ലോകത്ത് ഇന്ന് പല രാജ്യങ്ങളിലും കോവിഡ് അതിരൂക്ഷമായി തുടരുമ്പോൾ ആസ്ത്രേലിയയിൽ മാത്രം രോഗം എങ്ങനെ നിയന്ത്രണവിധേയമായി എന്ന ചോദ്യം ഏറെ പ്രസക്തമാണ്. 16 വർഷമായി ആസ്ത്രലിയയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ എന്ന നിലയിൽ അതിന് ഉത്തരം പറയാം.
ഒറ്റ വാചകത്തിൽ ഉത്തരം പറഞ്ഞാൽ സയന്റിഫിക് ആയി, അതായത് സമയാസമയം നിർദ്ദേശങ്ങൾ കാര്യക്ഷമമായും, സമയബന്ധിതമായും നടപ്പിലാക്കിയതുകൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഈ രാജ്യം ഇപ്പോഴുള്ള വിജയം കൈവരിച്ചത്. മാസ്‌കും, സാമൂഹ്യഅകലവും, ശുചിത്വവും, വ്യാപനകാലത്ത് സ്വീകരിച്ച കർശനമായ ലോക്ക്ഡൗണും തന്നെയാണ് ഈ നടപടികളിൽ പ്രധാനം.
ആസ്‌ത്രേലിയയിലെ ഒരു ആശുപത്രിയിൽ വാർഡിലുള്ള ഒരു രോഗിക്കോ, സന്ദർശകർക്കോ, സ്റ്റാഫിനോ പെട്ടെന്ന് ഒരത്യാഹിതം ഉണ്ടായി എന്നിരിക്കട്ടെ, ഏത് സ്റ്റാഫിനും തൊട്ടടുത്തുള്ള ഫോൺ എടുത്ത് എമർജൻസി അനൗൺസ് ചെയ്യാം
റോമാ നഗരം ഒറ്റ ദിവസം കൊണ്ട് പണിതതല്ല എന്നതുപോലെ ഈ പ്രതിരോധവും കോവിഡ് കാലത്തെ പ്രയത്‌നം കൊണ്ട് മാത്രം ഫലപ്രദമായതല്ല. ഒരു അടിയന്തരഘട്ടത്തെ, അത് വെള്ളപ്പൊക്കം പോലുള്ള പ്രകൃതിദുരന്തമാകട്ടെ, കോവിഡ് പോലുള്ള സാംക്രമികരോഗങ്ങളാകട്ടെ, ഒരു രാജ്യം തരണം ചെയ്യണമെങ്കിൽ ശക്തമായ ആന്തരഘടനയും (infrastructure) ദീർഘവീക്ഷണത്തോടെ രൂപീകരിച്ച നയങ്ങളും ഉണ്ടായിരിക്കണം.
ലോകത്തെ സുസജ്ജമായ ആരോഗ്യമേഖലകളിലൊന്നാണ് ആസ്‌ത്രേലിയയിലേത്. വളരെ ശാസ്ത്രീയമായി കെട്ടിപ്പടുത്തതും നിരന്തരം നവീകരിക്കപ്പെടുന്നതുമായ പ്രാഥമികാരോഗ്യസംരക്ഷണവും (Primary Health Care), ഫലപ്രദമായി നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാർവത്രിക സൗജന്യ ആരോഗ്യപരിരക്ഷയും (Universal Free Healthcare) ആരോഗ്യരംഗത്ത് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യാനാവശ്യമായ അധിക സൗകര്യങ്ങൾക്ക് (extra build-up) ഉറപ്പുള്ള അടിത്തറ ഒരുക്കി.
ചെറിയൊരു ഉദാഹരണം പറയാം. ആസ്‌ത്രേലിയയിലെ ഒരു ആശുപത്രിയിൽ വാർഡിലുള്ള ഒരു രോഗിക്കോ, സന്ദർശകർക്കോ, സ്റ്റാഫിനോ പെട്ടെന്ന് ഒരത്യാഹിതം- പ്രഷർ താഴുക, നെഞ്ചുവേദന, അങ്ങനെയെന്തെങ്കിലും ഉണ്ടായി എന്നിരിക്കട്ടെ, ഏത് സ്റ്റാഫിനും തൊട്ടടുത്തുള്ള ഫോൺ എടുത്ത് എമർജൻസി അനൗൺസ് ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ഉടനെ എത്തേണ്ട ഒരു ടീമിനെയും, അവർ അവശ്യം ചെയ്തിരിക്കേണ്ട കാര്യങ്ങളും നേരത്തെ നിശ്ചയിച്ചിട്ടുണ്ടാകും. മെഡിക്കൽ എമർജൻസി ടീം (MET) എന്നത് ഒരു നാഷണൽ ലെവലിൽ നടപ്പാക്കിയ പ്രോട്ടോകോൾ ആണ്. അതുപോലെ തീപിടുത്തം പോലുളള സാഹചര്യങ്ങളുണ്ടായാൽ എന്തുചെയ്യണം എന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും ഫയർ ഡ്രിൽ നടത്തണമെന്നത് ഹോസ്പിറ്റലിന് പ്രവർത്തനാനുമതി കിട്ടുന്നതിനുള്ള നിബന്ധനകളിലൊന്നാണ്.
പറഞ്ഞുവന്നത് അടിന്തരസാഹചര്യം മുൻകൂട്ടി കണ്ട് അതിനുവേണ്ട ഒരുക്കം നടത്തുക എന്നത് ആസ്‌ത്രേലിയ സിസ്റ്റത്തിന്റെ ദൈനംദിന രീതികളിലൊന്നായി വികസിപ്പിച്ചെടുത്തിരിക്കുന്നു. കോവിഡിന്റെ കാര്യത്തിൽ ഈ സിസ്റ്റം ആസ്‌ത്രേലിയയെ ഗണ്യമായ നിലയിൽ സഹായിച്ചിട്ടുണ്ട്. ബീച്ചുകൾ, ഹാളുകൾ, സ്റ്റേഡിയങ്ങൾ എന്നിങ്ങനെ ആളുകൾ കൂടുന്ന സ്ഥലങ്ങൾ വളരെ കൃത്യമാണ്. പ്രതിഷേധിക്കാനും ജാഥ നടത്താനും പ്രത്യേകം സ്ഥലങ്ങളുണ്ട്. നാഷണൽ ലെവലിലോ, സംസ്ഥാനങ്ങളിലോ ഇലക്ഷൻ നടക്കുമ്പോൾ നേരിയ തോതിലുള്ള ലക്ഷണങ്ങളേ കാണാൻ സാധിക്കൂ. റാലികളും പ്രകടനങ്ങളും, കലാശക്കൊട്ടും ഉണ്ടാകാറില്ല. കിലോമീറ്ററിന് കിലോമീറ്ററിന് പെരുന്നാളുകളും ഉൽത്സവങ്ങളും ഇല്ല. അതുകൊണ്ട് കോവിഡ് സമയത്ത് നിയന്ത്രണം ഏർപ്പെടുത്താൻ താരതമേന്യ എളുപ്പമായിരുന്നു.
ആസ്‌ത്രേലിയൻ ഇക്കോണമി വളരെ പെട്ടെന്നാണ് സാധാരണസ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. ഇത്തരം സാമ്പത്തിക സാഹചര്യങ്ങൾ ആസ്‌ത്രേലിയയെ കോവിഡ് കാലത്ത് തീർച്ചയായും സഹായിച്ചിട്ടുണ്ട്.
അതുപോലെ തന്നെ അടിയന്തിരഘട്ടങ്ങളിൽ ഭരണഘടന അനുശാസിക്കുന്ന പ്രത്യേക അധികാരങ്ങൾ ഉപയോഗിക്കുന്നതിൽ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം സർക്കാറിന് ലഭിച്ചു. 80-90 % ജനങ്ങളും നിയമം അനുസരിക്കുന്ന (law abiding) അവസ്ഥ മുമ്പുള്ളതുകൊണ്ട് കർശനമായ കോവിഡ് നിയമങ്ങൾ നടപ്പാക്കുന്നതിന് കാര്യമായ ബുദ്ധിമുട്ട് ആസ്‌ത്രേലിയയിൽ ഉണ്ടായില്ല. അനുസരിക്കാത്തവർക്ക് സമൂഹത്തിലെ പദവിയുടെയോ സ്റ്റാറ്റസിന്റെയോ പരിഗണയില്ലാതെ പരിണിതഫലം അനുഭവിക്കേണ്ടി വന്നു. അത്തരം നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ ജോലി നഷ്ടപ്പെട്ടവർക്ക് സർക്കാർ 3000 ഡോളർ വീതം (ഏതാണ്ട് 1,60,000 രൂപ) മാസവരുമാനം ഉറപ്പുവരുത്തി. ബിസിനസ് രംഗത്ത് വന്ന നഷ്ടം നികത്തുന്നതിനുമുള്ള നടപടികളുമുണ്ടായി. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച വിക്ടോറിയ സംസ്ഥാനത്ത് നാലുമാസത്തോളം പരിപൂർണ ലോക്ക്ഡൗൺ ആയിരുന്നു.
ആഫ്രിക്കയെ പോലെ പ്രകൃതി വിഭവങ്ങളാൽ സമ്പന്നമാണ് ആസ്‌ത്രേലിയ. ഇവിടുത്തെ രാഷ്ട്രീയ സുസ്ഥിരതയുടെ ഗുണഫലം രാജ്യത്തെ ജനങ്ങൾക്ക് ലഭിക്കുന്നു. കോവിഡ് മൂലമുള്ള തിരിച്ചടികളുണ്ടായിട്ടുപോലും ഈ സാമ്പത്തികവർഷം ഏതാണ്ട് 300 ബില്യൺ ഡോളറിന്റെ പ്രകൃതിവിഭവങ്ങളാണ് രാജ്യം കയറ്റുമതി ചെയ്തത്. അതിൽ പ്രധാനം ഇരുമ്പയിരാണ്. കോവിഡ് നിയന്ത്രണ വിധേയമായശേഷം തൊഴിലില്ലായ്മ നിരക്ക് 5.6 % മായി കുറഞ്ഞു. ആസ്‌ത്രേലിയൻ ഇക്കോണമി വളരെ പെട്ടെന്നാണ് സാധാരണസ്ഥിതിയിലേക്ക് തിരിച്ചെത്തിയത്. ഇത്തരം സാമ്പത്തിക സാഹചര്യങ്ങൾ ആസ്‌ത്രേലിയയെ കോവിഡ് കാലത്ത് തീർച്ചയായും സഹായിച്ചിട്ടുണ്ട്.
മറ്റൊരു അനുകൂലഘടകമായി പ്രത്യക്ഷത്തിൽ തോന്നാവുന്നത് ആസ്‌ത്രേലിയയുടെ കുറഞ്ഞ ജനസംഖ്യയാണ്. പക്ഷെ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാകുന്ന വസ്തുത, 85 % ജനങ്ങളും താമസിക്കുന്നത് സമുദ്രതീരത്തുനിന്ന് 50 കിലോമീറ്ററിനുള്ളിലാണ്. മെൽബൺ പട്ടണത്തിലെ ജനസാന്ദ്രത 1,500 / km2 ആണ്. അതുകൊണ്ട് പ്രയോഗികതലത്തിൽ അത് കോവിഡ് നിയന്ത്രിക്കുന്നതിൽ പ്രബലമായ ഘടകമായിരുന്നില്ല.
ഭൂമിശാസ്ത്രപരമായ സവിശേഷതകൾ ആസ്‌ത്രേലിയക്ക് അനുകൂലമായിരുന്നു. അടിസ്ഥാനപരമായി ആസ്‌ത്രേലിയ ഒരു ദ്വീപ് ആണ്. അതുകൊണ്ടുതന്നെ യൂറോപ്പിലെ പോലെ കരമാർഗ്ഗമുള്ള യാത്രക്കാരില്ലാത്തത് അതിർത്തി കടന്നുവരുന്ന കേസുകൾ നിയന്ത്രിക്കാൻ സാധിച്ചു. ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് പാതകൾക്കും ഘടനാപരമായ കൃത്യതയുമുള്ളതുകൊണ്ട് യാത്രാനിരോധനം സമ്പൂർണമായി നടപ്പിലാക്കാൻ സാധിച്ചു.
നിലവിൽ ആസ്‌ത്രേലിയയിൽ കോവിഡ് കേസുകളുടെ എണ്ണം 186 ആണ്. അത് ഏതാണ്ട് പൂർണമായും വിദേശത്തുനിന്ന് മടങ്ങിയെത്തി ക്വാറന്റയിനിൽ കഴിയുന്നവരിലാണ്. കഴിഞ്ഞ ഒരാഴ്ചയായി സാമൂഹ്യവ്യാപനം വഴിയുള്ള കോവിഡ് രോഗികൾ ഇല്ല എന്നുതന്നെ പറയാം.
ആസ്‌ത്രേലിയ ഇപ്പോൾ പിന്നാക്കം നിൽക്കുന്നത് വാക്സിനേഷന്റെ കാര്യത്തിലാണ്. കേസുകൾ ഇല്ല എന്ന ആത്മവിശ്വാസവും, AstraZeneca വാക്സിനുണ്ടായ അപൂർവമായിട്ടാണെങ്കിൽ പോലും അപ്രതീക്ഷിതമായ പാർശ്വഫലങ്ങളും വാക്സിനേഷൻ സാവധാനത്തിലാകുന്നത് കാരണമായി.▮