ക്യാൻസറിനെ ചെറുക്കാൻ പ്രതിരോധ കുത്തിവെയ്പ്പിനുള്ള സാമഗ്രികൾ തയാറായിട്ടുണ്ടെന്ന അവകാശവാദവുമായി വന്നിരിക്കുകയാണ് റഷ്യൻ ഗവൺമെൻറ്. ശാസ്ത്രലോകത്തെ ഏറെ അമ്പരപ്പിച്ചിരിക്കുന്നു ഈ വാർത്ത. ലോകം മുഴുവൻ വെറുതെ, യാതൊരു പ്രതിഫലവും വാങ്ങാതെ ഈ വാക്സിൻ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നുമുണ്ട് അവർ.
ഈ വാക്സിൻ എങ്ങനെ നിർമ്മിച്ചെടുത്തുവെന്നതിന് തെളിവുകളൊന്നും റഷ്യ നൽകുന്നില്ല. ശാസ്ത്ര മാസികകളിൽ ഒരു ലേഖനം പോലും ഇതിനെ സംബന്ധിച്ച് അവർ പ്രസിദ്ധീകരിച്ചിട്ടില്ല. ‘ക്യാൻസറിനു പ്രതിരോധകുത്തിവെയ്പ്പ്’ എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞുപോവുകയാണ്.
ഏതു ക്യാൻസറിന്? ക്യാൻസർ നൂറോളമുണ്ട്, എല്ലാ ക്യാൻസറിനും കൂടെ ഒരു വാക്സിൻ സാധ്യമല്ല എന്നത് ഒരു പ്രാഥമിക ശാസ്ത്ര വിദ്യർത്ഥിക്ക് പോലും അറിവുള്ളതാണ്. ഇത് എങ്ങനെ നിർമ്മിച്ചെടുത്തതാണ്, ഏതു മൃഗങ്ങളിലാണ് പരീക്ഷിക്കപ്പെട്ടത്, ക്ളിനിക്കൽ പരീക്ഷണങ്ങളിൽ എത്ര ശതമാനം വിജയകരമായിരുന്നു, എത്ര രോഗികളിൽ പരീക്ഷിക്കപ്പെട്ടു എന്നതിനൊന്നും വിശദീകരണം ഇല്ല. ഒരു വാക്സിന് അംഗീകാരം കിട്ടണമെങ്കിൽ ഈ വിവരങ്ങളൊക്കെ പൊതുജനവും അറിയേണ്ടതാണ്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/cancer-vaccine-ec6a.webp)
ഏതെങ്കിലും സന്യാസിയോ യോഗിയോ ഒറ്റമൂലി ‘വിദഗ്ധരോ’ ഇങ്ങനെ പ്രസ്താവന നടത്തുകയാണെങ്കിൽ അതിലെ തമാശയെങ്കിലും മനസ്സിലാകും. ലോകത്തിനു മുഴുവൻ സൗജന്യമായി നൽകാനാണ് പദ്ധതിയെങ്കിൽ എന്തിന് ഇതിൻ്റെ പുറകിലുള്ള ശാസ്ത്രം ഒളിച്ചു വെയ്ക്കുന്നു എന്ന ചോദ്യം ആദ്യം ഉദിക്കുന്നുണ്ട്. രാഷ്ട്രീയപരമായ ഒരു ഗൂഢാലോചന ഇതിനു പിറകിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റഷ്യയുടെ വാർത്താ ഏജൻസിയായ ‘ടാസ്’ ആണ് ഈ അറിവ് പുറത്ത് വിട്ടിരിക്കുന്നത്. റഷ്യൻ മിനിസ്ട്രി ഓഫ് ഹെൽത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്ററിൻ്റെ മേധാവിയായ ആൻഡ്രേ കാപ്രിൻ (Andrey Kaprin) ഇത് പ്രഖ്യാപിച്ചതായിട്ടാണ് വാർത്ത. റഷ്യൻ മിനിസ്ട്രി ഓഫ് ഹെൽത്തും ഇത് ശരിവെച്ചിട്ടുണ്ട്. പൊതുവായി ഒരു വാക്സിൻ കൊടുക്കുകയല്ല, വ്യക്തിപരമായി വ്യത്യസ്ത വാക്സിൻ കൊടുക്കുമെന്നും അവകാശവാദമുണ്ട്. ഇന്ത്യൻ വാർത്താമാധ്യമങ്ങൾ ഇത് അപ്പാടെ വിഴുങ്ങി വൻ വാർത്താപ്രാധാന്യം കൊടുത്ത് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇക്കണോമിക് ടൈംസ്, സി.എൻ.ബി.സി (CNBC) ടി.വി ചാനലുകളൊക്കെ വൻ വാർത്തയായി ആഘോഷിക്കുന്നുമുണ്ട്.
ക്യാൻസറിനെക്കുറിച്ചോ അതിനുള്ള വാക്സിനുകളെക്കുറിച്ചോ പ്രത്യകിച്ചും എം.ആർ.എൻ.എ വാക്സിനുകളെക്കുറിച്ചോ അറിവില്ലാത്തവർക്ക് ഇത് വിശ്വസിക്കാൻ എളുപ്പമാണ്. വൈറസുകളാൽ ഉണ്ടാകുന്ന ചില ക്യാൻസറുകൾക്ക് ആ വൈറസുകളെ ചെറുക്കാൻ വാക്സിൻ നിലവിലുണ്ട്. ഹ്യൂമൻ പാപിലോമ വൈറസ് (Human Papilloma Virus) കാരണം ഉണ്ടാകുന്ന ക്യാൻസർ ഉദാഹരണം. മറ്റ് ക്യാൻസറുകൾക്ക് പൊതുവായി ഒരു വാക്സിൻ സാദ്ധ്യമല്ല തന്നെ.
![ആൻഡ്രേ കാപ്രിൻ](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/kaprin-v-kabinete-ltc6.webp)
ഉദാഹരണത്തിന് ക്യാൻസർ സംഭവിക്കുന്ന അവയവത്തിൽ ഏതെങ്കിലും പ്രത്യേക പ്രോട്ടീന് മാറ്റം സംഭവിക്കുന്നുണ്ട്. പക്ഷേ ഈ പ്രോട്ടീൻ ഒരേ അവയവത്തിൽ തന്നെ പലതായിരിക്കാം. ഉദാഹരണത്തിന് ശ്വാസകോശാർബുദത്തിനു കാരണമാകുന്നത് എല്ലാവർക്കും ഒരേ പ്രോട്ടീനിൻെറ മാറ്റത്താലല്ല. അല്ലെങ്കിൽ ഒരേ പ്രോട്ടീനിൻെറ വ്യത്യസ്ത മാറ്റങ്ങളാലായിരിക്കും. ഒരാളുടെ മൂത്രാശയ ക്യാൻസറിൻ്റെ (Bladder Cancer) കാരണമായിരിക്കില്ല മറ്റൊരാളുടേത്. വാക്സിൻ നിർമ്മിതിയിൽ, പ്രത്യേകിച്ചു എം.ആർ.എൻ.എ വാക്സിനുകൾക്ക് ഇത് പ്രധാനമാണ്.
എം.ആർ.എൻ.എ (mRNA) വാക്സിൻ
നമ്മുടെ കോശങ്ങളിലെ ന്യൂക്ളിയസിൽ അടങ്ങിയിരിക്കുന്ന DNA പ്രോട്ടീൻ നിർമ്മിതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന കോഡുകളാണ് എം.ആർ.എൻ.എ (mRNA) തന്മാത്രകൾ. ഓരോ പ്രോട്ടീനും ഓരോ എം.ആർ.എൻ.എ ഉണ്ട്. ഈ കോഡ് നിർദ്ധാരണം ചെയ്താണ് ഓരോ പ്രോട്ടീനും നിർമ്മിച്ചെടുക്കുന്നത്. ഇവയെ മറ്റ് കോശങ്ങളിൽ കയറ്റിവിട്ടാൽ അവ ആ പ്രത്യേക പ്രോട്ടീനെ നിർമ്മിച്ചു കൊള്ളും. ആ കോശം പ്രകൃത്യാ ഈ പ്രോട്ടീൻ ഉണ്ടാക്കാറില്ലെങ്കിൽക്കൂടി. ഈ എംആർഎൻഎയുടെ ഒരു ഭാഗം മാത്രമാണെങ്കിലും ആ ഭാഗം പ്രോട്ടീൻ നിർമ്മിക്കും. ഇത് ഒരു അന്യ പ്രോട്ടീൻ ആണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ പ്രതിരോധകോശങ്ങൾ ഇവയെയോ ഇവപേറുന്ന വൈറസുകളെയോ ക്യാൻസർ കോശങ്ങളെയോ വകവരുത്തും.
കോവിഡ് വൈറസ് നമ്മുടെ കോശങ്ങളിൽ പറ്റിപ്പിടിയ്ക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ ഭാഗം നിർമ്മിക്കാനുള്ള എം.ആർ.എൻ.എ കോഡ് ആണ് 2020-ൽ മൊഡേർന കമ്പനി ആവിഷ്ക്കരിച്ചത്. അങ്ങനെയാണ് നമ്മൾ ആ വൈറസ് ബാധയിൽ നിന്ന് മുക്തി നേടിയത്. നോബേൽ സമ്മാനം കിട്ടിയ കണ്ടു പിടിത്തം ആയിരുന്നു അത്. പക്ഷേ, ക്യാൻസറിനെ ചെറുക്കാൻ ഇതേ തന്ത്രം ഉപയോഗിക്കുമ്പോൾ ചില ക്ളിഷ്ടതകൾ വന്നു ചേരുന്നുണ്ട്.
![നമ്മുടെ കോശങ്ങളിലെ ന്യൂക്ളിയസിൽ അടങ്ങിയിരിക്കുന്ന DNA പ്രോട്ടീൻ നിർമ്മിതിയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന കോഡുകളാണ് എം.ആർ.എൻ.എ](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/shutterstock1094792225-1024x768-qq0h.webp)
ക്യാൻസർ കോശങ്ങളിൽ മാത്രം കാണുന്ന ചില പ്രോട്ടീനുകൾ ഉണ്ട്. ഇവ ‘Tumour Antigens’ എന്നറിയപ്പെടുന്നു. ഇത് നിർമ്മിക്കാനുള്ള എം.ആർ.എൻ.എ കൊഴുപ്പുകുമിളകളിൽ പൊതിഞ്ഞ് വാക്സിൻ നിർമ്മിക്കാം. നമ്മുടെ കോശങ്ങളിൽ ഇവ പ്രവേശിക്കുമ്പോൾ ആ പ്രോട്ടീൻ നിർമ്മിക്കപ്പെടുന്നു. അന്യ പ്രോട്ടീൻ ആയതുകൊണ്ട് പ്രതിരോധ കോശങ്ങൾ ആ പ്രോട്ടീനുകളെ ചെറുക്കാൻ ആൻ്റിബോഡികൾ നിർമ്മിച്ച് തുടങ്ങുന്നു. പിന്നീട് ക്യാൻസർ പിടിപെട്ടാൽ ആ കോശങ്ങളിന്മേൽ ഈ പ്രോട്ടീൻ കാണപ്പെടും. പ്രതിരോധകോശങ്ങൾ ഊർജ്ജസ്വലരായി ആ റ്റ്യൂമർ കോശങ്ങളെ നശിപ്പിക്കാൻ ഒരുമ്പെടുന്നു. ഇവിടെ വെല്ലുവിളിയായി വരുന്നത് ഒരോ തരം ക്യാൻസറിനും മേൽപ്പറഞ്ഞ റ്റ്യൂമർ ആൻ്റിജെൻ വ്യത്യസ്തമായതിനാൽ പ്രത്യേകം പ്രത്യേകം എം ആർ എൻ എ അടങ്ങിയ കുമിളകൾ നിർമ്മിക്കേണ്ടിയിരിക്കുന്നു എന്നതാണ്. ഇതെല്ലാം ആദ്യം മൃഗങ്ങളിൽ പരീക്ഷിക്കപ്പെടുന്നു, പിന്നീട് ക്ളിനിക്കൽ പരീക്ഷണങ്ങളാൽ (clinical trials) രോഗികളിൽ പരിശോധിച്ച് അവയുടെ പ്രവർത്തനസാദ്ധ്യത, പാർശ്വഫലങ്ങൾ ഉണ്ടോ, എത്ര ഡോസ് വേണം എന്നതൊക്കെ പരിശോധിക്കപ്പെടുന്നു, നിജപ്പെടുത്തുന്നു.
2024 സെപ്റ്റംബറിൽ മാത്രമാണ് അമേരിക്കയിൽ ഇത്തരം പരീക്ഷണങ്ങൾക്ക് എഫ് ഡി എ (Food and Drug Administration) അനുമതി നൽകിയത്. ഇപ്പോൾ ക്ളിനിക്കൽ പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കയാണ്. ഇപ്പോൾ മൊഡേർനയും മെർക്ക് കമ്പനിയും ഒരുമിച്ച്, ബയോൺ റ്റെക് (BioNTech), ക്യുർവാക് ( CureVac) എന്നീ കമ്പനികൾക്ക് എഫ് ഡി എ അനുമതി കിട്ടിയതിനാൽ എം ആർ എൻ എ വാക്സിൻ നിർമ്മിതിയ്ക്ക് ക്ലിനിക്കൽ ട്രയൽസ് തുടങ്ങിക്കഴിഞ്ഞു. എങ്കിലും 2028-ലോ 2029-ലോ മാത്രമേ പൊതുജന ഉപയോഗത്തിനു തയാറാകുകയുള്ളൂ എന്നാണ് അനുമാനം. ഒരു പ്രത്യേക തലച്ചോർ ക്യാൻസറിനെതിരെ നായ്ക്കളിൽ ഈ വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആദ്യമായി ചില മനുഷ്യരിൽ പരീക്ഷികപ്പെട്ടപ്പോൾ അവരുടെ ട്യൂമർ ചുരുങ്ങിയതായും കണ്ടിട്ടുണ്ട്. ഇംഗ്ളണ്ടിൽ മൊഡേർന കമ്പനി ശ്വാസകോശാർബുദ രോഗികളിൽ നടത്തുന്ന പരീക്ഷണങ്ങൾ ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു. പലതരം ക്യാൻസറുകൾക്ക് കാരണമായ എപ്സ്റ്റീൻ ബാർ വൈറസിനെതിരെ എം ആർ എൻ എ വാക്സിൻ നിർമ്മിക്കുന്നതും ത്വരിതഗതിയിൽ ആയിട്ടുണ്ട്.
![](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/moderna-5igu.webp)
2020 ഡിസംബറിലാണ് കോവിഡ് വൈറസിനെതിരെയുള്ള ആദ്യ എം ആർ എൻ എ വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമായത്. അതോടെ ഈ പുതിയ സാങ്കേതികവിദ്യ പല ഗവേഷണശാലകളും ക്യാൻസറിനും മറ്റ് അസുഖങ്ങൾക്കും എങ്ങനെ ഉപയോഗിക്കാം എന്ന അന്വേഷണം തുടങ്ങി. മുകളിൽ പറഞ്ഞ പോലെ എം ആർ എൻ എ വാക്സിൻ്റെ ക്ലിനിക്കൽ ട്രയൽസ് ഇപ്പൊഴും നടന്നു വരുന്നതേ ഉള്ളു. എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകാൻ ഇനിയും മൂന്നോ നാലോ വർഷങ്ങളെടുക്കും. റഷ്യ അടുത്ത വർഷം തന്നെ ഇത്തരം വാക്സിൻ പുറത്തിറക്കും എന്നത് അതുകൊണ്ടാണ് അത്ര വിശ്വസനീയം അല്ലാത്തത്. ഇതിനു പിന്നിലെ സാങ്കേതിക തന്ത്രങ്ങൾ ഗോപ്യമാക്കി വെയ്ക്കുന്നത് മനസ്സിലാക്കാം, പക്ഷേ ക്ളിനിക്കൽ വിശദാംശങ്ങൾ പുറത്തു വിടാത്തത് എന്തിനു വേണ്ടി ആണെന്നുള്ളത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ഏതൊക്കെ ക്യാൻസറുകൾക്കാണെന്നുള്ളതും വ്യക്തമാക്കപ്പെടുന്നില്ല. കാത്തിരുന്നു കാണുക തന്നെ വേണം.