പൊതുജനാരോഗ്യത്തെക്കുറിച്ച് വലിയ മുന്നറിയിപ്പുകൾ നൽകുന്നു, ഈ മഞ്ഞപ്പിത്ത വ്യാപനം

1960-70 കളിൽ കേരളത്തിൽ പൊതു ജനാരോഗ്യത്തിന് വെല്ലുവിളിയായി പടർന്ന ജലജന്യ രോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടാനായത്. സമാനനിലയിൽ ആശങ്കമാവിധം മഞ്ഞപ്പിത്തം വ്യാപിക്കുന്നു. വിവിധ ജില്ലകളിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിലധികം കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗവ്യാപനത്തിന് തടയിടാൻ കൂട്ടായ പ്രവർത്തനവും ശുചിത്വശീലങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്.

ഴിഞ്ഞ രണ്ട് മാസങ്ങളിലായി സംസ്ഥാനത്ത് അപകടകരമായ വിധത്തിലാണ് മഞ്ഞപിത്ത വ്യാപനമുണ്ടായത്. വിവിധ ജില്ലകളിൽ ഈ വർഷം ഇതുവരെ രണ്ടായിരത്തിലധികം കേസുകളും 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ മാസം മാത്രം ഇതുവരെ 376 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു, അഞ്ച് മരണങ്ങളുണ്ടായി.

ക്രമാതീതമായി മഞ്ഞപ്പിത്ത രോഗവ്യാപനമുണ്ടാകുന്നത് ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. മഞ്ഞപ്പിത്ത കേസുകൾ ഗുരുതരമാകുകയും മരണങ്ങൾ വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹെപ്പറ്റൈറ്റിസ് വൈറസുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളും ഊഹാപോഹങ്ങളും ഉയരുന്നുണ്ട്.

മഞ്ഞപ്പിത്തം പകരുന്നതെങ്ങനെ ?

മലിനജലത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് ഇന്ത്യയിൽ മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. രോഗാണുബാധ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, മദ്യം, ചിലയിനം മരുന്നുകൾ, എന്നിവയും ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ നിരവധി ഹെപ്പറ്റൈറ്റിസ് വകഭേദങ്ങളുണ്ട്.

കരളിന്റെ പ്രവർത്തനത്തെയാണ് വൈറസ് കാര്യമായി ബാധിക്കുന്നത്. മനുഷ്യശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം കരൾ നിർമ്മിക്കുകയും അവിടെനിന്ന് അല്പാല്പമായി പിത്തനാളികവഴി ദഹനവ്യൂഹത്തിലെത്തുന്ന ആഹാരത്തെ ദഹിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് അവയവ വ്യവസ്ഥ. എന്നാൽ കരളിന്റെ പ്രവർത്തന തകരാർ മൂലം പിത്തരസം നിർമ്മിക്കുകയോ വിതരണം നടത്തുകയോ ചെയ്യുന്ന പ്രക്രിയയിൽ വ്യതിയാനമുണ്ടാകുകയും മഞ്ഞപ്പിത്തത്തിന് കാരണമാവുകയും ചെയ്യുന്നു. പിത്തരസത്തിന് നിറം നൽകുന്ന ബിലിറൂബിന്റെ അളവ് ക്രമാതീതമായി രക്തത്തിൽ വർദ്ധിക്കുന്നതാണ് മഞ്ഞനിറത്തിന് കാരണമാകുന്നത്.

ഹെപ്പറ്റൈറ്റിസ് എ, ഇ വൈറസുകൾ പ്രധാനമായും മലിന ജലത്തിൽക്കൂടിയും ഭക്ഷണത്തിൽക്കൂടിയും പകരുന്നവയാണ്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകൾ വെള്ളത്തിലോ ഭക്ഷണത്തിലോ കലർന്ന് മറ്റൊരാളിലെത്തുന്നതും വൈറസ് പകരുന്നതിന് കാരണമാകുന്നു. ശരീരസ്രവങ്ങളിൽ കൂടിയും രക്തത്തിൽ കൂടിയും പകരുന്നവയാണ് ഹൈപ്പറ്റൈറ്റിസ് ബി,സി വൈറസുകൾ. ഒരേ സൂചിയുപയോഗിച്ച് പലർക്ക് കുത്തി വയ്ക്കുക, രോഗബാധയുള്ളവരുടെ രക്തം സ്വീകരിക്കുക, പ്രസവസമയത്ത് രോഗബാധയുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എത്തുക എന്നിവയാണ് പൊതുവെ ഈ വൈറസുകൾ പകരുന്നതിന് കാരണമാകുന്നത്.

സാധാരണ കുട്ടികളെയാണ് മഞ്ഞപ്പിത്തം കൂടുതലായും ബാധിക്കുന്നത്. എന്നാൽ അടുത്തകാലത്തായി മുതിർന്നവരിലും വ്യാപകമായി മഞ്ഞപ്പിത്ത ബാധയുണ്ടാകുന്നുണ്ട്. കുട്ടികളെ അപേക്ഷിച്ച് മുതിർന്നവരിൽ മഞ്ഞപ്പിത്ത രോഗബാധ ഗുരുതരമാകാൻ സാധ്യതയേറെയാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്ത് വർധിക്കുന്ന മഞ്ഞപ്പിത്ത ഔട്ട്‌ബ്രേക്കുകളും രോഗം പതിവിൽ നിന്ന് വ്യത്യസ്ത രീതിയിൽ ഗുരുതരമാകുന്നതിനും പിന്നിൽ വൈറസിന്റെ ജനിതകമാറ്റം അടക്കമുള്ള കാരണങ്ങളുണ്ടെന്ന തരത്തിലുള്ള വാദങ്ങളും ഉയർന്നിരുന്നു.

എന്നാൽ മഞ്ഞപ്പിത്ത വൈറസിൽ ജനിതകമാറ്റം വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും കേരളത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലേക്കും സാമ്പിളുകൾ അയച്ചിരുന്നെന്നും തനിക്കറിയാവുന്നിടത്തോളം നിലവിൽ വൈറസിന് വകഭേദങ്ങളൊന്നും കണ്ടെത്താനായില്ലെന്നുമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ. എ.കെ. ജയശ്രീ പറയുന്നത്. നിലവിൽ ടൈപ്പ് 3 വേരിയന്റാണ് കണ്ടെത്തിയത്. അത് നേരത്തെ തന്നെയുള്ളതാണെന്നും വൈറസിന്റെ ജനിതകമാറ്റത്തെക്കാൾ ഹെപ്പറ്റെറ്റിസ് വൈറസുകൾ പടരാനുള്ള സാഹചര്യം സംസ്ഥാനത്ത് കൂടുതലായതാണ് ഔട്ട്ബ്രക്കിന് കാരണമായതെന്നാണ് ഡോ. എ.കെ.ജയശ്രീ അഭിപ്രായപ്പെടുന്നത്:

പരിയാരം മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ. എ.കെ.ജയശ്രീ
പരിയാരം മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായ ഡോ. എ.കെ.ജയശ്രീ

“ഏതു രോഗവും പടരുന്നതിന് പ്രധാനമായും മൂന്ന് ഘടകങ്ങളാണ് പ്രവർത്തിക്കുന്നത്. രോഗാണുക്കൾ (Pathogens), വ്യക്തികളുടെ പ്രതിരോധ അവസ്ഥ (Immunity), പരിസ്ഥിതി (environment) എന്നിവയാണ് അവ. സാധാരണ കുടിവെള്ള സ്രോതസ്സുകളിൽ നിന്നാണ് മഞ്ഞപ്പിത്തം പകരുന്നത്. ഉദാഹരണത്തിന് കൃത്യമായി ക്ലോറിനേറ്റ് ചെയ്യാതെ വൃത്തിഹീനമായി കിടക്കുന്ന കുടിവെള്ള സ്രോതസ്സിൽ നിന്ന് വെള്ളം കുടിക്കുന്നവർക്കെല്ലാം രോഗം വരാൻ സാധ്യത കൂടുതലാണ്. മലിനജലവും കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന പൈപ്പും തമ്മിൽ പൊട്ടിയുണ്ടാകുന്ന കോൺടാക്ട് വഴിയും വൈറസ് പകരാം. മഴ പെയ്യുന്ന സ്ഥലത്ത് കെട്ടിനിൽക്കുന്ന അഴുക്കുവെള്ളം കുത്തിയൊലിച്ച് നമ്മുടെ കുടിവെള്ള സ്രോതസ്സുമായി ഇടകലരുമ്പോഴും രോഗാണുബാധ കൂടാനുള്ള സാധ്യതയുണ്ട്”.

രോഗാണുക്കൾ ബാധിച്ചശേഷം ശുചിത്വം ശരിയായി പാലിക്കുന്നില്ലെങ്കിൽ ഒരാളിൽ നിന്ന് വേറൊരാളിലേക്ക് പടരാനുള്ള സാധ്യതയും വളരെ കൂടുതലാണെന്നും ഡോ. എകെ. ജയശ്രീ പറയുന്നു.

രോഗലക്ഷണങ്ങൾ

പനി, ക്ഷീണം, വയറുവേദന, ഛർദി, ഓക്കാനം, ചർമ്മത്തിലും കണ്ണിലും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാഥമിക ലക്ഷണം. പൊതുവെ വൈറസ് ശരീരത്തിലെത്തി 2-7 ആഴ്ചയ്ക്ക് ശേഷമാണ് ലക്ഷണങ്ങൾ പുറത്തറിയുകയുള്ളൂ. രോഗാവസ്ഥയുടെ തുടക്കത്തിൽ ഹെപ്പറ്റൈറ്റിസ് വൈറസുകൾ കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ശരീരത്തിൽ നിലനിൽക്കാനുള്ള സാധ്യതയുണ്ട്. ഇത് രോഗനിർണ്ണയം വൈകുന്നതിന് കാരണമാകുന്നു. രോഗമുള്ളവരുമായി സമ്പർക്കത്തിൽ വരുന്നതും ക്രമാതീതമായ പകർച്ചയ്ക്ക് കാരണമാകും. അതിനാൽ രോഗമുള്ളവർ ശുചിത്വം പാലിച്ച് മറ്റുള്ളവരിലേക്ക് പകരാതെ നോക്കേണ്ടതുണ്ട്.

പ്രധാന ലക്ഷണങ്ങൾ

  • ചർമത്തിലും കണ്ണുകളിലും നഖത്തിലും മൂത്രത്തിലും കാണുന്ന മഞ്ഞനിറം.

  • ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം.

  • ഛർദ്ദിയും ഓക്കാനവും.

  • വിശപ്പില്ലായ്മ.

  • വയറുവേദന.

  • കടുത്ത പനി.

  • ശരീരവേദന.

  • തൊലിപ്പുറത്ത് ചൊറിച്ചിൽ.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ മഞ്ഞപ്പിത്ത രോഗബാധുണ്ടായാൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പെട്ടെന്നുണ്ടാകുന്ന വയറുവേദന, പനി, ഛർദ്ദി, എന്നിവ ഹൈപ്പറ്റെറ്റിസ് എ, ഇ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. മഞ്ഞപ്പിത്തം തുടക്കത്തിലേ കണ്ടുപിടിച്ച് ചികിത്സിച്ചാൽ രോഗം ഗുരുതരമാകാതെ സൂക്ഷിക്കാം. വ്യാജ പ്രചാരണങ്ങൾക്ക് പിന്നാലെ പോയി ചികിത്സ വൈകുന്നതാണ് പലപ്പോഴും രോഗം ഗുരുതരമാകുന്നതിന് കാരണമാകുന്നത്.

രോഗവ്യാപനത്തിന് കാരണമെന്ത് ?

2020 മുതൽ 2023 വരെ സംസ്ഥാനത്ത് ഹെപ്പറ്റൈറ്റിസ് ബാധിച്ചവരുടെ എണ്ണം ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. 2020 ജനുവരി മുതൽ ഡിസംബർ വരെ 464 പേർക്കാണ് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചത്. 475 പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും 115 പേർക്ക് ഹെപ്പറ്റെറ്റിസ് സിയും ബാധിച്ചിട്ടുണ്ട്. 2020 ൽ ഹെപ്പറ്റൈറ്റിസ് എ,ബി.സി എന്നിവ ബാധിച്ച് യഥാക്രമം 2,3,1 എന്നിങ്ങനെ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
2021ൽ ഹെപ്പറ്റെറ്റിസ് ബാധിച്ചവരുടെ എണ്ണം- ഹെപ്പറ്റെറ്റിസ് എ ( 114), ഹെപ്പറ്റെറ്റിസ്-ബി (529), ഹെപ്പറ്റെറ്റിസ് സി ( 205), ഹെപ്പറ്റെറ്റിസ് ഇ (3) എന്നിങ്ങനെയും മരണനിരക്ക് യഥാക്രമം 0,1,3,1 എന്നിങ്ങനെയുമായിരുന്നു.
2022ൽ ഹെപ്പറ്റെറ്റിസ് എ (231), Prob:Hepatitis - A (894), ഹെപ്പറ്റെറ്റിസ് -ബി (1107), ഹെപ്പറ്റൈറ്റിസ് സി (379), ഹെപ്പറ്റെറ്റിസ് ഇ (7) എന്നിങ്ങനയും മരണനിരക്ക് യഥാക്രമം 2,1,7,0,0 എന്നിങ്ങനെയുമായിരുന്നു.
ഈ കണക്കുകളുമായി തുലനം ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ 2024- ൽ ക്രമാതീതമായ വർധനവാണുണ്ടായിട്ടുള്ളത്.

ഹെപ്പറ്റൈറ്റിസ് എ മൂലമുള്ള മരണനിരക്ക് 0.3% മുതൽ 0.6% വരെ ആണെന്നും നൂറുകണക്കിന് ആളുകളെ ബാധിക്കുന്ന ഔട്ട്ബ്രേക്കുകളിൽ പ്രത്യേകിച്ച്, 50 വയസ്സ് കഴിഞ്ഞവരിൽ, രോഗബാധ ഉണ്ടാവുമ്പോൾ ഒരു ശതമാനത്തിലധികം മരണനിരക്ക് ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നുമാണ് പൊതുജനാരോഗ്യ വിദഗധയായ ഡോ. നവ്യ തൈക്കാട്ടിൽ പറയുന്നത്: “സംസ്ഥാനത്ത് അങ്ങിങ്ങായി റിപ്പോർട്ട് ചെയ്യുന്ന മരണങ്ങൾ ജനിതകമാറ്റം കൊണ്ടാവണം എന്ന് നിർബന്ധമില്ല, ഒരു വലിയ ഔട്ട്ബ്രേക്കിന്റെ ഭാഗമായി ഉണ്ടാവുന്നതാവാം. വൈറസ്ബാധ ഉള്ളവരിൽ, പ്രത്യേകിച്ചും 5 വയസ്സിൽ താഴെ ഉള്ള കുട്ടികളിൽ 90% വരെയും മുതിർന്നവരിൽ 25% വരെയും ലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ല. ഇതിനാൽ സമൂഹത്തിൽ വ്യാപകമായ ഒരു ഔട്ട് ബ്രേക്ക് ഉണ്ടായാലും അതിന്റെ വ്യാപ്തി പൂർണ്ണമായും പുറത്തേക്ക് പ്രകടമാകണമെന്നുമില്ല, എന്നാൽ മരണങ്ങളുണ്ടാവുകയും ചെയ്യും. മഞ്ഞപ്പിത്തം തുടങ്ങിയ ഭക്ഷ്യ / ജലജന്യരോഗങ്ങളെല്ലാം കോവിഡ് കാലഘട്ടത്തിൽ ഗണ്യമായി തന്നെ കുറഞ്ഞിരുന്നു. യാത്രകൾ ഇല്ലാത്തതും, മറ്റു വീടുകളിൽ നിന്നോ, ഭക്ഷ്യ ശാലകളിൽ നിന്നോ ഭക്ഷണമോ പാനീയങ്ങളോ കുടിക്കുന്ന സാഹചര്യം ഒഴിവായതും ഹെപ്പറ്റൈറ്റിസ് എ വൈറസിന്റെ പകർച്ച പരിമിതമാക്കിയിരുന്നു. എന്നാൽ കോവിഡിനുശേഷമുള്ള വർഷങ്ങളിൽ പഴയതുപോലെ മഞ്ഞപ്പിത്തം കൂടി വരുന്നതാണ് കാണുന്നത്'.

ഡോ. നവ്യ തൈക്കാട്ടിൽ
ഡോ. നവ്യ തൈക്കാട്ടിൽ

പൊതുവെ ഹെപ്പറ്റൈറ്റിസ് എ, അടിസ്ഥാന ശുചിത്വം തീരെ കുറവുള്ള സമൂഹങ്ങളിൽ 'എൻഡമിക് ' ആയി നിലനിൽക്കുകയും സ്ഥിരമായി വൈറസ് സർക്കുലേറ്റ് ചെയ്യുകയും ചെയ്യുന്നതിലൂടെ ഭൂരിഭാഗം ആളുകളിലും ലക്ഷണങ്ങൾ ഇല്ലാതെ രോഗം വന്നു പോവാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളിൽ മുതിർന്നവരിലും പ്രായമാവരിലും സ്വാഭാവിക പ്രതിരോധം ആർജിക്കുകയും ഔട്ട്ബ്രേക്കുകൾ ഉണ്ടാവാനുള്ള സാധ്യത തീരെ കുറയുകയും ചെയ്യും. എന്നാൽ കേരളം പോലെ അടിസ്ഥാന ശുചിത്വം മെച്ചപ്പെട്ട സമൂഹങ്ങളിൽ കുട്ടികളിലും, ആർജ്ജിത പ്രതിരോധമില്ലാത്ത മുതിർന്നവരിലും രോഗം എത്തിപ്പെടുന്നതിലൂടെ ധാരാളം ആളുകളിലേക്ക് വ്യാപിക്കുകയും, അപൂർവ്വമായെങ്കിലും മുതിർന്നവരിൽ മരണം സംഭവിക്കുകയും ചെയ്യുന്നു.

ഉപരിതല ജലാശയങ്ങൾ, ഭൂഗർഭ ജലസ്രോതസ്സുകൾ എന്നിവയുടെ മലിനീകരണ സാധ്യത, ഭക്ഷണരീതികൾ, ഭക്ഷണശാലകളിലെ ശുചിത്വം, പ്രാദേശികമായി ഉള്ള പല ഘടകങ്ങളും രോഗപകർച്ചയെ സ്വാധീനിക്കാം. ചില പ്രദേശങ്ങളിൽ, കൂടുതലായി രോഗം ഉണ്ടാവുന്നുണ്ടെങ്കിൽ, അത് ശാസ്ത്രീയമായി സ്ഥിരീകരിക്കുകയും, അതിനു കാരണമായേക്കാവുന്ന വിവിധ ഘടകങ്ങൾ പഠന വിധേയമാക്കുകയും ചെയ്യേണ്ടതുണ്ടെന്നാണ് ഡോ. നവ്യ തൈക്കാട്ടിൽ പറയുന്നത്.

രോഗനിർണയം, ചികിത്സ

വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന Fecal-oral transmission, ഹെപ്പറ്റൈറ്റിസ് A വിഭാഗത്തിൽപെട്ട വൈറസ് അണുബാധയാണ് സംസ്ഥാനത്ത് കൂടുതലായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹെപ്പറ്റെറ്റിസ് എ പ്രധാനമായും തിരിച്ചറിയുന്നത് ലക്ഷണങ്ങളിലൂടെയാണ്. പനി, ഛർദ്ദി, കണ്ണിലും മൂത്രത്തിലും മഞ്ഞനിറം, ലക്ഷണങ്ങൾ പ്രകടമായാൽ ഏത് തരമാണെന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിൽ ഏത് തരം ഹൈപ്പറ്റെറ്റിസ് ആണെങ്കിലും കരളിനെ ഇത് സാരമായി ബാധിക്കുന്നത് കൊണ്ടു തന്നെ ലിവർ ഫങ്ഷണൽ ടെസ്റ്റുകൾ ചെയ്ത് നോക്കണം. ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് മനസ്സിലാക്കാൻ എച്ച്.എ.വി അഥവാ ഹെപ്പറ്റെറ്റിസ് വൈറൽ ആന്റി ബോഡി ടെസ്റ്റാണ് നടത്തുന്നത്. വൈറസുകൾ ശരീരത്തിൽ കയറുമ്പോഴുണ്ടാകുന്ന ആന്റി ബോഡികളെ പരിശോധിക്കുന്ന ടെസ്റ്റാണിത്.

നിലവിൽ മഞ്ഞപ്പിത്തത്തിന് പ്രത്യേകമായ ചികിത്സയില്ല. ഒരു രോഗി അപകടനിലയിലേക്ക് പോകുകയാണെങ്കിൽ മരണം ഒഴിവാക്കാനുള്ള ചികിത്സകളാണ് പൊതുവെ നൽകുന്നതെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. സപ്പോർട്ടീവ് ട്രീറ്റ്‌മെന്റ് എന്നാണിതിന് പറയുന്നത്. രോഗലക്ഷണങ്ങൾ നോക്കിയാണ് ചികിത്സ നൽകുന്നത്. ഉദാഹരണത്തിന് രോഗി ഒരുപാട് ഛർദ്ദിക്കുകയാണെങ്കിൽ ശരീരത്തിൽ ഡിഹൈഡ്രേഷൻ അഥവാ നിർജ്ജലീകരണം ഉണ്ടാകും. ആ സമയത്ത് അതിനുള്ള ഫ്‌ളൂയിഡുകൾ നൽകും. ഭക്ഷണരീതിയിലും ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. രോഗബാധിതയായ സമയത്ത് ഒരുപാട് കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഓരോ ആളുകളിലേയും രോഗാവസ്ഥയ്ക്ക് അനുസരിച്ചാണ് ചികിൽസയും ടെസ്റ്റുകളും നിർണയിക്കുന്നത്. അതുകൊണ്ടു തന്നെ രോഗം ബാധിച്ചാൽ ഒരാൾക്കുള്ള മരുന്ന് തന്നെ മറ്റുള്ളവരും കഴിക്കാൻ ശ്രമിക്കരുത്. ഭക്ഷണക്രമത്തിലും വ്യക്തികൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരാം.

ഹെപ്പറ്റൈറ്റിസ് A യ്ക്കും സപ്പോർട്ടീവ് ചികിത്സയാണ് നൽകാറുള്ളത്. ഹെപ്പറ്റൈറ്റിസ് വൈറസിനെതിരെ സ്‌പെസിഫിക്കായ ആന്റി വൈറൽ മരുന്ന് ലഭ്യമല്ല. അതിനാൽ പ്രധാനമായും ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് നൽകാറുള്ളത്. ലിവർ എൻസൈമുകൾ താഴ്ന്നുവരാൻ രണ്ടോ മൂന്നോ മാസങ്ങൾ ഭൂരിഭാഗം ആളുകളിലും എടുക്കും. അത്യപൂർവമായി കരൾ രോഗം മൂർച്ഛിക്കുകയും, കരളിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും തകരാറിലാവുകയും ചെയ്‌തേക്കാം. കരൾ മാറ്റിവെക്കൽ മാത്രമായിരിക്കും അത്തരം സാഹചര്യങ്ങളിൽ പോംവഴി

രോഗകാലയളവിൽ അശാസ്ത്രീയമായ ചികിത്സകൾ നടത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. അശാസ്ത്രീയമായ മരുന്നുകൾ കരളിന്റെ പ്രവർത്തനത്തെ കൂടുതൽ വഷളാക്കുന്നതായും കാണാറുണ്ട്.

കരളുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവർ, പ്രായം കൂടുതലുള്ളവർ, സ്ഥിരമായി മദ്യം കഴിക്കുന്നവർ തുടങ്ങിയവരിലാണ് മഞ്ഞപ്പിത്ത രോഗബാധയെ തുടർന്ന് മരണം ഉണ്ടാകാനുള്ള സാധ്യതയുള്ളത്. ചെറിയ കുട്ടികളെയാണ് രോഗം ബാധിക്കുന്നതെങ്കിൽ തനിയെ മാറാനുള്ള സാധ്യതയുണ്ടെന്നും പ്രായത്തിനനനുസരിച്ച് മഞ്ഞപ്പിത്തം ഗുരുതകരമാകുകയാണ് ചെയ്യുന്നതെന്നാണ് എപിഡിമിയോളജിസ്റ്റും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. ജയകൃഷ്ണൻ. ടി പറയുന്നത്: “ഇപ്പോൾ ഉണ്ടാകുന്ന രോഗാണുബാധകൾ ചെറുപ്പക്കാരെയും മുതിർന്നവരേയും ബാധിക്കുന്നതിനാൽ അവരിൽ ഗുരുതരാവസ്ഥ ഉണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. ശുചിത്വത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ, ഇരുപത് വർഷത്തിന് മുന്നേ നമ്മൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും രോഗാണുബാധ എണ്ണത്തിൽ മുമ്പത്തെയത്ര വ്യാപകമല്ലെങ്കിലും ഇപ്പോഴുണ്ടാകുന്ന രോഗാണുബാധകളിൽ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥകളും, ആശുപത്രി അഡ്മിഷനുകളും കൂടി വരാനാണ് സാധ്യത. ഇതാണിപ്പോൾ കണ്ടുവരുന്ന ഭയപ്പെടുത്തുന്ന രോഗപ്രവണതയുടെ സ്വഭാവം.

ഡോ. ജയകൃഷ്ണൻ. ടി
ഡോ. ജയകൃഷ്ണൻ. ടി

എപിഡിമിയോളജി ശാസ്ത്രരീതി പ്രകാരം ഹെപറ്റൈറ്റിസ് പോലെയുള്ള പകർച്ചവ്യാധികളുടെ ഒരു പ്രദേശത്തുള്ള വ്യാപനത്തേയും പ്രത്യാഘാതങ്ങളേയും പ്രവചിക്കാനുള്ള മാനകം / ഇൻഡക്‌സ് അവിടെയുള്ള ആളുകളിൽ പകുതി ആളുകളിലും (50%) എത്ര വയസ്സാകുമ്പോഴാണ് (Age at Mid point of Population Immuntiy AMPI) രോഗത്തിനെതിരെ ആർജിത ഇമ്മ്യൂണിറ്റി ഉണ്ടാകുന്നത് എന്നത് കണക്കാക്കുയാണ്. ഇത് വർദ്ധിക്കുന്നതിനനുസരിച്ച് രോഗവ്യാപന തോത് അത്ര വ്യാപകമായിട്ടില്ലെങ്കിലും രോഗ പകർച്ചയുള്ള ഇടങ്ങളിൽ രോഗലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണവും, രോഗബാധിതരാകുന്നവരുടെ ശരാശരി പ്രായവും വർദ്ധിക്കും (Age shift). ഈ പ്രവണത എപിഡിമിയോളജിക്കൽ ട്രാൻസിഷൻ എന്ന് അറിയപ്പെടുന്നു.

ലോകത്തെല്ലായിടത്തും ഹെപ്പറ്റൈറ്റിസ് രോഗവ്യാപനം കുറഞ്ഞുവന്നിരുന്ന പ്രദേശങ്ങളിലൊക്കെ ഔട്ട് ബ്രേക്കുകളുടെ ഉറവിടങ്ങൾ പ്രധാനമായും ഭക്ഷ്യജന്യമോ / ഭക്ഷണം കൈകാര്യം ചെയ്യുന്നവരോ (പാചകം, വിളമ്പൽ, വിൽക്കൽ) അഥവാ ഫുഡ് ഹാൻഡിലേഴ്സായി പ്രവർത്തിക്കുന്നവരോ ശുദ്ധീകരിക്കാത്ത ജലവിതരണ സംവിധാനങ്ങളോ ആണെന്നും ഡോ.ജയകൃഷ്ണൻ.ടി പറയുന്നു. അതിനാൽ ഭക്ഷ്യസുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെപ്പറ്റൈറ്റിസ് എ യ്ക്ക് ഫലപ്രദമായ വാക്‌സിൻ ലഭ്യമാണ്. രണ്ടു ഡോസുകൾ ഉള്ള ഇനാക്ടിവേറ്റഡ് വാക്‌സിനും ഒരു ഡോസുള്ള ലൈവ് വാക്സിനും ലഭ്യമായിട്ടുള്ളത്. ഇവ രണ്ടും ജീവിതകാലയളവ് മുഴുവൻ സംരക്ഷണം നൽകുന്നവയാണ്.

മുൻകരുതൽ

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾവീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്നാണ് സംസ്ഥാനത്തെ ഔട്ട്‌ബ്രേക്കിനെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അഭിപ്രായപ്പെട്ടത്.

ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജ്

മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങൾ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നു.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കേണ്ടത് അത്യാവശ്യമാണ്. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്.

മഞ്ഞപ്പിത്തം വരാതിരിക്കാനായി മുൻകരുതലുകൾ പാലിക്കേണ്ടത് പ്രധാനമാണ്.

1) തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രമിക്കുക:

-പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കുകയില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം. വെറുതെ വെള്ളം തിളപ്പിക്കുന്നതിന് പകരം പത്ത്-പതിനഞ്ച് മിനിറ്റെങ്കിലും തിളപ്പിക്കാൻ ശ്രമിക്കണം

2) ചൂടാക്കിയ ഭക്ഷണം കഴിക്കുക, ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക:

- വൃത്തിഹീനമായ സാഹചര്യത്തിൽ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.

3) കിണറുകൾ ബ്ലീച്ചിങ്ങ് പൗഡർ ഉപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ശുദ്ധീകരിക്കാൻ ശ്രമിക്കണം, പൈപ്പുവെള്ളം വിതരണം ചെയ്യുന്നതിന് മുമ്പും ക്ലോറിനേഷൻ നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം:

- കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക പ്രധാനമാണ്.

4) കുടിവെള്ള സ്രോതസ്സുകളിൽ ഇടയ്ക്കിടയ്ക്ക് കോളിഫോം ബാക്ടീരിയ കൗണ്ട് കണ്ടെത്താൻ ടെസ്റ്റ് ചെയ്യാൻ ശ്രമിക്കണം:

- പബ്ലിക്ക് ഹെൽത്തിന്റെ ഭാഗമായി ഈ കാര്യങ്ങൾ ചെയ്യാൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരും അതിന് ചുമതലപ്പെട്ടവരും മുൻകൈയ്യെടുക്കണം. വെള്ളത്തിൽ രോഗാണുക്കളെ കണ്ടെത്തിയാൽ അതിനെ ശുദ്ധീകരിക്കാനുള്ള നടപടികളെടുക്കണം.

5) ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർമാർ പൊതുസ്ഥലങ്ങളിൽ ഭക്ഷണവും വെള്ളവും ശരിയായ രീതിയിലാണോ പാചകം ചെയ്യുന്നത്, വിളമ്പുതെന്ന് പരിശോധിക്കണം:

- ആളുകൾ കൂടുന്ന വിശേഷ സ്ഥലങ്ങളിൽ അതായത് ഉത്സവങ്ങൾ, കല്ല്യാണം, സമ്മേളനം, തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളവും ഭക്ഷണവും വ്യത്തിയും സുരക്ഷിതവുമാണെന്ന് ഉറപ്പുവരുത്തണം. ഇതിനായി ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയുണ്ടാക്കുകയും മോണിറ്ററിങ്ങ് ചെയ്യുന്ന സംവിധാനമുണ്ടാക്കുകയും വേണം.

6) ഒരു വീട്ടിൽ അല്ലെങ്കിൽ കമ്മ്യൂണിറ്റിയിൽ ഒന്നിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കണം.

7) മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് ആഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം (ലൈംഗിക ബന്ധം ഉൾപ്പടെ) ഒഴിവാക്കുക.

8) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞാൽ ടോയ്‌ലറ്റിൽ പോകുന്നതിന് മുമ്പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും നല്ലതുപോലെ കൈകൾ സോപ്പിട്ട് കഴുകുകയും ഉപയോഗിച്ച പാത്രങ്ങൾ വൃത്തിയായി കഴുകുകയും വേണം.

സൗകര്യങ്ങൾ ഉണ്ടെങ്കിൽ, രോഗിക്ക് ഉപയോഗിക്കാൻ മാത്രമായി ഒരു ബാത്‌റൂം നൽകുന്നതാണ് നല്ലത്. അല്ലെങ്കിൽ രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങൾ, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കുക.

9) കുട്ടികൾക്ക് രോഗമുണ്ടെങ്കിൽ തുറസായ സ്ഥലത്തോ, ജല സ്രോതസ്സുകളും അടുത്തോ വിസർജ്ജനം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. ഡയപ്പറുകൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും ശ്രദ്ധിക്കണം.

10) രോഗ ലക്ഷണങ്ങളുള്ളവർ ഭക്ഷണം സംബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക.

- ഹെപ്പറ്റൈറ്റിസ് എ രോഗമുള്ള വ്യക്തി, ഭക്ഷണം പാചകം ചെയ്യുന്നതിൽ നിന്നും മറ്റുള്ളവരുടെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിൽ നിന്നും രണ്ടാഴ്ചയോളം വിട്ടുനിൽക്കേണ്ടതുണ്ട്.

11) രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകണം. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കിൽ 3 ടീ സ്പൂൺ അല്ലെങ്കിൽ 1 ടേബിൾ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ 1 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാം.)

12) ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.

13) ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.

പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.

14) ധാരാളം വെള്ളം കുടിക്കുക.

15) ആശുപത്രികളിലെ ഫുഡ് ഹാൻഡിലേഴ്‌സിനും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമാക്കുക. ഹെൽത്ത് കാർഡ് കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കുക.

16) ഫുഡ് സേഫ്റ്റി മാർഗനിർദ്ദേശങ്ങളനുസരിച്ച് ഹോട്ടലുകളും ഭക്ഷ്യനിർമ്മാണ യൂണിറ്റുകളും ക്വാളിറ്റി കണ്‍ട്രോള്‍ നിയമങ്ങൾ കൃത്യമായി നടപ്പാക്കുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

17) പൊതുജനങ്ങൾക്ക് മഞ്ഞപ്പിത്തരോഗവുമായി ബന്ധപ്പെട്ട അവബോധം നൽകേണ്ടത് പ്രധാനമാണ്.

സംസ്ഥാനത്ത് എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. ഇതിൽ മലപ്പുറത്തും എറണാകുളത്തുമാണ് കൂടുതലായും മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. മറ്റ് സഥലങ്ങളിലേക്ക് ടൂർ പോവുകയും അവിടെ നിന്ന് അസുഖമായി വരികയും ചെയ്തവരിൽ നിന്നാണ് വീട്ടിലുള്ള മറ്റുള്ളവർക്കും പ്രദേശത്തും രോഗം പകർന്നതെന്നാണ് മലപ്പുറം ഡി.എം.ഒ ഡോ. രേണുക പറയുന്നത്. രോഗാണുക്കൾ രോഗിയിൽ പ്രവേശിച്ച രണ്ടാഴ്ച രോഗം പകാരനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ രോഗിയെ പരിചരിക്കുന്നതിലും പ്രത്യേകം ശ്രദ്ധ പൂലർത്തേണ്ടത് അത്യാവശ്യമാണ്.

ജനുവരി മുതൽ മെയ് വരെ മലപ്പുറം ജില്ലയിൽ നാലായിരത്തിലധികം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി രേണുക അറിയിച്ചിരുന്നു. പതിനാല് വയസ്സുകാരൻ ഉൾപ്പടെ ഒമ്പത് പേരാണ് മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. എറണാകുളം ജില്ലയിൽ ഈ വർഷം ഇതുവരെ 579 കേസുകളും 4 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശ്രീമൂലനഗരം, മലയാറ്റൂർ, പായിപ്ര, കിഴക്കമ്പലം, മട്ടാഞ്ചേരി, നെല്ലിക്കുഴി, കോതമംഗലം, നെടുമ്പാശ്ശേരി, കളമശ്ശേരി, വേങ്ങൂർ, ആവോലി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറത്തും എറണാകുളത്തും കുടിവെള്ളത്തിലൂടെ മഞ്ഞപ്പിത്തം ബാധിച്ചതായി ശ്രദ്ധയിൽപ്പെട്ടആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് അവലോകന യോഗവും ബോധവത്കരണവും ഊർജിതമാക്കിയിരുന്നു. ജാഗ്രതയുടെ ഭാഗമായി കോഴിക്കോട്ട് ഐസ് ഒരതിക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ലക്ഷണങ്ങൾ കണ്ടുപിടിക്കാൻ വൈകുന്നതു കൊണ്ടു തന്നെ മഞ്ഞപ്പിത്തം നേരത്തെ തന്നെ കണ്ടുപിടിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മുമ്പ് തന്നെ ഇത് ബാക്കിയുള്ള ആളുകളിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നിരിക്കെ മുൻകരുതലുകളെല്ലാം കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്.

1960-70 കളിൽ കേരളത്തിൽ പൊതു ജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി പടർന്ന ജലജന്യ രോഗങ്ങൾ വലിയ പരിശ്രമങ്ങൾക്കൊടുവിലാണ് പിടിച്ചുകെട്ടാനായത്. സമാന നിലയിൽ, ആശങ്കയുണ്ടാക്കുംവിധം ഉയരുന്ന മഞ്ഞപ്പിത്ത രോഗവ്യാപനത്തിനും ഗുരുതരമായ ഭീഷണികൾക്കും തടയിടാൻ കൂട്ടായ പ്രവർത്തനവും ശുചിത്വശീലങ്ങളും പിന്തുടരേണ്ടത് അത്യാവശ്യമാണ്. പകർച്ചവ്യാധികളെ തടയുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങൾ മാത്രമല്ല നമ്മുടെയും കൂട്ടായ ശുചിത്വ ഇടപെടലുകളും നിർണ്ണായകമാണ്.

Comments