർജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെവാക്‌സിൻ നയം

തോന്നയ്ക്കലിൽ വാക്‌സിൻ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി കേരളത്തിന്റെ വാക്‌സിൻ ആവശ്യങ്ങളെ കുറിച്ച് പഠിക്കാൻ ഡോ. ബി. ഇക്ബാലിന്റെ അധ്യക്ഷതയിൽ വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്​.

വികസിത രാജ്യങ്ങളുടെ മാതൃകയിൽ, 65 വയസ്സ് കഴിഞ്ഞവർക്ക് എല്ലാ വർഷവും ഫ്‌ളൂ വാക്‌സിൻ കേരളത്തിലും നിർബന്ധമാക്കണമെന്ന് ഈ സമിതി ഗവൺമെന്റിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ഡയബറ്റിക്‌സ്, ഹാർട്ട്, കിഡ്‌നി രോഗങ്ങൾ ഉള്ളവർക്ക് ഇൻഫ്‌ളുവൻസാ വാക്‌സിൻ എല്ലാ വർഷവും എടുക്കുന്നത് നല്ലതായിരിക്കുമെന്നാണ് വാക്‌സിൻ നയരൂപീകരണ സമിതിയുടെ നിർദ്ദേശം.

ദേശീയ തലത്തിൽ യൂണിവേഴ്‌സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിനു കീഴിലുള്ള വാക്‌സിനുകൾ മാത്രമേ നിലവിൽ
കേരളത്തിനും കിട്ടാൻ സാധ്യതയുള്ളു. അതിനാൽ തന്നെ സംസ്ഥാനത്തിനാവശ്യമായ മറ്റു വാക്‌സിനുകൾ തോന്നയ്ക്കലിൽ വാക്‌സിൻ നിർമാണ യൂണിറ്റ് ആരംഭിച്ച് കഴിഞ്ഞാൽ സംസ്ഥാനത്തിന് സ്വന്തമായി നിർമിച്ചെടുക്കാനാവും എന്നാണ് പ്രതീക്ഷ.

വാക്‌സിൻ നയരൂപീകരണ വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശകൾ

നിലവിലുള്ള ഇമ്യൂണൈസേഷൻ പ്രോഗ്രാം കൂടുതൽ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുക.

അഡൽറ്റ്‌സ് വാക്‌സിനേഷന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പഠനം

സ്‌പെഷ്യൽ ഗ്രൂപ്പിന്റെ വാക്‌സിനേഷൻ
a) അതിഥി തൊഴിലാളികളുടെ വാക്‌സിനേഷൻ : നിരവധി അതിഥി തൊളിലാളികൾ ഉള്ള സംസ്ഥാനമാണ് കേരളം. അവർ ഏതൊക്കെ വാക്‌സിനുകൾ സ്വീകരിച്ചിട്ടുണ്ട് എന്നു നമ്മുക്കറിയില്ല. അവരുടെ നാട്ടിൽ പടരുന്ന രോഗങ്ങളുണ്ടാകാം. അത് കേരളത്തിലും എത്താനുള്ള സാധ്യതയുണ്ട്.
b) ഫുഡ് ഹാൻഡിലേഴ്‌സ് : പാചകത്തൊഴിലാളികൾക്കും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്കും ഹെപ്പറ്റൈറ്റിസ് എ, ടൈഫോയിഡ് വാക്‌സിൻ നൽകണം.
c) കേരളത്തിനു പുറത്ത് താമസിക്കുന്നവർ: ഹെപ്പടൈറ്റിസ് എ, ടൈഫോയിഡ് തുടങ്ങിയ ജലജലജന്യ രോഗങ്ങൾ കേരളത്തിൽ ഇപ്പോൾ കുറവാണ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. കേരളത്തിനു പുറത്ത് പഠിക്കാനും ജോലിക്കും ഒക്കെയായി പോകുന്നവർ ഹെപ്പടൈറ്റിസിനും ടൈഫോയിഡിനും എതിരെയുള്ള വാക്‌സിനുകൾ എടുക്കണം.
d) മൃഗ ചികിത്സകർ, പട്ടിയെ വളർത്തുന്നവർ എന്നിവർക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നൽകണം

ട്രാൻസ്‍പ്ലാന്റേഷനുമായി ബന്ധപ്പെട്ട വാക്‌സിനുകൾ.

കിഡ്‌നി, ലിവർ, ബോൺ തുടങ്ങിയ അവയവ മാറ്റ ശസ്ത്രക്രിയകൾക്ക് വിധേയമാകുന്നവർക്ക് നൽകേണ്ട ചില വാക്‌സിനുകൾ ഉണ്ട്. ഇത് ഇൻഷുറൻസ് പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതിനുശേഷം മാത്രമാണ് ലഭിക്കുക. അഡ്മിഷന് മുൻപ് തന്നെ രോഗികൾക്ക് വാക്‌സിനേഷനായി കുറേയേറെ പണം ചെലവാകും. അതൊക്കെ ഇൻഷുറൻസിന്റെ പരിധിയിൽ കൊണ്ടുവരണം.

അഞ്ചാംപനി, ഡിഫ്തീരിയ, മുണ്ടിനീര് തുടങ്ങിയ രോഗങ്ങൾ ഒക്കെ തിരിച്ചുവരുന്നുണ്ട്. കോളജ് വിദ്യാർഥികളുടെ അഡ്മിഷൻ സമയത്ത് അവരുടെ വാക്‌സിനേഷൻ സ്റ്റാറ്റസ് പരിശോദിച്ച് വാക്‌സിനേഷൻ അപ്റ്റുഡേറ്റ് ആണോ എന്ന് ഉറപ്പു വരുത്തുക, അല്ലെങ്കിൽ ആവശ്യമായ വാക്‌സിനുകൾ നൽകുക.

ഗർഭിണികൾക്ക് നൽകിവരുന്ന ടിടി ടെറ്റ്‌നസ് വാക്‌സിന് പകരം ടിഡാപ്പ് എന്ന വാക്‌സിൻ നൽകണം. അമ്മയുടെ ഇമ്യൂണൈസേഷനിലൂടെ നവജാത ശിശുക്കളിലെ രോഗങ്ങൾ കുറയ്ക്കാൻ കഴിയും

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. അരവിന്ദ് ആർ (അസിസ്റ്റൻറ്​ പ്രൊഫസർ, ഇൻഫക്ഷ്യസ് ഡിസീസസ് മെഡിക്കൽ കോളേജ് തിരുവനന്തപുരം)
ഡോ. ടി.പി. ജയരാമൻ (പീഡിയാട്രിഷ്യൻ, ഗവൺമെൻറ്​ വിമൻ ആൻറ്​ ചിൽഡ്രൻ ആശുപത്രി പാലക്കാട്).
(ഇരുവരും വാക്‌സീൻ നയരൂപീകരണ വിദഗ്ധ സമിതി അംഗങ്ങളാണ്)

Comments