സ്വകാര്യ ലാബുകളുടെ ആർ.ടി. പി.സി.ആർ ടെസ്​റ്റ്​ കൊള്ളക്ക്​ അറുതി, ഇനി 500 രൂപ മറവിൽ കേരളത്തിൽ നടക്കുന്നത് ലാബുകളുടെ കൊള്ള

കേരളത്തിലെ സ്വകാര്യ ലാബുകളിലെ കോവിഡ്​- 19 ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക്​ 1700 രൂപയിൽനിന്ന്​ 500 രൂപയാക്കി കുറച്ചിരിക്കുകയാണ്​. സ്വകാര്യ ലാബുകളുടെ കൊള്ളക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്​ സർക്കാർ ഇടപെടലുണ്ടായത്​.

‘കോവിഡ് മഹാമാരിയെ തടയാൻ ഈ ലോകത്തോട് ഞങ്ങൾക്ക് ഒരു കാര്യമേ പറയാനുള്ളൂ- ടെസ്റ്റ്, ടെസ്റ്റ്, ടെസ്റ്റ്' കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് രോഗപ്രതിരോധത്തിന് ലോകാരോഗ്യ സംഘടന മുന്നോട്ടുവെച്ച സുപ്രധാന നിർദേശമായിരുന്നു ഇത്. സംശയം തോന്നുന്ന എല്ലാ കേസുകളിലും പരിശോധന നടത്തുക, അതുവഴി രോഗബാധിതരെ എളുപ്പം കണ്ടെത്തുകയും കൂടുതൽ പേരിലേക്ക് രോഗവ്യാപനം ഒഴിവാക്കുകയും ചെയ്യുക എന്നത് കോവിഡ് പ്രതിരോധത്തിൽ പ്രധാനമാണ്.

പരിശോധന വർധിപ്പിക്കാൻ കോവിഡ് പരിശോധ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കാനും കുറഞ്ഞ ചെലവിൽ ഏറ്റവും എളുപ്പത്തിൽ പരിശോധനാ ഫലം ലഭ്യമാക്കാനുമുള്ള നടപടികളും സർക്കാരുകൾ സ്വീകരിച്ചിരുന്നു. തുടക്കത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രമാണ് കോവിഡ് പരിശോധന നടന്നിരുന്നതെങ്കിൽ കൂടുതൽ പരിശോധനകൾ നടത്തുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യ ലാബുകൾക്ക് കൂടി പരിശോധനയ്ക്കുള്ള അനുമതി നൽകുകയും ചെയ്തു.

ടെസ്റ്റ് കിറ്റുകളുടെ ദൗർലഭ്യവും ചെലവും കാരണം തുടക്കത്തിൽ കോവിഡ് പരിശോധന ചെലവേറിയ ഒന്നായിരുന്നു. എന്നാൽ പിന്നീട് കൂടുതൽ കിറ്റുകൾ ലഭ്യമായതോടെ കിറ്റുകളുടെ വിലയും പല സംസ്ഥാനങ്ങളിലും ആനുപാതികമായി കോവിഡ് പരിശോധനാ നിരക്കും കുറഞ്ഞിരുന്നു. എന്നാൽ കേരളത്തിലെ സ്വകാര്യ ലാബുകൾ കൊള്ളനിരക്കാണ്​ ഈടാക്കിയിരുന്നത്. 1300 മുതൽ 2000 രൂപവരെയാണ് ലാബുകൾ കോവിഡ് പരിശോധനയ്ക്ക് ഈടാക്കിയിരുന്നത്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും നിരക്ക് ഇടാക്കുന്നത് കേരളത്തിലാണ്. ഒറീസയാണ് ഏറ്റവും കുറഞ്ഞ നിരക്ക് ഇടാക്കുന്നത്.

ശക്​തമായ പ്രതിഷേധത്തെതുടർന്ന്​ സർക്കാർ ഇടപെട്ട്​, പരിശോധന നിരക്ക്​ 1700 രൂപയിൽ നിന്ന്​ 500 രൂപയാക്കി കുറച്ചിരിക്കുകയാണ്​. ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.
ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാർജ് തുടങ്ങിയവ ഉൾപ്പെടെയാണ് ഈ നിരക്ക്. ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആർ, സംസ്ഥാന അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും പരിശോധന നടത്തുവാൻ പാടുള്ളൂ. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായാണ് എല്ലാ കോവിഡ് പരിശോധനകളും നടത്തുന്നത്.

ഒഡിഷ മാതൃക

ജി.എസ്.ടി ഉൾപ്പെടെ 400 രൂപ മാത്രമേ ആർ.ടി.പി.സി.ആർ ടെസ്റ്റിന് ഈടാക്കാവൂവെന്ന് ഒരു ഉത്തരവിലൂടെ ഒഡീഷ സർക്കാർ സ്വകാര്യ ലാബുകളോട് നിർദേശിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുനോക്കുകയാണെങ്കിൽ മഹാരാഷ്ട്രയിൽ 500-800രൂപ വരെയും, യു.പിയിൽ 500-700രൂപയും, ഹരിയാനയിലും തെലങ്കാനയിലും 500 രൂപയും, ഡൽഹിയിൽ 800-1200 രൂപയുമായാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.

തുടക്കത്തിൽ 4500-5000 രൂപയോളമുണ്ടായിരുന്ന നിരക്ക് കാലാകാലങ്ങളിൽ അതത് സർക്കാറുകൾ ഇടപെട്ട് പരിഷ്‌കരിക്കുകയാണുണ്ടായത്. ഒഡീഷയുടെ കാര്യം പറയുകയാണെങ്കിൽ തുടക്കത്തിലുണ്ടായിരുന്ന 4500 ൽ നിന്ന് 2200 ലേക്കും പിന്നീട് 1200 രൂപയിലേക്കും ഒടുവിൽ 400 രൂപയിലേക്കും ടെസ്റ്റ് നിരക്ക് താഴ്ത്തി സർക്കാർ ഉത്തരവ് ഇറക്കുകയാണുണ്ടായത്.

കോവിഡ് പരിശോധനയ്ക്കുള്ള സാമ്പിളെടുക്കുന്ന ആരോഗ്യപ്രവർത്തകൻ
കോവിഡ് പരിശോധനയ്ക്കുള്ള സാമ്പിളെടുക്കുന്ന ആരോഗ്യപ്രവർത്തകൻ

കേരളത്തിൽ സ്വകാര്യ ലാബുകൾക്ക് കോവിഡ് പരിശോധനയ്ക്ക് അനുമതി നൽകിയ വേളയിൽ 4500 രൂപയായിരുന്നു നിരക്കായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ശുപാർശ അനുസരിച്ച് അത് 2750 രൂപയാക്കി കുറയ്ക്കുകയും കഴിഞ്ഞ സെപ്റ്റംബറിൽ 2100ഉം പിന്നീട് 1500 ആക്കി നിശ്ചയിക്കുകയാണുണ്ടായത്. എന്നാൽ ഈ തുകയിൽ പരിശോധന നടത്തുക പ്രായോഗികമല്ലെന്ന് കാണിച്ച് സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിക്കുകയും ലാബ് ഉടമകളുമായി ചർച്ച നടത്തി നിരക്ക് പുതുക്കി നിശ്ചയിക്കാൻ കോടതി നിർദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് സർക്കാർ ലാബ് പ്രതിനിധികളുമായി ചർച്ച നടത്തുകയും അവരുടെ അഭിപ്രായം മാത്രം പരിഗണിച്ച് നിരക്ക് 1500ൽ നിന്നും 1700 ആയി വർധിപ്പിക്കുകയുമാണുണ്ടായത്.

ചെലവ്​ 200 രൂപ, ഈടാക്കുന്നത്​ അഞ്ചിരട്ടിയിലേറെ

കോവിഡ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുന്ന സാഹചര്യം മുതലെടുത്ത് കൊള്ളലാഭമുണ്ടാക്കാനുള്ള സ്വകാര്യ ലാബുകളുടെ ശ്രമത്തിനാണ് സംസ്ഥാന സർക്കാർ, പ്രതിഷേധങ്ങൾക്കൊടുവിൽ നിയന്ത്രണം കൊണ്ടുവന്നത്​. വെറും 200 രൂപ മാത്രമാണ് ആർ.ടി.പി.സി.ആർ ടെസ്റ്റിന്​ ലാബുകൾക്ക് ചെലവാകുകയെന്നിരിക്കെയാണ് അതിന്റെ അഞ്ചിരിട്ടിയിലേറെ തുക ഇടാക്കിയിരുന്നത്. തുടക്കത്തിൽ 1200 രൂപ വിലയുണ്ടായിരുന്ന ആർ.ടി.പി.സി.ആർ കിറ്റ് ഇപ്പോൾ 46 രൂപയ്ക്കു വരെ ലഭിക്കുന്നുണ്ട്. ഇതിനൊപ്പം RNA extraction ചാർജ്ജും ചേർത്താൽ 200 രൂപയേ ചെലവ്​ വരൂ. ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ ചെലവ് രാജ്യമെമ്പാടും 400 ആയി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് 2020 നവംബറിൽ ഡൽഹിയിലെ ഒരു അഭിഭാഷകൻ സുപ്രീം കോടതിയിൽ നൽകിയ ഹരജിയിൽ ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയിരുന്നു. ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റിന് 199 രൂപയേ ചെലവുവെന്നാണ് കിറ്റ് സപ്ലെയർ ആയ Orangecity Glassco Pvt Ltd Company നൽകിയ ക്വട്ടേഷൻ കോടതിയിൽ സമർപ്പിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചത്. ഒരു ലക്ഷം കിറ്റുകൾ ഒരുമിച്ചു വാങ്ങുകയാണെങ്കിൽ ഒരു കിറ്റിന്റെ വിലയിൽ 25 രൂപ കൂടി കുറയ്ക്കാൻ കഴിയുമെന്നും കമ്പനി അറിയിച്ചിരുന്നു എന്നിരിക്കെയാണ് കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ സ്വകാര്യ ലാബുകൾ ആർ.ടി.പി.സി.ആർ പരിശോധനയിൽ 250% വരെ അധികനിരക്ക് ഇടാക്കുന്നത്.

ലാഭകരമായ പരിശോധനക്കായാലും​ 450 രൂപ മതി

സ്രവം ശേഖരിക്കുന്നതിനും ലാബിൽ എത്തിക്കുന്നതിനും ഉപകരണങ്ങളുടെ മെയിന്റനൻസിനുമുള്ള ചെലവും ജീവനക്കാരുടെ വേതനവും ചേരുമ്പോൾ നിരക്ക് കൂടുമെന്നാണ് ലാബ് ഉടമകളുടെ വാദം. എന്നാൽ ഒഡീഷയിലെയും മഹാരാഷ്ട്രയിലെയും ലാബുകൾക്ക് മേൽപറഞ്ഞ നിരക്കിന് കോവിഡ് പരിശോധന നടത്താൻ കഴിയുന്നുണ്ടെങ്കിൽ കേരളത്തിലെ ലാബുകൾക്ക് എന്തുകൊണ്ട് പറ്റുന്നില്ല എന്ന ​ചോദ്യമാണ്​ പ്രതിഷേധക്കാർ ഉന്നയിച്ചത്​. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ സൗജന്യമാണ്​. പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വർധിച്ചതോടുകൂടി കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് (KMSCL) പുറത്തുനിന്നും സ്വകാര്യ മൊബൈൽ ടെസ്റ്റിംഗ് ലാബുകളെ സൗകര്യം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മൊബൈൽ ടെസ്റ്റിങ് സൗകര്യത്തിന് കെ.എം.എസ്.സി.എൽ നിർദേശിച്ച സാൻഡർ മെഡിക് എയ്ഡ്സ് പ്രൈവറ്റ് ലിമിറ്റഡ് (Sandor Medicaids pvt ltd) എന്ന സ്ഥാപനം 448.2 രൂപ നിരക്കിൽ സർക്കാരിന് വേണ്ടി പരിശോധന നടത്താൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിനർത്ഥം ഒരു സ്വകാര്യ സ്ഥാപനത്തിന് തങ്ങളുടെ ലാഭവിഹിതം ഏർപ്പെടുത്തിയാൽ തന്നെയും 450 രൂപയ്ക്ക് കേരളത്തിൽ പരിശോധന നടത്താൻ സാധിക്കും എന്നതാണ്.

കോവിഡ് ഒന്നാം ഘട്ടത്തിൽ താരതമ്യേന നിരക്ക് കുറഞ്ഞ ആൻറിജൻ ടെസ്റ്റിനെയാണ് മിക്കയാളുകളും ആശ്രയിച്ചത് എന്നിരിക്കെ, രണ്ടാം ഘട്ടത്തിൽ കൂടുതൽ കൃത്യതയുള്ള ആർ.ടി.പി.സി.ആർ പരിശോധനയാണ് സർക്കാർ തലത്തിലും അല്ലാതെയും നിർദേശിക്കപ്പെടുന്നത്. പ്രവാസികൾ ഏറെയുള്ള കേരളത്തിൽ നിന്നും വിദേശയാത്രകൾക്കും മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കും ആർ.ടി.പി.സി.ആർ പരിശോധനകൾ നിർബന്ധമാണ്. ആശുപത്രിയിൽ കിടത്തി ചികിത്സ ആവശ്യമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കുന്നവർക്കുമെല്ലാം ആർ.ടി.പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കിയിട്ടുണ്ട്. നിത്യേനയുള്ള പരിശോധനകളുടെ എണ്ണം കുത്തനെ ഉയർന്നതോടെ നേരത്തെ ഒരു ദിവസം എടുത്തിരുന്നിടത്ത് ഏഴും എട്ടും ദിവസം കഴിഞ്ഞാണ് ആർ.ടി.പി.സി.ആർ ഫലം പലർക്കും ലഭിക്കുന്നത്. വിദേശ യാത്രയ്ക്കും സംസ്ഥാനത്തിന് പുറത്ത് പോകാനും 48-72 മണിക്കൂറിനുള്ളിലുള്ള പരിശോധനാ ഫലമാണ് വേണ്ടത്. അതുകൊണ്ടുതന്നെ പലരും റിസൽട്ട് എളുപ്പം ലഭിക്കാൻ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.



Summary: കേരളത്തിലെ സ്വകാര്യ ലാബുകളിലെ കോവിഡ്​- 19 ആർ.ടി.പി.സി.ആർ പരിശോധനാ നിരക്ക്​ 1700 രൂപയിൽനിന്ന്​ 500 രൂപയാക്കി കുറച്ചിരിക്കുകയാണ്​. സ്വകാര്യ ലാബുകളുടെ കൊള്ളക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ്​ സർക്കാർ ഇടപെടലുണ്ടായത്​.


Comments