തൊഴിൽ ‘രാജധർമ്മ’മാകുമ്പോൾ
ക്ലാസ് മുറികളിൽ എന്തു പഠിപ്പിക്കണം?

തൊഴിലാളികളുടെ ‘പദവിയെ' സംബന്ധിച്ച് ഏറെ ആശങ്ക ഉണർത്തുന്ന കേന്ദ്ര സർക്കാറിന്റെ നാല് ലേബർ കോഡുകളുടെ പ്രത്യാഘാതം പൊതുവിദ്യാഭ്യാസത്തിന്റെ ക്ലാസ് മുറികളിൽ എങ്ങനെയായിരിക്കും പ്രതിഫലിക്കാൻ പോകുന്നത് എന്ന് പരിശോധിക്കുന്നു, ഡോ. സ്മിത പി. കുമാർ.

2025 ഒക്ടോബർ എട്ടിന് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ തൊഴിൽ നയത്തിന്റെ കരട് (Shram Shakti Niti 2025 Draft) മനുസ്മൃതിയെ പരാമർശിച്ചും അതിനെ ആധാരമാക്കിക്കൊണ്ടുള്ള സാമൂഹിക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അധ്വാനത്തെ ‘ധാർമ്മിക കടമ’യായും ‘പവിത്ര’മായ ആശയമായും അവതരിപ്പിക്കുന്നു.

2047- ലെ വികസിത് ഭാരതത്തിനുവേണ്ട ‘തൊഴിൽ ശക്തി’ എന്ന ലക്ഷ്യവുമായി യോജിച്ച്, സർക്കാർ, വ്യവസായം, തൊഴിലാളികൾ എന്നിവർക്കിടയിൽ വ്യക്തിഗത അവകാശങ്ങളെക്കാൾ അവരുടെ കടമയെ ഊന്നിപ്പറയുന്ന ഒരു ‘ധാർമ്മിക ഉടമ്പടി’യായാണ് പുതിയ തൊഴിൽനയം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.

‘ഇന്ത്യൻ ലോകവീക്ഷണത്തിൽ, ജോലി എന്നത് കേവലം ഉപജീവനമാർഗ്ഗമല്ല, മറിച്ച് ധർമ്മത്തിന്റെ (നീതിപൂർവ്വകമായ കടമ) വിശാലമായ ക്രമത്തിലേക്കുള്ള സംഭാവനയാണ്. ഈ വീക്ഷണം എല്ലാ തൊഴിലാളിയെയും - ഒരു കരകൗശല വിദഗ്ധനോ, കർഷകനോ, അധ്യാപകനോ, വ്യാവസായിക തൊഴിലാളിയോ ആകട്ടെ - സാമൂഹിക സൃഷ്ടിയുടെ ചക്രത്തിലെ ഒരു അനിവാര്യ പങ്കാളിയായി അംഗീകരിക്കുന്നു’ എന്ന് തൊഴിൽ നയം അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. പുരാണ ഹിന്ദു ഗ്രന്ഥങ്ങളെ - മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി, നാരദസ്മൃതി, ശുക്രനീതി, അർത്ഥശാസ്ത്രം എന്നിവയാണ് രാജ്യത്തെ തൊഴിൽനയത്തിന്റെ മാർഗനിർദേശകതത്വമായി സ്വീകരിച്ചിരിക്കുന്നത് എന്നത് അപകടകരമായ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

20 പേജുള്ള കരട് തൊഴിൽ നയരേഖയിൽ തൊഴിലാളികളുടെ സാർവ്വ ദേശീയ സാമൂഹിക സുരക്ഷയെയോ പുതിയ തൊഴിൽ സൃഷ്ടിയെക്കുറിച്ചോ ഒരൊറ്റ വാചകം പോലും കടന്നുവരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
20 പേജുള്ള കരട് തൊഴിൽ നയരേഖയിൽ തൊഴിലാളികളുടെ സാർവ്വ ദേശീയ സാമൂഹിക സുരക്ഷയെയോ പുതിയ തൊഴിൽ സൃഷ്ടിയെക്കുറിച്ചോ ഒരൊറ്റ വാചകം പോലും കടന്നുവരുന്നില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ധാർമ്മിക പ്രവർത്തനമായി തൊഴിലിനെ പ്രോത്സാഹിപ്പിക്കുന്നതിനായി കർമ്മയോഗം (നിസ്വാർത്ഥ പ്രവർത്തനം) പോലുള്ള ആശയങ്ങളെ തൊഴിൽനയത്തിന്റെ ചട്ടക്കൂട് സ്വീകരിക്കുമ്പോൾ, അത് നീണ്ട തൊഴിലാളിവർഗ്ഗ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ആധുനിക തൊഴിൽ സംരക്ഷണ സാഹചര്യങ്ങളെ ദുർബലപ്പെടുത്തുക തന്നെ ചെയ്യും. ഹിന്ദു തത്വചിന്തയിൽ ധർമ്മം, ഒരാളുടെ വർണ്ണം (ജാതി), ആശ്രമം (ജീവിതഘട്ടം) എന്നിവയാൽ രൂപപ്പെടുത്തിയ നീതിപൂർവകമായ കടമയെ പരാമർശിക്കുന്നു, ഒപ്പം, ചരിത്രപരമായി ശ്രേണിപരമായ റോളുകളെ ന്യായീകരിക്കുകയും ചെയ്യുന്നു. ജാതിവിഭജനങ്ങളെ പ്രതിധ്വനിപ്പിക്കുന്ന വർണ്ണാധിഷ്ഠിത ധർമത്തെയാണ് തൊഴിൽനയം മാർഗനിർദേശകതത്വമായി സ്വീകരിച്ചിരിക്കുന്നത് എന്നത് ജാതിവിവേചനവും അപരവത്കരണവും ശക്തമായി നിൽക്കുന്ന മോദികാല ഇന്ത്യയിൽ തൊഴിലാളികളുടെ 'പദവിയെ ' സംബന്ധിച്ച് ഏറെ ആശങ്ക ഉണർത്തുന്നു. തൊഴിലിടങ്ങളെ നിലവിൽ തന്നെ നിയന്ത്രിക്കുന്ന, പറയപ്പെടാത്ത ജാതി ഘടനകളും ജാതിവിവേചനവും തുടരുന്ന ഇന്ത്യയിൽ, ഇത്തരമൊരു തൊഴിൽനയം വൈദഗ്ധ്യമുള്ള ജോലികളിൽ നിന്നുള്ള ദലിത് / ആദിവാസി /ന്യൂനപക്ഷ വിഭാഗങ്ങളുടെ ഒഴിവാക്കൽ വർദ്ധിപ്പിക്കാനും ഇടയാക്കും.

തൊഴിലവകാശങ്ങൾ വെട്ടിക്കുറക്കുകയും, സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കുമേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ഒരു ഗവൺമെന്റ് ജാതിശ്രേണിയെ പരിപാവനമായി കണക്കാക്കുന്ന മനുസ്മൃതിയെ തങ്ങളുടെ മാർഗ്ഗനിർദ്ദേശഗ്രന്ഥമായി കണക്കാക്കിയതിൽ അത്ഭുതമൊന്നുമില്ല.

അധ്വാനത്തെ ‘രാജധർമ്മ’വുമായും നിസ്വാർത്ഥ കർമ്മയോഗവുമായും ബന്ധിപ്പിക്കുന്നതിലൂടെ, കരട് നയം വ്യക്തിഗത അവകാശങ്ങളെക്കാൾ പൊതുവായ സംരക്ഷണത്തിനാണ് മുൻഗണന നൽകുന്നത്. 2025 ഒക്ടോബർ 21 ന് പ്രാബല്യത്തിൽ വന്ന മോദി സർക്കാരിന്റെ നാലു ലേബർ കോഡുകൾ സംബന്ധിച്ച വിമർശനങ്ങളെ ഇത് ശരിവെക്കുന്നു. നിയമനം / പിരിച്ചുവിടൽ എന്നീ പ്രക്രിയകളെ ലഘൂകരിക്കുന്നതിലൂടെയും പണിമുടക്കുകൾ നിയന്ത്രിക്കുന്നതിലൂടെയും "ഈസ് ഓഫ് ഡൂയിങി’നനുകൂലമായ സാഹചര്യങ്ങളാണ് പുതിയ നയത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ഇന്ത്യ അംഗീകരിച്ച അന്താരാഷ്ട്ര തൊഴിൽ സംഘടനാ മാനദണ്ഡങ്ങൾ ലംഘിച്ച്, മിനിമം വേതനത്തിനോ യൂണിയനുകൾക്കോ വേണ്ടിയുള്ള ആവശ്യങ്ങൾ മറികടന്ന്, ‘ധർമ്മം’ നിറവേറ്റുന്നതിനായി, ഗിഗ് എക്കണോമിയിൽ 12 മണിക്കൂർ ഷിഫ്റ്റുകൾ പോലുള്ള, തൊഴിലാളികളെ ചൂഷണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളിലായിരിക്കും ഇത് കൊണ്ടെത്തിക്കുക എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്തെ തൊഴിൽ നിയമങ്ങൾ കുത്തക കമ്പനികൾക്ക് അനുരൂപമാകുന്ന വിധത്തിൽ ഭേദഗതി ചെയ്യുകയും തൊഴിലവകാശങ്ങൾ വെട്ടിക്കുറക്കുകയും, സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കുമേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത ഒരു ഗവൺമെന്റ് ജാതിശ്രേണിയെ പരിപാവനമായി കണക്കാക്കുന്ന മനുസ്മൃതിയെ തങ്ങളുടെ മാർഗ്ഗനിർദ്ദേശഗ്രന്ഥമായി കണക്കാക്കിയതിൽ അത്ഭുതമൊന്നുമില്ല.

ഗിഗ് എക്കണോമിയിൽ 12 മണിക്കൂർ ഷിഫ്റ്റുകൾ പോലുള്ള, തൊഴിലാളികളെ  ചൂഷണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് ലേബർ കോഡിലൂടെ വരാൻ പോകുന്നത്.
ഗിഗ് എക്കണോമിയിൽ 12 മണിക്കൂർ ഷിഫ്റ്റുകൾ പോലുള്ള, തൊഴിലാളികളെ ചൂഷണത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളാണ് ലേബർ കോഡിലൂടെ വരാൻ പോകുന്നത്.

20 പേജുള്ള കരട് തൊഴിൽ നയരേഖയിൽ പക്ഷേ തൊഴിലാളികളുടെ സാർവ്വ ദേശീയ സാമൂഹിക സുരക്ഷയെയോ പുതിയ തൊഴിൽ സൃഷ്ടിയെക്കുറിച്ചോ ഒരൊറ്റ വാചകം പോലും കടന്നുവരുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

"ധർമ്മത്തിലേക്കുള്ള സംഭാവന" എന്ന നിലയിൽ ജോലിയെ ചിത്രീകരിക്കുന്നത് കഠിനാധ്വാനത്തെ കാല്പനികവൽക്കരിക്കുകയും, മോശം തൊഴിൽ സാഹചര്യങ്ങളോടുള്ള പ്രതിരോധങ്ങളെ നിരുത്സാഹപ്പെടുത്താനും സാധ്യതയുണ്ട്. ഇന്ത്യയിലെ തൊഴിലാളികളിൽ 90% പേരും കുറഞ്ഞ വേതനവും, തൊഴിൽ സുരക്ഷാസംവിധാനങ്ങളുടെ അഭാവവും നിലനിൽക്കുന്ന അനൗപചാരിക മേഖലയിലാണ്. പുതിയ തൊഴിൽനയ ചട്ടക്കൂട് ഈ ദുർബലതകളെ കൂടുതൽ വഷളാക്കാക്കുക തന്നെ ചെയ്യും. ഇത്തരത്തിൽ ‘ചൂഷണപരമായ സ്ഥിതിയെ നിയമാനുസൃതമാക്കുകയായിരിക്കും’ കേന്ദ്ര ഭരണകൂടത്തിന്റെ പുതിയ തൊഴിൽനയം ചെയ്യുക.

ഈ വിധം പരിവർത്തിപ്പിക്കപ്പെടുന്ന തൊഴിൽ ശാലകളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള ഭാവി തൊഴിൽസേനയെ ഒരുക്കുക എന്ന ദൗത്യം നിർവഹിക്കപ്പെടുന്നത് ഇനി രാജ്യത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ക്ലാസ് മുറികളിലായിരിക്കും എന്ന് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്ന ദേശീയനയം ഉൾപ്പെടെയുള്ള പുതിയ പരിഷ്‌കാരങ്ങൾ വ്യക്തമാക്കുന്നുണ്ട്.

ഡിജിറ്റൽ കഴിവുകളിലെ വിടവ് ജാതിയും വർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇപ്പോഴും ഇന്ത്യയിലെ 10 കോടിയിലധികം സ്കൂൾ കുട്ടികൾക്ക് വീട്ടിലോ സ്കൂളിലോ ഡിജിറ്റൽ ഉപകരണങ്ങളിലേക്കും ഇന്റർനെറ്റിലേക്കും അർത്ഥവത്തായ പ്രവേശനം ലഭിച്ചിട്ടില്ല എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

വളരെ ചെറുപ്പത്തിലുള്ള തൊഴിൽ പരിശീലനങ്ങളും അതിനായി പ്രാദേശിക വ്യവസായ ശാലകളുമായും നൈപുണി വികസന ലാബുകളുമായും വിദ്യാലയങ്ങളെ ബന്ധിപ്പിച്ചു പ്രവർത്തിക്കുന്നതും, ആവശ്യമുള്ളപ്പോൾ പഠനം നിർത്താനും പിന്നീട് തുടരാനുമുള്ള ദേശീയ വിദ്യാഭ്യാസനയത്തിലെ സംവിധാനങ്ങൾ വിദ്യാലങ്ങളിൽ നിന്ന് നേരിട്ട് ഫാക്ടറികളിലേക്ക് തൊഴിലാളികളെയും നൈപുണികളെയും റിക്രൂട്ട് ചെയ്യാനുള്ള വഴിയൊരുക്കും എന്ന് കരട് തൊഴിൽനയം പറഞ്ഞു വെക്കുന്നുണ്ട്. (Recognition of Prior Learning and community-based skilling will enable informal and returning workers to secure formal qualifications, creating a continuous pipeline of educated, adaptable talent).

തൊഴിൽശാലയ്ക്ക്
അനുരൂപമാക്കുന്ന
ക്ലാസ് മുറികൾ

"2025 ആകുമ്പോഴേക്കും സ്കൂൾ, ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠിക്കുന്നവരിൽ കുറഞ്ഞത് 50% പേർക്കെങ്കിലും തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ലഭ്യമാക്കണം" എന്നത് ദേശീയ വിദ്യാഭ്യാസനയത്തിന്റെ പ്രധാന ലക്ഷ്യമാണ്. ആറാം ക്ലാസ് മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കണം എന്നാണ് NEP (Paras 13.8–13.10, NEP) നിർദേശിക്കുന്നത്. ഒപ്പം തൊഴിലധിഷ്ഠിത - അക്കാദമിക വിഷയങ്ങൾ തമ്മിൽ കർശനമായ വേർതിരിവുകൾ പാടില്ല എന്നും കൂട്ടിച്ചേർക്കുന്നുണ്ട്. കമ്പോളത്തിനുവേണ്ട നൈപുണികളുടെ വികസനം മാത്രം ലക്‌ഷ്യം വെക്കുന്ന ഒന്നായി വിദ്യാഭ്യാസത്തെ വിഭാവനം ചെയ്യുകയും, അതിനു സൗകര്യപ്രദമാവുന്നവിധം സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഉൾപ്പെടെയുള്ള വിവിധ പഠന മേഖലകളുടെ ഘടനാപരമായ മാറ്റവും, മൾട്ടിപ്പിൾ എൻട്രി- എക്സിസ്റ്റ്, ക്രെഡിറ്റ് ബാങ്ക് സംവിധാനങ്ങളുമാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടു വെയ്ക്കുന്നത്.

നൈപുണ്യമുള്ള തൊഴിൽശക്തിയുടെ നിരന്തര പ്രവാഹം തൊഴിൽ മേഖലയിലേക്ക് ലഭ്യമാക്കാൻ വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ടതാണോ ദേശീയ വിദ്യാഭ്യാസനയമെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്, പുതിയ തൊഴിൽനയത്തിന്റെ കരട്. തൊഴിൽ നയത്തിന്റെ കരടിൽ ദേശീയ ദൗത്യങ്ങളുമായുള്ള സംയോജനം (6) എന്ന വിഭാഗത്തിൽ വിദ്യാഭ്യാസ നയം ഈ കാര്യം ഉറപ്പു വരുത്തുന്നത് എങ്ങനെയെന്ന് പരാമർശിക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ദേശീയ വിദ്യാഭ്യാസനയം ഊന്നൽ നൽകുന്ന ബഹുവിഷയ വിദ്യാഭ്യാസ സമീപനത്തിന്  (multidisciplinary approach) കടകവിരുദ്ധമാണ് നിർബന്ധിത നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസ  പരിഷ്‌ക്കാരങ്ങൾ.
യഥാർത്ഥത്തിൽ ദേശീയ വിദ്യാഭ്യാസനയം ഊന്നൽ നൽകുന്ന ബഹുവിഷയ വിദ്യാഭ്യാസ സമീപനത്തിന് (multidisciplinary approach) കടകവിരുദ്ധമാണ് നിർബന്ധിത നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ.

തൊഴിൽവൽക്കരണം, ആജീവനാന്ത പഠനം, വിദ്യാഭ്യാസത്തിനും തൊഴിലിനും ഇടയിലുള്ള തടസ്സമില്ലാത്ത പ്രവാഹം എന്നിവയ്ക്ക് NEP ഊന്നൽ നൽകുന്നുവെന്നും, തൊഴിൽസുരക്ഷ, നൈപുണ്യ സർട്ടിഫിക്കേഷൻ, സംരംഭകത്വ ഉള്ളടക്കം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന ദാതാക്കൾ, വ്യവസായം എന്നിവയ്ക്കിടയിൽ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലൂടെയും ‘ശ്രംശക്തി നീതി- 2025’ ഈ ബന്ധം പ്രവർത്തനക്ഷമമാക്കുന്നു എന്നും തൊഴിൽനയം പറയുന്നു. ഈ വിധം വിദ്യാഭ്യാസ നയത്തെ പ്രത്യേകം പരാമർശിക്കുന്ന ഒരു തൊഴിൽ നയം സ്വതന്ത്ര ഇന്ത്യയിൽ ആദ്യത്തേത് കൂടിയാവും.

സ്കൂളുകളിൽ 6-8 വരെയുള്ള ഗ്രേഡുകളിൽ പ്രതിവർഷം 10 ദിവസമെങ്കിലും "ബാഗില്ലാത്ത ദിവസങ്ങൾ" വഴി തൊഴിൽ പരിചയം നൽകണമെന്നും, പ്രാദേശിക ആവശ്യങ്ങൾക്കനുസൃതമായി മരപ്പണി, മൺപാത്രങ്ങൾ, പൂന്തോട്ട പരിപാലനം തുടങ്ങിയ കരകൗശല മേഖലയിലെ പ്രാദേശിക വിദഗ്ധരുമായി ഇന്റേൺഷിപ്പുകൾ നടത്തുന്നതിന് സഹായകമായ വിധം തൊഴിൽ പരിശീലന പരിപാടി ക്രമീകരിക്കണം എന്നുമാണ് ദേശീയ വിദ്യാഭ്യാസനയം നിർദേശിക്കുന്നത്.
പാഠപുസ്തകങ്ങളേക്കാൾ അനുഭവപരമായ പഠനത്തിന് പ്രാധാന്യം നൽകുന്ന, ഫ്ലെക്സിബിൾ ആയ ഇലെക്റ്റീവുകൾ, ഓൺലൈൻ കോഴ്സുകൾ, അപ്രന്റീസ്ഷിപ്പുകൾ എന്നിവയിലൂടെ ഇത് 9-12 ഗ്രേഡുകളിലേക്ക് വ്യാപിക്കുകയും ചെയ്യും.

ദേശീയ വിദ്യാഭ്യാസത്തിന്റെ ഈ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള വഴിയായിട്ടാണ് പി.എം ശ്രീയുടെ (Pradhan Mantri Schools for Rising India- PM SHRI) ''മാതൃകാ സ്കൂൾ'' വികസിപ്പിക്കുന്നത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും സംയോജിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. PM SHRI സ്കൂളുകളിൽ പ്രായോഗിക കഴിവുകൾ വികസിപ്പിക്കുന്നതിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിലേക്കുള്ള വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത മെച്ചപ്പെടുത്തുന്നതിനും ആധുനിക ബോധനശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങിയ മറ്റ് ഘടകങ്ങൾക്കൊപ്പം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സംയോജിപ്പിക്കുന്നു. നൈപുണ്യ ലാബുകളുടെ നിർമ്മാണം, വ്യവസായങ്ങൾ, സെക്ടർ സ്കിൽ കൗൺസിലുകൾ എന്നിവയുമായുള്ള സഹകരണം, വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനും നൈപുണ്യ വികസനത്തിനും അവസരങ്ങൾ നൽകൽ എന്നിവയിലൂടെയാണ് PM SHRI സ്കൂളുകൾ വിദ്യാഭ്യാസത്തിന്റെ തൊഴിൽവൽക്കരണം നടപ്പിലാക്കുക.

വിദ്യാർത്ഥികൾ ഇനി നൈപുണ്യ വികസനം ഒരു ഇലെക്റ്റിവ് ആയല്ല, മറിച്ച്, പ്രധാന വിഷയമായി തന്നെ പഠിക്കേണ്ടിവരും. പഠനം കഴിഞ്ഞിറങ്ങുന്ന ദിവസം മുതൽ തൊഴിൽ ശക്തിക്ക് തയ്യാറായ ബിരുദധാരികളെ സൃഷ്ടിക്കുക എന്ന ദീർഘ ലക്‌ഷ്യം കൂടി മുൻനിർത്തിയുള്ളതാണ് ഈ മാറ്റം.

PM SHRI നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പല സംസ്ഥാനങ്ങളിലും നിലനിൽക്കുമ്പോൾ തന്നെയാണ് 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം (Skill-Based Learning) നിർബന്ധമാക്കുന്നതിനുള്ള പദ്ധതികൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിക്കുന്നത്‌. കാലങ്ങളായി, ഇന്ത്യൻ സ്കൂളുകളിൽ നൈപുണ്യാധിഷ്ഠിത വിദ്യാഭ്യാസം ഓപ്ഷണൽ ആയിരുന്നു, പലപ്പോഴും തിരഞ്ഞെടുത്തതോ അനുബന്ധ കോഴ്സുകളോ ആയിട്ടാണ് ഇത് നൽകുന്നത്. ഇനി 11, 12 ക്ലാസുകൾ മുതൽ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഔപചാരികവും അവിഭാജ്യവുമായ ഭാഗമാക്കുന്നു എന്നാണ് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ദക്ഷിണപാത ഉച്ചകോടിയിൽ പങ്കെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്.

ഇതുപ്രകാരം വിദ്യാർത്ഥികൾ ഇനി നൈപുണ്യ വികസനം ഒരു ഇലെക്റ്റിവ് ആയല്ല, മറിച്ച്, പ്രധാന വിഷയമായി തന്നെ പഠിക്കേണ്ടിവരും. പഠനം കഴിഞ്ഞിറങ്ങുന്ന ദിവസം മുതൽ തൊഴിൽ ശക്തിക്ക് തയ്യാറായ ബിരുദധാരികളെ സൃഷ്ടിക്കുക എന്ന ദീർഘ ലക്‌ഷ്യം കൂടി മുൻനിർത്തിയുള്ളതാണ് ഈ മാറ്റം എന്ന് മന്ത്രാലയം സൂചിപ്പിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ദേശീയ വിദ്യാഭ്യാസനയം ഊന്നൽ നൽകുന്ന ബഹുവിഷയ വിദ്യാഭ്യാസ സമീപനത്തിന് (multidisciplinary approach) കടകവിരുദ്ധമാണ് ഈ നിർബന്ധിത നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ. പാഠ്യ - പഠ്യേതര / മേജർ - മൈനർ / കോർ - സബ്സിഡിയറി വേർതിരിവുകളില്ലാതെ പാഠ്യപദ്ധതിയിലും, വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള വിഷയങ്ങളിലും, ഒരേസമയം വിവിധങ്ങളായ വിഷയങ്ങളിലും പഠനം തുടരാം (ഈ നിർദേശങ്ങൾക്കെല്ലാം ഒട്ടേറെ പരിമിതികളുണ്ട് എന്നതിനപ്പുറം) എന്നുമുള്ള ദേശീയ വിദ്യാഭ്യാസനയത്തിന്റെ തന്നെ വീക്ഷണങ്ങൾക്കു വിരുദ്ധമാണ് നൈപുണ്യ പരിശീലനത്തിന്റെ അടിച്ചേൽപ്പിക്കൽ.

ഇനി 11, 12 ക്ലാസുകൾ മുതൽ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഔപചാരികവും അവിഭാജ്യവുമായ ഭാഗമാക്കുന്നു എന്നാണ് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന  ദക്ഷിണപാത ഉച്ചകോടിയിൽ പങ്കെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്.
ഇനി 11, 12 ക്ലാസുകൾ മുതൽ നൈപുണ്യ അധിഷ്ഠിത വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഔപചാരികവും അവിഭാജ്യവുമായ ഭാഗമാക്കുന്നു എന്നാണ് മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ദക്ഷിണപാത ഉച്ചകോടിയിൽ പങ്കെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞത്.

സ്കൂൾ തലം തൊട്ട് 12-ാം ക്ലാസ് വരെ നീളുന്ന തൊഴിൽ സംയോജിത വിദ്യാഭ്യാസത്തിൽ ഡിജിറ്റൽ ശേഷികൾ ആർജ്ജിക്കുക എന്നതൊരു പ്രധാന ഉദ്ദേശ്യമാണ്. ഡിജിറ്റൽ കഴിവുകളിലെ വിടവ് ജാതിയും വർഗ്ഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, ഇപ്പോഴും ഇന്ത്യയിലെ 10 കോടിയിലധികം സ്കൂൾ കുട്ടികൾക്ക് വീട്ടിലോ സ്കൂളിലോ ഡിജിറ്റൽ ഉപകരണങ്ങളിലേക്കും ഇന്റർനെറ്റിലേക്കും അർത്ഥവത്തായ പ്രവേശനം ലഭിച്ചിട്ടില്ല എന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ ഡിജിറ്റൽ വിടവ് സാമൂഹിക- സാമ്പത്തിക, പ്രാദേശിക അസമത്വങ്ങളെ കൂടുതൽ ആഴത്തിലാക്കുകയും പൊതുവിദ്യാഭ്യാസത്തിന്റെ തുല്യതാ സങ്കൽപ്പങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യും. ഇതിനുപുറമെ സ്കൂളുകളിലെ പശ്ചാത്തല വികസനം, അധ്യാപക പരിശീലനം, അപ്രന്റീസ്ഷിപ്പുകൾക്കായുള്ള വ്യവസായ- സ്കൂൾ ബന്ധങ്ങൾ എന്നിങ്ങനെയുള്ള പരിമിതികൾ കൊണ്ടോ, സവിശേഷ പ്രാദേശിക സാഹചര്യങ്ങൾ കൊണ്ടോ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിലെ നിർബന്ധിത ഇന്റേൺഷിപ്പുകളോ പ്രായോഗിക അനുഭവങ്ങളോ ചിലപ്പോൾ ഉപരിപ്ലവമോ ഘടനാരഹിതമോ ചൂഷണ സാധ്യതയുള്ളതോ ആകാനുള്ള സാദ്ധ്യതകൾ ഏറെയാണ്. സ്കൂൾ വിദ്യാഭ്യാസത്തിൽ അപ്രന്റീസ്ഷിപ്പ് പോലുള്ള പരിശീലന പരിപാടികൾ ആറാം ക്ലാസ് മുതൽ തന്നെ നടപ്പിലാക്കുന്നത് സാമൂഹിക അസമത്വങ്ങൾ തുടരുന്നതിനും , കുലത്തൊഴിൽ പോലുള്ള ജാതിഅധിഷ്ഠിത / ശ്രേണീബന്ധമായ തൊഴിലുകളിലേക്ക് അതേ സമൂഹത്തിലുള്ള വിദ്യാർത്ഥികൾ പോവാനുള്ള സാധ്യത വർധിപ്പിക്കാനും ഇടയുണ്ട്.

ജാതിഘടനയെ ആഴത്തിലാക്കുന്ന
നൈപുണ്യ / തൊഴിൽ വിദ്യാഭ്യാസം

ഭരണഘടനാപരമായ സമത്വകൽപ്പനകൾ ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ജാതിശ്രേണികളെ അപനിർമ്മിക്കുന്നതിന് സഹായകരമായിട്ടില്ലെന്ന് കാണാം. കൊളോണിയൽ ഘടനയിലും സ്വാതന്ത്ര്യാനന്തര വരേണ്യതയിലും വേരൂന്നിയ വിദ്യാഭ്യാസം, പ്രവേശനം, പാഠ്യപദ്ധതി, ബോധന ശാസ്ത്രം, സ്ഥാപന സംസ്കാരം, തൊഴിൽ എന്നിവയിലൂടെ ജാതി അടിസ്ഥാനമാക്കിയുള്ള വേർതിരിക്കലുകളും അരിച്ചുമാറ്റലുകളും തുടർന്നു പോരുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം ജാതിയെ തകർക്കുന്നതിൽ പരാജയപ്പെടുന്നുവെന്നല്ല, മറിച്ച്, അത് അങ്ങനെ ചെയ്യാൻ പാകത്തിലല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് യാഥാർഥ്യം. ജാതി പുനരുൽപ്പാദിപ്പിക്കുന്ന പ്രക്രിയയായി, സവർണ്ണ സവിശേഷാധികാരങ്ങൾക്ക് കാവൽ നിൽക്കുന്ന ഒന്നായി വിദ്യാഭ്യാസം വർത്തിച്ചുപോരുന്നു. അരികുവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള വിദ്യാർത്ഥികളെ പഠനാന്തരീക്ഷങ്ങളിലും, പ്രവർത്തനങ്ങളിലും താഴ്ന്നതലങ്ങളിൽ തന്നെ തുടരാൻ നിർബന്ധിതമാക്കുന്ന ഒരു ജാതിഘടന തൊഴിലിടങ്ങളിലെന്നപോലെ വിദ്യാലയങ്ങളിലും നിലനിൽക്കുന്നുണ്ട് എന്നതൊരു വസ്തുതയാണ്.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം ജാതിശ്രേണികളെ അപനിർമ്മിക്കുന്നതിന് സഹായകരമായിട്ടില്ലെന്ന് കാണാം. വിദ്യാഭ്യാസം ജാതിയെ തകർക്കുന്നതിൽ പരാജയപ്പെടുന്നുവെന്നല്ല, മറിച്ച്, അത് അങ്ങനെ ചെയ്യാൻ പാകത്തിലല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതാണ് യാഥാർഥ്യം.

അധീശ പ്രത്യയശാസ്ത്രം കൈമാറുന്നതിനും അത് ‘സാമാന്യബുദ്ധി’യെന്നോ സാധുവായ ഒരേയൊരു ലോകവീക്ഷണമാണെന്നോ തോന്നിപ്പിക്കുന്നതിനുമുള്ള ‘ആധിപത്യ ഉപകരണങ്ങളായി’ (hegemonic devices ) പാഠ്യപദ്ധതികളും അധ്യാപന രീതികളും സ്കൂൾ നിയമങ്ങളും മാറുന്നുണ്ട്. വിദ്യാഭ്യാസനയങ്ങളും ഈ വിധം പലപ്പോഴും നിലവിലുള്ള സാമൂഹിക അസമത്വങ്ങളെ പുനർനിർമ്മിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. അക്കാദമിക് ‘ട്രാക്കിംഗ്’ (വിദ്യാർത്ഥികളെ വ്യത്യസ്ത വിദ്യാഭ്യാസ പാതകളിലേക്ക് സ്ട്രീം ചെയ്യുന്നത്) പോലുള്ള രീതികൾ വിദ്യാർത്ഥികളെ അവരുടെ സാമൂഹിക വർഗ്ഗത്തെ അടിസ്ഥാനമാക്കിയുള്ള കരിയർ പാതകളിലേക്ക് നയിക്കുന്നതിലൂടെ അസമത്വത്തെ സ്ഥാപനവൽക്കരിക്കുന്നു.

NEP നിർദേശിക്കുന്ന വിദ്യാഭ്യാസത്തിന്റെ ആദ്യകാലങ്ങളിൽ തന്നെയുള്ള നൈപുണ്യ ട്രാക്കിങ് മനുസ്മൃതിയിലെ വർണ്ണവ്യവസ്ഥയെ പ്രതിഫലിപ്പിക്കുന്ന വിധം, ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വേർതിരിവ് നിലനിർത്തുന്നതിലേക്കാണ് നയിക്കുക എന്ന് പ്രമുഖ എഴുത്തുകാരനും മനുഷ്യാവകാശ പ്രവർത്തകനുമായ ആനന്ദ് തെൽതുംബ്ദെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

NEP നിർദേശിക്കുന്ന വിദ്യാഭ്യാസത്തിന്റെ ആദ്യകാലങ്ങളിൽ തന്നെയുള്ള നൈപുണ്യ ട്രാക്കിങ് ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വേർതിരിവ് നിലനിർത്തുന്നതിലേക്കാണ് നയിക്കുക എന്ന് ആനന്ദ് തെൽതുംബ്ദെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
NEP നിർദേശിക്കുന്ന വിദ്യാഭ്യാസത്തിന്റെ ആദ്യകാലങ്ങളിൽ തന്നെയുള്ള നൈപുണ്യ ട്രാക്കിങ് ജാതി അടിസ്ഥാനമാക്കിയുള്ള തൊഴിൽ വേർതിരിവ് നിലനിർത്തുന്നതിലേക്കാണ് നയിക്കുക എന്ന് ആനന്ദ് തെൽതുംബ്ദെ ചൂണ്ടിക്കാണിക്കുന്നുണ്ട്.

"11-12 വയസ്സിൽ തൊഴിൽ പരിശീലനം ആരംഭിക്കുന്നത് മനുസ്മൃതി തൊഴിൽവിഭജനത്തെ പുനർനിർമ്മിക്കുന്നു - കരകൗശലവസ്തുക്കൾക്ക് ശൂദ്രർ, അറിവിന് ബ്രാഹ്മണർ" എന്ന വിധം ജാതിശ്രേണിയുടെ പുനർനിർമാണമായിരിക്കും നടക്കുക എന്ന് വിദ്യാഭ്യാസനയത്തിലെ തൊഴിലധിഷ്ഠിത വ്യവസ്ഥകളെക്കുറിച്ചു അദ്ദേഹം വിമർശനം ഉയർത്തുന്നു. ചരിത്രപരമായി തന്നെ, പാർശ്വവൽക്കരിക്കപ്പെട്ടതോ സാമ്പത്തികമായി ദുർബലരായതോ ആയ വിഭാഗങ്ങളിൽ നിന്നുള്ള "അക്കാദമിക് നിലവാരം കുറഞ്ഞ"(ആരോപിക്കപ്പെടുന്ന) വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്നതാണ് തൊഴിലധിഷ്ഠിത ട്രാക്കുകൾ എന്ന ഒരു പൊതുകാഴ്ചപ്പാട് ഈ മേഖലയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. സമ്പന്ന കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് മെഡിസിൻ, എഞ്ചിനീറിങ്, സിവിൽ സർവീസ് എന്നീ മേഖലകളിലേക്ക് നയിക്കുന്ന ശുദ്ധമായ അക്കാദമിക് ധാരകൾക്ക് മുൻഗണന നൽകുന്നത് തുടരുകയും, അതേസമയം ദരിദ്രരായ വിദ്യാർത്ഥികളെ ജാതിബന്ധിതമായതോ, കുലത്തൊഴിലുകളിലേക്കോ തള്ളിവിടുന്ന പ്രവണതയെ ഉറപ്പിക്കുകയും ചെയ്യുന്നതാണ് വിദ്യാഭ്യാസനയത്തിന്റെ സമീപനം.

വിദ്യാഭ്യാസത്തിന്റെ ജ്ഞാന - വിമോചന സങ്കല്പങ്ങൾക്കും, അതിന്റെ സർഗാത്മക പ്രയോഗങ്ങൾക്കും പകരം, പഠനപ്രക്രിയകൾ പൂർണ്ണമായും നൈപുണ്യ വികസനത്തിൽ ഊന്നുന്നതിലും, തൊഴിൽവൽക്കരണം ലക്ഷ്യമിടുന്നതിലുമായി പരിമിതപ്പെട്ട വിദ്യാഭ്യാസ നയം പ്രയോഗപരമായി എങ്ങനെയായിരിക്കും എന്നത് വ്യക്തമായ സൂചന നൽകുന്നുണ്ട്. അതുറപ്പായും സ്വതന്ത്രചിന്തയുള്ള ഒരു ജനതയ്ക്ക് പകരം കുത്തക മുതലാളിത്തത്തിനുവേണ്ട അടിമത്തൊഴിലാളികളുടെ കൂട്ടത്തെ സൃഷ്ടിക്കുന്ന പ്രക്രിയയായി മാറും എന്ന് നിസ്സംശയം പറയാം. പ്രത്യേകിച്ച് വിദ്യാഭ്യാസനയം നിർബന്ധമായും പ്രയോഗവൽക്കരിക്കാൻ ബാധ്യതപ്പെട്ട സർക്കാർ വിദ്യാലയങ്ങൾ, അവിടെ നിലനിൽക്കുന്ന പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു നൈപുണ്യ വികസന പരിശീലന പരിപാടികൾ തിരഞ്ഞെടുത്താൽ ശ്രേണീകൃതമായ ജാതി ഘടനയിലും സമ്പദ് ഘടനയിലും ബന്ധിതമായ തൊഴിൽ സേനയെ ആയിരിക്കും സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പുറത്തിറക്കുന്നുണ്ടാവുക. (2023- 24 ലെ ഡാറ്റ പ്രകാരം മൊത്തം വിദ്യാർത്ഥി ജനസംഖ്യയിൽ 50% വിദ്യാർത്ഥികൾ സർക്കാർ സ്കൂളുകളിലാണ്. അതോടൊപ്പം മൊത്തം വിദ്യാലങ്ങളിലെ ഏതാണ്ട് 69% വും സർക്കാർ മേഖലയിലുമാണ് എന്നത് ഓർക്കണം).

ദേശീയ വിദ്യാഭ്യാസനയം നിർബന്ധമായും പ്രയോഗവൽക്കരിക്കാൻ ബാധ്യതപ്പെട്ട സർക്കാർ വിദ്യാലയങ്ങൾ, പ്രാദേശിക സാഹചര്യങ്ങൾക്കനുസരിച്ചു നൈപുണ്യ വികസന പരിശീലന പരിപാടികൾ തിരഞ്ഞെടുത്താൽ ശ്രേണീകൃതമായ ജാതിഘടനയിലും സമ്പദ് ഘടനയിലും ബന്ധിതമായ തൊഴിൽസേനയെ ആയിരിക്കും സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം പുറത്തിറക്കുന്നുണ്ടാവുക.

ആദിവാസി മേഖലകളിൽ, പരമ്പരാഗത ജാതി-ബന്ധിത തൊഴിലുകളെ പ്രതിഫലിപ്പിക്കുന്ന തൊഴിൽ പരിശീലന പ്രവർത്തങ്ങളായിരിക്കും (കരകൗശലവസ്തുക്കൾ, വനവൽക്കരണം, ചെറുകിട വനവിഭവ ശേഖരണം) സ്കൂളുകൾ ഏറ്റെടുക്കേണ്ടിവരിക. ബസ്തറിൽ നിന്നുള്ള 2024- ലെ ഒരു റിപ്പോർട്ട് കാണിക്കുന്നത്, ആശ്രമ ശാല വിദ്യാർത്ഥികൾക്ക് നൽകുന്ന തൊഴിലധിഷ്ഠിത “എക്‌സ്‌പോഷറിന്റെ” 82%- വും മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണത്തിലും ടെൻഡു- ലീഫ് ശേഖരണത്തിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ്.

തൊഴിലിനെ
വിശുദ്ധപശുവാക്കുന്ന
വിദ്യാഭ്യാസം

തൊഴിൽ വിപണിയിലെ വൈദഗ്ധ്യമുള്ള മനുഷ്യശക്തിയുടെ ആവശ്യകതയെ നേരിട്ട് അഭിസംബോധന ചെയ്യുന്നവിധം ചെറുപ്പം മുതലേ ഇന്റേൺഷിപ്പുകളും അപ്രന്റീസ്ഷിപ്പുകളും ഉൾപ്പെടെ വിദ്യാഭ്യാസത്തിലുടനീളം തൊഴിലധിഷ്ഠിത ബോധനവും പ്രായോഗിക പരിശീലനങ്ങളും സംയോജിപ്പിക്കുന്ന NEP, ഏതുതരം തൊഴിലാളി വർഗ്ഗത്തെ ആയിരിക്കും പാകപ്പെടുത്തിയെടുക്കുന്നത് എന്നതിന് ചരിത്രത്തിൽ ഉദാഹരണമുണ്ട്.

1936 അവസാനത്തോടെ ഹിറ്റ്‌ലർ ഒരു ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കി. ആ തൊഴിൽ പരിശീലന പരിപാടി അങ്ങനെ വളരെ പെട്ടെന്ന് ഒരു പുണ്യപശുവായി മാറി - വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്തത്ര ജനപ്രിയമായി.
1936 അവസാനത്തോടെ ഹിറ്റ്‌ലർ ഒരു ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കി. ആ തൊഴിൽ പരിശീലന പരിപാടി അങ്ങനെ വളരെ പെട്ടെന്ന് ഒരു പുണ്യപശുവായി മാറി - വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്തത്ര ജനപ്രിയമായി.

തൊഴിലാളികളുടെ വർഗബോധം നശിപ്പിക്കുന്നതിന് തൊഴിൽ പരിശീലനം എങ്ങനെ ആയുധമായി ഉപയോഗിക്കാമെന്ന് ഹിറ്റ്ലർക്ക് പരിചയപ്പെടുത്തുന്നത് കാൾ ആറ്ൺഹോൾഡ് (Carl Arnhold) എന്ന വ്യക്തിയാണ്. തൊഴിൽ പരിശീലനത്തോടൊപ്പം രാഷ്ട്രീയ പ്രബോധനവും (political indoctrination) ചേർന്നുള്ളതായിരുന്നു ‘ആറ്ൺഹോൾഡ് - പ്രചോദിത’ തൊഴിലധിഷ്ഠിത പാഠ്യപദ്ധതി. മാത്രമല്ല, മാനേജ്മെന്റിന്റെ വീക്ഷണത്തെ വിലമതിക്കാനായി ഫാക്ടറി വിദ്യാഭ്യാസം ഉൽപാദനപ്രക്രിയയുമായി കഴിയുന്നത്ര അടുത്ത് സംയോജിപ്പിച്ചും പരിശീലനം മുഴുവൻ വ്യക്തിയെയും ഉൾക്കൊള്ളുന്ന വിധത്തിൽ, അതായത്, അവരുടെ മുഴുവൻ ജീവിതരീതിയെയും സ്വാധീനിക്കുന്നതായിരിക്കണമെന്നും ആറ്ൺഹോൾഡ് വാദിച്ചു.

1936 അവസാനത്തോടെ ഹിറ്റ്‌ലർ ഒരു ദേശീയ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനം സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ ഊർജിതമാക്കി. യുദ്ധസമ്പദ്‌വ്യവസ്ഥയുടെ സഹായികളായി സേവിക്കാൻ സൃഷ്ടിക്കപ്പെട്ടതാണെങ്കിലും, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉടൻ ഈ റോളിനെ മറികടന്നു. ആ തൊഴിൽ പരിശീലന പരിപാടി അങ്ങനെ വളരെ പെട്ടെന്ന് ഒരു പുണ്യപശുവായി മാറി - വിമർശനങ്ങൾ ഉന്നയിക്കാൻ കഴിയാത്തത്ര ജനപ്രിയമായി. പാഠ്യപദ്ധതികൾ (ഉൽപ്പാദനേതര പഠന കോഴ്സുകളിലുള്ളവർ ഉൾപ്പെടെ) കൃത്യത, ക്ഷമ, അനുസരണം എന്നിവ പരിശീലിപ്പിക്കുന്നതായിരുന്നു. വർക്ക്ഷോപ്പ് സ്കൂളിനെ മാറ്റിസ്ഥാപിച്ചുകഴിഞ്ഞാൽ, സാമൂഹികവും രാഷ്ട്രീയവുമായ സംഘാടനത്തിന്റെ കേന്ദ്രമായി ഫാക്ടറി യൂണിയനെയും, തൊഴിലുടമ രാഷ്ട്രീയ നേതാവിനെയും ധാർമ്മിക വഴികാട്ടിയായി മാറ്റിസ്ഥാപിക്കുമെന്ന് ആറ്ൺഹോൾഡ് വാദിച്ചു. (once the workshop had replaced the school, the factory would replace ·the union as the nucleus of social and political organization, and the employer the political leader as moral guide).

വൈവിധ്യങ്ങളായ അക്കാദമിക വിഷയങ്ങൾക്കുള്ള പ്രാധാന്യം കുറക്കുകയും സ്കൂൾ കാലയളവിൽ തന്നെ വ്യവസായ / വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോവാനുള്ള ശേഷികൾ ആർജ്ജിക്കാൻ പാകത്തിൽ പരുവപ്പെടുത്തുന്ന ഭാവി തൊഴിലാളി സേനയ്ക്ക് നഷ്ടമാവുക ‘തൊഴിലാളിവർഗ്ഗ ബോധം’ ആയിരിക്കും.

വ്യക്തിവിമോചനമോ, മനുഷ്യന്റെ സമഗ്ര വികസനമോ അല്ല, മറിച്ച്, വംശീയ വിശുദ്ധി, സൈനികത, തീവ്രദേശീയത എന്നിവയുടെ പ്രത്യയശാസ്ത്രം എല്ലാ വിഷയങ്ങളിലും ഉൾപ്പെടുത്തി വിദ്യാഭ്യാസത്തിൽനിന്ന് അനുസരണയുള്ള സൈനികരെയും രാജ്യത്തിനായുള്ള തൊഴിലാളികളെയും സൃഷ്ടിക്കുംവിധമാണ് നാസി ജർമ്മനിയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ചിട്ടപ്പെടുത്തിയത്.

ഇന്ത്യൻ സാഹചര്യത്തിലും സംഘപരിവാർ ഭരണ കാലയളവിലെ വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ വിശകലനം ചെയ്യുമ്പോൾ വിദ്യാഭ്യാസം പ്രത്യയശാസ്ത്ര അടിച്ചേൽപ്പിക്കലിനും അതി ദേശീയതാബോധം വളർത്തിയെടുക്കാനും ആയുധമാക്കുന്നതിൽ ഘടനാപരമായ സമാനതകൾ കാണാം. രണ്ടും ബഹുസ്വരതയുടെ അന്വേഷണത്തേക്കാൾ ഭരണകൂട പ്രത്യയശാസ്ത്രത്തിന് മുൻഗണന നൽകുകയും ഒരു പ്രബല (ആര്യൻ / ഹിന്ദു) സ്വത്വത്തോടുള്ള വിശ്വസ്തത വളർത്തിയെടുക്കാൻ ചരിത്രം / ശാസ്ത്രം എന്നിവയെ ഉപയോഗിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ ഒരിക്കൽപ്പോലും മിനിമം വേതനത്തിൽ വർധനവ് വരുത്താൻ മോദി സർക്കാർ തയ്യാറാകാത്തതിന് പിന്നിലെ കാരണങ്ങൾ വേറെ തിരയേണ്ടതില്ല.
കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ ഒരിക്കൽപ്പോലും മിനിമം വേതനത്തിൽ വർധനവ് വരുത്താൻ മോദി സർക്കാർ തയ്യാറാകാത്തതിന് പിന്നിലെ കാരണങ്ങൾ വേറെ തിരയേണ്ടതില്ല.

വൈവിധ്യങ്ങളായ അക്കാദമിക വിഷയങ്ങൾക്കുള്ള പ്രാധാന്യം കുറക്കുകയും സ്കൂൾ കാലയളവിൽ തന്നെ വ്യവസായ / വിപണി സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുപോവാനുള്ള ശേഷികൾ ആർജ്ജിക്കാൻ പാകത്തിൽ പരുവപ്പെടുത്തുന്ന ഭാവി തൊഴിലാളി സേനയ്ക്ക് നഷ്ടമാവുക ‘തൊഴിലാളിവർഗ്ഗ ബോധം’ ആയിരിക്കും. നിലവിൽ തന്നെ ‘തൊഴിലാളികൾ' എന്ന വിഭാഗത്തിൽ ഉൾപ്പെടാത്ത അനേകായിരങ്ങൾ രാജ്യത്തിന്റെ അനൗപചാരിക തൊഴിൽ മേഖലയിൽ പണിയെടുക്കുന്നുണ്ട്. ‘തൊഴിലാളികൾ’ ആയി അവരെ പരിഗണിക്കാത്തതുകൊണ്ടു തന്നെ മാന്യമായ വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടി നിരന്തരം ഭരണകൂടങ്ങളോട് സമരം ചെയ്യേണ്ടിവരുന്നവരാണ് അവർ. തൊഴിലിനെ രാജധർമ്മമായും മനുസ്മൃതിയെ മാർഗ്ഗരേഖയായും കണക്കാക്കുന്നവർക്ക് തൊഴിലവകാശങ്ങൾ, ന്യായമായ വേതനം തുടങ്ങിയ ആധുനിക കാഴ്ചപ്പാടുകളെ ഉൾക്കൊള്ളാൻ കഴിയില്ലെന്നതിന്റെ തെളിവുകൾ നമ്മുടെ മുന്നിലുണ്ട്. കഴിഞ്ഞ എട്ട് വർഷക്കാലയളവിൽ ഒരിക്കൽപ്പോലും മിനിമം വേതനത്തിൽ വർധനവ് വരുത്താൻ മോദി സർക്കാർ തയ്യാറാകാത്തതിന് പിന്നിലെ കാരണങ്ങൾ വേറെ തിരയേണ്ടതില്ല.

വിദ്യാഭ്യാസമേഖല കൂടുതൽ കാവിവൽക്കരിക്കപ്പെടുകയും, അത് വളരെ കൃത്യമായി പാഠ്യപദ്ധതിയിലൂടെയും അതിന്റെ പ്രയോഗവൽക്കരണത്തിലൂടെയും ‘അപരവൽക്കരണത്തെ’ നോർമലൈസ് ചെയ്യുകയും ചെയ്യുന്ന അക്കാദമിക സാഹചര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ കൂടിയാണ്, വർണ്ണാശ്രമത്തെ മാർഗനിർദേശകതത്വമായി പ്രഖ്യാപിക്കുന്ന തൊഴിൽ നയങ്ങൾ നടപ്പിലാവുക എന്നത് തീർത്തും അപകടകരമായ അവസ്ഥയായി മാറുന്നത്. വിദ്യാഭ്യാസ അവകാശവും തൊഴിൽ അവകാശങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഈ വെല്ലുവിളികളെ സമഗ്രതയിൽ മനസ്സിലാക്കാനും പ്രതിരോധിക്കാനും തയ്യാറാവേണ്ടതുണ്ട്. അത് ഉറപ്പായും ജനാധിപത്യത്തിന്റെയും, ഭരണഘടനാപരമായ അവകാശങ്ങളുടെയും നിലനിൽപ്പിനു വേണ്ടിയുള്ള പ്രതിഷേധങ്ങൾ കൂടിയാവും.



(ദേശീയ തൊഴിൽനയത്തിന്റെ കരട് - ശ്രമശക്തി നീതി 2025- സംബന്ധിച്ച് സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവർക്ക് ഫീഡ്‌ബാക്ക്, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ സമർപ്പിക്കാൻ 2025 ഒക്ടോബർ 27 വരെയാണ് സമയം നൽകിയിരിക്കുന്നത്.)


Summary: Examining how the impact of the central government's four labour codes will be reflected in public education classrooms, Dr Smitha P Kumar writes.


ഡോ. സ്മിത പി. കുമാർ

കാലിക്കറ്റ്​ യൂണിവേഴ്​സിറ്റി ടീച്ചർ എഡ്യുക്കേഷൻ സെൻറർ പ്രിൻസിപ്പൽ. കാർഷിക പ്രശ്​നങ്ങൾ, ജെൻഡർ പൊളിറ്റിക്​സ്​ എന്നീ ​വിഷയങ്ങളെക്കുറിച്ച്​ എഴുതുന്നു.

Comments