ചികിത്സ വേണ്ട കേരള ആരോഗ്യരംഗം, എങ്ങനെ മാറ്റണം ആശുപത്രികളെ?

കേരളത്തിലെ ആരോഗ്യമേഖലയിലെ പരിമിതികൾ വിലയിരുത്തി പ്രതിസന്ധികൾ പരിഹരിക്കാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയുമാണ് ഡോ. മാത്യു ജോർജ്.

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ അടിക്കടി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയും മറ്റ് ആരോഗ്യ വിദഗ്ധരും ഒന്നിച്ച് ആവർത്തിക്കുന്നതാണ് സിസ്റ്റത്തിന്റെ പരിമിതികൾ എന്നത്. എന്താണ് സിസ്റ്റത്തിന്റെ പരിമിതികൾ? എന്തുകൊണ്ടാണ് ഈ പരിമിതികൾ ഉണ്ടാകുന്നത് എന്ന് വിശകലനം ചെയ്യേണ്ടത് ഏറ്റവും അത്യാവശ്യമാണ്. സിസ്റ്റത്തിന്റെ പരിമിതികളെ അംഗീകരിക്കുക വഴി ആരോഗ്യ പ്രവർത്തകരുടെ കഴിവുകേടായി ഈ പ്രശ്നങ്ങൾ ചുരുങ്ങില്ല എന്നുള്ള ഒരു നല്ലവശവും അതിൽ കാണാൻ കഴിയും. ആരോഗ്യമേഖലയിലെ പരിമിതികൾ വിലയിരുത്തി പ്രതിസന്ധികൾ പരിഹരിക്കാൻ ചില നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുകയുമാണ് ഇവിടെ.

ഒരു ആരോഗ്യ സംവിധാനം അത് ശരിയായ രീതിയിൽ പ്രവർത്തിക്കുക എന്നാൽ അതിന്റെ ഉപഭോക്താക്കൾക്ക് തൃപ്തികരമായ സേവനം ഉറപ്പാക്കിക്കൊണ്ടാവണം. ആവശ്യാനുസരണം ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇതിൽ പ്രധാനം. പൊതുജനങ്ങൾക്ക് പ്രധാനമായും മൂന്ന് തരത്തിലുള്ള ചികിത്സാ ആവശ്യങ്ങൾ ആണുള്ളത്. ഒന്ന് ചെറിയ അസുഖങ്ങളായ ചുമ, പനി, ജലദോഷം, പേശിവേദന തുടങ്ങിയവയും, ക്രോണിക് രോഗങ്ങൾ ആയ പ്രമേഹം, രക്താദിസമ്മർദ്ധം തുടങ്ങിവയുടെ ആദ്യ ഘട്ടങ്ങളിൽ വേണ്ട ചികിത്സയും. രണ്ടാമത്തേത് അൽപ്പം കൂടി കാഠിന്യമേറിയ അവസ്ഥകളായ ഡെങ്കിപ്പനി, വൈറൽപനി, മറ്റ് പകർച്ചപ്പനി തുടങ്ങിയവയും അനിയന്ത്രിതമായ ഡയബറ്റിസ്, രക്താദിസമ്മർദ്ദം തുടങ്ങിയ ദീർഘകാല രോഗാവസ്ഥകളും. മൂന്നാമത്തെ വിഭാഗത്തിൽ പെടുത്താവുന്നവയാണ് കിടത്തി ചികിത്സ ആവശ്യമായവ. ഇതിനെല്ലാം പുറമെ പ്രസവപരിചരണം, ഡയാലിസിസ്, ക്യാൻസർ ചികിത്സ തുടങ്ങിയ നിരന്തര ശ്രദ്ധ വേണ്ട ആരോഗ്യ ആവശ്യങ്ങളും ഉണ്ട്.

പ്രൈമറി തലത്തിലുള്ള ചികിത്സ ഏറിയും കുറഞ്ഞും നടത്തപ്പെടുമ്പോഴും സർക്കാർ ആശുപത്രികൾ വളരെ പിന്നാക്കം നിൽക്കുന്നത് ദ്വിതീയ, ത്രിതീയ തലത്തിലെ സേവനങ്ങൾ ഉറപ്പാക്കുന്നതിലാണ്. (Representative image)
പ്രൈമറി തലത്തിലുള്ള ചികിത്സ ഏറിയും കുറഞ്ഞും നടത്തപ്പെടുമ്പോഴും സർക്കാർ ആശുപത്രികൾ വളരെ പിന്നാക്കം നിൽക്കുന്നത് ദ്വിതീയ, ത്രിതീയ തലത്തിലെ സേവനങ്ങൾ ഉറപ്പാക്കുന്നതിലാണ്. (Representative image)

ത്രിതല ആരോഗ്യ ശൃംഖലയുടെ യുക്തി

ഇതെല്ലാം തിരിച്ചറിഞ്ഞു കൊണ്ടാണ് നമ്മുടെ ആരോഗ്യ സംവിധാനം ത്രിതലാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നത്. അതായത് പ്രൈമറി തലത്തിൽ ഉള്ള ചികിത്സ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയും (PHC), രണ്ടാമത്തെ വിഭാഗത്തിൽ ഉള്ള പ്രശ്നപരിഹാരത്തിനായി ദ്വിതീയ തലത്തിലുള്ള CHC, താലൂക്ക് ആശുപത്രികൾ ആണ് വിഭാവനം ചെയ്തിരിക്കുന്നത്. മൂന്നാമത്തെ വിഭാഗത്തിലെ ആവശ്യങ്ങൾ ദ്വിതീയ, ത്രിതീയ തലത്തിലെ സ്ഥാപനങ്ങൾ യോജിച്ചു നിർവഹിക്കേണ്ടതാണെങ്കിലും ഇപ്പോൾ കണ്ട് വരുന്ന ഒരു പ്രവണത കിടത്തി ചികിത്സയ്ക്കായി ജില്ലാശുപത്രികളിലും, മെഡിക്കൽ കോളേജാശുപത്രികളിലും മാത്രം ജനങ്ങൾ വിശ്വാസം അർപ്പിച്ചു പോരുന്നു. ഇത് പ്രധാനമായും കണ്ട് വരുന്നത് സ്വകാര്യാശുപത്രികൾ താങ്ങാൻ പറ്റാത്ത ജനവിഭാഗങ്ങൾക്കിടയിലാണ്. കിടത്തി ചികിത്സയ്ക്ക് മാത്രമായി ഒരു ഇൻഷുറൻസ് അധിഷ്ഠിത ആരോഗ്യമേഖലയെ ആശ്രയിച്ചിരിക്കുന്ന ഒരു ആരോഗ്യ സംവിധാനമാണ് കേരളത്തിൽ നിലനിൽക്കുന്നത്. പ്രൈമറി തലത്തിൽ (PHC/ FHC) പൊതുജനാരോഗ്യ സമ്പർക്കപരിപാടികൾ മെച്ചപ്പെട്ട രീതിയിൽ നടപ്പാക്കുന്നുണ്ടെങ്കിലും പരിമിതമായി മാത്രമാണ് ഇവിടെ ചികിത്സാ സൗകര്യമുള്ളത്. പ്രൈമറി തലത്തിലുള്ള ചികിത്സ ഏറിയും കുറഞ്ഞും നടത്തപ്പെടുമ്പോഴും സർക്കാർ ആശുപത്രികൾ വളരെ പിന്നാക്കം നിൽക്കുന്നത് ദ്വിതീയ, ത്രിതീയ തലത്തിലെ സേവനങ്ങൾ ഉറപ്പാക്കുന്നതിലാണ്.

ആരോഗ്യ സ്ഥാപനങ്ങളിലെ പരിമിതികൾ

ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (IPHS) നിഷ്കർഷിക്കുന്നത് എല്ലാ CHC-യിലും മുപ്പത് കിടക്കകൾ ഉണ്ടാവണമെന്നും ഓരോ അഞ്ചു മുതൽ എട്ട് ലക്ഷം വരുന്ന ജനങ്ങൾക്ക് ഒരു സബ്ഡിവിഷനൽ ആശുപത്രി വേണമെന്ന് വിഭാവനം ചെയ്തിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ താലൂക്ക് അടിസ്ഥാനത്തിൽ ആശുപത്രികൾ ഉണ്ടെന്നത് ഒരു മേന്മ ആണെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ ചെറുതല്ല. കേരളത്തിന്റെ ആരോഗ്യ രംഗത്തെ ഏറ്റവും വലിയ പാളിച്ച ദ്വിതീയ തലത്തിലുള്ള (CHC, താലൂക്ക് ) ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത തന്നെയാണ്. കേരളത്തിലെ ഭൂരിഭാഗം CHC-കളിലും കിടത്തി ചികിത്സാസൗകര്യങ്ങൾ ഇല്ലായെന്നു മാത്രമല്ല ഉള്ള സൗകര്യങ്ങൾ കൊണ്ട് പ്രൈമറി തലത്തിലുള്ള ചികിത്സ കൊടുക്കാനേ കഴിയുകയുള്ളൂ. ഓരോ CHC-കളിലും അഞ്ചോളം സ്പെഷ്യലിസ്റ് ഡോക്ടർമാരും, മുപ്പത് കിടക്കകളും അതിനനുശ്രതമായ നഴ്സിംഗ് ഇതര സ്റ്റാഫുകളും വേണമെന്നിരിക്കെ ഭൂരിഭാഗം CHC-കളിലും ഒന്നോ രണ്ടോ ഡോക്ടർമാരെ മാത്രം നിലനിർത്തി പ്രാഥമിക ചികിത്സ മാത്രം നൽകി വരികയാണ്.

താലൂക്കാശുപത്രികളുടെ കാര്യവും മറിച്ചല്ല. ഏകദേശം പകുതിയിലധികം താലൂക്കാശുപത്രികളിലും സ്റ്റാഫ്, മറ്റ് സൗകര്യങ്ങൾ ഒരു PHC യുടെ നിലവാരത്തിൽ മാത്രം ഒതുങ്ങുന്നതാണെങ്കിൽ ബാക്കിയുള്ള കുറച്ചു താലൂക്ക് ആശുപത്രികൾ ജില്ലാ ആശുപത്രികളുടെ നിലവാരത്തിലേക്ക് ഉയരാൻ സാധ്യത ഉള്ളവയാണ്. എന്നാൽ ഇവിടെയും ആരോഗ്യ പ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്നത് കൊണ്ടും, പലപ്പോഴും പ്രവർത്തനസമയം രാവിലെ മാത്രമായി പരിമിത പെടുത്തുന്നത് കൊണ്ടും പ്രാഥമിക തലത്തിലുള്ള ചികിത്സ മാത്രമേ ജനങ്ങൾക്ക് ലഭ്യമാകുന്നുള്ളൂ. ജില്ലാ ആശുപത്രിയിലെ അവസ്ഥയും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഓരോ ആശുപത്രിയിലും അതിന്റെ യഥാർത്ഥ ആരോഗ്യ പ്രവർത്തകരുടെ എണ്ണത്തിന്റെ നാലിലൊന്നോ അതിലധികമോ കുറവുണ്ട്. ഇതിനും പുറമെ താഴെത്തട്ടിലുള്ള CHC, താലൂക്ക് ആശുപത്രികളുടെ പ്രവർത്തനരാഹിത്യം മൂലം ഭൂരിപക്ഷ രോഗികളും നേരിട്ട് ജില്ലാ ആശുപത്രിയിലേക്ക് വരുന്നത് വഴി രോഗികളുടെ അധികഭാരവും ഒരു യാഥാർഥ്യമായി തുടരുന്നു. ഈ പരക്കം പാച്ചിൽ രോഗികളെ അവസാനം മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് എത്തിക്കുന്നു.

കേരളത്തിലെ ചികിത്സാവശ്യത്തിന്റെ ചെറിയ (ഏകദേശം 20%) അംശം മാത്രമാണ് സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത്. (Representative image)
കേരളത്തിലെ ചികിത്സാവശ്യത്തിന്റെ ചെറിയ (ഏകദേശം 20%) അംശം മാത്രമാണ് സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത്. (Representative image)

ആരോഗ്യ പ്രവർത്തകരുടെ കുറവ്, ആവശ്യത്തിനുള്ള ലബോറട്ടറി ടെസ്റ്റിംഗ് സൗകര്യക്കുറവ്, പ്രവർത്തന സമയത്തിലുള്ള നിബന്ധനകൾ എല്ലാം സർക്കാർ ആരോഗ്യമേഖലയുടെ ദുർബലമായ ചികിത്സാസംവിധാനം പ്രകടമാക്കുന്നവയാണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ കേരളത്തിലെ ചികിത്സാവശ്യത്തിന്റെ ചെറിയ (ഏകദേശം 20%) അംശം മാത്രമാണ് സർക്കാർ സ്ഥാപനങ്ങൾക്ക് ഇന്നത്തെ അവസ്ഥയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നത്. ഇതിനും പുറമെ ജനങ്ങൾ പൊതുവായി ഉയർത്തുന്ന മറ്റൊരു പ്രശ്നം സർക്കാർ ആശുപത്രികളിലെ ക്വാളിറ്റിയില്ലായ്മയാണ്. ആരോഗ്യരംഗത്ത് ക്വാളിറ്റി എന്നാൽ സുരക്ഷ എന്നാണ് അർത്ഥമാക്കുന്നത്.

സുരക്ഷ ആണ് ക്വാളിറ്റി

എന്തുകൊണ്ടാണ് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ക്വാളിറ്റി ഇല്ലാതാവുന്നത്? ഇതും സംവിധാനതല വിശകലനം വേണ്ട ഒരു സംഗതിയാണ്. നാലിലൊന്ന് ആരോഗ്യ പ്രവർത്തകരുടെ ഒഴിവുകൾ നിലനിൽക്കുകയും, ആവശ്യത്തിനുള്ള ഉപകരണങ്ങളോ, സംവിധാനങ്ങളോ ഇല്ലാത്തതും, ഉള്ളവയുടെ ശരിയായ അറ്റകുറ്റപണികളോ, പരിപാലനമോ സമയബന്ധിതമായി നടത്താത്തതും ഇതിനൊരു കാരണമാണ്. ഇതോടൊപ്പം നേരത്തെ വിശദീകരിച്ചത് പോലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കഴിഞ്ഞാൽ സാധാരണക്കാർ എല്ലാ രോഗങ്ങൾക്കും ചികിത്സ തേടുന്നത് ജില്ലാ ആശുപത്രികളിലോ മെഡിക്കൽ കോളേജാശുപത്രികളിലോ ആണ്. ഇതിനുള്ള പ്രധാന കാരണം ആവശ്യത്തിനുള്ള കിടത്തി ചികിത്സാസംവിധാനം പ്രാഥമിക തലത്തിലോ ദ്വിതീയ തലത്തിലോ ഉറപ്പാക്കുന്നില്ല എന്നത് തന്നെ.

ഒരു ആശുപത്രിയിൽ കിടത്തി ചികിത്സ ഉറപ്പാക്കുക എന്ന് പറഞ്ഞാൽ 24x7 സജ്ജമായ നഴ്സിംഗ് സ്റ്റാഫ്, ആവശ്യാനുസരണം അറ്റൻഡർമാർ, മറ്റ് സഹജീവനക്കാർ, സ്പെഷ്യലിസ്റ് ഡോക്ടർമാർ തുടങ്ങീ ഒരു കിടക്കയ്ക്ക് ആനുപാതികമായി എല്ലാവിധ സജ്ജീകരണങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ യഥാർത്ഥ ചിത്രം മനസിലാക്കണമെങ്കിൽ സ്വകാര്യ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരുടെ ജോലിഭാരവുമായി താരതമ്യം ചെയ്യണം. ഒരു ദിവസം ഒരു സർക്കാർ ഡോക്ടർ രാവിലെ മുതൽ ഉച്ച വരെയുള്ള സമയം ഔട്പേഷ്യന്റ് വിഭാഗത്തിൽ പരിശോധിക്കുന്ന രോഗികളുടെ എണ്ണം ഏതാണ്ട് നൂറ്റമ്പതോ ഇരുന്നൂറോ ആണെങ്കിൽ സ്വകാര്യ ആശുപത്രിയിൽ ഇത് ഏതാണ്ട് മുപ്പതു മുതൽ നാല്പതു വരെയാണ്. ഇത് സർജറി പോലുള്ള ചികിത്സയുടെ കാര്യത്തിലായാലും, നഴ്സിംഗ് പരിചരണത്തിന്റെ കാര്യത്തിലായാലും വ്യത്യാസപ്പെട്ടിരിക്കും. സർക്കാർ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ ഒരു രോഗിക്ക് നൽകുന്ന സമയം സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് വളരെ കുറവാണ്. ഇത് സർജറി പോലുള്ള നൂതന ചികിത്സകളിലും വ്യത്യസ്തമല്ല. പോരാത്തതിന് ആരോഗ്യപ്രവർത്തകരുടെ കുറവും, സമയക്രമത്തിനനുസരിച്ച് (Night shift പേരിനു മാത്രം) ജോലികൾ ക്രമീകരിക്കേണ്ടി വരുന്നതും കാരണം സർക്കാർ ആശുപത്രികളിൽ ക്വാളിറ്റി പരിചരണം ഉറപ്പാക്കുക എന്നത് സർക്കാർ ആരോഗ്യസ്ഥാപനങ്ങൾക്ക് ഒരു ബാലികേറാമലയായി അവശേഷിക്കും.

സർക്കാർ ആരോഗ്യസ്ഥാപനത്തിൽ ആരോഗ്യ പരിചരണം ശരിയായ രീതിയിൽ ലഭിക്കുക എന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ഈ തിരിച്ചറിവാണ് സാധാരണക്കാരായിട്ടുള്ള മധ്യവർഗ്ഗം സ്വകാര്യ ആശുപത്രികളെ കൂടുതലായും ആശ്രയിക്കുന്നതിന് കാരണമാവുന്നത്. (Representative image)
സർക്കാർ ആരോഗ്യസ്ഥാപനത്തിൽ ആരോഗ്യ പരിചരണം ശരിയായ രീതിയിൽ ലഭിക്കുക എന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ഈ തിരിച്ചറിവാണ് സാധാരണക്കാരായിട്ടുള്ള മധ്യവർഗ്ഗം സ്വകാര്യ ആശുപത്രികളെ കൂടുതലായും ആശ്രയിക്കുന്നതിന് കാരണമാവുന്നത്. (Representative image)

സർക്കാർ സ്ഥാപനങ്ങളിൽ ഇത്രയധികം ബുദ്ധിമുട്ടിലൂടെ നടത്തുന്ന രോഗിപരിചരണം ഓരോ ആരോഗ്യ പ്രവർത്തകർക്കും ഞാണിന്മേൽ കളിയാണ്. ഇനി എത്രകണ്ട് വിദഗ്ധരായ ആരോഗ്യ പ്രവർത്തകരാണെങ്കിലും ഇത്തരം പരിമിതമായ സാഹചര്യങ്ങളിൽ ശരിയായ രീതിയിൽ കൃത്യനിർവഹണം നടത്തുക എന്നത് ക്ലേശകരമായ ഉദ്യമം ആണ്. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, സർക്കാർ ആരോഗ്യസ്ഥാപനത്തിൽ ആരോഗ്യ പരിചരണം ശരിയായ രീതിയിൽ ലഭിക്കുക എന്നത് ഒരു ഭാഗ്യപരീക്ഷണമാണ്. ഈ തിരിച്ചറിവാണ് സാധാരണക്കാരായിട്ടുള്ള മധ്യവർഗ്ഗം സ്വകാര്യ ആശുപത്രികളെ കൂടുതലായും ആശ്രയിക്കുന്നതിന് കാരണമാവുന്നത്.

ഈ അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ വളർന്നു വരുന്ന സ്വകാര്യ കോർപ്പറേറ്റ് ആശുപത്രികളുടെ പ്രധാന മാർക്കറ്റിംഗ് ആയുധം. ആരോഗ്യമേഖലയിൽ മുന്നിട്ട് നിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനം എന്തുകൊണ്ടാണ് സർക്കാർ ആരോഗ്യ ഇൻഷുറൻസിൽ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയത്? ഈ ആരോഗ്യനയം രൂപപ്പെടുത്തുന്ന ഘട്ടത്തിൽ ഇത് ഒരു പ്രധാന ചർച്ചാവിഷയമായിരുന്നു. ഇന്നിപ്പോൾ സ്വകാര്യ ആശുപത്രികളുടെ താല്പര്യസംരക്ഷണാർത്ഥം ആരോഗ്യ ഇൻഷുറൻസ് പദ്ധതി മാറ്റപ്പെട്ടു കഴിഞ്ഞു. ഇപ്പോൾ സ്വകാര്യ ആശുപത്രികൾ അവർക്കു പ്രയോജനപ്രദമായ സേവനങ്ങൾ ഇൻഷുറൻസിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും അവർക്കു താത്പര്യമില്ലാത്തവ ഉൾപ്പെടുത്താതെയിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. നിലവിൽ ആരോഗ്യവിഭാഗം ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ കൊടുക്കാനുള്ള കടത്തിന്റെ കണക്കു പറഞ്ഞാണ് ഈ വിലപേശൽ. സ്വകാര്യ ആശുപത്രികൾ പിന്മാറും എന്ന ഭീഷിണിയിലാണ് ഇന്ന് കേരളത്തിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി. ഇതിന് ഒരു ബദൽ സംവിധാനം സാധാരണ ജനങ്ങൾക്കു പ്രാപ്യമാകുന്ന തരത്തിൽ വിഭാവനം ചെയ്യേണ്ടിയിരിക്കുന്നു.

കേരളത്തിന് വേണ്ടത് ഒരു ബദൽ സംവിധാനം

ഇതിനുള്ള പരിഹാരമാർഗം എന്നത് IPHS നിഷ്കർഷിക്കുന്നത് പോലെ ഓരോ ജില്ലയ്ക്കും അതിലെ ബ്ലോക്കുകൾക്കും ജനസംഖ്യാനുപാതികമായി കിടക്കകളും അതിനു വേണ്ട സൗകര്യങ്ങളും ഒരുക്കുകയെന്നതാണ്. ഇത് ജില്ലാതലത്തിലല്ല മറിച്ച് ഓരോ ബ്ളോക്കിലും ഒരു CHC എന്ന കണക്കിനാണ് ആരോഗ്യ സ്ഥാപനം വിഭാവനം ചെയ്തിരിക്കുന്നത്. എങ്ങനെയാണ് കേരളത്തിലെ 220-ലധികം വരുന്ന CHC-കളെ അടുത്ത രണ്ടോ മൂന്നോ ഘട്ടമായി 30 കിടക്കകളും അഞ്ച് സ്പെഷ്യലിസ്റ് ഡോക്ടർമാരും ഉൾപ്പെട്ട കിടത്തി ചികിത്സ സാധ്യമാക്കുന്ന ആശുപത്രികളായി മാറ്റാനാവുക? 15 ലക്ഷം ജനങ്ങളുള്ള ഒരു ജില്ലയിൽ ഏതാണ്ട് എട്ട് മുതൽ പത്ത് വരെ CHC ഉണ്ടാവും. എല്ലാ CHC കളിലും 20-30 കിടക്കകൾ ഉറപ്പാക്കിയാൽ ഒരു ജില്ലയ്ക്ക് 200-300 വരെ കിടക്കകൾ അധികമായി കിട്ടുകയും ജില്ലയുടെ എല്ലാ മേഖലയിലേയും ജനങ്ങൾക്ക് ഒരു പോലെ പ്രയോജനപ്പെടുകയും ചെയ്യും. ഇതാണ് 400 കിടക്കകളുള്ള മെഡിക്കൽ കോളേജ് ഒരു ജില്ലയിൽ തുടങ്ങുന്നതിനേക്കാൾ ജനങ്ങൾക്ക് ഉപകരിക്കുക.

വാർഷിക കണക്കുകൾ പ്രകാരം കേരളത്തിൽ ഒരു വർഷം 7-8% ആൾക്കാരാണ് കിടത്തി ചികിത്സ ആവശ്യമായിട്ടുള്ളത്. അവയിൽ ത്രിതീയ തലത്തിൽ ചികിത്സ വേണ്ടത് രണ്ടു മുതൽ മൂന്ന് ശതമാനമാണെങ്കിൽ, ബാക്കി അഞ്ച് മുതൽ ആറ് ശതമാനം ദ്വിതീയ തലത്തിലെ ചികിത്സ വേണ്ടവയാണ്. അതാണ് സർക്കാർ സ്ഥാപനങ്ങൾ ഉറപ്പാക്കേണ്ടത്. ഇത് നടപ്പിലാക്കിയാൽ ഒരു പരിധി വരെ സ്വകാര്യ ആശുപത്രികളുടെ അനധികൃത ചികിത്സാ സമ്പ്രദായത്തിനുള്ള ബദൽ ആകുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങൾക്ക് എന്നും മാതൃകയായിട്ടുള്ള കേരളത്തിന് കിടത്തിചികിത്സാ രംഗത്ത് മറ്റൊരു മാതൃക സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും.


Summary: Kerala's healthcare sector needs treatment, How should our hospitals to be changed? Dr Mathew George writes.


ഡോ. മാത്യു ജോർജ്

ഡീൻ, സ്കൂൾ ഓഫ് മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത്, കേരള കേന്ദ്ര സർവ്വകലാശാല, കാസർഗോഡ്.

Comments