ഗാംബിയയിലെ കുട്ടികളെ കൊല്ലാൻ ഇന്ത്യൻ മരുന്നുകമ്പനിക്ക്​ ആരാണ്​ ലൈസൻസ്​ കൊടുത്തത്​?

കഫ് സിറപ്പ് കഴിച്ചതിനെതുടർന്ന് ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ ദാരുണ മരണവിവരം ലോകമറിയുന്നത് ലോകാരോഗ്യ സംഘടനയുടെ മെഡിക്കൽ പ്രൊഡക്ട് അലർട്ടിലൂടെയാണ്. ഇന്ത്യയിലെ മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച് കയറ്റുമതി ചെയ്ത് ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ വിതരണം ചെയ്​ത മരുന്നുകൾ കഴിച്ചാണ്​ ഈ മരണങ്ങളുണ്ടായത്​. ലോകത്തിന്റെ തന്നെ ഫാർമസി എന്നറിയപ്പെടുന്ന ഇന്ത്യക്ക്​ ഇത് അപമാനമുണ്ടാക്കുക മാത്രമല്ല, ഔഷധ നിർമാണത്തിലും വിതരണത്തിലും നിലവിലുള്ള അയഞ്ഞ നിയമവ്യവസ്ഥകളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു.

ക്ടോബർ അഞ്ചിന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്റോസ് അത്‍‌നോം പുറത്തുവിട്ട മെഡിക്കൽ പ്രൊഡക്ട് അലർട്ടിലൂടെയാണ്, കഫ് സിറപ്പ് കഴിച്ചതിനെതുടർന്ന് ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ ദാരുണ മരണവിവരം ലോകമറിയുന്നത്.

ഇന്ത്യയിൽനിന്ന് ഒരു കമ്പനി നിർമിച്ച് അവിടെ ഇറക്കുമതി ചെയ്ത് ഉപയോഗിച്ച നാല്​ ഔഷധങ്ങളാണ് പ്രതിക്കൂട്ടിൽ- പ്രൊമെത്താസിൻ ഓറൽ സൊലൂഷ്യൻ, കുട്ടികൾക്കുള്ള ചുമ സിറപ്പുകളായ കോഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് (Promethazin oral solution, Kofexmalin baby cough syrup, Makoff baby cough syrup, Magrip N cold syrap) എന്നിവയാണിവ. ഇവയിൽ ഡൈ എത്‌ലീൻ ഗ്ലൈക്കോൾ, എത്‌ലീൻ ഗ്ലൈക്കോൾ തുടങ്ങിയ വിഷരാസവസ്തുക്കൾ കലർന്നതുകൊണ്ടാണ് ഈ മരണങ്ങൾ സംഭവിച്ചത്. നാല് ഉൽപ്പന്നങ്ങളും ഇന്ത്യയിലെ മെയ്‌ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച് കയറ്റുമതി ചെയ്ത് ആ രാജ്യത്ത് ഔദ്യോഗിക അംഗീകാരമില്ലാതെ വിതരണം (informal) ചെയ്തവയാണ്.

ഇതേതുടർന്ന് ഇന്ത്യയിലെ ഡ്രഗ് കൺട്രോൾ ജനറൽ നൽകിയ വിശദീകരണത്തിൽ, ഈ ഔഷധ നിർമാണ കമ്പനി ഈ മരുന്നുകൾ ഇന്ത്യയിൽ ഒരിടത്തും വിൽക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്നില്ലെന്നും ഗാംബിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്​ എന്നുമാണ്​ പറയുന്നത്​. മെയ്ഡൻ കമ്പനിയുടെ ഔഷധനിർമാണ ലൈസൻസ് റദ്ദാക്കുക മാത്രമാണ് ചെയ്തതത്. മറ്റ് അന്വേഷണങ്ങളിലേയ്‌ക്കോ നിയമ നടപടികളിലേക്കോ പോയിട്ടുമില്ല.

Promethazin oral solution, Kofexmalin baby cough syrup, Makoff baby cough syrup, Magrip N cold syrap എന്നീ മരുന്നുകൾ

കുറഞ്ഞ ചെലവിൽ മരുന്നുൽപ്പാദിപ്പിച്ച് കയറ്റുമതി ചെയ്ത്, ലോകത്തിന്റെ തന്നെ ഫാർമസി (world pharmacy) എന്നറിയപ്പെടുന്ന ഇന്ത്യക്ക്​ ഇത് അപമാനമുണ്ടാക്കുക മാത്രമല്ല, ഔഷധ നിർമാണത്തിലും വിതരണത്തിലും നിലവിലുള്ള അയഞ്ഞ നിയമവ്യവസ്ഥകളിലേക്ക് വിരൽ ചൂണ്ടുകയും ചെയ്യുന്നു. ഔഷധക്കയറ്റുമതിയിൽ സമ്പന്ന- ദരിദ്ര രാഷ്ട്രങ്ങൾക്കായി ഡബിൾ സ്റ്റാൻന്റേർഡുകളാണ് നിലവിലുള്ളതെന്നും ഇതിൽ നിന്ന്​ മനസ്സിലാക്കാം. ഗാംബിയയിൽ നിന്ന്​ ലോകാരോഗ്യസംഘടന വഴി അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ഒക്ടോബർ മൂന്നിനുതന്നെ സെൻടൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ ഉദ്യോഗസ്ഥർ ഹരിയാനയിലെ കമ്പനിയിൽ പരിശോധനക്കെത്തിയിരുന്നുവെങ്കിലും അതിനെപ്പറ്റി ഒരു പ്രസ്താവന പോലും അന്ന് പുറത്തിവിട്ടില്ല. അതിനാൽ ആരും ഇക്കാര്യം അറിഞ്ഞതുമില്ല.

ലഭ്യമായ രേഖകൾ പരിശോധിച്ചാൽ ഹരിയാന കേന്ദ്രമായ മെയ്ഡൻ നിർമാണ കമ്പനിയുടെ ഔഷധഗുണനിലവാരം വളരെ പിന്നിലാണെന്ന് തിരിച്ചറിയാം. ഈ കമ്പനിക്ക് ഹരിയാനയിൽ തന്നെ കുണ്ടലി, പാനിപ്പത്ത് ജില്ലകളിലും ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുമായി മൂന്ന് നിർമാണ ഫാക്ടറികളുണ്ട്. കമ്പനി വെബ് സൈറ്റിൽ ഇവർക്ക് ‘ഗുഡ് മാനുഫാക്ച്ചറിങ്ങ് പ്രാക്ടീസ്’ (ജി.എം.പി) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ക്ലെയിം ചെയ്തത് ലോകാരോഗ്യ സംഘടന അധികൃതർ തന്നെ നിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിവരം വെബ് സൈറ്റിൽ നിന്ന്​ അപ്രത്യക്ഷമാകുകയും ചെയ്തു.

ഭാരത സർക്കാരിന്റെ ലീഗൽ നോ‌ഡ് ഡാറ്റാ ബയ്സ് പരിശോധിച്ചാൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്തതിന്റെ പേരിൽ ഈ കമ്പനിയുടെ പല മരുന്നുകളുടേയും അംഗീകാരം പല സമയത്തായി പിൻവലിക്കപ്പെട്ടതായി റെഡ് ഫ്ലാഗ് സൈൻ രേഖയിൽ കാണാം. 2021 മുതൽ 2022 വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ കേരള ആരോഗ്യ വകുപ്പിന് മരുന്നു നൽകിയതിൽ അഞ്ചു തവണ നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന്​ ഈ കമ്പനിയിൽ നിന്ന്​, ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഔഷധങ്ങൾ നിർമിച്ച് നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കാം.

2021 ഡിസംബറിൽ വിതരണം ചെയ്ത രക്തം കട്ടകെട്ടാതിരിക്കാൻ ഹൃദ്രോഗികൾ തുടർച്ചയായി കഴിക്കുന്ന ആസ്പിരിൻ, 2022 ൽ മാർച്ചിൽ പാലക്കാട് താലൂക്ക് ആശുപത്രിയിലും സപ്തംബറിൽ എറണാകുളം പി.എച്ച്.സിയിലും വിതരണം ചെയ്ത മെറ്റ്ഫോമിൻ (പ്രമേഹ ചികിത്സ ഔഷധം) എന്നിവ ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ, കേരളത്തിൽ ആരോഗ്യ വകുപ്പിന് വിതരണം ചെയ്ത വിറ്റാമിൻ ഡി - കാത്സ്യം ഗുളികകളും നിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയിരുന്നു. 2015 ൽ ഗുജറാത്ത് ആരോഗ്യവകുപ്പിന് നൽകിയ ആന്റിബയോട്ടിക്ക് ഔഷധമായ സി പ്രോ ഫ്ലോക്സാസിനും ഗുണനിലവാരമില്ലാത്തതിനാൽ മടക്കിയിരുന്നു. മെയ്ഡൻ കമ്പനിയുടെ ഇന്ത്യയിലെ ആഭ്യന്തര വിപണി ഇങ്ങനെ അനേകം റെഡ് ഫ്ളാഗ് അടയാളങ്ങൾ കൊണ്ട് കറുത്തതാണ്. ഇങ്ങനെയുള്ള ഒരു കമ്പനിക്കാണ് തുടർന്നും അധികാരികൾ വിദേശ വിപണനത്തിന് അനുമതി നൽകിയിരുന്നത് എന്ന കാര്യം ഭയപ്പെടുത്തുന്നതാണ്.

ഇന്ത്യയിലും എത്‌ലീൻ ഗ്ലൈക്കോൾ മരുന്നിലൂടെ രോഗിയുടെ ഉള്ളിലെത്തി ഗാംബിയയിൽ സംഭവിച്ചതുപോലുള്ള മരണങ്ങൾ മുമ്പുണ്ടായിട്ടുണ്ട്. 1973 ൽ ചെന്നൈ എഗ്​മൂറിലെ കുട്ടികളുടെ ആശുപത്രിയിൽ 14 കുട്ടികൾ ഇതുപോലെ മരിച്ചിട്ടുണ്ട്. 1986 ൽ ബോംബെ ജെ.ജെ. ആശുപത്രിയിൽ 14 കുട്ടികളും 1988 ഡൽഹിയിൽ രണ്ട് ആശുപത്രികളിലായി 33 കുട്ടികളും മരിച്ചിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ ജമ്മുവിലെ ഉദ്ദംപൂർ ജില്ലയിൽ കോൾഡ് ബെസ്റ്റ് എന്ന ചുമ സിറപ്പ് കഴിച്ചതിനെ തുടർന്ന് 12 കുട്ടികൾ മരിച്ചു. ചണ്ഡിഗഡ് പോസ്റ്റ്‌ഗ്ര്വാജേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ നടത്തിയ അന്വേഷണത്തിൽ സിറപ്പിൽ കണ്ടെത്തിയ ഡൈ എത്‌ലീൻ ഗ്ലൈക്കോൾ ആണ് മരണകാരണം എന്ന്​കണ്ടെത്തി.
ഡ്രഗ് കൺട്രോൾ അതോറിറ്റി മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച്​ഒരറിയിപ്പും നൽകിയിട്ടില്ല എന്നാണ് അറിവ്.

ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്റോസ് അത്‍‌നോം / Photo: F.B, Tedros Adhanom Ghebreyesus

അന്ന് മാർക്കറ്റിൽ ലഭ്യമായിരുന്ന കോൾഡ് ബെസ്റ്റ് എന്ന ഈ ഔഷധത്തിന്റെ ഇതേ ബാച്ച് നമ്പറുള്ളവ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പായി വെബ് സൈറ്റിൽ പോലും വിവരം നൽകിയില്ല എന്നും ആരോപണമുണ്ട്. ഹിമാചൽ പ്രദേശിലെ നിർമാണ കമ്പനി മാർക്കറ്റിൽ വിതരണം ചെയ്​ത മരണകാരിയായ ബാച്ചിൽപ്പെട്ട മരുന്നുകൾ തിരിച്ചെടുത്തതായി ആരെയും അറിയിച്ചിട്ടുമില്ല. കൂടുതൽ മരണങ്ങളുണ്ടാകാതിരിക്കാൻ, മാർക്കറ്റിൽ വിറ്റ മരുന്നുകൾ ട്രാക്ക് ചെയ്ത് ഉപയോഗിച്ച രോഗികളെ കണ്ടെത്തി ആശുപതികളിലെത്തിച്ച് നീരീക്ഷിച്ച് ചികിത്സ നൽകേണ്ടതും തുടർന്ന് കാരണങ്ങൾ കണ്ടെത്തി കുറ്റക്കാർക്ക്​ ശിക്ഷ നൽകേണ്ടതും അനിവാര്യ നടപടികളാണ്​. 1937 ൽ അമേരിക്കയിൽ ഇതുപോലെ ഗ്ലൈക്കോൾ വിഷബാധയുണ്ടായപ്പോൾ പരസ്യം നൽകുകയും, ഇരുന്നൂറിലധികം ഇൻസ്​പെക്​ടർമാരെ നിയമിക്കുകയും രാജ്യത്താകെ കടകളിൽ വിറ്റ മരുന്നുകളും കാലി ബോട്ടിലുകളും വരെ ട്രാക്ക് ചെയ്യുകയുമുണ്ടായി. പിന്നീട് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതരിക്കാൻ ഈ നടപടികൾ സഹായിച്ചു എന്ന്​ മെഡിക്കൽ ചരിത്രം പറയുന്നു.

അസംസ്കൃത വസ്തുക്കളിലെ മായങ്ങളോ, ശുദ്ധിക്കുറവോ നിർമാണ പ്രക്രിയയിലെ ശ്രദ്ധക്കുറവോ, ചേരുവകളുടെ ഗുണനിലവാര പരിശോധനകളിലെ അലംഭാവമോ, മനുഷ്യ പിഴവുകളോ ആണ് ഇത്തരം മാരക അബദ്ധങ്ങൾക്ക് കാരണം. ഉല്പന്നങ്ങളിലെ കണിശമായ ഗുണപരിശോധനകൾ ഫാക്ടറികൾക്ക് അകത്തോ പുറത്തോ ഇല്ലാത്തതും ഇതിന് കാരണമാകുന്നുണ്ട്. ഇതൊന്നും എളുപ്പം എഴുതിത്തള്ളാവുന്ന കുറ്റങ്ങളായി കാണരുത്.

കഫ് സിറപ്പുകളിൽ അവയുടെ ലായകത്വം കൂട്ടാൻ നിശ്ചിത അളവിൽ പോളി പ്രൊപ്പിലീൻ ഗ്ലൈക്കോൾ ചേർക്കാറുണ്ട്. ഇതിനുപകരം ഡൈ എത്‌ലീൻ ഗ്ലൈക്കോൾ, എത്‌ലീൻ ഗ്ലൈക്കോൾ ഇവയിലേതെങ്കിലും ചേരുമ്പോഴാണ് ഇത് മാരക വിഷമാകുന്നതും മരണം സംഭവിക്കുന്നതും. ഈ വിഷവസ്തുക്കൾ വൃക്കകളുടേയും, ഹൃദയത്തിന്റേയും, കേന്ദ്ര നാഡീവ്യൂഹത്തിന്റേയും പ്രവർത്തനം തകരാറിലാക്കുന്നതും മരണത്തിലേക്ക് നയിക്കുന്നതുമാണ്. ഇത്തരം അപകടങ്ങളുണ്ടാകുമ്പോൾ അപകടകരമായ മരുന്നുകൾ മാർക്കറ്റിൽനിന്ന് തിരിച്ചെടുക്കാൻ ‘റീ ​കോൾ പോളിസി’ (Recall policy) ഉണ്ടാകേണ്ടതുണ്ട്. ലോകാരോഗ്യ സംഘടനയുടെ റഗുലേറ്ററി അസസ്‌മെൻറ്​ കമ്മിറ്റിയും 59 -ാമത് പാർലമെൻറ്​ സ്റ്റാൻഡിങ്ങ് കമ്മിറ്റിയും ഈ ആവശ്യം കേന്ദ്ര സർക്കാറിനോട് മുമ്പേ ആവശ്യപ്പെട്ടിരുന്നു. 2012 ൽ ഇതിനായി ‘റീ കാൾ ഗൈഡ് ലൈൻ കരട് രേഖ’ തയാറാക്കിയെങ്കിലും പത്തുവർഷം കഴിഞ്ഞിട്ടും അതിന്റെ പ്രവർത്തനം മുന്നോട്ട് പോയിട്ടില്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്.

ഗാംബിയയിൽ നടന്ന കൂട്ടക്കൊല പോലെ 60 ലധികം കുട്ടികൾ മരിച്ചിട്ടും ഇന്ത്യയിൽ വേണ്ടത്ര മാധ്യമശ്രദ്ധ ലഭിച്ചിട്ടില്ല. അവിടെ മരണസംഖ്യ 70 കടന്നിട്ടുണ്ട് എന്നാണ് ഒടുവിലത്തെ റിപ്പോർട്ട്​. കേന്ദ്ര സർക്കാരും ഡ്രഗ് കൺട്രോൾ അതോറിറ്റിയും മെയ്ഡൻ കമ്പനിയുടെ ചുമ മരുന്നുകൾ ഇന്ത്യയിൽ വിതരണം ചെയ്യാതെ ഗാംബിയ പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണെന്ന് പറയുന്നു. ഈ മരുന്നുകളുടെ കയറ്റുമതിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ലെന്ന് അതിന്റെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഔഷധ വിതരണത്തിന് കർശന നിയന്ത്രണം നിലവിലില്ലാത്ത ഗാംബിയയിലെ ഇതിന്റെ വിതരണവും ബ്ലാക്ക് മാർക്കറ്റിലൂടെ ആണെന്നാണ് അറിയാൻ കഴിഞ്ഞത്.

ദരിദ്രരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന ആരാണ്, എവിടെയാണ് നടത്തേണ്ടത് എന്ന ചോദ്യം ഉത്തരം കിട്ടാതെ നിൽക്കുന്നു. വർഷങ്ങൾക്കുമുമ്പ് യൂറോപ്പിലെ സമ്പന്നരാജ്യങ്ങളിൽ നിന്ന് ഗുണനിലവാരം കുറഞ്ഞവയും, നിരോധിക്കപ്പെട്ടതുമായ ഔഷധങ്ങൾ ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് കയറ്റിഅയക്കുമ്പോൾ മുറവിളി കൂട്ടിയിരുന്ന ആരോഗ്യ പ്രവർത്തകരുടെ വംശാവലി ഇവിടെ ഇല്ലാതായിക്കഴിഞ്ഞു.

ആഭ്യന്തരമായും കയറ്റുമതിക്കായും മരുന്ന്​ നിർമിക്കുമ്പോഴും വിൽക്കുമ്പോഴും കർശന നിരീക്ഷണങ്ങളും ഗുണപരിശോധനകളും നടത്താനും മരണം അടക്കമുള്ള കുറ്റകൃത്യങ്ങൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും ഇന്ത്യയിൽ സംവിധാനമുണ്ടാകണം. ലോകത്ത് ഒരിടത്തും ഇത്തരം ഗുണനിലവാരമില്ലാത്ത വ്യാജമരുന്നു കഴിച്ച് മരണം സംഭവിക്കാൻ ഇന്ത്യൻ കമ്പനികൾ കാരണമാകരുത്.

Comments