ജനസംഖ്യാനുപാതികമായി രാജ്യത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള കേരളത്തിൽ ഹോം വാക്‌സിനേഷൻ പദ്ധതി വൈകുന്നു. 45-വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷൻ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാര്യക്ഷമമായി നടക്കുന്ന സാഹചര്യത്തിലും, കിടപ്പിലായ വയോധികർക്കും രോഗികൾക്കും വീടുകളിലെത്തി വാക്‌സിനേഷൻ നൽകാത്തത് സംസ്ഥാനത്തിന് വെല്ലുവിളിയാകും.
2018 ലെ എസ്.ആർ.എസ്. സ്റ്റാറ്റിസ്റ്റിക്കൽ റിപോർട്ട് പ്രകാരം സംസ്ഥാന ജനസംഖ്യയുടെ 12.9 ശതമാനം പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. കേരളത്തിലെ 48 ലക്ഷത്തോളം പേർ വയോജനങ്ങളാണ്. ഇവരിൽ 15 ശതമാനം ആളുകൾ 80 വയസ്സിന് മുകളിലുള്ളവരും.
GoK ഡാഷ്‌ബോർഡ് പ്രകാരം കേരളത്തിൽ age appropriate category (45 വയസ്സിനു മുകളിലുള്ളവർ)യിൽ പെട്ട 50,94,813 പേർക്കാണ് കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് നൽകിയത്.
രാജ്യത്ത് ഏറ്റവും വൃദ്ധസദനങ്ങളുള്ള സംസ്ഥാനവും കേരളമാണെന്ന വസ്തുത ഹോം വാക്സിനേഷന്റെ ആവശ്യകത വർധിപ്പിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2018-ൽ സംസ്ഥാനത്ത് 565 വൃദ്ധസദനങ്ങളിലായി 10,500 പേരാണുണ്ടായിരുന്നത്. വൃദ്ധസദനങ്ങളിലുള്ള അന്തേവാസികൾ ഭൂരിഭാഗവും കിടപ്പിലായവരോ, മറ്റ് അസുഖങ്ങൾ മൂലം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി വാക്‌സിൻ സ്വീകരിക്കാൻ കഴിയാത്തവരോ ആയിരിക്കും.
""വൃദ്ധരായ 50-ഓളം അന്തേവാസികളുണ്ട് ഇവിടെ. അതിൽ ഭൂരിഭാഗവും കിടപ്പിലായവരോ, വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചെന്ന് വാക്‌സിനേഷൻ സ്വീകരിക്കാൻ കഴിയാത്തവരോ ആണ്. അതിന്റെ ബുദ്ധിമുട്ടുകൾ ഞങ്ങൾ സർക്കാറിന് എഴുതി നൽകിയിട്ടുണ്ട്. മറുപടി ലഭിച്ചിട്ടില്ല.' തൃക്കാക്കര കങ്ങരപ്പടിയിലെ സ്വാന്തനം ഓൾ ഏജ് ഹോം നടത്തുന്ന രാധാ മേനോൻ പറയുന്നു.
അതേസമയം, ഹോം വാക്‌സിനേഷൻ പദ്ധതി പ്ലാനിങ് ഘട്ടത്തിലാണെന്ന് കോഴിക്കോട് ഡി.എം.ഒ ഡോ. ജയശ്രീ വി. ട്രൂ കോപ്പിയോട് പ്രതികരിച്ചു.""പാലിയേറ്റീവ് കെയർ യൂണിറ്റുകൾ വഴി വീടുകളിലുള്ളവർക്ക് വാക്‌സിൻ നൽകാൻ പദ്ധതിയുണ്ട്. ഇത് പ്ലാനിങ് ഘട്ടത്തിലാണ്''
വീടുകളിലെത്തി വാക്‌സിനേഷൻ നൽകുന്നത് വലിയ വെല്ലുവിളിയാണെന്നും, പ്രായോഗിക ബുദ്ധിമുട്ട് പരിശോധിച്ച് പരിഹാരം കാണാൻ ശ്രമിക്കുകയാണെന്നും ഡോ. ജയശ്രീ പറയുന്നു: ""വാക്‌സിൻ സ്വീകരിച്ച വ്യക്തിയെ അരമണിക്കൂർ നിരീക്ഷണത്തിലിരുത്തണം. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത ആളുകളുടെ വീടുകളിൽ പ്രത്യേകമായി എത്തി വാക്‌സിൻ നൽകുന്നത് അതു കൊണ്ടു തന്നെ സമയം ആവശ്യമായ പ്രക്രിയയാണ്. പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ലോക്കൽ സർവെ നടത്തി ഹോം വാക്‌സിനേഷന് അർഹരായവരെ കണ്ടെത്തി പ്രാദേശിക പാലിയേറ്റീവ് യൂണിറ്റുകളുടെ പിന്തുണയോടെ ഇത് പ്രാവർത്തികമാക്കും. പാലിയേറ്റീവ് പ്രതിനിധികളുമായി ഇതേക്കുറിച്ച് ഉടൻ ചർച്ച നടത്തും.
അടുത്തടുത്ത് വീടുകളുള്ള കോർപറേഷൻ മേഖലയിൽ ഇതിന് ബുദ്ധിമുട്ടില്ല. ഗ്രാമീണ മേഖലകളിൽ അതിന്റേതായ പ്രതിബന്ധങ്ങളുണ്ട്. എല്ലാം കണക്കിലെടുത്തു കൊണ്ട് പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഹോം വാക്‌സിനേഷൻ നടത്താനാണ് ഉദ്ദേശിക്കുന്നത്.'' ഡി.എം.ഒ പറഞ്ഞു.