Photo : Unsplash

ശാസ്ത്രവും മോഡേൺ മെഡിസിനും ഒരു മഹാമാരിയെ നേരിടുന്ന വിധം

വൈറസ് പഠനങ്ങൾ വ്യാപകമാകുന്നു, മ്യൂട്ടേഷനുകൾ പിന്തുടരുന്നു, വാക്‌സിൻ ടാർഗറ്റ് കൃത്യമാക്കുന്നു... ഒരു മഹാമാരിയെ നേരിടാൻ മറ്റൊരുകാലത്തും ഉണ്ടാകാത്തവിധം ചടുലമായ പഠന- ഗവേഷണങ്ങളും അന്വേഷണങ്ങളും പരീക്ഷണങ്ങളുമാണ് ആഗോളീയമായി നടന്നുകൊണ്ടിരിക്കുന്നത്- കോവിഡ് കാലത്തെ ശാസ്ത്രത്തിന്റെ ഇടപെടലുകളെക്കുറിച്ച് ഒരു വിശകലനം

കോവിഡ് -19 അതിന്റെ പാൻഡെമിക് സ്വഭാവം കൈവിട്ടിട്ടില്ല. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ 29.9 കോടി പേരാണ് രോഗബാധിതരായത്; അതിൽ 50.5 ലക്ഷം പേർ മരിച്ചു. ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏതൊരാളിനും ഒരു അടുത്ത ബന്ധുവോ സുഹൃത്തോ നഷ്ടപ്പെട്ടിട്ടുണ്ടാവണം. ആ നിലക്ക് നമ്മെ തീവ്രമായി ബാധിച്ച മഹാമാരിയാണിത്. പ്രതിദിനം നാലു മുതൽ അഞ്ചു ലക്ഷം പേർ വീതം നവംബറിൽ രോഗബാധിതരാകുന്നുണ്ട്​. നാം കോവിഡ് വ്യാപനത്തിൽ നിന്ന് മുക്തരായിട്ടില്ല, ഇതുവരെ.

കോവിഡ്, വൈറസ് മൂലമുണ്ടാകുന്ന രോഗമാണെന്നും നിലവിൽ വൈറസുകളെ നശിപ്പിക്കുന്ന മരുന്നുകൾ കോവിഡിനെതിരെ ഫലപ്രദമല്ലെന്നുമുള്ള അറിവ് രോഗാരംഭത്തിൽ തന്നെ മനസ്സിലായിരുന്നു. മാരകശേഷി കുറവാണെങ്കിലും അതിവേഗം വ്യാപിക്കാനുള്ള ശേഷി വൈറസിനുള്ളതിനാൽ പാൻഡെമിക് നീണ്ടുനിന്നാൽ മരണസംഖ്യ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കാനും മതി. അപ്പോൾ രണ്ടു സാധ്യതകളാണ് കോവിഡ് വ്യാപന നിയന്ത്രണത്തിന് നമ്മുടെ മുന്നിലുള്ളത്; വൈറസിനെ നശിപ്പിക്കാൻ ത്രാണിയുള്ള പുതിയ മരുന്നുകൾ കണ്ടെത്തുക, മറ്റൊന്ന്, വൈറസിനെ പ്രതിരോധിക്കാൻ കഴിവുള്ള വാക്സിനുകൾ കഴിയുന്നത്ര വേഗം നിർമിക്കുക. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ സോളിഡാരിറ്റി (Solidarity) പരീക്ഷണങ്ങളും, ബ്രിട്ടനിലെ ഗവേഷണ സ്ഥാപനങ്ങളും ഓക്‌സ്​ഫഡ്​ യൂണിവേഴ്സിറ്റിയും ചേർന്ന് ആരംഭിച്ച റിക്കവറി (Recovery) പരീക്ഷണങ്ങളും പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു. പുതിയ മരുന്നുകൾ കണ്ടെത്താനുള്ള ശ്രമമായിരുന്നു ഇവ രണ്ടും ചെയ്തിരുന്നത്.

വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടല്ലോ; വാക്സിൻ എടുത്തിട്ടും അനേകം പേർക്ക് കോവിഡ് വരുന്നില്ലേ, എന്നൊക്കെയുള്ള ചോദ്യങ്ങൾ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലം വാക്സിൻ വിരുദ്ധതയുടെ മൃദുവായ പ്രതിഫലനമാണെന്ന് കരുതാം

ഇൻഫോഡമിക് എന്ന സമാന്തര എപ്പിഡെമിക്​

എന്നാൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡിനെ നിയന്ത്രിക്കാൻ മരുന്നുകൾ മാത്രം മതിയാവില്ല. വ്യാപനം ഫലപ്രദമായി തടയാൻ കെൽപുള്ള രോഗപ്രതിരോധ മാർഗം കൂടി വേണം. ഇതുവരെയുള്ള വൈദ്യശാസ്ത്ര ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. വസൂരി, അഞ്ചാംപനി, ഡിഫ്ത്തീരിയ, പോളിയോ, ടെറ്റനസ് എന്നിവ നമ്മുടെ ഓർമകളിൽ നിന്നുപോലും മാഞ്ഞുപോയത് വാക്സിനുകൾ എല്ലാവരിലും എത്തിക്കാനായതുകൊണ്ടാണ്. വാക്‌സിനെത്തുന്നതിനു മുമ്പ് ലക്ഷക്കണക്കിനുപേർ മരിച്ച നാട്ടിൽ മരണനിരക്ക് കുറഞ്ഞുവന്നത് സമൂഹത്തിൽ വാക്സിൻ സ്വീകരിക്കാനുള്ള സന്നദ്ധത ഉണ്ടായപ്പോൾ മുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻകാലങ്ങളിൽ വാക്‌സിൻ രൂപകല്പന ചെയ്യാനും പ്രോട്ടോടൈപ്പ് വികസിപ്പിക്കാനും പ്രത്യേകം തിരഞ്ഞെടുത്ത വ്യക്തികളിൽ ഫലപ്രാപ്തിയും സുരക്ഷിതത്വവും പരീക്ഷിക്കാനും പിന്നീട് വ്യപകമായി വിതരണം ചെയ്യാനും വർഷങ്ങൾ വേണ്ടിവരുമായിരുന്നു.
ഉദാഹരണത്തിന്, മുണ്ടിനീര് (mumps) തടയുന്ന വാക്‌സിനാണ് ഏറ്റവും വേഗം വികസിപ്പിക്കാനായത്. മൗറിസ് ഹിൽമാൻ (Maurice Hilleman) നേതൃത്വം നൽകിയ പരീക്ഷണങ്ങൾ വെറും നാലു വർഷത്തിനുള്ളിൽ ലക്ഷ്യം കണ്ടു. കഴിഞ്ഞ നൂറ്റാണ്ടിലെ അത്ഭുതകരമായ ശാസ്ത്രനേട്ടങ്ങളിൽ ഒന്നാണത്.

മൗറിസ് ഹിൽമാൻ/Photo : WikimediaCommons ​

എന്നാൽ പാൻഡെമിക് സാഹചര്യങ്ങളിൽ കോവിഡ് വാക്സിൻ വികസിപ്പിക്കാൻ നാലുവർഷം അതിദീർഘമാണെന്ന് ശാസ്ത്രം മനസ്സിലാക്കിയിരുന്നു. അതിവേഗ വ്യാപനം, തീവ്രപരിചരണം ആവശ്യമായി വരുന്ന അസംഖ്യം രോഗികൾ, ഫലപ്രദമായ പൊതുജനാരോഗ്യ നടപടികൾ ആവിഷ്‌കരിക്കാൻ മൂന്നാം ലോകരാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധി, മുൻ മാതൃകകളുടെ അഭാവം, സാമൂഹിക-സാമ്പത്തിക നിശ്ചലത തുടങ്ങി അനേകം ഘടകങ്ങൾ വാക്സിൻ വികസനത്തിന്റെ അടിയന്തര സ്വഭാവം സ്പഷ്ടമാക്കുന്നു.

നാമിന്നു ജീവിക്കുന്ന ഡിജിറ്റൽ യുഗം ഒരു സമാന്തര എപിഡെമിക്കിനു കൂടി രൂപം നൽകി. ലോകാരോഗ്യ സംഘടന അതിനെ ഇൻഫോഡമിക് (infodemic) എന്നുവിളിക്കുന്നു. വ്യാജ വാർത്തകൾ, വ്യാജ ചികിത്സാരീതികൾ, അന്ധവിശ്വാസത്തിന്റെ ഉൽപ്പന്നമായ അത്ഭുത ചികിത്സകൾ എന്നിവ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് ഇൻഫോഡമിക്കിന്റെ ഭാഗമായിക്കാണണം. ഒരു രാജ്യവും പൂർണമായി ഇതിൽനിന്ന് മുക്തമല്ല. സ്മാർട്ട്‌ഫോൺ പ്രചാരത്തിലുള്ള, എന്നാൽ ശാസ്ത്രാവബോധം ശക്തമല്ലാത്ത ഇടങ്ങളിൽ പൊതുജനാരോഗ്യ ശ്രമങ്ങളെ ദുർബലമാക്കാൻ ഇൻഫോഡമിക്കിന് കഴിയുന്നു. പലയിടങ്ങളിലും സമൂഹത്തിന്റേയോ ഭരണാധികാരികളുടെയോ പരോക്ഷ പിന്തുണയും ഇൻഫോഡമിക് ശക്തിപ്പെടാൻ കാരണമാകുന്നു.

എപ്പിഡമിക് ശാസ്ത്രത്തിന്​ പുതിയ ഊർജം

കോവിഡ് സാഹചര്യത്തിൽ നാലുവർഷം വാക്സിനുവേണ്ടി കാത്തിരിക്കേണ്ടിവരുന്നത് തീർച്ചയായും ആശ്വാസകരമല്ല. വളരെ അനുകൂലമായ അനേകം സാഹചര്യങ്ങളും നിലപാടുകളുമാണ് വളരെ വേഗം വാക്സിൻ കണ്ടെത്താൻ സഹായിച്ചത്. 2020 ജനുവരിയിൽ തന്നെ വൈറസ് ജിനോം ചൈന പ്രസിദ്ധീകരിച്ചു. വൈറസിന്റെ ജിനോം എന്നാൽ അതിന്റെ തന്മാത്രാഭൂപടം എന്ന് മനസിലാക്കാം. ഇത് കണ്ടെത്തിയത് വൈറസ് പഠനങ്ങൾ വ്യാപകമാക്കാനും, മ്യൂട്ടേഷനുകൾ പിന്തുടരാനും, വാക്‌സിൻ ടാർഗറ്റ് കൃത്യമാക്കാനും ശാസ്ത്രജ്ഞരെ ഏറെ സഹായിച്ചു. 2019 ഡിസംബർ മുതലിതുവരെ ആയിരക്കണക്കിന് പഠനങ്ങളാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വൈറസിനെക്കുറിച്ചുള്ള അറിവുകൾ ഉൽപാദിപ്പിക്കുകയും ശാസ്ത്രജ്ഞർ തമ്മിൽ പങ്കിടുകയും ചെയ്തുവരുന്നത് മറ്റൊരുകാലത്തും ഉണ്ടാകാത്തവിധം വാക്സിൻ വികസനത്തെയും കോവിഡ് ചികിത്സയെയും ഏറെ സഹായിച്ചിട്ടുണ്ട്.

ഏതാനും ആയിരം പേരിൽനിന്ന് കോവിഡ് ലക്ഷങ്ങളിലേക്കും അനേകം കോടിയിലേക്കും വ്യാപിക്കാൻ വളരെനാൾ എടുത്തില്ല. സത്യത്തിൽ വ്യാപനത്തിന്റെ വേഗം, തീക്ഷ്ണത എന്നിവ പലർക്കും മനസ്സിലായിരുന്നില്ല എന്നുവേണം കരുതാൻ. എപ്പിഡമിക് വ്യാപനം ഗണിതശാസ്ത്ര മോഡലാക്കി പഠിക്കുകയും ഭാവി പ്രവചനങ്ങൾ സ്റ്റാറ്റിസ്റ്റിക്സ്, ഗ്രാഫ് എന്നിവയുപയോഗിച്ചു നയരൂപീകരണത്തിന് അനുയോജ്യമായ രീതിയിൽ അവതരിപ്പിച്ചും ശാസ്ത്രജ്ഞർ മുന്നോട്ടുവന്നു. ഇത് എപ്പിഡമിക് ശാസ്ത്രത്തിൽ നൂതനമെന്ന് പറയാനാവില്ലെങ്കിലും പുതുതായി കണ്ടെത്തിയ ഊർജം ഇതിന് വികസിക്കാൻ അവസരമൊരുക്കി. ലോകമെമ്പാടും എപ്പിഡമിക് മോഡലിങ് ഗൗരവമായി ശ്രദ്ധിക്കപ്പെട്ടത് കോവിഡ് നിയന്ത്രണനയങ്ങളെ ഒട്ടൊന്നുമല്ല സഹായിച്ചത്.

വാക്​സിൻ ഗവേഷണത്തിലെ പ്രതിസന്ധികളും മുന്നേറ്റങ്ങളും

മൃഗങ്ങളിൽ ധാരാളമായുള്ള കൊറോണ വൈറസുകളുടെ പഠനം അനേക ദശകങ്ങളായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിച്ചുവരുന്നു. എന്നാൽ കഴിഞ്ഞ ഇരുപതു വർഷക്കാലത്തിലുണ്ടായ സാർസ്, മെർസ് എന്നീ പാൻഡെമിക്കുകൾ വാക്‌സിൻ കണ്ടെത്താനുള്ള അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനർത്ഥം, വൈറസിന്റെ സ്വഭാവം, ഘടന എന്നിവ ഏറെക്കുറെ അറിഞ്ഞുകഴിഞ്ഞു എന്നത്രെ. നാമിപ്പോൾ ആവർത്തിച്ചുകേൾക്കുന്ന സ്‌പൈക്ക് പ്രോട്ടീൻ, അതിന്റെ പ്രവർത്തനം, വൈറസുകൾ മനുഷ്യകോശങ്ങളിൽ കയറുന്ന രീതി എന്നിങ്ങനെ അതിസൂക്ഷ്മമായ നിരവധി ധാരണകൾ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. സ്‌പൈക്ക് (S) പ്രോട്ടീൻ മെച്ചപ്പെട്ട വാക്‌സിൻ ടാർഗറ്റ് ആണെന്ന് മെർസ് വൈറസിൽ പഠനം നടത്തിയ ഓക്​സ്​ഫഡ്​ടീം കണ്ടെത്തുകയുണ്ടായി. സ്‌പൈക്ക് പ്രോട്ടീനിനെതിരെ പ്രവർത്തിക്കുന്ന ആന്റിബോഡികൾക്ക്​ സാർസ്, മെർസ്, എന്നീ വൈറസുകളെ നശിപ്പിക്കാൻ കെൽപ്പുണ്ടാകുമെന്നും പഠനങ്ങൾ തെളിയിച്ചിരുന്നു. ശക്തമായ ഇമ്യൂൺ പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്‌പൈക്ക് പ്രോട്ടീൻ വാക്സിനുകൾക്കായുള്ള അന്വേഷണം തുടങ്ങാൻ അതിനാൽ അമാന്തിക്കേണ്ടിവന്നില്ല.

എല്ലാവരിലും വാക്‌സിൻ എത്തിയില്ലെങ്കിൽ ആരും സുരക്ഷിതരല്ല എന്നതാണ് ശാസ്ത്രപാഠം. ശാസ്ത്രീയമായ തെളിവുകളെ നിരസിച്ച് ഫലമില്ലാത്ത മറ്റു ചികിത്സകൾക്ക് പിന്നാലെ പോകുന്നത് തെറ്റല്ല എന്ന ചിന്ത ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവരിലും ശാസ്ത്രം പഠിച്ചുവെന്നു കരുതുന്നവരിലും പ്രബലമാണ്.

കോവിഡ് വൈറസിൽ മറ്റു പ്രോട്ടീൻ ഘടകങ്ങളും ഉണ്ട്. അതിൽ സ്‌പൈക്ക് പ്രോട്ടീനാകും മെച്ചപ്പെട്ട വാക്‌സിൻ ടാർഗറ്റ് എന്നെങ്ങനെ തീരുമാനിക്കാം? പ്രധാനപ്പെട്ട മറ്റൊരു പ്രോട്ടീൻ ഘടകമാണ് ന്യൂക്ലിയോ കാസ്​പിഡ്​ (Nucleo caspid - N) പ്രോട്ടീൻ. ഇത് വൈറസ് ജീനോം പാക്കേജ് ചെയ്യാൻ ഉപയോഗിക്കുന്ന പ്രോട്ടീനാണ്. എന്നാലിത് വൈറസ് പ്രതലത്തിൽ പ്രതിഫലിക്കാത്തതിനാൽ ശക്തമായ ഇമ്യൂൺ പ്രതികരണം ഉണ്ടാകണമെന്നില്ല. എന്നാൽ എൻ- പ്രോട്ടീൻ മറ്റു കൊറോണ വൈറസുകളിലും സമാനമായ തന്മാത്രാഘടന നിലനിർത്തുന്നതിനാൽ ഇതര കോവിഡ് വൈറസുകൾക്കെതിരെ പ്രവർത്തിക്കാനാകുന്ന പൊതുവാക്‌സിൻ ടാർഗറ്റായി പരിണമിച്ചേക്കാം. ഇതുപോലെ വൈറസ് ശരീരത്തിൽ അടങ്ങിയ മറ്റു പ്രോട്ടീനുകളും വാക്സിൻ ടാർഗറ്റിന് യുക്തമാണോ എന്ന പഠനങ്ങൾ നടന്നുകഴിഞ്ഞു. നിലവിലുള്ള വാക്‌സിൻ ടാർഗറ്റ് പോലും എത്ര ശ്രദ്ധയോടെയാണ് ശാസ്ത്രം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു. വാക്സിൻ നിർമാണം വേഗത്തിലാകാൻ സമാനമായ അനേകം മുൻ ഗവേഷണാനുഭവങ്ങൾ സഹായകരമായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

വാക്‌സിൻ സ്വീകരിച്ചവർ നൂറുകോടി കഴിഞ്ഞ ഇക്കാലത്തും വാക്‌സിൻ വിതരണത്തിലെ മെല്ലെപ്പോക്ക് നമ്മെ അലോസരപ്പെടുത്തുന്നു. പൂർണമായി വാക്സിൻ ലഭിച്ചവർ 24.5% മാത്രമാണ്. ലോക ശരാശരിയേക്കാൾ നാം പിന്നിലാണെന്നർഥം. / Photo : pexels

ഇക്കാലത്തെ ഏറ്റവും അത്ഭുതകരമായ മുന്നേറ്റം എന്നുപറയാവുന്നത് mRNA ടെക്​നോളജിയിലൂടെ വാക്‌സിൻ വികസിപ്പിച്ചതാണ്. അതിൽ സംശയമില്ല. കോവിഡ് കാലഘട്ടത്തിൽ പൊട്ടിമുളച്ചതല്ല mRNA ടെക്​നോളജി. റോബർട്ട് മാലോൺ എന്ന ബിരുദാനന്തര പഠന വിദ്യാർഥി 1987-ൽ നടത്തിയ പരീക്ഷണമാണ് ടെക്​നോളജിടെ തുടക്കം കുറിച്ചത്. കുറച്ചു mRNA നാരുകൾ കൊഴുപ്പുമായി ചേർത്ത മിശ്രിതത്തിൽ മനുഷ്യകോശങ്ങളെ നിക്ഷേപിച്ചു. ഈ സൂപ്പിനുള്ളിൽ കിടന്ന് മനുഷ്യകോശങ്ങൾ അതിവേഗം mRNA വലിച്ചെടുക്കുകയും അതിന്റെ സ്വാധീനത്തിൽ പ്രോട്ടീൻ നിർമാ
ണമാരംഭിക്കുകയും ചെയ്തു. ഗംഭീരവും സമയത്തെ കവച്ചുവെയ്ക്കുന്ന കണ്ടെത്തലുമാണെന്ന് മാലോൺ തിരിച്ചറിഞ്ഞു. ഭാവിയിൽ mRNA രോഗങ്ങളെ കീഴടക്കുന്ന മരുന്നാകുമെന്നും അതിപ്രധാന മെഡിക്കൽ ഉല്പന്നമാകുമെന്നും മാലോൺ തിരിച്ചറിഞ്ഞു.

റോബർട്ട് മാലോൺ

തുടർന്നുണ്ടായ പരീക്ഷണങ്ങൾ വിജയകരമായിരുന്നില്ല; mRNA യുടെ അസ്ഥിരതയും പരീക്ഷണ ജീവികളിൽ അതുണ്ടാക്കുന്ന റിയാക്ഷനുകളും തടസമായി നിലകൊണ്ടു. അങ്ങനെ വാക്സിൻ പഠിതാക്കൾ ശ്രദ്ധ ഡി.എൻ.എ ടെക്‌നോളജിയിലേക്ക് മാറ്റി. ലോകത്താദ്യമായി ഡി.എൻ.എ ടെക്‌നൊളജിയുപയോഗിച്ച് വാക്‌സിൻ വികസിപ്പിക്കാനുള്ള ലൈസൻസ് ഇന്ത്യ നൽകിയെന്നതും ശ്രദ്ധേയം. എന്തായാലും അതും mRNA വാക്‌സിൻ വികസനത്തിന് സഹായകമായി; മറ്റൊരു പരീക്ഷണത്തിനോട് അനുഭാവം കാട്ടുന്നവർ മുന്നോട്ടുവരികയും ഗവേഷണത്തെ സഹായിക്കുന്ന ഫണ്ടിങ് നടക്കുകയും ചെയ്യുന്നുവെന്നത് നിസ്സാരമല്ലെല്ലോ. ഓസ്ളാം ട്യൂറെസി (Özlem Türeci), ഊഹർ ഷാഹിൻ (Ugur ടahin) എന്ന ദമ്പതികളാണ് മോഡേണ വാക്‌സിൻ വികസിപ്പിച്ചതുവഴി താരപരിവേഷം കൈവരിച്ചത്. മറ്റൊരു ഗവേഷണ ടീം കൂടി ശ്രദ്ധയർഹിക്കുന്നു. ഇത് കാറ്റലിനെ കാരിക്കോ (Kataline Kariko), ഡ്രൂ വെയ്സ്സ്മാൻ (Drew Weissman) എന്നിവരുടെ ടീമാണ്. ഫൈസർ വാക്‌സിന്റെ ഉപജ്ഞാതാക്കൾ ഇവരാണ്. കൃത്രിമമായി ഉത്പാദിപ്പിച്ച mRNA ഉപയോഗിക്കുകയാണ് രണ്ടു ടീമും ചെയ്തത്. കൊഴുപ്പിന്റെ നാനോ കണികകളിൽ mRNA ഘടിപ്പിച്ച് ശരീരത്തിലേക്ക് കടത്തിവിടുകയാണ് അടിസ്ഥാന ടെക്​നിക്ക്​. ശരീരത്തിനെതിരെ mRNA പ്രവർത്തിക്കാതിരിക്കാൻ. അതിലൊരു തന്മാത്രയിൽ മാറ്റം വരുത്തിയാണ് പ്രവർത്തനക്ഷമമാക്കുന്നത്.

വാക്സിൻ എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരം തരുന്നില്ല. ഉദാഹരണത്തിന് ജനങ്ങൾ വാക്‌സിൻ സ്വീകരിക്കുന്നില്ലെങ്കിൽ രോഗവ്യാപനം തുടർന്നുകൊണ്ടേയിരിക്കും. വാക്സിൻ വരുന്നതിന് ഒരുമാസം മുമ്പ് നടന്ന പല സർവേകളും ഇക്കാര്യം കണ്ടെത്താൻ ശ്രമിച്ചു. വാക്‌സിൻ വന്നാൽ ഉദ്ദേശം 70% പേർ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നായിരുന്നു കണക്കുകൾ. ഇതത്ര ആശാവഹമല്ല. നാമിന്നറിയുന്നത് 70% പേരും വാക്‌സിനെടുത്താൽ പോലും ഹേർഡ് ഇമ്മ്യൂണിറ്റി സമൂഹത്തിനു ലഭിക്കുകയില്ലെന്നാണ്. ഡെൽറ്റ വൈറസ് ശക്തമായപ്പോൾ അതിന്റെ വർധിച്ച വ്യാപനശേഷി ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിക്കൻ പോക്സ് പകരുന്ന വേഗത്തിൽ പകരം കെൽപ്പുള്ള വേരിയൻറ്​ ആയി ഡെൽറ്റയെ പലരും താരതമ്യം ചെയ്തിട്ടുള്ളത് ഓർക്കാം. ഇതും ശാസ്ത്രത്തിന്റെ മുന്നേറ്റം തന്നെ; വേരിയ
ൻറുകളെ തത്സമയം കണ്ടെത്തുക, അവയുടെ ജീനോം ഘടന പഠിച്ചു പുറത്തുവിടുക, അതിന്റെ പ്രസരണരീതിയും ശേഷിയും കൃത്യമായി അവലോകനം ചെയ്യുക എന്നതെല്ലാം കോവിഡ് നിയന്ത്രണത്തിന് അനിവാര്യമാണ്.

വാക്​സിൻ വിരുദ്ധത

ഇന്ത്യയിലും വാക്സിൻ വിമുഖത ശക്തമായിരുന്നു. 2020 ഡിസംബറിൽ ഉദ്ദേശം 40% പേരും വാക്‌സിൻ വിമുഖത മറച്ചുവെച്ചില്ല. വാക്‌സിൻ സ്വീകരിച്ചവർ നൂറുകോടി കഴിഞ്ഞ ഇക്കാലത്തും വാക്‌സിൻ വിതരണത്തിലെ മെല്ലെപ്പോക്ക് നമ്മെ അലോസരപ്പെടുത്തുന്നു. പൂർണമായി വാക്സിൻ ലഭിച്ചവർ 24.5% മാത്രമാണ്. ലോക ശരാശരിയേക്കാൾ നാം പിന്നിലാണെന്നർഥം. ആഗോളതലത്തിൽ പൂർണമായും വാക്‌സിൻ സ്വീകരിച്ചവർ 39.9% എത്തിക്കഴിഞ്ഞു. എല്ലാവരിലും വാക്‌സിൻ എത്തിയില്ലെങ്കിൽ ആരും സുരക്ഷിതരല്ല എന്നതാണ് ശാസ്ത്രപാഠം. ശാസ്ത്രീയമായ തെളിവുകളെ നിരസിച്ച് ഫലമില്ലാത്ത മറ്റു ചികിത്സകൾക്ക് പിന്നാലെ പോകുന്നത് തെറ്റല്ല എന്ന ചിന്ത ഇന്ത്യയിൽ വിദ്യാഭ്യാസമുള്ളവരിലും ശാസ്ത്രം പഠിച്ചുവെന്നു കരുതുന്നവരിലും പ്രബലമാണ്.

കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ കാരണങ്ങൾ കൊണ്ട് അധ്യാപകർ വാക്സിൻ എടുക്കാത്തതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്‌സ്പ്രസിൽ വന്ന വാർത്ത.

മറ്റൊരു ചോദ്യം ആവർത്തിക്കപ്പെടുന്നു. വാക്സിന് പാർശ്വഫലങ്ങൾ ഉണ്ടല്ലോ; വാക്സിൻ എടുത്തിട്ടും അനേകം പേർക്ക് കോവിഡ് വരുന്നില്ലേ, എന്നൊക്കെയുള്ള ചോദ്യങ്ങൾ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുന്നു. ഇതെല്ലം വാക്സിൻ വിരുദ്ധതയുടെ മൃദുവായ പ്രതിഫലനമാണെന്ന് കരുതാം. ഗൗരവമുള്ള പാർശ്വഫലങ്ങൾ പത്തുലക്ഷം പേരിൽ മൂന്നോ നാലോ പേരിലാണ് കാണപ്പെടുന്നത്. എന്നാൽ നേരത്തെ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദപ്പെടുത്താവുന്നതാണ് ഇതിൽ ഏറെയും. എന്നാൽ കോവിഡ് ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരുന്നവരിൽ ഭൂരിപക്ഷം പേരിലും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്നും നാമോർക്കണം. വാക്‌സിൻ സ്വീകരിച്ചവർക്ക് രോഗം വരാനുള്ള സാധ്യത കുറവാണ്; വന്നൂകൂടെന്നില്ല. പൂർണമായി വാക്സിൻ എടുത്തവരിൽ രോഗം സ്ഥിരീകരിക്കുന്നത് മൂന്നുമുതൽ അഞ്ചു ശതമാനം പേരിൽ മാത്രം. എന്നാൽ എല്ലാരും വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞ സമൂഹത്തിൽ അപൂർവം പേർക്കുമാത്രമാണ് കോവിഡ് ബാധിക്കുക. അവർ വാക്‌സിൻ സ്വീകരിച്ചവർ ആയിരിക്കുമെല്ലോ. അതിൽ അതിശയിക്കാനില്ല. ശക്തമായ ഡെൽറ്റ​ വൈറസിനെതിരെയും വാക്സിൻ നല്ല ഫലം ചെയ്യുന്നുവെന്ന് ശാസ്ത്രീയ തെളിവുകൾ ലഭ്യമാണ്.

വാക്‌സിൻ ഇതുവരെ എത്രപേരെ രക്ഷിച്ചിട്ടുണ്ടാകും? അമേരിക്കയിൽ നിന്നുള്ള പഠനങ്ങൾ അനുസരിച്ച് 2021 മെയ് ഒന്നുവരെ മാത്രം 1,40,000 പേർ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ത്യയിലും സമാനമായ വാർത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഫലപ്രദമായ മാർഗം വാക്‌സിനേഷൻ തന്നെയാണെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം. മരണത്തിൽ നിന്ന്​ മുക്തി മാത്രമല്ല, ഏറ്റവും ചെലവു കുറഞ്ഞ നിയന്ത്രണമാർഗവും അതുതന്നെ. വാക്സിൻ വിതരണം മെച്ചപ്പെട്ട ഇടങ്ങളിൽ രോഗതീവ്രത കുറയുന്നതും സർക്കാരിന്റെയും ജനങ്ങളുടെയും സാമ്പത്തികബാധ്യത കുറയുന്നതും കാണാനാകും. ശാസ്ത്രീയമായ അറിവുകളും നിയന്ത്രണമാർഗങ്ങളും പിന്തുടരാനുള്ള ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ട് എന്നത് കോവിഡ് കാലത്തെ പ്രധാന പാഠമാണ്. ▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. യു. നന്ദകുമാർ

എഴുത്തുകാരൻ, പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നു. അണ്ണാമലൈ യൂണിവേഴ്​സിറ്റിയിലെ റിഹാബിലിറ്റേഷൻ മെഡിസിനിൽ പ്രൊഫസറായിരുന്നു.

Comments