വീണ്ടും നമ്മെ ഭയത്തിന്റെ മുൾമുനയിൽ നിർത്തുകയാണ് കോവിഡ് വൈറസ്. വൈറസുകൾ അങ്ങനെയാണ്- കൂടുതൽ വിഭജിക്കാൻ സൗകര്യവും സാവകാശവും കിട്ടിയാൽ പുതിയ മ്യൂട്ടന്റുകൾ നിർമിച്ചുകൊണ്ടേയിരിക്കും. അവർ മനഃപൂർവം നിർമിച്ചെടുക്കുന്നതല്ല ഈ ‘വേരിയേഷനു'കൾ. ആയിരമായിരക്കണക്കിനു പകർപ്പുകൾ എടുക്കപ്പെടുമ്പോൾ വരുന്ന ചില തെറ്റുകൾ ആകാനും മതി. നിരവധി ‘രൂപാന്തരികൾ' (variants) ഇങ്ങനെ ഉളവാകുന്നതിൽ ചിലവ വൈറസിന്റെ അതിജീവനം കൂടുതൽ സാധ്യമാക്കുന്നതാകാൻ പോന്നവയാണ്. പരിണാമം എല്ലാ ജീവികളുടെയും അതിജീവനത്തെ പ്രോൽസാഹിപ്പിക്കുന്നതിനാൽ ഇവ നിലനിൽക്കുകയും ചെയ്യുന്നു.
വൈറസുകൾ രണ്ട് കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്:
1. കൂടുതൽ വേഗത്തിൽ പടരുക.
2. കൂടുതൽ ആളുകളിൽ പരമാവധി എത്തുക.
അതിതീവ്രമായി രോഗം മൂർച്ഛിപ്പിച്ച് പെട്ടെന്ന് കൊല്ലുക എന്നത് വൈറസുകളെ സംബന്ധിച്ച് ഒരു ലക്ഷ്യമേ അല്ല. കാരണം അവർ പടർന്നുകയറിയവർ കൂടുതൽ ആൾക്കാരിലേക്ക് പകർത്തുക എന്നത് സാധ്യമല്ലാതാകുന്നു. മരണം സാവധാനം മതി. പറ്റുന്ന കോശങ്ങളിലൊക്കെ കയറി ആവോളം വിഭജിച്ച് കൂടുതൽ പേരിലേക്ക് പടർത്തിക്കഴിഞ്ഞ് രോഗി മരിയ്ക്കുന്നതാണ് വൈറസുകളെ സംബന്ധിച്ച് അഭികാമ്യം. നമ്മൾ മരിക്കണമെന്ന് അവർക്ക് നിർബന്ധമൊന്നുമില്ല.
വളരെ പെട്ടെന്ന് പകരും എന്നതൊഴിച്ച്. തീവ്രമായ അസുഖങ്ങൾ വരുമോ, മരണത്തിന്റെ തോത് കൂടുമോ, കുത്തിവയ്പ് എടുത്തവർക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതയേറുന്നോ എന്നതൊക്കെ ഒന്നുരണ്ടാഴ്ചയ്ക്കകം തീരുമാനിക്കപ്പെടും.
ഒമിക്രോൺ (‘അമക്രാൻ, ആമക്രാൻ, അമുക്രാൻ, അമുക്രോൺ' എന്നൊക്കെ ഉച്ചാരണങ്ങളുണ്ട്.) ഇതേ ആകസ്മികതയുടെ ബാക്കിപത്രം മാത്രമാണ്. തീവ്രമായി പറ്റിപ്പിടിയ്ക്കാനും നമ്മുടെ കോശങ്ങൾക്കുള്ളിൽ കയറാനും പുതിയ തന്ത്രങ്ങൾ വശത്താക്കിയതുമാണ്. പക്ഷേ രോഗലക്ഷണങ്ങൾ അതിതീവ്രമോ, മരണകാരകമോ എന്നതിനു ഇതുവരെ തെളിവുകളില്ല എന്നതാണ് സത്യം. നിലവിലുള്ള ഡെൽറ്റാ വൈറസിന്റെ ഉശിരൻ രൂപാന്തരി എന്ന് കരുതാം, ഡെൽറ്റയേക്കാൾ പത്തിരട്ടി മ്യൂട്ടേഷനുകളാണ് ഒമിക്രോണിൽ. പലതും സ്‌പൈക് പ്രോട്ടീനിന്മേൽത്തന്നെ. കോവിഡ്-19 വൈറസുകൾക്ക് നമ്മുടെ കോശങ്ങളിൽ തീവ്രമായി പറ്റിപ്പിടിയ്ക്കാനുതകുന്ന ‘സ്‌പൈക്' പ്രോട്ടീനിൽ മാറ്റങ്ങൾ സംഭവിക്കുന്ന മ്യൂട്ടേഷനുകളോട് പ്രത്യേകം താൽപര്യമുണ്ട്.
നവംബർ 24-നാണ് സൗത്താഫ്രിക്കയിൽ ഈ വൈറസിനെ കണ്ടുപിടിച്ചത്. എന്നാൽ നവംബർ 19-നു തന്നെ നെതെർലൻഡ്‌സിൽ ഈ വൈറസ് പ്രത്യക്ഷപ്പെട്ടിരുന്നു എന്നത് ഇപ്പോൾ അറിവായിട്ടുണ്ട്. ലോകത്തെമ്പാടും പടർന്ന് പരന്നിരിക്കുന്നു ഒമിക്രോൺ. ലോകാരോഗ്യസംഘടന ഒമിക്രോണിനെ variant of concern (അതിജാഗ്രത വേണ്ട വേരിയന്റ്) എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിഭാഗത്തിൽപെട്ടവയിൽ അഞ്ചാമത്തെ വേരിയന്റാണ്. Alpha, Beta, Gamma, Delta എന്നിവയാണ് മറ്റ് നാലെണ്ണം. ഒമിക്രോൺ ബാധയാൽ ആരും മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, ഇതുവരെ. തൽക്കാലം ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്, വളരെ പെട്ടെന്ന് പകരും എന്നതൊഴിച്ച്. തീവ്രമായ അസുഖങ്ങൾ വരുമോ, മരണത്തിന്റെ തോത് കൂടുമോ, കുത്തിവയ്പ് എടുത്തവർക്ക് വീണ്ടും വൈറസ് ബാധയ്ക്ക് സാധ്യതയേറുന്നോ എന്നതൊക്കെ ഒന്നുരണ്ടാഴ്ചയ്ക്കകം തീരുമാനിക്കപ്പെടും.
ഡെൽറ്റ വേരിയൻറ് കൂടുതൽ മ്യൂട്ടേഷനുകളുമായി വന്ന് ഭവിച്ചതാണ് ഒമിക്രോൺ. (ചിത്രം 1) . ഇന്ന് ലോകത്ത് ഏറ്റവും നാശകാരിയായി വിളയാടുന്നത് ഡെൽറ്റ തന്നെ. ഡെൽറ്റയേക്കാൾ ശീഘ്രമായി പകരാനുള്ള കോപ്പുകളുമായാണ് ഒമിക്രോൺ രംഗപ്രവേശം ചെയ്തിരിക്കുന്നത്. നമ്മുടെ കോശോപരിതലത്തിൽ കൊളുത്തിപ്പിടിയ്ക്കുന്ന ഭാഗത്ത് തന്നെ ധാരാളം മ്യൂട്ടേഷൻ സംഭവിച്ചിരിക്കുന്നു. പ്രതിരോധശക്തി കുറഞ്ഞ ഏതെങ്കിലും എയിഡ്‌സ് രോഗിയിലായിരിക്കണം ഈ പരിണാമം നടന്നത് എന്ന് വിദഗ്ധാഭിപ്രായം ഉണ്ട്. ഇമ്യൂൺ സിസ്റ്റം ദുർബ്ബലമായ എയിഡ്‌സ് രോഗികളിൽ പലേ വൈറസുകളും വന്ന് ചേക്കാറാറുണ്ട്.
കോവിഡ്-19 വൈറസിന്റെ രൂപാന്തരികൾക്ക് അവയുടെ ഇടവും ഘടനയും അനുസരിച്ച് അക്ഷരങ്ങളും അക്കങ്ങളും ചേർന്ന പേർ കൊടുക്കുന്നു. കോവിഡ്- 19 വൈറസ് ബീറ്റ വിഭാഗത്തിൽപ്പെടുന്നവയാണ്. പിന്നീട് വരുന്ന മ്യൂട്ടേഷനുകൾക്ക് അവാന്തര വിഭാഗങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു; B. 1. എന്നിങ്ങനെ. അവയുടെ പിന്നീടുള്ള പരമ്പരകൾ B. 1. 1. എന്നാകുന്നു. B.1.1.7 ഏഴാമത്തെ സന്തതിയാണ്, B. 1. 1. ന്റെ. അതിന്റെ 529ാമത്തെ സന്തതിയാണ് B. 1. 1. 529 എന്ന ഒമിക്രോൺ. ഈ അക്കങ്ങൾ ഓർക്കാൻ പ്രയാസമായതിനാൽ അവയ്ക്ക് ഗ്രീക് അക്ഷരമാലയിലെ അക്ഷരങ്ങൾ ഇടുകയാണ് എളുപ്പം. ആൽഫ, ബീറ്റ, ഡെൽറ്റാ എന്നൊക്കെ. B. 1. 1.7 ആൽഫ ആണ്, B. 1. 617 ഡെൽറ്റയും. 15ാമത്തെ അക്ഷരമാണ് ഒമിക്രോൺ. അതിനും മുൻപുള്ള് രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. Nu, Xi എന്നിവ. Nu എന്നത് ഒരു പേരായി ഗണിയ്ക്കപ്പെട്ടേക്കില്ല, Xi എന്നത് ചൈനീസ് പ്രസിഡന്റിന്റെ പേരാണ് എന്നതൊക്കെ കാരണങ്ങൾ.
50 മ്യൂട്ടേഷനുകൾ (ആർ. എൻ. എ കണ്ണികളിൽ വരുന്ന മാറ്റം) ആണ് ഒമിക്രോണിൽ. ഇവയിൽ 30 എണ്ണം സ്‌പൈക് പ്രോട്ടീനിലാണെന്നുള്ളതാണ് പ്രാധാന്യം അർഹിക്കുന്നത്. ഇതിൽ 15 എണ്ണം ഈ സ്‌പൈക് പ്രോട്ടീൻ നമ്മുടെ കോശോപരിതലത്തിലെ ACE2 (angiotensin converting enzyme receptor) എന്ന സ്വീകരിണീ (receptor) യിൽ പറ്റിപ്പിടിയ്ക്കാനുള്ള ഇടത്തിലാണ്. പെട്ടെന്ന് പകരാനുള്ള ഒരു കാരണം ഇതായിരിക്കാം. അതിനടുത്തായുള്ള ഒരിടത്ത് (ചിത്രം 2) 4 മ്യൂട്ടേഷൻ നടന്നിട്ടുണ്ട്, കുത്തി വെപ്പു കൊണ്ടോ രോഗം വന്നോ നമ്മൾ ആർജ്ജിച്ച് നിർമ്മിച്ചെടുക്കുന്ന ആന്റിബോഡികൾ ഈ ഭാഗത്ത് വന്ന് പതിയുമ്പോൾ വൈറസിന് കോശങ്ങളിൽ പറ്റിപ്പിടിയ്ക്കാൻ സാധിക്കാതെ വരും. മ്യൂട്ടേഷൻ സംഭവിച്ച് ഈ ഇടം മാറിപ്പോയാൽ ഈ binding നടന്നേക്കുകയില്ല എന്ന് അനുമാനമുണ്ട്.
പല വാക്‌സിനുകളും മിതമായ രീതിയിലെങ്കിലും പ്രതിരോധിയ്ക്കും എന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടൽ എങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്, അവ നടന്നുകൊണ്ടിരിക്കുകയുമാണ്.
ഫ്യൂറിൻ എന്ന എൻസൈം മുറിയ്ക്കുന്ന ഇടം
സ്‌പൈക് പ്രോടീനിനു S1, S2 എന്ന് രണ്ട് സബ് യൂണിറ്റുകളുണ്ട്. നമ്മുടെ കോശോപരിതലത്തിൽ പറ്റിപ്പിടിച്ചാൽ ഇവ മുറിഞ്ഞു മാറി S1 ഇൽ നിന്ന് S2 ഇറങ്ങി വന്ന് കോശ സ്തരം തുളയ്ക്കുകയാണ്. ഇങ്ങനെ മുറിയ്ക്കുന്നത് ഫ്യൂറിൻ എന്ന എൻസൈം (രാസാഗ്‌നി) ആണ്. ഈ ഫ്യൂറിൻ വെട്ട് സ്ഥലത്തിന്റെ കോഡ് ആണ് കോവിഡ്- 19 വൈറസ് അതിന്റെ ആവിർഭാവകാലത്ത് സ്വായത്തമാക്കിയത്, ഒരു മ്യൂട്ടേഷൻ കൊണ്ട്. വവ്വാലിലെ കോവിഡ് വൈറസിന് ഇല്ലാത്തതാണിത്. വലിയ ഒരു പരിണാമ കുതിച്ചു ചാട്ടമായിരുന്നു ഇത്. ഒമിക്രോണിൽ ഈ ഇടത്തിനു മറ്റൊരു മ്യൂട്ടേഷൻ സംഭവിച്ച് ഈ S1- S2 മുറിയ്ക്കൽ എളുപ്പമാവുകയാണ്. (ചിത്രം 2, 3) വൈറസിന്റെ പ്രവേശനം എളുപ്പത്തിൽ സംഭവിക്കുമെന്ന രീതിയിൽ. മറ്റു ചില മ്യൂടേഷനുകൾ നമ്മുടെ പ്രതിരോധവഴികളിൽ നിന്ന് ഒളിച്ചു മാറാൻ സാദ്ധ്യതയിയന്നതാണെന്ന അനുമാനവുമുണ്ട്.
വാക്‌സീനുകൾ ഫലിയ്ക്കാതെ വരുമോ?
കോവിഡ് വാക്‌സീൻ മിക്കതും സ്‌പൈക് പ്രോട്ടീൻ നിർമിച്ചെടുക്കാനുള്ള ഡി. എൻ. എ അല്ലെങ്കിൽ ആ. എൻ .എ കോഡുകൾ അടങ്ങിയതാണ്. ഇവ നമ്മുടെ കോശങ്ങൾക്കുള്ളിൽ കടന്ന് നമ്മുടെ തന്നെ വിഭവങ്ങൾ ഉപയോഗിച്ച് സ്‌പൈക് പ്രോട്ടീൻ നിർമിക്കും, ഇത് നമ്മുടേതല്ല എന്ന് തിരിച്ചറിയുന്ന പ്രതിരോധ വ്യവസ്ഥ (Immune system) വലിയ വലിപ്പമുള്ള ‘ആന്റിബോഡി'കൾ നിർമ്മിക്കുകയാണ്. Y ആകൃതിയിലുള്ള ഈ വമ്പൻ പ്രൊട്ടീനുകൾ വൈറസ് നമുക്കുള്ളിൽ പ്രവേശിക്കുമ്പോൾ സ്‌പൈക് പ്രോട്ടീനിന്റെ പലഭാഗങ്ങളേയും കൃത്യമായി പൊതിയുകയാണ്. വൈറസിനു കോശങ്ങൾക്കകത്ത് കടക്കാനാവതെ ആകുന്നു. (ചിത്രം 4). വളരെ കൃത്യതയുണ്ട് ഈ ആന്റിബോഡികൾക്ക് . ചിലവ കോശങ്ങളിൽ പറ്റിപ്പിടിയ്ക്കുന്ന ഭാഗ (receptor binding domain) ത്തെ പൊതിയുന്നു, ചിലവ S1 പ്രോടീനിന്റെ വാൽ അറ്റത്തെ (N terminal domain) പൊതിയുന്നു. ചിലവ S2 പ്രോട്ടീൻ ഭാഗത്തെ പൊതിയുന്നു.
നിലവിലുള്ള വാക്‌സീനുകളെ ചെറിയ രീതിയിൽ മാറ്റിയെടുക്കാൻ അധികം പ്രയത്‌നം വേണ്ടെന്നും അത് എളുപ്പം സാധിച്ചെടുക്കാമെന്നും വാക്‌സീൻ നിർമിക്കുന്നവർ അവകാശപ്പെടുന്നുണ്ട്
ഇങ്ങനെ പൊതിയപ്പെട്ട സ്‌പൈക് പ്രോട്ടീനും വച്ച്വൈറസിനു ഒന്നും സാധിയ്ക്കാതെ വരികയാണ്. ഈ ഭാഗങ്ങളിൽ വൻ മാറ്റങ്ങൾ മ്യൂട്ടേഷൻ വഴി വരികയാണെങ്കിൽ ഈ ആന്റിബോഡികൾ കൊണ്ട് ഫലമൊന്നും ഉണ്ടാകില്ല. ഒമിക്രോൺ വേരിയൻറിനെ ക്കുറിച്ചുള്ള ഒരു വലിയ ആകുലത ഈ സാധ്യതയാണ്. പല വാക്‌സിനുകളും മിതമായ രീതിയിലെങ്കിലും പ്രതിരോധിയ്ക്കും എന്നാണ് ഇപ്പൊഴത്തെ കണക്കുകൂട്ടൽ എങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണ്, അവ നടന്നുകൊണ്ടിരിക്കുകയുമാണ്. നിലവിലുള്ള വാക്‌സീനുകളെ ചെറിയ രീതിയിൽ- ഒമിക്രോൺ സ്‌പൈക് പ്രോട്ടീനിനെ ശരിയ്ക്കും പൊതിയുന്ന രീതിയിൽ -മാറ്റിയെടുക്കാൻ അധികം പ്രയത്‌നം വേണ്ടെന്നും അത് എളുപ്പം സാധിച്ചെടുക്കാമെന്നും വാക്‌സീൻ നിർമിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. പുതിയ വാക്‌സിനുകൾ ശരീരത്തിൽ ഒമിക്രോണിനെതിരെ അവശ്യം ആന്റിബോഡികൾ നിർമ്മിക്കുന്നുവോ, ലാബിൽ വളർത്തുന്ന കോവിഡ് വൈറസുകളെ നിർവ്വീര്യമാക്കാൻ പോന്നതാണോ ഈ ആന്റിബോഡികൾ എന്നൊക്കെ തീരുമാനിക്കേണ്ടിയിരിക്കുന്നു.
പക്ഷേ നമ്മുടെ പ്രതിരോധവ്യവസ്ഥയുടെ പക്കൽ മറ്റ് ചില വിദ്യകളുമുണ്ട്.
ആന്റിബോഡികൾ എന്ന പ്രതിരോധ പ്രോട്ടീനുകൾ രക്തത്തിൽ പ്രവഹിച്ചു തുടങ്ങുമ്പോൾത്തന്നെ മറ്റൊരു വിഭാഗം കോശങ്ങൾ (T cells) നേരിട്ട് വൈറസുകളേയോ അവ ബാധിച്ച കോശങ്ങളേയോ വക വരുത്താൻ ഉഴറി പാഞ്ഞു തുടങ്ങും. ഇവ വൈറസ് ഉള്ളിൽ കയറുന്നത് തടുക്കുന്നില്ലെങ്കിലും വൈറസ് വിഭജനവും അതിവഴിയുള്ള രോഗമൂർച്ഛയും ഗണ്യമായി കുറയ്ക്കുന്നുണ്ട്. നിലവിലുള്ള വാക്‌സീനുകൾ ഒമിക്രോണുകളെ ഇങ്ങനെ പ്രതിരോധിയ്ക്കുമത്രെ.
സ്‌പൈക് പ്രോട്ടീനുകൾക്കെതിരെ മറ്റ് ചില രീതികളിൽ നിർമിച്ചെടുത്ത ആന്റിബോഡി മിശ്രിതങ്ങൾ (Antibody cocktails) ചികിൽസയ്ക്ക് ഉപയോഗിക്കുന്നുണ്ട്. മോണോക്ലോണൽ ആന്റിബോഡി എന്ന് വിളിയ്ക്കപ്പെടുന്ന, കൂടുതൽ കർശന കൃത്യതയോടെ സ്‌പൈക് പ്രോട്ടീനിനെ പൊതിയുന്നവ ആണിവ. ഇവ ചില പ്രത്യേക ഭാഗങ്ങളിൽ മാത്രമേ പറ്റിപ്പിടിയ്ക്കുകയുള്ളൂ. അതുകൊണ്ട് ഒമിക്രോൺ ചികിൽസയ്ക്ക് പറ്റിയതായിരിക്കില്ല എന്ന് ഒരു ദോഷമുണ്ട്.
ആന്റിജെൻ ടെസ്റ്റുകൾ ഒമിക്രോണിനെ തിരിച്ചറിയില്ല എന്ന് വരുമോ?
നിലവിലെ പല കോവിഡ് ടെസ്റ്റുകളും സ്‌പൈക് പ്രോട്ടീനിനെ തിരിച്ചറിയുന്ന വിധം ആസ്പദമാക്കിയുള്ളവയാണ്. 30 ഓളം മ്യൂട്ടേഷൻ സംഭവിച്ച ഒമിക്രോൺ സ്‌പൈക് പ്രോട്ടീൻ അതുകൊണ്ട് തിരിച്ചറിയാതെ പോയേക്കാം എന്നൊരു ആശങ്കയുണ്ടെങ്കിൽ അത് അസ്ഥാനത്താണെന്ന് ടെസ്റ്റ് കിറ്റുകൾ നിർമിക്കുന്ന കമ്പനികൾ അവകാശപ്പെടുന്നു. PCR ടെസ്റ്റുകളും പുതിയ വേരിയൻറിനെ നിജപ്പെടുത്താൻ പര്യാപ്തമാണ്. മ്യൂട്ടേഷൻ വഴി ത്യജിക്കപ്പെട്ട ആർ. എൻ. എ കണ്ണികളുടെ അഭാവം കൃത്യമായി കണ്ടു പിടിയ്ക്കുന്ന ടെസ്റ്റുകളും രംഗത്തിറങ്ങിയിട്ടുണ്ട്. അവ പൊതുവേ കോവിഡ് ബാധയുണ്ടോ എന്ന് തെര്യപ്പെടുത്തുക മാത്രമല്ല, ഒമിക്രോൺ വേരിയന്റ് തന്നെയാണ് എന്ന് തീർച്ചപ്പെടുത്തുകയും ചെയ്യും.
മൂന്നാം ലോകരാജ്യങ്ങളിൽ കൂടുതൽ വാക്‌സൻ എത്തേണ്ടത് അത്യാവശ്യമാണെന്ന് സമ്പന്നരാജ്യങ്ങൾ ധരിക്കേണ്ട കാലമാണിത്.
ഫൈസർ കമ്പനിയോട് സഹകരിച്ച് വാക്‌സീൻ നിർമ്മിച്ചെടുത്ത ബയോൺറ്റെക് അധികാരി ഉഗുർ സാഹിൻ അഭിപ്രായപ്പെടുന്നത്, ഒമിക്രോണിനെ അത്ര പേടിക്കേണ്ട എന്നാണ്. ബൂസ്റ്റർ ഡോസ് എടുത്തവർ കൂടുതൽ സുരക്ഷിതരായിരിക്കും എന്ന് അദ്ദേഹം പറയുന്നു. എന്നാൽ, മൊഡേണയുടെ ചീഫ് സ്റ്റെഫനി ബാൻസെൽ അവകാശപ്പെട്ടത് വാക്‌സിൻ ഫലപ്രദമാകുന്നതിൽ വൻ ഇടിവ് വന്നേയ്ക്കുമെന്നാണ്. ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനവും ഇതും കൂടി ആയപ്പോൾ സ്റ്റോക്ക് മാർക്കറ്റ് തകർന്ന് നിപതിയ്ക്കുകയും ചെയ്തു. രണ്ടാഴ്ചകം ഇക്കാര്യത്തിൽ തീരുമാനമാകുമെന്ന് പ്രത്യാശയുണ്ട്. ഇന്ന് വരെ കിട്ടിയ കോവിഡ് പരിചയം, ഇപ്പോൾ ഇത്തരം സന്നിഗ്ദ്ധ ഘട്ടങ്ങളെ നേരിടുന്നത് എളുപ്പമാക്കിയിട്ടുണ്ട്.
പക്ഷേ ഒന്ന് തീർച്ചയാണ്- കോവിഡ് വൈറസ് നമ്മോടൊപ്പം തന്നെ സഹവസിക്കാനാണ് പ്ലാനിട്ടിരിക്കുന്നത്. ആണ്ടോടാണ്ട് വാക്‌സിനുകൾ പുതുക്കി, ഫ്‌ളൂ വൈറസിനെ നേരിടുന്നതു പോലെ കൈകാര്യം ചെയ്യേണ്ടി വരും. വാക്‌സിൻ പരക്കെ ഉപയോഗിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഇപ്പോൾ കൂടുതൽ തെളിഞ്ഞിരിക്കയാണ്. ലോകം മുഴുവൻ നല്ല ശതമാനം ജനങ്ങളും വാക്‌സൻ എടുത്താലേ ഫലപ്രദമായ നിർമാർജ്ജനം സാദ്ധ്യമാകൂ. മൂന്നാം ലോകരാജ്യങ്ങളിൽ കൂടുതൽ വാക്‌സൻ എത്തേണ്ടത് അത്യാവശ്യമാണെന്ന് സമ്പന്നരാജ്യങ്ങൾ ധരിക്കേണ്ട കാലമാണിത്. വാക്‌സിൻ ലഭിച്ചവരുടെ ശതമാനം വളരെ താഴെയാണ് സൗത്ത് ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ എന്നത് ലോകം മുഴുവൻ ഉൾക്കൊണ്ട് അതിന് പ്രതിവിധി തേടുന്നതിൽ ഇനിയും താമസം അരുത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.