Photo: Wikimedia Commons

കോവിഡിനുശേഷംപോക്കറ്റുപിഴിയുന്നു,
ചികിത്സ

കോവിഡിനുശേഷം ആരോഗ്യമേഖലയിലെ ചെലവ് വൻതോതിൽ വർധിക്കുകയാണ്​. ആരോഗ്യകാര്യങ്ങൾക്കായി, ഇന്ത്യയിൽ ഒരാൾ ചെലവാക്കുന്നത് അവരുടെ വരുമാനത്തിന്റെ പകുതിയോളമാണ്. അതോടൊപ്പം ആരോഗ്യമേഖലയിൽ സർക്കാർ ചെലവാക്കുന്ന തുക ഏറ്റവും കുറഞ്ഞ രാജ്യവുമാണ് ഇന്ത്യ. ഈ വൈരുധ്യം ആരോഗ്യമേഖലയിൽ കടുത്ത പ്രതിസന്ധിയാണുണ്ടാക്കുന്നത്​.

ലോകമെങ്ങും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയാണ് സമീപവർഷങ്ങളിൽ നേരിട്ടത്. ചൈനയിലെ വുഹാനിൽ നിന്ന്​ പടർന്നുതുടങ്ങിയ സാർസ് കോവ്-2 വൈറസ്, ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കി. 2020, 2021 വർഷങ്ങൾ ആരോഗ്യരംഗത്തെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. കോവിഡ് വ്യാപനം നേരിടുന്നതിനൊപ്പം അടച്ചിടലിന്റെ ഫലമായി മറ്റു രോഗികൾക്കുണ്ടായ പ്രതിസന്ധികളും നേരിടേണ്ടതുണ്ടായിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞ് ലോകം സാധാരണനിലയിലേക്കെത്താൻ തുടങ്ങുമ്പോൾ പോസ്റ്റ് കോവിഡ്, ലോങ് കോവിഡ് പ്രശ്നങ്ങളാണ് ആരോഗ്യപ്രവർത്തകരെ കാത്തിരുന്നത്. അതിനൊപ്പം മറ്റു പല രോഗങ്ങളുടെയും വർധനയും തീവ്രതയും. കോവിഡിനുശേഷം ആരോഗ്യമേഖലയിലെ ചെലവുകൾ വളരെയധികം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആരോഗ്യമേഖലയ്ക്കായി ചെലവാക്കുന്ന തുക വർധിപ്പിക്കാൻ സർക്കാരുകളും നിർബന്ധിതരാവുകയാണ്.

മനുഷ്യരെ കൊന്നുതീർക്കുന്ന ആരോഗ്യചെലവ്​

ആരോഗ്യകാര്യങ്ങൾക്കായി, ഇന്ത്യയിൽ ഒരാൾ ചെലവാക്കുന്നത് അവരുടെ വരുമാനത്തിന്റെ പകുതിയോളമാണ്. അതേസമയം, ആഫ്രിക്കക്കാർ വരുമാനത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് ആരോഗ്യസംരക്ഷണത്തിന്​ വിനിയോഗിക്കുന്നത്. വരുമാനത്തിൽ നിന്ന് ചെലവാക്കുന്നതിനുപുറമെയാണ് ഇൻഷുറൻസും സർക്കാർ സഹായങ്ങളും. സർക്കാർ സഹായത്തിനും ഇൻഷുറൻസിനും പുറമെ ആരോഗ്യകാര്യത്തിനായി ഒരു വ്യക്തിക്കുണ്ടാകുന്ന ചെലവുകളെ ‘ഔട്ട് ഓഫ് പോക്കറ്റ്’ (OOP) ചെലവുകൾ എന്നാണ് പറയുന്നത്.

കോവിഡ്-19 മഹാമാരിക്കുശേഷം ആരോഗ്യ മേഖലയിലെ ചെലവ് വൻതോതിൽ വർധിക്കുന്നതായാണ് റിപ്പോർട്ട്. / Photo: unicef.org

ലോകത്ത് ഒ.ഒ.പി ചെലവ് ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതോടൊപ്പം ആരോഗ്യമേഖലയിൽ സർക്കാർ ചെലവാക്കുന്ന തുക ഏറ്റവും കുറഞ്ഞ രാജ്യവുമാണ് ഇന്ത്യ. ആരോഗ്യം എന്നത് സംസ്ഥാന വിഷയമായതിനാൽ, പ്രധാന ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കുതന്നെയാണ്. എന്നാൽ മിക്ക സംസ്ഥാനങ്ങളും ആരോഗ്യമേഖലയിൽ ചെലവാക്കുന്നത് സർക്കാരിന്റെ ആകെ ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. മൊത്തം ആരോഗ്യ ചെലവിൽ ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ് ഒമ്പത് സംസ്ഥാനങ്ങളിൽ 50 ശതമാനത്തിന് മുകളിലാണ്. 17 സംസ്ഥാനങ്ങളിൽ സർക്കാർ ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനായി ചെലവാക്കുന്നത് 2000 രൂപയിൽ താഴെയാണ്. 2018-2019 വർഷത്തെ നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് പ്രകാരമുള്ള കണക്കുകളാണിത്. കോവിഡ്-19 മഹാമാരിക്കുശേഷം ആരോഗ്യ മേഖലയിലെ ചെലവ് വൻതോതിൽ വർധിക്കുന്നതായാണ് റിപ്പോർട്ട്. ഈയൊരു പശ്ചാത്തലത്തിൽ ഇൻഷുറൻസ് കവറേജിന്റെ കുറവും സർക്കാരുകളുടെ ആരോഗ്യ ബജറ്റും ആശങ്കയളവാക്കുന്നതാണ്.

ആരോഗ്യമേഖലയിൽ ഇൻഷുറൻസിനും സർക്കാർ ആനുകൂല്യത്തിനും പുറമെയുള്ള ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ് ഇന്ത്യയിൽ 53.2 ശതമാനമാണ്. ലോകത്തെ ഏറ്റവും മോശം കണക്കുകളിലൊന്നാണിത്. ഇന്ത്യയെക്കാൾ മുന്നിൽ പാകിസ്താനും സുഡാനും ബംഗ്ലദേശും മാത്രമാണ്.

ആരോഗ്യമേഖലയിൽ ഇൻഷുറൻസിനും സർക്കാർ ആനുകൂല്യത്തിനും പുറമെയുള്ള ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ് ഇന്ത്യയിൽ 53.2 ശതമാനമാണ്. ലോകത്തെ ഏറ്റവും മോശം കണക്കുകളിലൊന്നാണിത്. OOPയുടെ കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്നിൽ പാകിസ്താനും സുഡാനും ബംഗ്ലദേശും മാത്രമാണ്. ഒ.ഒ.പി. ഏറ്റവും കുറവുള്ള രാജ്യങ്ങൾ ജപ്പാനും യു.എസുമാണ്. ഈ രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ സർക്കാർ ചെലവാക്കുന്ന തുക കൂടുതലുമാണ്.
ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, പഞ്ചാബ്, കേരളം എന്നിവയിലാണ് ഒ.ഒ.പി കൂടുതൽ. ഈ സംസ്ഥാനങ്ങളിൽ സർക്കാർ വ്യക്തികളുടെ ആരോഗ്യത്തിനായി ചെലവാക്കുന്ന തുക കുറവുമാണ്.

‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ് ഏറ്റവും കുറവുള്ള രാജ്യങ്ങൾ ജപ്പാനും യു.എസുമാണ്. ഈ രാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ സർക്കാർ ചെലവാക്കുന്ന തുക കൂടുതലുമാണ്. / Photo: Wikimedia Commons

വ്യക്തികളെയും കുടുംബങ്ങളെയും ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്ന ആരോഗ്യമേഖലയിലെ ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ് കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ മാർഗനിർദേശ തത്വമെന്നാണ് നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറയുന്നത്. ആരോഗ്യ ചെലവിൽ സർക്കാരിന്റെ പങ്ക് വർധിക്കുകയും ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ് കുറയുകയും ചെയ്യുമെന്ന സൂചനയാണ് നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് റിപ്പോർട്ട് നൽകുന്നതെന്നും ഡോ. വി.കെ. പോൾ ചൂണ്ടിക്കാട്ടുന്നു.

കുറയുന്ന സർക്കാർ പങ്ക്​

സെപ്റ്റംബർ 12-ന് പുറത്തുവിട്ട നാഷണൽ ഹെൽത്ത് അക്കൗണ്ട്സ് (NHA) റിപ്പോർട്ട് പ്രകാരം 2018-19 വർഷത്തെ ഇന്ത്യയുടെ മൊത്തം ആരോഗ്യ ചെലവ് (Total Health Expenditure - THE) 5,96,440 കോടി രൂപയായിരുന്നു. ആളോഹരി ചെലവ് 447 രൂപയുമാണ്. മൊത്തം ആരോഗ്യ ചെലവ് എന്നത് ഗവൺമെന്റിന്റെയും സ്വകാര്യസ്രോതസ്സുകളുടെയും നിലവിലെ ചെലവുകളും മൂലധന ചെലവുകളും ഉൾക്കൊള്ളുന്നതാണ്.

ഡോ. വി.കെ. പോൾ

ബാഹ്യദാതാക്കളുടെ സംഭാവനകൾ കൂടി ഇതിലുൾപ്പെടും.
സർക്കാരിന്റെ ആരോഗ്യ ചെലവ് (Government Health Expenditure- GHE) 2017-18 ൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (Gross Domestic Product- GDP) 1.35 ശതമാനമായിരുന്നു. 2018-19 ൽ അത് 1.28 ശതമാനമായി കുറഞ്ഞു. സർക്കാരിന്റെ ആരോഗ്യ ചെലവിൽ ഉൾപ്പെടുന്ന കാപിറ്റൽ ചെലവ് 2018-19 ൽ മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം വർധിച്ച് 2,42,219 കോടിയായി ഉയർന്നു. 2017-18 ൽ കാപിറ്റൽ ചെലവ് 2,31,104 കോടിയായിരുന്നു.

കേരളത്തിന്റെ ആരോഗ്യ ചെലവിൽ 2018-19 വർഷത്തിൽ മുൻവർഷത്തേക്കാൾ 0.3 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2019-ൽ കേരളത്തിന്റെ ആരോഗ്യമേഖലയിലെ ആകെ ചെലവിന്റെ 7.4 ശതമാനം സംസ്ഥാന സർക്കാരിന്റേതാണ്.

മൊത്തം ആരോഗ്യ ചെലവിൽ സർക്കാരിന്റെ പങ്ക് സമീപവർഷങ്ങളിൽ വർധിച്ചതായി റിപ്പോർട്ടുകളിൽ കാണാം. 2013-14 വർഷം മൊത്തം ചെലവിലെ സർക്കാർ ഷെയർ 28.6 ശതമാനമായിരുന്നു. 2018-19 ആയപ്പോഴേക്കും അത് 12 ശതമാനം വർധിച്ച് 40.6 ശതമാനമായി.
സർക്കാരിന്റെ ആരോഗ്യ ചെലവിൽ കേന്ദ്ര സർക്കാരിന്റ പങ്ക് 2018-19 ൽ 34.3 ശതമാനമായി കുറയുകയാണ് ചെയ്തത്. തൊട്ടുമുമ്പത്തെ വർഷം ഇത് 40.8 ശതമാനമായിരുന്നു. അതേ കാലയളവിൽ സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം 59.2 ശതമാനത്തിൽ നിന്നും 65.7 ശതമാനമായി വർധിക്കുകയും ചെയ്തു. ആളോഹരി ആരോഗ്യത്തിനായി സർക്കാർ ചെലവഴിക്കുന്ന തുക 2013-14 വർഷം 1042 രൂപയായിരുന്നു. 2018-19 ആകുമ്പോൾ അത് 74 ശതമാനം വർധിച്ച് 1815 രൂപയായി.

കേരളത്തിന്റെ ആരോഗ്യ ചെലവിൽ ​നേരിയ വർധന

സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ ചെലവിൽ 2018-19 സാമ്പത്തികവർഷത്തെ റിപ്പോർട്ടനുസരിച്ച് ഹിമാചൽപ്രദേശ്, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, അസം തുടങ്ങിയ സംസ്ഥാനങ്ങളാണ് മുന്നിൽ. 2017-18 വർഷത്തെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ വർധന ജാർഖണ്ഡിലാണ്. 1.3 ശതമാനത്തിന്റെ വർധനവാണ് ജാർഖണ്ഡിന്റെ GHE ൽ 2018-19 ൽ ഉണ്ടായിരിക്കുന്നത്. ജാർഖണ്ഡ് സർക്കാരിന്റെ ആരോഗ്യചെലവ് ആരോഗ്യമേഖലയിലെ ആകെ ചെലവിന്റെ 6.1 ശതമാനമാണ്. വർധനവിന്റെ കാര്യത്തിൽ രണ്ടാമതുള്ള രാജസ്ഥാനും (0.9%) മൂന്നാമത് തമിഴ്നാടുമാണ് (0.9%). രാജസ്ഥാന്റെ ആരോഗ്യ ചെലവ് 7.0 ശതമാനവും തമിഴ്നാടിന്റേത് 6.9 ശതമാനവുമാണ്.

Photo: Veena George, Fb

കേരളത്തിന്റെ ആരോഗ്യ ചെലവിൽ 2018-19 വർഷത്തിൽ മുൻവർഷത്തേക്കാൾ 0.3 ശതമാനത്തിന്റെ വർധനവാണുണ്ടായത്. 2019-ൽ കേരളത്തിന്റെ ആരോഗ്യമേഖലയിലെ ആകെ ചെലവിന്റെ 7.4 ശതമാനം സംസ്ഥാന സർക്കാരിന്റേതാണ്. യു.പി., കർണാടക, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, പഞ്ചാബ്, തെലങ്കാന, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ 2018-19 ൽ ആരോഗ്യ ചെലവ് 2017-18 വർത്തേക്കാൾ കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാന സർക്കാരുകളുടെ ആരോഗ്യമേഖലയിലെ ചെലവ് എട്ട് ശതമാനത്തിൽ കൂടുതലാകണമെന്ന് 2017-ലെ ദേശീയ ആരോഗ്യ നയം നിർദേശിച്ചിരുന്നു. 2018-19 സാമ്പത്തികവർഷം ഒരു സംസ്ഥാനത്തിനും അത് സാധിച്ചിട്ടില്ല.

സാമൂഹിക ആരോഗ്യ പദ്ധതികൾ, സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ, സർക്കാർ ജീവനക്കാർക്കുള്ള മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്ന ആരോഗ്യത്തിനുള്ള സാമൂഹിക സുരക്ഷാ ചെലവ് 2013-14ൽ ആറു ശതമാനത്തിൽ നിന്ന് 2018-19ൽ 9.6 ശതമാനമായി ഉയർന്നുവെന്നും എൻ.എച്ച്.എ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ഹെൽത്ത്കെയർ മേഖലയിലെ ഏറ്റവും ആദ്യത്തെ പടിയാണ് ഉപകേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അടങ്ങുന്ന പ്രാഥമികാരോഗ്യരംഗം. / Photo: Wikimedia Commons

സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ ഇൻഷുറൻസ് ചെലവ് 2013-14 വർഷത്തെ 4757 കോടി രൂപയിൽ നിന്ന് 176 ശതമാനം വർധിച്ച് 2018-19 ൽ 12,680 കോടി രൂപയായി.

പ്രാഥമികാരോഗ്യരംഗത്ത് സർക്കാർ പങ്കാളിത്തം 2013-14 ൽ 51.1 ശതമാനമായിരുന്നത് 2018-19 ൽ 55.2 ശതമാനമായി വർധിച്ചു. ഇന്ത്യയിൽ ഹെൽത്ത്കെയർ മേഖലയിലെ ഏറ്റവും ആദ്യത്തെ പടിയാണ് ഉപകേന്ദ്രങ്ങളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അടങ്ങുന്ന പ്രാഥമികാരോഗ്യരംഗം.

ഇരകൾ സാധാരണ ജനങ്ങൾ

കോവിഡ്-19 മഹാമാരി പടരുന്നതിനുമുമ്പുള്ള ആരോഗ്യമേഖലയിലെ ചെലവുകളുടെ കണക്കുകളാണ് NHA റിപ്പോർട്ടിലൂടെ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ 2020-ലും 2021-ലും ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയിലൂടെയും ചെലവുകളിലൂടെയുമാണ് കടന്നുപോയത്. അപ്പോൾ സ്വാഭാവികമായും സർക്കാരിന്റെ ആരോഗ്യ ബജറ്റിലും മാറ്റങ്ങളുണ്ടാകണം. പൊതുജനാരോഗ്യമേഖലയിൽ സർക്കാരിന്റെ പങ്കാളിത്തവും വർധിച്ചു. കോവിഡ് സൃഷ്ടിച്ച ആരോഗ്യ പ്രതിസന്ധി, സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയായി രാജ്യത്തെ ബാധിച്ചതായി 2021-22 സാമ്പത്തിക സർവേയിൽ സൂചിപ്പിച്ചിരുന്നു. ആരോഗ്യരംഗത്തെ ചെലവ് വൻതോതിൽ വർധിച്ചതായും സർവേ ചൂണ്ടിക്കാട്ടുന്നുണ്ട്. കോവിഡ് വരുന്നതിന് തൊട്ടുമുമ്പുള്ള 2019-20 വർഷത്തെ ആരോഗ്യ ചെലവ് 2.73 ലക്ഷം കോടി രൂപയായിരുന്നു. 2021-22 ൽ ഇത് 73 ശതമാനം വർധിച്ച് 4.72 ലക്ഷം കോടിയായി. കോവിഡ്-19 വാക്സിനേഷൻ സ്‌കീമിനായി കേന്ദ്ര സർക്കാർ അനുവദിച്ച 3500 കോടി രൂപ കൂടി ചേർന്നതാണിത്.

ആശുപത്രി ചെലവ്, കൾസൾട്ടേഷൻ ഫീസ്, പുതിയ സാങ്കേതികവിദ്യകളുടെയും മരുന്നുകളുടെയും ചികിത്സാ സംവിധാനത്തിന്റെയും വരവും ചികിത്സാ ചെലവ് വർധിക്കുന്നതിന് കാരണമാകുന്നു. / Photo: Wikimedia Commons

ഇത്തരത്തിൽ ആരോഗ്യമേഖലയിൽ പ്രത്യേക സമയത്ത് ആരോഗ്യ സേവനങ്ങളുടെ ശരാശരിയിലും യൂണിറ്റ് ചെലവിലും വർധനവുണ്ടാകുന്ന സാഹചര്യത്തെ ഹെൽത്ത് ഇൻഫ്ളേഷൻ അല്ലെങ്കിൽ മെഡിക്കൽ ഇൻഫ്ളേഷൻ എന്ന് പറയും. ആരോഗ്യ സേവനങ്ങളുടെ യൂണിറ്റ് ചെലവിലും ഉപയോഗച്ചെലവിലുമുള്ള വർധനവിനെയും ഹെൽത്ത് ഇൻഫ്ളേഷൻ കൊണ്ട് സൂചിപ്പിക്കാം.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോക്ക്ഡൗണിൽ രാജ്യം അടഞ്ഞുകിടന്നപ്പോൾ അത്യാവശ്യ ചികിത്സക്കുമാത്രമായിരുന്നു ആളുകൾ ആശുപത്രികളിൽ പോയിരുന്നത്. മാത്രമല്ല, പൊതുഗതാഗതം ഇല്ലാതിരുന്നതും തൊഴിൽമേഖലകൾ സ്തംഭിച്ചതുമെല്ലാം ആരോഗ്യമേഖലയെയും ബാധിച്ചു.

ഓരോ വ്യക്തിക്കും നൽകേണ്ട ആരോഗ്യ സേവനങ്ങളുടെ ചെലവ് വർധിക്കുന്നതിന് കാരണങ്ങൾ പലതാണ്. ആശുപത്രി ചെലവ്, കൾസൾട്ടേഷൻ ഫീസ്, പുതിയ സാങ്കേതികവിദ്യകളുടെയും മരുന്നുകളുടെയും ചികിത്സാ സംവിധാനത്തിന്റെയും വരവും ചികിത്സാ ചെലവ് വർധിക്കുന്നതിന് കാരണമാകുന്നു. ഏതെങ്കിലും രോഗങ്ങളുടെ വ്യാപനവും വ്യക്തിഗത ചെലവ് വർധിപ്പിക്കുന്നു.

വർധിക്കുന്ന ഹെൽത്ത് ഇൻഫ്ളേഷൻ

കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തിനുശേഷം ഇന്ത്യയിൽ ഹെൽത്ത് ഇൻഫ്ളേഷൻ വർധിച്ചിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ലോക്ക്ഡൗണിൽ രാജ്യം അടഞ്ഞുകിടന്നപ്പോൾ അത്യാവശ്യ ചികിത്സക്കുമാത്രമായിരുന്നു ആളുകൾ ആശുപത്രികളിൽ പോയിരുന്നത്. മാത്രമല്ല, പൊതുഗതാഗതം ഇല്ലാതിരുന്നതും തൊഴിൽമേഖലകൾ സ്തംഭിച്ചതുമെല്ലാം ആരോഗ്യമേഖലയെയും ബാധിച്ചു. കോവിഡ് വ്യാപനത്തിൽ കുറവും വരികയും നിയന്ത്രണങ്ങൾ ഇല്ലാതാകുകയും ചെയ്തപ്പോൾ എല്ലാം നോർമൽ ആവുകയും ആളുകൾ കൂടുതലായി പുറത്തിറങ്ങുകയും ചെയ്തു. ഇതോടെ ആശുപത്രികളും മുൻപത്തേക്കാൾ തിരക്കിലായി. കോവിഡ് സൃഷ്ടിച്ച ആരോഗ്യപ്രതിസന്ധി പല രോഗങ്ങളുടെയും തീവ്രത വർധിപ്പിക്കുന്നതിനും ആളുകൾ കൂടുതലായി ആശുപത്രിയിലേക്കെത്തുന്നതിനും കാരണമായി.

കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തിനുശേഷം ഇന്ത്യയിൽ ഹെൽത്ത് ഇൻഫ്ളേഷൻ വർധിച്ചിരിക്കുകയാണ്.

കോവിഡിനുമുമ്പുള്ള 2019-ലേക്കാൾ വർധനവാണ് എല്ലാ സംസ്ഥാനങ്ങളിലും 2021-ൽ ഹെൽത്ത് ഇൻഫ്ളേഷനിൽ കാണാനാകുന്നത്. ആരോഗ്യ ചെലവിൽ വലിയ ഭാഗവും ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവുകളായതിനാൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഹെൽത്ത് ഇൻഫ്ളേഷൻ ബാധിച്ചത് സാധാരണ ജനങ്ങളെയാണ്. 2019, 2021 വർഷത്തെ കണക്കുകൾ താരതമ്യം ചെയ്താൽ ജമ്മു കശ്മീരിലാണ് ഹെൽത്ത് ഇൻഫ്ളേഷനിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായിട്ടുള്ളത്, 7.3%. 5% വർധന രേഖപ്പെടുത്തിയ ചത്തീസ്ഗഡ് രണ്ടാമതും 4.3 ശതമാനം വർധിച്ച ആന്ധ്രപ്രദേശ് മൂന്നാം സ്ഥാനത്തുമാണ്.

2021 ജനുവരിയിൽ ഹെൽത്ത് ഇൻഫ്ളേഷൻ ആറ് ശതമാനമായിരുന്നു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേയിൽ എട്ട് ശതമാനമായി വർധിച്ചു. ഹെൽത്ത് ഇൻഫ്ളേഷൻ നിരക്ക് വർധിച്ചതിന്റെ ഫലമായി എക്സ് റേ, ഇ.സി.ജി., പാതോളജിക്കൽ ടെസ്റ്റുകൾ, ഡോക്ടർമാരുടെ ഫീസ് തുടങ്ങി ചികിത്സാസംബന്ധമായ നരവധി നിരക്കുകൾ ഉയർന്നു.

രോഗാതുരത വർധിക്കുന്ന സമൂഹം

കോവിഡിനുശേഷം പൊതുജനാരോഗ്യ മേഖലയിൽ ചെലവുകൾ വർധിച്ചു എന്നത് വളരെ വ്യക്തമാണെന്ന് ഐ.എം.എ. പൊതുജനാരോഗ്യ ബോധവത്കരണ സമിതി ചെയർമാൻ ഡോ. എം. മുരളീധരൻ പറയുന്നു. കൃത്യമായ ഡേറ്റ ലഭ്യമല്ല, എങ്കിലും ഡോക്ടർമാരുടെ സംഘടനകളുടെയൊക്കെ കണക്കനുസരിച്ച് രോഗാതുരത കൂടിയിട്ടുണ്ട്. നേരത്തെ വ്യാപകമായുള്ള രോഗങ്ങളുടെ സ്വഭാവം തന്നെ ഇപ്പോൾ മാറിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രമേഹം.

ഡോ. എം. മുരളീധരൻ

നേരത്തെ ഡയബറ്റിക്കായിട്ടുള്ളവർക്ക് കോവിഡ് വന്നശേഷം പ്രമേഹം കൂടുന്നതായാണ് കാണുന്നത്. നേരത്തെ പ്രമേഹമില്ലാതിരുന്നവർക്ക് കോവിഡ് വന്നുപോയതിനുശേഷം പ്രമേഹം ഉണ്ടായതായും കാണാം. പാൻക്രിയാസിൽ ഇൻസുലിൽ ഉത്പാദനം കുറയുന്നതാണ് അതിന് കാരണം. ഹൃദയവും ശ്വാസകോശവും കഴിഞ്ഞാൽ കോവിഡ് വൈറസിനെ സ്വീകരിക്കുന്ന റിസപ്‌റ്റേഴ്‌സ് ഏറ്റവും കൂടുതലുള്ളത് പാൻക്രിയാസിലാണ് എന്നതാണ് ഡയബറ്റിസ് വർധിക്കാനുള്ള കാരണം- ഡോ. മുരളീധരൻ പറഞ്ഞു.

ഉറക്കമില്ലായ്മ, ടെൻഷൻ തുടങ്ങിയ ചെറിയ പ്രശ്‌നങ്ങൾ മുതൽ വിഷാദരോഗം പോലെയുള്ള വലിയ മാനസികപ്രശ്‌നങ്ങളിലൊക്കെ വലിയ വർധനവുണ്ടാകുന്നുണ്ടെന്നാണ് സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സമീപകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

ന്യൂറോളജിക്കലായ രോഗങ്ങളുടെ വർധനവാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. തലച്ചോറിലുണ്ടാകുന്ന രക്തസ്രാവം, തലച്ചോറിലുണ്ടാകുന്ന രക്തം കട്ടപിടിക്കൽ എന്നിവയൊക്കെ വളരെ കൂടുതലായിട്ടുണ്ട്. ഇത്തരത്തിലുള്ള രോഗങ്ങളിൽ വൻതോതിലുള്ള വർധനവാണ് ഉണ്ടായിട്ടുള്ളതെന്നാണ് ന്യൂറോളജിസ്റ്റുകൾ പറയുന്നത്. രോഗങ്ങളുടെ എണ്ണം കൂടുന്നു, ഗൗരവം കൂടുന്നു. പക്ഷെ ഇതിനേക്കാൾ സുപ്രധാനമായി കാണേണ്ടത് മാനസികരോഗത്തിലുണ്ടാകുന്ന വർധനവാണ്. പുറത്തേക്ക് അതത്ര വ്യക്തമായി കാണാനാകുന്നില്ല. യഥാർഥത്തിൽ മഞ്ഞുമലയുടെ അറ്റം പോലെ മാത്രമാണ് ഇപ്പോൾ പ്രകടമാകുന്നത്. ഉറക്കമില്ലായ്മ, ടെൻഷൻ തുടങ്ങിയ ചെറിയ പ്രശ്‌നങ്ങൾ മുതൽ വിഷാദരോഗം പോലെയുള്ള വലിയ മാനസികപ്രശ്‌നങ്ങളിലൊക്കെ വലിയ വർധനവുണ്ടാകുന്നുണ്ടെന്നാണ് സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സമീപകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.

കൗൺസിലിങ്ങിന് പോകുക അല്ലെങ്കിൽ മാനസികരോഗ ചികിത്സ തേടുക എന്നൊക്കെ പറയുന്നത് മുമ്പ് രഹസ്യമായി ചെയ്യേണ്ടതോ അല്ലെങ്കിൽ മോശമായോ ആണ് നമ്മുടെ സമൂഹം കണ്ടിരുന്നതെന്നും എന്നാൽ ഇപ്പോൾ ആ സ്റ്റിഗ്മ കുറഞ്ഞിട്ടുണ്ടെന്നും സൈക്കോളജിസ്റ്റായ ബി.ബി. ഡൊമിനിക് പറയുന്നു. കോവിഡിനുശേഷം മാനസികപ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത്. കുട്ടികളിലും മുതിർന്നവരിലും അടച്ചിടൽ സൃഷ്ടിച്ച മാനസികപ്രയാസങ്ങൾ വളരെ വലുതാണ്. അതോടൊപ്പം കോവിഡ് ബാധിച്ചവരിലുണ്ടായിട്ടുള്ള പലവിധത്തിലുള്ള പ്രശ്‌നങ്ങളുമുണ്ട്. കോവിഡ് ബാധിച്ചവരിൽ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത് ഉറക്കമില്ലായ്മയും ഉത്കണ്ഠയുമാണ്. അത് മറികടക്കാനുള്ള സഹായം മാനസികരോഗ വിദ്ഗധരിൽ നിന്ന് സ്വീകരിക്കാൻ തയ്യാറാകുന്ന ആളുകളുടെ എണ്ണം ഇപ്പോൾ കൂടിയിട്ടുണ്ട്. മാനസികപ്രശ്‌നങ്ങളും മറ്റു ആരോഗ്യപ്രശ്‌നങ്ങൾ പോലെതന്നെയാണെന്നതിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്- ബി.ബി. ഡൊമിനിക് പറഞ്ഞു.

രോഗികളുടെ എണ്ണം കൂടുകയും രോഗത്തിന്റെ ഗൗരവം വർധിക്കുകയും ചെയ്യുമ്പോഴാണ്, നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഷെഡ്യൂൾ 1 -ൽ ഉൾപ്പെടുത്തിയ 850 മരുന്നുകൾക്ക് 10 ശതമാനത്തിലേറെ വില വർധിപ്പിച്ചത്.

സാധാരണ ജൂൺ, ജൂലൈ മാസങ്ങളിൽ കേരളത്തിൽ പനി പടരുന്നത് പതിവാണ്. പനി വന്ന് വളരെ പെട്ടെന്നുതന്നെ മാറുകയാണ് ചെയ്യുക. എന്നാൽ ഇത്തവണ പനി വന്നവർക്ക് മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വൈറൽ ചുമയുണ്ടായിരുന്നു. ആന്റിവൈറൽ മരുന്നുകൾ കൊണ്ടൊന്നും മാറാത്ത ചുമയായിരുന്നു അത്.
രോഗികളുടെ എണ്ണം കൂടുകയും രോഗത്തിന്റെ ഗൗരവം വർധിക്കുകയും ചെയ്യുമ്പോഴാണ് മരുന്നുകളുടെ വിലവർധനവ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്. മൂന്നുമാസം മുമ്പാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ആദ്യമായിട്ട് ഷെഡ്യൂൾ 1 -ൽ ഉൾപ്പെടുത്തിയ 850 മരുന്നുകൾക്ക് 10 ശതമാനത്തിലേറെ വില വർധിപ്പിച്ചത്. പുതിയ 1800-ലധികം മരുന്നുകൾ മെഡിക്കൽ ഉപകരണങ്ങൾക്കുമൊക്കെ വില വർധിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ സൂചിപ്പിക്കുന്നത് ഭരണാധികാരികൾക്ക് ജനങ്ങളുടെ ആരോഗ്യത്തിൽ ഉത്കണ്ഠയില്ല എന്നാണ്.

സോഷ്യലൈസ്ഡ് മെഡിസിൻ

പൊതുജനാരോഗ്യ മേഖലയിലെ സർക്കാർ പങ്കാളിത്തം എന്നുപറയുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ദുരന്തമാണെന്ന് പറയേണ്ടിവരും. മൂന്നാം ലോക രാജ്യങ്ങളിൽ ഏറ്റവും താഴെ നിൽക്കുന്ന രാജ്യങ്ങൾ പോലും നമ്മളേക്കാൾ എത്രയോ കൂടുതലാണ് ഹെൽത്ത് സെക്ടറിന്​ മാറ്റിവെക്കുന്നത്. അയൽരാജ്യമായ ശ്രീലങ്കയിൽ ജി.ഡി.പി.യുടെ 4.5 ശതമാനമാണ് ആരോഗ്യമേഖലക്ക്​മാറ്റിവെക്കുന്നത്. പാകിസ്താനിൽ 3.25, ബംഗ്ലദേശിൽ 2.4, ചൈനയിൽ 7.6 ശതമാനം വീതം മാറ്റിവെക്കുന്നു. 2018-19 ലെ NHA റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ആരോഗ്യമേഖലയ്ക്കുള്ള തുക മുൻവർഷത്തെക്കാൾ കുറഞ്ഞതായാണ് മനസ്സിലാകുന്നത്. വിദ്യഭ്യാസരംഗത്തും ആരോഗ്യരംഗത്തും സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ ഭാവിലോകത്ത് ഇന്ത്യ എങ്ങനെ പിടിച്ചുനിൽക്കുമെന്നത് വലിയൊരു ചോദ്യമാണ്. പൊതുജനാരോഗ്യം എന്നത് ശരിക്കും ഒരു പ്രിവന്റീവ് ആസ്‌പെക്റ്റാണ്. അതിൽ രോഗങ്ങൾ വരാതിരിക്കാനുള്ള, അല്ലെങ്കിൽ രോഗപ്രതിരോധത്തിനുള്ള കാര്യങ്ങളാണ് വേണ്ടത്.

രോഗികളുടെ എണ്ണം കൂടുകയും രോഗത്തിന്റെ ഗൗരവം വർധിക്കുകയും ചെയ്യുമ്പോഴാണ് മരുന്നുകളുടെ വിലവർധനവ് ഇന്ത്യയെ പ്രതിസന്ധിയിലാക്കുന്നത്

ചൈനയിൽ ഇപ്പോഴും ലോക്കഡൗണുകളുണ്ട്, മാസ് ടെസ്റ്റുകളുണ്ട്, വാക്‌സിൻ ഡ്രൈവ് ഫലപ്രദമായി നടത്തുന്നുണ്ട്. ഇത്തരത്തിൽ സീറോ കൊവിഡ് ശ്രമങ്ങൾ ലോകത്ത് പലയിടത്തും നടക്കുന്നുണ്ട്. ഇന്ത്യയിൽ, കേരളത്തിൽ പോലും ആരും മാസ്‌ക് പോലും ഉപയോഗിക്കുന്നില്ല ഇപ്പോൾ. ആദ്യത്തെ ആവേശത്തിനപ്പുറം വാക്‌സിൻ ഡ്രൈവും പ്രതിരോധവുമൊക്കെ കുറയുകയാണ്. പൊതുജനാരോഗ്യത്തിന്റെ കാര്യത്തിൽ തുടർച്ചയായുള്ള ഫോളോ അപ്പ് അത്യാവശ്യമാണ്. അത് ഇവിടെ നടക്കുന്നില്ല. ഭരണകൂടങ്ങൾ അതിൽ താത്പര്യം കാണിച്ചാൽ മാത്രമെ പൊതുജനങ്ങൾക്ക് താത്പര്യമുണ്ടാകൂ. ഈ രംഗത്ത് ഇപ്പോൾ ഭരണകൂടം യഥാർഥത്തിൽ അദൃശ്യമാണ്. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്ന് മറ്റു പല രാജ്യങ്ങളിലേക്കും വാക്‌സിൻ കയറ്റി അയച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് നിലച്ചിരിക്കുകയാണ്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 80 ശതമാനം ആളുകൾക്കും രണ്ട് ഡോസ് വാക്‌സിൻ കിട്ടിയിട്ടുണ്ട്​. പക്ഷെ ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം വളരെ കുറവാണ്.

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ത്യ സർക്കാർ ആദ്യത്തെ വലിയൊരു അവസരം നഷ്ടപ്പെടുത്തുകയാണുണ്ടായതെന്ന് ഡോ. മുരളീധരൻ ചൂണ്ടിക്കാട്ടുന്നു. ലോകരാഷ്ട്രങ്ങൾ വാക്‌സിൻ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ, ഒന്നു മോഡിഫൈ ചെയ്താൻ എത്രയോ വാക്‌സിൻ ഉണ്ടാക്കാവുന്ന യൂണിറ്റുകൾ ഇന്ത്യയിലുണ്ടായിരുന്ന ഇന്ത്യക്ക് ലോകത്തിന്റെ വാക്‌സിൻ കേന്ദ്രമായി മാറാൻ പറ്റുമായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

സോഷ്യലൈസ്ഡ് മെഡിസിൻ എന്ന സമ്പ്രദായമാണ് ആരോഗ്യമേഖലയിലെ ഏറ്റവും മികച്ച മാതൃകയായി കണക്കാക്കാവുന്നത്. റഷ്യ, അമേരിക്ക, ജർമനി, നോർവെ, ഓസ്ട്രിയ, യു.കെ. തുടങ്ങി ലോകത്തെ മുപ്പതിലേറെ രാജ്യങ്ങളിൽ സോഷ്യലൈസ്ഡ് മെഡിസിൻ സമ്പ്രദായമാണ് നടപ്പാക്കുന്നത്. ഈ രാജ്യങ്ങളിലെ 90 ശതമാനത്തിലധികം ജനങ്ങൾക്കും സർക്കാരിന്റെ ആരോഗ്യസംരക്ഷണം ലഭിക്കും.

വിദ്യാഭ്യാസം സാർവത്രികവും സൗജന്യവുമാക്കിയതുപോലെ ചികിത്സയും സൗജന്യമാക്കാനുള്ള സംവിധാനം സർക്കാർ ഏർപ്പെടുത്തേണ്ടതാണെന്ന് സാമൂഹികാരോഗ്യ പ്രവർത്തകർ എത്രയോ കാലമായി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ജനതയോട് ഭരണകൂടം ചെയ്യേണ്ട ഒരു ഉത്തരവാദിത്തമാണത്. എന്നാൽ സർക്കാർ ആ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. ശ്രീലങ്കയും പാകിസ്താനും ബംഗ്ലദേശും പോലെയുള്ള സാമ്പത്തികമായി ഇന്ത്യയേക്കാൾ പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾ പോലും ഇക്കാര്യത്തിൽ നമ്മളേക്കാൾ എത്രയോ ഭേദമാണ്. അവിടങ്ങളിലെ ‘ഔട്ട് ഓഫ് പോക്കറ്റ്’ ചെലവ്​ വളരെ കുറവാണ്. ഇന്ത്യയിൽ ഒരാൾ 3000 അല്ലെങ്കിൽ 4000 രൂപ ഒരു വർഷം ചെലവാക്കുമ്പോൾ ഈ രാജ്യങ്ങളില പൗരൻമാർ അതിന്റെ പകുതി മാത്രമാണ് ചെലവ്. ജി.ഡി.പിയുടെ എത്ര ശതമാനം ആരോഗ്യമേഖലയിൽ വിനിയോഗിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ. അമേരിക്കയിൽ ജി.ഡി.പി.യുടെ 17 ശതമാനത്തിലധികമാണ് ആരോഗ്യ മേഖലയ്ക്കായി ഉപയോഗിക്കുന്നത്. അഞ്ച് ശതമാനമെങ്കിലുമാക്കാൻ നമ്മുടെ സർക്കാർ തയ്യാറാകേണ്ടതാണ്.

ഇന്ത്യയിൽ 22 ശതമാനം ദിവസം 140 രൂപ വരുമാനമുള്ള ആളുകളാണ്. ഇവർക്ക് ഇൻഷുറൻസ് സ്‌കീമുകളിൽ ചേരാനോ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് താങ്ങാനോ സാധിക്കില്ല.

2021-ലെ സാമ്പത്തിക സർവേ പ്രകാരം ആരോഗ്യമേഖലയ്ക്കായി സർക്കാർ ബജറ്റിൽ പ്രാധാന്യം നൽകുന്നതിൽ ഇന്ത്യയുടെ സ്ഥാനം അവസാനത്തെ പത്തു രാജ്യങ്ങൾക്കൊപ്പമാണ്. യഥാർഥത്തിൽ കോവിഡ് സൃഷ്ടിച്ച വർധിച്ച ചെലവുകളേക്കാൾ ആശങ്കയുളവാക്കേണ്ടത് ഇതാണ്. ദേശീയ ആരോഗ്യനയത്തിൽ പറയുന്നതുപോലെ സ്ഥിരമായി ജി.ഡി.പി.യുടെ 2.5 ശതമാനം ആരോഗ്യമേഖലയ്ക്കായി വിനിയോഗിക്കുന്നതിൽ സർക്കാരിന് വിജയിക്കാനാകുന്നില്ല. കഴിഞ്ഞ നാലുവർഷക്കാലം, പ്രത്യേകിച്ച് ആയുഷ്മാൻ ഭാരത് പ്രോഗ്രാം നടപ്പാക്കിയശേഷം, ആരോഗ്യമേഖലയ്ക്ക് മുൻഗണന നൽകുന്ന ഒട്ടേറെ ചുവടുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനത്തിന് ആരോഗ്യത്തിനായുള്ള സാമ്പത്തിക സുരക്ഷിതത്വമില്ലെന്നാണ് 2021-ൽ നിതി ആയോഗ് വെളിപ്പെടുത്തിയത്. 50 ശതമാനം ആളുകൾക്ക് ആയുഷ്മാൻ ഭാരതിന്റെ സംരക്ഷണം ലഭിക്കുന്നുണ്ട്. 20 ശതമാനത്തിന് സ്വകാര്യ ഇൻഷുറൻസ് സ്‌കീമുകളുടെ സംരക്ഷണമുണ്ട്. ശേഷിക്കുന്ന 30 ശതമാനം വരുന്നവർ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവരല്ല. എന്നാൽ സ്വകാര്യ ഇൻഷുറൻസ് സ്‌കീമുകളിൽ ചേരാൻ മാത്രം ധരികരുമല്ല ഇക്കൂട്ടർ. ആനുകൂല്യം ലഭിക്കാതിരിക്കുകയും അതേസമയം, ധനികരല്ലാതിരിക്കുകയും ചെയ്യുന്ന ഈ വിഭാഗത്തെ കൂടി പരിഗണിക്കുന്നതായിരിക്കണം ആരോഗ്യ മേഖലയിലെ പുതിയ നയരൂപീകരണം.

/ Photo : Wikipedia

ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷനുവേണ്ടി അഞ്ചുവർഷത്തേക്ക് 64180 കോടിയുടെ പദ്ധതിയാണ് സർക്കാർ വിഭാവന ചെയ്തിരിക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള ഹെൽത്ത് കെയർ സംവിധാനങ്ങൾ വികസിപ്പിക്കാനും ദേശീയതലത്തിലുള്ള മെഡിക്കൽ സ്ഥാപനങ്ങൾ ശക്തിപ്പെടുത്താനും പുതിയ സ്ഥാപനങ്ങൾ കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്നതാണ് ആയുഷ്മാൻ ഭാരത് ദൗത്യം.

ഇന്ത്യയിൽ 22 ശതമാനം ദിവസം 140 രൂപ വരുമാനമുള്ള ആളുകളാണ്. ഇവർക്ക് ഇൻഷുറൻസ് സ്‌കീമുകളിൽ ചേരാനോ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് താങ്ങാനോ സാധിക്കില്ല. യഥാർഥത്തിൽ ഒരു രാജ്യത്തെ സർക്കാർ ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടത് അവിടത്തെ ഏറ്റവും പാവപ്പെട്ടവരെയാണ്. അവരുടെ കഷ്ടപ്പാടുകളും വേദനകളുമായിരിക്കണം സർക്കാരിന്റെ മുൻഗണനാവിഷയങ്ങൾ. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെയെങ്കിലും ആരോഗ്യ ചെലവുകൾ പൂർണമായും സർക്കാർ ഏറ്റെടുക്കേണ്ടതാണ്. ഒരു നയം അല്ലെങ്കിൽ ഒരു പദ്ധതി ആലോചിക്കുമ്പോൾ അത് രാജ്യത്തെ ഏറ്റവും പാവപ്പെട്ടവരായ ജനതയെ എങ്ങനെ ബാധിക്കും എന്നാണ് ചിന്തിക്കേണ്ടത്.

കോവിഡ് 1- മഹാമാരിയുടെ ഫലമായി ആരോഗ്യമേഖലയിൽ സർക്കാരുകളെ ഇടപെടലും ബജറ്റ് വിഹിതവും വർധിപ്പിക്കാൻ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തയ്യാറാകേണ്ടിവന്നു എന്നതാണ് യാഥാർഥ്യം. 2021-22 സാമ്പത്തിക സർവേ പ്രകാരം ഇന്ത്യയുടെ ആരോഗ്യ ചെലവ് ജി.ഡി.പി.യുടെ 2.1 ശതമാനമായിരുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന ശതമാനമാണിത്. 2020-21 സാമ്പത്തികവർഷം ഇന്ത്യയുടെ ആരോഗ്യ ചെലവ് ജി.ഡി.പി.യുടെ 1.3 ശതമാനം മാത്രമായിരുന്നു. ജി.ഡി.പി.യുടെ 2.5 ശതമാനമെങ്കിലും ആരോഗ്യമേഖലയ്ക്കായി മാറ്റിവെക്കണമെന്നാണ് ഇന്ത്യയുടെ ദേശീയ ആരോഗ്യനയം പറയുന്നത്. പക്ഷെ ഇതുവരെ അത് സംഭവിച്ചിട്ടില്ല. കോവിഡിനുശേഷം പൊതുജനാരോഗ്യ മേഖലയിൽ സർക്കാരുകളുടെ ഇടപെടൽ വർധിക്കുന്നത് രാജ്യം ദേശീയ ആരോഗ്യ നയത്തിലെ ലക്ഷ്യത്തിലേക്ക് അടുക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നത്.
2022-23 വർഷത്തെ കേന്ദ്ര ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് കാര്യമായ മുൻഗണന ലഭിക്കുമെന്ന പ്രതീക്ഷയാണ് സാമ്പത്തിക വിദഗ്ധർക്കുള്ളത്. മഹാവ്യാധി പടർന്നപ്പോൾ യാത്രാവിലക്കും അടച്ചിടലും പോലെയുള്ള താത്കാലിക നടപടികളാണുണ്ടായതെങ്കിൽ, ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളും നയങ്ങളും അത്യാവശ്യമാണ്. ▮

Comments