ഒരു പനി വന്നാൽ നമ്മള് കഴിക്കുന്ന സാധാരണ പാരസെറ്റമോൾ അടക്കം, നിത്യജീവിതത്തിൽ നമ്മളാശ്രയിക്കുന്ന അനേകം മരുന്നുകൾ മുതൽ കോണ്ടം വരെയുള്ള അടിസ്ഥാന ആരോഗ്യപരിപാലന പരിരക്ഷാ ഉപാധികൾക്ക് വലിയ രീതിയിൽ വില വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സാധാരണക്കാരായ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് മനുഷ്യർ ആശ്രയിക്കുന്ന മരുന്നുകൾക്ക് മൊത്തവ്യാപാര വിലസൂചിക അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാറിന് കീഴിലുള്ള നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി ചരിത്രത്തിലില്ലാത്ത വിധം വിലവർധനവ് (10.76 ശതമാനം) നിശ്ചയിച്ചിരിക്കുന്നത്.
2021ൽ 0.53 ശതമാനം വർധനവായിരുന്നു അവശ്യമരുന്നുകൾക്ക് പ്രഖ്യാപിച്ചത്, 2020-ൽ ഇത് 1.88 ശതമാനവും, 2019-ൽ് 4.26 ശതമാനവുമായിരുന്നു.
ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയുടെ കമ്പോളമൂല്യമാണ് വിലകൂടാനിരിക്കുന്ന 886 മരുന്നുകൾക്ക് ഇന്ത്യയിലുള്ളത്. ആഭ്യന്തരകമ്പോളത്തിൽ ആകെ വിൽക്കുന്ന മരുന്നുകളിൽ 18 ശതമാനത്തോളമാണ് ഇവയുടെ പങ്ക്. 2020ൽ മൂന്ന് ശതമാനം മാത്രം വളർച്ചയുണ്ടായിരുന്ന ഇന്ത്യയിലെ മരുന്ന് വ്യവസായം കോവിഡിന് ശേഷം 2021-ൽ 15 ശതമാനം വളർച്ചനേടിയതായി ഫാർമസോഫ്ടെക്കിന്റെ പഠനത്തിൽ പറയുന്നു. ഇത്തരത്തിൽ വലിയ വളർച്ചയിലും ലാഭത്തിലുള്ള മരുന്ന് വ്യവസായ രംഗത്തെ അമിതലാഭത്തിലേക്കെത്തിക്കാൻ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ.
ആരോഗ്യാവശ്യങ്ങൾക്കായുള്ള ചെലവുകൾ ഓരോ വർഷവും ഇന്ത്യയിലെ 20 ദശലക്ഷം സാധാരണക്കാരെ ദാരിദ്ര്യരേഖയ്ക്ക് താഴേക്ക് തള്ളിവിടുന്നതായി നാഷനൽ ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററിന്റെ 2013-ലെ പഠനം ചൂണ്ടിക്കാട്ടിയിരുന്നു.
പെട്രോളിന്റെയും പാചകവാതകത്തിന്റെയും മറ്റ് അവശ്യ വസ്തുക്കളുടെയുമെല്ലാം വിലക്കയറ്റം കാരണം ജനം പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധയൂന്നേണ്ട കേന്ദ്ര സർക്കാർ അവശ്യമരുന്നുകൾക്ക് കൂടി ഈ നിലയിൽ വില വർധിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിയത്. ഇന്ത്യയിലേയും വിദേശത്തേയും ഔഷധ കുത്തകകളുടെ താൽപര്യം സംരക്ഷിക്കുക മാത്രമാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം.