കോവിഡാനന്തരം യുവാക്കളിൽ മരണം കൂടുന്നുവെന്ന ആശങ്ക; പഠനങ്ങൾ പറയുന്നത്

കോവിഡാനന്തരം യുവാക്കളിൽ വർധിച്ചുവരുന്ന മരണനിരക്കിനെക്കുറിച്ച് ഐ.സി.എം.ആർ പഠനം നടത്തിയിരുന്നു. കോവിഡ് മൂലം ആശുപത്രിയിലായവർ, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, മരണത്തിനുമുമ്പുള്ള 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചവർ, ലഹരി അമിതമായി ഉപയോഗിക്കുന്നവർ തുടങ്ങിയവരിലാണ് മരണസാധ്യത കൂടുതലെന്നാണ് രണ്ടു വർഷം നീണ്ട പഠനത്തിലൂടെ ഐ.സി.എം.ആറിന്റെ നിരീക്ഷണം.

കോവിഡാനന്തരം യുവാക്കളിൽ വർധിച്ചുവരുന്ന മരണനിരക്കും (Mortality) അതിന്റെ കാരണങ്ങളും ആരോഗ്യമേഖല ചർച്ച ചെയ്യുന്നുണ്ട്. കോവിഡ് വാക്സിനെ മുൻനിർത്തിയുള്ള ഊഹാപോഹങ്ങളും ഇതിനിടെ പ്രചരിച്ചു. എന്നാൽ അത് തെറ്റാണെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നടത്തിയ പഠനം പറയുന്നത്. 2021 ഒക്ടോബർ മുതൽ 2023 മാർച്ച് 31 വരെ 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്കിടയിലാണ് പഠനം നടത്തിയത്.

പ്രായം, പ്രദേശം, ലിംഗം, വ്യക്തികളുടെ മെഡിക്കൽ ചരിത്രം തടങ്ങിയ പ്രാഥമിക വിവരങ്ങളും പുകവലി, മദ്യപാനം, തീവ്രമായ കായികാധ്വാനം, കോവിഡ് കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടോ, വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ശേഖരിച്ചായിരുന്നു പഠനം.
കോവിഡ് മൂലം ആശുപത്രിയിലായവർ, കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, മരണത്തിനുമുമ്പുള്ള 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചവർ, ലഹരി അമിതമായി ഉപയോഗിക്കുന്നവർ തുടങ്ങിയവരിലാണ് മരണസാധ്യത കൂടുതലെന്നാണ് രണ്ടു വർഷം നീണ്ട പഠനത്തിലൂടെ ഐ.സി.എം.ആറിന്റെ നിരീക്ഷണം.

കോവിഡ് വാക്‌സിനെ കുറിച്ച് മാത്രമല്ല ഇക്കാലയളവിൽ പുറത്തിറങ്ങിയ എല്ലാ വാക്‌സിനുകളുടെ കാര്യത്തിലും, അവയുണ്ടാക്കുന്ന പാർശ്വഫലങ്ങളെച്ചൊല്ലി പൊതുവെ ആശങ്കയുണ്ടായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച പഠനങ്ങളിൽ ഒന്നും തന്നെ വാക്‌സിനുകൾ, പ്രത്യേകിച്ച് കോവിഡ് വാക്‌സിൻ, അപകടകരമായ പ്രത്യാഘാതമുണ്ടാക്കുന്നതായി തെളിയിക്കാൻ സാധിച്ചിട്ടില്ല.

വാക്‌സിനും പാർശ്വഫലങ്ങളും

ഏതൊരു വാക്സിൻ ഉപയോഗിക്കുമ്പോഴും പത്ത് ലക്ഷത്തിൽ ഒരാൾക്ക് എന്ന കണക്കിൽ പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അത്തരം പാർശ്വഫലങ്ങൾ മാത്രമാണ് കോവിഡ് വാക്സിൻ മുഖേനയും സംഭവിച്ചിട്ടുള്ളു എന്നും പഠനങ്ങൾ പറയുന്നു. ഓരോ രോഗങ്ങളുടെയും സ്വഭാവത്തിനനുസരിച്ചാണ് വാക്സിൻ നിർമിക്കുന്നത്. ഉദാഹരണമായി, കോവിഡ് 19 പോലൊരു മഹാമാരിക്ക് എത്രമാത്രം വ്യാപനശേഷിയുണ്ട് (impact), മരണസാധ്യത എത്രയാണ് തുടങ്ങിയ വിവരങ്ങൾ കൂടി പരിഗണിച്ചായിരിക്കും വാക്സിൻ നിർമാണം. അതോടൊപ്പം, വാക്‌സിന്റെ സുരക്ഷിതത്വം (safety), അപകട സാധ്യത (Risk Factor), അതിന്റെ ആനുകൂല്യങ്ങൾ (Benfit) എന്നിവ കൂടി പഠിച്ച ശേഷമായിരിക്കും വാക്‌സിൻ മനുഷ്യശരീരത്തിൽ ഉപയോഗിക്കാം എന്ന തീരുമാനത്തിലേക്കെത്തുന്നത്.

ചൈനയിൽ നിന്ന് കൊറോണ വൈറസിന്റെ ജനിതകഘടന തിരിച്ചറിഞ്ഞ് ജനിതക സീക്വൻസ് ലോകത്തിലെ മറ്റ് രാജ്യങ്ങളിലേക്ക് ഗവേഷണത്തിന് പങ്കുവെച്ച 2020 ജനുവരി 11 നുതന്നെ ശാസ്ത്രജ്ഞർ വാക്‌സിൻ ഗവേഷണവും തുടങ്ങി. ഇതേതുടർന്ന് കോവിഡ് വാക്‌സിൻ പതിന്നൊന്ന് മാസം കൊണ്ട് സാധ്യമാക്കാനായി. ഇങ്ങനെ അംഗീകാരം കിട്ടിയ വാക്‌സിനുകൾ രോഗാണുക്കളായ വൈറസുകളെ ഉപയോഗിക്കാതെ നൂതന വിദ്യകളുപയോഗിച്ച് വികസിപ്പിച്ചതാണ്. കോവിഡ് വൈറസിന് പ്രതിരോധം ഉണ്ടാക്കാവുന്ന ജീനുകളോ, അവയിലെ നൂക്ലിക് ആസിഡുകളോ മാത്രം ഉപയോഗിച്ചാണ് ഇവ വികസിപ്പിച്ചത്. അതിനാൽ ഫലം കൂടാനും പാർശ്വഫലം കുറക്കാനും മ്യൂട്ടേഷനുകളെ അതിജീവിക്കാനും പറ്റുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

കോവിഡ് വാക്‌സിൻ വിപണിയിൽ വന്നപ്പോൾ മുതൽ ഇതിന്റെ ശാസ്ത്രീയ വിശകലനങ്ങളും നടന്നിരുന്നു. ഒപ്പം, വാക്സിൻ വിരുദ്ധലോബികളുടെ കാമ്പയിനുകളും ശക്തമായി. 2021 ഏപ്രിലിൽ ഹൃദയാഘാതം മൂലം തമിഴ് നടൻ വിവേക് മരിച്ചപ്പോൾ, അദ്ദേഹം കോവിഡ് വാക്‌സിൻ എടുത്തിരുന്നെന്നും പെട്ടെന്നുള്ള മരണത്തിന്റെ കാരണം അതായിരുന്നു എന്നും കാമ്പയിനുണ്ടായി. എന്നാൽ ഇത്തരം വാദങ്ങൾ ശാസ്ത്രീയമായി സ്ഥിരീകരിക്കാനുളള ഒരു വിവരവും ഇല്ലായിരുന്നു.

പാർശ്വഫലങ്ങളില്ലാതെ ഒരു മരുന്നോ വാക്‌സിനോ നിർമിക്കപ്പെടുന്നില്ല എന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. വാക്‌സിൻ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങളുടെ തോത് (Ratio) എത്രയാണ് എന്നതിനെ അടിസ്ഥാനമാക്കിയാണ് വാക്‌സിന്റെ അപകട സാധ്യത മനസിലാക്കുന്നത്. കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട ആശങ്കകളെക്കുറിച്ച് കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ.എ.കെ.ജയശ്രീ ട്രൂകോപ്പിയുമായി സംസാരിക്കുന്നു: കോവിഡ് മൂലമുള്ള മരണസാധ്യതയും (Possibility) വാക്‌സിൻ എടുത്തവരിൽ ഉണ്ടാകുന്ന മരണത്തിന്റെ കണക്കും പരിശോധിച്ചാൽ മനസിലാകും, ഇവ തമ്മിൽ ഒരു ബന്ധവുമില്ലെന്ന്. വാക്‌സിൻ ഉപയോഗത്തിലൂടെ വലിയ തോതിൽ മരണനിരക്ക് (Mortality) കുറക്കാൻ സാധിച്ചു. ഈ പറഞ്ഞ കാര്യം വസ്തുതയാണ്. അതുകൊണ്ടുതന്നെ വാക്‌സിന്റെ കാര്യത്തിൽ അത്തരമൊരു ചിന്തയുടെ ആവശ്യമില്ല. അപകട സാധ്യതയും അതിൽനിന്ന് ലഭിക്കുന്ന ഗുണവും പരിശോധിക്കുമ്പോൾ ഗുണം (Benifit) തന്നെയാണ് കൂടുതൽ. എന്നാൽ അതുകൊണ്ട് ഒരുതരത്തിലുമുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുന്നില്ല എന്ന് പൂർണമായി പറയാനും സാധിക്കില്ല'

എന്താണ് എ.ഇ.എഫ്.ഐ പ്രോഗ്രാം?

സുരക്ഷിതമായ വാക്‌സിനുകൾക്കൊപ്പം ഗുണനിലവാരമുള്ള പ്രതിരോധ കുത്തിവെയ്പ്പ് സേവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന രാജ്യമാണ് ഇന്ത്യ. അതിന്റെ അടിസ്ഥാനത്തിൽ 1988 മുതൽ നിലനിൽക്കുന്ന നിരീക്ഷണ സംവിധാനമാണ് AEFI (Adverse Events Following Immunization).

എ.ഇ.എഫ്.ഐയുടെ കൃത്യമായ നിരീക്ഷണത്തിന് (Monitoring) വിധേയമായിട്ടാണ് ഓരോ വാക്‌സിനും ഉപയോഗിക്കുന്നത്. വാക്‌സിൻ എടുത്തതുമായി ബന്ധപ്പെട്ട് ഏതെങ്കിലും മരണം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഈ സംവിധാനം കൃത്യമായി പരിശോധനകൾ നടത്തിവരുന്നുണ്ട്. ഉദാഹരണമായി, വാക്‌സിൻ എടുത്തതിനുശേഷം ഒരാൾ ഹൃദയാഘാതം മൂലം മരിച്ചുവെന്ന് കരുതുക. മരണകാരണം വാക്‌സിൻ ആയിരിക്കില്ല. എന്നാൽ അവിടെയുണ്ടാകുന്ന പൊതുവികാരം വാക്‌സിനെതിരെയായിരിക്കും.

ഡോ.എ.കെ.ജയശ്രീ

വാക്‌സിനുമായി ബന്ധപ്പെട്ട് എന്ന തരത്തിൽ ആരോപണമുയരുന്ന മണങ്ങളെ സംബന്ധിച്ച് ആരോഗ്യസംവിധാനങ്ങൾ കൃത്യമായ വിവരശേഖരണം നടത്താറുണ്ട്. അത്തരത്തിൽ മരിച്ചവരുടെ മെഡിക്കൽ ചരിത്രം (Medical History) പരിശോധിക്കുന്നതുമുതൽ അവരുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ അവസ്ഥകളും പഠിക്കും. അതായത് ഇത്തരത്തിലൊരു മരണത്തിലേക്ക് നയിക്കുന്ന ഏതെങ്കിലും ഒരു സംഭവം (Event) ഉണ്ടായിട്ടുണ്ടോ എന്ന് എ.ഇ.എഫ്.ഐ പരിശോധിക്കും. ഇത്തരത്തിലുള്ള പരിശോധനകൾ പലപ്പോഴും എത്തിച്ചേരുന്നത് മരിച്ചവർക്ക് മറ്റു ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും അതാണ് മരണകാരണം എന്നുമുള്ള നിഗമനത്തിലേക്കായിരിക്കുമെന്നാണ് ആരോഗ്യ വിദഗ്തർ പറയുന്നത്. ഏതൊരു വാക്‌സിൻ എടുത്താലും അതിന്റെ പ്രഭാവം (effect) കാണിക്കാറുണ്ട്. ചെറിയ പനി, ശരീരവേദന, ചൊറിച്ചിൽ തുടങ്ങിയവ ഉണ്ടാകാറുമുണ്ട്.

കോവിഡ് വാക്‌സിൻ എടുത്തവരിൽ ചെറിയ ചൊറിച്ചിലും പനിയുമൊക്കെ ഉണ്ടായിട്ടുണ്ടെന്നും അത് വാക്‌സിൻ പ്രവർത്തിച്ച് തുടങ്ങുന്നതിന്റെ ലക്ഷണമാണെന്നും ഡോ. ജയശ്രീ പറയുന്നു: ഏതൊരു വാക്‌സിൻ എടുക്കുമ്പോഴും ഇങ്ങനെ സംഭവിക്കാറുണ്ട്. അല്ലാതെ വാക്‌സിൻ കൊണ്ടാണ് മരണം എന്ന് തെളിയിച്ചിട്ടുള്ള കേസുകളൊന്നും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അത്തരത്തിലൊരു പഠനവും ഇതുവരെ ഉണ്ടായിട്ടില്ല. വാക്‌സിൻ കൊണ്ടുള്ള പാർശ്വഫലമെന്ന് പറയുന്നത്, യുവതികളിൽ (Young Females) ത്രോംബോബോളിസം (thromboembolsim) പോലെയുള്ള പ്രതിഭാസം കാണുന്നതാണ്. അത് മുമ്പ് പറഞ്ഞതുപോലെ, പത്തുലക്ഷത്തിൽ ഒരാൾക്ക് എന്ന നിലയിൽ മാത്രമായിരിക്കും സംഭവിക്കുക. എന്നാൽ ഇന്ത്യയിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല'

ത്രോംബോബോളിസം എന്നത് ചംക്രമണം ചെയ്യുന്ന രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ്. വെയിൻ ത്രോംബോസിസും (vein thrombosis) പൾമിനറി എമ്പോളിസവും (Pulmonary embolism) ചേർന്നുവരുന്ന ഒരു അംബർല ടേമാണ് (umbrella term) വീനസ് ത്രോംബോ എമ്പോളിക് രോഗങ്ങൾ (Venous thromboembolic diseases). രണ്ടിനും ശരീരത്തിലെ രക്തചംക്രമണത്തെ തടസപ്പെടുത്താൻ സാധിക്കുന്നു.

തമിഴ് സിനിമാതാരം വിവേക്

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട മറ്റ് പഠനങ്ങൾ

കോവിഡ് വാക്‌സിൻ യുവാക്കൾക്കിടയിൽ മരണനിരക്കിന്റെ തോത് വർധിപ്പിക്കുന്നു എന്ന ആശങ്കയുടെ അടിസ്ഥാനത്തിൽ പഠനം നടത്തുന്നതിനുമുമ്പ് ഐ.സി.എം.ആറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനം നടത്തിയിരുന്നു. ഈ രണ്ട് പഠനങ്ങളും ഒരേപോലെ പ്രധാന്യമർഹിക്കുന്നവയാണ്. കോവിഡ് ബാധിച്ചതിനുശേഷം മരണത്തെ അതിജീവിച്ചവരുടെ കണക്കായിരുന്നു അന്ന് പുറത്തുവിട്ടിരുന്നത്. ഏകദേശം 14,000നു മുകളിൽ വരുന്ന സാമ്പിളുകൾ പരിശോധിച്ചായിരുന്നു പഠനം. ഇതനുസരിച്ച് കോവിഡ് ബാധിച്ചവരിൽ 6.5% പേർ മരണത്തിന് കീഴടങ്ങി. അതോടൊപ്പം കോവിഡ് ബാധിതരായവരിൽ വാക്‌സിൻ സ്വീകരിച്ചവരുടെ മരണം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നും പഠനം പറയുന്നു.

ഐ.സി.എം.ആർ നടത്തിയ വ്യത്യസ്തങ്ങളായ പഠനങ്ങളെ കുറിച്ച് ഐ.എം.എ ദേശീയ നിർവ്വാഹക സമിതി അംഗം ഡോ. മുരളീധരൻ സംസാരിക്കുന്നു: ‘14,419 പേരിൽ ഐ.സി.എം.ആർ നടത്തിയ പഠനം അനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണനിരക്കിനേക്കാൾ കുറവാണ് വാക്‌സിൻ എടുത്തവരുടെ മരണനിരക്ക്. 2023 ഒക്ടോബറിൽ 729 പേരിലാണ് നടത്തിയത്. അതാകട്ടെ കോവിഡ് ബാധിച്ച് മരിച്ചവരെ സംബന്ധിച്ച പഠനമായിരുന്നില്ല. മറിച്ച് പെട്ടെന്നുണ്ടാകുന്ന മരണങ്ങളെ സംബന്ധിച്ചുള്ള പഠനമായിരുന്നു. അത്തരത്തിൽ മരണം സംഭവിക്കാൻ കോവിഡിനോടൊപ്പം മറ്റ് ചില കാരണങ്ങളും ഉണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ കോവിഡ് വാക്‌സിനെടുക്കാത്ത ആളുകളെ സംബന്ധിച്ച് എടുത്തവരിൽ പെട്ടെന്നുള്ള മരണനിരക്ക് കുറവാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.’

മരണനിരക്ക് കൂടുതൽ സ്ത്രീകളിലോ പുരുഷന്മാരിലോ?

പുരുഷന്മാർക്കിടയിലാണ് ഉയർന്ന മരണനിരക്ക് കാണുന്നത് എന്നാണ് വ്യത്യസ്തങ്ങളായ പഠനങ്ങൾ പറയുന്നതെന്ന് ഡോ.മുരളീധരൻ പറയുന്നു: 'സ്ത്രീകളിൽ രണ്ട് x ക്രോമസോമുകൾ (xx) ഉള്ളിടത്തോളം കാലം അവർക്ക് എല്ലാ അസുഖങ്ങളിൽ നിന്നും സംരക്ഷണം ലഭിക്കും. എന്നാൽ പുരുഷന്മാരിൽ xy ജീനുകളായതിനാൽ ഈയൊരു സംരക്ഷണം അവർക്കില്ല. പ്രത്യുൽപാദനം എന്നതിനപ്പുറത്തേക്ക് പ്രതിരോധം എന്ന നിലക്കൊന്നും y ജീനുകൾ ഉപയോഗപ്പെടുന്നില്ല. കാരണം x പോലെ അത്ര ഇഫക്ടീവായ ഒന്നല്ല y.'

ഐ.എം.എ ദേശീയ നിർവ്വാഹക സമിതി അംഗം ഡോ. മുരളീധരൻ

ലോകത്തുണ്ടാകുന്ന എല്ലാ മരണങ്ങളും പഠനവിധേയമാക്കുമ്പോൾ ഈ പറഞ്ഞ വസ്തുത കൃത്യമാണെന്ന് ബോധ്യപ്പെടും. അതായത് ഹൃദയാഘാതം, ജെനിറ്റിക് ഡിസോർഡേഴ്‌സ്, അണുബാധ തടങ്ങിയ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെല്ലാം ബാധിക്കുന്നത് പുരുഷന്മാരെയാണെന്ന് വ്യക്തമാണ്.

പെട്ടെന്നുള്ള മരണം മാത്രമല്ല, ക്രോണിക് ഡിസീസസ് (Cronic diseases), അതായത് പൊതുവെ ജീവിതശൈലി രോഗങ്ങൾ എന്നുപറയുന്ന വിഭാഗം കൂടുതലായി ബാധിക്കുന്നത് പുരുഷന്മാർക്കാണെന്നാണ് കണക്കുകൾ പറയുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വലിയ വ്യത്യാസമൊന്നും ഇല്ലെങ്കിലും ക്രോണിക് ഡിസീസ് ഏറ്റവുമധികം കാണപ്പെടുന്നത് പുരുഷന്മാരിലാണെന്ന് ഡോ. ജയശ്രീ പറയുന്നു: സ്ത്രീകളിലും ഇത്തരം രോഗങ്ങൾ വർധിച്ച് വരുന്നതായി കാണാം. പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോൾ സ്ത്രീകളുടെ ഒബീസിറ്റി വളരെ കൂടുതലാണ്. അത് പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. എന്നാൽ ഹൃദയാഘാതം പോലെയുള്ള അവസ്ഥകൾ ഏറ്റവും അധികം കാണപ്പെടുന്നത് പുരുഷന്മാരിലാണ്. പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യത്തിൻറെ അഞ്ച് വയസെങ്കിലും സ്ത്രീകളിൽ കൂടുതലായിരിക്കും.

മലയാളി യുവാക്കളും
ഭക്ഷണശീലവും

2021നുശേഷം യുവാക്കളിൽ പെട്ടെന്നുള്ള മരണനിരക്ക് വർധിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആർ പഠനം നടത്തിയത് എങ്കിലും കേരളത്തിന്റെ ആരോഗ്യ സാഹചര്യം അതിൽ നിന്ന് തീർത്തും വ്യത്യസ്തമാണ്. കേരളത്തിലെ പെട്ടെന്നുള്ള മരണങ്ങളുമായി ബന്ധപ്പെട്ട് പരിശോധിക്കുമ്പോൾ, 2021നുശേഷം മരണനിരക്ക് വലിയ തോതിൽ ഉയർന്നിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്.

എന്നാൽ യുവാക്കൾക്കിടയിൽ മരണനിരക്ക് നേരിയ തോതിലെങ്കിലും വർധിക്കുന്നുണ്ട് എന്നതാണ് വാസ്തവം. അതിന് നിരവധിയായ കാരണങ്ങളുണ്ട്. ഭക്ഷണശൈലിയിൽ വന്ന മാറ്റങ്ങളാണ് ഇതിൽ പ്രധാനം. സമീകൃത ആഹാരം കഴിക്കുന്നതിൽ മലയാളി യുവാക്കൾ വളരെ പിന്നിലാണ്. അതൊടൊപ്പം, ജങ്ക് ഫുഡിനോടുള്ള ആസക്തിയും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതിന്റെ ഫലമായി ചെറിയ കുട്ടികളിൽ പോലും ഒബീസിറ്റി കൂടുന്നതായി കാണാം. Hyperlipidemia, Meabolic syndrome തുടങ്ങിയ അവസ്ഥകളിലേക്കും ഇത്തരം സാഹചര്യങ്ങൾ നയിക്കുന്നതായും പഠനങ്ങൾ പറയുന്നു.

മലയാളിയുടെ ഭക്ഷണശീലത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ പ്രകടമാകുന്നത് ഇത്തരത്തിലുള്ള ജങ്ക് ഫുഡ് വിൽക്കുന്ന ഭക്ഷണശാലകളുടെ വർധിച്ചു വരുന്ന എണ്ണത്തിലൂടെ മനസിലാക്കാം. ഇന്ന് പ്രായഭേദമന്യേ മലയാളികൾക്കിടയിൽ അറബ് ഭക്ഷണം അമിതമായി കഴിക്കുന്നത് വ്യാപകമായിവരുന്നുണ്ട്. അറബ് ഭക്ഷണം കഴിക്കുന്നതിനേക്കാളുപരി, അത് അളവിൽ കൂടുതൽകഴിക്കുന്നതാണ് പ്രധാന വെല്ലുവിളി. സുഹൃത്തുക്കൾ, ഒരേയിടത്ത് ജോലി ചെയ്യുന്നവർ, കുടുംബങ്ങൾ തുടങ്ങി സംഘങ്ങളായി ഭക്ഷണശാലകളിലേക്ക് പോവുകയും അളവിൽ കൂടുതൽ ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് മലയാളിയുടെ സാംസ്‌കാരിക ശീലമായി (Cultural Habti) മാറിക്കഴിഞ്ഞു. ഇത്തരം ഭക്ഷണരീതി ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിലും ഇവ പൂർണമായി ഒഴിവാക്കുകയല്ല പരിഹാരം. മറിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ അളവ് നിയന്ത്രിക്കുകയാണ് ഏക മാർഗം. സാലഡ് പോലെയുള്ള ഭക്ഷണങ്ങൾ ഡയറ്റിനൊപ്പം ചേർക്കുന്നത് കൂടുതൽ നല്ലതായിരിക്കുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു. സമീകൃതമല്ലാത്ത പുത്തൻ ഭക്ഷണശീലമാണ് യുവാക്കളെ പ്രമേഹം, ഹൈപ്പർ ടെൻഷൻ എന്നിവയിലേക്ക് നയിക്കുന്നത്. ഇതൊക്കെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്ന കാരണങ്ങളാണ് (Risk Factors).

ജങ്ക് ഫുഡിനോടുള്ള ആസക്തിയും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അതിന്റെ ഫലമായി ചെറിയ കുട്ടികളിൽ പോലും ഒബീസിറ്റി കൂടുന്നതായി കാണാം. Hyperlipidemia, Meabolic syndrome തുടങ്ങിയ അവസ്ഥകളിലേക്കും ഇത്തരം സാഹചര്യങ്ങൾ നയിക്കുന്നതായും പഠനങ്ങൾ പറയുന്നു.

‘ഇന്നത്തെ തലമുറയുടെ ഭക്ഷണശീലം, വ്യായാമത്തിന്റെ അഭാവം, മദ്യപാനം, പുകവലി തുടങ്ങിയ ജീവിതരീതികൾ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കുന്നതായി കാണാം. അതോടൊപ്പം ഫാസ്റ്റ് ഫുഡിനോടുള്ള താൽപര്യവും ഇതിന്റെ വലിയൊരു കാരണമായി പറയാം. ഇത്തരം ജീവിതരീതികൾ പുതിയ തലമുറയെ പതിയെ പതിയെ പ്രഷർ, പ്രമേഹം പോലെയുള്ള അവസ്ഥകളിലേക്ക് കൊണ്ടുപോവുകയാണ് ചെയ്യുന്നത്.’ ഡോ. മുരളീധരൻ പറയുന്നു.

അമിത വ്യായാമം മൂലമുണ്ടാകുന്ന
ആരോഗ്യപ്രശ്‌നങ്ങൾ

ഏതൊരു മനുഷ്യനും ആരോഗ്യം നിലനിർത്തുന്നതിന്റെ ഭാഗമായി കൃത്യമായ വ്യായാമമുറകളും സമീകൃതമായ ഭക്ഷണശീലവും പിന്തുടരേണ്ടതുണ്ട്. എന്നാൽ ശാസ്ത്രീയമല്ലാത്ത വ്യായാമവും അച്ചടക്കമില്ലാത്ത ഭക്ഷണനിയന്ത്രണവും നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ഒരുപരിധിവരെ മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു എന്നാണ് പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളത്.

മിതമായ വ്യായാമമാണ് (Moderate Exercise) മനുഷ്യ ശരീരത്തിന് ആവശ്യം. അല്ലാതെ മസിൽ ബിൽഡിങ്ങല്ല വ്യായാമം എന്നതുകൊണ്ട് ലക്ഷ്യം വെക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. കഠിനമായി വ്യായാമം ചെയ്യുന്നവരിൽ മരണനിരക്ക് വർധിക്കുന്നു എന്ന ഐ.സി.എം.ആറിന്റെ പഠന റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കുകയാണ് ഡോ. ജയശ്രീ: ‘ഐ.സി.എം.ആറിന്റെ പഠനം പറയുന്നതനുസരിച്ച് കഠിനമായി വ്യായാമം ചെയ്യുന്നവരിൽ മരണനിരക്ക് വർധിക്കുന്നു എന്നാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഒരു പഠനം മാത്രം മുന്നിൽവെച്ച് നിഗമനത്തിലേക്ക് എത്തിച്ചേരാൻ സാധിക്കുകയില്ല. കുറച്ച് സാമ്പിളുകൾ മാത്രം ശേഖരിച്ചാണ് ഒരു പഠനം പൂർത്തിയാക്കുന്നത്. നമ്മൾ എപ്പോഴും തെളിവുകൾ കണ്ടെത്തുന്നത് സിസ്റ്റമാറ്റിക്ക് റിവ്യു ചെയ്തിട്ടാണ്. ആയിരമോ നൂറുകണക്കിനോ വരുന്ന പഠനങ്ങൾ പലയിടങ്ങളിലായി നടത്തിയതിനുശേഷം അതിനെ വിശകലനം ചെയ്താണ് നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്നത്. ആ പഠനങ്ങളെ വീണ്ടും വിശകലനത്തിന് വിധേയമാക്കിയിട്ടാണ് കൂടുതൽ പ്രസക്തമായ എവിഡൻസ് കണ്ടെത്തുന്നത്. അല്ലാതെ ഈ ഒരു പഠനത്തെ മാത്രം മുൻനിർത്തി ഇതൊരു കാരണമാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ സാധിക്കില്ല.’

മധുരം പൂർണമായി ഒഴിവാക്കിയാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ

ഭാരം കുറക്കുന്നതിന് പലരും ആദ്യം തെരഞ്ഞെടുക്കുന്ന മാർഗമാണ് മധുരം പൂർണമായി ഒഴിവാക്കുക എന്നത്. എന്നാൽ മധുരം പൂർണമായി ഉപയോഗിക്കാതിരിക്കുന്നതുവഴി ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. കാർബോഹൈ​ഡ്രേറ്റും (Carbohydrate) പ്രോട്ടീനുമെല്ലാം ആവശ്യമാണ്, അല്ലാതെ ഫാറ്റും പ്രോട്ടീനും മാത്രം ഉൾപ്പെടുത്തിയുള്ള ഭക്ഷണശീലവുമായി മുമ്പോട്ടുപോയാൽ മെറ്റബോളിസം പൂർണമായി തകരാറിലാകാൻ സാധ്യതയുണ്ട്. കീറ്റോ (Ketogenic Diet) ഡയറ്റ് പോലെയുള്ളവയുടെ പ്രധാന പ്രശ്‌നവും അതുതന്നെയാണ്.

മിതമായ വ്യായാമമാണ് (Moderate Exercise) മനുഷ്യ ശരീരത്തിന് ആവശ്യം. അല്ലാതെ മസിൽ ബിൽഡിങ്ങല്ല വ്യായാമം എന്നതുകൊണ്ട് ലക്ഷ്യം വെക്കുന്നത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

എന്താണ് കീറ്റോ ഡയറ്റ്?

വളരെ കുറച്ചളവിൽ കാർബോഹൈഡ്രേറ്റുകൾ ഉൾപ്പെടുത്തിയുള്ള ഡയറ്റ് പ്ലാനാണിത്. കാർബോഹൈഡ്രേറ്റിനുപകരം കൂടിയ അളവിൽ പ്രോട്ടീൻഉപയോഗിക്കുന്നു. ശരീരഭാരം കുറക്കുന്നതിന് പലരും ഈ രീതി പിന്തുടരുന്നുണ്ട്. കീറ്റോ ഡയറ്റ് ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ഡോ. മുരളീധരൻ പറയുന്നു: ‘കാർബോഹൈഡ്രേറ്റും, പ്രോട്ടീനുമൊക്കെ കൃത്യം അളവിൽ ലഭിക്കേണ്ടതുണ്ട്. ഡയറ്റ് എടുക്കുമ്പോൾ പലരും ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് പൂർണമായി ഒഴുവാക്കുകയും പ്രോട്ടീനും ഫാറ്റും കൂടുതൽ കഴിക്കുകയുമാണ്. ഈ രീതി മെറ്റബോളിസത്തെ ബാധിക്കും.’

മലയാളിയുടെ ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാന കാരണം തെറ്റായ ഭക്ഷണരീതിയാണ്. ഏത് ഭക്ഷണവും മിതമായ അളവിൽ കഴിച്ചാൽ പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ ചില ഭക്ഷണത്തെ സംബന്ധിച്ച് അവർക്കിടയിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഉദാഹരണമായി, കുട്ടികളും യുവാക്കളും ഏറ്റവും അധികം ഉപയോഗിക്കുന്ന ഭക്ഷണ സാധനമാണ് ന്യൂഡിൽസുകൾ. അതിന്റെ സ്ഥിരമായ ഉപയോഗം ആരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് ചില വിദഗ്ധർ പറയുന്നത്. അതിലെ മസാലയിൽ അടങ്ങിയിരിക്കുന്ന അജീനോ മോട്ടോ മനുഷ്യശരീത്തിന് ഗുണകരമല്ലെന്ന വാദമുണ്ട്. എന്നാൽ ഡോ. എ.കെ. ജയശ്രീയെ പോലെയുള്ളവർ പറയുന്നത്, ഇതിനൊപ്പം പച്ചക്കറികൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ആരോഗ്യത്തെ മോശമായി ബാധിക്കില്ലെന്നാണ്.
കുട്ടികൾക്ക് സ്ഥിരമായി നൽകുന്ന സെറിലാക് പോലെയുള്ള ഉൽപന്നങ്ങൾ ഒരുതരത്തിലുള്ള പോഷകവും കുട്ടികൾക്ക് നൽകില്ലെന്നും മാത്രവുമല്ല അതൊരു അഡിക്ഷനായി മാറുന്നു എന്നുമാണ് ഡോ. എം. മുരളീധരൻ പറയുന്നത്.

കുട്ടികൾക്ക് സ്ഥിരമായി നൽകുന്ന സെറിലാക് പോലെയുള്ള ഉൽപന്നങ്ങൾ ഒരുതരത്തിലുള്ള പോഷകവും കുട്ടികൾക്ക് നൽകില്ലെന്നും മാത്രവുമല്ല അതൊരു അഡിക്ഷനായി മാറുന്നു

കോവിഡാനന്തരം യുവാക്കളിൽ വർധിച്ചുവരുന്ന മരണനിരക്കിന്റെ കാരണങ്ങൾ ജീവിതശൈലിയുമായി കൂടി ബന്ധപ്പെട്ടതാണ് എന്നാണ് ബന്ധപ്പെട്ട പഠനങ്ങൾ തെളിയിക്കുന്നത്. മാത്രമല്ല, മഹാമാരികൾ ഒരു ആരോഗ്യപ്രശ്‌നം മാത്രമല്ല, സാമൂഹ്യ- സാമ്പത്തിക പ്രശ്‌നം കൂടിയാണ് എന്ന് കോവിഡ് തെളിയിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, ആരോഗ്യത്തിന്റെ സാമൂഹിക ഉറവിടങ്ങളെക്കുറിച്ചുള്ള വിപുലമായ ആലോചനകൾ കൂടി ഇതുമായി ബന്ധ​പ്പെട്ടുണ്ടാകണമെന്നാണ് പഠനങ്ങളുടെ കണ്ടെത്തലുകൾ തെളിയിക്കുന്നത്.

Comments