ആരോഗ്യപ്രവർത്തകരുടെ സുരക്ഷ, രോഗികളുടെ അവകാശം: പുതിയ നിയമ ചികിത്സ ഫലിക്കുമോ?

ആരോഗ്യപ്രവർത്തകരുടെയും സ്​ഥാപനങ്ങളുടെയും സുരക്ഷക്കായി സർക്കാർ കൊണ്ടുവന്ന പുതിയ നിയമത്തെ ആരോഗ്യമേഖലയിലുള്ളവർ സ്വാഗതം​ ചെയ്യുമ്പോൾ തന്നെ, മനുഷ്യാവകാശ​പ്രവർത്തകരുൾപ്പെടെയുള്ളവർ കടുത്ത ആശങ്കയും പ്രകടിപ്പിക്കുന്നു. നിയമത്തിലെ വ്യവസ്​ഥകളുടെ ദുരുപയോഗ സാധ്യത മാത്രമല്ല, ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പ്രിവിലേജ്​ഡ്​ ക്ലാസായി പരിഗണിക്കപ്പെടുമ്പോൾ, അത്​ രോഗികളുടെ അവകാശങ്ങളെ എത്രത്തോളം സംരക്ഷിക്കുന്നതാകും എന്ന ചോദ്യമാണ്​ അവരുയർത്തുന്നത്​. ​ആരോഗ്യമേഖലയിലെ സമകാലിക പ്രതിസന്ധിയെക്കുറിച്ചൊരു അന്വേഷണം.

രോ അഞ്ചുദിവസത്തിനിടയിലും കേരളത്തില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ട പത്ത് സംഭവങ്ങളാണുണ്ടായത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഡോക്ടര്‍മാര്‍ക്കെതിരെ 200-ലേറെ ആക്രമണങ്ങളുണ്ടായി- ആരോഗ്യമേഖലയില്‍ ആഗോളതലത്തില്‍ തന്നെ മാതൃകയായ കേരളത്തെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഈ കണക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ- കേരളം) ഭാരവാഹികളുടേതാണ്.

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം കേരളത്തില്‍ വീണ്ടും സജീവ ചര്‍ച്ചയായത്, കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ കഴിഞ്ഞ മെയ് 10-ന് 23 കാരിയായ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് ഡ്യൂട്ടിക്കിടെ അതിക്രൂരമായി കൊല്ലപ്പെട്ടതോടെയാണ്. സംസ്ഥാനത്ത് ഇത്തരത്തിലൊരു കൊലപാതകം ആദ്യത്തേതായിരുന്നു. ആശുപത്രികളില്‍, രോഗികളുടെ ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരും തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും ഡോ. വന്ദന ദാസിന്റെ കൊലപാതകം ഇതില്‍നിന്ന് തീര്‍ത്തും ഭിന്നമായിരുന്നു.

കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ്​, ഡോ. വന്ദന ദാസ്​ (വലത്​)

പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച ലഹരിക്കടിമപ്പെട്ട സന്ദീപ് എന്നയാള്‍ മുറിവില്‍ മരുന്നുവെച്ചുകെട്ടിയശേഷം പൊടുന്നനെ അക്രമാസക്തനാകുകയായിരുന്നു. ശസ്ത്രക്രിയക്കുപയോഗിക്കുന്ന കത്രികയെടുത്ത് ഇയാള്‍ പൊലീസുകാരനെയും ഉദ്യോഗസ്ഥരെയുമെല്ലാം കുത്തി വീഴ്ത്തി. ഇയാളുടെ മുന്നിലകപ്പെട്ട ഡോ. വന്ദന ദാസിനെ നെഞ്ചിലും മുതുകിലും മുഖത്തുമെല്ലാം മാരകമായി കുത്തി മുറിവേല്‍പ്പിച്ചു. ഇവരെ സമീപ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനകം മരണം സ്ഥിരീകരിച്ചു. ഡോ. വന്ദനയുടെ ശരീരത്തില്‍ 17 മുറിവുണ്ടായിരുന്നുവെന്നും നാലെണ്ണം ആഴത്തിലുള്ളവയാണെന്നും ശ്വാസകോശത്തില്‍ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്.

ഡോക്ടര്‍മാരുടെ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും പുതിയ നിയമത്തെ സ്വാഗതം ചെയ്തപ്പോള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, നിയമത്തിന്റെ സാംഗത്യത്തെക്കുറിച്ചും രോഗികളുടെ അവകാശവുമായി ബന്ധപ്പെട്ടും ചില ആശയങ്കകളുയര്‍ത്തി.

അതിക്രൂരമായ ഈ കൊലപാതകം, ആരോഗ്യമേഖലയെ മാത്രമല്ല, കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ചു. ആശുപത്രികള്‍ സുരക്ഷിതമായ തൊഴിലിടങ്ങളല്ലാതായിരിക്കുന്നു എന്ന ഗുരുതര ആരോപണവുമായി പുതുതലമുറയിലെ ഡോക്ടര്‍മാര്‍ രംഗത്തുവന്നു. ആശുപത്രികളിലെ സുരക്ഷാസംവിധാനം കര്‍ശനമാക്കണമെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ശാരീരിക സുരക്ഷക്ക് ആക്ഷന്‍ പ്ലാന്‍ വേണമെന്നും ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ആവശ്യപ്പെട്ടു. വിഷയത്തില്‍ ഇടപെട്ട ഹൈകോടതി, ഡോ. വന്ദനയുടെ കൊലപാതകം ഒരു ‘സിസ്റ്റമിക് ഫെയ്‌ലര്‍’ ആണെന്നും ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരായ അതിക്രമം തടയാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ ഗസറ്റ്​ വിജ്ഞാപനം.

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ നിലവിലുള്ള 2012-ലെ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിക്കുകയും ‘കേരള ആരോഗ്യ സംരക്ഷ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയല്‍) ഭേദഗതി ഒര്‍ഡിനന്‍സ്’ (Kerala Healthcare Service Workers and Healthcare Service Institutions Prevention of Violence and Damage to Property Amendment Ordinance) പാസാക്കുകയും ചെയ്തു. ഗവര്‍ണര്‍ ഒപ്പിട്ട ഈ ഓര്‍ഡിനന്‍സ് നിയമമായിക്കഴിഞ്ഞു. നിയമത്തെ ഐ.എം.എ, കെ.ജി.എം.ഒ തുടങ്ങി ഡോക്ടര്‍മാരുടെ സംഘടനകളും ആരോഗ്യപ്രവര്‍ത്തകരും സ്വാഗതം ചെയ്തപ്പോള്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, പുതിയ നിയമത്തിന്റെ സാംഗത്യത്തെക്കുറിച്ചും രോഗികളുടെ അവകാശവുമായി ബന്ധപ്പെട്ടും ചില ആശയങ്കകളുയര്‍ത്തി.

ഡോക്ടര്‍- രോഗി ബന്ധം സംഘര്‍ഷഭരിതമാക്കുന്ന ഘടകങ്ങളായ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യമില്ലായ്മ, സ്റ്റാഫ് പാറ്റേണിലെ പ്രശ്‌നങ്ങള്‍, ചികിത്സാനിഷേധം, ചികിത്സാപ്പിഴവ്, സ്വകാര്യ ആശുപത്രികളുടെ ചൂഷണം തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിക്കപ്പെടാറാണ്​ പതിവ്​

അതില്‍ പ്രധാന ചോദ്യം, ആശുപത്രികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷക്കുമാത്രമായി എന്തിനാണ് പുതിയ നിയമം എന്നതാണ്. 2012- ല്‍ കൊണ്ടുവന്ന നിയമവും അനുബന്ധ നടപടിക്രമങ്ങളും നിലവിലുണ്ട്. ഇവ കടലാസ് നിയമങ്ങളായി തുടരുകയാണ്. അതിനുപുറമേ, കേരളത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യകരമായ ഡോക്ടര്‍- രോഗി ബന്ധം കലുഷിതമാക്കുന്ന വ്യവസ്ഥകളുള്ള പുതിയ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നുമായിരുന്നു ഒരു വാദം. ഡോക്ടര്‍- രോഗി ബന്ധം സംഘര്‍ഷഭരിതമാക്കുന്ന ഘടകങ്ങളായ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യമില്ലായ്മ, സ്റ്റാഫ് പാറ്റേണിലെ പ്രശ്‌നങ്ങള്‍, ചികിത്സാനിഷേധം, ചികിത്സാപ്പിഴവ്, സ്വകാര്യ ആശുപത്രികളുടെ ചൂഷണം തുടങ്ങിയ അടിസ്ഥാനപ്രശ്‌നങ്ങള്‍ അവഗണിച്ച്, ‘ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ’ എന്ന ഒരൊറ്റ ഏകകത്തിലേക്ക് വലിയൊരു വിഷയത്തെ ചുരുക്കുന്നതാണ് പുതിയ നിയമം എന്നതായിരുന്നു വിമര്‍ശനം.

2012-ലെ നിയമത്തിന് എന്തു സംഭവിച്ചു?

ഹൈക്കോടതി ചൂണ്ടിക്കാട്ടിയ ‘സിസ്റ്റത്തിന്റെ പരാജയം’ ആണ് പുതിയ നിയമത്തിലൂടെ പുറത്തുവന്നത്​. അതായത്, ഈ നിയമത്തിന്റെ അതേ ലക്ഷ്യത്തോടെ 2012-ല്‍ കൊണ്ടുവന്ന ‘കേരള ആരോഗ്യ രക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും- അക്രമവും സ്വത്തിനുള്ള നാശവും തടയല്‍- നിയമം’ (THE KERALA HEALTH CARE SERVICE PERSONS AND HEALTHCARE SERVICE INSTITUTIONS -PREVENTION OF VIOLENCE AND DAMAGE TO ROPERTY- ACT, 2012) സംസ്ഥാനത്ത് നിലവിലുണ്ട്. ആരോഗ്യപ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുകയാണ് ഈ നിയമത്തിന്റെ ലക്ഷ്യം. എന്നാല്‍, സാമൂഹ്യസുരക്ഷാമേഖലയിലെ ഏതൊരു നിയമത്തിനും സംഭവിക്കുന്ന ദുരന്തം ഈ നിയമത്തിനുമുണ്ടായി. അതിനെ സര്‍ക്കാറോ അനുബന്ധ സംവിധാനങ്ങളോ വിശ്വാസത്തിലെടുത്തില്ല.

ആക്രമണങ്ങളിൽനിന്ന്​ ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ നിലവിലുള്ള നിയമങ്ങളും ഉറപ്പുകളും നടപ്പാക്കുന്നതില്‍ സംഭവിച്ച ‘സര്‍ക്കാര്‍ വീഴ്ച’യാണ് ഡോ. വന്ദനയുടെ കൊലപാതകം വരെയുള്ള സംഭവങ്ങളിലേക്ക് നയിച്ചതെന്നു പറയാം.

നടപടിയെടുക്കാവുന്ന കൃത്യമായ വ്യവസ്ഥകളുള്ളതായിരുന്നു ഈ നിയമം: ‘‘ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങള്‍- ആശുപത്രി, നഴ്‌സിംഗ് ഹോം, ക്ലിനിക്, പരിശോധന മുറി, ആരോഗ്യ പ്രവര്‍ത്തകരുടെ വീട്, ആരോഗ്യപ്രവര്‍ത്തകര്‍- ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍-നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആശുപത്രി ജീവനക്കാര്‍- എന്നിവര്‍ക്കെതിരായ ഒറ്റയ്‌ക്കോ, ഒരു സംഘമാളുകളോ, സംഘടനകളുടെ നേതാവോ, അക്രമം ചെയ്യുകയോ, ചെയ്യുവാന്‍ പ്രേരിപ്പിക്കുകയോ, പ്രചോദനം നല്‍കുകയോ, ആരോഗ്യ രക്ഷാപ്രവര്‍ത്തകര്‍ക്ക് എന്തെങ്കിലും ഹാനിയോ, പരിക്കോ, ജീവന്‍ അപായപ്പെടുത്തുകയോ, ഭീഷണിപ്പെടുത്തുകയോ, ജോലി തടസ്സപ്പെടുത്തുകയോ ചെയ്താല്‍ ഏതൊരു കുറ്റക്കാരനും മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയും നല്‍കി ശിക്ഷിക്കപ്പെടാം’’, ‘‘മൂന്നാം വകുപ്പ് പ്രകാരം ചെയ്യുന്ന ഏതൊരു കുറ്റവും കോഗ്‌നിസൈബിളും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്’’ തുടങ്ങിയ കര്‍ശന വ്യവസ്ഥകളുള്ള നിയമമായിരുന്നു ഇത്.

2016 മുതലുള്ള അഞ്ചുവര്‍ഷത്തിനിടെ, ആശുപത്രികള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഈ നിയമപ്രകാരം 31 കേസുകള്‍ മാത്രമാണുണ്ടായത്. അതേസമയം, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങള്‍ ഇതിലുമെത്രയോ ആയിരുന്നു.

ആ സര്‍ക്കാര്‍ ഉറപ്പ് എവിടെ?

പാഴായിപ്പോയ മറ്റൊരു സര്‍ക്കാര്‍ ഉറപ്പിനെക്കുറിച്ച് പൊതുജനാരോഗ്യ- വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ഡോ. കെ.വി. ബാബു പറയുന്നു: ‘‘ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണം സംബന്ധിച്ച് ഹൈകോടതിയിലുണ്ടായിരുന്ന ഒരു കേസില്‍, കേരള സര്‍ക്കാര്‍ 2021 ആഗസ്റ്റ് 12ന് ഒരു ഉറപ്പ് കൊടുത്തിരുന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കാഷ്വാലിറ്റികളിലും ഒ.പി.ഡികളിലും സി.സി.ടി.വി ക്യാമറ സ്ഥാപിക്കും, പൊലീസ് സുരക്ഷ ഉറപ്പാക്കും, ഫിസിക്കലി ഫിറ്റായ റിട്ട. ആര്‍മി വ്യക്തികളെ സെക്യൂരിറ്റി ഓഫീസര്‍മാരായി പോസ്റ്റ് ചെയ്യും എന്നിങ്ങനെ. ഈ ഉറപ്പ് നടപ്പാക്കിയോ എന്നറിയാന്‍ 2022 ജനുവരിയിലും മാര്‍ച്ചിലും ഞാന്‍ രണ്ട് ആര്‍.ടി.ഐ നല്‍കിയിരുന്നു. എന്നാല്‍, ഭൂരിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്ന നടപടികള്‍ എടുത്തിട്ടില്ല എന്ന് വ്യക്തമായി.

ഡോ. കെ.വി. ബാബു

ആശുപത്രികളിലെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനുള്ള സര്‍ക്കാര്‍ നിര്‍ദേശം കടലാസില്‍ തന്നെയാണെന്ന് എനിക്കു കിട്ടിയ ആര്‍.ടി.ഐ മറുപടിയില്‍ വ്യക്തമാണ്. കേരളത്തില്‍ വേറെ ഏതൊരു സര്‍വീസ് സെക്ടറിനെക്കാളും ആളുകള്‍ കയറിയിറങ്ങുന്നതാണ് ചികിത്സാ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ കോടതിക്ക് നല്‍കിയ ഉറപ്പുകൂടിയാണ് ഇവിടെ നടപ്പാക്കപ്പെടാതെ പോയത്. അതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണസംവിധാനത്തിന് ഒഴിഞ്ഞുനില്‍ക്കാനാകില്ല.’’

എവിടെയാണ് മാനസികാരോഗ്യ നിയമം?

ഡോ. വന്ദന ദാസിന്റെ കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന്റെ മാനസികാരോഗ്യനില പരിശോധിക്കാന്‍ കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരാഴ്ചയെങ്കിലും കിടത്തി പരിശോധിച്ചാലേ സന്ദീപിന്റെ മാനസികാരോഗ്യം വിലയിരുത്താന്‍ കഴിയൂ എന്ന്​ മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പ്രതി സന്ദീപിനെ തെളിവെടുപ്പിന്​ കൊണ്ടുവന്നപ്പോൾ

സന്ദീപിനെപ്പോലെ, അക്രമാസക്തി പ്രകടിപ്പിക്കുന്ന ഒരാളെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കുമ്പോള്‍ പൊലീസ് സ്വീകരിക്കേണ്ടിയിരുന്ന മുന്‍കരുതലുകളെക്കുറിച്ച് പല തലങ്ങളില്‍നിന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. പാര്‍ലമെന്റ് 2017-ല്‍ പാസാക്കിയ മാനസികാരോഗ്യ നിയമം പ്രസക്തമാകുന്നത് ഈയൊരു സന്ദര്‍ഭത്തിലാണ്. മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തികളെ കണ്ടെത്തി മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും ചികിത്സ നല്‍കുകയും ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളാണ് ഈ നിയമത്തിലുള്ളത്. പൊലീസ് അടക്കമുള്ള നിയമസംവിധാനങ്ങളുടെ റോള്‍ കൃത്യമായി വിശദീകരിക്കുന്ന ഒരു നിയമം കൂടിയാണിത്.

നിലവിലുള്ള ഇത്തരം നിയമങ്ങളും ഉറപ്പുകളും നടപ്പാക്കുന്നതില്‍ സംഭവിച്ച ‘സര്‍ക്കാര്‍ വീഴ്ച’യാണ് ഡോ. വന്ദനയുടെ കൊലപാതകം വരെയുള്ള സംഭവങ്ങളിലേക്ക് നയിച്ചതെന്നു പറയാം.

പുതിയ നിയമത്തില്‍ പറയുന്നത്

അക്രമ പ്രവര്‍ത്തനം നടത്തിയാല്‍, പുതിയ നിയമമനുസരിച്ച്, ആറുമാസം മുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷയും 50,000 മുതല്‍ രണ്ടു ലക്ഷം രൂപ വരെ പിഴ ശിക്ഷയും കിട്ടും.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:

 • ഗുരുതര ദേഹോപദ്രവത്തിന് ഒരു വര്‍ഷം മുതല്‍ ഏഴുവര്‍ഷം വരെ തടവും ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെ പിഴയും.

 • ആരോഗ്യ പ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നതിന് മൂന്നുമാസം വരെ വെറും തടവും പതിനായിരം രൂപ വരെ ശിക്ഷയും, അല്ലെങ്കില്‍ രണ്ടും കൂടി.

 • ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരാള്‍ അന്വേഷിക്കുകയും 60 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുകയും വേണം.

 • പ്രത്യേക കോടതി ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതാണ്.

 • പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കാര്യകാരണങ്ങള്‍ വ്യക്തമാക്കുകയും പരമാവധി ആറുമാസവും കൂടി മാത്രം ദീര്‍ഘിപ്പിക്കാവുന്നതുമാണ്.

 • ഹൈക്കോടതിയുടെ സമ്മതത്തോടെ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി കുറ്റങ്ങള്‍ വിചാരണ ചെയ്യുന്നതിന് ഓരോ ജില്ലയിലും ഒരു കോടതിയെ സ്‌പെഷ്യല്‍ കോടതിയായി നിയോഗിക്കണം.

 • കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാം.

 • ആരോഗ്യ സ്ഥാപനങ്ങളില്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുക.

 • സി സി ടി വി ക്യാമറ, മറ്റു സുരക്ഷാ സാമഗ്രികള്‍, ഉപകരണങ്ങള്‍,_കണ്‍ട്രോള്‍ റൂമുകള്‍, അലാറം സിസ്റ്റം മുതലായവ സ്ഥാപിക്കുക.

 • ശിക്ഷാവ്യവസ്ഥ എല്ലാവരും അറിയുംവിധം പ്രദര്‍ശിപ്പിക്കുക.

 • ഡോക്ടര്‍മാര്‍, ആരോഗ്യരക്ഷാ പ്രൊഫഷണലുകള്‍, വിദ്യാര്‍ഥികള്‍ മുതലായവര്‍ എപ്രകാരം സംരക്ഷിക്കപ്പെടണമെന്നത് സംബന്ധിച്ച പ്രോട്ടോക്കോളുകള്‍ ചിട്ടപ്പെടുത്തുക.

 • നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, മാനേജീരിയല്‍ സ്റ്റാഫ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തുന്നു.

നിയമം നിലവില്‍വന്നശേഷം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ഒരു പ്രോട്ടോക്കോളും ഇറക്കി.

പുതിയ നിയമം നിലവില്‍വന്നശേഷം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ഇറക്കിയ പ്രോട്ടോക്കോള്‍

കസ്റ്റഡിയിലെടുക്കുന്നവര്‍ അക്രമാസക്തമായ പെരുമാറ്റരീതിയുള്ളവരാണോ എന്ന് വ്യക്തത വരുത്തണം, ഇവരെ പരിശോധനക്കെത്തിക്കുമ്പോള്‍ ഒപ്പം ഒരു ബന്ധുവോ പ്രദേശത്തെ വ്യക്തിയോ ഉണ്ടാകണം, ഇയാള്‍ അക്രമപ്രവണത പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ വൈദ്യപരിശോധനക്കുമുമ്പ് ഈ വിവരം മെഡിക്കല്‍ പ്രൊഫഷനലിനെ അറിയിക്കണം, വൈദ്യപരിശോധനക്കിടെ ഇയാള്‍ അക്രമാസക്തനായാല്‍ ഇയാളെ നിയന്ത്രിക്കാന്‍ പൊലീസ് മെഡിക്കല്‍ ഉദ്യോഗസ്ഥരെ സഹായിക്കണം, പരിശോധിക്കുന്ന സമയത്ത് പൊലീസിന്റെ സാന്നിധ്യം ആവശ്യമില്ല എന്ന് മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചാലല്ലാതെ, ആ വ്യക്തികള്‍ക്കരികില്‍നിന്ന് പൊലീസ് മാറിനില്‍ക്കാന്‍ പാടില്ല, മെഡിക്കല്‍ പരിശോധന വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കാതെ വീഡിയോ റെക്കോര്‍ഡ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഉത്തരവിലുള്ളത്.

ഡോക്ടര്‍- രോഗി ബന്ധത്തെ മുറിവേല്‍പ്പിക്കുംവിധം പുതിയ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിമര്‍ശനം.

രോഗികളുടെ അവകാശം: ചില ആശങ്കകള്‍

പുതിയ നിയമത്തെ ഐ.എം.എ, കെ.ജി.എം.ഒ.എ അടക്കമുള്ള സംഘടനകളും ഡോക്ടര്‍ സമൂഹവും പിന്തുണച്ചു. ഇതോടൊപ്പം, മനുഷ്യാവകാശപ്രവർത്തകരുടെ ഭാഗത്തുനിന്ന്​ ചില ആശങ്കകളും ഉന്നയിക്കപ്പെട്ടു. ആരോഗ്യപ്രവര്‍ത്തകരുടെ തൊഴില്‍സ്ഥലത്തെ സുരക്ഷ പോലെ പ്രധാനമാണ് രോഗികളുടെ അവകാശങ്ങളും എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഡോക്ടര്‍- രോഗി ബന്ധത്തെ മുറിവേല്‍പ്പിക്കുംവിധം പുതിയ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് വിമര്‍ശനം.

മെഡിക്കല്‍ അവഗണനകളുമായി ബന്ധപ്പെട്ട കേസുകളില്‍ ശാസ്ത്രീയമായ തെളിവുശേഖരണം പലപ്പോഴും നടക്കാതെ പോകുന്നതുകൊണ്ട്, രോഗികള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ വ്യാപകമാണ്. പ്രത്യേകിച്ച്, സ്വകാര്യ ആശുപത്രി സംവിധാനം ശക്തമായതുകൊണ്ട്, ഇവിടെ ഒരു സാധാരണ രോഗിക്ക് അത്തരം സിസ്റ്റത്തോട് ഏറ്റുമുട്ടി നീതി ലഭ്യമാക്കുക എന്നത് അസംഭവ്യമായ ഒരു കാര്യമായി മാറും. ആക്രമിക്കപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നീതിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നു എന്ന വാദത്തോളം പ്രധാനമാണ്, രോഗികള്‍ നേരിടുന്ന ചികിത്സാപ്പിഴവുകള്‍ക്കും ഫലപ്രദമായ നടപടിയുണ്ടാകുന്നില്ല എന്നത്.

International Journal of Legal Science and Innovation-ല്‍ പ്രസിദ്ധീകരിച്ച A Study on Medical Negligence in India: Retrospective and Perspective (Chandi Prasad Khammari) എന്ന പേപ്പറിലെ ചില വസ്തുതകള്‍ ഇവിടെ പ്രസക്തമാണ്:

 • ഏഷ്യന്‍ രാജ്യങ്ങളില്‍ ഒരു ദിവസം മെഡിക്കല്‍ നെഗ്ലിജന്‍സുമൂലം 700 പേര്‍ മരിക്കുന്നുണ്ട്.

 • ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്, ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ ‘കില്ലര്‍’ ‘മെഡിക്കല്‍ എറര്‍’ ആണ്.

 • 2010- നുശേഷം മെഡിക്കല്‍ കോമ്പന്‍സേഷനുമായി ബന്ധപ്പെട്ട് മൂന്ന് മാസ്സീവ് കേസുകള്‍ മാത്രമാണുണ്ടായത്.

 • ഏഷ്യന്‍ രാജ്യങ്ങളില്‍ ഡോക്ടര്‍- രോഗി അനുപാതം 1: 1674 ആണ്, ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരം 1:1000 ആണ് വേണ്ടത്.

 • 20 വര്‍ഷത്തിനുള്ളില്‍ 30 ലക്ഷം ഡോക്ടര്‍മാരെയും 60 ലക്ഷം നഴ്‌സുമാരെയും ഇന്ത്യയില്‍ നിയമിക്കണം.

 • ഇന്ത്യയിലെ 84 ശതമാനം ആശുപത്രികളിലും 30-ല്‍ താഴെ കിടക്കകളാണുള്ളത്.

ഡോക്ടര്‍- രോഗി സംഘര്‍ഷത്തിന്റെ ഒരു ഇന്ത്യന്‍ ചിത്രം കാണിക്കുന്ന കണക്കാണിത്. അതായത്, നേരത്തെ സൂചിപ്പിച്ച ‘സിസ്റ്റമിക് ഫെയ്‌ലര്‍’ തന്നെ. ഈ കണക്ക് കേരളത്തിലേക്ക് അതേപടി പകര്‍ത്താനാകില്ല. കാരണം, പൊതുജനാരോഗ്യ മേഖലയിലും അതിന്മേലുള്ള സര്‍ക്കാര്‍ ഇടപെടലുകളിലും കേരളം, മറ്റു സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ്. കേരളം മാനവ വികസന സൂചികയിലുണ്ടാക്കിയ മുന്നേറ്റം ഏറ്റവും പ്രതിഫലിക്കുന്ന മേഖല കൂടിയാണ് ആരോഗ്യം. അതായത്, ആരോഗ്യമേഖലയിലെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധിയെ മനുഷ്യാവകാശത്തിന്റെ തലത്തിലേക്ക് വിപുലപ്പെടുത്തി കാണാന്‍ കഴിയുന്ന ഒരു സമൂഹമാണ് കേരളം. ആ നിലയ്ക്ക്, ഒരു ഡോക്ടറുടെ ക്രൂരമായ കൊലപാതകം മുന്‍നിര്‍ത്തിയാണെങ്കില്‍ തന്നെയും, രോഗികളുടെ അവകാശങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന ഒരു നിയമത്തിനായിരുന്നു സര്‍ക്കാര്‍ ശ്രമമുണ്ടാകേണ്ടിയിരുന്നത് എന്ന വാദം പരിഗണനയര്‍ഹിക്കുന്നുണ്ട്.

കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട കുറ്റവും ശിക്ഷയും നിര്‍ണയിക്കുന്നതിലെ അശാസ്ത്രീയതയും പെട്ടെന്ന് രൂപപ്പെടുത്തിയ ഈ നിയമത്തില്‍ കാണാം. ഉദാഹരണത്തിന്, ആരോഗ്യപ്രവര്‍ത്തകരെ വാക്കാല്‍ അപമാനിക്കുന്നത് ശിക്ഷാര്‍ഹമാണ്. ‘വാക്കാലുള്ള അപമാനം’ എന്നത് ഏറെ ദുരുപയോഗസാധ്യതയുള്ള ഒന്നാണ്. അപമാനത്തിനിടയാക്കുന്ന വാക്കുകളെ ഏത് സാമൂഹികസാഹചര്യം വച്ചാണ് നിര്‍വചിക്കാന്‍ കഴിയുക? ആശുപത്രിയില്‍ നടക്കുന്ന സംഘര്‍ഷത്തിന്, സാമൂഹികശാസ്ത്രപരം കൂടിയായ മാനങ്ങളുണ്ട്. അതിനെ, സാമ്പ്രദായിക ശിക്ഷാ നിയമങ്ങളുടെ വ്യവസ്ഥകളിലേക്ക് ചുരുക്കുന്നത് അപകടം ചെയ്യും. നിയമസഭയില്‍ ചര്‍ച്ച ചെയ്തും ജനാധിപത്യപരമായ സംവാദങ്ങള്‍ക്ക് ഇടം നല്‍കിയുമായിരിക്കണം ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടത്. എന്നാല്‍, പുതിയ നിയമം ഇത്തരം സ്‌പെയ്‌സുകളെ അടച്ചുകളയുകയാണ് ചെയ്യുന്നത്.

‘‘ഒരു വിഭാഗത്തെ പ്രിവിലേജ്ഡ് ക്ലാസാക്കി മാറ്റുന്ന നിയമങ്ങള്‍ക്കല്ല അധികാരമുപയോഗിക്കേണ്ടത്. ഈ നിയമം ഇത്തരത്തിലുള്ള ഒന്നാണ്. വ്യക്തിക്കും സ്വത്തിനും എതിരായ ആക്രമണങ്ങള്‍ക്കെതിരായ വ്യവസ്ഥകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. അതിന് പ്രത്യേകമായി മറ്റൊരു നിയമം ആവശ്യമില്ല. ’’

രോഗിക്കില്ലാത്ത, ഡോക്ടര്‍ക്കുള്ള പ്രിവിലേജ്

ഡോക്ടര്‍മാരെ ഒരു പ്രിവിലേജ്ഡ് ക്ലാസാക്കി മാറ്റി അവര്‍ക്ക് പ്രത്യേകതരത്തിലുള്ള സംരക്ഷണം ഉറപ്പാക്കുന്ന നിയമമാണിതെന്ന് മനുഷ്യാവകാശ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകന്‍ പ്രമോദ് പുഴങ്കര പറയുന്നു: ‘‘Jurisprudence logic വച്ച്, പ്രത്യേക വിഭാഗങ്ങളുടെ സംരക്ഷണത്തിന്, അവരുടെ ദുര്‍ബലാവസ്ഥയും സാമൂഹിക പിന്നാക്കാവസ്ഥയും കണക്കിലെടുത്ത് പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിയും. അതിനുപകരം, ഒരു വിഭാഗത്തെ പ്രിവിലേജ്ഡ് ക്ലാസാക്കി മാറ്റുന്ന നിയമങ്ങള്‍ക്കല്ല അധികാരമുപയോഗിക്കേണ്ടത്. ഈ നിയമം ഇത്തരത്തിലുള്ള ഒന്നാണ്. വ്യക്തിക്കും സ്വത്തിനും എതിരായ ആക്രമണങ്ങള്‍ക്കെതിരായ വ്യവസ്ഥകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലുണ്ട്. അതിന് പ്രത്യേകമായി മറ്റൊരു നിയമം ആവശ്യമില്ല. ഒരു അഭിഭാഷകനെയോ അധ്യാപകനെയോ മറ്റേതൊരു പ്രൊഫഷനലിനെയോ ആക്രമിക്കുന്നതു പോലെയാണ് ഡോക്ടര്‍മാരെ ആക്രമിക്കുന്നതും. റികസ് ഫാക്ടര്‍ നോക്കിയാല്‍ പൊലീസുകാരാണ് ആക്രമണത്തിന് വിധേയരാകാന്‍ ഏറ്റവും സാധ്യതയുള്ള വിഭാഗം. എന്നാല്‍, പൊലീസുകാരെ ആക്രമിച്ചാല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കേസെടുക്കാമെന്നല്ലാതെ ബാക്കിയെല്ലാം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളനുസരിച്ചുള്ള കേസുകളായിരിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വാക്കാല്‍ അപമാനിച്ചാല്‍ പോലും കേസെടുക്കാനാകില്ല. അതുകൊണ്ടാണ്, നരേന്ദ്രമോദിക്കെതിരെ പറഞ്ഞയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. പ്രധാനമന്ത്രി പോലും ഒരു ജനറല്‍ സിറ്റിസണ്‍ ആണ്. വാക്കാല്‍ അപമാനിച്ചാല്‍, അതിനെതിരെ അദ്ദേഹത്തിന്റെ പ്രൊഫഷനല്‍ നില വച്ച് കേസെടുക്കാന്‍ വകുപ്പില്ല. പിന്നെ എങ്ങനെയാണ് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും മാത്രം ഒരു പ്രിവിലേജ് ക്ലാസായി പരിഗണിക്കുക? സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ എന്ന നടപടിക്രമം മാത്രമേ ഇവിടെ ആവശ്യമുള്ളൂ.''

പ്രമോദ് പുഴങ്കര

ഇത്തരം സന്ദര്‍ഭങ്ങളെ മുന്‍നിര്‍ത്തി ഭരണകൂടം അതിന്റെ totalitarian regime നെ ശക്തിപ്പെടുത്താന്‍നടത്താറുള്ള ശ്രമങ്ങളെക്കുറിച്ചും പ്രമോദ് പുഴങ്കര മുന്നറിയിപ്പുനല്‍കുന്നു: ''ഭീകരവാദം എല്ലാവരും എതിര്‍ക്കുന്ന ഒരു കാര്യമാണ്. എന്നാല്‍, അതിനെതിരായ നിയമങ്ങളെല്ലാം പൗരാവകാശത്തെ ഹനിക്കുന്നവയായിരിക്കും. റേപ്പ് കുറ്റകൃത്യമല്ല എന്നാരും പറയില്ല. എന്നാല്‍, അതിന് വധശിക്ഷ കൊടുക്കണം എന്ന വാദമാണ് ആദ്യം ഉയരുക. റേപ്പ് എന്ന കുറ്റകൃത്യത്തെ നിയന്ത്രിക്കാനല്ല സ്‌റ്റേറ്റ് വധശിക്ഷക്കുവേണ്ടി വാദിക്കുന്നത്, പകരം പൗരരെ ശിക്ഷിക്കുന്നതിലുള്ള തങ്ങളുടെ കപ്പാസിറ്റിയാണ് അതില്‍ ആക്റ്റ് ചെയ്യുന്നത്. പോട്ടയും ടാഡയും യു.എ.പി.എയും ഉണ്ടാക്കിയ അതേ ലോജിക്കാണ് ഈ നിയമത്തിലും പ്രവര്‍ത്തിക്കുന്നത്. അതായത്, പൗരരെ കൂടുതല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കുകയും സ്‌റ്റേറ്റ് യാതൊരുവിധത്തിലും പൗരാവകാശങ്ങളെ സംരക്ഷിക്കാതിരിക്കുകയും ചെയ്യുക. കുറ്റകൃത്യത്തിന് ആനുപാതികമല്ലാത്ത ശിക്ഷ നല്‍കുന്നതിലൂടെ സ്‌റ്റേറ്റ് അതിന്റെ അധികാരം പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍, കുറ്റകൃത്യങ്ങളല്ല ഇല്ലാതാകുന്നത്, പൗരര്‍ നിശ്ശബ്ദരാകുകയാണ് ചെയ്യുക.''

‘‘തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം, ഡോക്ടറോട് തട്ടിക്കയറിയതിന് ശബരി എന്ന 20 വയസ്സുകാരെ അറസ്റ്റു ചെയ്തു. അപകടം പറ്റി വന്നയാളാണ്. നീറുന്നു, മരവിപ്പിച്ച് ചെയ്താല്‍ മതി എന്നാണ് അയാള്‍ പറഞ്ഞത്. മിണ്ടാതെ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇയാള്‍ തട്ടിക്കയറി എന്നാണ് പരാതി.’’

ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിനുള്ള പുതിയ നിയമത്തില്‍ സര്‍ക്കാര്‍ ബോധപൂര്‍വം അവ്യക്തത നിലനിര്‍ത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു: ‘‘ഈ നിയമത്തില്‍ 'വാക്കാലുള്ള അധിക്ഷേപം' എന്നു പറയുന്നുണ്ട്. ഇത് വളരെ ബ്രോഡായ കാറ്റഗറിയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലുമുണ്ട്, ഒരാളെ അബ്യൂസ് ചെയ്യാന്‍ പാടില്ല എന്ന്. അത് അവിടെയുള്ളപ്പോള്‍, ഈ നിയമത്തില്‍ പ്രത്യേകമായൊരു വ്യവസ്ഥ കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അതായത്, ഡോക്ടറെയോ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയെയോ തെറി പറഞ്ഞതിന് ഒരു കേസു കൂടി വരികയാണ്. എന്താണ് അബ്യൂസ് എന്ന് നിശ്ചയിക്കാനുള്ള അതോറിറ്റി ആരാണ്? പരാതിക്കാരായ ആരോഗ്യപ്രവര്‍ത്തകരോ പൊലീസോ ആയിരിക്കും. ആരോഗ്യപ്രവര്‍ത്തകരുടെ സോഷ്യല്‍ പൊസിഷന്‍ വച്ചാണ് അവര്‍ അബ്യൂസിനെ നിശ്ചയിക്കുക. ഒരു ഡോക്ടറോട് ‘താനെന്ത് തേങ്ങയാണ് കാണിക്കുന്നത്' എന്ന് രോഗി ചോദിച്ചാല്‍ അത് അധിക്ഷേപമല്ലേ? ഇത് അബ്യൂസ് ആകുന്നത് അദ്ദേഹത്തിന്റെ സാമൂഹിക നില വച്ചാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്ന രോഗികള്‍ തികച്ചും വേറിട്ട സാമൂഹിക നിലയില്‍നിന്നുള്ളവരായിരിക്കും. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞദിവസം, ഡോക്ടറോട് തട്ടിക്കയറിയതിന് ശബരി എന്ന 20 വയസ്സുകാരെ അറസ്റ്റു ചെയ്തു. അപകടം പറ്റി വന്നയാളാണ്. നീറുന്നു, മരവിപ്പിച്ച് ചെയ്താല്‍ മതി എന്നാണ് അയാള്‍ പറഞ്ഞത്. മിണ്ടാതെ കിടക്കാന്‍ ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഇയാള്‍ തട്ടിക്കയറി എന്നാണ് പരാതി. രോഗിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. അയാള്‍ എത്തിപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരിടമല്ല ആശുപത്രി. അപകടത്തിന്റെ ട്രോമ അയാള്‍ക്കുണ്ട്. അയാളുടേതായ മിനിമം ധാരണകളും തെറ്റിധാരണകളും വച്ചായിരിക്കും ഇന്നത് മതി എന്ന് പറയുന്നത്. ഇതുകൂടി പറയാനുള്ള സ്ഥലമാണ് ആശുപത്രി. ഇതിനെയൊക്കെ ക്രമസമാധാനപ്രശ്‌നമെന്ന നിലക്കാണോ കാണേണ്ടത്?. രോഗിയാകുമ്പോള്‍, ഉള്ള അവകാശം കൂടി നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ഡോക്ടര്‍ക്കെതിരെ പരാതി പറഞ്ഞാല്‍ എത്ര ദിവസത്തിനകം മറുപടി കിട്ടും? മെഡിക്കല്‍ ബോര്‍ഡ് കൂടുമോ? വാക്കാല്‍ രോഗിയെ അബ്യൂസ് ചെയ്താല്‍ നടപടിയുണ്ടോ? ആശുപത്രിയില്‍ ടോയ്‌ലറ്റ് എന്തുകൊണ്ടാണ് വൃത്തികേടായി കിടക്കുന്നത് എന്ന് രോഗി ചോദിച്ചാല്‍ 'കിട്ടുന്ന മരുന്നുവാങ്ങിപ്പോയ്‌ക്കോ' എന്നായിരിക്കും മറുപടി. ഇത് കൂടി ചോദിക്കാനുള്ള രോഗികളുടെ അവകാശം ചാര്‍ട്ടര്‍ എന്ന നിലയ്ക്കല്ല, നിയമപരം കൂടിയാകണം. ഡോക്ടറേക്കാള്‍ പ്രിവിലേജ്ഡ് ആകേണ്ടയാളാണ് രോഗി. എന്നാല്‍, ഡോക്ടര്‍ക്കാണ് പ്രത്യേക സംരക്ഷണം ലഭിക്കുന്നത്. ഭാവിയില്‍മറ്റു വിഭാഗങ്ങളും ഇത്തരം പ്രത്യേകമായ സംരക്ഷണം ആവശ്യപ്പെടുമ്പോള്‍ അതില്‍നിന്ന് പുറത്താകുന്നത് പൗരരായിരിക്കും.''

കേരളത്തിലെ മിഡില്‍ ക്ലാസും അപ്പര്‍ മിഡില്‍ ക്ലാസും ഈ നിയമത്തെ പിന്തുണക്കുന്നത്, അവര്‍ക്ക് ഒരിക്കലും ഇത്തരമൊരു സാഹചര്യം നേരിടേണ്ടിവരില്ല എന്നതിനാലാണെന്ന് പ്രമോദ് പുഴങ്കര കൂട്ടിച്ചേര്‍ത്തു, ‘‘അവര്‍ക്ക് ഒരിക്കലും ഇത്ര ദുര്‍ബലാവസ്ഥയില്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോകേണ്ടിവരില്ല. ആ മിഡില്‍ ക്ലാസ് മനോഭാവത്തെ തൃപ്തിപ്പെടുത്തുന്ന നിയമമാണിത്.’’

‘ചികിത്സ ഒരു കസ്റ്റമര്‍ കെയര്‍ സംവിധാനമല്ല’

എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം ഇത്തരമൊരു നിയമം അനിവാര്യമാക്കുന്നുവെന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവരുടെ വാദം. ആരോഗ്യപ്രവര്‍ത്തകരെ കായികമായി ആക്രമിക്കാന്‍ആര്‍ക്കും അവകാശമില്ലെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ അപകടകരമായ സ്ഥിതിവിശേഷം ഇത്തരമൊരു നിയമം അനിവാര്യമാക്കുന്നുവെന്നും സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ ഡോ. വി.ജി. പ്രദീപ്കുമാര്‍ പറയുന്നു: ‘‘ആശുപത്രി സംരക്ഷണ നിയമം എന്ന ടൈറ്റില്‍ തന്നെ അതിന്റെ ലക്ഷ്യം വ്യക്തമാക്കുന്നുണ്ട്. ജോലി ചെയ്യാനുള്ള സംരക്ഷണവും അതിനുള്ള സാഹചര്യവും ഉറപ്പാക്കാനുള്ള നിയമം മാത്രമാണിത്. വയലന്‍സിനെതിരെ മാത്രമാണ് ഇതില്‍ പറയുന്നത്. ജോലി തടസപ്പെടുത്തുക, അബ്യൂസ് ചെയ്യുക, കായികമായി നേരിടുക തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് ഈ നിയമത്തില്‍ വരുന്നുള്ളൂ. ഇതൊന്നും രോഗിയുടെ അവകാശമല്ലല്ലോ. ആശുപത്രിയുമായി ബന്ധപ്പെട്ട രോഗികളുടെ അവകാശം എന്നാല്‍, രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അതിന്റെ സങ്കീര്‍ണതകളെക്കുറിച്ചും ചികിത്സാ ചെലവിനെക്കുറിച്ചുമൊക്കെ അറിയാനുള്ള അവകാശമാണ്. പ്രധാനപ്പെട്ട ആശുപത്രികളില്‍ ഒരു പ്രത്യേക മുറിയില്‍വച്ച് ഇത്തരം വിവരങ്ങള്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കാറുണ്ട്. ശസ്ത്രക്രിയക്ക് കണ്‍സെന്റ് എടുക്കുന്ന സമയത്ത്, വീഡിയോ കൂടി എടുത്ത് പകര്‍പ്പ് ബൈസ്റ്റാന്റര്‍ക്ക് കൊടുക്കും. എന്നിട്ടേ ബാക്കി നടപടിക്രമങ്ങളിലേക്ക് പോകൂ. പരാതികള്‍ അഡ്രസ് ചെയ്യാന്‍ കോടതികളുണ്ട്, സിവില്‍ പ്രൊട്ടക്ഷന്‍ ഫോറങ്ങളുണ്ട്, മനുഷ്യാവകാശ കമീഷനുകളുണ്ട്. അതിന് ഡോക്ടറെയും നഴ്‌സിനെയും ആക്രമിക്കുകയല്ലല്ലോ പരിഹാരം.’’

ഡോ. വി.ജി. പ്രദീപ്​കുമാർ

‘‘ആശുപത്രി എന്നത് തുറന്നിടാന്‍ കഴിയുന്ന ഒരിടമല്ല. ആഗോളതലത്തില്‍ തന്നെ, കോവിഡ് കാലം തെളിയിച്ച വസ്തുതയാണിത്. ഐസോലേഷന്‍ കര്‍ശനമാക്കിയും ബൈസ്റ്റാന്‍േറഴ്‌സിനെ ഒഴിവാക്കിയുമാണ് കേരളത്തിലുള്‍പ്പെടെ കോവിഡിനെ അതിജീവിച്ചത്. കാര്‍ഡിയാക് അറസ്റ്റ് വന്ന രോഗിയെ കൊണ്ടുപോകാന്‍ പോലും കഴിയാത്തവിധം ആളുകള്‍ കൂടിനില്‍ക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്. മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കാണുന്ന സ്ഥിരം കാഴ്ചയായിരുന്നു ഇത്.’’

മെഡിക്കല്‍ മേഖലയില്‍ സംഭവിക്കുന്ന ഒരു പാരഡൈം ഷിഫ്റ്റിനെക്കുറിച്ചുകൂടി ഡോ. പ്രദീപ്കുമാര്‍ പറയുന്നു: ‘‘കഴിഞ്ഞ അഞ്ചുവര്‍ഷമായി, മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ 60 ശതമാനത്തോളം പെണ്‍കുട്ടികളാണ്. 35 ശതമാനത്തില്‍ താഴെ മാത്രമേ ആണ്‍കുട്ടികളുള്ളൂ. 2030 ആകുമ്പോള്‍, 20 ശതമാനത്തില്‍ താഴെ മാത്രമേ ആണ്‍കുട്ടികളുണ്ടാകൂ എന്നാണ് കണക്കാക്കുന്നത്. ഇത്തരം ആക്രമണങ്ങളെക്കുറിച്ചുള്ള ഭീതി പുതിയ തലമുറയെയാണ് കൂടുതലും ബാധിക്കുക. റിസ്‌ക് അലവന്‍സ് പോലുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഡോക്ടര്‍മാരെ സംബന്ധിച്ച് ഇത് അപകടകരമായ സ്ഥിതിവിശേഷമാണ്.’’

ചികിത്സ എന്നത് ഒരു കസ്റ്റമര്‍ കെയര്‍ മെക്കാനിസം പോലെ ലളിതമായ സംഗതിയല്ല എന്നും അദ്ദേഹം പറയുന്നു: ‘‘രോഗികളുമായുള്ള ഡോക്ടറുടെ കമ്യൂണിക്കേഷന്‍ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഗുരുതര പ്രശ്‌നങ്ങളാണെങ്കില്‍, അപ്പുറത്തിരിക്കുന്നവരില്‍ അറുപത് ശതമാനം പേരും ആശങ്കയുള്ളവരായിരിക്കും. ഹ്യുമന്‍ ഇമോഷന്‍സും ഇന്റലിജന്‍സും ഇടപെടുന്ന നിരവധി ഘടകങ്ങള്‍ ഡോക്ടറും രോഗിയും തമ്മിലുള്ള കമ്യൂണിക്കേഷനിലുണ്ട്. അതൊരു സങ്കീര്‍ണ പ്രക്രിയയാണ്. പ്രോട്ടോക്കോളും ഗൈഡ്‌ലൈന്‍സും ഉണ്ടെങ്കില്‍ പോലും ഒരു രോഗി മറ്റൊരു രോഗിയില്‍നിന്ന് തീര്‍ത്തും വ്യത്യസ്തരായിരിക്കും. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്.’’

ഏതു രോഗിയും ആക്രമണകാരിയാകാം എന്ന ഭീതി ഡോക്ടര്‍ക്കുണ്ടാകുന്നുണ്ട്. ഓരോ രോഗിയും ഒരു Potential assaulter ആണ് എന്ന ഭീതിയുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരായ ഡോക്ടര്‍മാരില്‍. ഈ സാഹചര്യത്തില്‍, രോഗിയുടെ ആരോഗ്യമാണോ ഡോക്ടറുടെ സുരക്ഷയാണോ പ്രധാനം എന്നൊരു വലിയ ഇഷ്യൂ വരുന്നുണ്ട്.

ഡോക്ടറുടെ സുരക്ഷയോ രോഗിയുടെ ആരോഗ്യമോ?

കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും രാത്രി എട്ടുമണിക്കുശേഷമുള്ള കാഷ്വാലിറ്റി, ഒ.പികളിലെ ഡോക്ടര്‍മാര്‍ പറയുന്നത്, ഈ സമയത്ത് ചികിത്സക്കെത്തുന്നവരില്‍ 80 ശതമാനം പേരും ലഹരിക്ക് അടിമകളാണ് എന്നാണ് എന്ന് ഐ.എം.എ പൊതുജനാരോഗ്യ ബോധവത്കരണ സമിതി ചെയര്‍മാന്‍ ഡോ. എം. മുരളീധരന്‍ പറയുന്നു: ''മദ്യമല്ല, മാരക മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് ഇങ്ങനെ വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍, ഏതു രോഗിയും ആക്രമണകാരിയാകാം എന്ന ഭീതി ഡോക്ടര്‍ക്കുണ്ടാകുന്നുണ്ട്. ഓരോ രോഗിയും ഒരു Potential assaulter ആണ് എന്ന ഭീതിയുണ്ട്, പ്രത്യേകിച്ച് ചെറുപ്പക്കാരായ ഡോക്ടര്‍മാരില്‍. ഈ സാഹചര്യത്തില്‍, രോഗിയുടെ ആരോഗ്യമാണോ ഡോക്ടറുടെ സുരക്ഷയാണോ പ്രധാനം എന്നൊരു വലിയ ഇഷ്യൂ വരുന്നുണ്ട്. ഇവ രണ്ടും ബാലന്‍സ് ചെയ്തുതന്നെ പോകേണ്ടതുണ്ട്. എവിടെ ബാലന്‍സ് ചെയ്യണം, ഏതിന് പ്രാധാന്യം നല്‍കണം എന്ന ഇഷ്യു ഭരണകൂടം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. രോഗികളുടെ ആരോഗ്യം പ്രധാനമായിരിക്കുമ്പോള്‍ തന്നെ തങ്ങള്‍ ജീവിച്ചിരിക്കുക എന്നത് അതിനേക്കാള്‍ പ്രധാനമാണ് എന്നൊരു വാദമാണ് ഡോക്ടര്‍മാര്‍ ഈ സാഹചര്യത്തില്‍ മുന്നോട്ടുവക്കുന്നത്.’’

ഡോ. എം. മുരളീധരന്‍

കോവിഡിനുശേഷം ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കേരളത്തിലടക്കം കൂടിവരികയാണെന്ന് ഡോ. മുരളീധരന്‍ പറയുന്നു: ‘‘ഒരാഴ്ചയില്‍ ഒരു കേസ് വീതമുണ്ടാകുന്നുണ്ട് ഇപ്പോള്‍. 2012 മുതല്‍ 2016 വരെ 50 കേസുകളുണ്ടായിരുന്നത്, 2016 തൊട്ട് 2023 വരെ 200-ലധികം കേസുകളായി മാറി. അതിന്റെ കാരണങ്ങളില്‍ ഒന്ന്, കോവിഡ് കാലത്തുണ്ടായ മാനസിക സംഘര്‍ഷമാണെന്ന് സോഷ്യല്‍ സയന്റിസ്റ്റുകള്‍ പറയുന്നുണ്ട്.’’

ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷക്ക് മുന്‍ഗണന നല്‍കി തീരുമാനമെടുക്കുന്ന ‘ഡിഫന്‍സീവ് മെഡിക്കല്‍ പ്രാക്ടീസ്’ എന്നൊരവസ്ഥ സൃഷ്ടിച്ചതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള പങ്ക് ചെറുതായി കാണാനാകില്ല.

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും ഡോ. മുരളീധരന്‍ ചൂണ്ടിക്കാട്ടുന്നു: ‘‘1960-ലെ സ്റ്റാഫ് പാറ്റേണാണ് കേരളത്തില്‍ ഇപ്പോഴും തുടരുന്നത്. എത്ര രോഗികള്‍ വന്നാലും ഡോക്ടര്‍ പരിശോധിക്കണം എന്നതാണ് അധികാരികളുടെ നിലപാട്. ആദ്യ വരുന്ന അഞ്ചോ പത്തോ പേരെ നോക്കുന്ന മനസ്സാന്നിധ്യത്തോടെയാകില്ലല്ലോ, അവസാനത്തെ 150-ാമത്തെ ആളെ നോക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെയും ഇന്‍ഫ്രാസ്ട്രക്ചറിന്റെയും കാര്യത്തില്‍ നമുക്ക് ഏറെ മുന്നോട്ടുപോകാനായിട്ടില്ല.’’

തുടര്‍ച്ചയായ ആക്രമണങ്ങളും അവക്കെതിരെ നടപടികളുണ്ടാകാത്തതും, ആശുപത്രികള്‍ സുരക്ഷിതമായ തൊഴിലിടമല്ല എന്ന മനോഭാവം ആരോഗ്യപ്രവര്‍ത്തകരിലുണ്ടാക്കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍ സ്വന്തം സുരക്ഷക്ക് മുന്‍ഗണന നല്‍കി തീരുമാനമെടുക്കുന്ന ‘ഡിഫന്‍സീവ് മെഡിക്കല്‍ പ്രാക്ടീസ്’ എന്നൊരവസ്ഥയും ഇതുമൂലമുണ്ടാകുന്നുണ്ട്. ഇത് സൃഷ്ടിച്ചതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ള പങ്ക് ചെറുതായി കാണാനാകില്ല. നിലവിലുള്ള പരിഹാരമാര്‍ഗങ്ങളെ ഫലപ്രദമായി വിനിയോഗിക്കുന്നതിലുള്ള പാളിച്ച മറച്ചുപിടിച്ച്, ക്രൂരമായ ഒരു കൊലപാതകത്തിന്റെ പേരില്‍ ഉയര്‍ന്നുവരുന്ന അതിവൈകാരികമായ സാഹചര്യം മറികടക്കാനെന്നോണം പുതിയ നിയമങ്ങളുണ്ടാക്കുന്നത് എത്രത്തോളം അഭികാമ്യമായിരിക്കും എന്ന ചോദ്യം ബാക്കിയാകുന്നു.

Comments