മനസ്സിനെ മുറിവേൽപ്പിക്കുന്ന മാനസികാരോഗ്യ വിദഗ്ദ‍ർ,
ട്രോമയിലേക്ക് നയിക്കുന്ന ഉപദേശകർ

വ്യക്തികളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടവർ തന്നെ അത് കൂടുതൽ മോശമാക്കാൻ ശ്രമിച്ചാലോ? മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരിൽ നിന്ന് ഇത്തരം അനുഭവങ്ങൾ നേരിടുന്നവർ നിരവധിയാണ്. സ്ത്രീകളും ക്വിയർ വ്യക്തികളും വിവേചനം നേരിട്ടതിൻെറ അനുഭവങ്ങൾ ഏറെയാണ്. മാനസികാരോഗ്യ കേന്ദ്രങ്ങൾ എങ്ങനെയാണ് മനസ്സിനെ മുറിവേൽപ്പിക്കുന്ന കേന്ദ്രങ്ങളായി മാറുന്നത്? ഈ മേഖലയിലെ അടിസ്ഥാന സൗകര്യത്തിൻെറ കാര്യത്തിൽ സർക്കാർ ഒന്നും ചെയ്യാതിരിക്കുന്നത് എന്തുകൊണ്ടാണ്?

നുഷ്യരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മാനസികാരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലുമായി ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന മാനസികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം വളരെ കുറവാണ്. സോഷ്യൽ മീഡിയയുടെയും മറ്റും അതിപ്രസരമുള്ള പുതിയ കാലത്ത് മാനസികാരോഗ്യം ബുദ്ധിമുട്ടിലാവുന്നവരുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഒപ്പം, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധവും മാറിയിരിക്കുന്നു.

ഇന്ന് പൊതുഇടങ്ങളിൽ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യാനോ കൗൺസിലിംഗ് എടുക്കാനോ ഒന്നും ആരും മടിക്കാറില്ല. പുതുതലമുറയിലുള്ളവർ ഇക്കാര്യത്തിൽ ഏറെ മുന്നിലാണ്. മാനസികാരോഗ്യ കേന്ദ്രങ്ങൾ യഥാർഥത്തിൽ അവിടെ എത്തുന്നവരുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നുണ്ടോ? മെച്ചപ്പെടുത്തുകയല്ല, ഉള്ള മാനസികാരോഗ്യം മോശമാക്കുന്ന അനുഭവങ്ങൾ ഉള്ളവരുമുണ്ട്. അടിസ്ഥാനസൗകര്യങ്ങൾ കാലോചിതമായി മെച്ചപ്പെടുത്തുന്നില്ല എന്ന വസ്തുതയുമുണ്ട്. പലപ്പോഴും സർക്കാർ ബജറ്റിലടക്കം കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും പ്രായോഗികമായി അവയൊന്നും നടപ്പാവാത്ത അവസ്ഥയാണ്. മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരെ കേട്ട് അവരുടെ കാര്യങ്ങൾ പൂർണമായും മനസ്സിലാക്കി പരിഹരിച്ചു കൊടുക്കുവാനും മാനസിക സംരക്ഷണത്തിന് ഉതകുന്ന രീതിയിൽ നിർദ്ദേശങ്ങൾ നൽകുവാനും ചില ഡോക്ടർമാർ തയ്യാറാവുന്നില്ലെന്ന പ്രതിസന്ധിയുമുണ്ട്.

‘തനിക്ക് നേരിടേണ്ടി വന്നത് റേപ്പ് ഒന്നും അല്ലല്ലോ, അതിനെ ലൈംഗിക ചൂഷണം എന്ന് പോലും വിളിക്കാൻ പറ്റില്ല’ എന്നാണ് ഡോക്ടർ പറഞ്ഞത്. എൻെറ ജീവിതത്തിലുണ്ടായ, മാനസികാരോഗ്യത്തെ താറുമാറാക്കിയ പ്രശ്നത്തെ മാനസികാരോഗ്യ വിദഗ്ദനെന്ന് വിളിക്കപ്പെടുന്ന ഒരു ഡോക്ടർ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്.

മാനസികമായ പിരിമുറുക്കവും മറ്റ് ബുദ്ധിമുട്ടുകളും കാരണം മാസങ്ങളായി ചികിത്സ സഹായം തേടുന്ന മലപ്പുറം സ്വദേശി, തനിക്ക് കോഴിക്കോട് ജില്ലയിലെ കുതിരവട്ടം സർക്കാർ മാനസികരോഗ്യ കേന്ദ്രത്തിൽ നിന്ന് നേരിടേണ്ടി വന്ന അനുഭവം ട്രൂകോപ്പി തിങ്കിനോട് പങ്കുവെച്ചിരിക്കുകയാണ്:

“മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതിനാൽ കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ ഡോക്ടറെയാണ് ഞാൻ കണ്ടത്. ചെറുപ്പത്തിൽ ഉണ്ടായ ഒരു സംഭവം എനിക്ക് വലിയ ട്രോമയായിരുന്നു. അതെന്നെ പലപ്പോഴും മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കാറുണ്ട്. ആ പ്രശ്നം ഡോക്ടറുടെ സഹായത്തോടെ മാറ്റിയെടുക്കുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഞാൻ എന്താണോ ആഗ്രഹിച്ചത് അതല്ല നടന്നത്. പകരം എൻെറ മാനസികാരോഗ്യം കൂടുതൽ മോശമാക്കുന്ന അനുഭവമാണ് ഡോക്ടറുടെ അടുത്ത് നിന്നുണ്ടായത്. ഞാൻ പറയുന്നത് മുഴുവൻ കേൾക്കാൻ പോലും ഡോക്ടർ തയ്യാറായില്ല. അതൊരു സീനിയർ ഡോക്ടർ ആണെന്ന കാര്യമാണ് എന്നെ കൂടുതൽ പ്രയാസത്തിലാക്കിയത്. ‘തനിക്ക് നേരിടേണ്ടി വന്നത് റേപ്പ് ഒന്നും അല്ലല്ലോ, അതിനെ ലൈംഗിക ചൂഷണം എന്ന് പോലും വിളിക്കാൻ പറ്റില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എൻെറ ജീവിതത്തിലുണ്ടായ, മാനസികാരോഗ്യത്തെ താറുമാറാക്കിയ പ്രശ്നത്തെ മാനസികാരോഗ്യ വിദഗ്ദനെന്ന് വിളിക്കപ്പെടുന്ന ഒരു ഡോക്ടർ നിസ്സാരവൽക്കരിക്കുകയാണ് ചെയ്തത്. പാനിക് അറ്റാക്ക് ഉണ്ടാവുന്ന കാര്യം പറഞ്ഞപ്പോൾ, അതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്ന് കരുതി എല്ലാം പാനിക് അറ്റാക്കാണെന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്നോടൊപ്പം വന്ന എന്റെ സുഹൃത്തിന് അതേപ്പറ്റി പറ്റി ക്ലാസ് എടുത്തുകൊടുക്കുകയും ചെയ്തു. എനിക്കുണ്ടായത് അത്ര മോശം അനുഭവമൊന്നുമല്ല എന്ന് വരുത്തി തീർക്കാനായിരുന്നു ഡോക്ടറുടെ ശ്രമം. എന്നോട് മോശമായി പെരുമാറിയ വ്യക്തി അത്ര ക്രൂരനല്ലെന്നും, അങ്ങനെ ആയിരുന്നെങ്കിലും ഇതിലും വലുത് സംഭവിക്കുമായിരുന്നു എന്നൊക്കെയാണ് ഡോക്ടർ പറഞ്ഞത്. ആ വ്യക്തിയെ ന്യായീകരിക്കാനാണ് ഡോക്ടർ ശ്രമിച്ചത്. അത് അബദ്ധം പറ്റിയതാവാമെന്ന് പോലും പറഞ്ഞു. ഒരാളുടെ ജീവിതത്തിൽ ചെറുപ്പത്തിൽ ഉണ്ടായ ട്രോമാറ്റിക്കായ അനുഭവത്തെ എങ്ങനെയാണ് ഇത്തരത്തിൽ നിസ്സാരമായി കാണാൻ സാധിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല” - പെൺകുട്ടി പറഞ്ഞു.

കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രം
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രം

“സംഭവിച്ചത് കഴിഞ്ഞു, ഇനി അത് ഊതി പെരുപ്പിക്കേണ്ട ആവശ്യം ഒന്നും ഇല്ല. അത്രയ്ക്ക് ഒന്നും ഉണ്ടായിട്ടില്ലെന്നൊക്കെ ഡോക്ടർ പറഞ്ഞു. ആ രീതിയിൽ എൻെറ മനസ്സ് മാറ്റാനാണ് അദ്ദേഹം ശ്രമിച്ചത്. ആ പ്രായത്തിൽ എനിക്ക് നോ പറയാൻ സാധിക്കാഞ്ഞതാണ് പ്രശ്നമെന്ന് വരെ വാദിച്ചുനോക്കി. ഞാൻ പറയുന്ന കാര്യങ്ങളെ ലളിതമായ രീതിയിലാണ് കണ്ടത്. വിഷയം ചെറുതോ വലുതോ എന്നതിലപ്പുറം, അതൊരാളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെങ്കിൽ എത്ര ഗൗരവമുള്ളതാണെന്ന് മനസ്സിലാക്കാൻ പോലും ഡോക്ടർക്ക് സാധിക്കുന്നില്ലെന്നത് അത്ഭുതകരമായി തോന്നി. എനിക്ക് സംഭവിച്ച കാര്യങ്ങൾ അറിയാൻ അയാൾ കൂടുതൽ ആകാംക്ഷ കാണിക്കുന്നത് പോലെയും തോന്നി. ആദ്യമായിട്ടാണ് ഒരു കൌൺസിലിങ് കേന്ദ്രത്തിൽ നിന്ന് ഇത്തരം ഒരു അനുഭവം ഉണ്ടാവുന്നത്. അത് ഒരു സർക്കാർ ഡോക്ടറുടെ അടുത്ത് നിന്നാണെന്നതും അയാൾ വളരെ പരിചയമ്പത്തുള്ള ഡോക്ടറാണെന്നതും ശരിക്കും കൂടുതൽ ആശങ്കപ്പെടുത്തി. ലൈംഗികത, കന്യകാത്വം എന്നിവയൊന്നും വലിയ കാര്യമായിട്ട് കാണേണ്ട കാര്യമല്ലെന്നായിരുന്നു അയാളുടെ നിലപാട്. ആ വ്യക്തി ഒരു സോറി പറഞ്ഞാൽ തീരാവുന്നതേ ഉള്ളൂവെന്നും ഡോക്ടർ എന്നെ പറഞ്ഞ് മനസ്സിലാക്കാൻ നോക്കി” - പെൺകുട്ടി പറഞ്ഞു.

“മോശം അനുഭവത്തിന് ഇരയായ എൻെറ ഭാഗത്താണ് വീഴ്ചയെന്ന് വരുത്തിതീർക്കാൻ ഡോക്ടർ ശ്രമിച്ചുകൊണ്ടേയിരുന്നു. ഇനി ഈ വിഷയത്തിൽ ഒന്നും ചെയ്യേണ്ട, അയാളെ അയാളുടെ പാട്ടിന് വിട്ടേക്കൂ, ഇനി അയാളുടെ പേരിൽ ഒരു കേസ് കൊടുത്തിട്ടും കാര്യം ഒന്നുമില്ല. അയാൾ ഒക്കെ മറന്നു പോയത് പോലെ അല്ലേ ജീവിക്കുന്നത്. പിന്നെ നിനക്ക് മാത്രം എന്താ പ്രശ്നം? അയാളെ അയാളുടെ വഴിയ്ക്ക് ജീവിക്കാൻ വിട്ടൂടേ… ഇങ്ങനെയൊക്കെയായിരുന്നു ഉപദേശം. മലയാള സിനിമയിൽ അതിക്രമം നേരിട്ട നടിയുടെ കാര്യം നോക്കൂ, ആക്രമിക്കപ്പെട്ടിട്ടും അതിജീവിച്ചത് കണ്ടില്ലേയെന്ന് എന്നോട് ചോദിച്ചു. എല്ലാവരുടെയും സാഹചര്യവും അവസ്ഥയും ഒരുപോലെയല്ലെന്ന് ചിന്തിക്കാൻ ആ ഡോക്ടർക്ക് പറ്റുന്നില്ലെന്ന് എനിക്ക് മനസ്സിലായി. നിസ്സാരവൽക്കരിക്കലും ഉപദേശവുമൊക്കെ കേട്ട് എനിക്ക് അവിടെ നിന്ന് കരച്ചിൽ വന്നു, കൂടെ ഒരാൾ ഇല്ലായിരുന്നെങ്കിൽ ശരിക്കും തളർന്നു പോയേനെ...” മലപ്പുറം സ്വദേശിയായ പെൺകുട്ടി കൂട്ടിച്ചേർത്തു.

ഈ പെൺകുട്ടിക്കുണ്ടായത് ഒറ്റപ്പെട്ട വിഷയമല്ലെന്നതാണ് യാഥാർഥ്യം. പൊതുമേഖലയിലായാലും സ്വകാര്യ മേഖലയിലായാലും മാനസികാരോഗ്യ ഡോക്ടർമാരിൽ നിന്നും ഇത്തരം ക്ലാസ്സുകളും ഉപദേശങ്ങളും കിട്ടിയവർ നിരവധിയുണ്ട്. കൗൺസിലിങ്ങിന് എത്തുന്ന വ്യക്തികളുടെ പ്രശ്നം ഗൗരവമുള്ളതാണെന്ന് ഉൾക്കൊള്ളുകയെന്നതാണ് ഒന്നാമത്തെ കാര്യമെന്ന് കാസർഗോഡ് മുന്നാട് പീപ്പിൾസ് കോപ്പറേറ്റീവ് ആർട്സ് ആൻറ് സയൻസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസറും കൺസൾട്ടൻറ് സൈക്കോളജിസ്റ്റുമായ ഫർസീന എം റഹീം ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

മാനസികമായ ട്രോമ അനുഭവിച്ച് വരുന്ന വ്യക്തികൾ സ്വാഭാവികമായും വലിയ ബുദ്ധിമുട്ടിലൂടെ ആയിരിക്കും കടന്നുപോവുന്നത്. അത് മനസ്സിലാക്കാനും പഠിക്കാനുമുള്ള ക്ഷമ കൗൺസിലേഴ്സിനും സൈക്കോളജിസ്റ്റിനും വേണം. ട്രോമ അനുഭവിക്കുന്ന ഒരാളുടെ സാമൂഹിക ജീവിതം കൂടെ പരിഗണിച്ചുകൊണ്ടാവണം അവരോട് പെരുമാറേണ്ടത്.

“തങ്ങളുടെ അടുത്തെത്തുന്ന ഒരാൾ പെട്ടെന്ന് തന്നെ എല്ലാകാര്യങ്ങളും തുറന്ന് പറയുമെന്ന് കരുതുന്നിടത്താണ് ഒരു കൗൺസിലർ പരാജയപ്പെട്ട് പോകുന്നത്. ഇമോഷണൽ ബ്രേക്ക് ഡൌൺ ആയിട്ടാണ് ഓരോ വ്യക്തികളും കൗൺസിലിങ് സെൻററുകളെ സമീപിക്കുന്നത്. അത് ഓരോ വ്യക്തികളെയും ബാധിക്കുന്നത് വ്യത്യസ്ത തലങ്ങളിൽ ആയിരിക്കും. അതുകൊണ്ട് തന്നെ എനിക്ക് ഇങ്ങനെ സംഭവിച്ചപ്പോൾ ഞാൻ ഇങ്ങനെയാണ് ചെയ്തത്. അത്കൊണ്ട് നീയും ഇങ്ങനെ ചെയ്യണം എന്ന് നമ്മുക്ക് പറയാൻ പറ്റില്ല. എല്ലാവരുടെയടുത്തും ഒരേ സൈക്കോളജി അല്ലെങ്കിൽ ഒരേ കൗൺസിലിങ് മാർഗം തന്നെ ചെയ്താൽ മതിയെന്ന് കരുതുന്നിടത്താണ് പ്രശ്നം. ഓരോ വ്യക്തിയുടെയും പ്രശ്നം എന്തെന്ന് മനസ്സിലാക്കി, അതിൻെറ മറ്റ് സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമാവണം അവർക്ക് വേണ്ടിയുള്ള തെറാപ്പിയോ കൗൺസിലിങ്ങോ കൊടുക്കാൻ. സെക്ഷ്വൽ അബ്യൂസ് നേരിട്ട ഒരു ചൈൽഡ് ഹുഡ് ഉള്ള ഒരാൾക്ക് അത് ഭയങ്കര ട്രോമ നൽകുന്ന ഒന്നാണ്. ആ ട്രോമയെ ട്രീറ്റ് ചെയ്യുന്ന സമയത്ത് ആദ്യം ആലോചിക്കേണ്ടത് കൗൺസിലിങ്ങിന്റെ ഏറ്റവും വലിയ ഘടകം സഹാനുഭൂതി അഥവാ എംപതി ആണെന്നുള്ളതാണ്. കൗൺസിലിങ് ആവശ്യമുള്ള വ്യക്തി പറയുന്നത് പൂർണമായ അർത്ഥത്തിൽ അല്ലെങ്കിൽ അതേ വൈകാരിതയോടെ മനസ്സിലാക്കാനുള്ള സൈക്കോളജിസ്റ്റിന്റെ കഴിവിനെയാണ് സഹാനുഭൂതി എന്ന് പറയുന്നത്. അങ്ങനെ ആയാൽ മാത്രമേ അവർക്ക് എല്ലാം തുറന്ന് പറയാൻ പറ്റുകയുള്ളൂ” - അവർ പറഞ്ഞു.

  ഫർസീന  എം. റഹീം
ഫർസീന എം. റഹീം

“ഒരു സൈക്കോളജിസ്റ്റിന് തൻെറ അടുത്തെത്തുന്ന വ്യക്തിയുടെ മാനസിക ബുദ്ധിമുട്ടുകൾ കൃത്യമായി മനസ്സിലാക്കാൻ സാധിക്കണം. അതേ അർത്ഥത്തിൽ ഉൾകൊളാൻ കഴിയുന്നുണ്ട് എന്ന് അവർക്ക് പറയാൻ പറ്റണം. അല്ലാതെ പെട്ടെന്ന് തന്നെ ഇത് വളരെ സിംമ്പിൾ ആണ്. ഇതൊക്കെ എല്ലാവർക്കും സംഭവിക്കുന്ന കാര്യങ്ങൾ ആണ് എന്നൊക്കെ ഒരു സൈക്കോളജിസ്റ്റോ കൗൺസിലറോ പറയുന്നത് ശരിയായ കാര്യമല്ല. അത് പോലെ തന്നെ കൗൺസിലിങ്ങിൻെറ ആദ്യത്തെ സെക്ഷനിൽ തന്നെ അവർ എല്ലാ കാര്യങ്ങളും തുറന്ന് പറയണമെന്നില്ല. അതിന് അനുസരിച്ച് സെക്ഷൻ ക്രമീകരിക്കേണ്ടി വന്നേക്കാം. മാനസികമായ ട്രോമ അനുഭവിച്ച് വരുന്ന വ്യക്തികൾ സ്വാഭാവികമായും വലിയ ബുദ്ധിമുട്ടിലൂടെ ആയിരിക്കും കടന്നുപോവുന്നത്. അത് മനസ്സിലാക്കാനും പഠിക്കാനുമുള്ള ക്ഷമ കൗൺസിലേഴ്സിനും സൈക്കോളജിസ്റ്റിനും വേണം. ട്രോമ അനുഭവിക്കുന്ന ഒരാളുടെ സാമൂഹിക ജീവിതം കൂടെ പരിഗണിച്ചുകൊണ്ടാവണം അവരോട് പെരുമാറേണ്ടത്. വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവർ വ്യത്യസ്ത ബുദ്ധിമുട്ടുകളായിരിക്കും നേരിടുന്നത്. അതിനാൽ അത് മനസ്സിലാക്കിയാവണം പരിചരണം തീരുമാനിക്കേണ്ടത്. ആളുകൾ ഏത് മാനസികാവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് മനസ്സിലാക്കുന്നതാണ് പ്രധാനം” - ഫർസീന റഹീം വ്യക്തമാക്കി.

അത്രയധികം ശ്രദ്ധയോടെയും വെരിഫിക്കേഷനും ശേഷമാണ് സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരെ എടുക്കുന്നത്. അവർ പോലും സമൂഹത്തിന് ഗുണകരമാവുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നത് വലിയ പ്രതിസന്ധിയാണെന്ന് തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് അദ്വിക പറഞ്ഞു.

“ഞാൻ ഇന്റേൺഷിപ്പ് ചെയ്തത് ഒരു ഗവൺമെന്റ് സെന്ററിലായിരുന്നു. ആ ഘട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിച്ച ഒരു കാര്യം നമ്മുടെ സിസ്റ്റം വളരെ ഔട്ട്ഡേറ്റഡാണ് എന്നാണ്. നമ്മുടെ സമൂഹം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ പല മേഖലകളിലും പ്രവർത്തിക്കുന്നവരുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ട്. സർക്കാർ ആശുപത്രിയിലടക്കമുള്ള സൈക്കോളജിസ്റ്റുകൾ തങ്ങളുടെ മനോഭാവം മാറ്റേണ്ടതുണ്ട്. ഒരു മേഖലയെ മുഴുവൻ അടച്ചാക്ഷേപിക്കുകയല്ല. മാനസികാരോഗ്യം ബുദ്ധിമുട്ടിലാവുമ്പോഴാണല്ലോ ആളുകൾ കൗൺസിലിങ് സെൻററുകളെ സമീപിക്കുക. അവർ അനുഭവിക്കുന്ന മെന്റൽ ട്രോമയെ ചെറുതായി കാണുകയും മറ്റുള്ള കേസുകളുമായി താരതമ്യം ചെയ്യുമ്പോഴും, ഇതൊന്നും വലിയ പ്രശ്നം അല്ല എന്നൊക്കെ പറയുമ്പോഴും അവരുടെ പ്രശ്നങ്ങൾ കൂടുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉപദേശം ലഭിക്കുന്ന വ്യക്തികൾക്ക് തങ്ങളോട് തന്നെ ദേഷ്യം വരികയും വെറുപ്പും കുറ്റബോധവും ഒക്കെ കൂടുകയും ചെയ്യും. ഇത് ആത്മഹത്യ പ്രവണത വരെ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കൂടി ഓർക്കണം. യോഗ്യത ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ നല്ല സൈക്കോളജിസ്റ്റോ കൗൺസിലറോ ആവുന്നില്ല. മാനസികാരോഗ്യ മേഖലയലുള്ള ഡോക്ടർമാർ അൽപം കൂടി പ്രതിബദ്ധത കാണിക്കേണ്ടതുണ്ട്. തങ്ങളുടെ അടുത്തെത്തുന്ന രോഗികളുമായി മാനസികമായി ഒരു അടുപ്പം ഉണ്ടാക്കിയെടുക്കുക എന്നതാണ് ചെയ്യേണ്ടത്. ഒട്ടും ജഡ്ജിമെന്റൽ ആവാതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൗൺസിലിങ് എന്നാൽ ഒരാൾക്ക് ഉപദേശം കൊടുക്കുക എന്നതല്ലെന്ന് മനസ്സിലാക്കണം. അങ്ങനെയുള്ള ഉപദേശികളല്ല കൗൺസിലേഴ്സ് ആവേണ്ടതെന്നാണ് വ്യക്തിപരമായ അഭിപ്രായം” - അദ്വിക പറഞ്ഞു.

“സമൂഹം വളരെ ജഡ്ജ്മെന്റൽ ആയിട്ടാണ് വ്യക്തികളെ കാണുന്നത്. ആൾക്കാരെ കാണുന്ന ഒരു സമൂഹം ആണ്. അതുകൊണ്ട് തന്നെ ആശുപത്രികളിൽ പോകുന്നത് തന്നെ വലിയ തെറ്റായിട്ടാണ് കാണുന്നത്. ഒരു പെൺകുട്ടി തനിക്കുണ്ടായ മോശം അനുഭവവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കാൻ ആലോചിക്കുകയാണെങ്കിൽ ആദ്യം അവളുടെ സ്വഭാവം ഇഴകീറി പരിശോധിക്കുകയാണ് സമൂഹം ചെയ്യുക. ആ പ്രശ്നത്തിന് കാരണക്കാരി പെൺകുട്ടി തന്നെയാണ് എന്ന വിലയിരുത്തലാവും പിന്നീടുണ്ടാവുക. ഇനി കേസ് കൊടുക്കുമ്പോഴും, സിസ്റ്റം നമുക്കൊപ്പം നിന്നെന്ന് വരില്ല. സുതാര്യമായതും സത്യസന്ധവുമായ അന്വേഷണം നടക്കുമെന്ന് ഒരിക്കലും ഉറപ്പിക്കാൻ സാധിക്കില്ല. എതിർകക്ഷികൾ സമൂഹത്തിൻെറ മുകൾത്തട്ടിലുള്ളവരാണെങ്കിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കേസ് അട്ടിമറിക്കുകയൊക്കെ ചെയ്തേക്കും. അതിനാൽ തന്നെ പോലീസിൽ കേസ് കൊടുത്ത് ഈ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാമെന്ന് കരുതുക വയ്യ. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും വിഷയം പൊതുസമൂഹത്തോട് പറയുക എന്നതാണ് മറ്റൊരു വഴി. അവിടെയും പ്രതിസന്ധികളും പ്രശ്നങ്ങളുമൊക്കെ ഉണ്ടാവില്ലെന്ന് പറയാനാവില്ല. മാനസിക ബുദ്ധിമുട്ടുകൾ എന്നുപറയുന്നത് ശരീരത്തിന് അസുഖം വരുന്നത് പോലെത്തന്നെ സ്വാഭാവികമാണെന്ന് നമ്മുടെ സമൂഹം എപ്പോഴാണോ അംഗീകരിക്കുന്നത് അന്ന് മാത്രമേ ഇക്കാര്യത്തിൽ മാറ്റം വരികയുള്ളൂ,”- അദ്വിക പറയുന്നു.

തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് അദ്വിക
തിരുവനന്തപുരം പി.ആർ.എസ് ആശുപത്രിയിലെ സൈക്കോളജിസ്റ്റ് അദ്വിക

സർക്കാർ മാനസികരോഗ്യ കേന്ദ്രങ്ങളിൽ മാത്രമല്ല, സർക്കാർ വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ജീവനി കൗൺസിലിങ് സെന്ററുകളുടെ അവസ്ഥയും ഇതുപോലൊക്കെ തന്നെയാണ്. വീടുകളിലെ പ്രശ്നങ്ങൾ വിദ്യാലയങ്ങളിലെ കൗൺസിലിങ് സെന്ററുകളിൽ അവതരിപ്പിക്കപ്പെടുമ്പോൾ അത് വൈകാതെ തന്നെ വീടുകളിൽ അറിയിക്കുമെന്ന അവസ്ഥയും നിലവിലുണ്ട്. ഇതുകൊണ്ട് വിദ്യാർഥികൾക്ക് ഗുണത്തേക്കാളേറെ ദോഷമാവും ഉണ്ടാവുക. “പ്രതിസന്ധികളിൽ വിദ്യാർഥികളെ സഹായിക്കുകയാണ് ഇത്തരത്തിലുള്ള കൗൺസിലിങ് സെന്ററുകൾ ചെയ്യേണ്ടത്. വീടുകളിലും വിദ്യാലയങ്ങളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും മാനസികാരോഗ്യം സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ എങ്ങനെയാണ് സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ സാധിക്കുക?” അദ്വിക ചോദിക്കുന്നു.

“കുട്ടികൾ തങ്ങൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം രക്ഷിതാക്കളോട് സംവദിക്കുകയെന്നത് വളരെ സ്വാഭാവികമായ കാര്യമാണ്. ചില വിഷയങ്ങൾ അവിടെ പരിഹരിക്കപ്പെടണമെന്നില്ല. ഇത്തരം ഘട്ടങ്ങളിൽ അവർ വിദ്യാലയങ്ങളിലെ കൗൺസിലിങ് സെന്ററുകളെ സമീപിച്ച് കാര്യങ്ങൾ വിശദീകരിച്ചേക്കാം. വളരെ ഗൗരവമുള്ള പല കാര്യങ്ങളും കുട്ടികൾ പറഞ്ഞേക്കാം. കുട്ടിയുടെ ജീവന് പോലും ഭീഷണി ആവുന്ന കാര്യങ്ങൾ പറഞ്ഞാൽ അത് രക്ഷിതാക്കളെ അറിയ്ക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാൽ അതിൽ നമ്മൾ പരിഗണിക്കേണ്ടത് ആ കുട്ടിയെ കൂടിയുമാണ്. കുട്ടി രഹസ്യസ്വഭാവം കണക്കിലെടുത്ത് ഒരു കാര്യം പറയുമ്പോൾ അത് നമ്മൾ രക്ഷിതാക്കളോട് പറഞ്ഞാൽ അവിടെ ഉണ്ടാവുന്നത് വലിയ രീതിയിലുള്ള ധാർമ്മിക ലംഘനമാണ്. വിദ്യാലയങ്ങളിൽ കൗൺസിലിങ് ചെയ്യുന്നവർ സ്റ്റാഫ് റൂമിലടക്കം ഒരു വിദ്യാർത്ഥിയുടെ പ്രശ്നം പങ്ക് വെയ്ക്കുന്നുണ്ടെങ്കിൽ അത് ഗുരുതരമായ വിഷയമാണ്. കൗൺസിലറോട് പങ്കുവെക്കുന്ന കാര്യങ്ങൾ ഇങ്ങനെ പൊതുഇടങ്ങളിൽ ചർച്ചയ്ക്ക് വെക്കുന്നുണ്ടെങ്കിൽ അവർ യഥാർഥത്തിൽ കൗൺസിലിങ് പഠിച്ചവരല്ലെന്ന് കരുതേണ്ടിവരും. നമ്മുടെ വീടുകളിൽ തന്നെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉയർന്നുവരണം. എല്ലാവർക്കും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ബോധവൽക്കരണം നൽകിയിരിക്കണം. മാനസികാരോഗ്യം അടിസ്ഥാനപരമായ പ്രശ്നമാണെന്ന് ധാരണയുണ്ടാവണം” - അദ്വിക കൂട്ടിച്ചേർത്തു.

കോഴിക്കോട് കുതിരവട്ടത്ത് 1872ൽ തുടങ്ങിയ മാനസികാരോഗ്യ ആശുപത്രിയിൽ പ്രതിമാസം 3000-ത്തോളം രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ 472 രോഗികൾക്കായുള്ള താമസ സൗകര്യം മാത്രമേ ഈ മാനസികാരോഗ്യകേന്ദ്രത്തിൽ ഉള്ളൂവെന്നത് വലിയ പരിമിതിയാണ്.

മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് വിവേചനം നേരിട്ടവരിൽ ലൈംഗിക ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്നുണ്ട്. സർക്കാർ ആശുപത്രിയിലെ സൈക്കോളജിസ്റ്റുകളുടെ ഭാഗത്തുനിന്ന് തനിക്കുണ്ടായ അനുഭവം വിശദീകരിച്ചിരിക്കുകയാണ് ക്വീയർ വ്യക്തിയായ കോഴിക്കോട് സ്വദേശി.

ലൈംഗിക ന്യൂനപക്ഷങ്ങളെ അംഗീകരിക്കാൻ തുടങ്ങുന്ന ഒരു സമൂഹമാണ് നമ്മുടേത്. സമൂഹം കാരണവും അല്ലാതെയും ഞങ്ങൾ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകൾ ഏറെയാണ്. എന്നാൽ, പ്രശ്നങ്ങൾ കേൾക്കാനോ അത് പരിഹരിക്കാനോ ആത്മാർഥമായ ശ്രമം സർക്കാർ ആശുപത്രിയിലെ സൈക്കോളജിസ്റ്റുകളുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടാവാറില്ലെന്നത് അനുഭവമാണ്. തലശ്ശേരി ഗവൺമെന്റ് ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റിന്റെ അടുത്താണ് ഞാൻ പോയത്. ഞാൻ ഒരു ക്വീയർ പേർസൺ ആണെന്ന കാര്യം തുറന്നുപറഞ്ഞപ്പോൾ തന്നെ മോശം പ്രതികരണമാണ് തിരികെ കിട്ടിയത്. എൻെറ ലൈംഗികതാൽപര്യങ്ങൾ എന്താണെന്ന് അറിയുന്നതിനുള്ള ചോദ്യമാണ് അവരിൽ നിന്നുയർന്നത്. ‘നീ ബൈസെക്ഷ്വൽ അല്ലേ, പിന്നെ എന്തിനാണ് ക്വിയർ എന്ന് പറയുന്നത് എന്നൊക്കെ ചോദിച്ചു. എൻെറ സ്വത്വത്തെ ചോദ്യം ചെയ്യുന്നതായാണ് എനിക്ക് തോന്നിയത്. വല്ലാതെ ആശങ്കയും തോന്നി. ഒരാൾ ഏത് ഐഡന്റിറ്റി സ്വീകരിക്കണമെന്ന് അവരുടെ താല്പര്യം ആണെന്ന് പറഞ്ഞതിന് ശേഷം വല്ലാതെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ് പിന്നീട് അങ്ങോട്ട് സംസാരിച്ചത്. ആ ഇടപെടലും സംസാരവും വല്ലാതെ നിരാശപ്പെടത്തുന്നതായിരുന്നു. കൗൺസിലിങ് കൊണ്ട് ഗുണത്തേക്കാൾ ദോഷം ഉണ്ടാവുന്നതായി തോന്നി. പിന്നെ ഞാൻ അവിടെ കൗൺസിലിങ്ങിന് പോയിട്ടില്ല. എന്റെ ഒരു സുഹൃത്തിനും ഈ സൈക്കോളജിസ്റ്റിന്റെ അടുത്തു നിന്ന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ക്വീയർ പേർസൺ ആണെന്ന് പറഞ്ഞപ്പോൾ, മനസ്സിലുള്ള ഫാൻറസികളെക്കുറിച്ച് തുറന്ന് സംസാരിക്കാനാണ് സൈക്കോളജിസ്റ്റ് ആവശ്യപ്പെട്ടത്” - കോഴിക്കോട് സ്വദേശി ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.

കേരളത്തിൽ പൊതുമേഖലയിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ പ്രധാനമായും മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളാണ് നിലവിലുള്ളത്. കോഴിക്കോട് കുതിരവട്ടത്ത് സ്ഥിതി ചെയ്യുന്ന മാനസികാരോഗ്യ കേന്ദ്രം, തൃശ്ശൂർ അരണാട്ടുകരയിലുള്ള സർക്കാർ മാനസികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം ഊളമ്പാറയിൽ പ്രവർത്തിക്കുന്ന മാനസികരോഗ്യകേന്ദ്രം എന്നിവയാണ് ഈ മൂന്ന് കേന്ദ്രങ്ങൾ. കോഴിക്കോട് കുതിരവട്ടത്ത് 1872ൽ തുടങ്ങിയ മാനസികാരോഗ്യ ആശുപത്രിയിൽ പ്രതിമാസം 3000-ത്തോളം രോഗികൾ ചികിത്സയ്ക്കായി എത്തുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ 472 രോഗികൾക്കായുള്ള താമസ സൗകര്യം മാത്രമേ ഈ മാനസികാരോഗ്യകേന്ദ്രത്തിൽ ഉള്ളൂവെന്നത് വലിയ പരിമിതിയാണ്. 1870-ൽ സ്ഥാപിതമായ തിരുവനന്തപുരം മാനസികരോഗ്യകേന്ദ്രത്തിലും രോഗികൾക്ക് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ ഇപ്പോഴും വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കിടത്തിചികിത്സക്കുള്ള സൗകര്യങ്ങളുടെ കുറവാണ് ഇതിൽ ഏറ്റവും പ്രധാനം.

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കൗൺസിലർ അഹർനാഥ് മഹൂർ വിശദീകരിച്ചു:

മെഡിക്കൽ കൗൺസിലർ അഹർനാഥ് മഹൂർ
മെഡിക്കൽ കൗൺസിലർ അഹർനാഥ് മഹൂർ

“2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമമനുസരിച്ച് മാനസികരോഗികളെ കിടത്തി ചികിത്സിക്കുന്ന സർക്കാർ മേഖലയിലേതുൾപ്പെടെയുള്ള സ്ഥാപനങ്ങൾ മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം. മാനസികാരോഗ്യ സംരക്ഷണനിയമം വന്ന് വർഷങ്ങൾ പിന്നിട്ടിട്ടും സ്ഥാപനങ്ങളുടെ നിലവാരവും നടത്തിപ്പും സംബന്ധിച്ച മാനദണ്ഡത്തിന്റെ കരടുപോലും തയ്യാറാക്കാത്തതിനാൽ സംസ്ഥാനത്തെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിനും മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ സ്ഥിരം രജിസ്ട്രേഷനില്ല. ഒരു വ്യക്തിയ്ക്ക് മാനസികമായി ബുദ്ധിമുട്ടുകൾ ആരംഭിച്ച് കഴിഞ്ഞാൽ തുടർച്ചയായി ചികിത്സയും പരിചരണവും ആവശ്യമായ വിഭാഗത്തിലാണ് ഗുരുതരമായ മാനസികരോഗങ്ങൾ ഉൾപ്പെടുക. ഇത്തരത്തിലുള്ള രോഗികൾക്ക് പരിചരണവും മരുന്നും നിർബന്ധമായിട്ടും വേണം. സ്വകാര്യ മാനസിക കേന്ദ്രങ്ങളിൽ പോയാൽ ഡോക്ടർമാരുടെ ഫീസ്, സൈക്കോളജിസ്റ്റിന്റെ ഫീസ്, കെയർ ടെക്കേഴ്സിന്റെ ഫീസ്, മരുന്ന്, ഭക്ഷണം, ലാബ് ചിലവ് തുടങ്ങിയവ എല്ലാമടക്കം പ്രതിമാസം 30000 രൂപയ്ക്കടുത്ത് വരും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഈ തുക താങ്ങാവുന്നതിലും അപ്പുറമാണ്. സർക്കാർ മാനസികാരോഗ്യകേന്ദ്രങ്ങളെ മാത്രമേ ആശ്രയിക്കാൻ പറ്റുകയുള്ളൂ. എന്നാൽ 400 പേരെ മാത്രം ചികിത്സിക്കാനുള്ള സൗകര്യം മാത്രമാണ് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഉള്ളതെന്നത് വലിയ പ്രതിസന്ധിയാണ്. താമസസൗകര്യം ആവശ്യമുള്ള നിരവധി പേർ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്. നിലവിൽ കേരളത്തിലെ മൂന്ന് കേന്ദ്രങ്ങളിലും താങ്ങാൻ പറ്റുന്നതിലധികം പേരെ ചികിത്സിക്കുന്ന അവസ്ഥയുണ്ട്. ഇതിനൊപ്പം തന്നെ കുറ്റവാളികളെയും, കേസിന്റെ വിചാരണ സമയത്ത് മാനസികാസ്വാസ്ഥ്യം ഉണ്ടായ വ്യക്തികളെയും താമസിപ്പിക്കാനുള്ള ഫോറൻസിക് വാർഡുമുണ്ട്” - അഹർനാഥ് വ്യക്തമാക്കി.

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്തുന്നതിൽ സർക്കാരിന് വലിയ ഉത്തരവാദിത്വമുണ്ട്. രോഗികളുടെ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി, അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടത് ആരോഗ്യവകുപ്പാണ്. വ്യക്തികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ എണ്ണം കൂട്ടാനും സർക്കാർ മുൻകയ്യെടുക്കണം. ഒരു സമൂഹത്തിൻെറ പുരോഗതിയിൽ വ്യക്തികളുടെ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. ആ പ്രാധാന്യം മനസ്സിലാക്കിയാണ് സർക്കാർ ഇടപെടൽ ഉണ്ടാവേണ്ടത്. കൂടുതൽ ജാഗ്രതയോടെയുള്ള ഇപെടലാണ് പ്രതീക്ഷിക്കുന്നത്.

Comments