Good Evening Friday- 10
സീൻ ഒന്ന്
ഡാരൻ ഫോസ്റ്റർ ഇന്റേണൽ മെഡിസിനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിയാണ്. ഓസ്ട്രേലിയൻ സിസ്റ്റത്തിൽ രജിസ്ട്രാർ എന്ന് വിളിക്കും. യൂണിറ്റിലെ ഏറ്റവും ജൂനിയർ രജിസ്ട്രാറാണ് ഡാരൻ. മിടുക്കൻ, ഹാർഡ് വർക്കിംഗ്, ഈസി ഗോയിങ്, പ്ലെസൻറ് അങ്ങനെയൊക്കെയാണ് ഡാരനെപറ്റിയുള്ള അഭിപ്രായങ്ങൾ.
ഒരു ദിവസം കാലത്ത് റൗണ്ട്സിനുള്ള പ്രിപ്പറേഷൻ തകൃതിയായി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ഡാരൻ. ‘ഡേയ് ഡാരൻ, നിന്നെ HOD അന്വേഷിക്കുന്നുണ്ടായിരുന്നു’, സീനിയറായ ജോണിന്റെ ടോൺ എന്തോ കാര്യമായ പ്രശ്നത്തിന്റെ സൂചനയാണെന്ന് ഡാരന് തോന്നി. പൊതുവെ കൂളായ പ്രകൃതമാണ് HOD മാൽക്കം ഗ്രഹാമിന്റേത്. പിന്നെ തന്റെ ഭാഗത്തുനിന്ന് ഒന്നും സംഭവിച്ചിട്ടില്ലല്ലോ എന്ന ആത്മവിശ്വാസവും. ആ പശ്ചാത്തലത്തിലാണ് ഡാരൻ മാൽക്കമിന്റെ ഓഫീസിലേക്ക് ചെന്നത്.
‘ഗുഡ് മോർണിംഗ് മാൽക്കം’,
കമ്പ്യൂട്ടറിൽ നിന്ന് തലയുയർത്തി മാൽക്കം വളരെ ഫ്രണ്ട്ലിയായി തന്നെ തിരിച്ച് വിഷ് ചെയ്തു. ചില്ലറ വിശേഷങ്ങൾ ചോദിച്ചു. എന്നിട്ടാണ് പയ്യേ കാര്യത്തിലോട്ട് വന്നത്: ‘ഡാരെൻ, ഐ നോ ഓവർ ഓൾ യു ആർ ഡൂയിങ് ഗ്രേറ്റ് ജോബ് ആസ് എ ഫസ്റ്റ് ഇയർ റെജിസ്ട്രർ’.
‘താങ്ക്സ് മാൽക്കം’.
മാൽക്കം ഡിപ്ലോമസിയുടെ ആൾ രൂപമാണ്.
‘പേഷ്യന്റ്സിനെ അഡ്മിറ്റ് ചെയ്യുമ്പോഴുള്ള ഡാരന്റെ നോട്ട്സ് എല്ലാം ഹൈ സ്റ്റാൻഡേർഡ് ആണ്. Goals of Care എന്റർ ചെയ്യുന്നതും കൂടെ ഒന്ന് ശ്രദ്ധിക്കണം. അതാണ് ഒന്ന് ഇംപ്രൂവ് ചെയ്യാനുള്ളത്’, അനന്തരം ഒരു പുഞ്ചിരിയോടെ മാൽക്കം ഡാരനെ നോക്കി.
‘ശരിയാണ്, ചില സമയത്ത് ഞാനത് വിട്ടുപോകാറുണ്ട്. ഐ വിൽ ടേക്ക് കെയർ’.
‘ഓക്കേ, ഐ വിൽ സീ യു ഇൻ ദ വാർഡ് ഡാരൻ’.
‘താങ്ക്സ് എഗൈൻ മാൽക്കം ഫോർ യുവർ ഫീഡ്ബാക്ക്’.
സീൻ ഒന്ന് അവിടെ തീർന്നു.
ഏറ്റവും അവസാനത്തെ സീനിൽ ഡാരൻ തന്റെ പെർഫോമൻസ് കൂടുതൽ മെച്ചപ്പെടുത്തുകയും, മൂന്നുമാസം കഴിഞ്ഞ് കാർഡിയോളജി യൂണിറ്റിലോട്ട് പോയ ഡാരന്റെ സൂപ്പർവൈസർ റിപ്പോർട്ടിൽ മാൽക്കം എക്സലന്റ് എന്ന് രേഖപ്പെടുത്തുകയും ചെയ്തു.
ഡാരൻ സന്തോഷത്തോടെ പോയപ്പോൾ, പോകാതിരുന്നത് ഒരു ചോദ്യമാണ്, എന്താണ് ഗോൾസ് ഓഫ് കെയർ അഥവാ പരിചരണത്തിന്റെ ലക്ഷ്യങ്ങൾ?
സീൻ രണ്ട്
സീൻ ഒന്ന് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ന്യുമോണിയ ബാധിച്ച ലിഡിയ മെഗ്‌നൈജറിനെ അഡ്മിറ്റ് ചെയ്യുകയായിരുന്നു ഡാരൻ. പരിശോധനയും, ഇലട്രോണിൿ മെഡിസിൻ റെക്കോർഡ് തയാറാക്കലും കഴിഞ്ഞു.
‘യു ഹാവ് എനി ക്വസ്റ്റ്യൻ റ്റു മി, ലിഡിയ?’
‘എങ്ങനെയുണ്ടെന്റെ ഇൻഫെക്ഷൻ?’, ചുമയും, അല്പം ശ്വാസം മുട്ടലുമുണ്ടായിരുന്നെങ്കിലും ലിഡിയയുടെ സംസാരം വ്യക്തമായിരുന്നു.
‘കാര്യമായിട്ടുണ്ട്, എന്നാലും ആന്റിബയോട്ടിക്സ് കൊണ്ട് മെച്ചപ്പെടുമെന്നാണ് ഇപ്പോഴത്തെ അസ്സസ്സ്മെന്റ്. ലെറ്റ് അസ് സീ’.
‘താങ്ക്സ് ഡാരൻ’.
‘ഇനി ചോദ്യമൊന്നുമില്ലെങ്കിൽ എനിക്കൊരു കാര്യം ലിഡിയോട് ചോദിക്കാനുണ്ട്. ഇത് ഹോസ്പിറ്റലിൽ വരുന്ന എല്ലാവരോടും ഞങ്ങൾ ചോദിക്കുന്നതാണ്. ഹോസ്പിറ്റൽ പോളിസിയാണ്. ഇറ്റ് ഈസ് റ്റു റെസ്‌പെക്ട് യുവർ വിഷ്’.
‘നോ പ്രോബ്ലം, പ്ളീസ് ഗോ എഹെഡ്’.
‘ഒരു എമർജൻസി സിറ്റുവേഷൻ വരികയാണെങ്കിൽ, ആർക്കും വരാം, ലിഡിയക്ക് മാത്രമല്ല. ഉദാഹരണത്തിന് ഹാർട്ട് ബീറ്റ് പെട്ടെന്ന് നിലയ്ക്കുന്നുവെങ്കിൽ, അതായത് കാർഡിയാക് അറസ്റ്റ്. ആ അവസ്ഥയിൽ ലിഡിയ എന്താണ് ആഗ്രഹിക്കുന്നത്, ആളുകൾ വന്ന് ചെസ്റ്റ് അമർത്തി, കൃത്രിമശ്വാസം തന്ന്… ലിഡിയ കേട്ടിട്ടുണ്ടാകും, റിസുസിറ്റേഷൻ അഥവാ സി.പി.ആർ, അത് വേണോ?’
‘നോക്ക് ഡാരൻ, ഐ ആം 84. ഐ ലിവ്ഡ് എ വെരി ഗുഡ് ലൈഫ്. പ്ളീസ് ലെറ്റ് മി ഗോ ഇൻ ദാറ്റ് സിറ്റുവേഷൻ’.
‘നല്ല തീരുമാനം, ബാക്കി ട്രീറ്റ്മെന്റുകളൊക്കെ നമ്മൾ തുടരും, ഓൾ ദ ബെസ്റ്റ് ലിഡിയ’.
ലിഡിയയുടെ റെക്കോർഡിലെ ഗോൾസ് ഓഫ് കെയർ സെക്ഷനിൽ ഡാരൻ രേഖപ്പെടുത്തി, GOC-C.
ഇനി ഡാരനെ വിട്ട് ഗോൾസ് ഓഫ് കെയറിലോട്ട് വരാം.
GOC-A: എന്നുവെച്ചാൽ രോഗി ജീവൻ നിലനിർത്താനുള്ള എല്ലാ ട്രീറ്റ്മെന്റും ആഗ്രഹിക്കുന്നുവെന്നാണ്.
GOC- B 1: CPR വേണ്ട, പക്ഷേ ആവശ്യമെങ്കിൽ ICU വേണം എന്നാണ് രോഗി ആവശ്യപ്പെടുന്നത്.
GOC- B 2: രണ്ടും ആവശ്യമില്ല.
GOC -C: CPR- ഉം ICU യും ഒഴികെയുള്ള ചികിത്സയാണ് രോഗി ആഗ്രഹിക്കുന്നത്.
GOC- D: വേദനയും വിഷമവും അറിയാത്ത നില മാത്രമേ രോഗി ആഗ്രഹിക്കുന്നുള്ളൂ.
തീരുമാനമെടുക്കാൻ രോഗിക്ക് സഹായം ആവശ്യമെങ്കിൽ മെഡിക്കൽ ടീം പരിഗണിക്കുന്നത്, രോഗവിമുക്തിക്ക് സാദ്ധ്യതയുള്ള അവസ്ഥയാണ് (curative / restorative condition), ഇപ്പോഴത്തെ രോഗം വരുന്നതിന് മുമ്പ് ശാരീരികമായും, മാനസികമായും, ധിഷണാപരമായും പൂർണ ആരോഗ്യമുണ്ടായിരുന്നു അങ്ങനെയെങ്കിൽ GOC-A എന്ന തീരുമാനം തന്നെയാണ് എടുക്കേണ്ടത്. രോഗനിയന്ത്രണം മാത്രമാണ് സാദ്ധ്യമാകുന്നത്, നിരവധി ആരോഗ്യപ്രശ്നങ്ങൾ മുമ്പ് തന്നെയുണ്ടായിരുന്നു, ആ അവസ്ഥയിൽ GOC- B പ്രായോഗികമായ തീരുമാനമാണ്.
GOC -C യിൽ CPR, ICU ഒഴികെയുള്ള എല്ലാ ട്രീറ്റ്മെന്റ്കളും തുടരുന്നു. ഉദാഹരണത്തിന് ആന്റിബയോട്ടിക്സ്, ബ്ലഡ് പ്രഷറിനും, ഡയബെറ്റിസിനുള്ള മരുന്നുകൾ. രോഗം കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ പരമാവധി കുറക്കുക എന്നതാണ് GOC -C ലക്ഷ്യമാക്കുന്നത്.
GOC-D എന്ന തീരുമാനം മരണം ആസന്നമായിരിക്കുമ്പോഴാണ് എടുക്കുന്നത്. പരമാവധി വേദനരഹിതവും, ശാന്തവുമായ മരണമാണ് ട്രീറ്റ്‌മെന്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
GOC തീരുമാനങ്ങളെല്ലാം രോഗിയുടെയും കുടുംബത്തിന്റെയും അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താണ് നടപ്പാക്കേണ്ടത്.
രോഗിയുടേയോ ബന്ധുക്കളുടെയോ അഭിപ്രായം അറിയാൻ പറ്റാത്ത ഒരു അടിയന്തിര സാഹചര്യത്തിൽ രോഗിയുടെ അവസ്ഥക്കനുസരിച്ച് സീനിയർ ഡോക്ടർ ഉൾപ്പെട്ട ടീമിന് GOC സംബന്ധിച്ച തീരുമാനം എടുക്കാനുള്ള പ്രൊവിഷൻ ഉണ്ട്.
GOC ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്ന സാഹചര്യത്തിൽ എടുക്കപ്പെടുന്ന തീരുമാനമാണ്. എന്നാൽ ആരോഗ്യത്തോടെ ഇരിക്കുന്ന അവസ്ഥയിൽ അല്ലെങ്കിൽ ആശുപത്രിചികിത്സ ആവശ്യമില്ലാതിരിക്കുന്ന സാഹചര്യത്തിൽ ഗൗരവമായ ഒരു രോഗാവസ്ഥ വന്നാൽ ഏത് അറ്റം വരെ ചികിൽസിക്കപ്പെടണമെന്ന് പൂർണ്ണബോധത്തോടെയും, ബോദ്ധ്യത്തോടെയും, സ്വതന്ത്രമായി ഒരു വ്യക്തി രേഖാമൂലം എടുക്കുന്ന തീരുമാനമാണ് മുൻകൂർപരിചരണ പദ്ധതി അഥവാ അഡ്വാൻസ് കെയർ പ്ലാൻ.
വിക്ടോറിയൻ പാർലമെന്റ് പാസാക്കിയ Medical Treatment Planning and Decisions Act- 2016 അനുശാസിക്കുന്ന വിധത്തിൽ, തീരുമാനമെടുക്കുന്ന സമയത്ത് ആ വ്യക്തിക്ക് അതിനുള്ള അറിവും, ബോധവും ഉണ്ടെന്നും, ആരുടേയും നിർബന്ധത്തിന് വഴങ്ങിയില്ല എന്നും ഉത്തരവാദപ്പെട്ട (Qualified witness) ഒരാളുടെ സാക്ഷ്യത്തോടെ രേഖപ്പെടുത്തുമ്പോൾ ആ കെയർ പ്ലാൻ നിയമസാധുതയുള്ളതാകുന്നു (Legally binding). ആ വ്യക്തിക്ക് തീരുമാനമെടുക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ ആ പ്ലാൻ ഉറപ്പാക്കേണ്ടത് പവർ ഓഫ് അറ്റോർണിയുടെയും ട്രീറ്റിങ് ഡോക്ടർമാർമാരുടെയും ചുമതലയാണ്.
എല്ലാ വ്യക്തികൾക്കും ഒരു Adavance care plan ഉണ്ടാകണം എന്ന ഉദ്ദേശ്യത്തോടെയാണ് 2016- ലെ നിയമം നടപ്പിലാക്കിയിട്ടുള്ളത്. നിർബന്ധിതമാക്കിയിട്ടില്ലെങ്കിലും എല്ലാ പ്രൈമറി കെയർ ഡോക്ടർമാരോടും ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിന്റെ നിർദ്ദേശം അഡ്വാൻസ് കെയർ പ്ലാൻ സാർവ്വത്രികമാകണമെന്നതാണ്.
GOC ഇപ്പോൾ ആശുപത്രിയിൽ അഡ്മിറ്റാകുന്ന സമയത്ത് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. Adavance care plan ഉണ്ടെങ്കിൽ അവ പരസ്പരപൂരകങ്ങളായി മാറുന്നു.
ഇത്തരം നടപടിക്രമങ്ങളിലൂടെ അനാവശ്യചികിത്സ (ഉദാഹരണത്തിന് ഒരു ഫലവും ഉണ്ടാകില്ലെങ്കിലും ICU വിൽ അഡ്മിറ്റ് ചെയ്യുക), രോഗി ആഗ്രഹിക്കാത്ത ചികിത്സ എന്നിവ ഒഴിവാക്കാനും, വ്യക്തിയുടെ സ്വയം നിർണ്ണായകാവകാശം പാലിക്കപ്പെടുക വഴി ചികിൽസ മാനവികമാക്കാനും സാധിക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
Reference:
https://journals.sagepub.com/doi/10.1177/02692163211058607
https://www.uptodate.com/contents/discussing-goals-of-care
https://pubmed.ncbi.nlm.nih.gov/34655048/
https://bmcpalliatcare.biomedcentral.com/articles/10.1186/s12904-020-0535-1
https://pubmed.ncbi.nlm.nih.gov/31637653/
ചിയേഴ്സ്…